കെടാമംഗലം കഥ പറയുമ്പോൾ….

കഥയെ ഹൃദയത്തിൽ നിന്നുമെടുത്ത വാക്കുകൾകൊണ്ട്‌ പ്രേക്ഷകനെ തൊട്ടറിയിക്കുമ്പോൾ കഥാപ്രാസംഗികൻ ധന്യനാകുന്നു. തബലയുടേയും ഹാർമോണിയത്തിന്റേയും താളത്തിൽ ഇവർ കഥ പറയുമ്പോൾ നമ്മുടെ ആത്മാവിലേയ്‌ക്ക്‌ മലയാളസാഹിത്യവും ലോകസാഹിത്യവും കടന്നുവരുന്നു. പുസ്തകശാലയുടെ പൊടിപിടിച്ച അലമാരകളിൽ വിശ്രമിക്കേണ്ട പല മഹാകൃതികളും കഥാപ്രസംഗവേദിയിലൂടെ അക്ഷരമറിയാത്ത സാധാരണക്കാരന്റെ വിജ്ഞാനലോകത്തെത്തുന്നു. കഥ പറയുന്നത്‌ രസിക്കാൻ വേണ്ടി മാത്രമല്ലെന്നും കഥയിൽ കഴമ്പുണ്ടെന്നും കാലത്തെ മാറ്റേണ്ട പല ഉൾവിളികളും ഈ കഥയിലൂടെ തനിക്ക്‌ പറയാനുണ്ടെന്നും അതിലൂടെ സമൂഹത്തിന്റെ വൃണിതരൂപത്തിന്‌ നേരെ സമരം ചെയ്യുവാൻ കഴിയുമെന്നും കഥ പറയുന്നവൻ മനസ്സിലാക്കിയിരുന്നു. ഇന്ന്‌ കഥാപ്രാസംഗികന്റെ മുന്നിൽ ആളുകൾ ഏറെ കുറവ്‌. ഗാനമേളകളും, മിമിക്‌സ്‌ പരേഡുകളും തകർന്നാടുമ്പോൾ കാലത്തിന്റെ കണ്ണുമായി ജനങ്ങളുടെ പക്ഷത്തുനിന്നും സംവദിച്ച ഈ കലാരൂപം കിതയ്‌ക്കുകയാണ്‌. പഴഞ്ചൻ എന്ന ഓമനപ്പേരിൽ പുതിയ തലമുറ പരിഹസിക്കുമ്പോഴും നേരിന്റെ കനമുളള ഈ കലാരൂപത്തെ നമുക്ക്‌ അത്ര പെട്ടെന്ന്‌ മറക്കാനാവില്ല.

കഥാപ്രസംഗവേദിയിൽ തിളങ്ങിയവർ ഏറെയുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ നിന്നും മായ്‌ക്കാൻ കഴിയാത്ത രണ്ടുപേർ മാത്രമെയുളളൂ. അന്തരിച്ച വി.സാംബശിവനും, കെടാമംഗലം സദാനന്ദനും.

കഥാപ്രസംഗവേദിയിൽ ആറുപതിറ്റാണ്ടിന്റെ സാന്നിധ്യവുമായി എഴുപത്തിയൊൻപതാം വയസ്സിൽ എത്തി നില്‌ക്കുകയാണ്‌ കെടാമംഗലം. വാക്കുകൾ അളന്നുമുറിച്ച്‌ പറഞ്ഞും, പാട്ടുകൾ താളപ്പിഴവില്ലാതെ ആലപിച്ചും കഥാപാത്രമാരെന്ന്‌ അഭിനയത്തിന്റെ സൂക്ഷ്മതയിൽ മുഖത്ത്‌ വരുത്തിയും കെടാമംഗലം തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌.

1944 ജനുവരി 18-ന്‌ പൊന്നുരുന്നി എന്ന സ്ഥലത്ത്‌ പെട്രോമാക്‌സുകളുടെ തെളിഞ്ഞ വെളിച്ചത്തിൽ ഒരു ഹാർമോണിയവും മൃദംഗവുമായി കഥപറയാൻ തുടങ്ങിയ കെടാമംഗലം സദാനന്ദൻ കഥാപ്രസംഗലോകത്തിലെ വൻമരമായി മാറുകയായിരുന്നു. പ്രായത്തിന്റെ പരീക്ഷണങ്ങളിൽ പെടാതെ ഇന്നും കഥാപ്രസംഗലോകത്ത്‌ സജീവമാണ്‌ ഇദ്ദേഹം. കഥാപ്രസംഗകലയുടെ വളർച്ചയേയും തളർച്ചയേയും പ്രതീക്ഷകളേയും ഒപ്പം തന്റെ അനുഭവങ്ങളെക്കുറിച്ചും ശ്രീ കെടാമംഗലം സദാനന്ദൻ നമ്മോട്‌ പങ്കുവയ്‌ക്കുന്നു.

? കഥാപ്രസംഗം എന്ന കലയുടെ വളർച്ച ചില സാമൂഹിക ഉത്തരവാദിത്വങ്ങളിലൂടെയായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. ഈ രീതിയിൽ കഥാപ്രസംഗകലയുടെ തുടക്കവും അതിന്റെ ആദ്യകാല വളർച്ചയിലെ മാറ്റങ്ങളും വിശദീകരിക്കാമോ?

ആദ്യകാലങ്ങളിൽ ഹരികഥാകാലക്ഷേമം എന്ന തമിഴ്‌ രീതിയിൽ ചിലർ പുരാണകഥ പറഞ്ഞിരുന്നു. കഥാപ്രസംഗത്തിന്റെ ആദ്യരൂപം ഇതായിരിക്കാം എന്നു കരുതുന്നു. ഇതിൽനിന്നും വ്യത്യസ്തമായി കൊല്ലവർഷം 97-ൽ ഏകദേശം 80 വർഷങ്ങൾക്കുമുമ്പ്‌ ശ്രീ സത്യദേവാണ്‌ കഥാപ്രസംഗം എന്ന രീതി കൊണ്ടുവന്നത്‌. പറവൂരിനടുത്ത്‌ വടക്കുംപുറം എന്ന ഗ്രാമത്തിൽ ആശാന്റെ ചണ്ഡാലഭിക്ഷുകി അവതരിപ്പിച്ചുകൊണ്ടാണ്‌ സത്യദേവൻ കടന്നുവന്നത്‌. കഥാപ്രസംഗം ഒരു സോദ്ദേശ്യ കലാരൂപമാണ്‌. സാമൂഹ്യപ്രതിബദ്ധതയോടുകൂടി അയിത്തത്തിനും അനാചാരത്തിനും അടിമത്തത്തിനും എതിരായി കർശനമായി കഥ പറയുക എന്ന്‌ ശ്രീനാരായണ ഗുരുദേവൻ കഥാപ്രസംഗ കലാകാരന്മാരോട്‌ ഉപദേശിക്കുകകൂടി ചെയ്‌തിട്ടുണ്ട്‌. ഇത്‌ അന്നത്തെ കലാകാരൻമാർ ഏറെക്കുറെ നിറവേറ്റുകയും ചെയ്‌തിട്ടുണ്ട്‌. കെ.കെ.വാദ്യാർ, കൈമാപ്പറമ്പൻ, പി.സി.എബ്രഹാം, മന്മഥൻ തുടങ്ങിയവർ സത്യദേവനുശേഷം കഥ പറഞ്ഞു തുടങ്ങി. ഇവരെ രണ്ടാം തലമുറയെന്നു വിളിക്കാം. ഇവർക്കുമുൻപ്‌ കെ.ജി.പണിക്കരെപോലുളള കാഥികർ രംഗത്തെത്തിയിരുന്നു. മറ്റുളളവരിൽനിന്നും വ്യത്യസ്തതമായി സ്വന്തം കഥകളാണ്‌ പണിക്കർ അവതരിപ്പിച്ചത്‌. സംസ്‌കൃത പണ്ഡിതനായതിനാൽ കഥ പറച്ചിലിൽ സംസ്‌കൃതത്തിന്റെ അതിപ്രസരം ഉണ്ടായിരുന്നു. മനോഹരമായി കഥ പറയുമെങ്കിലും സാധാരണക്കാർക്ക്‌ ഇതൊരു പോരായ്‌മയായി തോന്നി. സംസ്‌കൃതം കൂടുതൽ പറയുക എന്നതാണ്‌ ശരിയെന്ന്‌ അദ്ദേഹം കരുതിയെങ്കിലും ജനങ്ങൾക്ക്‌ ഇത്‌ ദഹിച്ചിരുന്നില്ല. അതിനുശേഷം കഥാപ്രസംഗലോകത്ത്‌ മൂന്നാം തലമുറയായാണ്‌ ഞാനൊക്കെ വരുന്നത്‌. ജന്മിത്വത്തിന്റെ ചൂഷണവും അധ്വാനവർഗ്ഗത്തിന്റെ ദുരിതങ്ങളും വരച്ചുകാട്ടിയ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന ഖണ്ഡകാവ്യമാണ്‌ ഞാൻ കഥയായി ആദ്യം അവതരിപ്പിച്ചത്‌. ഇത്തരത്തിൽ സാധാരണക്കാരന്റെ പ്രശ്‌നം ചർച്ച ചെയ്യുന്ന വിഷയങ്ങൾ കഥാപ്രസംഗവേദിയിൽ കേൾക്കുവാൻ തുടങ്ങിയപ്പോൾ നിരക്ഷരർപോലും ഇത്‌ തങ്ങളുമായി ഏറ്റവും അടുത്തുനില്‌ക്കുന്ന കലാരൂപമായി കണ്ടു. അങ്ങിനെ അഭൂതപൂർവ്വമായ ഒരാകർഷണശക്തി സാധാരണ ജനങ്ങൾക്കിടയിൽ കഥാപ്രസംഗത്തിന്‌ കൈവന്നു. അധികം താമസിയാതെ 1949-ൽ എന്റെ പ്രിയ സുഹൃത്ത്‌ സാംബശിവനും കഥാപ്രസംഗവേദിയിലേയ്‌ക്ക്‌ വന്നു.

? വി. സാംബശിവൻ കഥാപ്രസംഗരംഗത്തെ മറ്റൊരു അതുല്യ പ്രതിഭയായിരുന്നല്ലോ. താങ്കൾ എങ്ങിനെയാണ്‌ സാംബശിവന്റെ കഥാപ്രസംഗശൈലിയെ കാണുന്നത്‌?

ഞങ്ങൾ തമ്മിൽ ഒട്ടേറെ സാമ്യതകളുണ്ട്‌. ഞാൻ ആദ്യം പറഞ്ഞ കഥ ചങ്ങമ്പുഴയുടെ വാഴക്കുലയാണെങ്കിൽ സാംബശിവൻ പറഞ്ഞത്‌ ചങ്ങമ്പുഴയുടെ ‘ദേവത’യാണ്‌. ഞാനും ശാസ്‌ത്രിയായിരുന്നു. അദ്ദേഹവും ശാസ്‌ത്രിയായിരുന്നു. ഞങ്ങൾ രണ്ടുപേരും അധ്യാപകരായിരുന്നു. കൂടാതെ ഞങ്ങളിരുവരും നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. എനിക്ക്‌ സ്വന്തമായി നാടക സമിതികൂടി ഉണ്ടായിരുന്നു.

എങ്കിലും ഞങ്ങളുടെ കഥാപ്രസംഗശൈലി വ്യത്യസ്തമായിരുന്നു. ഞാൻ അഭിനയത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ട്‌, കഥാപാത്രമായി മാറുമായിരുന്നു. സാംബശിവൻ കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ച്‌ ശബ്‌ദ വ്യതിയാനം വരുത്തി അതിമനോഹരമായി കഥ അവതരിപ്പിക്കുമായിരുന്നു. ഇപ്പോൾ ഒഥല്ലോ എന്നുപറയാതെ ഇത്‌ ഒഥല്ലോ ആണെന്ന്‌ പ്രേക്ഷകരെകൊണ്ട്‌ അദ്ദേഹം മനസ്സിലാക്കിക്കുമായിരുന്നു. ആ ശൈലി അനുപമമാണ്‌. എന്നാൽ അത്‌ ഒരു ശൈലി മാത്രമാണ്‌. ഇത്‌ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതുകൊണ്ട്‌ പലരും അതുമാത്രമാണ്‌ കഥാപ്രസംഗശൈലി എന്നു കരുതുകയും അദ്ദേഹത്തെ അനുഗമിക്കുന്നതിനുപകരം അനുകരിക്കാൻ ശ്രമിച്ചു. ഇത്‌ അപകടം പിടിച്ച ഒന്നായിരുന്നു. സ്വന്തമായി ശൈലി രൂപപ്പെടുത്താനാവാതെ സാംബശിവനെ അനുകരിച്ചവർ പരാജയപ്പെട്ടുപോയി. എന്നിരുന്നാലും എന്റെയും സാംബശിവന്റെയും ശൈലികൾ കേരളീയർ ഒരുപോലെ സ്വീകരിച്ചിരുന്നു.

? കഥാപ്രസംഗം എന്ന്‌ കേൾക്കുമ്പോൾ ഒരു കെടാമംഗലവും സാംബശിവനും മാത്രമെ മനസ്സിൽ തെളിയുന്നുളളൂ. മറ്റാർക്കും ആ സ്ഥാനത്തേയ്‌ക്കുയരാൻ കഴിയാത്തതിനു കാരണം എന്തെങ്കിലുമുണ്ടോ?

നേരത്തെ പറഞ്ഞതുപോലെ മിടുമിടുക്കന്മാരായ പലരും വന്നെങ്കിലും സ്വന്തമായൊരു ശൈലിയിൽ കഥ പറയാൻ അവർക്കായില്ല. പിന്നെ ഞങ്ങളെ സംബന്ധിച്ച്‌ ഇതൊരു ഉപജീവനമാർഗ്ഗം മാത്രമായിരുന്നില്ല. സാമൂഹ്യപ്രതിബദ്ധത എന്നൊരു ഘടകം കൂടി ഞങ്ങളിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു കഥ അവതരിപ്പിക്കാൻ ആലോചിക്കുമ്പോൾ തന്നെ ഏറെ ചർച്ച ചെയ്യുമായിരുന്നു. സാമൂഹ്യ പ്രശ്‌നങ്ങൾ ഉൾക്കൊളളിക്കുമായിരുന്നു.

? കഥാപ്രസംഗത്തിന്‌ മറ്റു കലാരൂപങ്ങളിൽ നിന്നുമുളള വ്യത്യസ്തത എന്താണ്‌? കൂടുതൽ സംവേദന ക്ഷമമാകുന്നതിന്‌ കഥാപ്രസംഗത്തെ സഹായിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന്‌ വിവരിക്കുമോ?

കഥാപ്രസംഗം ജനങ്ങളുമായി മുഖാമുഖം സംവദിക്കുന്ന കലാരൂപമാണ്‌. കഥാപ്രസംഗത്തെപ്പോലെ തന്നെ സാമൂഹ്യപ്രതിബദ്ധതയോടെ അവതരിപ്പിക്കാൻ കഴിയുന്ന നാടകംപോലും സദസ്സിലെ വെളിച്ചം കെടുത്തി അവതരിപ്പിക്കുന്നതാണ്‌. അതിനാൽ വേദിയിലേയ്‌ക്ക്‌ പ്രേക്ഷകർ ബലമായി കേന്ദ്രീകരിക്കപ്പെടുകയാണ്‌. ഇതിലൊക്കെയും സദസ്യർ കലാകാരന്മാരുടെ അവതരണവും മുഖവും കാണുന്നു. എന്നാൽ കലാകാരന്മാർ സദസ്യരുടെ സാന്നിധ്യംപോലും അറിയുന്നില്ല. പക്ഷെ കഥാപ്രാസംഗികന്‌ സദസ്യരുടെ മുഖം കണ്ടേ മതിയാവൂ. കഥ പറയുന്നതിന്റെ പ്രതികരണം ഞങ്ങളവരുടെ മുഖത്തുനിന്നു തന്നെ തിരിച്ചറിയുന്നു. സദസ്യർ ഞങ്ങളിലേയ്‌ക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നതുപോലെ ഞങ്ങൾ അവരിലേക്കും കേന്ദ്രീകരിക്കപ്പെടുന്നു. അങ്ങിനെ കഥ, കഥ പറയുന്നവന്റെ മാത്രമാകാതെ ജനങ്ങളുടേതു കൂടിയാണെന്ന്‌ അവർ തിരിച്ചറിയുന്നു. അതിനാൽ ഈ കലാരൂപം തികച്ചും ജനകീയമാണ്‌.

ഒരു അനൗപചാരിക വിദ്യാഭ്യാസ മാധ്യമം കൂടിയാണ്‌ കഥാപ്രസംഗവേദി. പരിപൂർണ്ണ സാക്ഷരത എന്നു പറഞ്ഞ്‌ പേരു വരയ്‌ക്കാൻ പഠിപ്പിക്കുന്നതുപോലെയല്ല. മറിച്ച്‌, സാധാരണക്കാർക്ക്‌, അക്ഷരാഭ്യാസമില്ലാത്തവർക്ക്‌ ഷേക്‌സ്‌പിയർ, ടോൾസ്‌റ്റോയ്‌, വിക്‌ടർ യൂഗോ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും, മലയാളത്തിലെ പല മഹാസാഹിത്യകാരന്മാരേയും ഇവർക്കരികിൽ എത്തിക്കുകയും ചെയ്തത്‌ കഥാപ്രസംഗം എന്ന കലാരൂപമാണ്‌. അങ്ങിനെ ഗ്രാമങ്ങളിൽ യൂണിവേഴ്‌സിറ്റികൾ സൃഷ്‌ടിച്ചുവെന്നു പറയാം. ഇത്‌ വലുതാക്കി കാണിക്കുന്നതല്ല, ചെറിയ സത്യമിതിലുണ്ട്‌.

ചങ്ങമ്പുഴയുടെ രമണൻ ഒരുദാഹരണമാണ്‌. അഞ്ഞൂറ്‌ കോപ്പി അച്ചടിച്ച്‌ അശ്ലീലമെന്ന്‌ കരുതി വില്‌ക്കാതിരുന്നതാണ്‌. മറ്റു കാരണങ്ങൾ ഉണ്ടാകുമെങ്കിലും ഈ കൃതി കഥാപ്രസംഗമായി അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ, പതിനായിരക്കണക്കിന്‌ കോപ്പികളാണ്‌ വിറ്റുപോയത്‌. ദേവലാലിലേയും, നാസിക്കിലേയും പട്ടാള ക്യാമ്പുകളിൽ ‘രമണൻ’ കഥ ഞാൻ പറഞ്ഞു കഴിഞ്ഞശേഷം മൂവ്വായിരത്തിലധികം കോപ്പികളാണ്‌ വിറ്റുപോയത്‌. ഒരിക്കൽ മുണ്ടശ്ശേരിമാഷ്‌ എന്റെ രമണൻ കഥ കേട്ടപ്പോൾ ഇങ്ങനെയുമൊരനുഭവമോ എന്ന്‌ ഏറെ ആഹ്ലാദത്തോടെ എന്നെ അനുമോദിച്ചത്‌ ഞാനിന്നുമോർക്കുന്നു.

? മറ്റു സാഹിത്യരൂപം പോലെ കഥാപ്രസംഗം എഴുതി തയ്യാറാക്കുക എന്ന രീതിയുണ്ടോ?

കഥാപ്രസംഗം പൂർണ്ണമായി എഴുതി തയ്യാറാക്കുക എന്ന രീതി എനിക്കില്ല. ഖണ്ഡകാവ്യങ്ങൾ കഥാപ്രസംഗമായി മാറ്റുമ്പോൾ അതിലെ വരികൾ ഉപയോഗിക്കാറുണ്ട്‌. അല്ലാത്ത പക്ഷം കഥയിലെ രംഗങ്ങൾ മനസ്സിലിട്ട്‌ പാകപ്പെടുത്തുകയാണ്‌ പതിവ്‌. പിന്നീട്‌ ഒരു ഷോർട്ട്‌നോട്ട്‌ തയ്യാറാക്കുകയും, കവിതകൾ വേണ്ടതുപോലെ ചേർക്കുകയും ചെയ്യുന്നു. ഒടുവിൽ കഥ മുഴുവനായി പറഞ്ഞു നോക്കുന്നു. ഓരോ വേദിയിലും കഥ പറയുമ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇതൊക്കെ എഴുത്തുകാരും പണ്ഡിതരുമായ സുഹൃത്തുക്കളോട്‌ ചർച്ച ചെയ്യുന്ന പതിവുണ്ട്‌. കഥാപ്രാസംഗികന്‌ വിപുലമായ വായനാനുഭവം കൂടിവേണം.

? കഥാപ്രസംഗത്തിൽനിന്നും ജനങ്ങൾ അകന്നതായി കാണുന്നു. കഥ കേൾക്കുവാൻ ആളുകളുടെ കുറവ്‌ അനുഭവത്തിൽ നിന്നും താങ്കൾ മനസ്സിലാക്കിയിട്ടുണ്ടെന്ന്‌ കരുതുന്നു. ഇതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാമോ?

ജനങ്ങളുടെ അഭിരുചി ഏറെ മാറിയിട്ടുണ്ട്‌. നൈമിഷിക സുഖം തരുന്ന അല്ലെങ്കിൽ ഒരു സന്ദേശം നല്‌കാത്ത കലാരൂപങ്ങൾക്ക്‌ ആസ്വാദകർ ഏറെയുണ്ട്‌. ഗാനമേളയും മികിക്‌സ്‌ പരേഡും ഇതിരുദാഹരണങ്ങളാണ്‌. ശാസ്‌ത്രീയ നൃത്തരൂപങ്ങൾവരെയും രസാസ്വാദനത്തിൽ മാത്രം ഒതുങ്ങി നില്‌ക്കുന്നു. എന്നാൽ നാടകവും കഥാപ്രസംഗവും സമൂഹത്തോട്‌ അടുത്ത്‌ സംവദിക്കുന്നവയാണ്‌. ഒരു രസാനുഭവം എന്ന രീതിയിൽ മാത്രം ഇതിനെ കാണുവാനാവില്ല. സാമൂഹിക പരിസ്ഥിതിയും ഇത്തരം കലാരൂപങ്ങളുടെ നിലനില്പിനെ സ്വാധീനിക്കുന്നു. കഥാപ്രസംഗവും നാടകവും ശക്തമായി തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ കാണുന്നുണ്ട്‌.

? കഥാപ്രസംഗരംഗത്ത്‌ ഇപ്പോൾ കാണുന്ന പ്രതിസന്ധിയെ ഇല്ലാതാക്കാൻ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ?

കഥാപ്രസംഗകലയെ പരിപോഷിപ്പിക്കാനുളള തീവ്ര യജ്ഞ പരിപാടിയിലാണ്‌ ഞങ്ങൾ. ഇങ്ങനെ ഒരവസ്ഥ മുൻകൂട്ടി കണ്ട ഒരു മഹാനാണ്‌ ശ്രീ. സി. അച്യുതമേനോൻ. എനിക്കും സാംബശിവനുംശേഷം കഥാപ്രസംഗകലയുടെ ഗതി എന്താകുമെന്ന്‌ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. അതിനാൽ പുതിയ തലമുറയ്‌ക്ക്‌ ഈ കലയിൽ പരിശീലനം നല്‌കുന്ന സംവിധാനമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. അങ്ങിനെ ആദ്യമായി കഥാപ്രസംഗം, കൂത്ത്‌, പാഠകം, തുളളൽ തുടങ്ങിയ കലാരൂപങ്ങളെപറ്റി ഒരു ശില്പശാല നടത്തുകയും അദ്ദേഹം അതിൽ സംസാരിക്കുകയും ചെയ്‌തു. പിന്നീട്‌ കഥാപ്രസംഗ കലാസംഘടന രൂപീകരിക്കുകയും ധാരാളം ശില്പശാലകൾ നടത്തുകയും ചെയ്‌തു. നിർഭാഗ്യവശാൽ സാംബശിവന്റെ വേർപാടോടുകൂടി അധികാര വടംവലിയിൽ ആ സംഘടന തന്നെ ഇല്ലാതെയായി.

ഇപ്പോൾ പുതിയ കഥാപ്രസംഗ കലാസംഘടന രജിസ്‌ട്രർ ചെയ്ത്‌ പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്‌. ഇപ്പോൾ ഞാനാണതിന്റെ പ്രസിഡന്റ്‌.

? ദീർഘമായ ഈ കാലയളവിൽ താങ്കൾ അവതരിപ്പിച്ച കഥകൾ ഏതൊക്കെയെന്ന്‌ വിവരിക്കാമോ?

അറുപത്‌ കൊല്ലത്തിനിടയ്‌ക്ക്‌ 41 കഥകളാണ്‌ ഞാൻ അവതരിപ്പിച്ചത്‌. ഓരോ വർഷവും പുതിയ കഥയുടെ ആവശ്യം വേണ്ടി വന്നില്ല. കാരണം ‘വാഴക്കുല’ തന്നെ ഏതാണ്ട്‌ മൂന്നുവർഷം അവതരിപ്പിച്ചു. ‘രമണൻ’ കഥ അവതരിപ്പിച്ചതിനുശേഷം അഞ്ചുകൊല്ലത്തേയ്‌ക്ക്‌ പുതിയ കഥ വേണ്ടിവന്നില്ല. കുളത്തൂർ ക്ഷേത്രത്തിൽ നാല്പതു തവണയെങ്കിലും ഞാൻ കഥ പറഞ്ഞിട്ടുണ്ടാകും. അതിൽ പത്തും രമണനായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ വരെ അവിടെ രമണൻ അവതരിപ്പിച്ചു.

രമണൻ, കർണ്ണൻ, വാഴക്കുല, അഗ്‌നിപരീക്ഷ, ലോഫിംഗ്‌മാൻ (വിക്‌ടർ യൂഗോ), പട്ടമഹിഷി (ബിമൻമിത്ര), വ്യാസന്റെ ചിരി, അഗ്‌നിനക്ഷത്രം, വൈദേഹി, അഹല്യ, അവർ വീണ്ടും ജയിലിലേയ്‌ക്ക്‌ തുടങ്ങിയവയാണ്‌ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ കഥകൾ.

? സിനിമ-നാടക രംഗത്തെ പ്രവർത്തനങ്ങൾ?

പന്ത്രണ്ടോളം സിനിമകൾക്ക്‌ കഥയും, തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്‌. ഞാൻ തിരക്കഥ എഴുതിയ അരപ്പവൻ എന്ന സിനിമയിലൂടെയാണ്‌ 70 വയസ്സുളള ഒരു വൃദ്ധനായി ശ്രീ സത്യൻ ആദ്യമായി ഒരു ക്യാരക്‌ടർ വേഷം ചെയ്യുന്നത്‌. അതിലെ ഗാനങ്ങൾ രചിച്ചതും ഞാനാണ്‌.

നാടകപ്രവർത്തനത്തെക്കുറിച്ച്‌ പറയുകയാണെങ്കിൽ, സ്വന്തമായി ‘കൃഷ്ണാനന്ദ സംഗീത നാടകസഭ’ എന്ന സമിതിവരെ ഉണ്ടായിരുന്നു. നാടകഗാനങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്‌ ഈ നാടകവേദിയാണ്‌. ‘സന്ദേശം’ എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്‌. കെ.പി.എ.സിയാണ്‌ ആദ്യമായി നാടകഗാന പുസ്തകം പുറത്തിറക്കിയതെന്ന്‌ ആദ്യമൊക്കെ അവകാശപ്പെട്ടെങ്കിലും ഇപ്പോൾ ഇത്‌ അംഗീകരിക്കുന്നുണ്ട്‌.

കഥാപ്രസംഗരംഗത്ത്‌ മാത്രമല്ല മറ്റു കലാരംഗങ്ങളിലും തന്റെ സിദ്ധികൊണ്ട്‌ മഹാപ്രതിഭയായി തീർന്ന ശ്രീ സദാനന്ദൻ സകുടുംബം ഇപ്പോൾ സ്വദേശമായ നോർത്ത്‌ പറവൂരിനടുത്തുളള കെടാമംഗലത്ത്‌ തന്നെയാണ്‌ താമസം. എൺപതിന്റെ പടിവാതിലിലെത്തിയിട്ടും യുവത്വം വിട്ടുമാറാത്ത മനസ്സും ശരീരവുമായി കലാരംഗത്ത്‌ ഉറച്ചു നില്‌ക്കുകയാണ്‌ കെടാമംഗലം. ഈ നീണ്ട കലാതപസ്യയ്‌ക്കിടയിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്‌, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്‌നം, സാഹിത്യ ദീപികയുടെ കലാതിലകം, കലാപ്രവീൺ, ഉണ്ണിത്താൻ അവാർഡ്‌ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങൾ.

പോയ കാലങ്ങളിൽ കേരളത്തിന്റെ പല സാമൂഹ്യമാറ്റങ്ങൾക്കും ശക്തി പകർന്ന കലാരൂപമാണ്‌ കഥാപ്രസംഗം. കെടാമംഗലം പറഞ്ഞ കഥകളിൽ അധ്വാനിക്കുന്നവന്റെ വിയർപ്പു മണമുണ്ടായിരുന്നു. ഇതിഹാസ കഥാപാത്രങ്ങളായ കർണ്ണനും, വൈദേഹിയും, അഹല്യയും, വ്യാസനുമൊക്കെ കെടാമംഗലത്തിന്റെ കഥയിൽ മനുഷ്യകുലത്തിന്റെ നേരും നെറികേടും കുറിക്കുന്ന മജ്ജയും മാംസവുമുളളവരാകുന്നു. ഈ തിരിച്ചറിവു കൊണ്ടായിരിക്കണം കെടാമംഗലം ഇന്നും കഥ പറയുമ്പോൾ നിശ്ശബ്‌ദം നമ്മളിങ്ങനെ ലയിച്ചു പോകുന്നത്‌. കാരണം കെടാമംഗലം പറഞ്ഞതെല്ലാം മനുഷ്യനെക്കുറിച്ചുളള കഥകൾ മാത്രമാണ്‌.

Generated from archived content: inter_may14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here