സർക്കാർ സംവിധാനങ്ങൾ മതവത്‌ക്കരിക്കുമ്പോൾ തീവ്രവാദം ശക്തിപ്പെടുന്നു

“ഈശ്വരസാക്ഷാത്‌കാരമായിരിക്കണം മനുഷ്യന്റെ പരമോന്നത ലക്ഷ്യം. മനുഷ്യ നിർമ്മിത വിഗ്രഹങ്ങളിലോ, ദേവാലയങ്ങളിലോ, ആരാധനാലയങ്ങളിലോ ഒന്നും ഈശ്വരനെ കണ്ടെത്താൻ നമുക്ക്‌ കഴിയില്ല. ഉപവാസം കൊണ്ടും ഈശ്വരസാക്ഷാത്‌കാരം കൊണ്ടും സാദ്ധ്യമല്ല. ലൗകിക സ്നേഹത്തിലൂടെയല്ല, മറിച്ച്‌, ദൈവികസ്നേഹത്തിലൂടെ മാത്രമേ ഈശ്വരസാക്ഷാത്‌കാരം സാദ്ധ്യമാവൂ”. – മഹാത്മാഗാന്ധി – ഹരിജൻ 23.11.1949

മഹാത്മാഗാന്ധി – ഭാരതം കണ്ട ഏറ്റവും ഉന്നതനായ ദൈവഭക്തൻ, ഭക്തി ആത്മാവിന്റെ വിശുദ്ധിയിലാണെന്ന്‌ പ്രവർത്തിയിലൂടെ തെളിയിച്ച മഹാൻ, ആ വിശുദ്ധിയിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യം സാദ്ധ്യമാക്കിത്തന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ, ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികളിൽ പ്രധാനി. ഭാരതീയ സമൂഹം മത, ജാതി, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങളിലൂടെ – അതിന്റെ തീവ്രമായ പ്രത്യാഘാതങ്ങളിലൂടെ ഛിന്നഭിന്നമാകരുതേ എന്ന്‌ ഉള്ളുരുകി പ്രാർത്ഥിച്ച, അതിനനുയോജ്യമായി സ്വജീവിതം പ്രവർത്തിപ്പിച്ച മഹാത്മാവിന്റെ ഇന്ത്യ ഇന്ന്‌, വർഗ്ഗീയ വാദികളുടേയും മതതീവ്രവാദികളുടേയും ആക്രമണങ്ങൾ കൊണ്ട്‌ വെന്തുരുകുന്നു.

ഉത്തരേന്ത്യ പൂർണ്ണമായും വ്യാപിച്ചു കഴിഞ്ഞ ഈ ഉരുകൽ ആന്ധ്രയിലൂടെ കർണ്ണാടകത്തിലേക്കും അവിടുന്ന്‌ തമിഴ്‌നാട്ടിലേക്കും പടർന്ന്‌ പന്തലിച്ചു ഇപ്പോൾ കേരളത്തിലും, അതിന്റെ ഏറ്റവും തീക്ഷ്ണമായ ഭാവത്തിൽ എത്തിക്കഴിഞ്ഞു.

കേരളത്തിലെ ഓരോ ഗ്രാമവും ഇന്ന്‌ മതതീവ്രവാദത്തിന്റെ മുൾമുനയിലാണ്‌. ഒരു പ്രദേശത്തെ കുറച്ചു വ്യക്തികളിലുണ്ടായ സാംസ്‌കാരിക അധഃപതനത്തിന്റെ പ്രത്യാഘാതങ്ങളായിരുന്നു പൂന്തുറയും മാറാടും എങ്കിൽ, ഇന്ന്‌, കേരളീയ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഈ സാംസ്‌കാരിക അധഃപതനം കണ്ടു തുടങ്ങിയിരിക്കുന്നു. ഒന്നുകൂടെ ലളിതമായി വിശദീകരിച്ചാൽ ഃ പൂന്തുറയും മാറാടും ഒരു പ്രദേശത്തെ മാത്രം പ്രശ്നമായി ഒതുങ്ങിയെങ്കിൽ ഇനി ഉണ്ടാകുന്ന – ഉണ്ടായേക്കാവുന്ന മതതീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങൾ കാസർഗോഡ്‌ മുതൽ സംസ്ഥാനത്തിന്റെ അങ്ങേയറ്റം വരെ വ്യാപിക്കും. ഡൽഹിയിലെയും, മുംബൈയിലെയും, ബാംഗ്ലൂരിലേയും മറ്റും കൂട്ടക്കുരുതികൾ നമ്മുടെ സംസ്ഥാനത്ത്‌ ഏതു നിമിഷവും സംഭവിക്കാം. കേന്ദ്ര ഇന്റലിജൻസ്‌ റിപ്പോർട്ടുകളും സംസ്ഥാന കുറ്റാന്വേഷണ വിദഗ്‌ദ്ധരും ഇതിന്റെ സാധ്യതകളിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.

സംസ്ഥാനത്തെ റയിൽവേസ്‌റ്റേഷനുകളും വിമാനത്താവളങ്ങളും ബസ്‌സ്‌റ്റാൻഡുകളും എന്തിന്‌ കുറച്ചധികം ആളുകൾ കൂടുന്ന ഒരിടവും ഇന്ന്‌ സുരക്ഷിതമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എത്ര ബോംബു ഭീഷണികൾ നാം കേട്ടു കഴിഞ്ഞു. ബോംബുണ്ടാക്കുന്നതിനിടയിൽ പൊട്ടിത്തെറിയിലൂടെ സംഭവിച്ച അപകടങ്ങൾ, അന്താരാഷ്ര്ട തീവ്രവാദികൾക്കുപോലും കേരളവുമായി ബന്ധങ്ങൾ, നൂറുകണക്കിനു സ്ഥലങ്ങളിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളും, ബോംബുകളും, കോയിൻ ബൂത്തുടമകളിൽ നിന്ന്‌ പുതിയ ഒറ്റ രൂപാ നാണയത്തിന്‌ അതിന്റെ പത്തിരട്ടി മൂല്യം കൊടുത്തു വാങ്ങി സാമ്പത്തിക അടിത്തറ ഇളക്കുന്ന തന്ത്രം മുതൽ… കണ്ടെയ്‌നർ കണക്കിന്‌ നോട്ടുകൾ ഇറക്കി സാമ്പത്തിക സുരക്ഷിതത്വത്തിന്‌ മുകളിൽ കനത്ത ആഘാതമേല്പിക്കുന്ന അന്താരാഷ്ര്ട ചാരസംഘടനയുടെ തന്ത്രങ്ങൾ വരെ അനേകം ലക്ഷണങ്ങൾ നമ്മുടെ സംസ്ഥാനം കണ്ടുകഴിഞ്ഞു. ഈ ലക്ഷണങ്ങളെല്ലാം വളരെ ഭീകരമായ അപകടത്തിന്റെ സൂചനകളാണ്‌. എന്നിട്ടുമെന്തേ നാം നിശബ്ദരാവുന്നു. ഇത്രയും ഭീകരമായ രീതിയിൽ ഓരോ നിമിഷവും വികസിച്ചു കൊണ്ടിരിക്കുന്ന മതതീവ്രവാദത്തിന്‌ തടയിടുവാൻ ഭരണകൂടത്തിനും കോടതികൾക്കും കഴിയില്ലേ? എവിടെയാണ്‌ തടയിടേണ്ടത്‌..?

വിശ്വാസപ്രചരണത്തിന്‌ സർക്കാർ സംവിധാനമോ?

ലേഖകന്റെ രണ്ട്‌ അനുഭവങ്ങൾ… ആ അനുഭവങ്ങൾ ഏതു തരത്തിലാണ്‌ സമൂഹത്തിൽ മതതീവ്രവാദിയായി വളരുന്നത്‌? ഇത്തരം പ്രവണതകളെ എങ്ങിനെ തടയാം?

സുഹൃത്തിനോടൊപ്പം വൈദ്യുതി ബിൽ അടക്കുന്നതിന്‌ ഓഫീസിൽ ചെല്ലുന്നു. സമയം ഉച്ചയ്‌ക്ക്‌ ഒന്നര മണി കഴിഞ്ഞിട്ടുണ്ട്‌. ഓഫീസേഴ്‌സും മറ്റും ഭക്ഷണം കഴിക്കുന്ന സമയമായതിനാൽ അവിടെ കാത്തു നിൽക്കേണ്ടതായി വന്നു. സുഹൃത്തിനെ ബിൽ അടയ്‌ക്കുന്ന കൗണ്ടറിനു സമീപം നിറുത്തി ഞാൻ പുറത്തിറങ്ങി. വിരസതയകറ്റാൻ തൊട്ടടുത്ത കടയിൽ നിന്ന്‌ സിഗരറ്റ്‌ വാങ്ങി കത്തിച്ചു. ഓഫീസിന്റെ ചുമരിനോട്‌ ചേർന്ന്‌ മറ്റാരും ശ്രദ്ധിക്കാതെ പുക ആസ്വദിച്ചുകൊണ്ടു അങ്ങനെ നിന്നു.

രണ്ടു ചെറുപ്പക്കാർ വൈദ്യുതി ഓഫീസിൽ നിന്ന്‌ ഇറങ്ങി വരുന്നു. (അകത്തേയ്‌ക്ക്‌ കയറിപ്പോയത്‌ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല) അവരിൽ ഒരാളുടെ മുഖത്ത്‌ വല്ലാത്ത അമർഷം ഒതുക്കിപ്പിടിച്ചതിന്റെ ലക്ഷണം. ഇയാൾ കൂടെയുള്ള വ്യക്തിയോട്‌, “കണ്ടല്ലോ…? നീയൊന്നും ഇനിയും നമ്മുടെ അവസ്ഥ തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. ഇനിയെങ്കിലും പരിസരം ഒന്നു ശ്രദ്ധിക്ക്‌. അപ്പോൾ കാര്യങ്ങൾ മനസ്സിലാകും. അല്ലാതെ എന്നെ ഉപദേശിക്കരുത്‌”. മുറിഞ്ഞുമുറിഞ്ഞുള്ള അവരുടെ സംഭാഷണം എന്റെ കാതുകളിൽ നിന്ന്‌ അകന്നുപൊയ്‌ക്കൊണ്ടേയിരുന്നു.

സത്യത്തിൽ എനിക്കൊന്നു മാത്രമാണ്‌ അവരുടെ സംഭാഷണത്തിൽ നിന്ന്‌ മനസ്സിലായത്‌. മതങ്ങളുമായി ബന്ധപ്പെട്ട എന്തോ വൈദ്യുതി ഓഫീസിനകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. ഞാൻ വെറുതെ വൈദ്യുതി ഓഫീസിനകത്ത്‌ കണ്ണുകൾകൊണ്ടൊരു ഓട്ടപ്രദക്ഷിണം നടത്തി. അപകടത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുതകുന്ന ആ ചിത്രങ്ങൾ എന്റെ കാഴ്‌ചയിലുമെത്തി. ഒരു മതത്തിന്റെ വിശ്വാസങ്ങളുമായി അടുത്ത ബന്ധമുള്ള ഫോട്ടോ വളരെ വലുതായി കയറിചെല്ലുന്ന ഇടനാഴിയുടെ ഉൾവശത്തുള്ള വാതിലിൽ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു. അകത്തെ പണമടയ്‌ക്കുന്ന കൗണ്ടറിൽ മറ്റൊരു മതത്തെ പ്രതിനിധീകരിക്കുന്ന പോസ്‌റ്ററും വെച്ചിട്ടുണ്ട്‌. ഇത്‌ സാക്ഷരകേരളത്തിലെ വികസ്വര വ്യാവസായിക നഗരമായ എറണാകുളത്തെ കളക്ടർ ബംഗ്ലാവിന്‌ അടുത്തുള്ള വൈദ്യുതി ഓഫീസിലാണ്‌ സംഭവിച്ചിട്ടുള്ളത്‌. മുകളിൽ പറഞ്ഞ രണ്ടു ചെറുപ്പക്കാരിൽ ഒരാൾ ഏതെങ്കിലും തീവ്രവാദസംഘടനയിലെ അംഗവും അപരൻ തീവ്രവാദനിലപാടുകളെ എതിർത്തുപോരുകയും ചെയ്തിട്ടുള്ള വ്യക്തിയുമാണെങ്കിൽ, ഈ കാഴ്‌ചയ്‌ക്കുശേഷം എന്തു സംഭവിച്ചിട്ടുണ്ടാകാം… വർഗ്ഗീയ വിപത്തുകൾക്കെതിരെ അഹോരാത്രം പണിപ്പെടുന്ന സം​‍ാസ്‌കാരിക നായകന്മാരും സംസ്ഥാന ഭരണകർത്താക്കളും ചിന്തിക്കുക.

ഭരണഘടനാ വിരുദ്ധ പ്രവർത്തനം തീവ്രവാദം ശക്തിപ്പെടുന്നു

വൈദ്യുതി ഓഫീസിലെത്തുന്ന പലർക്കും കാണാൻ കഴിയുന്ന ഈ ചിത്രങ്ങൾ ഒരു പ്രത്യേക വീക്ഷണകോണിൽ നിന്ന്‌ ചിന്തിക്കുമ്പോൾ വളരെ നിസ്സാരവും നിരുപദ്രവകരവുമായിരിക്കാം. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ബിംബങ്ങൾ വെയ്‌ക്കുന്നതും ആരാധിക്കുന്നതും ഭാരതത്തിന്റെ ഭരണഘടനയ്‌ക്കു വിരുദ്ധമാണ്‌. ഭാരതം ഒരു മതേതര രാഷ്ര്ടമാണെന്ന്‌ ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന “sovereign, Socialist, Secular, Democratic, Republic” എന്ന പ്രസ്ഥാവനയിലെ ‘സെക്കുലർ’ എന്ന പദത്തിനർത്ഥം മതത്തിൽ നിന്നും വിഭിന്നമായത്‌ എന്നാണ്‌. സ്വതന്ത്ര്യാനന്തര ഭാരതത്തിൽ നമ്മുടെ ഭരണഘടനയുടെ മഹത്വവും അർത്ഥവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനം ഉണ്ടാകാത്തതാണ്‌ ഒരളവുവരെ മതതീവ്രവാദത്തിന്‌ ആക്കം കൂട്ടിയിട്ടുള്ളത്‌. നിഷ്‌പക്ഷമതികളുടെ മനസ്സിൽപോലും അസ്വസ്ഥത സൃഷ്ടിക്കുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിനു ചുറ്റും നിരന്തര കാഴ്‌ചയായി മാറുന്നു. മതേതരഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിത്തന്നെ ഇത്തരം പ്രവർത്തികളെ നാം കാണേണ്ടതല്ലേ…?

ഇന്ത്യയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ ശത്രു പക്ഷത്തുള്ള രാഷ്ര്ടങ്ങളോ മറ്റോ നൽകുന്ന ഫണ്ടുകൾ വാങ്ങിക്കാനും, ഇന്ത്യയിലെ യുവവിഭാഗത്തിനിടയിൽ മതതീവ്രവാദത്തിന്റെ വിഷം കുത്തിവെയ്‌ക്കാനും അതിലൂടെ തീവ്രവാദം ശക്തിപ്പെടുത്താനും മുകളിൽ പ്രതിപാദിച്ച സംഭവം ഉപയോഗപ്പെടുത്തും എന്നത്‌ തർക്കരഹിത സത്യമാണ്‌. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ സർക്കാർ ഓഫീസുകളിലും ഇത്തരം പ്രവണതകൾ 1950കളിൽ തന്നെ കണ്ടുതുടങ്ങിയിരുന്നു. ഈ പ്രവണതകളോട്‌ നീതിപീഠവും ഭരണകർത്താക്കളും നിസ്സംഗത പാലിച്ചതിന്റെ അനന്തരഫലങ്ങളാണ്‌ ഡൽഹിയിലും മുംബൈയിലും മറ്റും നാം പലപ്പോഴായി അനുഭവിച്ചറിഞ്ഞ മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികൾ. ഇത്‌ കേരളത്തിലും വ്യാപകമാകുന്നു. അതിന്റെ ദോഷവശങ്ങൾ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്‌.

മറ്റൊരനുഭവം ഇങ്ങനെയാണ്‌ ഃ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നും കോഴിക്കോട്ടേയ്‌ക്കുള്ള ഒരു കാർ യാത്രയിലായിരുന്നു ഞാനും സുഹൃത്തുക്കളും. ഇടക്കുവെച്ച്‌ റോഡിൽ മാർഗ്ഗതടസ്സമുണ്ടായി. മണിക്കൂറുകൾ കഴിഞ്ഞിട്ടും തടസ്സം മാറിയില്ല. നീണ്ടുകിടക്കുന്ന വാഹനനിരകൾക്കിടയിലൂടെ ഞാനും സുഹൃത്തുക്കളും കാര്യമന്വേഷിച്ച്‌ ഇറങ്ങിനടന്നു. ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത്‌ ഒരു ടാങ്കർ ലോറി മറിഞ്ഞ്‌ റോഡിന്‌ കുറുകെ കിടന്നിരുന്നു. എങ്കിലും ഓരോ വാഹനങ്ങളായി കടന്നുപോകാനുള്ള സ്ഥലം മറുവശത്തുണ്ടായിരുന്നു. എന്നാൽ ആ വശത്ത്‌ വഴി മുടക്കികൊണ്ട്‌ ഒരു ശവകുടീരം (ഖബറിടം). പച്ച പട്ടു പുതച്ച ഈ ശവകുടീരത്തോടു ചേർന്ന്‌ ഒരു ഭണ്ഡാരവും പണി കഴിപ്പിച്ചുവച്ചിട്ടുണ്ട്‌. “ഖബറിടം കെട്ടാൻ കണ്ട സ്ഥലം, വഴിമുടക്കുന്ന ഇതൊക്കെ പൊളിച്ചു കളയേണ്ടതാണ്‌. ഒരു മതതത്വങ്ങളും അതിനൊന്നും എതിരാകില്ല” ഉള്ളിൽ തോന്നിയ ചിന്ത ഞാൻ സുഹൃത്തുക്കളോടായി പറഞ്ഞു. അപ്പോൾ അതിലൊരു സുഹൃത്തിന്റെ (എല്ലാവരും മുസ്ലീംങ്ങൾ) ഭാവം ഒന്നുമാറി. അയാൾ ശാസനാരൂപത്തിൽ പറഞ്ഞു “വെറുതെയല്ല നീയൊന്നും നേരെയാകാത്തത്‌. ഇതൊക്കെ ഒരുപാട്‌ ‘പോരിഷകൾ’ (ശ്രേഷ്‌ഠത) ഉള്ള ഖബറിടമാണ്‌ ഇതിനെയൊന്നും പരിഹസിക്കരുത്‌. മാത്രവുമല്ല ഇത്തരത്തിലുള്ള നമ്മുടെ ഖബറിടങ്ങളും പള്ളികളും വിരലിലെണ്ണാവുന്നവ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഹിന്ദുക്കൾക്ക്‌ എത്ര ക്ഷേത്രങ്ങളുണ്ടെന്ന്‌ ചിന്തിച്ചിട്ടുണ്ടോ?”

എന്തിന്‌ എറണാകുളത്ത്‌ കലൂരിൽ ഒരു ക്രിസ്ത​‍്യൻ പള്ളിയുണ്ട്‌. അതുണ്ടാക്കുന്ന മാർഗ്ഗതടസ്സം എത്രയാ – ഒരു മിനിറ്റിൽ മുപ്പതിലധികം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അരമണിക്കൂറിലധികം ഞാൻ കാത്തുകെട്ടി കിടന്നിട്ടുണ്ട്‌. വിശ്വാസികളും അവിശ്വാസികളുമായ എത്രയോ ജനത്തിന്റെ സമയവും പെട്രോൾ ഉൾപ്പെടെയുള്ള പലതിന്റെയും സാമ്പത്തികനഷ്ടം എത്ര വലുതാണ്‌?“ സുഹൃത്ത്‌ പ്രാസംഗികനെപ്പോലെ വാചാലനായപ്പോൾ ഞാൻ മറ്റൊരു വിഷയത്തിലേയ്‌ക്ക്‌ സംഭാഷണം തിരിച്ചുവിട്ട്‌ രക്ഷപ്പെട്ടു. എങ്കിലും കലൂർ പള്ളിക്കു മുന്നിലെ വാഹനകുരുക്കും കുറ്റിപ്പുറം – കോഴിക്കോട്‌ റൂട്ടിലെ വഴിമുടക്കുന്ന ഖബറിടവും തുടരുകയാണ്‌. മറ്റുള്ളവർക്ക്‌ കഷ്ടപ്പാടും ദുരിതവുമുണ്ടാക്കി നാം ഏതു ദൈവത്തോടാണ്‌ പ്രാർത്ഥിക്കുന്നത്‌? (ഈ അവസരത്തിൽ എന്റെ സുഹൃത്തു പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. എല്ലാ ദൈവങ്ങൾക്കും, ആരാധനാലയങ്ങൾക്കും, വിശ്വാസവിപണിയിലെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും, അതിലൂടെ അരക്ഷിതത്വബോധമുള്ള വിശ്വാസികളെ ഇത്തരം കേന്ദ്രങ്ങളിലേക്കടുപ്പിക്കാനും, പൊതുസ്ഥലങ്ങളിൽ തിരക്കു വർദ്ധിപ്പിക്കുന്നത്‌ ദൈവ-മത വിശ്വാസ വിപണനത്തിന്റെ ഒരു പുതിയ രീതിയാണ്‌.) ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖകൻ ഒരു ദൈവനിഷേധിയാണെന്ന്‌ ധരിക്കരുത്‌. ഉറച്ച വിശ്വാസിതന്നെയാണ്‌. പക്ഷെ നാം വിശ്വാസം പ്രകടിപ്പിക്കുന്നതിലൂടെ ജനാധിപത്യസംവിധാനത്തിനും പൊതുസമൂഹത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടാൻ പാടില്ല. മാത്രവുമല്ല, നമ്മുടെ വിശ്വാസം മതതീവ്രവാദശക്തികളെ പ്രോത്സാഹിപ്പിക്കാനാവരുത്‌. അത്‌ എന്റെയും നിങ്ങളുടെയും ഭാരതത്തിന്‌ ദോഷം മാത്രമേ വരുത്തുകയുള്ളൂ.

സർക്കാറിനെ തിരഞ്ഞെടുക്കുന്നത്‌ മതവിശ്വാസികളോ മതവിദ്വേഷികളോ ആവരുത്‌. വോട്ടവകാശമുള്ള മനുഷ്യരായിരിക്കണം. സത്യത്തിൽ അങ്ങിനെത്തന്നെയാണത്‌. നമ്മുടെ ഭരണകർത്താക്കൾ വോട്ടിനും പണത്തിനുമായി മതങ്ങളെ കൂട്ടുപിടിക്കുന്നതിനാലാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌. മതം തികച്ചും വ്യക്തിപരമാണ്‌. ഭാരതത്തെപ്പോലെയുള്ള ഒരു രാജ്യത്ത്‌ മതത്തിൽ വിശ്വസിക്കാനും അവിശ്വസിക്കാനും മാത്രമല്ല; പുതിയൊരു മതം സ്ഥാപിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്‌. ഭരണകൂടം മനുഷ്യനെയാണ്‌ അഭിമുഖീകരിക്കുന്നത്‌, അല്ലാതെ മതത്തെയല്ല. കേരളത്തിലെ രാഷ്ര്ടീയ പാർട്ടികൾ ഇനിയെങ്കിലും മത-ജാതി സംഘടനകളെ രാഷ്ര്ടീയത്തിൽ നിന്നും മാറ്റി നിർത്തിയില്ലെങ്കിൽ ഈ ജനത നേരിടേണ്ടി വരുന്ന മഹാവിപത്തിന്‌ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും.

തുടക്കം തൊട്ടേ മതനിരപേക്ഷകരാജ്യമായാണ്‌ ഇന്ത്യ നിലകൊണ്ടത്‌. ഇതേ രീതിയിൽതന്നെയാണ്‌ നീതി, നിയമപീഠങ്ങളും പ്രവർത്തിച്ചിട്ടുള്ളത്‌. എന്നിട്ടും, റഷ്യൻ ഭരണഘടനയിൽ നിന്ന്‌ കടമെടുത്ത സെക്യുലർ എന്ന വാക്ക്‌ 42-​‍ാം ഭരണഭേദഗതിയിലൂടെ 1976ൽ ഭരണഘടനയിൽ ഉൾപ്പെടുത്തി. ഇതിന്റെ കാരണംതന്നെ മതേതരഭാരതം, ഒന്നുകൂടി ശക്തമായ മതേതരഭാരതമാകണമെന്ന ലക്ഷ്യമായിരുന്നു. നിരവധി കാരണങ്ങളാൽ 76 നുശേഷമാണ്‌. ഭാരതം കൂടുതൽ കൂടുതൽ വർഗ്ഗീയവൽക്കരിക്കപ്പെട്ടത്‌.

ഭരണഘടനാ നിർമ്മാണസഭയുടെ ദീർഘവീക്ഷണം

”ജനാധിപത്യത്തിന്റെ ശരിയായ പ്രവർത്തനത്തിനും നടത്തിപ്പിനും രാഷ്ര്ടത്തിന്റെ ഐക്യവും അഖണ്ഡതയും വളരുന്നതിനും, ഇന്ത്യൻ ജീവിതത്തിൽ നിന്ന്‌ വർഗീയവാദം ഉന്മൂലനം ചെയ്യേണ്ടത്‌ അനുപേക്ഷണീയമാകുന്നു. അതിനാൽ, ഭരണഘടനപ്രകാരമോ, ഭാരവാഹികളിലോ, ഘടകങ്ങളിലോ നിക്ഷിപ്തമായ വിവേചനാധികാരത്തിന്റെ പ്രയോഗത്തിലൂടെയോ മതത്തിന്റെയും വംശത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വ്യക്തികളെ അംഗങ്ങളായി ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യുന്ന സാമുദായിക സംഘടനകളെ, സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവും സാമൂഹ്യവുമായ യഥാർത്ഥ ആവശ്യങ്ങൾക്കുവേണ്ടിയുള്ളവയല്ലാത്ത യാതൊരു പ്രവർത്തനങ്ങളിലും ഏർപ്പെടുവാൻ അനുവദിച്ചുകൂടെന്ന്‌ ഈ സഭ അഭിപ്രായപ്പെടുന്നു. ഇത്തരം സംഘടനകളുടെ ആ മാതിരി പ്രവർത്തനങ്ങൾ തടയുന്നതിന്‌ നിയമനിർമാണപരവും ഭരണപരവുമയി ആവശ്യമുള്ള എല്ലാ നടപടികളും കൈക്കൊള്ളേണ്ടതാണ്‌“ 1948 ഏപ്രിൽ 3, ഭരണഘടനാ നിർമ്മാണസഭയിൽ അനന്തശയനം അയങ്കാർ അവതരിപ്പിച്ചതും, സഭ പാസ്സാക്കിയതുമായ പ്രമേയത്തിൽ നിന്ന്‌.

”സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്ര്ടീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്ര്ടീയത്തിന്റെയും കൂട്ടുകെട്ടിൽ നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും“. പ്രമേയത്തെ പിൻതാങ്ങി സംസാരിച്ച ജവഹർലാൽ നെഹ്രുവിന്റെ വാക്കുകളിൽ നിന്ന്‌.

മതങ്ങളുടെയും ജാതികളുടേയും രാഷ്ര്ടീയ ഇടപെടൽ, ജനാധിപത്യസംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നും അത്‌, രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്കു നയിക്കുമെന്നും അരനൂറ്റാണ്ടിനു മുമ്പ്‌ നമ്മുടെ ഭരണഘടന രൂപീകരണവേളയിൽ തന്നെ നെഹ്രു ഉൾപ്പെടെയുള്ളവർ നിരീക്ഷിച്ചിരുന്നു. പക്ഷെ….

മതവിശ്വാസത്തിന്റെ കീഴിലുള്ള സമൂഹത്തിന്റെ വൈകാരികതയെ ഇളക്കിവിടാനുള്ള ഗൂഢതന്ത്രങ്ങൾ എവിടെയെങ്കിലും തുടങ്ങിവച്ചിട്ടുണ്ടോ?

മതവും ഭരണകൂടവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നു തന്നെയാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. അല്ലാതെ എല്ലാ മതങ്ങളേയും ഒരുപോലെ പരിരക്ഷിക്കുക എന്ന അർത്ഥമല്ല ‘സെക്കുലർ’ എന്ന വാക്കിന്‌, മതന്യൂനപക്ഷങ്ങൾക്ക്‌ ചില പ്രത്യേകാവകാശങ്ങൾ കല്പിച്ചിട്ടുള്ളത്‌ ആ മതങ്ങളെ പോഷിപ്പിക്കാനുമല്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗത്ത്‌ പിന്നോക്കാവസ്ഥയിലായിരുന്ന ഈ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക്‌ ഉയർത്തുവാനാണ്‌ ആ പ്രത്യേകാവകാശങ്ങൾ. ആ നിലയ്‌ക്ക്‌ ഭരണകൂടങ്ങൾക്കോ അതിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കോ, കാര്യാലയങ്ങൾക്കോ മതവുമായി ഔദ്യോഗികമായി യാതൊരു ബന്ധവും പാടില്ലാത്തതാണ്‌. നിരവധി മതങ്ങൾ പിറന്നുവീണ്‌ വളർന്നതും അസംഖ്യം മതങ്ങളെ സ്വീകരിച്ച്‌ പുഷ്ടിപ്പെടുത്തിയതുമായ ചരിത്രപശ്ചാത്തലമുള്ള ഭാരതത്തിൽ സാമൂഹ്യനീതി ഉറപ്പാക്കുവാൻ സർക്കാർ മതങ്ങളിൽ നിന്ന്‌ വിട്ടുനിൽക്കുക തന്നെയാണ്‌ ചെയ്യേണ്ടത്‌. രാഷ്ര്ടപതി മുതൽ വില്ലേജ്‌ ഓഫീസിലെ തൂപ്പുകാരൻ വരെ ഏതു മതസ്ഥനായാലും ഔദ്യോഗിക കൃത്യനിർവ്വഹണസമയങ്ങളിൽ മതത്തിൽ നിന്ന്‌ വേറിട്ടു നിൽക്കേണ്ടതാണ്‌.

നിർഭാഗ്യവശാൽ മതേതരത്വത്തിൽ ദുർവ്യാഖ്യാനങ്ങൾ നൽകി എല്ലാ മതങ്ങളേയും പ്രീണിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വഴിവിട്ട നയങ്ങളാണ്‌ ഭാരതത്തിലെ എല്ലാ ഭരണകൂടങ്ങളും കൈക്കൊണ്ടത്‌. അതിന്റെ ദുരന്തം പഞ്ചാബിലും കാശ്മീരിലും മാത്രമല്ല കേരളത്തിലെ മാറാടും നാം കണ്ടുകഴിഞ്ഞു. ഇപ്പോൾ വർഗ്ഗീയ വിനാശതാണ്ഡവത്തിന്‌ അരങ്ങൊരുക്കി കേരളം കാത്തിരിക്കുകയുമാണ്‌. കേരളം വർഗ്ഗീയവിപത്തിന്റെ വക്കിലാണെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടുകൾ നമ്മുടെ രാഷ്ര്ടീയ പ്രസ്ഥാനങ്ങൾ ഗൗരവമായെടുക്കേണ്ടതുണ്ട്‌. ചെറിയ കാരണങ്ങളിൽ നിന്നാണ്‌ പലപ്പോഴും വലിയ കലാപങ്ങളുണ്ടായിട്ടുള്ളത്‌. ഈയൊരു പശ്ചാത്തലത്തിൽ വേണം എറണാകുളത്തെ വൈദ്യുതിയാപ്പീസിലെ ദൈവാരാധനയെ കാണുവാൻ. ദൈവാരാധന തെറ്റല്ല. വിശ്വസിക്കലും വിശ്വാസങ്ങളെ പ്രചരിപ്പിക്കലും ഭരണഘടന അനുശാസിക്കുന്ന മൗലീകാവകാശങ്ങളിൽപ്പെട്ടതുമാണ്‌. അതിനായി സ്വകാര്യ പൊതു ആരാധനാകേന്ദ്രങ്ങൾ ധാരാളമുണ്ട്‌. അവനവ​‍െൻ വീട്ടിലും സ്വന്തം സ്ഥാപനങ്ങളിലും അതാവാം. നാനാമതസ്ഥരും മതവിശ്വാസികളല്ലാത്തവരും നികുതികൊടുത്ത്‌ നിലനിർത്തുന്ന പൊതുസ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും ഇതിന്റെയൊക്കെ ബാഹ്യാചരങ്ങൾ ഒഴിവാക്കിക്കൂടെ. കേരളത്തിൽ വളർന്നുവരുന്ന മത തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ ശക്തിപകരാനുതകുന്ന രീതിയിൽ, വർഗ്ഗീയമായ വ്യാഖ്യാനിക്കാൻ ഇത്തരം കൃത്യങ്ങൾ കാരണമാകുന്നു എന്നതാണ്‌ മറ്റൊരപകടം. സർക്കാർ ഓഫീസുകളിലെ ഇത്തരം ബിംബങ്ങളെ ചൂണ്ടിക്കാട്ടി ഇവിടെ ഇതര മതസ്ഥർക്ക്‌ രക്ഷയില്ലെന്ന്‌ പ്രചരിപ്പിക്കുമ്പോൾ നേർവഴിക്കു ചിന്തിക്കുന്നവർക്ക്‌ മറുപടി പറയാനാകാത്ത അവസ്ഥയുണ്ടാകും. സർക്കാർ ഓഫീസുകളിൽ മാത്രമല്ല, സർക്കാർ വാഹനങ്ങളിലും, സർക്കാർ നൽകുന്ന താമസസ്ഥലങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, (മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അല്ല) മതചിഹ്‌നങ്ങൾ പ്രദർശിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്‌. ഇത്‌ വിശ്വാസികളായ സമൂഹത്തിന്റെ വൈകാരികതയെ ഇളക്കിവിട്ടുകൊണ്ട്‌ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണോ? ഏതായാലും ശരി, പ്രവണതകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നുണ്ട്‌. അതിന്റെ ഭാഗമാണ്‌ തീവ്രവാദശബ്ദം അനുകരിക്കുന്ന ക്യാമ്പസ്‌ സംഘടനകളുടേയും മറ്റും ഉത്ഭവം. കുറ്റം ഇവരുടേതല്ല. ജനാധിപത്യ ഭരണസംവിധാനം ശരിയായ രീതിയിൽ വിനിയോഗിക്കാത്തതിന്റേതാണ്‌.

മതസൗഹാർദ്ദത്തേയും ജനാധിപത്യ സാമൂഹികാവസ്ഥകളേയും തകിടം മറിക്കാനുതകുന്ന തരത്തിൽ മതചിഹ്‌നങ്ങളേയും മത ആചാരങ്ങളേയും പൊതുദർശനത്തിനുവയ്‌ക്കാൻ മതേതര ഭാരതത്തിന്റെ ജനാധിപത്യസംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രവണത നമ്മുടെ ഭരണകൂടവും നീതി, നിയമസംവിധാനങ്ങളും അനുവദിച്ചുകൊടുക്കാൻ പാടില്ല.

ജനാധിപത്യരാഷ്ര്ടമായ ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഉണ്ടെന്നതിന്റെ അർത്ഥം മതങ്ങൾക്ക്‌ പൊതുസംവിധാനങ്ങൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗപ്പെടുത്താം എന്നല്ല. സംസ്‌കാരത്തിനും ജനാധിപത്യത്തിനും, സാമൂഹിക സുരക്ഷിതത്വത്തിനും മതസൗഹാർദ്ദത്തിനും കോട്ടം തട്ടാതെ മതസ്വാതന്ത്ര്യം ഉപയോഗിക്കാം എന്നതാണ്‌. അതല്ലേ ശരിയും….

നീതിപീഠങ്ങളും ജനാധിപത്യസംവിധാനങ്ങളും അടിയന്തിര ശ്രദ്ധ നൽകേണ്ട താഴെ പറയുന്ന വിഷയങ്ങളിൽ വായനക്കാരുടെ അഭിപ്രായങ്ങൾ അറിയിക്കുകഃ-

eswarg74@gmail.com

* രാഷ്ര്ടപതിമന്ദിരം മുതൽ വില്ലേജ്‌ ഓഫീസ്‌ വരെയുള്ള ഒരു സർക്കാർ സ്ഥാപനങ്ങളിലും അഥവാ നാനാജാതിമതസ്ഥരും, ദൈവ-മതവിശ്വാസികളല്ലാത്തവരും പ്രയോജനപ്പെടുത്തുകയോ, ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഒരു പൊതുസ്ഥലങ്ങളിലും മതചിഹ്‌നങ്ങളോ, സന്ദേശങ്ങളോ പ്രദർശിപ്പിക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തുന്നതോ തടയേണ്ടതാണ്‌. പൊതുകേന്ദ്രങ്ങളിൽ ആരാധനാലയം ആവശ്യമാണെങ്കിൽ അവിടെ സർവ്വമത ആരാധനാകേന്ദ്രങ്ങൾ ആകാവുന്നതാണ്‌. ഉത്സവങ്ങൾ, പൊതു മതപരിപാടികൾ എന്നിങ്ങനെയുള്ള ആവശ്യങ്ങളുടെ പരസ്യം പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ അവയ്‌ക്ക്‌, മറ്റു മതേതര ആവശ്യങ്ങൾക്ക്‌ ഈടാക്കുന്ന എല്ലാ നികുതികളും ഈടാക്കുക. മതപ്രചരണം രാജ്യതാല്പര്യമല്ല. അത്‌ മതവിശ്വാസികളുടെ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ മതവിശ്വാസികളുടെ ചിലവിൽതന്നെയാണ്‌ ഇത്തരം കാര്യങ്ങൾ നടത്തേണ്ടത്‌. ഇതിനാവശ്യമായ നിയമനിർമ്മാണത്തിന്‌ മതേതര ജനാധിപത്യരാഷ്ര്ടത്തിന്റെ നിലനിൽപ്പ്‌ ആഗ്രഹിക്കുന്ന എല്ലാവരും മുൻകൈയെടുക്കുക.

* ജാതി-മതസൂക്തങ്ങളും, ജാതി-മതവിഗ്രഹങ്ങളും, ആരാധനാകേന്ദ്രങ്ങളും കേരളത്തിലെ റെയിൽവേസ്‌റ്റേഷനുകളിലും, ബസ്‌സ്‌റ്റാൻഡുകളിലും പൊതുഭരണ ഓഫീസുകളിലുമൊക്കെ സ്ഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്‌. ഈ പ്രവണതയെ വളരെ വേഗത്തിൽ തടയേണ്ടതാണ്‌.

* സർക്കാരിന്റെ പൊതുഖജനാവിൽനിന്ന്‌ പ്രത്യക്ഷമോ പരോക്ഷമോ ആയ ആനുകൂല്യങ്ങൾ പറ്റുന്ന പൊതുവിദ്യാഭ്യാസസ്ഥാപനത്തിലും മതചിഹ്‌നങ്ങൾ, മതസൂക്തങ്ങൾ, മതപ്രസിദ്ധീകരണങ്ങൾ എന്നിവ ഉപയോഗിക്കാനോ, വിദ്യാർത്ഥികൾക്ക്‌ അവ പകർന്നുനൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ അനുവദിച്ചുകൂടാത്തതാകുന്നു. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾ മതപരമായ ആവശ്യങ്ങൾക്ക്‌ വിനിയോഗിക്കുന്നതും തടയേണ്ടതാണ്‌. അതോടൊപ്പം എല്ലാ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിലും രാഷ്ര്ടപിതാവിന്റെ ചിത്രം പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനും, രാഷ്ര്ടപിതാവിന്റെ സൂക്തങ്ങൾ പ്രചരിപ്പിക്കാനും സംവിധാനം രൂപപ്പെടുത്തുകയും വേണം. ഇത്‌ വളർന്നുവരുന്ന യുവതലമുറയിൽ മതേതരബോധം വളർത്താൻ നിർണ്ണായക പങ്കുവഹിക്കും. മതസ്ഥാപനങ്ങൾക്കും, മതസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കും നൽകുന്ന പ്രത്യേക ഇളവുകൾ തടയുക, ഇത്തരം ആവശ്യങ്ങൾക്കുള്ള ഫണ്ട്‌ പൊതുഖജനാവിൽ നിന്നല്ല, കണ്ടെത്തേണ്ടത്‌. അത്‌ മതസ്ഥാപനങ്ങളുടെ വിശ്വാസപരമായ വരുമാനങ്ങളിൽ നിന്ന്‌ കണ്ടെത്തേണ്ടതാണ്‌. ഇവയെല്ലാം തന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടനുബന്ധിച്ച്‌ നടപ്പിലാക്കേണ്ടതാണ്‌.

* മതത്തിന്റെ പേര്‌ രാഷ്ര്ടീയപാർട്ടികളുടെ പേരിനോട്‌ ബന്ധിപ്പിക്കുന്നതും, രാഷ്ര്ടീയപാർട്ടികൾക്ക്‌ മതത്തിന്റെ പേരുമായി ബന്ധമുള്ള പേര്‌ അനുവദിക്കുന്നതും തടയേണ്ടതാണ്‌. നിലവിലുള്ള അത്തരം രാഷ്ര്ടീയപാർട്ടികളോട്‌ ഭാരതത്തിന്റെ പൊതുതാല്പര്യം കണക്കിലെടുത്തുകൊണ്ട്‌ പേരുകൾ മാറ്റുവാൻ നിർദ്ദേശിക്കുക. പ്രത്യേകിച്ച്‌ ജനാധിപത്യ സംവിധാനത്തിൽ നേരിട്ട്‌ ഇടപെടുന്ന ഒരു രാഷ്ര്ടീയപാർട്ടികൾക്കും ഇത്തരം ആനുകൂല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാൻ പാടില്ല. സാമുദായിക-ജാതീയ സംഘടനകൾ മതാടിസ്ഥാനത്തിൽ സംഘടിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇതുവരെ വിജയമായിട്ടില്ല എന്നു കരുതി നാളെ അത്‌ സംഭവിച്ചുകൂടെന്നില്ല. അങ്ങിനെവന്നാൽ ഇവിടെ ഹിന്ദു ലീഗും, ക്രിസ്‌ത്യൻ ലീഗും രൂപപ്പെടും. ഇവ ചിലപ്പോൾ രാഷ്ര്ടീയപ്രസ്ഥാനങ്ങളുമാകാം. അത്തരം ഒരവസ്ഥ വന്നാൽ സംസ്ഥാനത്ത്‌ ജാതി-മത-വർഗ്ഗീയ പ്രശ്നങ്ങൾ ഒഴിഞ്ഞ സമയം ഉണ്ടാകില്ല. (എസ്‌.എൻ.ഡി.പിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട കേരള ജനകീയവേദി, കേരള ഹിന്ദു ലീഗ്‌ എന്ന പേര്‌ സ്വീകരിക്കാതിരുന്നത്‌ മഹാഭാഗ്യം).

* ജാതി-മതപ്രസിദ്ധീകരണങ്ങൾക്കും, ജാതി-മതതാല്പര്യങ്ങൾ, വിശ്വാസങ്ങൾ എന്നിവ പ്രചരിപ്പിക്കാനുപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കും നൽകുന്ന തപാൽ ഇളവുകൾ ഉൾപ്പെടെയുള്ള എല്ലാ ഇളവുകളും നിർത്തലാക്കുക. ഇത്തരം പ്രസിദ്ധീകരണങ്ങൾ മുകളിൽ പറഞ്ഞതുപോലെ മതത്തിന്റെ വിശ്വാസപരമായ വരുമാനങ്ങളിൽ നിന്ന്‌ പണം കണ്ടെത്തി പ്രചരിപ്പിക്കാവുന്നതാണ്‌. ഇത്തരത്തിലുള്ള ഒരു പ്രവർത്തികൾക്കും ജനാധിപത്യരാഷ്ര്ടത്തിന്റെ പൊതുഖജനാവ്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗപ്പെടുത്താൻ പാടില്ല, ഇതിന്‌ രാജ്യത്തിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയമങ്ങളിലും, രജിസ്‌ട്രാർ ഓഫ്‌ ന്യൂസ്‌ പേപ്പർ ഫോർ ഇന്ത്യയുടെ നിയമങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടത്‌ അനിവാര്യമാണ്‌.

* സ്വന്തം ഉടമസ്ഥതയിൽ, പാർട്‌നർഷിപ്പിൽ, പ്രൈവറ്റ്‌ ലിമിറ്റഡ്‌ സ്ഥാപനങ്ങളിൽ അല്ലാതെ പബ്ലിക്‌ ഷെയർ ഇഷ്യു നടത്തിയിട്ടുള്ള അഥവാ പൊതുജനങ്ങളിൽ നിന്ന്‌ കടപ്പത്രം വഴി നിക്ഷേപം സ്വീകരിക്കുന്ന ഒരു സ്ഥാപനത്തിലും അത്‌, പത്രസ്ഥാപനങ്ങളോ, ബാങ്കുകളോ എന്തുമാകട്ടെ, അവിടെയൊന്നും മതചിഹ്‌നങ്ങൾ പ്രദർശിപ്പിക്കുകയോ, മറ്റേതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്തുകയോ, ദുരുപയോഗം ചെയ്യുന്നതോ തടയുക.

* സ്വകാര്യവാഹനങ്ങൾ ഒഴികെയുള്ള ടാക്സി പെർമിറ്റ്‌ നൽകുന്ന ഒരു വാഹനത്തിലും മതം വ്യക്തമാക്കുന്ന പേരുകൾ ഇടാൻ പാടില്ലാത്ത നിയമം കൊണ്ടുവരിക. അതോടൊപ്പം ഇത്തരം വാഹനങ്ങളിൽ മതചിഹ്‌നങ്ങളും ജാതിസൂക്തങ്ങളുമൊക്കെ പ്രദർശിപ്പിക്കുന്നതും തടയുക. ഇതിന്‌ ആർ.ടി.ഒ തലത്തിലുള്ള നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌.

* പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനും അവന്റെ മറ്റു സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങുതടി സൃഷ്ടിക്കുന്ന തരത്തിൽ ഏതെങ്കിലും മതത്തിന്റെ ആരാധനാലയങ്ങൾ ഉണ്ടെങ്കിൽ അവ സൗകര്യപ്രദമായ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുക. അതോടൊപ്പം മേലിൽ ഇത്തരം വിലങ്ങുതടികൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തുക. (എല്ലാ ആരാധനാകേന്ദ്രങ്ങളും അവരവരുടെ ദൈവങ്ങൾക്കുള്ള മഹത്വം വളർത്തുന്നതിനുവേണ്ടി റോഡുകളിലും പൊതുസ്ഥലങ്ങളിലും തിരക്ക്‌ വർദ്ധിപ്പിച്ചുകാണിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്‌).

* സംഘടനകളുടെ പേരിലും ചാരിറ്റബിൾ ട്രസ്‌റ്റിന്റെ പേരിലും വിദേശത്തുനിന്ന്‌ കേരളത്തിലെത്തുന്നതും, ഇന്ത്യയിൽ നിന്ന്‌ വിവിധമാർഗങ്ങളിലൂടെ ലഭിക്കുന്നതുമായ പണത്തിന്റെയും അവ ഉപയോഗിച്ചതിന്റെയും കണക്കുകൾ ഓരോ മൂന്നുമാസം കൂടുമ്പോഴും സംഘടനകളും, ചാരിറ്റബിൾ ട്രസ്‌റ്റുകളും പരസ്യമാക്കുക. എങ്ങിനെയെന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ റിലീജിയൺ റഗുലേറ്ററി അതോറിറ്റി (RRA) രൂപീകരിക്കുക. എങ്ങിനെയെന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ റിലീജിയൺ ഫിനാൻസ്‌ കൺട്രോൾ ബോർഡ്‌ (RFCB) സ്ഥാപിക്കുക. ഈ വകുപ്പിന്‌ സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണമോ, അതുമല്ലെങ്കിൽ പൊതു വെബ്‌സൈറ്റോ ഉണ്ടായിരിക്കണം. വെബ്‌സൈറ്റാണെങ്കിൽ, കേരളത്തിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളതും മറ്റെവിടെയെങ്കിലും രജിസ്‌റ്റർ ചെയ്ത്‌ കേരളത്തിൽ പ്രവർത്തിക്കുന്നതുമായ എല്ലാ സംഘടനകളും ചാരിറ്റബിൾ സ്ഥാപനങ്ങളും ഈ സൈറ്റിൽ ലിസ്‌റ്റ്‌ ചെയ്യുക. അതാതു സംഘടനകളുടെ & ട്രസ്‌റ്റുകളുടെ ലിങ്കുകളിൽ കയറിയാൽ ഇവരുടെ ഓരോ മൂന്നുമാസത്തേയും കണക്കുകൾ ഉൾപ്പെടെ പൊതുവായി സമൂഹം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ലഭ്യമാകണം. (ഈ സംവിധാനം പല വിദേശരാഷ്ര്ടങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്‌) ഈ വെബ്‌സൈറ്റുകൾ ഏതു സാധാരണക്കാരനും മനസ്സിലാകാവുന്ന രൂപത്തിൽ സംസ്ഥാനത്തിന്റെ മാതൃഭാഷയിലായിരിക്കണം. ഇങ്ങനെ വരുമ്പോൾ സംഘടന & ട്രസ്‌റ്റുകളുടെ അഴിമതികൾ പലരും ചൂണ്ടിക്കാണിക്കും. മാത്രവുമല്ല അഴിമതിയുണ്ടെന്ന്‌ RFCBക്ക്‌ മനസ്സിലായാൽ നടപടികൾ സ്വീകരിക്കുകയും ചെയ്യാവുന്നതാണ്‌. ഇതോടൊപ്പം കേരളത്തിൽ വിദേശഫണ്ട്‌ സ്വീകരിക്കാനും അവ വിനിയോഗിക്കാനും ലൈസൻസുകളുള്ള എത്ര സ്ഥാപനങ്ങളുണ്ടെന്നും അവയെല്ലാം കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ എത്ര ഫണ്ട്‌ കേരളത്തിലെത്തിച്ചിട്ടുണ്ടെന്നും ഇങ്ങനെ ലഭിച്ച ഫണ്ടിൽ എത്ര ശതമാനം പൊതുസമൂഹത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനസർക്കാർ അന്വേഷണവിധേയമാക്കുക.

* സംഘടനകളിലേയും ട്രസ്‌റ്റുകളിലേയും ഭരണസമിതി അംഗങ്ങളിൽ മുപ്പത്തഞ്ചു ശതമാനം സംവരണം സ്ര്തീകൾക്കു നിർബന്ധമാക്കുക. മതേതരമായി രജിസ്‌റ്റർ ചെയ്യുന്ന സംഘടനകൾക്കു മാത്രം വിദേശഫണ്ട്‌ സ്വീകരിക്കാനും വിനിയോഗിക്കുവാനുമുള്ള ആർ.ബി.ഐ ലൈസൻസുകളും കേന്ദ്രസംസ്ഥാന സർക്കാർ ലൈസൻസുകളും നൽകാൻ പാടുള്ളൂ. നിലവിലുള്ള എല്ലാ മത-ജാതി സംഘടനകളുടേയും വിദേശഫണ്ട്‌ സ്വീകരിക്കാനുള്ള സംവിധാനം തടയുക.

മതസംഘടനകളെ തിരിച്ചറിയാൻ വളരെയെളുപ്പമാണ്‌. ഭരണസമിതി അംഗങ്ങൾ പൂർണ്ണമായും ഏതെങ്കിലും ഒരു മതത്തെ പ്രതിനിധീകരിക്കുന്നവരാണെങ്കിൽ അത്തരം സംഘടനകളുടെ ഉദ്ദേശം മതതാല്പര്യത്തിനും മതപ്രചരണത്തിനുമായിരിക്കും എന്നത്‌ ലളിതമാണ്‌. ട്രസ്‌റ്റുകൾ & സംഘടനകൾ രജിസ്‌റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ഇനി പറയുന്ന മാറ്റമോ, അതുമല്ലെങ്കിൽ അനുയോജ്യമായ മറ്റു മാറ്റങ്ങളോ ഉടനെ ഉൾപ്പെടുത്തേണ്ടതാണ്‌. ”ഏതൊരു സംഘടനയും, ട്രസ്‌റ്റും രൂപീകരിക്കുന്നതിന്‌ അതാതുകാലത്തെ ഭരണസമിതി അംഗങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ ഏതെങ്കിലും രണ്ടുമതത്തിൽ നിന്നുള്ള വ്യക്തികൾ ഉൾപ്പെടേണ്ടതാണ്‌. അല്ലാത്തവയ്‌ക്ക്‌ ട്രസ്‌റ്റ്‌ & സംഘടന നിയമമനുസരിച്ച്‌ പ്രവർത്തിക്കാൻ പാടില്ലാത്തതാകുന്നു“. 1860ലെ 21-​‍ാം നമ്പർ ആക്ടും നിയമവും, 1955ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ര്തീയ, ധർമ്മസംഘങ്ങൾ രജിസ്‌ട്രാക്കൽ നിയമവും അനുസരിച്ചാണ്‌ നിലവിൽ സംഘടനകൾ രൂപം കൊള്ളുന്നത്‌. കാലഹരണപ്പെട്ട, നിരവധി പഴുതുകളുള്ള ഈ നിയമങ്ങളെല്ലാം 21-​‍ാം നൂറ്റാണ്ടിനനുയോജ്യമായി പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

* മതസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഭരണത്തിൽ നിന്ന്‌ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ വിട്ടുനിൽക്കുക മതസ്ഥാപനങ്ങളുടെ ഭരണത്തിൽ സർക്കാരിന്റെ നേരിട്ടുള്ള ഭരണം ഉപേക്ഷിക്കുക. പകരം റിലീജിയൺ റഗുലേറ്ററി അതോറിറ്റി (RRA)യുടെ നിയന്ത്രണങ്ങൾ മാത്രം ബാധകമാക്കുക. ഓരോ മതത്തിന്റേയും വിശ്വാസപരമായ വരുമാനങ്ങൾ അതാതു മതത്തിന്റെ വികസനത്തിനായി അവർ ഉപയോഗിക്കട്ടെ. ജനാധിപത്യത്തിനും, സാമൂഹികനന്മയ്‌ക്കും കോട്ടം തട്ടാതിരിക്കാനുള്ള നിയന്ത്രണങ്ങൾക്ക്‌ RRA നേതൃത്വം നൽകുക. അപകടകരമാകുന്നു എന്ന സന്ദർഭങ്ങളിൽ നീതിപീഠങ്ങളും മറ്റു ജനാധിപത്യ സംവിധാനങ്ങളും ശക്തമായി ഇടപെടുക.

* ജനാധിപത്യരാഷ്ര്ടത്തിന്റെ പൊതുഖജനാവിൽ നിന്ന്‌ സാമ്പത്തിക ഇളവുകൾ എന്ന പേരിൽ ന്യൂനപക്ഷപ്രീണനത്തിനുവേണ്ടി സമ്പത്തുപയോഗിച്ചുകൊണ്ട്‌ ഹജ്ജുപോലുള്ള മതകർമ്മങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇതര മതസ്ഥരിൽ അസംതൃപ്തി ഉളവാക്കുന്നുണ്ട്‌. ജനാധിപത്യരാഷ്ര്ടത്തിലെ ഇത്തരം പ്രവണതകൾ തീവ്രവാദ പ്രചരണ ക്ലാസുകളിൽ യുവസമൂഹത്തിലേക്ക്‌ വിഷം കുത്തിവയ്‌ക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്‌. അതിനാൽതന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക്‌ ഇളവുകൾ അനുവദിക്കാൻ പാടില്ലാത്തതാകുന്നു.

മതതീവ്രവാദികൾക്കും, ഇത്തരം സംഘടനകൾക്കും ഉപയോഗപ്പെടുത്താൻ അല്ലെങ്കിൽ, വളർച്ച നേടാൻ സഹായകരമാകുന്ന എല്ലാ തുടക്കങ്ങളേയും (അതെ, തുടങ്ങിയിട്ടേയുള്ളു) സുശക്തമായിത്തന്നെ തടയേണ്ടത്‌ മതേതര ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിർത്തുന്ന നമ്മുടെ സംസ്ഥാനത്തിന്റെ ആവശ്യമാണ്‌. ഇത്‌ തിരിച്ചറിയാൻ ഭരണാധികാരികളും, നിയമ-നീതിപാലകരും ഇനിയും വൈകിയാൽ ദൈവത്തിന്റെ നാട്‌ കത്തിയെരിയാൻ അധികകാലം വേണ്ടിവരില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ പ്രമാണം.

ഹജ്ജ്‌ സബ്‌സിഡി ഇസ്ലാമിന്‌ അനുവദനീയമോ?

”ഉത്തമമല്ല എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. എനിക്ക്‌ ഹജ്ജിന്‌ പോകാൻ കഴിഞ്ഞാൽ, ഞാൻ ഈ ഇളവുകൾ വാങ്ങിക്കില്ല.“

(ഹജ്ജ്‌ സബ്‌സിഡിയുമായി ബന്ധപ്പെട്ട ഇസ്ലാം മതനിയമങ്ങൾ അറിയുന്നതിനു വേണ്ടി ലേഖകൻ സമീപിച്ച ഒരു ഇസ്ലാമിക പണ്ഡിതനോടുള്ള ആദ്യ ചോദ്യത്തിന്റെ ഉത്തരമാണ്‌ മുകളിൽ നൽകിയത്‌. ചോദ്യം തുടർന്നു….)

* കാരണം?

ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചു, താൻ ചിലവിനുകൊടുക്കൽ നിർബന്ധമാക്കിയവരുടെ, ഹജ്ജിന്‌ പോയി കുടുംബത്തിൽ എത്തിച്ചേരുന്നതുവരെയുള്ള എല്ലാ ചിലവുകളും വഹിക്കാൻ കഴിയണം. വിവാഹപ്രായമായ പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെയുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന്‌ പരിപൂർണ്ണമായും മോചനം ലഭിച്ചിട്ടുണ്ടാവണം. അറിഞ്ഞുകൊണ്ട്‌ ഒരു രൂപയുടെ കടംപോലും ഹജ്ജിന്‌ പോകുന്ന വ്യക്തിക്ക്‌ ഉണ്ടാകാൻ പാടില്ല. നിർബന്ധമാക്കപ്പെട്ട നിയമങ്ങൾ അവിടെയും തീരുന്നില്ല. ഏതെങ്കിലും വ്യക്തികളോട്‌ പക, വിദ്വേഷം തുടങ്ങിയ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അവയ്‌ക്ക്‌ ആ വ്യക്തിയോട്‌ മാപ്പ്‌ ചോദിക്കുകയും അവർ അത്‌ പൊറുത്തു നൽകുകയും വേണം. ഇത്തരം നിരവധി നിർബന്ധിത നിയമങ്ങൾ പാലിക്കാൻ കഴിയുന്ന വ്യക്തിക്ക്‌ മാത്രമാണ്‌ ഹജ്ജ്‌ നിർബന്ധമായിട്ടുള്ളത്‌.

* ഇസ്ലാമിക നിയമപ്രകാരം ഹജ്ജ്‌ സബ്‌സിഡി വാങ്ങാൻ പാടുണ്ടോ? എന്നതാണ്‌ ചോദ്യം

ഇല്ല എന്നു തന്നെ പറയാം. സ്വയം വരുത്തിവെച്ച ഒരുരൂപ പോലും കടബാദ്ധ്യത ഉണ്ടാവാൻ പാടില്ല എന്ന്‌ നിയമങ്ങൾ അനുശാസിക്കുന്നുണ്ട്‌. അദ്ദേഹം തുടർന്നു… ലക്ഷക്കണക്കിന്‌ കോടി ഡോളർ വിദേശം രാഷ്ര്ടങ്ങളിലെ വിവിധ സംവിധാനങ്ങളിൽ കടമെടുത്ത്‌ ഭരണം നടത്തുന്ന രാജ്യമാണ്‌ നമ്മുടെ മാതൃഭൂമി. ഇത്‌ ഓരോ വ്യക്തിക്കും അറിയാവുന്ന കാര്യമാണ്‌. പ്രായപൂർത്തിയായ മുഴുവൻ ഇന്ത്യാക്കാരിൽ നിന്നും നികുതി പിടിച്ചു വാങ്ങിച്ചാൽ പോലും തീർക്കാൻ കഴിയാത്ത കടബാദ്ധ്യതയുള്ള നമ്മുടെ ഖജനാവിൽ നിന്ന്‌ ഒരുരൂപ പോലും ഈ കർമ്മത്തിനായി വാങ്ങുന്നത്‌, പ്രസ്തുത കർമ്മത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്‌.

* അങ്ങയുടെ അഭിപ്രായത്തിൽ ഹജ്ജിനുള്ള ഇളവുകൾ ഗവൺമെന്റ്‌ അനുവദിക്കാൻ പാടില്ല എന്നാണോ?

ഞാൻ പറഞ്ഞല്ലോ.. ഉത്തമമല്ല. ഇതെനിക്കറിയാവുന്ന ഇസ്ലാമിക നിയമങ്ങളിൽ നിന്നാണ്‌ പറയുന്നത്‌. ഹജ്ജിനു മാത്രമല്ല ഒരു മതത്തിന്റെയും വിശ്വാസപരമായ കർമ്മങ്ങൾക്ക്‌ ജനാധിപത്യ രാഷ്ര്ടത്തിന്റെ ഫണ്ട്‌ വിനിയോഗിക്കുന്നത്‌ ശരിയായ നടപടിയായി എനിക്കു തോന്നുന്നില്ല. പോകാനുള്ള സംരക്ഷണവും സൗകര്യവും ഒരു രാഷ്ര്ടത്തിന്റെ കടമ എന്നുള്ള നിലയിൽ ചെയ്യാം.

അടിസ്ഥാന വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, പാർപ്പിടം, വ്യവസായം, തൊഴിൽമേഖല തുടങ്ങിയ സാമൂഹിക സാമ്പത്തിക രംഗത്താണ്‌ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക്‌ ഗവൺമെന്റിന്റെ സഹായം വേണ്ടത്‌. അല്ലാതെ, മുസ്ലീം സമൂഹത്തിന്റെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്‌ നിയോഗിച്ച്‌ ജസ്‌റ്റിസ്‌ രജീന്ദർ സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകളിലോ, 1983ൽ ഗോപാൽ സിംഗ്‌ കമ്മറ്റിയുടെ റിപ്പോർട്ടിലോ ഹജ്ജ്‌ കർമ്മം ചെയ്യാൻ മുസ്ലിം സമൂഹം സാമ്പത്തിക പ്രശ്നം നേരിടുന്നുണ്ട്‌, അതിനാൽ, ഈ കർമ്മത്തിന്‌ ഇളവുകൾ നൽകണമെന്നുള്ള കണ്ടെത്തലുകളോ നിർദ്ദേശങ്ങളോ ഈ റിപ്പോർട്ടുകളിലും ഉണ്ടായിട്ടില്ല, പിന്നെ ഇതൊക്കെ രാഷ്ര്ടീയ മുതലെടുപ്പാണ്‌. അല്ലാതെ എന്ത്‌…? (ഒരു മതസ്ഥാപനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട്‌ എന്റെ പേര്‌ പരസ്യപ്പെടുത്തരുത്‌. ഇദ്ദേഹത്തിന്റെ അഭ്യർത്ഥനയെ മാനിക്കുന്നതു കൊണ്ട്‌ പേര്‌ പ്രസിദ്ധപ്പെടുത്തുന്നില്ല.)

തിരിച്ചറിവ്‌ഃ

ഇസ്ലാമിക സമൂഹത്തിന്റെ നിയമങ്ങൾ അറിയുന്ന പലരെയും ലേഖകൻ ബന്ധപ്പെട്ടിരുന്നു. അതിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം സമാനമാണ്‌. ബാക്കിയുള്ളവർ-ഇടപെടില്ല, പഠിക്കണം തുടങ്ങിയ മറുപടികൾ നൽകി. മറ്റു ചില മേഖലകളിൽ ബന്ധപ്പെട്ടപ്പോൾ, ചില ഹൈന്ദവ തീവ്രവാദ സംഘടനകളുടെ ശാഖാ ക്ലാസുകളിലും മറ്റും ഇതൊരു വിഷയമായി ചർച്ചചെയ്യപ്പെടുന്നുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.

ഇത്‌ തീവ്രവാദം ശക്തിപ്പെടുത്തുകയല്ലേ…? ഇസ്ലാമിന്റെ നിയമങ്ങൾ അറിയുന്നവർ പോലും ഹജ്ജ്‌ സബ്‌സിഡി ഉത്തമമല്ല എന്നു പറയുമ്പോൾ, പിന്നെ, എന്തിനുവേണ്ടി, ആർക്കുവേണ്ടിയാണ്‌ പ്രശ്നങ്ങൾ വളർത്താൻ മാത്രമായി ജനാധിപത്യ സംവിധാനം ദുരുപയോഗം ചെയ്യുന്നത്‌ അനാവശ്യമായ ന്യൂനപക്ഷ പ്രീണനങ്ങൾ എന്തെല്ലാം അപകടങ്ങളാണ്‌ വരുത്തിവെയ്‌ക്കുന്നത്‌. നീതിപീഠവും ഭരണകർത്താക്കളും ചിന്തിക്കേണ്ട സമയം അതിക്രമിക്കുന്നു.

Generated from archived content: politics1_nov19_07.html Author: isahaq_easwaramangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here