പ്രവാസി

പ്രവാസിയെന്നാൽ….

വറുതിയും വിശപ്പുമൊഴിഞ്ഞ

പൊറുതിക്കുവേണ്ടി, പിറന്ന-

മണ്ണു കൈവെടിഞ്ഞവനെന്നർത്ഥം.

സ്വപ്‌ന വ്യാഖ്യാനങ്ങൾ തേടി

പ്രതീക്ഷകൾ വിളയുന്ന, പുതു

മണ്ണു തേടിപ്പോയവനെന്നർത്ഥം.

നാളെയുടെ തിളക്കം കണ്ട്‌

കാലത്തിന്റെ കൈയ്യിൽ

വർത്തമാനത്തെ കൊലയ്‌ക്കു

കൊടുത്തവനെന്നർത്ഥം.

ചൂഷണത്തിൽ ചുടലക്കളത്തിൽ

കിടപ്പാടം പണയം പറഞ്ഞവനെന്നർത്ഥം.

പ്രവാസിയിവൻ….

വിരഹമലിഞ്ഞ വിയർപ്പിനാൽ

ഭൂമിയെ ഉപ്പു തീറ്റിക്കുന്നവൻ.

സ്വർണ്ണവർണ്ണങ്ങൾക്ക്‌ പിന്നിൽ

ആളിത്തീർന്നയഗ്‌നിയഴകിനെ

അകക്കാമ്പിലാവാഹിച്ചെടുത്തവൻ.

അക്കരെപ്പച്ച നിറം മങ്ങിയപ്പോൾ

സഹനം ചായക്കൂട്ടാക്കിയവൻ.

മഴ മരിച്ച മണ്ണിൽ മരവിച്ചു പോയ

മനസ്സിന്റെയുടമസ്‌ഥൻ.

പ്രവാസിയിവന്‌ കൂട്ടിന്‌…

തൊലി നീങ്ങിയ കൈവെളളയിൽ

വിളറിവെളുത്ത കറൻസിയും

ചീയാൻ തുടങ്ങിയ ചിത്തത്തിലേക്ക്‌

അത്തറിന്റെ സുഗന്ധവും

പൊയ്‌പ്പോയ പൂന്തെന്നലിന്‌

പകരക്കാരനായ മണൽക്കാറ്റിൽ

നഷ്‌ടബോധമായ്‌ നിലവിളിയ്‌ക്കുന്ന

ജൻമനാടിന്റെയോർമ്മകളും.

പ്ലാസ്‌റ്റിക്‌ പൂക്കുട നിറയെ

ആജീവനാന്ത വസന്തങ്ങളും.

ചുവരുകളിലേക്ക്‌ പറിച്ചുനട്ട

വൻ വൃക്ഷക്കൂട്ടങ്ങളും

വിരഹത്തിന്റെ വിഹ്വലതയിൽ

കണ്ണു നിറക്കുന്ന കടൽ ദൂരങ്ങളും.

മരീചികയായ്‌ മുന്നിൽ

മരുഭൂമിയിൽ വിത്തെറിഞ്ഞു

കാത്തുനിൽക്കുന്നവന്റെ ഭാവിയും.

പ്രവാസിയുടെ സ്വപ്‌നവും സത്യവും-ആകാശ

ഭൂമികളുടെയന്തരത്തെക്കുറിച്ച്‌ പറയുന്നു.

Generated from archived content: pravasi.html Author: jaffar_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English