നഷ്‌ടവനങ്ങൾ

മണ്ണ്‌ ഉഴുതുമറിച്ച മനുഷ്യനായിരുന്നു കോറ. കുറച്ചു പണം സമ്പാദിച്ചു കഴിഞ്ഞപ്പോൾ ഒരു അടിമയെ വാങ്ങാൻ അയാൾ പട്ടണത്തിലേക്കു പോയി.

അടിമ വ്യാപാരി ചില അടിമകളെ അയാൾക്കു കാണിച്ചു കൊടുത്തെങ്കിലും, കോറ സംതൃപ്‌തനായില്ല.

“നിങ്ങൾക്കുവേണ്ടി അവരെയൊക്കെ ഇവിടേയ്‌ക്കു വലിച്ചിഴയ്‌ക്കണമെന്നു ഞാൻ കരുതുന്നു.” വ്യാപാരി മുറുമുറുത്തു. ഉച്ചയായിരുന്നതിനാൽ അടിമകളെല്ലാം ഉറക്കമായിരുന്നു.

“മറ്റെവിടെയെങ്കിലും എനിക്കു തിരയേണ്ടിവരും.” കോറ വെറുതെ തട്ടിവിട്ടു.

“കൊളളാം, കൊളളാം!” വ്യാപാരി ഇരുമ്പുചങ്ങലയിൽ പിടിച്ചുവലിച്ചപ്പോൾ ഉറക്കച്ചടവോടെ അടിമകളെല്ലാം നിരന്നുനിന്നു. കോറ അവരെയെല്ലാം വീക്ഷിച്ചിട്ട്‌, വളരെ ശ്രദ്ധയോടെ സസൂക്ഷ്‌മം പരിശോധിച്ചു.

“ഇവനെയൊന്നു തൊട്ടുനോക്കൂ, കൊളളാവുന്ന പരുക്കനായ ഒരുത്തനാണിവൻ.” അടിമകളിലൊരുത്തനെ പിടിച്ചു മുന്നോട്ടു തളളിക്കൊണ്ട്‌ വ്യാപാരി അറിയിച്ചു. “അവനെക്കുറിച്ച്‌ നിങ്ങൾ എന്തു വിചാരിക്കുന്നു? അവന്റെ നെഞ്ച്‌ ഉറപ്പുളളതല്ലേ? ഒന്നടിച്ചു നോക്കൂ. ഇതാ അവന്റെ കണങ്കൈ നോക്കൂ, ഒരു വയലിന്റെ കമ്പികൾ പോലുണ്ട്‌ അവന്റെ സ്നായുക്കൾ. നിന്റെ വായ തുറക്കൂ.”

അടിമക്കച്ചവടക്കാരൻ ഒരു വിരൽ അവന്റെ വായിൽക്കടത്തി അവനെ വെളിച്ചത്തിനുനേരെ പിടിച്ചു. “ഇപ്പോൾ മിക്കവാറും നിങ്ങൾക്കവന്റെ പല്ലുകൾ കാണാനാകുന്നില്ലേ?” അയാൾ വീമ്പിളക്കി. അയാളുടെ പേനാക്കത്തിയെടുത്ത്‌ അതിന്റെ പിൻഭാഗം അടിമയുടെ പല്ലിനു കുറുകെ പിടിച്ചു. “നോക്കൂ! ആ പല്ലുകൾ കാരിരുമ്പുപോലെയാണ്‌. ഒരാണിയെ അതു മുറിച്ചു രണ്ടാക്കും.”

കോറ അല്പനേരം ചിന്തയിലാണ്ടു. മൂല്യനിർണ്ണയം നടത്തുംവിധം അടിമയുടെ ദേഹത്തുകൂടെ കോറ കൈ ഓടിച്ചു. ഉറപ്പുളളതാണോ എന്നറിയാൻ മൃദുവായ പേശികളിൽ അയാൾ വിരലമർത്തി നോക്കി. ഒടുവിൽ അവനെത്തന്നെ വാങ്ങിക്കാമെന്ന്‌ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച്‌, നെറ്റി ചുളിച്ചുകൊണ്ട്‌ അവന്റെ വിലകൊടുത്തു. അടിമയുടെ കൈവിലങ്ങഴിപ്പിച്ച്‌, അവനെയും കൊണ്ട്‌ അയാൾ വീട്ടിലേയ്‌ക്ക്‌ യാത്രയായി.

ദിനങ്ങൾ പലതും കൊഴിഞ്ഞുപോകുന്നതിനു മുൻപുതന്നെ അടിമ അസുഖം പിടിപ്പെട്ടു ശോഷിക്കുവാൻ തുടങ്ങി. ചന്തയിൽ നിന്ന്‌ വന്നിട്ട്‌ അവനിപ്പോൾ സ്ഥിരവാസമുറപ്പിച്ചുവെങ്കിലും, വന്നതുതൊട്ടേ വനത്തിൽ പോകാൻ അവൻ കൊതിച്ചു തുടങ്ങി. അതൊരു ശുഭശകുനമായി, ലക്ഷണങ്ങൾ അറിയാമായിരുന്ന കോറ കണക്കാക്കി. ജീവിതത്തിന്റെ സകല താല്പര്യങ്ങളും വെടിഞ്ഞ്‌ നീണ്ടുനിവർന്നു മലർന്നുകിടന്നിരുന്ന അടിമയുടെ അരികിൽ ഒരു ദിവസം ചെന്നിരുന്ന്‌ അയാൾ ചിന്താമഗ്നതയോടെ സംസാരിക്കുവാൻ തുടങ്ങി.

“നിന്റെ കാട്ടിൽ നീ തിരിച്ചെത്തും, ഒരിക്കലും പേടിക്കേണ്ട. ഞാൻ നിനക്കു വാക്കു തരുന്നു. എന്റെ വാക്കുകളെ നിനക്കു വിശ്വസിക്കാം. നീയിപ്പോഴും ചെറുപ്പമാണെന്ന്‌ നിനക്കറിയാമോ… പരിശ്രമത്തോടും സന്മനസ്സോടും എനിക്കുവേണ്ടി അഞ്ചുവർഷങ്ങൾ നീയെന്റെ വയലുകൾ ഉഴുതുമറിച്ച്‌ ഒരുക്കുകയാണെങ്കിൽ, നിനക്കു ഞാൻ നിന്റെ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്‌. നിനക്കു ഞാൻ അതിനു പ്രതിഫലം തരുന്നുണ്ടെങ്കിൽപോലും. അഞ്ചുവർഷങ്ങൾ.. അതൊരു വിലപേശലാണോ?”

അടിമ അദ്ധ്വാനിച്ചു. ഒരു ഭൂതത്താനെപ്പോൽ അടിമ കഠിനാദ്ധ്വാനത്തിലേർപ്പെട്ടു. അവന്റെ തവിട്ടുനിറമാർന്ന തൊലിക്കടിയിലെ മാംസപേശികൾ ഉരുണ്ടുകൂടി വിറയ്‌ക്കുന്നത്‌, വേറെ യാതൊന്നും ചെയ്യാനില്ലാതെ, ഉമ്മറപ്പടിയിലിരുന്ന്‌ ദിവസത്തിൽ മണിക്കൂറുകളോളം നോക്കി രസിക്കുന്നത്‌ കോറയ്‌ക്കു സന്തോഷകരമായിരുന്നു. കണ്ണുകൾക്ക്‌ ആനന്ദം പകരുന്ന ശരീരം ഒരു സുന്ദരവസ്‌തുവാണെന്ന്‌ അയാൾ തിരിച്ചറിയാൻ തുടങ്ങി.

അഞ്ചുവർഷങ്ങൾ, അടിമ കണക്കുകൂട്ടി-അവന്റെ വിരലുകളുടെ അത്രയും അയനകാലങ്ങൾ. പത്തുവട്ടം സൂര്യൻ ചുറ്റിത്തിരിയണം. എല്ലാദിവസവും സായാഹ്നസൂര്യന്റെ പതനം നിരീക്ഷിച്ച്‌, കുന്നുകളും കല്ലുകളും അടയാളമാക്കി പലവട്ടം അവൻ കണക്കുകൾ സൂക്ഷിച്ചു. ആദ്യവട്ടം സൂര്യന്റെ ഗതി മാറിയപ്പോൾ അവന്റെ വലതുകയ്യിലെ തളളവിരലാൽ അവൻ എണ്ണം പിടിച്ചു. മറ്റൊരു അയനകാലവും കടന്നുപോയപ്പോൾ-അതൊരു അനന്തതയായി തോന്നിച്ചുവെങ്കിലും-ചൂണ്ടുവിരൽ ഒഴിവായി. ഈ രണ്ടുവിരലുകളും മറ്റുളളതിനെക്കാളും ഉപരിയായി അവന്റെ അടിമത്വത്തിന്റെ ചിഹ്നമായി സേവനമനുഷ്‌ഠിച്ചു.

അങ്ങനെ ദിവസങ്ങൾ എണ്ണുന്നതും സമയത്തിന്റെ ഗതി രേഖപ്പെടുത്തുന്നതും അവന്റെ ധർമ്മമായി മാറി. അവനുമായി വിവാദത്തിലേർപ്പെടാനാകാത്ത അഥവാ ആർക്കും അവനിൽ നിന്നെടുക്കാനാകാത്തവിധം അതവന്റെ ആദ്ധ്യാത്മിക സമ്പത്തും ആത്മാവിന്റെ അമൂല്യ നിധിയുമായിത്തീർന്നു.

സമയത്തിന്റെ ഗതിയിൽ അവന്റെ ഗണിതങ്ങൾ വികസിച്ച്‌ വിസ്‌തൃതവും ഗഹനവുമായി. അവനു ഗ്രഹിക്കാനാകാത്തവിധം വർഷങ്ങൾ മുന്നേറി. ഓരോ സൂര്യോദയത്തിന്റെ തിളക്കത്തിലും അവന്റെ പ്രത്യാശയെ അവൻ പുനരുജ്ജീവിപ്പിച്ചു. അവന്റെ വിശ്വാസത്തെ അവൻ പുനർ പ്രതിഷ്‌ഠാപനം ചെയ്‌തു. ഒരിക്കൽ ഭൂതത്തിലേയ്‌ക്കു ഇഴഞ്ഞു നീങ്ങുന്ന സമയം, വർത്തമാനത്തിൽ ക്ഷണഭംഗുരമായി, ഒടുങ്ങാത്തതായി പ്രത്യക്ഷപ്പെട്ട്‌, ഭാവികാലം അനന്തവിദൂരമായി തോന്നിച്ചു.

അത്തരം അവബോധത്തിൽ അടിമയുടെ ആത്മാവ്‌ നിഗൂഢമായി. അവന്റെ അഭിലാഷം, അപാരതയെ സമയപരിധിക്കുളളിലേയ്‌ക്കു നയിച്ചു. അതുകൊണ്ട്‌ അവന്റെ ലോകം അനന്തമായി. അവന്റെ ചിന്തകൾക്ക്‌ അതിർവരമ്പുകളില്ലാതായി. എല്ലാ സായന്തനങ്ങളിലും പശ്ചിമദിശയിലെ വിദൂരതയിലേക്ക്‌ അവൻ തുറിച്ചുനോക്കിക്കൊണ്ടു നിൽക്കും. ഓരോ സൂര്യാസ്തമയവും അവന്റെ ആത്മാവിനെ കൂടുതൽ കൂടുതൽ അഗാധമാക്കി. ഒടുവിൽ, അഞ്ചുവർഷങ്ങൾ കടന്നുപോയപ്പോൾ- അതു വാക്കുകളിൽ പറയുവാൻ എളുപ്പമാണ്‌-അടിമ യജമാനന്റെ അടുത്തു ചെന്ന്‌ മോചനം ആവശ്യപ്പെട്ടു. വനത്തിലെ അവന്റെ വസതിയിലേക്ക്‌ അവനു പോകേണ്ടിയിരുന്നു.

“വിശ്വസ്തനായ ഒരു സേവകനായിരുന്നു നീ,” ധ്യാനനിമഗ്‌നതയോടെ കോറ സമ്മതിച്ചു. “എവിടെയാണ്‌ നിന്റെ വസതിയെന്ന്‌ എന്നോടു പറയൂ? അതു പശ്ചിമഭാഗത്താണോ? ആ ദിശയിലേക്കു നീ അടിക്കടി തുറിച്ചുനോക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.”

അതെ, പടിഞ്ഞാറു ഭാഗത്തായിരുന്നു അവന്റെ വസതി.

“എന്നാലതു വളരെ ദൂരെയായിരിക്കും.” കോറ അഭിപ്രായപ്പെട്ടു- അടിമ തലകുലുക്കി -വളരെ വിദൂരെ. “നിന്റെ കയ്യിൽ പണമൊന്നുമുണ്ടാവില്ല, ഉണ്ടോ?”

ഉഗ്രഭീതിക്കടിപ്പെട്ട്‌ അടിമ നിശ്ശബ്‌ദത പൂണ്ടു. ഇല്ല, അതു ശരിയായിരുന്നു, അവന്റെ കയ്യിൽ പണമൊന്നുമുണ്ടായിരുന്നില്ല.

“നോക്കൂ, പണമില്ലാതെ നിനക്ക്‌ എവിടെയും എത്തിച്ചേരാനാവില്ല. മൂന്നുവർഷങ്ങൾ കൂടി നീ എനിക്കുവേണ്ടി പണിയെടുക്കുകയാണെങ്കിൽ-അല്ലെങ്കിൽ വേണ്ട, രണ്ടു വർഷങ്ങൾ-നിന്റെ യാത്രയ്‌ക്കു വേണ്ടത്ര പണം ഞാൻ തരുന്നതാണ്‌.”

അടിമ തല കുനിച്ചു വണങ്ങി, വീണ്ടും പണി ആയുധങ്ങൾ ധരിച്ചു. അവൻ നന്നായി അദ്ധ്വാനിച്ചുവെങ്കിലും മുമ്പത്തെപ്പോലെ ദിനങ്ങൾ കടന്നുപോകുന്നതൊന്നും തിട്ടപ്പെടുത്തുവാൻ അവൻ മിനക്കെട്ടില്ല. ഘടകവിരുദ്ധമായി, അതിനുപകരം അവൻ പകൽകിനാവുകളിൽ മുഴുകി. ഉറക്കത്തിൽ അവൻ പിച്ചും പേയും പുലമ്പുന്നത്‌ കോറ കേട്ടു. കുറച്ചുനാളുകൾക്കകം വീണ്ടും അവൻ അസുഖത്തിനിരയായി.

അവനരികിലിരുന്ന്‌ ആത്മാർത്ഥതയോടെ കോറ ദീർഘനേരം സംസാരിച്ചു. അയാളുടെ സംഭാഷണം വിവേകപൂരിതവും നിറച്ചും വിജ്ഞാനപ്രദവുമായിരുന്നു, സത്യസന്ധമായ അനുഭവജ്ഞാനത്തിന്റെ പിൻബലത്താലെന്നപോലെ.

“ഞാനൊരു വൃദ്ധനാണ്‌,” അയാൾ മൊഴിഞ്ഞു. “എന്റെ ചെറുപ്പത്തിൽ പശ്ചിമദിശയിലേയ്‌ക്കു പോകുവാൻ ഞാനും കൊതിച്ചിട്ടുണ്ട്‌, മഹാവനങ്ങൾ എന്നേയും മാടി വിളിച്ചിരുന്നു. എന്നാൽ ഒരിക്കലും എനിക്കു യാത്രയ്‌ക്കു വേണ്ട പണമുണ്ടായിരുന്നില്ല. ഇതുവരേയ്‌ക്കും എനിക്ക്‌ അവിടെ പോകാനൊത്തിട്ടില്ല-ഞ്ഞാൻ മരിച്ച്‌ എന്റെ ആത്മാവ്‌ അവിടെ എത്തുന്നതുവരെ എനിക്കവിടെ പോകാനൊക്കുമെന്നു തോന്നുന്നില്ല. ചെറുപ്പക്കാരനും കഴിവുളളവനുമായ നീ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്‌. എന്നാൽ എന്റെ ചെറുപ്പത്തിൽ എനിക്കുണ്ടായിരുന്നത്ര കരുത്തും കഴിവുമുണ്ടോ നിനക്ക്‌? ഇതിനെക്കുറിച്ചെല്ലാം ചിന്തിച്ച്‌, ഒരു വൃദ്ധന്റെ ഉപദേശത്തിനു ചെവി കൊടുക്കൂ. വീണ്ടും നീ സുഖം പ്രാപിക്കുന്നതു കാണാം.”

എന്നാൽ ക്രമേണ ആരോഗ്യം വീണ്ടെടുത്ത്‌, അടിമ പിന്നെയും ജോലി ചെയ്യുവാൻ ആരംഭിച്ചുവെങ്കിലും; ആ പഴയ ഉത്സാഹമുണ്ടായിരുന്നില്ല. ഇത്തവണ അവൻ വിശ്വാസം കൈയൊഴിഞ്ഞു. അവന്റെ അഭിലാഷം പോയ്‌മറഞ്ഞു. ജോലിക്കിടയിൽ നടുനിവർത്തുവാനും ഉറങ്ങുവാനും അവനിഷ്‌ടപ്പെട്ടു. എന്നാൽ ഒരു ദിവസം കോറ അവന്റെമേൽ ചാട്ടവാർ പ്രയോഗിച്ചു. അതവനു ഗുണകരമായി, അവൻ കണ്ണീരുതിർത്തു. അങ്ങനെ രണ്ടുവർഷങ്ങൾ കൂടി കടന്നുപോയി.

എന്നാൽ യഥാർത്ഥമായും കോറ അവനു സ്വാതന്ത്ര്യം അനുവദിച്ചു. പശ്ചിമദിശയിലേയ്‌ക്ക്‌ അവൻ യാത്ര തിരിച്ചുവെങ്കിലും മാസങ്ങൾക്കുശേഷം ദുരിതപൂർണ്ണമായ ഒരവസ്ഥയിൽ അവൻ തിരിച്ചെത്തി.

“നീ കണ്ടെത്തിയോ?” കോറ അന്വേഷിച്ചു. “നിനക്കു ഞാൻ മുന്നറിയിപ്പു തന്നതല്ലേ? ഞാൻ നിന്നോടു മോശമായി പെരുമാറുമെന്ന്‌ ആരും പറയില്ല. വീണ്ടും ശ്രമിച്ചു നോക്കൂ, ഈ പ്രാവശ്യം പൂർവ്വദിശയിലേയ്‌ക്കു പോകൂ. ഒരുപക്ഷെ നിന്റെ വനാന്തരം ആ ഭാഗത്തായിരിക്കും കുടികൊളളുന്നത്‌.”

ഒരുവട്ടം കൂടി അടിമ യാത്ര തിരിച്ചു. ഈ പ്രാവശ്യം തന്റെ മുഖം ഉദയസൂര്യനഭിമുഖം പിടിച്ചുകൊണ്ടായിരുന്നു അവന്റെ യാത്ര. ഒടുവിൽ, നീണ്ട അലച്ചിലിനുശേഷം തന്റെ സ്വന്തം വനത്തിൽ അവൻ ചെന്നെത്തിയെങ്കിലും അവൻ അവയെ തിരിച്ചറിഞ്ഞില്ല. പരാജിതനും ക്ഷീണിച്ചവശനുമായി, സ്വന്തം മുഖം പശ്ചിമദിശയിലേയ്‌ക്കു പിടിച്ച്‌ അവന്റെ യജമാനന്റെ അരികിൽ തിരിച്ചെത്തി, അദ്ദേഹത്തോടു പറഞ്ഞു, താൻ കണ്ടെത്തിയ ചെറുവനങ്ങളും മഹാവനങ്ങളും ഒന്നും അവന്റേതായിരുന്നില്ലെന്ന്‌.

‘ഹൂം..“ കോറ ഒന്നു ചുമച്ചു.

”എന്നോടൊപ്പം താമസിച്ചോളൂ“, സസ്നേഹം കോറ അഭിപ്രായപ്പെട്ടു. ”ഞാൻ ജീവനോടെയിരിക്കുമ്പോൾ ഈ ഭൂമിയിൽ ഒരു വസതിയുടെ കുറവ്‌ നിനക്കുണ്ടാകില്ല. എന്റെ പിതാക്കൻമാരിൽ നിന്നും ഞാൻ സമ്പാദിച്ച സ്ഥിതിയ്‌ക്ക്‌, എന്റെ പുത്രൻ നിന്നെയും പരിപാലിച്ചോളും.“ അങ്ങനെ അടിമ താമസം തുടങ്ങി.

കോറയ്‌ക്കു പ്രായമേറിയെങ്കിലും അയാളുടെ അടിമയായിരുന്നു അയാൾക്കു മുഖ്യം. കോറ അവനെ നന്നായി തീറ്റിപ്പോറ്റി, അവന്റെ ആയുസ്സിനു നീളമേറാൻ. അവനെ ശുദ്ധമാക്കി വെച്ചു, അവൻ ആരോഗ്യത്തോടെ ഇരിക്കുവാൻ. യഥോചിതം അവന്റെമേൽ ചാട്ടവാർ പ്രയോഗവും നടത്തി, അവൻ അടക്കത്തോടും ആദരവോടുമിരിക്കുവാൻ. ആരുമായും അവൻ അതിർവരമ്പുകൾ ഭേദിച്ചില്ല. ഞാറാഴ്‌ചകളിൽ കുന്നിൻമുകളിൽ ചെന്നു പശ്ചിമഭാഗത്തേയ്‌ക്കു തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നതിന്‌ അവനു സ്വാതന്ത്ര്യമുണ്ടായിരുന്നു.

കോറയുടെ വയലുകൾ സമൃദ്ധിയോടെ വിളഞ്ഞു നിന്നു. കോറ കാടുകൾ വാങ്ങിച്ചുകൂട്ടി. അവ തെളിയിച്ച്‌ കലപ്പകൊണ്ട്‌ ഉഴുതുമറിച്ചു, ആ വിധത്തിൽ അടിമയ്‌ക്കു പണിയുണ്ടാകുവാൻ. ഒരു ഇച്ഛാശക്തിയോടെ അടിമ മരങ്ങൾ വെട്ടിവീഴ്‌ത്തി. ഇതിനകം സമ്പന്നനായിത്തീർന്ന കോറ ഒരു ദിവസം ഒരു അടിമപ്പെണ്ണിനെ വീട്ടിലേയ്‌ക്കു കൂട്ടിക്കൊണ്ടുവന്നു.

വർഷങ്ങൾ കൊഴിഞ്ഞുപോയി. കോറയുടെ വീട്ടിൽ ബലിഷ്‌ഠന്മാരായ ആറു അടിമക്കുട്ടികൾ വളർന്നു. അവരുടെ പിതാവിനെപ്പോലെ ശുഷ്‌ക്കാന്തിയോടെ അവരും അദ്ധ്വാനിച്ചു. ഒരാൾ ജോലി ചെയ്യുമ്പോൾ മാത്രമേ സമയം പോകുകയുളളൂ, അവരുടെ പിതാവ്‌ അവരെ ഉപദേശിച്ചു. അനന്തമായ മഹാവനങ്ങളിൽ നമ്മൾ സഹിച്ച ദുരിതപൂർണ്ണമായ സമയം കൊഴിഞ്ഞുപോയി. അസ്തമയ സൂര്യനെ ദർശിക്കുവാൻ കഴിയുമായിരുന്ന കുന്നിൻ മുകളിലേയ്‌ക്ക്‌ എല്ലാ ഒഴിവുദിനങ്ങളിലും അവരുടെ പിതാവ്‌ അവരെ കൂട്ടിക്കൊണ്ടുപോയി അവൻ അവരിൽ അഭിവാഞ്ഞ്‌ഛ ജനിപ്പിച്ചു.

പ്രായാധിക്യമേറി കോറ ജരാനര ബാധിച്ചവനായി. തീർച്ചയായും അയാൾ എല്ലായ്‌പ്പോഴും വയസ്സനായിരുന്നു, എന്നാലിപ്പോൾ വാർദ്ധക്യമല്ലാതെ അയാളിൽ മറ്റൊന്നും അവശേഷിച്ചിരുന്നില്ല. അയാളുടെ മകൻ ഒരിക്കലും കരുത്തനായിരുന്നില്ല, എന്നാൽ അവർക്ക്‌ ആരിൽ നിന്നും ഒന്നും ഭയപ്പെടാനില്ലായിരുന്നു. ഉരുക്കുമുഷ്‌ടികൊണ്ടുളള ഒറ്റ അടിയാൽ ആരേയും വീഴ്‌ത്തുവാൻ പോന്നവരായിരുന്നു ഓരോ അടിമയും. കേമന്മാരും മിടുക്കന്മാരുമായിരുന്നു അവരെല്ലാം. അവരുടെ ഉരുക്കുപേശികളിൽ മാംസം ദൃഢമായിരുന്നു. പുലികളുടേതുപോലെയിരുന്നു അവരുടെ പല്ലുകൾ. എങ്കിലും വേണ്ടുവോളം സുരക്ഷിതമായിരുന്നു കാലം. അടിമകൾ അവരുടെ കോടാലികൾ വീശിയെറിഞ്ഞ്‌ മരങ്ങൾ വെട്ടിവീഴ്‌ത്തി.

——-

Generated from archived content: story1_aug24_05.html Author: jahannas_v_jenson

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English