തന്റെ തലവര മാറ്റി എഴുതിക്കുവാനാണ് സ്വന്തമായുണ്ടായിരുന്ന ആറരസെന്റ് പറമ്പും ഓടിട്ട വീടും മറ്റ് സ്‌ഥാവര ജംഗമ വസ്‌തുവകകളും വിറ്റ്, പ്രശസ്‌ത ജ്യോത്സ്യനും സകലമാന ആധി – വ്യാധികളെ മാറ്റുന്നവനുമായ കൈലാസപണിക്കരുടെ മുന്നിൽ പുതുക്കുടി കണ്ണൻ മകൻ രാഘവൻ എത്തിയത്. ആരുടെ തലവര വേണം? പണിക്കരുടെ ചോദ്യം. നേരത്തേ മനസ്സിലുറപ്പിക്കുന്നവരിൽ ചിലർ; മമ്മൂട്ടി, മോഹൻലാൽ, സച്ചിൻ ടെണ്ടുൽക്കർ, വിജയ്, മല്യ, മുകേഷ് അംബാനി (കുറഞ്ഞപക്ഷം അനിൽ അംബാനി), ശതകോടിശ്വരൻമാരായ ചില എം.പി.മാർ, മന്ത്രിമാർ, ബ്രൂണെയിലെ സുൽത്താൻ, വാറൽ ബുഫെ, ബിൽ ഗേറ്റ്‌സ്…. ചില ആൾദൈവങ്ങളുടെ പേരും തമാശയ്‌ക്ക് മനസ്സിൽ ഓർമ്മവന്നെങ്കിലും പൊടുന്നനെ പറഞ്ഞു.
ബ്രൂണെയിലെ സുൽത്താന്റെ –
കൈലാസ പണിക്കരുടെ മുഖത്തൊരു പുച്ഛവര തെളിഞ്ഞു.
ഇത്ര ചെറിയ തുകയ്‌ക്കോ? ഒരു അനിൽ അംബാനിവരെ പോകാം. അതിനപ്പുറം പറ്റില്ല.
ഇനി ഒന്നും വിൽക്കാനില്ല.
ഭാര്യ?
ഉണ്ട്
സുന്ദരിയാണോ?
അതെ
പണയം വയ്‌ക്കാമല്ലോ?
രണ്ടു പെറ്റതാണ്.
എങ്കിൽ വിൽക്കേണ്ടി വരും.
വിറ്റിരിക്കുന്നു. ബ്രൂണയിലെ സുൽത്താനെപ്പോലെയാകുമ്പോൾ അവളൊരു ബാധ്യതയാകും. ഒഴിഞ്ഞു പോകട്ടെ. പ്രേമിച്ചു കെട്ടിയതാണ്. കെട്ടും മുൻപ് നാലഞ്ചു കൊല്ലം പ്രണയ പനിക്കാരനായിരുന്നു. ഈയിടെയായി ആ കനലൊക്കെ പുകയാൻ തുടങ്ങിയിട്ടുമുണ്ട്. ഇപ്പോഴാണ് രണ്ടുപേർക്കും ജാതി, സാമ്പത്തികം, സൗന്ദര്യം ഇത്യാദി കാര്യങ്ങളൊക്കെ ആലോചിക്കാൻ നേരം കിട്ടിയത്. ബ്രൂണെയിലെ സുൽത്താന്റെ തലവര നെറ്റിയിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത്, കളർ പ്രിന്റെടുത്ത്, ക്ലോൺ ചെയ്‌തു പുതുക്കുടി.കെ.രാഘവനെന്ന പി.കെ.ആറിന്റെ തലവരയ്‌ക്ക് പകരം വച്ചു.
സന്തോഷത്തോടെ പുതിയ തലവരയുമായി അയാൾ ബിവറേജ്‌വുഡ് കോർപറേഷന്റെ ഔട്ട്‌ലെറ്റിന് മുന്നിലെ ക്യൂവിനെ പുച്ഛിച്ച് തള്ളി പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിലേയ്‌ക്ക് 2010 മോഡൽ ഇംപോർട്ട്‌സ് കാർ പറപ്പിക്കുവാൻ ഡ്രൈവർക്ക് നിർദ്ദേശം നല്‌കി.
Generated from archived content: story1_july15_10.html Author: j_anil.kumar
Click this button or press Ctrl+G to toggle between Malayalam and English