ഹൃദയത്തിലേയ്‌ക്കു തുറക്കുന്ന വാതിൽ

ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ നഗരം ചൂടുപിടിച്ചുവരുന്നതേ ഉണ്ടായിരുന്നുളളൂ. ചരിത്രത്തിന്റെ ആലസ്യവുമായി നിരത്തുകൾ വിളറികിടക്കുന്നത്‌ കാറിന്റെ സൈഡ്‌ഗ്ലാസിലൂടെ ഞാൻ നോക്കിയിരുന്നു. നഗരങ്ങൾ പലപ്പോഴും ക്രമാനുഗതമായിട്ടല്ല വളരുന്നത്‌. ചില ഇടങ്ങൾ പെട്ടന്നും, ചിലയിടങ്ങൾ മുരടിച്ചും വളരുന്നതിനാൽ യൗവനത്തിൽ തന്നെ അവ വികൃതമാക്കപ്പെടുന്നു, എന്നു ഞാൻ ഓർത്തു. പിന്നിലേക്കു പായുന്ന പുളിമരങ്ങളും, വേപ്പും, ഞാവൽമരങ്ങളും ചൂടുപിടിച്ച നഗരത്തിലേയ്‌ക്കു കുളിർക്കാറ്റു വീശാൻ പാകത്തിൽ നിന്നു.

കാറിൽ എന്നെ കൂടാതെ ഡോളി ബിസ്വാസ്‌ എന്ന ഫോട്ടോഗ്രാഫറും, രോഹിണി അഗർവാൾ എന്ന റിപ്പോർട്ടറുമാണ്‌ ഉണ്ടായിരുന്നത്‌. ഒരാൾ ബ്രഹ്‌മപുത്രയുടെ തീരത്തുനിന്നും, മറ്റയാൾ ദുഷിച്ചു തുടങ്ങിയ യമുനയുടെ തീരത്തുനിന്നും ഉളളവർ. ഞാനാകട്ടെ പമ്പാനദിയുടെ വിശുദ്ധമായ തീരക്കാറ്റു നുണഞ്ഞവൻ. ഇരുപതു വർഷമായി പമ്പ കണ്ടിട്ടെങ്കിലും ഓർമയുടെ തണുപ്പും ആഹ്ലാദവുമായി അതിപ്പോഴും ഒഴുകുന്നുണ്ട്‌. ഇങ്ങനെ നദിയുടെ ആദിമമായ സൗഹൃദം കൊണ്ടാവാം, എന്റെ പ്രധാന അസൈൻമെന്റുകളിലൊക്കെ ഡോളിയും, രോഹിണിയും പങ്കുചേരും.

ദില്ലി-ആഗ്ര ഹൈവേയുടെ ധാരാളിത്തം പിന്നിട്ട്‌ കാർ ഹരിയാനയിലെ സംസ്ഥാന ഹൈവേയിലേക്കു കയറി. ഒപ്പം പൊടിനിറഞ്ഞ ചൂടുകാറ്റും. ഹരിയാനയിലെ പൽവൻ ജില്ലയിൽ ഏതോ വിദേശകുത്തകയ്‌ക്കു അനുവദിച്ച ഐ.ടി.പാർക്കിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട സ്വാമികാ എന്ന ഗ്രാമത്തിലെ ഗ്രാമീണരുടെ വേദനയെകുറിച്ചൊരു ഞായർ ഫീച്ചറായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം. ഷെഡ്യൂൾ അനുസരിച്ച്‌ മെയ്‌മാസത്തിലെ രണ്ടാം ഞായറാഴ്‌ച മൾട്ടികളറിൽ ഗ്രാമീണ വേദന തിളങ്ങണം. അതായിരുന്നു ഫീച്ചർ എഡിറ്ററുടെ നിർദ്ദേശം.

ദില്ലിയിൽ നിന്ന്‌ യാത്ര തുടങ്ങിയിട്ട്‌ ഇപ്പോൾ ഒന്നര മണിക്കൂർ. ഈ നേരമത്രയും സംസാരിച്ചുകൊണ്ടിരുന്നവൾ രോഹിണി അഗർവാൾ. അവൾ അങ്ങനെയാണ്‌ ഒരു ഇംഗ്ലീഷ്‌ ഹൊറർ ചിത്രം പോലെയാണ്‌ ജീവിതവും, പ്രവർത്തികളും. എപ്പോഴും ഉച്ചത്തിൽ സംസാരിയ്‌ക്കും. പരിചയപ്പെട്ട കാലം മുതൽ എന്നോട്‌ എന്തോ ഒരു പ്രത്യേകത തോന്നിയതിനാലാവാം ഞാൻ അടുത്തുണ്ടെങ്കിൽ ഒരു ഷാർപ്പ്‌ ഷൂട്ടറെപോലെ സംസാരിക്കും…. വെറുതെ ഒരു മൂളൽ, ചെറുചിരി, ചില സന്ദേശചിഹ്‌നങ്ങൾ….. ഇങ്ങനെ പ്രതികരണത്തിന്റെ ഒരു അന്തരീക്ഷം നാം കാത്തു സൂക്ഷിച്ചാൽ മതി, രോഹിണി സംസാരിച്ചുകൊണ്ടിരുന്നുകൊളളും.

യാത്രയിലൂടനീളം അവൾ പറഞ്ഞത്‌ അവൾ വെറുക്കുന്ന അവളുടെ ഭർത്താവിനെ കുറിച്ചായിരുന്നു. അയാളുടെ എപ്പോഴും പൊളിഞ്ഞുപോകുന്ന ഗാർമെന്റ്‌ ബിസിനസ്‌. അതിന്റെ കാരണവും അവൾക്കറിയാം. ഇടയ്‌ക്കിടെ ബിസിനസിനെ ഇടവഴിയിൽ അലയാൻ വിട്ടിട്ട്‌ അയാൾ തീയറ്റർ ആർട്ടിസ്‌റ്റാകാൻ പോകും. അയാൾ നല്ല അഭിനേതാവായിരുന്നു. ഒന്നു രണ്ടു തവണ സജ്ജയ്‌ അഗർവാളെന്ന അയാളുടെ പെർഫോമൻസ്‌ ഞാൻ കണ്ടിട്ടുണ്ട്‌. ഒന്ന്‌ കാലിഗുല എന്ന നാടകത്തിന്റെ ഹിന്ദി ആവിഷ്‌ക്കാരമായിരുന്നു. മറ്റൊന്ന്‌ ഒഥല്ലോ. അതിൽ അതിമനോഹരമായിരുന്നു അയാളുടെ ഒഥല്ലോ വേഷം. രണ്ടും കണ്ടത്‌ ഇന്ദിരാഗാന്ധി ആർട്ട്‌ ഗാലറിയുടെ ആഡിറ്റോറിയത്തിൽ വെച്ച്‌.

പത്രത്തിൽ ട്രെയിനിയായ ചേർന്നപ്പോൾ ആർട്‌സ്‌ പേജിനു വേണ്ടി നാടകം റിപ്പോർട്ടു ചെയ്യാൻ പോയപ്പോഴാണ്‌ രോഹിണി അയാളെ പരിചയപ്പെടുന്നത്‌. അയാളെക്കുറിച്ചുളള അവളുടെ റിപ്പോർട്ടുകൾ മനോഹരമായിരുന്നു. ജോലി സ്ഥിരത നേടാൻ ഹൃദയത്തിന്റെ ആ ഭാഷ അവളെ സഹായിച്ചു. അന്നൊക്കെ രോഹിണി, സജ്ജയ്‌ അഗർവാളിന്റെ ഗുണങ്ങളെക്കുറിച്ചും, നാടകത്തെകുറിച്ചുമായിരുന്നു വാചാലയായത്‌. ഒടുവിൽ ദില്ലി മഞ്ഞിൽ നനഞ്ഞു നിന്ന ഒരു ഡിസംബറിലെ തിങ്കളാഴ്‌ചയിൽ എന്നെയും, എഡിറ്റോറിയൽ ഡസ്‌ക്കിലെ തമിഴനായ വേൽമുരുകനേയും സാക്ഷിനിർത്തി, രോഹിണി, സജ്ജയ്‌ അഗർവാളിന്റെ ഭാര്യയായി. വെറുമൊരു അനൗദ്യോഗിക ചടങ്ങ്‌. ധാരിയാഗഞ്ചിലെ ഒരു പഴയ കെട്ടിടത്തിൽ അവർ ജീവിതം ആസ്വദിച്ചപ്പോൾ ഞങ്ങൾ സന്തോഷിച്ചു. വിവാഹസമ്മാനം എന്നപോലെ മാനേജ്‌മെന്റ്‌ അവൾക്ക്‌ ഉദ്യോഗക്കയറ്റം നൽകി. എന്റെ ജൂനിയറായ സിറ്റി റിപ്പോർട്ടറാക്കി കൊടുത്തു. സജ്ജയ്‌ ആകട്ടെ നാടകം കൊണ്ടു ദില്ലിപോലൊരു നഗരത്തിൽ ജീവിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കി ഗാർമെന്റ്‌സ്‌ എക്‌സ്‌പോർട്ട്‌ ബിസിനസിലേക്കു തിരിഞ്ഞു. ശുഭപര്യവസായി ആകേണ്ട കഥ. പക്ഷേ ദില്ലിയിലെ കാലാവസ്ഥാവ്യതിയാനം പോലെ ചൂടും, തണുപ്പുമായി അവർ മല്ലിടുകയായിരുന്നു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി.

കാർയാത്രയിൽ ഹൃദയചിന്തകൾക്കു സ്പർശനീയത അനുഭവപ്പെടുന്നു. ഇപ്പോൾ ഞങ്ങൾ ഗ്രാമത്തിന്റെ നൈസർഗീകമായ ഗോതമ്പുവയലുകൾക്കു നടുവിലൂടെ യാത്ര ആരംഭിച്ചിരുന്നു. കാഴ്‌ചയുടെ അതിരുകൾക്ക്‌ അപ്പുറത്തേക്കു നീളുന്ന വയലിന്റെ വന്യത, പച്ചപ്പ്‌. ഗോതമ്പു ചെടികളുടെ പൊൻതലപ്പുകൾക്കു മീതെകൂടി പ്രതിഷേധത്തിന്റെയും, സങ്കടങ്ങളുടേതുമായ ഒരു ഗ്രാമം തെളിഞ്ഞു വരുന്നുണ്ടായിരുന്നു. സ്വാമികാഗ്രാമം തുടങ്ങുകയായിരുന്നു.

രോഹിണിയാവട്ടെ അപ്പോഴും ഭർത്താവിനെ ഭൽസിച്ചുകൊണ്ടിരുന്നു. അയാൾ ജീവിതത്തെ ഗൗരവമായി കാണാത്തവനും, ഭാര്യയെ സ്നേഹിക്കാത്തവനുമാണെന്ന്‌ അവൾ തിരിച്ചറിഞ്ഞതായി പറഞ്ഞു. അയാൾക്ക്‌ നാടകമായിരുന്നു, കച്ചവടത്തേക്കാൾ പ്രധാനപ്പെട്ടത്‌. അവളെ, അയാൾ അംഗീകരിക്കുന്നില്ല. അയാളുടെ മദ്യപാനം അവളെ വിഷമിപ്പിക്കുന്നില്ല. പക്ഷെ കാശുണ്ടാക്കാൻ കഴിയാതെ അയാളുടെ നിർഗുണ സ്വഭാവം അവൾ വെറുക്കുന്നു……. ഇങ്ങനെ പരാതിയുടെ പട്ടികയുമായി രോഹിണി വാചാലയായി. കേൾക്കാൻ താല്പര്യമില്ലാതിരുന്നിട്ടും, ഞാനും, ഡോളി ബിസ്വാസും വെറുതെ എല്ലാം കേട്ടിരുന്നു.

ഒടുവിൽ അവൾ പറഞ്ഞു. “ഞങ്ങൾ പിരിയുകയാണു സർ, നിയമപ്രകാരമുളള വിവാഹമല്ലാത്തതിനാൽ എളുപ്പമാണ്‌….”

ഞാൻ മുൻസീറ്റിൽ നിന്ന്‌ തിരിഞ്ഞ്‌ രോഹിണിയെ അപ്പോഴൊന്ന്‌ നോക്കി. വിവാഹം കഴിഞ്ഞ്‌ ഒരുവർഷം ആകുന്നതിനു മുൻപ്‌ ജീവിതത്തെ ലാഘവത്തോടെ തളളിപ്പറയുന്ന ആധുനീകതയുടെ മുഖം.

“എന്റെ സ്വാതന്ത്ര്യങ്ങളുടെ മേലുളള ഒരു കുതിരകയറ്റവും ഞാൻ അംഗീകരിക്കില്ല….” അവൾ വീണ്ടും പറഞ്ഞു.

പെട്ടന്ന്‌ ഉപേക്ഷിക്കാൻ പറ്റുന്നതാണോ കുടുംബജീവിതം. ഭർത്താവ്‌, ഭാര്യ എന്നൊക്കെയുളള പദങ്ങൾക്ക്‌ ജീവിതത്തിനപ്പുറവും അർത്ഥങ്ങളുണ്ട്‌ കുട്ടീ, എന്നൊരു ഉപദേശത്തിന്റെ തണുപ്പൻ വാചകം എന്നിൽ തികട്ടി വന്നെങ്കിലും ഞാൻ പറഞ്ഞില്ല. ഉപദേശം ചിലപ്പോൾ ഭീകരമായ അരസികത്തം ഉണ്ടാക്കും എന്നതിനാൽ ഞാൻ വെറുതെയിരുന്നു.

കാർ വേഗത കുറഞ്ഞാണു ഓടിയിരുന്നത്‌. ഇടിഞ്ഞുപൊളിഞ്ഞ വീഥികൾക്കിരുവശവും ഓലയും, പുല്ലും കൊണ്ടു മേഞ്ഞ കൂരകൾ. എരുമയുടെയും, ചാണകത്തിന്റെയും അസ്വഭാവിക ഗന്ധം. വഴിയുടെ വശങ്ങളിലായി കോർത്തിട്ടിരിക്കുന്ന ഫ്ലക്സ്‌ ബോർഡുകളിൽ ഗ്രാമത്തിന്റെ പ്രതിഷേധം അലയടിച്ചു.

പെട്ടെന്ന്‌ ഡോളി തന്റെ പുതിയ സൂം ക്യാമറയുമായി ചാടിയിറങ്ങി. വിശാലമായ ഗോതമ്പു പാടത്തിന്റെ സ്വർണ്ണഭംഗി….. നടുവിലൂടെ നാണിച്ച്‌ ഒഴുകുന്ന അരുവി….. വയൽവരമ്പിൽ കാത്തുനിൽക്കുന്ന മൂന്നാലു കൊറ്റികളുടെ ക്ഷമ. അരുവിയിൽ മുങ്ങിപൊങ്ങുന്ന നീർകാക്കകളുടെ ആഹ്ലാദം. ഈ കാഴ്‌ചയിലാണ്‌ ഡോളിയുടെ ക്യാമറ വീണുപോയത്‌. ദാഹാർത്തയായ അയാളുടെ ക്യാമറ, നിറചിരിയോടെ ഈ ദൃശ്യവിരുന്നിനെ ഹൃദയത്തിലേക്കു ചേർത്തു പകർത്തി….. അവിടെയവിടെയായി തലപൊന്തിച്ചു നിന്ന കോട്ടാർ എന്ന ധാന്യപ്പുരകളെ നോക്കി ഡോളി വാചാലനായി. അതോടെ അസ്വസ്ഥയായ രോഹിണി മൊഴിയുന്നു.

“സർ, ഫീച്ചറിനു വേണ്ടതൊക്കെ എടുത്തിട്ടു വേഗം പോകണം. ഇന്നെനിക്ക്‌ വക്കീലിനെ കണ്ട്‌ ഡൈവോഴ്‌സിനെ കുറിച്ചു ചർച്ച ചെയ്യാനുണ്ട്‌”

“എന്തിന്‌ – നിങ്ങൾ നിയമപ്രകാരം വിവാഹം ചെയ്‌തതല്ലല്ലോ…….” എന്നു തെല്ലു ദേഷ്യത്തോടെ ഞാൻ തിരക്കി.

“അതെയതെ” പക്ഷെ പിന്നീട്‌ അയാൾ വല്ല പൊല്ലാപ്പും ഉണ്ടാക്കിയാലോ എന്ന പേടി -“

ഈശ്വരാ പ്രണയം എവിടെയാണ്‌ തുടങ്ങുന്നത്‌, എവിടെയാണ്‌ അവസാനിക്കുന്നത്‌ എന്നാർക്കറിയാം…..

അപ്പോഴേക്കും ഡോളി ബിസ്വാസിനൊപ്പം ഞങ്ങളും കാറിൽ നിന്നിറങ്ങി നടന്നു കഴിഞ്ഞിരുന്നു.

ഏകദേശം പത്തു മിനിറ്റുകൾക്കകം നിർദ്ദിഷ്ട ഐ.ടി.പാർക്കിന്റെ സ്ഥലത്തു ഞങ്ങൾ എത്തി. കൃഷിയില്ലാതെ അനാഥത്വത്തിൽ കിടന്ന ഒരു വയലായിരുന്നു അത്‌. കണ്ണുകളുടെ കാഴ്‌ചയ്‌ക്കപ്പുറത്തേക്ക്‌ നീളുന്ന വന്യത. ചുറ്റിലും ഓലകുടിലുകൾ, അവിടവിടെയായി മേയുന്ന എരുമകൾ…..

എത്രയോ വർഷങ്ങളായി ഒരു ഗ്രാമം മുഴുവനും, ഈ വയലിനെ ആശ്രയിച്ച്‌ ഇവിടെ ജീവിച്ചതാവാം. ഇപ്പോൾ ബഹുരാഷ്‌ട്രകുത്തകകൾക്കുവേണ്ടി സർക്കാർ അത്‌ ഏറ്റെടുക്കുന്നു. ഓരോ ദിവസവും ഉറങ്ങി ഉണരുമ്പോൾ നഷ്ടപ്പെടുന്നതെന്തോ അതാണ്‌ ജീവിതം എന്നോർത്തുകൊണ്ട്‌ ഞാൻ നടന്നു. ഒപ്പം ഗ്രാമീണരുടെ ആവശ്യങ്ങളെയും, സമരത്തേയും സഹായിക്കുന്ന ഒരു ഫീച്ചറായിരിക്കണം എന്നൊരു കർത്തവ്യബോധവും എന്നിലേക്കു പടർന്നു.

ഇടതുവശത്തെ ഉണങ്ങിയ നിലത്തിൽ കുടിൽകെട്ടി ചില ഗ്രാമീണസ്‌ത്രീകൾ സമരം ചെയ്യുന്നു. കൂട്ടത്തിൽ ചെറുപ്പക്കാരും വൃദ്ധകളുമുണ്ട്‌. നിശബ്ദരായിരുന്നു അവരെങ്കിലും ഞങ്ങളെ കണ്ടപ്പോൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ദില്ലിയിൽ നിന്നുളള ഏതോ അധികാരികളാവാം ഞങ്ങളെന്ന്‌ അവർക്ക്‌ തോന്നിയിട്ടുണ്ടാവാം.

ഇവരിൽ ചിലരെ ഇന്റർവ്യൂ ചെയ്താൽ ഫീച്ചറിന്‌ ഒരു ഹുമാനിറ്റേറിയൻ സ്പർശം വരുമെന്ന്‌ ഞാൻ രോഹിണിയോട്‌ പറഞ്ഞു. ഡോളി ബിസ്വാസ്‌ പല ആങ്കിളുകളിൽ നിന്നുകൊണ്ട്‌ അവരുടെ നിരാശയേയും വിശപ്പിനേയും നഷ്ടങ്ങളേയും ക്യാമറായിൽ പകർത്തി. ഫീച്ചറിന്‌ ഒരു നല്ല തലക്കുറി പോലും ഞാൻ മനസിൽ തയ്യാറാക്കിവെച്ചു.

പക്ഷേ പല പത്രങ്ങളിലും വന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ്‌ പലരും ആവർത്തിച്ചു പറഞ്ഞത്‌. വർഷങ്ങളായി അവർ കൃഷിചെയ്‌ത സ്ഥലം, അവരുടെ ആഹാരം, നഷ്ടപ്പെടുന്ന മണ്ണ്‌, സ്വകാര്യത…. ഇല്ലാതാവുന്ന ഗ്രാമീണസൗന്ദര്യവും….. ഇങ്ങനെ ആവർത്തനങ്ങളിലൂടെ ഫീച്ചർ തകർക്കപ്പെട്ടുമല്ലോ എന്ന ഖേദത്തോടെ ഞാൻ തിരിഞ്ഞപ്പോഴാണ്‌ സമരപ്പന്തലിൽ നിന്ന്‌ കുറച്ചകലെ, ഹുക്കാ വലിച്ചു രസിച്ച്‌ വിഷാദത്തിലായ കണ്ണുകളുമായി കൂനികൂടിയിരിക്കുന്ന ഒരു വൃദ്ധയെ ഞാൻ കണ്ടത്‌. പെട്ടന്ന്‌ ഞാൻ അവരുടെ അരികിലേയ്‌ക്കു ചെന്നു.

ഹുക്കായുടെ നീല പുക അവരുടെ ആത്മാവിലൂടെ സഞ്ചരിച്ച്‌ പുറത്തേയ്‌ക്ക്‌ വന്നുകൊണ്ടിരുന്നു. അവരുടെ ശരീരമാകെ ചുക്കിച്ചുളിഞ്ഞിരുന്നു. അവരുടെ കണ്ണുകളിൽ കാലത്തിന്റെ തീവ്രമായ ഖേദങ്ങൾ. പുരാതനമായൊരു ഹുക്കയാണ്‌ അതെന്ന്‌ എനിക്കു തോന്നി. ചരിത്രത്തിൽ നിന്ന്‌ ഇറങ്ങിവന്നതുപോലെ ഒന്ന്‌.

ഞാനും രോഹിണിയും അടുത്തു ചെന്നപ്പോൾ അവർ തലപൊക്കി നോക്കി, വീണ്ടും ഹുക്കായിലേയ്‌ക്കു ചുണ്ടമർത്തി. സമരപ്പന്തലിൽ അപ്പോഴും സർക്കാരിനെതിരായ മുദ്രാവാക്യങ്ങൾ മുഴങ്ങികൊണ്ടിരുന്നു. ചരിത്രത്തിൽ നിന്ന്‌ ഒരു ഗ്രാമത്തെ മുഴുവൻ കുടിയിറക്കിയിട്ട്‌ എന്തു വികസനമാണ്‌ എന്ന രോഷത്തോടെ ഞാൻ വൃദ്ധയുടെ അരികിലിരുന്നു.

‘പേരെന്താ’ എന്ന ചോദ്യത്തിലൂടെ ഞാൻ അവരെ പരിചയപ്പെടാൻ ശ്രമിച്ചു. പക്ഷേ അവർ പ്രതികരിച്ചില്ല. ഹരിയാനയുടെ ഗ്രാമ്യമായ ഹിന്ദിയിലൂടെ രോഹിണി ചോദ്യം ആവർത്തിക്കുകയും അവരുടെ ഹൃദയവിചാരങ്ങളിലേക്ക്‌ ഒരു പാലമായി തീരാൻ ശ്രമിക്കുകയും ചെയ്‌തു.

അവരുടെ പേര്‌ കമല എന്നായിരുന്നു. വയസ്‌ ഓർമയിലില്ല. ഓർമയിലുളളത്‌ ഗോതമ്പുവയലുകൾ നെഞ്ചിലേറ്റിയ ഗ്രാമവും, ഒരു ജോലിയും ചെയ്യാതെ എപ്പോഴും മദ്യപിച്ചു നടക്കുന്ന ഭർത്താവുമായിരുന്നു. അതിനാൽ അവർ അതിനെ കുറിച്ചൊക്കെയാണ്‌ സംസാരിച്ചത്‌.

ഭർത്താവ്‌ മഖൻലാൽ കുഴിമടിയനായിരുന്നു. എപ്പോഴും ചൂതുകളിയും, നാടൻചാരായസേവയും. എരുമകളെ നോക്കില്ല. ധാന്യപ്പുരകൾ വൃത്തിയാക്കില്ല. കൂരയിൽ അന്തിയുറങ്ങാൻപോലും വല്ലപ്പോഴുമേ വരൂ. അഥവാ വീട്ടിലെത്തിയാൽ ഹുക്കാ വലിച്ചിരിക്കും. എന്നാലും വൃദ്ധ അയാളെ സ്നേഹിച്ചിരുന്നു. അയാളുടെ ഓർമ ഹൃദയത്തിൽ നിന്ന്‌ മായാതിരിക്കാനാണ്‌ അവർ അയാളുടെ ഹുക്ക ഇപ്പോൾ വലിക്കുന്നത്‌. അതിന്റെ പിടിയിൽ അയാളുടെ ഗന്ധമുണ്ട്‌. അതിന്റെ പുകയിലൂടെ കമല അയാളുടെ മൂക്കിനെ, ചുവന്നു തുടുത്ത കണ്ണുകളെയൊക്കെ സ്പർശിക്കുന്നു. അനാദിയായ സ്പർശം.

മഖൻലാൽ മരിച്ചിട്ട്‌ എത്ര വർഷമായെന്ന്‌ കമലയ്‌ക്ക്‌ അറിയില്ല. വർഷങ്ങളുടെ കണക്കുകൾ അവരുടെ തലച്ചോറിന്‌ വഴങ്ങാറില്ല. പക്ഷെ അവരുടെ ഹൃദയത്തിന്‌ അയാളുടെ മുഴുവൻ ഓർമകളേയും ഉൾക്കൊളളാൻ കഴിയുന്നുണ്ട്‌.

സർക്കാർ കുടിയിറക്കിയാൽ മഖൻലാലിന്റെ ഓർമകളുടെ ഈ ചുവന്ന ഭൂമി അന്യപ്പെടുമെന്ന വേദനയിൽ അവർ കരഞ്ഞു. പെട്ടന്ന്‌ കണ്ണു തുടച്ച്‌ അകൃത്രിമമായി ചിരിച്ച്‌ ഹൂക്കായുടെ അനന്തമായ സാന്ത്വനത്തിലേയ്‌ക്ക്‌ അവർ ചേർന്നിരുന്നു. അപ്പോൾ ഒരുപാടു വർഷങ്ങൾക്കു മുൻപ്‌ മരിച്ചുപോയ ഭർത്താവിനെ അവർ സ്പർശിക്കുന്നതായി ഞാൻ അറിഞ്ഞു.

ഡോളി ബിസ്വാസ്‌, കമലയുടെ മങ്ങിയ ജീവിതത്തെ ക്യാമറായുടെ മനസിലേയ്‌ക്കു വലിച്ചെടുത്തു. പല ആങ്കിളുകളിൽ നിന്നുളള അവരുടെ ചിത്രമായിരിക്കണം, ഫീച്ചറിന്റെ മുഖചിത്രമെന്ന്‌ ഞാൻ തീരുമാനിച്ചു. ചൂടിനു ശക്തിയേറിയിരുന്നു. ഒപ്പം ശിരസു പൊളളിക്കുന്ന കാറ്റും. ഞങ്ങൾ അത്യാവശ്യം വേണ്ട വിവരങ്ങൾ ശേഖരിച്ച്‌ കാറിൽ തിരിച്ചെത്തി. കാറിന്റെ എ.സി ആക്ടിവേറ്റ്‌ ആകുന്നതുവരെ ചൂടിലും, പിന്നീട്‌ മെല്ലെ തണുപ്പിലും ഞങ്ങൾ യാത്ര ചെയ്‌തു. പതിവിനു വിപരീതമായി രോഹിണി നിശബ്ദയായിരുന്നു. അപൂർവ്വമായൊരു നിശബ്ദത. ഞാൻ തിരിഞ്ഞു നോക്കി. അപ്പോൾ അവൾ എന്നെ നോക്കി ഖേദത്തിൽ പൊതിഞ്ഞ ഒരു ചെറുചിരി പകർന്നു. പിന്നെ പതുക്കെ, വളരെ പതുക്കെ എന്നോടു പറഞ്ഞു.

”സർ, സജ്ജയുമായി കുറച്ചുകൂടി അഡ്‌ജസ്‌റ്റ്‌ ചെയ്യാൻ പറ്റുമോ എന്നു നോക്കാൻ പോകുകയാണു ഞാൻ. എന്തോ, എനിക്കുവനോടൊരു സ്നേഹം. കാണണമെന്ന തോന്നൽ. പൊളളുന്ന ഒരു ഹൃദയത്തിന്റെ വേദന സങ്കടമായി എന്നിൽ പടരുന്നു…….“

ഞാൻ ചിരിച്ചു. ചരിത്രത്തിന്റെ കൈപ്പിടിയായ ഒരു പഴഞ്ചൻ ഹുക്കായിൽ പിടിച്ചുകൊണ്ട്‌ ഭർത്താവിന്റെ ആത്മാവിന്റെ ഗന്ധം ആസ്വദിക്കുന്ന കമല എന്ന വൃദ്ധ ജീവിതത്തിന്റെ മഹത്തായ പാഠശാല തന്നെയാണല്ലോ എന്നു ഞാൻ ഓർത്തു. കാർ വെയിലിലൂടെ പായുന്നു. ഫീച്ചർ എന്റെ മനസ്സിൽ പൂർണ്ണരൂപത്തിൽ വന്നു കഴിഞ്ഞിരുന്നു, അപ്പോൾ.

Generated from archived content: story1_aug7_07.html Author: issac-eapen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here