സ്വാമിജിയുടെ മുറിയിലെത്തിയ അലക്സാണ്ടര്‍ സ്ഥലജല വിഭ്രാന്തിയിലായി. വര്‍ദ്ധിച്ച സംഭ്രമം അലക്സാണ്ടറെ വല്ലാതെ ചൂടുപിടിപ്പിച്ചു. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി . സ്വാമിജി ധ്യാനത്തിലാണ്. ആദ്യമായിട്ടാണ് അലക്സാണ്ടര്‍ ഇത്തരമൊരു സാഹചര്യത്തിലേക്ക് ക്വട്ടേഷനുമായി എത്തുന്നത്. അര്‍ദ്ധ നഗ്നനായ സ്വാമിജിയുടെ കഴുത്തില്‍ നീളത്തില്‍ സ്വര്‍ണ്ണരുദ്രാക്ഷം . ചരടില്‍ കോര്‍ത്തപുലി നഖം. രണ്ടു കൈകളിലും പലനിറത്തിലുള്ള ചരടുകള്‍ ദിവ്യത്വത്തെ ബലപ്പെടുത്താനെന്ന മട്ടില്‍ പിണച്ചു കെട്ടിയിരിക്കുന്നു. സംശയം തോന്നേണ്ട നമസ്ക്കരിച്ചേക്കാമെന്ന് അലക്സാണ്ടര്‍ വിചാരിച്ചപ്പോഴേക്കും ധ്യാനനിമഗ്നനായിത്തന്നെ അദ്ദേഹം പറയാന്‍ തുടങ്ങി.
‘’ പേര് അലക്സാണ്ടര്‍, കേരളത്തിന്റെ ഏകദേശം മധ്യഭാഗത്ത് ജനനം. വിവാഹിതന്‍ . രണ്ടു കുട്ടികളുടെ പിതാവ്. കൂട്ടിക്കൊടുപ്പും ഗുണ്ടാപ്പിരിവുമായി തുടക്കം. പടി പടിയായി ഉയര്‍ച്ച. ഇന്ന് അധികാരകേന്ദ്രങ്ങളിലും ഉന്നത സ്ഥാനങ്ങളിലുമുള്ളവരുടെയൊക്കെ വിശ്വസ്തന്‍. ഏറ്റെടുത്ത കര്‍മ്മം ഭംഗിയായും കൃത്യമായും നിറവേറ്റുന്ന….. ‘’ സ്വാമിജി തുടരുകയായിരുന്നു. ഏതോ സിനിമയില്‍ സുരേഷ് ഗോപി പോലീസ് വില്ലനെ നോക്കി പറയുന്ന വിവരണം പോലെ അരോചകമായെങ്കിലും അലക്സാണ്ടറെ അത്ഭുതപ്പെടുത്തിയ വാക്കുകകള്‍.
” മാനസാന്തരം തേടി വന്നിരിക്കുന്നു….’‘
അത് പറഞ്ഞാണ് സ്വാമിജി നിര്‍ത്തിയത്. മെല്ലെ കണ്ണുകള്‍ തുറന്നു.
‘’ എന്തുകൊണ്ടാണ് മാനസാന്തരം ആഗ്രഹിച്ചത്? ‘’
‘’ അത്….’‘ പൊടുന്നനെ എന്തു പറയണമെന്നറിയാതെ അലക്സാണ്ടര്‍ പരുങ്ങി.
‘’ ഈ ക്വട്ടേഷനൊക്കെ മടുത്തു സ്വാമി’‘ ( കൊറച്ചങ്ങ് അഭിനയിച്ചേക്കാം)
സ്വാമിജിയുടെ കോഡ് ലസ് ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി ‘’ ഒരു നിമിഷം ‘’ എന്ന് പറഞ്ഞ് പതിഞ്ഞശബ്ദത്തില്‍ എന്തോ പറയുവാന്‍ തുടങ്ങി. ഇംഗ്ലീഷിലാണ് സംസാരം ( ഏതോ ഭക്തന്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ രേഖപ്പെടുത്തുവാനോ പ്രശ്നപരിഹാര ക്രിയകള്‍ക്കോ വിളിച്ചതാവാം)
മുറിയില്‍ ഭക്തിഭാവത്തെ പ്രോജ്ജ്വലിപ്പിക്കാന്‍ ശേഷിയുള്ള ബിംബങ്ങള്‍. ആഢ്യത്വമുള്ള പൂജാ പാത്രങ്ങള്‍ പലതും വിദേശനിര്‍മ്മിതമെന്ന് തോന്നിച്ചു. ചുവന്ന പട്ട് വിരിച്ച് പീഠത്തിന് മുകളില്‍ പുലിത്തോല്‍. അതിലാണ് സ്വാമി ഉപവിഷ്ടനായിരിക്കുന്നത്. കയ്യെത്തും ദൂരത്ത് റിമോട്ട് കണ്‍ ട്രോളുകള്‍ , മൊബൈല്‍ ഫോണുകള്‍, ലാപ്റ്റോപ്പ്. ശീതീകരണിയുടെ തണുപ്പിനൊപ്പം നിറയുന്ന ചന്ദനഗന്ധ ഹൃദ്യത. നേരെ ഭിത്തിയില്‍ വലിപ്പത്തിലുള്ള എല്‍ സി ഡി സ്ക്രീനില്‍ മാറിമറിയുന്ന ആശ്രമ ദൃശ്യങ്ങളുടെ ജീവനുള്ള ചിത്രങ്ങള്‍. പീഠത്തിനു പിറകില്‍ രാജകീയ സിംഹാസനം പോലൊന്ന്. ഭിത്തിയില്‍ സ്വാമിജി ധ്യാനത്തിലിരിക്കുന്ന വലിയ ഛായാ ചിത്രം. മുകളില്‍ ഏതോ ഭാഷയില്‍ എന്തോ വാചകങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. അതിനും മുകളില്‍ ‘ ഓം’ചിഹ്നം സ്വര്‍ണ്ണ നിറമുള്ള തകിടില്‍ . മുകളില്‍ പതിഞ്ഞ ശബ്ദത്തില്‍ ഒഴുകുന്ന ഭജന്റെ താളത്തിനൊപ്പിച്ച് അലക്സാണ്ടര്‍ മെല്ലെ വിരലുകള്‍ ചലിപ്പിച്ചു. സംഭ്രമവും വിയര്‍പ്പുമൊക്കെ അന്തരീക്ഷം നല്‍കിയ ശാന്തിയില്‍ ലയിച്ചു ചേര്‍ന്നതുപോലെ….
‘’ ഇരിക്കു…’‘ സ്വാമിജി വാത്സല്യത്തോടെ പറയുന്നു. ശാന്തമായ മുഖം. ഒരു കഥകളിക്കാരന്റെ കണ്ണുകളെ ഓര്‍മ്മിപ്പിച്ച ചുവന്ന കണ്ണുകള്‍ . നെറ്റിത്തടത്തിലേക്ക് വീണുകിടന്ന മുടിയിഴകള്‍ അലക്ഷ്യമായി പിന്നോട്ടാക്കി സ്വാമിജി അലക്സാണ്ടറെ നോക്കി . അലക്സാണ്ടര്‍ സ്വാമിജിയെ നമസ്ക്കരിച്ചുകൊണ്ട് കുനിഞ്ഞു അനുഗ്രഹിക്കും മട്ടില്‍ അദ്ദേഹം കൈകളുയര്‍ത്തി.
‘’ പൊതുവെ നിങ്ങളേപ്പോലുള്ളവര്‍ മാനസാന്തരം കൊതിക്കുക ഒന്നുകില്‍ അടിക്കടി പരാജയങ്ങളുണ്ടാകുമ്പോള്‍ , അല്ലെങ്കില്‍ വിജയം മാത്രം അറിഞ്ഞ് ഒരു തരം ഉന്മാദാവസ്ഥയിലാകുമ്പോള്‍. അലക്സാണ്ടര്‍ ഏതു ഗണത്തില്‍ പെടും.”
“രണ്ടാമത്തെ. എത്രയെത്ര വിജയങ്ങള്‍ നേടിയാലും ഒരു വലിയ വിജയത്തിനായി കൊതിക്കില്ലേ സ്വാമീ. ആരെയും മോഹിപ്പിക്കുന്ന ഒരു വിജയം. അതങ്ങനെ അകന്നകന്നു പോകുമ്പോള്‍ നാം അസ്വസ്ഥരാകും. ആ അസ്വസ്ഥതയാണ് എന്നെ….”
“നന്നായി. അലക്സാണ്ടര്‍ക്ക് മഹാനായ അലക്സാണ്ടറെ ഭാരതത്തിലെ ഒരു യോഗി മാനസാന്തരപെടുത്തിയ കഥയറിയുമോ?”
“ഏത് അലക്സാണ്ടര്‍”
“അലക്സാണ്ടര്‍ ദ ഗ്രേറ്റ്”
“ അത് മോഹന്‍ലാലിന്റെ സിനിമയല്ലേ. കാണാന്‍ പറ്റിയില്ല.”
“ അലക്സാണ്ടര്‍ ഒരു തമാശക്കാരനാണല്ലോ”
(അല്ലെങ്കില്‍ ഏത് ക്വട്ടേഷന്‍ അംഗമാണ് സ്വാമീ തമാശക്കാരനല്ലാത്തത്. ജീവനെ ഒരു തമാശയായി കാണുന്നതുകൊണ്ടല്ലേ ഞങ്ങള്‍ കൊല്ലുമ്പോഴും ചിരിക്കുന്നത്. മരണമാണ് സ്വാമീ ദൈവത്തിന്റെ പോലും ഏറ്റവും വലിയ തമാശ)
‘’ -അദ്ദേഹം ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കിയ ഗ്രീക്ക് ചക്രവര്‍ത്തിയായിരുന്നു. ജയിക്കാനായി ജനിച്ചവന്‍. പൊരുതിയ യുദ്ധങ്ങളില്‍ ഒന്നില്‍ പോലും പരാജയം അറിയാതിരുന്നതു കൊണ്ടാണ് അദ്ദേഹത്തെ അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന് വിളിച്ചിരുന്നത്. ഈ അലക്സാണ്ടര്‍ക്കും വിജയങ്ങള്‍ മാത്രം?’‘
‘’ ഒള്ള് സ്വാമീ ‘’
‘’എനിക്ക് തോന്നുന്നു ഈ അലക്സാണ്ടര്‍ക്ക് പറഞ്ഞ് തരാന്‍ അനുയോജ്യമായ കഥ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടേതായിരിക്കുമെന്ന്. എനിക്ക് തെറ്റിയിട്ടില്ലല്ലോ?’‘
‘’ ഇല്ല സ്വാമീ ‘’ അലക്സാണ്ടര്‍ ഭവ്യതയോടെ പറഞ്ഞു.
( ഇയാള്‍ കഥ പറഞ്ഞു ഒണ്ടാക്കും. പറയട്ട്. പറയട്ട്. ഒടുക്കത്തെ കഥയല്ലീ?)
സ്വാമിജി കഥ പറയാന്‍ തുടങ്ങി
‘’ ഭാരതത്തിലെത്തിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി പോറസ് രാജാവിനെ കീഴടക്കിയ ശേഷം അയല്‍ രാജ്യക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തുകള്‍ കൊള്ളയടിക്കാന്‍ തീരുമാനിച്ചു. ക്ഷേത്ര പരിസരത്ത് ഒരു യോഗിയേയും അയാള്‍ക്കു ചുറ്റും വലിയൊരു ജനക്കൂട്ടത്തേയും കണ്ടു. ആളുകളെ ഭയപ്പെടുത്തി ഓടിച്ച ശേഷം ധ്യാനനിമഗ്നനായ യോഗിയോട് താങ്കളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. പുച്ഛഭാവം പേറിയ അലക്സാണ്ടറേയും അഹങ്കാരികളായ പരിവാരങ്ങളേയും അവഗണിച്ച് യോഗി ധ്യാനം തുടര്‍ന്നു.
” ഹേ താപസാ, ജീവന്‍ വേണമെങ്കില്‍ നിന്റെ സമ്പാദ്യം മുഴുവന്‍ നമുക്ക് തന്നിട്ട് ഓടിപ്പോവുക അല്ലെങ്കില്‍ നാം നിന്റെ തല വെട്ടും.-‘’
അലക്സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് യോഗി അവധിജ്ഞാനത്തിലൂടെ പലതും മനസിലാക്കി.-‘’ ( അതെന്തൊരു ഞാനം. അവധി വ്യാപാരം പോലെ വല്ലതുമാവും. കഥയില്‍ ചോദ്യമില്ലെന്നല്ലീ. )
‘’- എന്നിട്ട് എളിമയോടെ പതിയെ പറഞ്ഞു. അല്ലെയോ ചക്രവര്‍ത്തി സാര്‍വഭൗമാ. സര്‍വസംഗപരിത്യാഗിയായ നമുക്കെന്ത് സമ്പാദ്യം. ശിക്ഷ്യര്‍ ഭിക്ഷയെടുത്ത് തരുന്നതില്‍ ഒരു പങ്ക് , അതും ജീവന്‍ നിലനിര്‍ത്താനുള്ളത് മാത്രം നാം ഭക്ഷിക്കും. ബാക്കി ഭൂമിയിലെ ചരാചരങ്ങള്‍ക്ക് നല്‍കും. ഇനി അങ്ങയുടെ രണ്ടാമത്തെ ആവശ്യം എന്റെ തല വെട്ടുന്നത് കൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാവുമെങ്കില്‍ അതു ചെയ്യുക. എങ്കിലും ചക്രവര്‍ത്തി സാര്‍വഭൗമാ അങ്ങൊന്നറിയുക. അങ്ങയുടെ ശാസ്ത്രാസ്ത്രങ്ങള്‍ക്ക് എന്നെ വധിക്കുവാന്‍ കഴിയുകയില്ല ഇത്രയും പുകള്‍പെറ്റ താങ്കളുടെ സൈന്യത്തിന് എന്നെ ഇല്ലാതാക്കാനുള്ള ശക്തി പോരാ-
അലക്സാണ്ടര്‍ ക്രുദ്ധനായി ചോദിച്ചു നിങ്ങള്‍ക്കു ഭ്രാന്തു പിടിച്ചുവോ ഇവ്വിധം അര്‍ഥമില്ലാതെ പുലമ്പുന്നത്-
– ഇല്ല മഹാനുഭവാ താങ്കളുടെ ആയുധങ്ങള്‍ക്ക് എന്റെ ശരീരത്തെ മാത്രമേ നശിപ്പിക്കാനാവൂ. എന്റെ ആത്മാവിനെ വധിക്കാന്‍ തക്ക മൂര്‍ച്ചയുള്ള ഒരായുധവും അങ്ങയുടെ പക്കലുണ്ടാവില്ല ശരീരമേ മരിക്കു. ആത്മാവിന് മരണമില്ല. താങ്കള്‍ക്ക് എന്റെ ശരീരത്തെ മുറിക്കാം. അതിലൂടെ എന്റെ ആത്മശക്തി വര്‍ദ്ധിക്കും. എന്റെ ശിരസ്സെടുക്കുക. അങ്ങയുടെ ആഗ്രഹം സാധിക്കട്ടെ ദൈവം നല്ലതു വരുത്തട്ടെ. ഒരു നാള്‍ താങ്കളും ആത്മതത്വത്തെ അറിയുന്ന ഒരു കാലം വരും . ഹേ , മഹാനുഭാവാ അന്ന് അങ്ങിവിടെ വരിക. ഞാനിവിടുണ്ടാകും. മറ്റൊരു രൂപത്തില്‍ – യോഗി വീണ്ടും ധ്യാനത്തിലമര്‍ന്നു.
യോഗിയുടെ വാക്കുകളും അചഞ്ചലതയും അലക്സാണ്ടറെ ചിന്തിപ്പിച്ചു. കൊടുങ്കാറ്റിനെ വെല്ലാന്‍ തയ്യാറെടുത്ത ആ മനസ്സ് അശാന്തമാകാന്‍ തുടങ്ങി. അധികാരവും ധനവുമൊക്കെ ക്ഷണപ്രഭാചഞ്ചലമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. യോഗിയോട് മാപ്പു പറഞ്ഞ അലക്സാണ്ടര്‍ യുദ്ധം നിര്‍ത്തി സ്വരാജ്യത്തിലേക്കു മടങ്ങി.
( എന്റെ സ്വാമീ അയാള്‍ മണ്ടനാണ് അധികാരവും സമ്പത്തും സ്ഥാനമാനങ്ങളുമാണ് മുഖ്യം . ആത്മാവും കീഴാത്മാവുമൊക്കെ വെറും തട്ടിപ്പ് . ആട്, തേക്ക് , മാഞ്ചിയം, മണിചെയില്‍, അത്ഭുത സിദ്ധി ഏലസ്സുകള്‍ , ധനാഗമയന്ത്രങ്ങള്‍ , ഓണ്‍ ലൈന്‍ ലോട്ടറി , ഒക്കെ പോലെ ആത്മാവും ഒരു തട്ടിപ്പാ. ഇമ്മിണി വല്യ തട്ടിപ്പ്)
– തിരിച്ച് നാട്ടിലെത്തിയ അലക്സാണ്ടര്‍ പരിവര്‍ത്തന പാതയിലായി. അന്നോളം കൊന്ന് കൂട്ടിയവരുടെ ആത്മാക്കളെക്കുറിച്ചുള്ള ചിന്ത വേട്ടയാടാന്‍ തുടങ്ങിയ അലക്സാണ്ടര്‍ രോഗബാധിതനായി. തന്റെ ബന്ധുക്കളോടും പ്രജകളോടുമുള്ള അപേക്ഷ മരണശാസന രൂപത്തില്‍ അദ്ദേഹം എഴുതി വച്ചു. – എന്റെ മരണം അടുത്തിരിക്കുന്നു. മരണശേഷം എന്റെ ദേഹം ഒരു ശവപ്പെട്ടിയില്‍ വച്ച് , അതിന്റെ വശങ്ങളില്‍ തുളകളുണ്ടാക്കി രണ്ടു കൈകളും പുറത്തേക്ക് നീട്ടിയിട്ടു വേണം ശ്മശാനത്തിലേക്കെടുക്കുവാന്‍. ആ യാത്രയില്‍ ഞാന്‍ കൊന്നതും ആക്രമിച്ചും നേടിയ വജ്രം ,വൈഢൂര്യം , അമൂല്യ രത്നങ്ങള്‍ , സ്വര്‍ണ്ണം ഇവ മറ്റൊരു ശവപ്പെട്ടിയിലാക്കി എന്റെ ശവപ്പെട്ടിക്കൊപ്പം ശ്മശാനം വരെ അനുഗമിക്കണം. ജനിച്ചപ്പോള്‍ വെറും കയ്യോടെ വന്ന ഞാന്‍ മരിച്ചപ്പോഴും വെറും കയ്യോടെയാണ് യാത്രയാകുന്നതെന്ന് ഈ ലോകം അറിയണം. ഞാന്‍ നേടിയ ഐശ്വര്യങ്ങളൊന്നും എന്റെ കൂടെ വരുന്നില്ല .വരുന്നത്, എന്റെ പുണ്യപാപങ്ങള്‍ മാത്രം. ഈ തലമുറയിലും വരും തലമുറയിലുമുള്ള ഭരണാധിപന്മാരും യുദ്ധക്കൊതിയന്മാരും മനസിലാക്കുന്നതിനായുള്ള എന്റെ മരണശാസനം. ആത്മാവിന്റെ അപാരശക്തി വൈകി മാത്രം മനസിലാക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണശാസനം.
( ഇല്ല അലക്സാണ്ടറെ ആരും ഒന്നും പഠിച്ചില്ല പഠിച്ചെങ്കി ഈ സ്വാമി ഈ വേഷവും ഞാന്‍ ഈ വേഷവും എന്നെ ഇങ്ങോട്ടു വിട്ട സ്വാമി ആ വേഷവും കെട്ടില്ലായിരുന്നു. ഓരോ വേഷവും തുടക്കത്തില്‍ വയറും ആത്യന്തികമായി ഉന്നത സുഖഭോഗങ്ങളും മാത്രം ലക്ഷ്യം വയ്ക്കുന്നു)
‘’ ലോകത്തെ കാല്‍ക്കീഴിലാക്കിയ ഒരാള്‍ എന്നേപ്പോലെ ഒരു യോഗിയുടെ മുന്നില്‍ അടിയറവ് പറയുക. കണക്കില്ലാത്ത സമ്പത്തിന്റെ ഉടമയായ അലക്സാണ്ടര്‍ മുപ്പത്തിരണ്ടാം വയസ്സില്‍ വെറും കൈകളോടെയാണ് ഈ ലോകത്തു നിന്നും പോയത്. എത്ര മഹത്തായ സന്ദേശമാണ് ആ തുറന്ന കൈകള്‍ ലോകത്തിന് നല്‍കിയത് എന്നിട്ടെന്തായി. എത്രയെത്ര യുദ്ധങ്ങള്‍ ആഭ്യന്തര കലഹങ്ങള്‍, ശീത സമരങ്ങള്‍, രണ്ട് ലോകമഹായുദ്ധങ്ങള്‍ മനുഷ്യര്‍ ആഗ്രഹങ്ങളും ആവശ്യങ്ങളും മറന്നാര്‍ത്തിയുടെ പിറകെ പാഞ്ഞു. ചൂഷണവും ചൂഷകരും കൂടീ. തീവ്രവാദ ആക്രമണങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളായി. ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളുമൊക്കെ ഗ്രാമപ്രദേശങ്ങളില്‍ പോലുമുണ്ടായി. എന്തധമ മാര്‍ഗ്ഗത്തിലൂടെയും ധനവും സ്ഥാനമാനങ്ങളും നേടുക എന്നത് മാത്രമായി മനുഷ്യധര്‍മ്മം പോലും ‘’ – സ്വാമിജി വികാരാവേശാത്താല്‍ കിതച്ചു.
‘’ യോഗിമാരും മാറി വേറെ പണിയൊന്നുമില്ലാതെ വരുമ്പോള്‍ അല്‍പ്പസ്വല്‍പ്പം മാജിക്കും യോഗയും പഠിച്ച് കൊറേശ്ശെ അത്ഭുതങ്ങള്‍ കാട്ടുക. ഗീതാപഠനക്ലാസ്സുകള്‍ , യോഗക്ലാസ്സുകള്‍, മാര്‍ക്കറ്റിംഗ് വിദഗ്ദരെകൊണ്ട് സമര്‍ഥമായി അത്ഭുത രോഗശാന്തി മാര്‍ക്കറ്റിംഗ്, ദിവ്യാത്ഭുത അനുഭവസാക്ഷ്യങ്ങളുടെ ഇടവിട്ടുള്ള കൂട്ടായ്മകള്‍. ഒന്നോ രണ്ടോ നഴ്സറി സ്കൂളുകളില്‍ തുടക്കം വളര്‍ന്നു പന്തലിച്ച് സ്വാശ്രയ സ്ഥാപനങ്ങളും മെഡിക്കല്‍ കോളേജുകളും രാജ്യാന്തര യോഗാക്ലിനിക്കുകളുമൊക്കെയായി വന്‍ പ്രസ്ഥാനമാകും. ലോകം മുഴുവന്‍ അനുയായികള്‍ , ഭക്തര്‍, അവര്‍ വച്ചു നീട്ടുന്ന മുന്തിയ സുഖഭോഗങ്ങളുടെ കാണിക്ക. കള്ളനാണയങ്ങള്‍ യോഗികള്‍ക്കിടയിലും പെരുകുകയാണു സ്വാമീ‘’
‘’ അലക്സാണ്ടര്‍ മിടുക്കനാണ്. എല്ലാത്തിനേയും കുറിച്ച് നല്ല അവബോധമുണ്ട്. വെറുമൊരു ക്വട്ടേഷന്‍ നേതാവു മാത്രമല്ല’‘
‘’ സ്വാമിമാരീയിടയായി അഴിമതി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തും സാമൂഹിക പ്രശ്നങ്ങളില്‍ നിരന്തരം ഇടപെട്ടും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കാറുണ്ടല്ലോ. സ്വാമി അതിലൊന്നും താത്പര്യം കാണിക്കാറില്ലെങ്കിലും’‘
‘’ അതൊക്കെ ഓരോ കര്‍മ്മപഥങ്ങള്‍ . ഒരേ ലക്ഷ്യത്തിലെത്താന്‍ പലരും പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നു മാത്രം …’‘
‘’ ശരിയാ സ്വാമിന്‍ , അധികാരമെന്ന ലക്ഷ്യത്തിലെത്താന്‍ ഏത് നീചമാര്‍ഗ്ഗത്തിലൂടെയും ശ്രമിക്കുന്ന പുതിയ രാഷ്ട്രീയവാദികള്‍ ഗാന്ധിസവും മറ്റിസങ്ങളുമൊക്കെ അധികാരത്തിലെത്താനുള്ള കുറുക്കുവഴികളാക്കുന്നതു പോലെ…’‘
‘’ അലക്സാണ്ടര്‍ വീണ്ടും വീണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നു. .’‘
‘’സ്വാമി മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലൊന്നും പെടുന്ന ആളല്ലെന്നറിയാം അങ്ങൊരു പാവം മിതവാദി സ്വാമി. യോഗിമാരുടെ മൂല്യങ്ങളിലൊക്കെ അടിയുറച്ചു വിശ്വസിക്കുന്നയാള്‍. അങ്ങയുടെ ആശ്രാമാന്തരീക്ഷം തന്നെ അതിനുദാഹരണം. പക്ഷെ സ്വാമിമാര്‍ക്കെതിരെ അങ്ങ് അടിക്കടി വിമര്‍ശനം നടത്തുന്നതും , അവരുടെ സ്വത്തു വിവരം വെളിപ്പെടുത്തണമെന്നും അവരുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നതുമൊക്കെ കുറച്ച് കടന്ന കയ്യാണ്.”
‘’ അലക്സാണ്ടര്‍ അര്‍ത്ഥം വച്ചു സംസാരിക്കുന്നു. ‘’
സ്വാമിജിയുടെ മനസില്‍ സംശയത്തിന്റെ തിരകളുണ്ടായതും അത് മുഖത്ത് പ്രതിഫലിച്ചതും അലക്സാണ്ടര്‍ കണ്ടു.
‘’ സ്വാമി എന്തിനേയോ ഭയക്കുന്നു.’‘
‘’ എന്ത് ഭയം ? നമുക്ക് ഈശ്വരനെ മാത്രമേ ഭയമുള്ളു അലക്സാണ്ടറേപ്പോലെയുള്ളവരാണ് സദാ ഭയന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍’‘
അലക്സാണ്ടര്‍ ഉച്ചത്തില്‍ ചിരിച്ചു. എന്നിട്ട് പതിയെ പറഞ്ഞു. ‘’ എങ്കില്‍ സ്വാമീ അങ്ങിപ്പോള്‍ ഭയക്കണം ഇതുമൊരു കൊട്ടേഷനാണ്.’‘
സ്വാമിജി മൃദുവായി മന്ദഹസിച്ചു
‘’ നാം ഈ അലക്സാണ്ടറെ ഭയക്കുകയില്ല. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കഥ കേട്ട ഈ അലക്സാണ്ടര്‍ക്ക് മാനസാന്തരം സംഭവിച്ചിരിക്കുമെന്ന് നമുക്കറിയാം നിനക്കത് ചെയ്യാനാവില്ലെന്നും …’‘
( മാനസാന്തരം , കുന്തം ഈ കര്‍മ്മം പൂര്‍ത്തിയാക്കിയാല്‍ അക്കൗണ്ടിലാകുന്നത് 1 മില്യണാണ് . 1 മില്യണ്‍ )
അലക്സാണ്ടര്‍ പതിയെ ചിരിച്ചു.
‘’ അലക്സാണ്ടര്‍ക്ക് എത്രവയസായി?’‘
‘’ഇരുപത്തിയൊന്‍പത്’‘
‘’ നന്നായി. മറ്റേ അലക്സാണ്ടര്‍ക്ക് മാനസാന്തരമുണ്ടായ ഏകദേശ പ്രായം. പണ്ട് അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് യോഗി പറഞ്ഞതു പോലെ ഞാനും പറയുന്നു . നിനക്ക് എന്റെ ശിരസ്സ് ഛേദിച്ച് മുന്നോട്ട് പോകാം എന്നെങ്കിലും ആത്മതത്വം അറിയുന്ന കാലം നീ വരിക ഞാനിവിടെയുണ്ടാകും . പുതിയൊരു രൂപത്തില്‍’‘
( പുളുവടിക്കാതെ സ്വാമി .ആത്മതത്വം . വല്യ നുണ സ്വാമിജി ഇക്കാര്യം വെറുതെ ഫ്ലാഷാക്കണ്ട മറ്റ് സ്വാമിമാര്‍ ആത്മതത്വ വര്‍ദ്ധക യന്ത്രങ്ങളും , ക്ലിനിക്കുകളുമൊക്കെ സ്ഥാപിച്ചു കളയും. ഭക്തര്‍ക്ക് മനസിലാകാത്ത കാര്യങ്ങളാവുമ്പോ അവരും എന്തു വേണമെങ്കിലും ചെയ്യും. എത്ര വേണമെങ്കിലും മുടക്കും ഈ തത്വം നേടാന്‍. )
‘’ അലകാണ്ടര്‍ക്ക് മാനസാന്തരം വന്നിട്ടില്ലെന്നു ആ മുഖഭാവം വ്യക്തമാക്കുന്നു’‘ സ്വാമിജിയുടെ സംസാരത്തില്‍ ഭയം കലര്‍ന്നിരുന്നത് അലക്സാണ്ടററിഞ്ഞു.
‘’അതിരിക്കട്ടെ അലക്സാണ്ടര്‍ , എത്ര രൂപക്കാണ് ഈ ക്വട്ടേഷന്‍ ‘’ സ്വാമിജിയുടെ കൈകളില്‍ പ്രത്യക്ഷപ്പെട്ട ഭസ്മധൂളികള്‍ കയ്യിലെ രേഖകള്‍ക്കൊപ്പം ചെറിയ അടരുകളാവുന്നത് അലക്സാണ്ടര്‍ കണ്ടു.
‘’ ക്ഷമിക്കണം സ്വാമിന്‍ , അതിലും കൂടുതല്‍ തുക പറഞ്ഞ എന്നെ വിലക്കെടുക്കാനാണെങ്കില്‍ നടപ്പില്ല. ഞാനൊരിക്കലും വിശ്വാസവഞ്ചന കാട്ടാറില്ല. മറുകണ്ടം ചാടാറില്ല. ജീവന്‍ കൊടുത്തും ഞങ്ങള്‍ വാക്കിന്റെ വില കാത്തു സൂക്ഷിക്കും . ഞങ്ങള്‍ ഗുണ്ടകള്‍ വിശ്വസിച്ചവരെ ചതിക്കാറില്ല വിശ്വാസം അതല്ലേ എല്ലാം സ്വാമിന്‍’‘ പുച്ഛഭാവത്തോടെയാണ് അലക്സാണ്ടര്‍ നിര്‍ത്തിയത്.
‘’ നന്നായി . അപ്പോള്‍ അലക്സാണ്ടര്‍ യുദ്ധധര്‍മ്മത്തിനും വിലകല്‍പ്പീക്കുന്നുണ്ടാവുമല്ലോ ? നിരായുധനെ വധിക്കരുതെന്നാണ് യുദ്ധധര്‍മ്മം. അതെത്ര കൊടിയ ശത്രുവാണെങ്കില്‍ പോലും. ‘’
‘’ അധികാരവും പണവുമാണ് ഇന്നത്തെ ധര്‍മ്മങ്ങള്‍ എന്ന് അല്‍പ്പം മുന്‍പാണ് സ്വാമി പറഞ്ഞത്. പിന്നെ ധര്‍മ്മാധര്‍മ്മങ്ങളുടെ കണക്കെടുക്കാന്‍ ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമൊന്നുമല്ലല്ലോ? തിന്മയില്‍ ആര്‍ മുന്‍പനാകും എന്നറിയുന്നതിനുള്ള കളി മാത്രമല്ലേ. വിശ്വാസങ്ങളേയും ആചാരങ്ങളേയും അന്ധവിശ്വാസത്തിന്റെ ചോരയില്‍ ചാലിച്ച അധര്‍മ്മക്കളി… അവസാനമായി ഉപദേശം വല്ലതും? ‘’ ക്രൂരമായി ഒന്നു ചിരിച്ച് അലക്സാണ്ടര്‍ ചോദിച്ചു
സ്വാമിജി അചഞ്ചലനായിരുന്നുവെന്ന് ഭാവിച്ചുവെങ്കിലും മരണത്തെ മുഖാമുഖം കണ്ട കണ്ണുകള്‍ കൂടുതല്‍ ചുവന്നു. നെറ്റിയിലെ ഭസ്മം കുതിര്‍ന്ന് വസൂരിപ്പാടുകളായി മാറി.
‘’ ഒന്ന് നീ അറിയുക ശരീരം നശ്വരവും ആത്മാവ് അനശ്വരവുമാണ് ഇന്നത് കൂടുതല്‍ പ്രസക്തമാവുകയാണ് നിനക്ക് നന്മ വരട്ടെ’‘
ഒരു ചെറു പുഞ്ചിരിയോടെ ‘’ അങ്ങയുടെ ആത്മാവ് അനശ്വരമാകട്ടെ ‘’ എന്ന് പറഞ്ഞ് അലക്സാണ്ടര്‍ സ്വാമിജിയെ നമസ്ക്കരിച്ചു. കുനിഞ്ഞു നിന്നുകൊണ്ട് കഠാര വേണോ തോക്ക് വേണോ എന്ന് ചിന്തിച്ച നിമിഷം മാത്രമേ അലക്സാണ്ടര്‍ക്ക് സ്വന്തമായുണ്ടായിരുന്നുള്ളു.
അമേരിക്കന്‍ ഭക്തന്‍ ക്ലാരറ്റില്‍ സമ്മാനിച്ച തിരയൊഴിയാ തോക്കില്‍ നിന്ന് ശബ്ദമില്ലാത്ത ബുള്ളറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി അലക്ണ്ടറുടെ കുനിഞ്ഞ ശിരസ്സിനെ പിളര്‍ത്തി. പുറത്ത് അക്ഷമരായ ഭക്തരുടെ ആരവമുയരുന്നത് സ്വാമിജി അറിഞ്ഞു. തോക്ക് പുലിത്തോലിനടിയില്‍ ഭദ്രമായി വച്ച് മഹാനിദ്രയില്‍ നിന്നുണര്‍ന്ന വണ്ണം വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ അലക്സാണ്ടറുടെ ചോരയില്‍ ചവിട്ടി സ്വാമിജി മുന്നോട്ടു നടന്നു.
Generated from archived content: story2_jan28_12.html Author: j_anil.kumar