ഇന്നുരാവിലെ വരെ
വഴിപോക്കരാരും
ഈ ചുമരിനെ
തീരെ ശ്രദ്ധിച്ചില്ല.
പഴകിമങ്ങിയ നോട്ടീസുകളും
പരസ്യങ്ങളും
പണ്ടാരോ പകർത്തിയ
കുറെ മുദ്രാവാക്യങ്ങളും
മാത്രം.
ജാക്സൺ പോളോക് വരച്ച
ആധുനിക ചിത്രങ്ങൾ
നിങ്ങൾ കണ്ടുകാണും.
നിലത്തിട്ട കാൻവാസിൽ
പല നിറങ്ങളിൽ
ചായങ്ങൾ വലിച്ചെറിഞ്ഞും
ഇറ്റിറ്റു വീഴ്‌ത്തിയും രൂപപ്പെട്ടവ.
കോടികൾ വിലയുള്ളവ.
ചുമരിലെ പുതിയ ചിത്രം നോക്കൂ.
ഇതു തീർക്കാൻ
ഒരു നിമിഷമേ വേണ്ടിവന്നുള്ളു.
ഒരു ഫ്ലാഷുകൊണ്ട്
ഒരു കളർ ഫോട്ടോ
ഒരുക്കുന്നപോലെ.
ഇതിന് ഫോട്ടോഗ്രാഫിയുടെയും
പോളോക്കിന്റെയും
ടെക്നിക്കുകളുപയോഗിച്ചു.
ആദ്യം
പഴകാലഫ്ലാഷുകൾ പോലെ
രാസസമ്മിശ്രത്തിന്റെ
ഒരു വിസ്‌ഫോടനം.
ഇനാമൽ നിറങ്ങൾക്കു പകരം
ചുരമരിലെറിഞ്ഞത്
ഓർഗാനിക് നിറങ്ങൾ,
ബയോഡിഗ്രേഡബിൾ ചായങ്ങൾ.
തണ്ണിമത്തന്റെ
ഹൃദയത്തിന്റെ ചുവപ്പും,
തോടിന്റെ പച്ചയും,
അങ്ങുമിങ്ങും
കുരുക്കളുടെ കറുപ്പും.
പല പച്ചകളുണ്ട്.
അച്ചിങ്ങപ്പയറിന്റെ,
ക്യാബേജിന്റെ,
പലതരം പച്ചമുളകിന്റെ.
തണ്ണിമത്തനും തക്കാളിയുമൊപ്പം
രക്തത്തിന്റെ ചുവപ്പ്.
ഇടക്കിടെ പരന്നുകാണുന്നത്
തലച്ചോറുകളുടെ നിറമാണ്.
ഒരേ നിറമെങ്കിലും
ഒന്നിൽ കുത്തിനിറച്ചിരുന്നത്
മതഭ്രാന്തരുടെ പ്രചരണങ്ങളും,
വാഗ്‌ദാനങ്ങളും.
വേറൊന്നിൽ നിറഞ്ഞിരുന്നത്
പച്ചക്കറികൾ വിറ്റ്
കുടുംബം പോറ്റാനുള്ള ആകാംക്ഷ.
പക്ഷേ പടത്തിൽ
നിങ്ങൾക്കത് കാണാനാവില്ല.
ഇതു ജീവനിൽ ചാലിച്ച ചിത്രം.
ചായങ്ങളുണങ്ങുംതോറും,
നിറങ്ങൾ മാറിക്കൊണ്ടിരിക്കുന്ന
ജീവനുള്ള രചന.
ഈ ചിത്രം
വില്പനയ്‌ക്കല്ല.
ഇതിന്റെ വില
രചനതീരും മുമ്പേ
കൊടുത്തുകഴിഞ്ഞിരുന്നു.
Generated from archived content: poem3_may16_07.html Author: jacob_thomas