ശശിന്ദ്രന്റെ പ്രണയത്തിൽ ദേവപ്രിയ

ഫെബ്രുവരിയുടെ സൗന്ദര്യം. തെരുവുകളിൽ പൂക്കൾ പടരുന്ന സന്ധ്യകൾ. മഞ്ഞിന്റെ സ്‌നേഹസൗഹൃദം. ഉദ്യാനത്തിലെ വെളുത്ത തൂണുകളിലെ ചെറിയ ബോക്‌സിൽ നിന്നും പെയ്‌തിറങ്ങുന്ന സംഗീതം. മൊസാർട്ടിന്റെ ഒരു സിംഫണിലായിരുന്നു അത്‌.

ആ സംഗീതത്തിന്റെ മാസ്‌മരികതയിലേക്കു ഞാൻ വീഴും എന്നു കരുതുമ്പോൾ ശശി എത്തിച്ചേരുകയും, നീട്ടി വളർത്തിയ താടി വശങ്ങളിലൂടെ ചൊറിഞ്ഞുകൊണ്ടവൻ “ഒരു ചായ കുടിച്ചാലോ, ഇന്നു പട്ടിണിയാ” എന്ന്‌ ഈണത്തിൽ പറയുകയും ചെയ്യുന്നു.

അങ്ങനെ ഞങ്ങൾ ഉദ്യാനസംഗീതത്തെ വിട്ട്‌ കടൽതീരത്തേക്കു നടന്നു. ചായ കുടിയെന്നാൽ കാലുകളെപ്പോഴും കടൽതീരത്തേക്കും, ബലരാമൻ എന്ന കൊല്ലംകാരന്റെ ചായ പീടികയിലേക്കുമാണ്‌ നീളുന്നത്‌.

ബലരാമനും ഉണ്ടൊരു കഥ. ചന്ദ്രനിൽ കാലുകുത്തിയ നീൽ ആംസ്ര്ടോങ്ങിനോട്‌ “ചായ വേണോ സാർ” എന്ന അമൃതാക്ഷരം മൊഴിഞ്ഞ മലയാളിയുടെ കഥപോലെയാണ്‌.

കാലാപ്പേട്ടിലെ വിദൂരസ്ഥമായ കുന്നുകളിൽ യൂണിവേഴ്‌സിറ്റിയുടെ പണി തുടങ്ങുന്ന കാലത്ത്‌, ഞാനും ശശിയും കൂടി ഒരു പകൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ മുഖവും, പിന്നെ കാലപ്പേട്ട്‌ കുന്നുകളുടെ സൗന്ദര്യവും അന്വേഷിച്ച്‌ പോയപ്പോൾ അവിടെ കണ്ടതാണ്‌ ബലരാമന്റെ ചായക്കട. ഒരു കൊല്ലംകാരൻ ആലപ്പുഴക്കാരനെ കണ്ടപ്പോഴുളള സൗഹൃദം. ബലരാമൻ പിന്നീട്‌ കടൽതീരത്ത്‌ ഒരു എക്‌സ്‌റ്റഷൻ കൗണ്ടർ തുറന്നു. ഉളളിവട, പരിപ്പുവട, ഉണ്ടക്കായ എന്നിങ്ങനെ ഒരു മധ്യതിരുവിതാംകൂർ-മലബാർ സങ്കരം.

ഈ നഗരത്തിന്റെ തെരുവുകൾക്ക്‌ പാരീസ്‌ സന്ധ്യയുടെ സൗന്ദര്യമാണെപ്പോഴും എന്നു പറഞ്ഞതു ഞാനോ, ശശിയോ എന്നു തിട്ടമില്ല. ഏതായാലും ഞങ്ങൾ കടൽക്കരയിലേക്ക്‌, ബാലരാമന്റെ ചായ പീടികയിലേക്കു നടന്നു. ബലരാമൻ പഴയൊരു ആത്മച്ചിത്രത്തെ കണ്ടിട്ടെന്നപോലെ ചിരിച്ച്‌ പതച്ചെടുത്ത ചായയ്‌ക്കുശേഷം ഞങ്ങൾ കടൽതീരത്തെ സിമന്റ്‌ ബഞ്ചിലെത്തി.

കടൽക്കരയിലെത്തുമ്പോൾ ശശി എപ്പോഴും ദേവപ്രിയയെ കുറിച്ചാവും പറയുക. അന്ന്‌ എന്റെയും അവന്റെയും സഹപാഠിയായിരുന്ന ദേവപ്രിയയെക്കുറിച്ച്‌. അതോടെ കടൽതീരം ഒരു സംഘർഷഭൂമിയായി മാറും.

ദേവപ്രിയയുടെ സമരമുഖങ്ങളെ ശശി അംഗീകരിച്ചിരുന്നില്ല. അതേസമയം ദേവപ്രിയയെ അവൻ പ്രണയിച്ചിരുന്നു. എന്നാൽ അവളാകട്ടെ അവന്റെ ചിന്താപരിമിതികളെ മറികടന്ന്‌ വലിയ ലോകത്തേക്ക്‌ എടുത്തുചാടികൊണ്ടിരുന്നു.

ശശി ദേവപ്രിയയെക്കുറിച്ച്‌ ആകുലപ്പെടുമ്പോൾ ഞാൻ എപ്പോഴും ദേവപ്രിയയ്‌ക്ക്‌ ഒപ്പം നിന്നു. ചിന്തിക്കുന്നവർക്കു മാത്രമെ പ്രവർത്തിക്കാൻ കഴിയൂ. അത്തരം കർമ്മം ഫിലോസഫിക്കൽ ഡിവിനിറ്റിയാണ്‌ എന്നൊക്കെ കടുപ്പത്തിൽ മൊഴിഞ്ഞ്‌ ശശിയുടെമേൽ ഞാൻ തണുത്ത മഴയായി പെയ്തിറങ്ങാൻ ശ്രമിക്കും.

ഇന്ദിരാഗാന്ധിയുടെ സർക്കാരിനെതിരെ പ്രകടനം നയിക്കാൻ ദേവപ്രിയ ചെന്നൈയിൽ പോയ ദിവസം ശശി എത്രമാത്രം അസ്വസ്ഥനായിരുന്നു എന്നു ഞാൻ ഓർക്കുന്നു. കടൽജലത്തിന്റെ നീലപതയ്‌ക്കുളളിൽ പാദം തല്ലി അവൻ സങ്കടപ്പെടുന്നു.

ഇതൊക്കെ കണ്ട്‌ ഞാൻ കടൽക്കര മുഴങ്ങുമാറ്‌ ഉച്ചത്തിൽ ചിരിക്കുന്നു. കാരണം ദേവപ്രിയയ്‌ക്ക്‌ ശശിയോടുളളത്‌ യഥാർത്ഥ പ്രണയമോ, വെറും സൗഹൃദമോ എന്നത്‌ എനിക്ക്‌ ഒരിക്കലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ഒടുവിൽ ഞാനവനെ പൊക്കി എഴുന്നേൽപ്പിച്ച്‌ ഹോസ്‌റ്റലിലേക്ക്‌ നടത്തുന്നു. ദൈവമെ മനുഷ്യഹൃദയങ്ങളുടെ വിചാരങ്ങൾ ആരറിവൂ എന്നൊരു തത്വചിന്താ പ്രകാശനത്തിലൂടെ ഞങ്ങൾ മെല്ലെ നടന്നു.

ഇരുപതു വർഷങ്ങൾക്കു മുൻപാണ്‌ രണ്ടു സാധാരണ ഗവേഷണ വിദ്യാർത്ഥികളായി ഞാനും, ശശിയും ദേവപ്രിയയ്‌ക്കൊപ്പം ആ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്നത്‌. ഈ പറഞ്ഞതെല്ലാം അന്നത്തെ ഓർമ്മകളാണ്‌. എപ്പോഴും സജീവമായ ഓർമ്മകൾ. പഠനവും, പ്രണയവും അവസാനിച്ച്‌ ഞങ്ങൾ യൂണിവേഴ്‌സിറ്റി വിടുകയും, ജീവിതത്തിന്റെ ബഹുവിധ വേഷങ്ങളാൽ പലയിടങ്ങളിൽ അലഞ്ഞ്‌ ഒടുവിൽ ഞാൻ ഈ നഗരത്തിൽതന്നെ എത്തുകയും ചെയ്‌തു. അതോടെ പഴയതുപോലെ സായാഹ്നങ്ങൾ ഓർമ്മകളാൽ നിറയുകയും സമൃദ്ധിയായ ഭൂതകാലത്തേക്ക്‌ സഞ്ചരിക്കുന്നതിൽ ഞങ്ങൾ ആഹ്ലാദിക്കുകയും ചെയ്‌തു.

മനോഹരമായ ഉദ്യാനത്തിലെ മൊസാർട്ടിയൻ സിംഫണിയും, പൂക്കളുടെ സൗന്ദര്യവും പത്തുമണിയോടെ അവസാനിക്കുമെന്നും, അതിനുശേഷം ഉദ്യാനം തെരുവ്‌ ജീവികൾ സ്വന്തമാക്കാറുണ്ടെന്നും, അവർ അവിടെ ഇണചേരാറുണ്ടെന്നും, അന്ന്‌ ഞങ്ങളുടെ സഹപാഠിയായിരുന്ന വിമൽ ശ്രീവാസ്‌തവ പറയാറുണ്ടായിരുന്നു. “നിയോൺ ബൾബുകളുടെ വെളിച്ചത്തിലോ” എന്ന എന്റെ സന്ദേഹത്തിന്‌, “നീ രാത്രിയിലെ തെരുവിലൊന്ന്‌ ഇറങ്ങിനോക്ക്‌. ഇണചേരൽ മാത്രമല്ല, മയക്കുമരുന്നും, സ്വവർഗ്ഗരതിയും… എല്ലാം നേരിൽ കാണാം.” എന്ന്‌ പറഞ്ഞ്‌ അവൻ ചിരിക്കും.

എന്റെ ഹോസ്‌റ്റൽ നമ്പർ 106-ഉം ശശിയുടേത്‌ 108-ഉം ആയിരുന്നു. പക്ഷെ 106-ൽ സമൃദ്ധിയായി എത്തുന്ന കടൽക്കാറ്റ്‌ കാരണം ഞങ്ങൾ എപ്പോഴും എന്റെ മുറിയിലാണ്‌ ഒത്തുകൂടിയത്‌. ശശി മുറിയിലെത്തിയാൽ ദേവപ്രിയയെക്കുറിച്ചുളള റണ്ണിംഗ്‌ കമൻട്രിയായി. ദേവപ്രിയയുടെ ഹൃദയം, ശരീരത്തിലെ കാവ്യാത്മകത, കണ്ണുകളിൽ തുടിക്കുന്ന സംഗീതം.

“പുല്ല്‌…. പോയി ചുരുണ്ടുകൂടടാ” എന്ന എന്റെ ആക്രോശത്തിൽ സ്വപ്‌നത്തിന്റെ തല തകർന്ന്‌ ഒടുവിൽ വീഴുന്നു.

ദേവപ്രിയയും, ശശിയും പരമ്പരാഗത പ്രണയരീതികളെ ഉപേക്ഷിച്ചവരായിരുന്നു. ഞങ്ങളുടെ കാമ്പസിൽ ധാരാളം ബോഗൺവില്ലകൾ പൂത്തു നിന്നിരുന്നു. ചുവപ്പ്‌, വെളള, നീല…. നിറങ്ങളുടെ ചിരി. മറുവശത്ത്‌ വലിയ ഇലഞ്ഞിമരങ്ങളും, വാകയും, തേന്മാവും. എത്രയെത്ര പ്രണയങ്ങളാണ്‌ ഈ ഇലഞ്ഞിമരച്ചുവട്ടിലും, വാകയുടെ കീഴിലുമായി പൂത്ത്‌ പടരുന്നത്‌. എന്നാൽ ഈ കൂട്ടത്തിലൊന്നും സാധാരണയായി ശശിയേയും ദേവപ്രിയയേയും കണ്ടിരുന്നില്ല. വല്ലപ്പോഴും കണ്ടുമുട്ടുമ്പോഴാകട്ടെ അവർ വിയറ്റ്‌നാമിലെ അധിനിവേശ സങ്കടങ്ങളെക്കുറിച്ചും ചൈനയിലെ ഖനിയപകടങ്ങളെക്കുറിച്ചും സംസാരിച്ചു.

ചിലപ്പോൾ എനിക്കുതോന്നും ദേവപ്രിയയ്‌ക്ക്‌ ശശിയോടുളളത്‌ പ്രണയമല്ല, വെറും സൗഹൃദം മാത്രമാണെന്ന്‌. എന്നാൽ ചിലപ്പോൾ തോന്നും അവളുടേത്‌ ആഴമായ പ്രണയമാണെന്ന്‌. അവന്റെ നീളം കുറഞ്ഞ ചുരുണ്ട മുടിയേയും, നീട്ടി വളർത്തിയ താടിയേയും കറുത്തു മെല്ലിച്ച ശരീരത്തെയും ഇഷ്‌ടമാണെന്ന്‌ ഖലീൽ ജിബ്രാനെ കടം കൊണ്ട്‌ അവൾ മൊഴിയുന്നതും ഞാൻ കേട്ടിട്ടുണ്ട്‌. പക്ഷെ ദേവപ്രിയയ്‌ക്ക്‌ അവനായി നല്‌കാൻ ഇടവേളകളില്ലായിരുന്നു. അവളുടെ പ്രസ്ഥാനം എപ്പോഴും ദേവപ്രിയയെ ഓരോ ജോലികൾ ഏല്പിക്കുകയും, അവൾ ശശിയെ ഉപേക്ഷിച്ച്‌ അതിൽ വ്യാപൃതയാവുകയും ചെയ്‌തു.

ആയിടയ്‌ക്കാണ്‌ അന്തർദേശീയ പഠനവകുപ്പിലെ വിദ്യാർത്ഥികളായ ഞങ്ങളെ പഠനയാത്രയ്‌ക്കായി സർവ്വകലാശാല ദില്ലിയിലേക്ക്‌ അയച്ചത്‌. ദില്ലിയുടെ പകലുകൾ അമ്പതു ഡിഗ്രി ചൂടിൽ തിളക്കുന്ന ജൂൺ മാസമായിരുന്നു അത്‌. ദേവപ്രിയയില്ലാതെയുളള യാത്ര ആദ്യദിനങ്ങളിൽ ശശിയിൽ ഒരുതരം നഷ്‌ടബോധം ഉണ്ടാക്കിയിരുന്നു.

ജവഹർലാൽ സർവ്വകലാശാലയുടെ സതൺ കാമ്പസിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്‌. രാത്രി കാമ്പസിൽ തട്ടുകട നടത്തുന്ന സോഹൻ ഭയ്യയുടെ കടയിൽനിന്ന്‌ തടിച്ച പൂരിയും ആലുക്കറിയും കഴിക്കുമ്പോഴും, ദില്ലിയുടെ ചൂടിൽ അലയുമ്പോഴും ശശി നൊസ്‌റ്റാൾജിയയോടെ ദേവപ്രിയയെക്കുറിച്ച്‌ മാത്രമാണ്‌ പറഞ്ഞത്‌.

കുറച്ചാവുമ്പോൾ ഞാൻ ദേഷ്യപ്പെടും. പക്ഷെ ശശിക്കറിയാം അതൊക്കെ എന്റെ സ്‌നേഹപ്രകടനങ്ങളാണെന്ന്‌.

പക്ഷെ തിരിച്ചു പോകുന്നതിനുമുമ്പ്‌ അവൻ പാലികാബസാറിൽ നിന്ന്‌ ദേവപ്രിയയ്‌ക്കായി ഒരു സാരി വാങ്ങി. ഞാനായിരുന്നു ചീഫ്‌ അഡ്വൈസർ. ദേവപ്രിയയുടെ കരിവാളിച്ച വെളുപ്പിന്‌ ഇണങ്ങുന്ന ഒരു ഇളംനീല കോട്ടൺ സാരി. അതിൽ ചെറിയ പൂക്കൾ.

സാരി വാങ്ങുമ്പോഴും, അത്‌ മനോഹരമായ പായ്‌ക്കിലാക്കി, ‘സ്‌നേഹത്തോടെ’ എന്നൊരു വടിവൊത്ത അടിക്കുറിപ്പിൽ അവൾക്കായി സൂക്ഷിക്കുമ്പോഴും ദേവപ്രിയ അതു സ്വീകരിക്കുമോ എന്നൊരു ആശങ്ക അവനിലുണ്ടായിരുന്നു. എന്തെന്നാൽ പരസ്‌പരം ഇഷ്‌ടപ്പെടുമ്പോഴും അവർ പ്രണയത്തിന്റെ ലോകത്തിനു വെളിയിലായിരുന്നു എന്ന്‌ അവന്‌ ഉറപ്പായിരുന്നു.

എന്നാൽ, ദേവപ്രിയ അത്‌ തീർച്ചയായും സ്വീകരിക്കും എന്നുതന്നെ ഞാൻ വിശ്വസിച്ചു. വെറുമൊരു വിശ്വാസം. പക്ഷെ ആ വിശ്വാസം ശരിയായിരുന്നു. ദേവപ്രിയ അതുവാങ്ങി.

ആ കാഴ്‌ച ഞാൻ അനുഭവിച്ചു. അവൾ ഹൃദ്യമായി ചിരിച്ചുകൊണ്ട്‌ സാരി വാങ്ങി. പിന്നീട്‌ അവന്റെ കണ്ണിലേക്കു നോക്കി, മെല്ലെ ചിരിയെ മൃദുവായി ചുണ്ടിന്റെ കോണിലേക്ക്‌ ഒതുക്കി. നന്ദി പറഞ്ഞു. നടന്നു. അപ്പോൾ ശശി എന്തോ സംസാരിച്ചുകൊണ്ട്‌ അവൾക്കൊപ്പം കുറച്ചുനേരം നടന്നു.

തിരിച്ചുവന്നപ്പോൾ, ദേവപ്രിയ അതു ഉടുത്തുകൊണ്ടുവരാം എന്ന സമ്മതിച്ചതായി അവൻ പറഞ്ഞു. അന്നത്തെ സന്ധ്യ അവന്റെ ആഹ്ലാദത്താൽ മനോഹരമായി തിളങ്ങി. തയ്യൽക്കാരിയായി അവന്റെ സഹോദരി പാലക്കാട്ടുനിന്ന്‌ പഠനത്തിനായി അയച്ചുകൊടുത്തതിൽ നിന്ന്‌ മിച്ചംവെച്ച കാശ്‌ മുഴുവൻ റീഗൽ ബാറിലെ റൂഫ്‌ടോപ്പിൽ വെച്ച്‌ അവൻ അന്ന്‌ രാത്രി എന്റെ മുൻപിൽ വിതറിയിട്ടു, വെളുത്തതോ, ചുവന്നതോ ഏതു മദ്യവുമാകാം എന്ന പ്രസ്താവനയോടെ. പക്ഷെ ഞാനന്ന്‌ രണ്ട്‌ പെഗ്ഗ്‌ ചുവന്ന വൈൻ മാത്രമാണ്‌ കഴിച്ചത്‌. ലഹരിക്കുവേണ്ടി ആയിരുന്നില്ല. ലഹരിയില്ലാത്ത ജീവിതത്തെക്കുറിച്ച്‌ വെറുതെ ചിന്തിക്കാൻ മാത്രമായി കുടിച്ചു.

പിന്നീട്‌ എന്തെല്ലാമാണ്‌ സംഭവിച്ചത്‌. പഠനം തീർന്ന്‌ എല്ലാവരും സ്വന്തം വഴികൾ തേടിപ്പോയി. ഞാൻ തൊഴിലുമായി ബന്ധപ്പെട്ട്‌ ഒരു വിദൂരനഗരത്തിലായി. ദേവപ്രിയ കൂടുതൽ സമരങ്ങളിലേക്ക്‌ എടുത്തുചാടുകയും, കേരളീയരുടെ മാതൃകാവനിതയായി പരിണമിക്കുകയും ചെയ്‌തു.

“ദേവപ്രിയയുടെ നേതൃത്വത്തിൽ മന്ത്രിക്കെതിരെ കരിങ്കൊടി” -“വഞ്ചിക്കപ്പെട്ട നീലിമയ്‌ക്കുവേണ്ടി ദേവപ്രിയ രംഗത്ത്‌” – എന്നിങ്ങനെ ചടുലമായ തലക്കെട്ടുകളാൽ ദേവപ്രിയ പത്രങ്ങളിൽ നിറഞ്ഞുനിന്നു. ചാനലുകൾ ദേവപ്രിയയുടെ സാന്നിദ്ധ്യത്തെ ആഘോഷിച്ചു.

ചാനലിലും, പത്രത്താളുകളിലും ദേവപ്രിയയെ കാണുമ്പോഴൊക്കെ ഞാൻ ശശിയെ ഓർക്കും. ആദ്യകാലങ്ങളിൽ അവൻ കോളേജ്‌ അധ്യാപകനാണെന്നറിവല്ലാതെ, എവിടെയെന്ന്‌ എനിക്കറിയുമായിരുന്നില്ല.

കാലം എനിക്കെന്നും അത്ഭുതങ്ങളുടെ മാന്ത്രികനാണ്‌. അതുകൊണ്ടാണ്‌ ആറുവർഷങ്ങൾക്കുശേഷം ഞാൻ ട്രാൻസ്‌ഫറായി ഈ പഴയ നഗരത്തിൽ തന്നെ എത്തുകയും തികച്ചും യാദൃച്ഛികമായി ശശിയെ ഒരു നാടകശാലയിൽവെച്ച്‌ കണ്ടുമുട്ടുന്നതും. ഞങ്ങൾ ബാങ്കുകാരുടെ സംഘടന നടത്തിയ പരിപാടി ആയിരുന്നു അത്‌. അതോടെ ഞാനും ശശിയും ഞങ്ങളുടെ ചരിത്രത്തിലേക്ക്‌ വീണ്ടും സഞ്ചരിക്കാൻ തുടങ്ങി. ആ പഴയ ബാറിൽ, ചരിത്രവും, ആഹ്ലാദകരമായ കാലവും ഇണചേർന്ന്‌ കിടക്കുന്ന, അതിന്റെ റൂഫ്‌ ടോപ്പിൽ… ഞങ്ങൾ വീണ്ടും എല്ലാകാര്യങ്ങളും സംസാരിച്ചു. പക്ഷെ എന്തുകൊണ്ടോ ദേവപ്രിയയെക്കുറിച്ചുമാത്രം ശശി ഒന്നും സംസാരിക്കാൻ ഇഷ്‌ടപ്പെട്ടില്ല. ദേവപ്രിയയെക്കുറിച്ച്‌ ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ, മൂന്നുദിവസമായി പനിക്കുന്ന മകനെക്കുറിച്ചും, പുതിയ വീടുപണിയുടെ ബദ്ധപ്പാടുകളിലേക്കും അവൻ രക്ഷപ്പെടാൻ ശ്രമിച്ചു.

അങ്ങനെയിരിക്കെയാണ്‌ ദേവപ്രിയ നഗരത്തിലെ ഒരു മഹിളാറാലിയിൽ പങ്കെടുക്കാനായി എത്തുന്നു എന്ന വാർത്ത ഞാൻ അറിഞ്ഞത്‌. ശശിയേയും കൂട്ടിപ്പോയി ദേവപ്രിയയെ കാണണമെന്ന്‌ ഞാൻ ആഗ്രഹിച്ചു. എന്തുകൊണ്ടോ ശശി ആദ്യമൊന്നും ആ അഭിപ്രായത്തോടു യോജിച്ചില്ല.

പക്ഷെ എനിക്കറിയാമായിരുന്നു അവൻ വഴങ്ങുമെന്ന്‌. ആദ്യപ്രണയം ആർക്കാണ്‌ മറക്കാൻ കഴിയുക. സംഘാടകരുമായി സംസാരിച്ച്‌ ദേവപ്രിയയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച്‌ ഞാൻ അവർക്ക്‌ ഫോൺ ചെയ്‌തു. എന്റെ ശബ്‌ദത്തിൽ അവർ അമ്പരക്കുന്നത്‌ ഞാനറിഞ്ഞു.

ഏതായാലും സമ്മേളനത്തിന്റെ രാവിലെ പത്തുമണിക്ക്‌ അവർ താമസിക്കുന്ന ഗസ്‌റ്റ്‌ഹൗസിൽ വെച്ച്‌ കാണാം എന്നു പറഞ്ഞു ദേവപ്രിയ ഫോൺ വെച്ചു.

സമയത്തുതന്നെ ഗസ്‌റ്റ്‌ഹൗസിൽ ഞങ്ങൾ എത്തി. ഞാനും, ശശിയും. മനോഹരമായ അതിന്റെ ലോഞ്ചിലൂടെ നടന്ന്‌ ഞങ്ങൾ ദേവപ്രിയയുടെ മുറിയിലെത്തി.

ഉപചാരപൂർവ്വം അവർ ഞങ്ങളെ സ്വീകരിക്കുമ്പോഴും സംസാരിക്കുമ്പോഴും ശശിയിൽ അമ്പരപ്പ്‌ നിറയുന്നത്‌ ഞാൻ കണ്ടു.

എന്നാൽ അവൻ അവരോട്‌ അധികം സംസാരിക്കാൻ താല്പര്യം കാണിച്ചില്ല.

ദേവപ്രിയയാവട്ടെ ശശിക്കായി ഒരുപാട്‌ ചോദ്യങ്ങൾ കരുതിവെച്ചിരുന്നു. ഭാര്യ, കുട്ടികൾ, അവരുടെ പഠനം….

ഉത്തരങ്ങൾ പറഞ്ഞെങ്കിലും അരുതായ്‌മയുടെ ചൂടിനാൽ അവൻ ചൂടുപിടിച്ചിരുന്നു.

ഒടുവിൽ അവനുവേണ്ടി ദേവപ്രിയയോട്‌ ഞാൻ ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങി.

അച്‌ഛൻ, അമ്മ, എന്താണ്‌ കല്യാണം വേണ്ടെന്ന്‌ വെച്ചത്‌… എന്നിങ്ങനെ.

ദേവപ്രിയ ചിരിച്ചു. ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു. “ഒരാണിനൊടെ ജീവിതത്തിൽ ഇഷ്‌ടം തോന്നിയിട്ടുളളൂ. അയാളുടെ ലോകത്തിലേക്കിറങ്ങി ചെല്ലാൻ എനിക്കോ, എന്റെ ലോകത്തിലേക്കു വരാൻ അയാൾക്കോ കഴിഞ്ഞില്ല.‘

സങ്കടം കലർന്ന ഗൗരവത്തോടെയാണവർ അതു പറഞ്ഞത്‌. എങ്കിലും ദേവപ്രിയ പറഞ്ഞയാൾ ശശി ആയിരിക്കില്ല എന്നെനിക്കു തോന്നി.

”പെട്ടെന്ന്‌ പോവണ“മെന്ന്‌ ശശി എന്റെ കാതിൽ മൊഴിഞ്ഞു. എന്താണ്‌ സ്വകാര്യമെന്ന്‌ ദേവപ്രിയ ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല.

ഉപചാരത്തിന്റെ ഒരു പകൽ തീരുന്നു. ഞങ്ങൾ ദേവപ്രിയയോട്‌ യാത്ര പറഞ്ഞു നടന്നു.

തിരിച്ചു നടക്കുമ്പോൾ ശശി എന്റെ കൈയ്യിൽ പിടിച്ച്‌ വേവലാതിയോടെ പറഞ്ഞു.

”എടാ അന്നു ഞാൻ കൊടുത്ത സാരിയാണവൾ ഉടുത്തിരിക്കുന്നത്‌. അതിന്റെ ഇടം നീലനിറം, ചെറിയ പൂക്കൾ…“

ദൈവമെ സ്‌ത്രീയുടെ ഹൃദയചിന്തകൾ…. അതിന്റെ അഗാധത, ഒരിക്കലും കടന്നു ചെല്ലാനാവാത്ത അതിന്റെ വന്യത.

ഞങ്ങൾ അമ്പരപ്പോടെ നടന്നു. ശശി എന്ന ശശീന്ദ്രനെ അപ്പോൾ പനിച്ചിരുന്നതായി എനിക്കു തോന്നി.

Generated from archived content: story-aug03-05.html Author: issac-eapen

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here