അമ്പലക്കവലയിൽ അഞ്ചാറുപേരൈ-
ക്യദാർഢ്യപ്രസംഗം നടത്തുന്നു
ഘോരഘോരപ്രസംഗം – പിൻമാറുക!
പാലസ്‌തീൻ സൈന്യം എന്നെന്നേക്കുമായി…
ഗാസ, നിൻ കിടാങ്ങൾ തൻ ദീനരോദനമല-
യടിച്ചുയരുന്നിടനെഞ്ചിലഗാനമാം ആഴിയായി
പിളർന്നൊഴുകുന്നമ്മതൻ ഹൃദയച്ചുടു-
നിണമൊഴുകി പരക്കുന്നെൻ നെറ്റിയിൽ
അതിന്നസഹ്യമാം താപത്താലിന്നു ഹൃത്തടം
മധുരയായ്, മാനസസരസ്സിന്നു മരുഭൂമിയായ്
മെല്ലെ നടന്നു ഞാനാ ദിത്യനങ്ങേ
ച്ചെരുവിലസ്‌തമിക്കാറായ്…
എത്തിനിന്നൊരു ഹോട്ടലിൻ മുമ്പി-
ലൊരു ചായയാൽ ക്ഷീണം ശമിക്കുമോ?
എച്ചിൽ പാത്രമെടുത്തടുക്കുന്നു
എട്ടുവയസ്സായ ബാലൻ
കണ്ണിൽ തുടിക്കുമുഡുക്കളില്ല.
കരളിലാഹ്ലാദത്തിരകളില്ല..
ഹോ! ചിന്നിച്ചിതറും സ്‌ഫടികം കണക്കവേ
ഒരുപാത്രം കൈയിൽ നിന്നു വീണുടഞ്ഞു
അലറുന്നു മുതലാളി! വീഴുന്നു-
വാക്കുകൾ അണ്വായുധങ്ങളായ്
കവിളിലാഞ്ഞു പതിക്കും കരങ്ങൾക്കീശൻ
കാരിരുമ്പിന്റെ ശക്തിപകർന്നുവോ?
വാരിയെടുക്കും ചില്ലുകളിലൊളിക്കാൻ
കൊതിക്കുന്നു കണ്ണീർച്ചാലുകൾ…
എന്നേ നിരോധിച്ചൂ ബാലവേലയെ-
ന്നൂന്നിപ്പറയും സഖാക്കളെവിടെ?
അവന്റെ നാമം ബാലനെന്നല്ലാത്തതാവാം
നിരോധനമവനൊട്ടും ബാധിച്ചില്ല!
ഇറങ്ങി നടന്നുഞ്ഞാനെന്നന്തരാത്മവി-
ന്നസ്വസ്‌ഥകൾക്കൊരിരിപ്പിടം തേടി…
എന്തോ മറന്നുപോയെന്നോതുന്നു
ഏറെ തളർന്ന ഹൃദയം…
ആശുപത്രി മെത്തയ്‌ക്കു കൂട്ടിരിക്കുന്നു
അസ്‌ക്കിത വർദ്ധിച്ച കൂട്ടുകാരൻ..
വെള്ളക്കോട്ടും കഴുത്തിൽ ‘സ്‌റ്റെത്തു’മായ്
വേഗം നടക്കുന്നു ഭിഷഗ്വരൻ
‘പോകല്ലേ സാറെ…യെൻ കുഞ്ഞിന്നു-
രോഗം സഹിക്കാൻ വയ്യാതായി’
ഓടിച്ചെല്ലുന്നമ്മയ്‌ക്കുള്ളിൽ അരുമ-
ക്കുഞ്ഞിൻ വ്യാധിതൻ വ്യഥകൾ…
വെള്ളയുടുപ്പും തൊപ്പിയുമായൊരാൾ
തളളിമാറ്റുന്നമ്മയെ, ക്രൂരമായ്..
ആയിരം പീരങ്കികളാഞ്ഞു തുപ്പുന്നു
അമ്മതൻ മാറിലേക്കഗ്നിവർഷം….
കണ്ണേ മടങ്ങുകയെന്നൊരു കവിയെൻ-
കരളിലിരുന്നുരുവിടുന്നു…
ക്വട്ടേഷൻ വകകളൊക്കെയൊരു മുറിയിൽ
ചീട്ടും കളിച്ചും മദിച്ചുമിരിക്കുന്നു…
എന്തിനോ വേണ്ടി ഏറെ മുറിഞ്ഞവർ
ഏഴാം മുറിയിലുറങ്ങീടുന്നു….
അറ്റുപോയംഗങ്ങൾ കൂട്ടിവയ്‌ക്കാൻ
ഇറ്റു നൂലിന്നാളെ തിരക്കുന്നു…
ജീവിതം പങ്കിടാനെത്തിയവളിന്ന്
ജീവജഡത്തിനു കൂട്ടിരിക്കുന്നു…
പിളരും ഹൃദയക്കാഴ്‌ചകൾ കാണാനാകാതെ
പിന്നോട്ടിറങ്ങി നടന്നു പോയ്..
അലച്ചു വീഴുന്നങ്ങേത്തെരുവിലെ
പ്രതിഷേധപ്രസംഗമുദ്രവാക്യം…
(പിൻമാറുക – പാലസ്‌തീൻ സൈന്യം
പീഡനമൊടുങ്ങട്ടെ ഗാസയിൽ….)
താണുന്നൊരായിരം ഗാസയെൻ ചുറ്റി
ലലയടിക്കുന്നു ദീനരോദനം
കണ്ണീർച്ചാലിലൊളിക്കും ദൈന്യത-
കണ്ണിൻ കാഴ്‌ച മറയ്‌ക്കുന്നു
ഖദറിനുള്ളിലൊളിഞ്ഞുകളിക്കും
കപടനേതാവിനെ കാണ്മതില്ല
ആഞ്ഞുപ്രസംഗിക്കാനില്ലാരുമീ-
ഗാസയ്‌ക്കൈക്യദാർഡ്യം….
Generated from archived content: poem1_may18_09.html Author: jainy_lp