”ഇനി ഒരുപാടു ദൂരം പോകാനുണ്ടോ?” – കൃത്യമായ അകലം പാലിച്ചുകൊണ്ട് ശ്യാമള ചോദിക്കുന്നു. ശരീരങ്ങളെ അകറ്റിയിരുത്താനുള്ള രണ്ടുപേരുടേയും ബോധപൂര്‍വമായ ശ്രമങ്ങളെ ബസ്സിന്റെ ക്രമരഹിതമായ ചലനങ്ങള്‍ പലപ്പോഴും തോല്പ്പിക്കുന്നുണ്ടായിരുന്നു.
” ധൃതിയായോ”?- അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
”ധൃതിയോ, എന്തിന്? എത്താറായോ എന്നേ അര്‍ഥമാക്കിയുള്ളു – അവളൊരു പ്രത്യേകഭാവത്തോടെ, രസിക്കാത്ത മട്ടില്‍ മറുപടി പറയുന്നു.
ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ രണ്ടുപേരും മുന്നോട്ടാഞ്ഞതും പരസ്പരം കൈകളില്‍ അറിയാതെ പിടിച്ചതും ഒരുമിച്ചായിരുന്നു . അവളപ്പോള്‍ അയാളെ നോക്കി മെല്ലെ ചിരിച്ചു. ആ ചിരിക്ക് എന്തൊക്കെയോ അര്‍ ഥങ്ങളുണ്ടെന്ന് അയാള്‍ക്ക് തോന്നി. ശ്യാമളയെ തീരെ മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് അന്ന് കണ്ടപ്പോള്‍ തന്നെ ചിന്തിച്ചതാണ്. എല്ലാം മനസിലാക്കാന്‍ കഴിഞ്ഞിരുന്ന കാലത്തുനിന്ന് ഒന്നും മനസിലാകാത്ത കാലത്തിലേക്ക് ഒരുപാടു ദൂരമുണ്ടല്ലോ?
അവളുടെ സന്തോഷത്തിനായി അന്ന് എതൊക്കെയാണ് ചെയ്തിട്ടുള്ളത്. ഓര്‍ക്കുമ്പോള്‍ തമാശ തോന്നുന്നു. അവളുടെ സന്തോഷം അതു മാത്രമായിരുന്നു അയാളുടെ ജീവിത ലക്ഷ്യം.
വിശാലമായ വയലുകള്‍ നിറഞ്ഞ മനോഹരമായ പ്രദേശത്തുകൂടിയാണ് ബസ്സപ്പോള്‍ ഓടിക്കൊണ്ടിരുന്നത്. കാറ്റിന്റെ വേഗം തടയാനെന്നവണ്ണം ശ്യാമള ഷട്ടര്‍ താഴ്ത്തിയിടാന്‍ ശ്രമിച്ചപ്പോള്‍ അവളെ സഹായിച്ചു. ശരീരങ്ങള്‍ പരസ്പരം ചേരുന്നത് ഒരു പ്രത്യേക രസത്തോടെ അയാളറിഞ്ഞു. പിന്നീട് കുറച്ചു കൂടി സ്വതന്ത്ര്യത്തോടെ ചേര്‍ന്നിരുന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അവള്‍ക്കു മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ ചോദിച്ചു
” എന്നെ ഓര്‍ക്കാറുണ്ടായിരുന്നോ?”
അല്പ്പനേരം എന്തോ ആലോചിച്ച ശേഷം അവള്‍ പതിയെ പറഞ്ഞു തുടങ്ങി.
“ഇല്ല മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും പറയരുതല്ലോ? വെറുതെ സന്തോഷിപ്പിക്കുവാനായിട്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ഓര്‍ത്തിരുന്നില്ല. കല്യാണം കഴിഞ്ഞ് കുറച്ചു നാളേക്ക് നമ്മടെ കാര്യമൊക്കെ ചിന്തിക്കാറുണ്ടായിരുന്നു.പിന്നെ….” എന്താ വിളിക്കേണ്ടതെന്ന് ഓര്‍ത്താവും അവള്‍ അല്പ്പനിമിഷം ഒന്നും മിണ്ടിയില്ല.
”….. നിങ്ങളുടെ കല്യാണമൊക്കെ കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. പിന്നീട് ഓര്‍മ്മിച്ചോ? ഇല്ലെന്ന് തന്നെ പറയാം. കുട്ടികള്‍, അവരുടെ പഠിത്തം ചന്ദ്രേട്ടന്റെ അസുഖം, മരണം ,മരണത്തെ തുടര്‍ന്ന് എന്റെ ഉത്തരവാദിത്വം കൂടി. ചന്ദ്രേട്ടന്‍ മരിച്ച് അധികം വയ്കാതെ മൂത്തോളുടെ വിവാഹം. സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലോ? എല്ലാം ഒറ്റെക്ക് ചെയ്യേണ്ടി വന്നു. അവള്‍ കാണാന്‍ നല്ലതാരുന്നോണ്ട് ഒരു നല്ല ആലോചന ഒത്തു വന്നു. നാട്ടില് എന്റെ വിഹിതം പത്തു സെന്റുണ്ടായിരുന്നത് ഗിരീശന് കൊടുത്തു. ഗിരീശനെ അറിയില്ലേ? ആ നിങ്ങള് കൂട്ടുകാരായിരുന്നല്ലോ.
രണ്ടാമത്തോളുടേത് ഇഷ്ടക്കല്യാണമായിരുന്നു. വീടിനടുത്തുള്ള ഒരു ബസ് കണ്ടക്ടറ് ആദ്യം കുഴപ്പമില്ലായിരുന്നു. പിന്നെ ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങള്‍. അതു വേണ്ടായിരുന്നുവെന്ന് പിന്നീട് അവള്‍ക്ക് തോന്നിക്കാണും . ആ ബന്ധത്തെ കുറേക്കൂടി ശക്തമായി ഞാന്‍ എതിര്‍ത്തിരുന്നെങ്കില്‍ അത് നടക്കില്ലായിരുന്നുവെന്ന് എനിക്കും തോന്നി. അപ്പോഴേക്കും വൈകി പോയിരുന്നു. മൂത്തവള്‍ക്ക് വേണമെങ്കില്‍ എന്നെ സഹായിക്കാനാകും. ഞാന്‍ പക്ഷെ ഒന്നിനും പോകാറില്ല. അവളായി അവടെ പാടായി…” അത്രയും പറഞ്ഞിട്ട് അവള്‍ അയാളുടെ പ്രതികരണം കാത്തെന്ന പോലെ മിണ്ടാതിരുന്നു. കഴിഞ്ഞ തവണ കണ്ട്പ്പോഴോ ഇപ്പോഴോ അയാളുടെ ഭാര്യയേക്കുറിച്ചോ മക്കളെക്കുറിച്ചോ ഒന്നും ചോദിച്ചില്ലല്ലോ എന്ന് വിഷമത്തോടെ ഓര്‍ത്തു. പണ്ടൊന്നുമവള്‍ ഇങ്ങനെയായിരുനില്ല. അയാളുടെ പരീക്ഷകളും ജോലിയും ആരോഗ്യവുമൊക്കെയായിരുന്നു അവളുടെ പ്രാര്‍ഥനകളിലെ പ്രധാന ആവശ്യങ്ങള്‍. അയാള്‍ക്കു വേണ്ടി അവള്‍ ഉപവസിക്കുകയും നോമ്പുനോല്‍ക്കുകയും നേര്‍ച്ച നേരുകയും ചെയ്യുമായിരുന്നു. മകളോടൊപ്പം വിദേശത്തുകഴിയുന്ന ഭാര്യയേക്കുറിച്ചോ തിരക്കുകളേറേയുള്ള മക്കളെകുറിച്ചോ ഒന്നും അവളോട് പറയേണ്ട്ന്ന് അയാളുറപ്പിച്ചു. അല്ലെങ്കിലും സ്വന്തം ജീവിതം തനിക്കു തന്നെ മനസിലാവാത്ത ഏതോ ഇടങ്ങളിലൂടെ ചലിക്കുമ്പോള്‍ ആരുമല്ലാത്തവര്‍ അവിടേക്കുള്ള വഴി ചോദിക്കേണ്ട ആവശ്യമില്ലല്ലോ?
” ഓര്‍മ്മിക്കാന്‍ എന്തൊക്കെയുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഞാന്‍ എല്ലാം മറന്നു പോയിരുന്നു. അന്നു നാട്ടിലെ കല്യാണത്തിന് കണ്ടേപ്പിന്നാ ഞാനാ ഓര്‍മ്മയ്ടെ താളുകളൊക്കെ മറിച്ചത്. കഷ്ടപ്പാടിന്റെ കണ്ണീര്‍പടര്‍ന്നാവും പല പേജിലും അക്ഷരങ്ങളൊക്കെ മാഞ്ഞുതുടങ്ങിയിരുന്നു കേട്ടോ…”
മുന്നിലെ സ്വയം സ്രഷ്ടിച്ച ശൂന്യതയിലേക്കെന്ന വണ്ണം കണ്ണുകള്‍ പായിച്ചുകൊണ്ട് ശ്യാമള പറയുന്നു.
” ഇപ്പോഴും ഡയറി എഴുതുന്ന ശീലമുണ്ടോ?അന്നത്തേപ്പോലെ. അതുകൊണ്ടാകും നിങ്ങടെ ഓര്‍മ്മകള്‍ക്കിത്ര…..”
പലതും മറന്നു പോയെങ്കിലും ചില ചിത്രങ്ങള്‍ ഡയറിയിലെഴുതാതെ തന്നെ മനസ്സില്‍ മായാത്ത അക്ഷരങ്ങളായി പടര്‍ന്നു കിടക്കുമെന്ന് അവള്‍ക്കറിയില്ല.
” ഈയിടെയായി വല്ലാത്ത മറവിയാ എനിക്ക്. ഒന്നോര്‍ത്താ അതൊരു നല്ല കാര്യം.”- ബസ്സിന്റെ ശബ്ദത്തില്‍ പിന്നീട് അവള്‍ പറഞ്ഞതെന്തെന്ന് അയാള്‍ കേട്ടില്ല. അതിന്റെ തുടര്‍ച്ച പോലെ , ” അന്നു നിങ്ങളെ എന്തായിരുന്നു വിളിച്ചിരുന്നത്. എനിക്കോര്‍മ്മയില്ല.”
പക്ഷെ എനിക്കോര്‍മ്മയുണ്ട്.
അന്ന് ഞാന്‍ നിന്നെ വിളിച്ചിരുന്നത് നിന്റെ പേരായിരുന്നില്ല. നീയെന്നെ വിളിച്ചിരുന്നത് എന്റെ പേരിനൊപ്പം ‘ഏട്ടാ’ എന്ന് ചേര്‍ത്തായിരുന്നു. ശ്യാമളയുടെ നിങ്ങള്‍ വിളി ആദ്യമേ ഇഷ്ടപ്പെട്ടിരുന്നില്ല. അപ്പോള്‍തന്നെ പറയണമെന്ന് വിചാരിച്ചിരുന്നതുമാണ് എന്തുകൊണ്ടോ ധൈര്യമുണ്ടായില്ല.
പതിയെ അവള്‍ക്കു മാത്രം കേള്‍ക്കാവുന ശബ്ദത്തില്‍ അയാള്‍ പറയാന്‍ തുടങ്ങി-
”പണ്ട് ജാതകത്തിലൊന്നും എനിക്കു വിശ്വാസമില്ലായിരുന്നു. പിന്നീട് മനസ്സിലായി അതിലൊക്കെ കുറച്ച് സത്യമുണ്ടെന്ന്. മോഹിച്ചതൊന്നും കിട്ടിയിട്ടില്ലെന്നു പറയാം.
പണ്ട് വാനപ്രസ്ഥം വായിച്ചതില്‍ പിന്നെയാ നമ്മളിങ്ങനെയൊരു യാത്ര പോകുന്നത് സ്വപ്നം കണ്ടു തുടങ്ങിയത്. അതു സാധിക്കുമെന്ന് ചിന്തിച്ചതേയില്ല. വാനപ്രസ്ഥം വായിച്ചിട്ടുണ്ടോ?
” ഇല്ല സിനിമ കണ്ടിട്ടുണ്ട് മോഹന്‍ലാലിന്റെ.”
” അതല്ല. വാനപ്രസ്ഥം സിനിമയാത് തീര്‍ത്ഥാടനം എന്ന പേരിലാണ്. കണ്ടിരിക്കാന്‍ വഴിയില്ല.അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ഇതാണ് ആദ്യമായി സഫലമായ എന്റെ ഒരു വലിയ ആഗ്രഹം. ”
അവള്‍ ചെറുതായി ചിരിച്ചു. അവളുടെ ചിരിക്ക് പഴയ കാലത്തെ മനോഹാരിതയില്ലെന്ന് ആദ്യമെ തോന്നിയിരുന്നു.
വാനപ്രസ്ഥം വായിച്ചതില്‍ പിന്നെയാണ് ഇങ്ങനെ ഒരു യാത്ര സ്വപ്നം കണ്ടത്. കൂടെയുണ്ടാകേണ്ടത് അവളാകണമെന്നും അന്നേ ഉറപ്പിച്ചു.
ബസ്സപ്പോള്‍ വേഗം കുറച്ച് ഒരു വഴിയോര ഹോട്ടലും ഒന്നു രണ്ടു തട്ടുകടകളുമുള്ള സ്ഥലത്തേക്ക് ഒതുക്കിയിട്ടു.
”വിശക്കുന്നുണ്ടോ?”
”വിശപ്പുണ്ട്. പക്ഷെ ഇപ്പോഴൊന്നും വേണ്ട്”
പുറത്തിറങ്ങി അവള്‍ക്കുവേണ്ടി ചെറുപഴങ്ങളും അരക്കിലോ ഓറഞ്ചും വാങ്ങി. ഒരു സോഡാനാരങ്ങാവെള്ളവും കുടിച്ച് അയാള്‍ തിരികെയെത്തി. അവള്‍ ഓറഞ്ച് പൊളിച്ച് അല്ലിക്കു പുറത്തുള്ള നാരുകള്‍ ശ്രദ്ധയോടെ നീക്കി രണ്ടായി പകുത്തിട്ട് ഒരു പകുതി അയാള്‍ക്ക് നേരെ നീട്ടി. സന്തോഷത്തോടെ വാങ്ങികഴിച്ചപ്പോള്‍ പഴയകാലസ്മരണകള്‍ അയാളെ ഉത്തേജിതനാക്കി. യാത്രക്കാര്‍ ഓരോരുത്തരായി തിരിച്ചു വന്നു കൊണ്ടിരുന്നു.
പരിചയക്കാരാരും ബസ്സിലില്ലന്ന് പൂര്‍ണ്ണമായും ഉറപ്പായത് അതിനു ശേഷമായിരുന്നു. ചെറിയ ഒരു ഭയം അയാളിലുണ്ടായിരുന്നുവെങ്കിലും ശ്യാമളയില്‍ അങ്ങിനെയൊരു ചിന്തയേ ഇല്ലെന്ന് തോന്നി.
ചുരുങ്ങിയ ദൂരമേ അയാള്‍ ഹോട്ടല്‍ ബുക്കുചെയ്തിടത്തേക്കുള്ളുവെന്ന് ബസ്സിലെ സഹായിയായ ചെറുപ്പക്കാരന്‍ പറഞ്ഞു.
ബസ്സ് പുറപ്പെട്ടപ്പോഴേക്കും ശ്യാമള അയാളെച്ചാരി ഉറങ്ങാന്‍ തുടങ്ങി. ഏതോ ആത്മവിശ്വാസത്തിന്റെ കരുത്തോടെ പിറകിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് അമര്‍ത്തിപ്പിടിച്ചു. അവളാകട്ടെ ഉറക്കത്തിലായിരുന്നിട്ടും അയാളുടെ നെഞ്ചിലേക്ക് കൂടുതല്‍ അടുത്തു.
അയാളപ്പോള്‍ കരുണാകരന്‍ മാഷായി. തളര്‍ന്ന ശരീരമായിട്ടും തളരാത്ത വളര്‍ത്തു മൃഗം പഴയ സ്വപ്നങ്ങളുടെ പൊന്തക്കാടുകളില്‍ ഇര തേടിനടക്കുന്നതും വീണ്ടും കൂട്ടില്‍ കയറുന്നതും അയാളറിഞ്ഞു. താനൊരിക്കലും കരുണാകരന്‍ മാഷിനേപ്പോലെ വിഡ്ഡിയാകില്ലെന്നും തെല്ലഹങ്കാരത്തോടെ അയാളോര്‍ത്തു.
രണ്ടാഴ്ച്ചയായി കൃത്യമായി കഴിക്കുന്ന വാജീകരണ ഔഷധങ്ങളും, പെട്ടിയിലുള്ള മുസ്ലി പവര്‍ എക്സ്ട്രായുമൊക്കെ അയാളുടെ ഓര്‍മ്മയിലെത്തി. ഒരാത്മസംതൃപ്തിയുടെ നിറചിരി ത്ന്റെ ചുണ്ടുകളിലുണ്ടായത് അയാളറിഞ്ഞു. അവളും ഉറക്കത്തിലും സംതൃപ്തിയോടെ മന്ദഹസിച്ചെന്ന് അയാള്‍ക്ക് തോന്നി.
ബസ്സ് നിര്‍ത്തിയപ്പോള്‍ അവര്‍ ധൃതിയില്‍ എഴുന്നേറ്റു. അധികം യാത്രക്കാര്‍ ഇറങ്ങാനുണ്ടായിരുന്നില്ല. ബസ്സിനു സമീപത്തായി ടാക്സിക്കാരും ഓട്ടോറിക്ഷക്കാരും മലയാളത്തിലും ഇംഗ്ലിഷിലും തമിഴിലുമൊക്കെ മാറി മാറി ക്യാന്‍ വാസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇംഗ്ലിഷില്‍ ഗംഗ എന്നെഴുതിയ ഓട്ടോറിക്ഷയില്‍ കയറി ബുക്ക് ചെയ്ത ഹോട്ടലിന്റെ പേരു പറഞ്ഞു. അയാളോടൊപ്പം ചേര്‍ന്നിരുന്ന് പുറത്തെ വിസ്മയക്കാഴ്ച്ചകള്‍ ഒപ്പിയെടുക്കുകയായിരുന്നു ശ്യാമള.
ഹോട്ടലില്‍ കംമ്പ്യൂട്ടറില്‍ പേരു ചേര്‍ത്ത് കഴിഞ്ഞ് കീ വാങ്ങുമ്പോള്‍ ഊണു കിട്ടുമോ എന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. അടുത്തുതന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുണ്ടെന്ന് റിസെപ്ഷനിസ്റ്റ്. അയാളെച്ചാരി ഭാര്യയുടെ സ്വാതന്ത്യത്തോടെ അവള്‍ നിന്നിരുന്നു.
മുറിയിലെത്തി. ആഡ്ഡംബര മുറി. ശ്യാമള അത്ഭുതത്തോടെ മുറിയിലാകെ കണ്ണോടിച്ചു. ശേഷം ആരാധനയോടെ അയാളെ നോക്കി.
” ഇവിടെ വല്യ പൈസയാകില്ലേ”?
” അതിനെന്താ”
”അല്ല ചോദിച്ചതാ”
”വിശക്കുന്നില്ലേ?”
”നല്ല വിശപ്പുണ്ട്. പക്ഷെ യാത്രയൊക്കെ ചെയ്തിട്ട് കുളിക്കാതെ കഴിക്കാന്‍ എനിക്കിഷ്ടമില്ല. നിങ്ങള്‍ക്ക് വിശക്കുന്നില്ലെ .ഒരു കാര്യം ചെയ്യു കഴിച്ചിട്ട് എനിക്കുള്ളത് വാങ്ങിയാമതി അല്ലേ രണ്ടുപേര്‍ക്കും പാഴ്സല്‍ വാങ്ങി വാ നമുക്കൊരുമിച്ചു കഴിക്കാമല്ലോ?”
ഒടുവില്‍ അവള്‍ പറഞ്ഞത് അയാളെ സന്തോഷിപ്പിച്ചു.
”എന്താ വേണ്ടത്”
”എന്തായാലും മതി .നിങ്ങടെ ഇഷ്ടം”
”എങ്കി ഫ്രഷാക്. ഞാന്‍ വാങ്ങി വരാം”
പുതിയ ഉണര്‍വോടേ കുറേ നേരമായി മനസിനെ ഉപദ്രവിക്കുന്ന ചോദ്യം തിരിഞ്ഞുനിന്നുകൊണ്ട് അവളോട് ചോദിച്ചു.
” ഒന്നു ചോദിച്ചോട്ടെ എന്തു ധൈര്യത്തിലാ എന്നോടൊപ്പം വരാന്‍ തീരുമാനിച്ചത്”
”അതോ അത്..മറ്റാരോടൊപ്പവും അല്ലല്ലൊ? പണ്ടേ പരിചയമുള്ള ,എന്നെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്ത ആളല്ലേ”
” ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവള്‍ തുടര്‍ന്നു.
” അറിയാമല്ലോ മക്കടെ കല്യാണമൊക്കെ കഴിഞ്ഞ് ശരിക്കും ബുദ്ധിമുട്ടിയിരിക്കുകയായിരുന്നു. കാര്യങ്ങളെല്ലാം ഞാന്‍ പറഞ്ഞില്ലേ അപ്പഴാ അന്നു നിങ്ങള്‍ അന്നു കണ്ടതും, പിന്നീട് വിളിച്ചതുമൊക്കെ”
മുറിയാകെ ഒന്നു കൂടി നോക്കിയ ശേഷം അവള്‍ ചോദിച്ചു
”ഇതിതിനെത്രയാ വാടക ?”
”അതൊക്കെ ശ്യാമ വിട്ടേക്ക്”
” പിന്നെ പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്. എന്റെ ബുദ്ധിമുട്ടുകൊണ്ടാണെന്നു കരുതിയാമതി എനിക്കൊരു പതിനായിരം രൂപ ആവശ്യമുണ്ട്. ദിവസം ആയിരം വച്ച് തന്നാല്‍ മതി.പത്തോ പന്ത്രണ്ടോ ദിവസം നമുക്കിവിടെ നിക്കാം. ”
കേട്ടെതെന്തെന്ന് വിശ്വസിക്കാനാകാതെ തരിച്ചു നിന്ന അയാളെ ശ്രദ്ധയോടെ നോക്കി അവള്‍ പറയുന്നു.
”പിന്നെ ഇടക്ക് എന്നെ ഇങ്ങനെ കാണണമെന്നു തോന്നുമ്പോള്‍ വിളിച്ചോളു .ഞാന്‍ വരാം. എനിക്കൊരു വിഷമോം ഇല്ല”
എന്തു മറുപടി പറയണമെന്നറിയാതെ നിശബ്ദനായി നിന്ന അയാള്‍, പൊടുന്നനെ സകല അവേശവും നഷ്ടപ്പെട്ട ഒരു പടു വൃദ്ധനായി.
” ആ, ഒരു കാര്യം മറന്നു .എന്റെ ഗുളിക എടുക്കാന്‍ മറന്നുപോയി. വേണ്ട് നിങ്ങളോടെന്തിനാ കള്ളം പറയുന്നേ.
ഒരാഴ്ചയായി ഗുളിക തീര്‍ന്നിട്ട്. പ്രെഷറുണ്ടേ വര്‍ഷങ്ങളായിട്ട്. തിന്നിട്ടും കുടിച്ചിട്ടുമൊന്നുമല്ല. ഭാരം താങ്ങിതാങ്ങിയാകും ‘ബെറ്റലോക് 50 mg’ ഒരു പത്തെണ്ണം വാങ്ങിക്കോളു അല്ലേ ഒരു മുപ്പതെണ്ണം. ഒരു മാസത്തേക്കാവും വരുമ്പോഴേക്കും ഞാന്‍ കുളിച്ച് റെഡിയാകാം മറക്കണ്ട് ബെറ്റാലോക്ക്50 mg.”
സ്തബ്ദനായ അയാളെ സ്നേഹത്തോടെ തള്ളി പുറത്താക്കി അവള്‍ വാതില്‍ അടച്ചപ്പോള്‍,തനിക്കു തന്നെ മനസിലാകാത്ത എന്തൊക്കെയോ വാക്കുകള്‍ പിറുപിറുത്തു കൊണ്ട് അയാള്‍ സാവധാനം ലിഫ്റ്റിനടുത്തേക്ക് നടന്നു.
മെല്ലെ പുതിയ അറിവുകള്‍ നല്‍കിയ രക്തസമ്മര്‍ദ്ദത്തെ ശമിപ്പിക്കാനെന്ന വണ്ണം അയാള്‍ നിരാശയോടെയോ, അതു നല്‍കിയ വേപഥുവോടെയോ ഉച്ചത്തില്‍ പറഞ്ഞു:
‘ബെറ്റാലോക് 50 mg’
Generated from archived content: story2_aug18_11.html Author: j_anil.kumar
Click this button or press Ctrl+G to toggle between Malayalam and English