ഓണം പറയാതെ പോകുന്ന ചില നേരുകൾ

സാമാന്യവത്‌കരിക്കപ്പെട്ട ഒരു പഴംപാട്ടായി പറഞ്ഞാൽ, സമൃദ്ധിയുടെ ആഘോഷമാണ്‌ മലയാളിക്ക്‌ ഓണം. വാമനൻ പാതാളത്തിലാഴ്‌ത്തിയ മാവേലിത്തമ്പുരാൻ നാടുകാണാനെത്തുന്ന നാൾ. ജാതി-മതഭേദങ്ങൾക്കതീതമായി മലയാളി ഒന്നിച്ചാസ്വദിക്കുന്ന കേരളത്തിന്റെ ദേശീയോത്സവമായാണ്‌ ഓണം വിശേഷിപ്പിക്കപ്പെടുന്നത്‌. പക്ഷെ, ഇത്തരം പ്രചരണങ്ങൾക്ക്‌ വസ്‌തുതയുമായി എത്രത്തോളം ബന്ധമുണ്ട്‌?

ഇതര മത, സംസ്‌കാരങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങളെക്കുറിച്ച്‌ പറയുകയോ എഴുതുകയോ ചെയ്യേണ്ടി വരുമ്പോൾ മലയാളി പ്രകടമാക്കുന്ന രാജഭക്തിയുടെ കാപട്യം മാറ്റിവെച്ച്‌ പറഞ്ഞാൽ, കേരളത്തിലെ അഹിന്ദുക്കൾക്ക്‌ ഓണം അത്ര വലിയൊരാഘോഷമൊന്നുമല്ല. പൂർണമായും ഹിന്ദു മിഥോളജിയിലധിഷ്‌ഠിതമായ ഒരു മതാഘോഷമാണ്‌ ഓണം. വസ്തുതകൾക്കപ്പുറത്ത്‌ ഐതിഹ്യങ്ങളാണ്‌ ഓണത്തിന്റെ ജീവൻ. പരശുരാമൻ മഴുവെറിഞ്ഞ്‌ കേരളം പുലർത്തിയെന്ന്‌ പറയുംപോലെ ഒരു കഥ. സമൃദ്ധമായ മിത്തുകൾ സാംസ്‌കാരിക പശ്ചാത്തലമൊരുക്കുന്ന ഒരു മതസമൂഹത്തിന്‌ ഓണത്തെക്കുറിച്ചുളള ഐതിഹ്യം വേഗം സ്വീകാര്യമാവും. പക്ഷെ, തീർത്തും വ്യത്യസ്തമായ ദൈവസങ്കല്പവും അഭൗമിക ആശയങ്ങളും സാംസ്‌കാരിക പരിസരങ്ങളുമൊക്കെയുളള മറ്റ്‌ മതസമുദായങ്ങൾ ഇതെങ്ങനെ ഉൾക്കൊളളുന്നു എന്നതിനെ ഉപജീവിച്ചിരിക്കും ഓണത്തിന്റെ സാർവ്വ സ്വീകാര്യത. ഈയർത്ഥത്തിൽ വിശ്വാസ, ഐതിഹ്യപരമായ ഘടകങ്ങളെക്കാൾ മറ്റ്‌ പലതുമാണ്‌ കേരളത്തിലെ അഹിന്ദുക്കളിൽ ഓണബോധം നിലനിർത്തുന്നതെന്ന്‌ പറയാനാകും. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളാണ്‌ ഇതിൽ പ്രധാനം.

ഒരർത്ഥത്തിൽ വിപണിയാണ്‌ ഓണാഘോഷത്തെ ഒരു സർവ്വ സമുദായ ദേശീയ ഉത്സവമായി കരുതലോടെ പിടിച്ചു നിർത്തുന്നത്‌ എന്ന്‌ മനസ്സിലാക്കാൻ കഴിയും. പരസ്യക്കണ്ണുകൾ തുറന്ന്‌ വാർത്താമാധ്യമങ്ങൾ ഓണത്തിന്‌ നിറപ്പൊലിമ നൽകുമ്പോൾ, കേരളത്തിന്റെ വിപണികൾക്ക്‌ ഒരാണ്ട്‌ മുഴുവൻ ഓടിത്തീർക്കാനുളള ഇന്ധനമാണ്‌ ഒരൊറ്റ ഓണക്കാലം തളികയിൽ വെച്ചു നൽകുന്നത്‌. ഒരു മതാഘോഷം കൃത്യമായി മാർക്കറ്റ്‌ ചെയ്യപ്പെടുന്ന രസതന്ത്രമാണ്‌ ഓരോ ഓണവും സമ്മാനിക്കുന്ന വസ്‌തുതാപരമായ കാഴ്‌ച. സാധാരണ മലയാളിയുടെ അസാധാരണമായ ക്രയശേഷിയുടെ തോതുയരുന്നത്‌ അത്ഭുതത്തോടെ നോക്കി നിൽക്കേണ്ടിവരുന്ന വിപണിയുത്സവത്തിൽ തന്നെയാണ്‌ അത്രയൊന്നും ഭദ്രമല്ലാത്ത മതേതര സങ്കൽപ്പത്തിൽ കെട്ടിയുയർത്തപ്പെട്ട ഈ ആഘോഷത്തിന്റെ അസ്തിത്വവും.

ഒഴിവുവേളകളും നീണ്ട അവധിയുടെ ആലസ്യവും ദൃശ്യ-പത്രമാധ്യമങ്ങൾ ചാറിത്തെറിപ്പിക്കുന്ന വർണ്ണപ്പൊലിമയുമൊക്കെയാണ്‌ കേരളത്തിലെ അഹിന്ദുക്കളുടെ ഓണം. ഓണപ്പരീക്ഷകളുടെ അഗ്‌നിച്ചൂടിൽനിന്ന്‌ ആനന്ദത്തിന്റെ ദശദിനങ്ങളിലേക്ക്‌ തെന്നിമാറുന്ന ഒരു അവധിയുൽസവമായി മാത്രമായിരുന്നു ഈ ലേഖകനുൾപ്പെടെയുളള അഹിന്ദുക്കൾക്ക്‌ ഓണം അനുഭവപ്പെട്ടിരുന്നത്‌. ഇതെല്ലാം വസ്‌തുതയാണെങ്കിലും അതിന്റെ ആഘോഷ പരിസരങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ തികച്ചും വ്യത്യസ്തമായൊരിടമുണ്ട്‌. ഏത്‌ മതാഘോഷങ്ങൾക്കും മതേതരമായ ചില ദൗത്യങ്ങൾ നിറവേറ്റാനുണ്ടല്ലോ? മത, സാംസ്‌കാരിക ബിംബങ്ങളെ ചിഹ്‌നവത്‌കരിക്കുകയും കൃത്യമായ ചതുരങ്ങൾക്കുളളിലാക്കുകയും ചെയ്യുന്ന പ്രക്രിയ രാജ്യത്ത്‌ കൊണ്ടുപിടിച്ച്‌ നടക്കെ, മലയാളിയുടെ മതേതര വിനിമയങ്ങളിൽ ഓണത്തിന്‌ ചില സാംസ്‌കാരിക-രാഷ്‌ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുണ്ട്‌.

ഐതിഹ്യ, വിശ്വാസപരമായ കാര്യങ്ങളൊഴിച്ചു നിർത്തിയാൽ, നടേപറഞ്ഞ ആഘോഷങ്ങളുടെ ചിത്രപ്പൊലിമയാണ്‌ ഓണത്തിന്‌ മതേതര ഭാവം പ്രദാനം ചെയ്യുന്നത്‌. ആരവം നിറഞ്ഞതാണ്‌ ഓണനാളുകളിലെ കേരളത്തിന്റെ നാട്ടിൻപുറങ്ങൾ. അടിസ്ഥാനപരമായി നമ്മെ ബാധിച്ചു കഴിഞ്ഞ നഗരബോധത്തിന്‌ മുന്നിൽ നാട്ടിൻപുറങ്ങളും ഗ്രാമ്യവിശുദ്ധിയും അന്യം നിന്നുപോകുന്നതിനെക്കുറിച്ച്‌ അതിനാൽതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഓണപ്പൊട്ടനും ഓണത്തല്ലും മാവേലിക്കാഴ്‌ചയും കടുവകളിയും ജലോത്സവങ്ങളും സദ്യവട്ടങ്ങളുമൊക്കെയാണ്‌ ഓണാഘോഷത്തിന്റെ ആകർഷണങ്ങൾ. ഏതു ജനതയുടെയും അതിജീവനം ഗ്രാമ്യമായ ഓർമ്മകളുടെ ധീരമായ സംരക്ഷണത്തിൽ നിന്നുമാത്രമാണ്‌ സാധ്യമാവുക. നഷ്‌ടപ്പെടുന്ന എന്തോ ഒന്നിനെക്കുറിച്ചുളള ഓർമ്മപ്പെടുത്തലാണ്‌ ഓണം വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും വലിയ മൂല്യവിചാരം. ഇതൊഴിച്ചു നിർത്തിയാൽ ഓണവുമായി ബന്ധപ്പെട്ട ഐതിത്യത്തിന്‌ അഹിന്ദുക്കൾ ഒട്ടുംതന്നെ പ്രാധാന്യം കൽപ്പിക്കുന്നില്ല എന്നതും മറച്ചു വെക്കേണ്ടതല്ല. അടിസ്ഥാനപരമായ വിശ്വാസങ്ങളിലുറച്ചു നിൽക്കുമ്പോഴും മതേതരമായ സഹവർത്തിത്വം കേരളത്തിൽ സജീവമാണെന്നതിന്റെ, സാധ്യമാണെന്നതിന്റെ തെളിവുകളാണ്‌ ആഘോഷങ്ങളിൽ കാണപ്പെടുന്ന ചില കൂട്ടായ്‌മകൾ. വായു സഞ്ചാരമില്ലാത്ത മുറിയെന്ന്‌ തല്പരകക്ഷികൾ വിശേഷിപ്പിക്കുന്ന ഇസ്ലാമിനും, ആചാരവിനിമയങ്ങളിൽ ഉദാരത പുലർത്തിപ്പോരുന്ന ക്രിസ്‌തുമതത്തിനും ഈ സഹൃദയത്വം കാത്തു സൂക്ഷിക്കാൻ എന്നുമായിട്ടുണ്ട്‌.

ആഘോഷിക്കാനും ആഘോഷിക്കാതിരിക്കാനുമുളള സ്വാതന്ത്ര്യമാണ്‌ ഓണം നമുക്കു നൽക്കുന്ന സ്വാതന്ത്ര്യം. വ്യക്തികളെ തെരഞ്ഞുപിടിച്ച്‌ രാജ്യസ്‌നേഹത്തിന്റെയും ദേശീയബോധത്തിന്റെയും അളവെടുക്കുന്ന സമകാലീന കാലത്ത്‌ ഒരുപക്ഷെ ഇനിയത്തെ ഓണം അടയാളപ്പെടുത്തലുകളുടേതായേക്കാം. എങ്കിലും, ചതുരങ്ങളിലൊതുങ്ങാത്ത ഒരു ഓണക്കാലംകൂടി നമുക്ക്‌ കിട്ടി എന്നതാണ്‌ ഈ ഓണം നൽകുന്ന നിഗൂഢമായ ആനന്ദം.

വികടബുദ്ധിഃ ഓണാഘോഷങ്ങളിലെ ഈ മതേതര സഹവർത്തിത്വം, മറ്റ്‌ മതങ്ങളുടെ ആഘോഷങ്ങളിലും മലയാളിക്ക്‌ നിലനിർത്താൻ കഴിയാതെ പോവുന്നതെന്തുകൊണ്ട്‌? ക്രിസ്‌തുമസിനും ഇസ്‌ലാമിന്റെ ഈദുകളിലുമൊന്നും ഇതര സമുദായങ്ങളുടെ പങ്കാളിത്തമില്ലാതെ പോകുന്നതെന്തുകൊണ്ട്‌? അതെ, നാമിനിയും വളരേണ്ടതുണ്ട്‌; ഉയരങ്ങളിൽ ചിന്തിക്കേണ്ടതുണ്ട്‌.

Generated from archived content: onam_essay2.html Author: jabir_rahman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here