പച്ച നിറമുള്ള സ്റ്റിക്കർ ഒട്ടിച്ച്, ബുക്സ് എന്നു ലേബൽ ചെയ്ത അവസാന പെട്ടിയും താഴെയിറക്കി യുണൈറ്റഡ് വാൻ ലൈൻസിന്റെ വലിയ ട്രക്ക് പതുക്കെ ഡ്രൈവേ വിടുന്നതും നോക്കി നിന്നു അനിത. മറ്റൊരു വീടുമാറ്റം. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ അഞ്ചാമത്തെ വീടാണിത്.
കല്യാണം കഴിഞ്ഞ് വിനോദിനൊപ്പം കാനഡ എന്ന വിദേശ രാജ്യത്തേക്കു പറക്കുമ്പോൾ ഒരു കുടുംബ ജീവിതം തുടങ്ങുന്ന സ്വപ്നത്തേക്കൾ മുമ്പിട്ടു നിന്നതു ജനിച്ച നാടും വീടും, പപ്പയെയും മമ്മയേയും പിരിയുന്നതിലുള്ള വിഷമമായിരുന്നു. പതിനെട്ടു നിലയിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ ഒരു ബെഡ്‌റൂം അപാർട്ട്‌മെന്റ്-ആദ്യത്തെ വീട്. ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കു വെച്ച വീട്. അച്ചു ഉണ്ടായപ്പോൾ വീടിനു വലിപ്പം പോരെന്നു തോന്നി. അതെ കെട്ടിടത്തിൽ രണ്ടു ബെഡ്‌റൂം വീട്ടിലേക്കു മാറി. അന്നു മനസു ഒത്തിരി നൊമ്പരപ്പെട്ടു. ഭിത്തികളോടു വരെ അനിത യാത്ര ചോദിച്ചു. പിന്നെ സാധനങ്ങളുടെ എണ്ണം കൂടിയപ്പോഴും, വിനോദിന്റെ ജോലി സൗകര്യാർത്ഥവും ടൊറോന്റോയിൽ തന്നെ രണ്ടു മാറ്റങ്ങൾ കൂടി.
ഇതിപ്പോൾ കാനഡയോടു തന്നെ യാത്ര പറഞ്ഞു അമേരിക്കൻ സാമ്രാജ്യത്തിലെ ന്യൂ ജേഴ്സി എന്ന പട്ടണത്തിലേക്ക്. ഇൻഡ്യാക്കാർ ധാരാളം ഉള്ള സ്ഥലമാണു വിനോദിന്റെ ആശ്വാസ വചനം.
അനിത പുതിയ വീടിനുള്ളിൽക്കൂടി നടന്നു. നല്ല ഒരു ചെറിയ ടൗൺ ഹൗസ്. വലിയ ജനലുകൾ. സൂര്യ പ്രകാശം ധാരാളം അകത്തേക്കു വരുന്നു. ഈ ഹൗസിങ്ങ് കൊമ്പ്ലെക്സിന്റെ പേരു കേട്ടപ്പോൾ തന്നെ അനിതക്കു ഇഷ്ടമായിരുന്നു-സൺ വാലി. കണ്ടപ്പോൾ പേരു പോലെ തന്നെ. ചെറിയൊരു കുന്നിൻ താഴ്‌വാരം നിറയെ ടൗൺ ഹൗസുകൾ. ധാരാളം പൈൻ മരങ്ങൾ. സൂര്യപ്രകാശത്തിൽ കുളിർന്നു നിൽക്കുന്ന ചെടികൾ. പ്രകൃതിയെയും സൂര്യനേയും സ്നേഹിക്കുന്ന അനിതയ്‌ക്കായി ന്യു ജേഴ്സി കരുതി വച്ചിരുന്ന പുതിയ പാർപ്പിടം-സൂര്യ താഴ്‌വാരം.
ബെഡ്‌റൂമിൽ നിലത്തുവിരിച്ച സ്ലീപ്പിങ്ങ് ബാഗിൽ കിടന്നു മോൾ തളർന്നുറങ്ങുന്നു. സ്ലീപിങ്ങ് ബാഗ് കൈയിൽ കരുതിയിരുന്നതു നന്നായി. എല്ലാ കാര്യങ്ങളും ഒരു മുഴം മുമ്പെ കണ്ടു പ്ലാൻ ചെയ്യുക എന്നതു അനിതക്കു മമ്മയുടെ കൈയിൽ നിന്നും കിട്ടിയ ശീലമാണ്.
ചിന്ത മമ്മയിലേക്കു പറന്നു. മമ്മ എത്ര ഭാഗ്യവതിയാണ്, കല്യാണം കഴിച്ചപ്പോൾ മുതൽ ഇന്നു വരെ ഒരേ വീട്ടിൽ!
അനിതക്കു ഇപ്പോഴും വീട് എന്നു പറയുമ്പോൾ മനസിലേക്കു വരുന്നതു നാട്ടിലെ വീടാണ്. കണ്ണടച്ചാൽ ഇപ്പോഴും വീടിന്റെ മുക്കും മൂലയും വരെ കാണാം. ഗേറ്റ്, മുറ്റം, മമ്മയുടെ ഗാർഡൻ, സിറ്റൗട്ട്, മുറികൾ എല്ലാം അനിതക്കു കാണാപ്പാഠമാണ്. കഴിഞ്ഞ യാത്രയിൽ അനിത കണ്ട ഏക വ്യത്യാസം മമ്മ കർട്ടൻ മാറ്റിയിരിക്കുന്നു. മമ്മയുടെ ഗാർഡനിലെ വെള്ളറോസ പോലും അതേ സ്ഥാനത്തുണ്ട്. മമ്മ വർക്കേരിയയിൽ നിന്നു മീൻ വെട്ടിയപ്പോൾ കാക്കകൾ വന്നിരുന്ന സ്ഥലം അനിത അമ്പരപ്പോടെ ശ്രദ്ധിച്ചു. എല്ലാം പഴയതു പോലെ തന്നെ.
അപ്രതീക്ഷിതമായി വന്ന പപ്പയുടെ മരണത്തിൽ പോലും മമ്മക്കു തണലായത് ആ വീടാണ്, അവിടെ നിറഞ്ഞു നിൽക്കുന്ന പപ്പയുടെ ഓർമ്മകളാണ്. മമ്മയോട് ആ വീടു വിട്ട്, അയൽവക്കം സുഹൃത്തുക്കൾ ഒക്കെ വിട്ട് വേറെയൊരു സ്ഥലത്തേക്കു പോകണമെന്നു പറഞ്ഞാൽ…ആ ചിന്ത പൂർത്തിയാക്കാൻ പോലും അനിതക്കു കഴിഞ്ഞില്ല.
മമ്മയുടെ വേരുകൾ പറിക്കാൻ ഒരിക്കൽ പോലും ശ്രമിക്കാഞ്ഞ പപ്പയോടു അനിതക്കു എന്തെന്നില്ലാത്ത ബഹുമാനം തോന്നി. ഒരിക്കലും ട്രാൻസ്‌ഫറില്ലാത്ത ഗവണ്മെന്റ് കോളേജിലെ പപ്പയുടെ ലക്‌ചറുദ്യോഗവും, എകണോമിയും കോമ്പെറ്റിഷനും അമ്മാനമാടുന്ന വിനോദിന്റെ പ്രൈവറ്റ് കമ്പനിയുദ്യോഗവും താരതമ്യം ചെയ്യുന്നതിലെ ബുദ്ധിശൂന്യത അനിതയുടെ ചിന്തകൾക്ക് തത്‌ക്കാല വിരാമമിട്ടു.
ബാക്ക് യാർഡിൽ നിന്ന് വിനോദിന്റെ ശബ്ദം കേൾക്കാം. പുതിയ അയൽക്കാരെ പരിചയപ്പെടുകയാണ്. വിനോദിനു സ്ഥലം മാറ്റങ്ങൾ ഒരു വിഷയമായിരുന്നില്ല. അപ്പയുടെ ട്രാൻസ്‌ഫറുകൾക്കൊത്ത് അവൻ കറങ്ങി നടന്നു. ആറു സ്‌കൂളുകളിലായി സ്‌കൂൾ വിദ്യാഭ്യാസം. അതു കൊണ്ടു തന്നെ ആത്മാർത്ഥ സുഹൃത്തുക്കൾ ആരും തന്നെയില്ല.
അനിത കൂട്ടുകാരുടെ കൂടെ വളരുകയായിരുന്നു, നഴ്സറി തൊട്ട് പന്ത്രണ്ടാം ക്ലാസ് വരെ ഒരേ സുഹൃത്തുക്കൾ. കോളേജിലും പഴയ സുഹൃത്തുക്കൾ കുറെയുണ്ടായിരുന്നു. ഇപ്പോഴും മിക്കവരുമായി അനിത ഫോൺ വഴിയും ഇമെയിലു വഴിയും അടുപ്പം കാത്തു സൂക്ഷിക്കുന്നു. ഓരൊ പുതിയ സ്ഥലത്തും വിനോദ് പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുന്ന വേഗത അനിതയെ അമ്പരിപ്പിച്ചു.
ഊഷ്മളതയില്ലാത്ത കൃത്രിമത്വം നിറഞ്ഞു നിൽക്കുന്ന ബന്ധങ്ങൾ. പഴയ സുഹൃത് ബന്ധങ്ങളുടെ ആത്മാർത്ഥത, നിഷ്‌കളങ്കത ഒക്കെ അനിതയുടെ മനസിലേക്ക് ഓടിയെത്തും. അനിതാ, താൻ ഇന്നലെകളിലാണു ജീവിക്കുന്നത്, ഇന്നിൽ ജീവിക്കാൻ ശ്രമിക്കൂ, വിനോദിന്റെ ഉപദേശം. ഇന്നലെകൾ സമ്മാനിച്ച നല്ല ഓർമ്മകളാണു അനിതയുടെ ഇന്നുകളെ ഊർജ്ജസ്വലമാക്കുന്നത്, ഇന്നുകളാണു ഇന്നലെകളായി കൊഴിഞ്ഞു വീഴുന്നതു എന്ന തിരിച്ചറിവാണു പൊള്ളയായ ഇന്നുകളെ സൃഷ്ടിക്കാതിരിക്കാൻ അനിതയെ പ്രേരിപ്പിക്കുന്നത്.
പക്ഷെ വിനോദിനു വേണ്ടി, വിവാഹം എന്ന ഉടമ്പടിക്കു വേണ്ടി അവൾ എല്ലം മറക്കും. നോർത്തമേരിക്കൻ ജീവിതത്തിലെ സുഹൃത് സമ്പാദനത്തിന്റെ ആദ്യപടിയായ വിരുന്നൊരുക്കലുകളിലേക്കു കടക്കും.
ഓരൊ ഡിന്നർ കഴിയുമ്പോഴും അതിനുവേണ്ടി ഉള്ളി വഴറ്റി നഷ്ടമായ സമയത്തേക്കുറിച്ചോർത്തു അവൾ പശ്ചാത്തപിച്ചു. ഒരു മലയാളി സ്ര്തീയുടെ സമയത്തെ ഇത്ര അപഹരിക്കുന്ന ഉള്ളിയോടവൾക്കു കടുത്ത ദേഷ്യം തോന്നും.
വിനോദിനൊടു വഴക്കിട്ട അവസരങ്ങളിലൊക്കെ കടുകു പൊട്ടിക്കാതെ ഉള്ളി വഴറ്റാതെ ഈസ്റ്റേൺ മസാലപ്പൊടി കുടഞ്ഞിട്ടു ചിക്കൻ കറിയുണ്ടാക്കി അവൾ പ്രതിഷേധം അറിയിച്ചു. നല്ല കറിയെന്നു പറഞ്ഞു വിരൽ നക്കി ചോറുണ്ണുന്ന വിനോദിനെ കൊല്ലാനുളള ദേഷ്യം അവൾക്ക് വന്നു. എങ്കിലും അനിത തന്റെ ഉള്ളിരഹിത സമരങ്ങൾ രഹസ്യമായി തുടർന്നു. അവളുടെ വിരസമായ ദിനങ്ങളെ അവ വ്യത്യസ്തമാക്കി.
എട്ടു വർഷം ഉള്ളി വഴറ്റി ഉണ്ടാക്കിയ സുഹൃത്തുക്കളെയാണു ഈയൊരു വീടുമാറ്റം കൊണ്ടു നഷടമായിരിക്കുന്നത്. നെല്ലും പതിരും തിരിച്ചു കുറച്ചു നല്ല സുഹൃത്തുക്കളെ അനിതയും സമ്പാദിച്ചു വരികയായിരുന്നു.
പുതിയ വീട്ടിലെ എല്ല മുറിയിലും ബോക്സുകൾ നിരന്നിരിക്കുന്നു. ഇത്തവണ പാക്കിങ്ങ് എന്ന ദുരിതം പിടിച്ച ജോലിയിൽ നിന്നും അനിതക്കു മോചനം കിട്ടി. കമ്പനി തന്നെ പാക്ക് ചെയ്യാൻ ആളെ ഏർപ്പാടാക്കിയിരുന്നു.
ഏന്നാൽ അതിലും വേദനാജനകമായ മറ്റൊരു ജോലി അനിതക്കു ചെയ്യേണ്ടി വന്നു. വിനോദിന്റെ ഭാഷയിൽ ജങ്ക് റിമൂവൽ. പുതിയ സ്ഥലത്തു റെന്റ് കൂടുതലാണ്, കഴിയുന്നത്ര പഴയ സാധനങ്ങൾ കളയണം. വിനോദ് എത്ര നിർദ്ദാക്ഷിണ്യമാണ് ഓരോ സാധനങ്ങളും ജങ്ക് പൈയിലിലേക്ക് ഇടുന്നത്.
അനിതക്കു വീട് നിറയെ ഓർമ്മകളാണ്. എട്ടു വർഷത്തെ ജീവിതം സമ്മാനിച്ച ഓർമ്മകൾ. മമ്മ വാങ്ങിത്തന്ന പാത്രങ്ങൾ, പപ്പയുടെ കരവിരുതു തെളിയിക്കുന്ന പെയിന്റിങ്ങുകൾ, അച്ചുവിന്റെ കളിപ്പാട്ടങ്ങൾ, ഓരൊ യാത്രയിലും സമ്പാദിച്ച സുവനിറുകൾ….ഓരോ ബഡ്‌ഷീറ്റിനു പോലും ഒരായിരം കഥകൾ പറയാനുണ്ട്, പ്രണയത്തിന്റെ, പിണക്കത്തിന്റെ, കൂട്ടുകൂടലിന്റെ അങ്ങിനെ അങ്ങിനെ.
വിനോദിനു വസ്തുക്കളോടോന്നും അറ്റാച്മെന്റില്ല. അവനു ഓർമ്മകൾ മനസിൽ മാത്രമാണ്. ഒരു ഡിമൻഷ്യക്കു തൂത്തു മാറ്റാവുന്നതേയുള്ളു മനസിലെ സമ്പാദ്യമെന്നും വസ്തുക്കൾ സമ്മാനിക്കുന്ന ഓർമ്മകൾ അനശ്വരമാണെന്നുമൊക്കെ വിളിച്ചു കൂവാൻ മനസു വെമ്പി. മറ്റുള്ളവർക്ക് അപ്രിയങ്ങളായ സത്യങ്ങളെ മനസിന്റെ തടവറയിൽ തളച്ചിടുക എന്നതും മമ്മയുടെ കൈയിൽ നിന്നും പഠിച്ച കാര്യമാണ്.
ടൊറോന്റൊ വിട്ടു പോരുന്ന ദിവസം ശൂന്യമായ വീട്ടിലേക്കു നോക്കി എത്ര നേരം നിന്നു എന്നു അനിതക്കറിയില്ല. വളരെ ലാഘവത്തോടെ വാതിൽ അടച്ചു പൂട്ടി വിനോദ് വണ്ടി സ്റ്റാർട്ട് ചെയ്തു. അനിതയുടെ കണ്ണുകൾ ഓടി നടന്നു യാത്ര ചോദിച്ചു… വീട്, അയൽക്കാർ, അച്ചുവിന്റെ പാർക്ക്,െ ടാറോന്റൊ നഗരം, കാനഡാ രാജ്യം എല്ലാം അതിർത്തികൾക്കപ്പുറം മറഞ്ഞു.
“അമ്മ പ്ലേറ്റൈം.” അച്ചു പാർക്കിൽ പോവാൻ റെഡിയായി വിളിക്കുന്നു. രണ്ടാഴ്‌ചയേയായുള്ളു, കുട്ടി പുതിയ സ്ഥലവുമായിണങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പന്റെ മോൾ തന്നെ. പ്ലേ ഗ്രൗണ്ടിൽ അപ്പനമ്മമാർ കുട്ടികളേയും കൊണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. കാനഡായിലെ കാലാവസ്ഥയേക്കുറിച്ചും, മൂവിങ്ങിന്റെ സ്ര്ടെസിനേക്കുറിച്ചും ഒക്കെ അനിത അവരൊടു സംസാരിച്ചു. വിഷയങ്ങൾ തീർന്നു പോയപ്പോൾ ഇഷ്ടമില്ലാത്ത പുതിയ വിഷയങ്ങൾ അവൾ തന്നെ എടുത്തിട്ടു. മനസിൽ നിന്നു വരുന്ന ചിന്തകൾ വാക്കുകളായി രൂപപ്പെട്ട് അവ സ്വരങ്ങളായി ഉടലെടുത്ത പഴയ സംഭാഷണങ്ങളെ മനസിൽ കുഴിച്ചിട്ട് കുരിശു നാട്ടി പകരം ഒബാമയേയും ബുഷിനെയും പുറത്തേക്കു വിട്ടു.
വിനോദ് ഓഫീസിൽ നിന്നും എത്തിയിരിക്കുന്നു. ഇന്നു വെള്ളിയാഴ്‌ചയാണെന്നു അനിത ഓർത്തതപ്പോഴാണ്. അനിതാ, എന്റെ കൂടെ വർക് ചെയ്യുന്ന ഒരു സുനിലിനേക്കുറിച്ചു ഞാൻ പറഞ്ഞിരുന്നില്ലേ, വൈഫ് രേണു, അച്ചുവിന്റെ പ്രായത്തിൽ ഒരു മോനുമുണ്ടവർക്ക്. നമുക്ക് പറ്റിയ കമ്പനിയാണ്. നാളെ ഞാനവരെ ഡിന്നറിനു വിളിച്ചിട്ടുണ്ട്. നീയൊരു ലിസ്റ്റ് എഴുത്, നമുക്കു മലയാളിക്കടയിൽ പോയി ഗ്രോസറി വാങ്ങി വരാം.
അനിത ഫ്രിഡ്‌ജ് തുറന്നു. എല്ലാം തന്നെ തീർന്നിരിക്കുന്നു. അവൾ പേപ്പറും പേനയും കൈയിൽ എടുത്തു. പതുക്കെ എഴുതിത്തുടങ്ങി. കരിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, വലിയ ഉള്ളി… പുതിയ സ്ഥലത്തെ പുതിയ ബന്ധങ്ങളുടെ രാസവാക്യം ആ വെള്ളക്കടലാസിൽ അനിതക്കു മുമ്പിൽ തെളിഞ്ഞു വന്നു.
Generated from archived content: story19_sept26_08.html Author: jain_joseph