ഡോ.എം.എം.ബഷീർ ഃ ജീവിതാനുഭവങ്ങൾ കാവ്യാനുഭവങ്ങളായി പരിണമിക്കുന്നതെങ്ങനെയാണ്? സ്വാനുഭവം ഒന്നു വിശദീകരിക്കാമോ?
ഒ.എൻ.വി ഃ ഞാനെന്നോടുതന്നെ ചോദിച്ചിട്ടുളളതാണീ ചോദ്യം. ഉത്തരം ഇന്നും അപൂർണമായിരിക്കുന്നു. ഈ അപൂർണത നമ്മെ സംബന്ധിക്കുന്ന എല്ലാറ്റിനുമുണ്ടെന്നിരിക്കെ, ഇതിനുളള ഉത്തരവും അപൂർണമാണെന്നറിഞ്ഞുകൊണ്ടുതന്നെ പറയുകയാണ്. മിന്നാമിനുങ്ങ് അതിന്റെ പിൻവെളിച്ചവുമായി സഞ്ചരിക്കുന്നത് തന്റെ സാന്നിധ്യം ആ കൂരിരുട്ടിലും മറ്റാരെയോ അറിയിക്കാനാണെങ്കിൽ, തത്സമമായ ഒരു വൃത്തിയാണ് കവിയും തന്റെ കവിതയിലൂടെ അനുഷ്‌ഠിക്കുന്നത്. പക്ഷികൾക്കില്ലാത്ത, അന്യ ഷട്‌പദങ്ങൾക്കുമില്ലാത്ത ഈ വെളിച്ചം മിന്നാമിനുങ്ങിന്റെ മാത്രം ഭാഷയാണ്. കവിയും സ്വന്തം സാന്നിധ്യമറിയിക്കുവാനുളള മൗലിക ചോദനകൊണ്ട് തന്റേതായൊരു ഭാഷ, സംസാരഭാഷ കടഞ്ഞുകടഞ്ഞുണ്ടാക്കുന്നു. കവിയുടെ ഭാഷയാണ് കവിത എന്നുതന്നെ പറയാം. ആ ഭാഷയിലൂടെ, ജീവിതം തനിക്കു നല്‌കിയ ആഹ്ലാദാതങ്കങ്ങൾ, ആഘാതങ്ങൾപോലും, മറ്റുളളവരുമായി പങ്കിടുന്നതിൽ അയാൾ അപൂർവമായൊരാശ്വാസം അനുഭവിക്കുന്നു. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്ന അനുഭവം ലൗകികമായൊരു തലത്തിൽനിന്നുയരുന്നു എന്നതാണ് പ്രധാനം-ഒരാളിന്റേത് ആരുടേതുമാകുന്നു എന്ന അവസ്ഥയിലേക്കുളള പരിണാമം. ഒരു കവിത കൊണ്ടുദാഹരിക്കാം; ‘കൊല്ലത്തു തീവണ്ടിയാപ്പീസിലമ്പതു കൊല്ലത്തിനപ്പുറം’ നടന്ന ഒരു കാര്യമോർത്തുകൊണ്ടാണ് ‘പാളങ്ങൾ’ എന്ന കവിത തുടങ്ങുന്നത്. അതെന്റെ സ്വകാര്യാനുഭവം മാത്രമാണ്-ഉളളിലെ ചോക്കലേറ്റ് എടുത്തു തിന്നുകൊണ്ട് ഞാൻ വലിച്ചെറിഞ്ഞ നിറപ്പകിട്ടുളള ആ പൊതിക്കടലാസ് ഒരു പാവം കുട്ടി ഓടിവന്നെടുത്ത് മണപ്പിച്ച് കൊതിച്ചു നില്‌ക്കുന്ന കാഴ്‌ച അരനൂറ്റാണ്ടു മുമ്പുളെളാരനുഭവമാണ്. പിന്നെയും പല പതിറ്റാണ്ടുകൾക്കുശേഷം ഷൊർണൂർ റെയിൽവെ ഫ്ലാറ്റ്‌ഫോമിൽ വണ്ടി കാത്തുനില്‌ക്കുമ്പോൾ മറ്റൊരു കാഴ്‌ച കണ്ടുഃ ഏതോ നാട്ടിൽനിന്നു വന്ന റെയിൽക്കൂലിക്കാരായ ആ തന്തയുടെയും തളളയുടെയും തീരാത്ത പയ്യാരംപറച്ചിലിൽനിന്നകന്ന് രണ്ടു കുട്ടികൾ-ഒരാങ്ങളയും കൊച്ചുപെങ്ങളും- ഒരു ഐസ്‌ക്രീം വാങ്ങി പങ്കിടുന്നു. കാലത്തിന്റെ അകന്ന രണ്ടു കോണുകളിൽനിന്ന് ഈ സ്വകാര്യാനുഭവങ്ങളുടെ ഓർമകൾ ചേർന്നുവന്ന് വസ്‌തുപ്രതീകങ്ങളൊരുക്കി സമഗ്രമായ ഒരു കാവ്യാനുഭവമായി പരിണമിക്കുന്നു-അതാണ് ‘പാളങ്ങൾ’. എന്നേ കണ്ടു മറന്ന കാഴ്‌ചയും കേട്ടുമറന്ന ശബ്‌ദവുമൊക്കെ വീണ്ടും ഓർമയിൽ വച്ചടുത്തുമകന്നും തനതായൊരു പാറ്റേൺ സൃഷ്‌ടിക്കുന്നു. ഒന്നിച്ചു നൃത്തം ചെയ്യുന്ന കുട്ടികൾ അരങ്ങിൽ പല സമഗ്ര രൂപങ്ങൾ സൃഷ്‌ടിക്കുംപോലെ. അതിലൗകികമായ സ്വകാര്യാനുഭവങ്ങളാവാം പലപ്പോഴും അവിസ്‌മരണീയമായ കാവ്യാനുഭവങ്ങളായി പരിണമിക്കുന്നത്. ‘അക്ഷരദുഃഖ’ത്തിന്റെയും ‘ബലിക്കുന്നുകളു’ടെയും ‘മുത്തച്ഛ’ന്റെയുമെല്ലാം പിന്നിൽ സ്വകാര്യാനുഭവങ്ങളുണ്ട്. ഏറെ വർഷം മനസ്സിൽ കിടന്നു തുളളിത്തിമിർത്തിട്ടാണ് ‘മുത്തിയും ചോഴിയും’ അക്ഷരങ്ങളിലേക്കിറങ്ങി വന്നത്.
ബഷീർ ഃ ബോധാബോധങ്ങളുടെ സമ്മേളനമാണ് കവിതയെന്ന് പറയാറുണ്ടല്ലോ. അബോധപൂർവമായ രചനയെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
ഒ.എൻ.വി ഃ തീർത്തും അബോധമായ ഒരവസ്ഥയിൽ സൃഷ്‌ടിയുണ്ടാവുന്നില്ല. ബോധനിലാവിനും ഓരോ പക്ഷത്തിലും ഓരോ മുഹൂർത്തത്തിൽപോലും ഓരോ സാന്ദ്രതയാണെന്നോർക്കണം. ദിശാമുഖത്തെങ്ങും തിരഞ്ഞുകണ്ടെത്തുന്ന ആദ്യത്തെ ‘പിറ’പോലെയും, ഉദാസീനദൃഷ്‌ടിയെപ്പോലും തന്റെ സാന്നിധ്യം അനായാസേന അറിയിക്കുന്ന ഉദയപൗർണമിയെപ്പോലെയും ‘ബോധം’ പല തരത്തിലാണ്; പലേ സാന്ദ്രതയിലാണ്. ഇരുട്ടുമുറിയുടെ ഏതോ കോണിൽ ഒളിച്ചിരിക്കുന്ന ഒരു കുട്ടിയെപ്പോലെ, ഉറക്കത്തിലും ബോധത്തിന്റെ തുളളിയെങ്ങോ പതുങ്ങിനില്‌ക്കുന്നു. ഹൃദയമെപ്പോഴും എത്ര വിശ്വസ്‌തതയോടെ ഉറക്കൊഴിഞ്ഞിരുന്ന് നമ്മുടെ നിദ്രയ്‌ക്ക് താളം തരുന്നു! എന്നാൽ, നമ്മുടെ ഹൃദയത്തുടിപ്പ് കേട്ടുകൊണ്ടല്ലല്ലോ നാമുറങ്ങുന്നത്. ഒരു കവിത പകുതിയെഴുതിവച്ചിട്ട് ഉറങ്ങുമ്പോൾ, ഒളിച്ചിരിക്കുന്ന ആ കുട്ടി എന്നെയും ഉപദ്രവിച്ചിട്ടുണ്ട്. വല്ലാത്ത ഒരസ്വസ്ഥതയോടെ എഴുന്നേറ്റിരുന്ന് എഴുത്തു തുടർന്നിട്ടുണ്ട്. കൈയിലെ വിളക്ക് കെട്ടുപോയാലും, ചിരപരിചിതത്വംകൊണ്ട് ഖനിയിൽനിന്ന് ഉദ്ദേശിച്ചത് കോരിയെടുത്തുകൊണ്ട് മുകളിലേക്കു വരുന്ന പാവം പണിക്കാരനെപോലെയാണ് അബോധത്തിലും സർഗനിരതമാകുന്ന മനസ്സ്.
ബഷീർ ഃ ശ്രവ്യവും ദൃശ്യവുമായ ബിംബങ്ങൾ താങ്കളുടെ കവിതയിലുണ്ട്. ഏതുതരം ബിംബങ്ങളാണ് കൂടുതൽ ഫലപ്രദമായി അനുഭവപ്പെടാറുളളത്?
ഒ.എൻ.വി ഃ കാടെനിക്ക് ദൃശ്യമായ സംഗീതമായിത്തോന്നിയിട്ടുണ്ട്. വിവിധ ‘സൊണാറ്റ’കളും ‘മൂവ്‌മെന്റ്‌സും’ ഉളള ഒരു സിംഫണി കണ്ണുകൊണ്ടാസ്വദിക്കുംപോലെ! ‘ദൂരദർശനകൃശ’മായ കാടിനെ ‘ചാരുചിത്രപടഭംഗി’യിൽ ആശാൻ വരച്ചുകാട്ടിയതോർക്കുമല്ലോ. ‘ഉദാരരമണീയ’യായ ‘പൃഥിവി’യെ കാളിദാസൻ വാക്കുകളിലൂടെ ഒരു ദൃശ്യാനുഭവമാക്കുന്നു (ശാകുന്തളം-ഏഴാമങ്കം). വാക്കുകളിൽനിന്ന് കനൽപ്പൊരിയുണ്ടാവാം; മണിയൊച്ചയുമുണ്ടാവാം; നെരിപ്പോടിന്റെ ചൂടും ചൊരിമഞ്ഞിന്റെ കുളിരുമുണ്ടാവാം. ഭാവനയിൽവച്ച് ഇന്ദ്രിയാനുഭൂതികൾക്ക് ദൃശ്യശ്രവ്യഭേദങ്ങളെ മറികടക്കാൻ കഴിയുന്നു. അഞ്ചിന്ദ്രിയങ്ങൾ വെറും കളിവാതിലുകൾ മാത്രം. ഏതു കിളിവാതിലിലൂടെ കടന്നു എന്നതിന്റെ പേരിലാണ് നാം ദൃശ്യം, ശ്രവ്യം എന്നൊക്കെ തരംതിരിക്കുന്നത്. എല്ലാമൊടുവിൽ കേവലമായ ഇന്ദ്രിയാനുഭൂതികളായി പരിണമിക്കുന്നു. അമൂർത്തത്തെ മൂർത്തവത്‌കരിക്കുക എന്നതാണ് ഏതു കലയിലെയും പ്രശ്‌നം; കവിതയിലും അതെ. മൂർത്തവത്‌കരിക്കുന്നത് ബിംബങ്ങളിലൂടെ, വസ്‌തുപ്രതീകങ്ങളിലൂടെയാണ്. ഒടുവിൽ ‘ഇന്ദ്രിയ’ത്തെക്കാൾ ‘സംവേദനം’ പ്രാധാന്യം നേടുന്നു. അവിടെ ദൃശ്യശ്രവ്യഭേദങ്ങളെല്ലാം ഒന്നിൽ- സംവേദനത്തിലൂടെയുളള സമഗ്രാനുഭവത്തിൽ-ലയിക്കുന്നു.
ബഷീർ ഃ താങ്കളുടെ കവിതയിൽ കാവ്യവിഷയത്തിനിണങ്ങുന്ന ഭാഷയും ബിംബങ്ങളും സ്വയമേവ വന്നു ഭവിക്കുന്നതോ, ബുദ്ധിപരമായ അന്വേഷണത്തിന്റെ ഫലമായി വന്നു ഭവിക്കുന്നതോ?
ഒ.എൻ.വി ഃ കൈവരുന്നതാണ്; അന്വേഷിച്ചു കണ്ടുപിടിക്കുന്നതല്ല. എന്നാൽ, കൈവന്നത് കണ്ണുമടച്ച് സ്വീകരിക്കുകയല്ല-കൈയിൽ വന്ന വാക്കിനെയോ ബിംബത്തെയോ നോക്കി ‘ഇതല്ല, ഇതല്ല’ എന്ന് മനസ്സ് ചിലപ്പോളസ്വസ്ഥമാവുന്നു. ആ അസ്വാസ്ഥ്യത്തെ കെടുത്തിക്കൊണ്ട് ശരിയായത് പൊടുന്നനെ പ്രത്യക്ഷപ്പെട്ടെന്നുവരാം. വാതിലിനു പിന്നിൽ മറഞ്ഞുനിന്ന് ‘ഒളിച്ചു’ എന്നു പറഞ്ഞ് കുട്ടിയെ തെല്ലുനേരം പരിഭ്രമിപ്പിച്ചിട്ട് മുതിർന്നവർ പെട്ടെന്ന് മുന്നിൽ വരുംപോലെ! അപ്പോൾ ഉണ്ടാവുന്ന ആഹ്ലാദം, പേറ്റുനോവുകൊണ്ട് കരഞ്ഞുപോകുന്നൊരമ്മയ്‌ക്ക്, പിന്നെ, തന്റെയടുത്തു ചേർന്ന് കുഞ്ഞിന്റെ മുഖം കാണുമ്പോളുണ്ടാവുന്ന ആഹ്ലാദം പോലെയാണ്.
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അപരാഹ്‌നം എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തിൽനിന്ന്)
Generated from archived content: interview_july28.html