ഇടതുപക്ഷം മറന്നുപോയ സാംസ്‌കാരികത – എൻ.എം.പിയേഴ്‌സൺ

കേരളത്തിന്റെ സാംസ്‌കാരികഭാവം ഇടതുപക്ഷത്തോട്‌ ചേർന്നാണ്‌ വളർന്നിരിക്കുന്നത്‌. നവോത്ഥാനപ്രസ്ഥാനവും ഇടതുപക്ഷപ്രസ്ഥാനങ്ങളും ചേർന്ന്‌ രൂപപ്പെടുത്തിയ ഈ സാംസ്‌കാരികബോധം മലയാളികളുടെ ജീവിതത്തിന്റെ സമസ്തമേഖലകളേയും ആഴത്തിൽ സ്പർശിച്ചിരുന്നു.

പിന്നീട്‌ കല-സാഹിത്യ-സാംസ്‌കാരിക മേഖലകളിൽ നടന്ന ചില പൊളിറ്റിക്കൽ ഇടപെടലുകൾ പ്രതിലോമകരമായി തീർന്നുവോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന്‌ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങൾ പ്രത്യേകിച്ചും സി.പി.എമ്മിൽ ഉയർന്നുവന്ന ആശയപരമായ സംവാദങ്ങളിൽ ഇക്കാര്യം വളരെ വ്യക്തമായി തന്നെ ചർച്ചചെയ്യപ്പെടുന്നുണ്ട്‌. ക്ലാസിക്കൽ മാർക്സിസവും നവമാർക്സിസ്‌റ്റ്‌ ചിന്തകളും അതിനുമപ്പുറത്ത്‌ പുതിയൊരു ലോകത്തെക്കുറിച്ചുളള വാദങ്ങൾക്കും നടുവിൽനിന്നുകൊണ്ട്‌ ഈ കാലത്തെ വിശകലനം ചെയ്യുകയാണ്‌ എൻ.എം.പിയേഴ്‌സൺ.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും, ഇടപ്പളളി പോലീസ്‌സ്‌റ്റേഷൻ ആക്രമണക്കേസ്സിലെ മുഖ്യകഥാപാത്രവുമായ, പിന്നീട്‌ സി.പി.എമ്മിൽനിന്നും ഭ്രഷ്‌ടനാക്കപ്പെടുകയും ചെയ്ത സഖാവ്‌ എൻ.കെ.മാധവന്റെ മകൻ എന്നതിലുപരി ഇടതുപക്ഷത്തെ വ്യക്തമായി പഠിക്കുകയും അതിൽ പ്രായോഗിക പ്രവർത്തകനായും പണ്ഡിതനായും ഇടപെടുകയും ചെയ്ത വ്യക്തിയാണ്‌ എൻ.എം.പിയേഴ്‌സൺ. പാർട്ടിവേലികൾക്കപ്പുറത്ത്‌ കടന്ന്‌ സ്വതന്ത്രകമ്യൂണിസ്‌റ്റായി ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌ ഇദ്ദേഹം. കേരളസമൂഹത്തിന്‌ അപരിചിതമായ പല പുതിയ ആശയങ്ങളും പ്രത്യേകിച്ച്‌ മാർക്സിസ്‌റ്റ്‌ വീഷണങ്ങൾ നമുക്ക്‌ വ്യാഖ്യാനിച്ചു തന്നതിൽ ഒരാൾ പിയേഴ്‌സണായിരിക്കും. ‘ഇക്കോ ഫെമിനിസം, ഇക്കോ ടൂറിസം, മാർക്സിസം’ എന്ന പുസ്തകമടക്കം നാലോളം കൃതികളുടെ രചയിതാവാണ്‌. പിയേഴ്‌സണുമായി പുഴഡോട്ട്‌കോം നടത്തിയ സംഭാഷണമാണിത്‌.

? കേരളീയ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷം പൊതുവെയും മാർക്സിസ്‌റ്റ്‌ പാർട്ടി പ്രത്യേകിച്ചും വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ തൊണ്ണൂറുകൾവരെ ഗുണപരമായിരുന്ന ഈ രൂപപ്പെടുത്തലുകൾ പിന്നീട്‌ പ്രതിലോമകരമാകുന്നതിൽ ഇടതുപക്ഷത്തിന്റെ&മാർക്സിസ്‌റ്റ്‌ പാർട്ടിയുടെ പങ്കെന്താണ്‌?

ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടുന്ന സമയം മുതൽ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ ഇടതുപക്ഷത്തിന്റെ വ്യക്തമായ പങ്ക്‌ ഉണ്ടായിരുന്നു. എല്ലാ സമൂഹത്തിലും അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു പങ്ക്‌ ഇടതുപക്ഷത്തിന്‌ ഉണ്ടായിരിക്കും. അത്തരം പങ്കുകളെല്ലാം തന്നെ ഇടതുപക്ഷത്തിന്റെ നിർവചനവുമായി ബന്ധപ്പെട്ട്‌ വികസിച്ചു വരുന്നവയാണ്‌.

ഇടതുപക്ഷത്തിന്റെ ആവശ്യകത അർത്ഥമാക്കുന്നത്‌ അരികുകളിലേക്ക്‌ മാറ്റപ്പെട്ട, ദരിദ്രരായ, സമൂഹത്തിന്റെ പുറമ്പോക്കുകളിൽ വന്നുപെടുന്ന ഒരുകൂട്ടം മനുഷ്യരുടെ ആവശ്യങ്ങൾ, ജീവിതത്തിന്റെ നിലനില്പ്‌, ജീവിക്കാനുളള പരിമിതമായ സൗകര്യങ്ങൾ എന്നിവ നിഷേധിക്കുമ്പോൾ പ്രതിഷേധിക്കുവാനുളള ഊർജ്ജവും സ്വാതന്ത്ര്യവും വളർത്തിയെടുക്കുകയും അതിനെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്‌. പ്രതിഷേധങ്ങളെ കലാപങ്ങളെ പോസിറ്റീവായി വളർത്തിയെടുത്ത്‌ സിസ്‌റ്റമാറ്റിക്കായി മുന്നോട്ടു കൊണ്ടുപോകാനുളള ചുമതലയാണ്‌ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കുളളത്‌. ഇതൊക്കെ ഒരു പരിധിവരെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞ പ്രസ്ഥാനങ്ങളാണ്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും. ഇതിന്റെ പിന്തുടർച്ച കൈവന്നത്‌ സി.പി.എമ്മിനും. ഈ പിന്തുടർച്ച ഉപയോഗിച്ചുകൊണ്ട്‌ നല്ല രീതിയിൽതന്നെ സി.പി.എം പ്രവർത്തിച്ച സമയമാണ്‌ 70 മുതൽ 80 വരെയുളള കാലഘട്ടം. ഭൂസമരമടക്കം ഒട്ടേറെ മൂവ്‌മെന്റുകൾ സംഘടിപ്പിക്കപ്പെട്ടത്‌ ഇടതുപക്ഷത്തിന്റെ ഈ സമ്പന്നകാലഘട്ടത്തിലാണ്‌. പക്ഷെ 80 കൾക്കുശേഷം ഇതിന്‌ ഒരു തകർച്ച ആരംഭിച്ചു എന്നാണ്‌ ഞാൻ കരുതുന്നത്‌. ആ തകർച്ച ആരംഭിച്ചത്‌ കാമ്പസുകളിൽ നിന്നുമാണ്‌. കാമ്പസുകൾ 80-കൾക്കുശേഷം നിഷേധാത്മക സംസ്‌കാരം വളർത്തിയെടുക്കുന്ന കേന്ദ്രങ്ങളായി തീർന്നു. അതിന്റെ നടത്തിപ്പുകാരാകട്ടെ ഇടതുപക്ഷക്കാരുമായിരുന്നു. 90 കളായപ്പോൾ ഏതാണ്ട്‌ പൂർണ്ണമായി തകരുകയും ചെയ്‌തു.

?ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ ആഭ്യന്തര ദൗർബല്യങ്ങൾ കേരളീയ സാംസ്‌കാരികജീവിതത്തെ ഇനിയെങ്ങിനെയായിരിക്കും ബാധിക്കുക?

ഇന്നത്തെ സാഹചര്യത്തിൽ സാംസ്‌കാരികത എന്ന പൊതുബോധം മോശമാകാനുളള സാധ്യതകളാണ്‌ വർദ്ധിക്കുന്നത്‌. ഇത്തരം സാംസ്‌കാരികതയും കൂട്ടായ്‌മകളും ഒരുതരം ഹിസ്‌റ്റീരിയയാണ്‌. ഇവിടെ ഒരു മാസ്‌ഹിസ്‌റ്റീരിയ പോസറ്റീവായി ഡെവലപ്പ്‌ ചെയ്യപ്പെടുന്നുവെന്ന്‌ മാത്രം. ഇത്‌ തകർന്ന്‌ നെഗറ്റീവായ ഡെവലപ്പ്‌മെന്റായാൽ ക്രിമനലിസവും പ്രതിലോമപ്രവർത്തനങ്ങളും ഉണ്ടാകും. ഇത്‌ ഫാസിസത്തിന്റെ രൂപകങ്ങളാണ്‌. ഇവിടെയുണ്ടാകുന്ന കൂട്ടായ്‌മകൾ നിഷേധാത്മകങ്ങളായിരിക്കും. ഇത്തരം നിഷേധാത്മക കൂട്ടായ്മകൾ ഉണ്ടാകുന്നത്‌ ഒരു പോസിറ്റീവായ പൊതുജനമണ്ഡലത്തിന്റെ ആശയരൂപീകരണം നടക്കാത്തതിനാലാണ്‌. ഇതിനുകാരണം പോസറ്റീവ്‌ പൊതുജനമണ്ഡലത്തിന്റെ സ്‌പേസ്‌ ശൂന്യമാകുമ്പോൾ, അവിടേയ്‌ക്ക്‌ നെഗറ്റീവായ ശക്തികൾ കടന്നുവന്ന്‌ തങ്ങളാണ്‌ യഥാർത്ഥ പൊതുജനമണ്ഡല നിർമ്മാതാക്കൾ എന്ന്‌ പ്രഖ്യാപിക്കുന്നതാണ്‌.

ഇങ്ങനെയുളള വളരെ അപകടകരമായ സാംസ്‌കാരിക സവിശേഷത കേരളത്തിലിപ്പോഴുണ്ട്‌. അതുകൊണ്ടാണ്‌ കേരളത്തിൽ ഗുണകരമായ പൊതുജനമണ്ഡലം രൂപപ്പെടാതെ പോകുന്നത്‌. ഇതിൽ വലിയൊരു പങ്ക്‌ സി.പി.എമ്മിനുണ്ട്‌. സി.പി.എമ്മിന്റെ നടത്തിപ്പുകാർ ഇത്തരത്തിലുളള സാംസ്‌കാരികതയുടെ നെഗറ്റീവ്‌ വേഷങ്ങളായി മാറിയിരിക്കുന്നു. ഇവർ ഇല്ലായിരുന്നുവെങ്കിൽ ഇത്രയും അപകടം ഉണ്ടാകുമായിരുന്നില്ല എന്നു വേണം കരുതാൻ. കാരണം ആ സ്‌പേസിലേക്ക്‌ വളരെ പോസറ്റീവായ ആളുകൾക്ക്‌ കടന്നുവരാൻ പറ്റുകയും ചെറിയ തോതിലെങ്കിലും ശരിയായ സാംസ്‌കാരികനിർമ്മാണം നടത്തുകയും ചെയ്യാമായിരുന്നു.

ഇപ്പോൾ ഇത്‌ ഇവർതന്നെ തിരിച്ചറിയുകയും, ഇക്കാര്യം ലോകം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്‌. കേരളത്തിന്റെ ഈ അപകടകരമായ അവസ്ഥ ഫാസിസ്‌റ്റ്‌ ശക്തികൾക്കും വർഗ്ഗീയശക്തികൾക്കും കടന്നുവരുവാനുളള സാധ്യത ഉണ്ടാക്കുന്നു. കേരളത്തിൽ സി.പി.എമ്മിന്റെ തകർച്ച ബി.ജെ.പിയെ ക്ഷണിച്ചു കൊണ്ടുവരുന്നതിന്‌ സമാനമാണ്‌. സി.പി.എമ്മിൽ തകർച്ച സംഭവിച്ചുവെങ്കിലും ബി.ജെ.പി കേരളത്തിൽ കടന്നുവരാത്തത്‌ അവർക്ക്‌ ഇവിടെ ഒരു രാഷ്‌ട്രീയമണ്ഡലമില്ലാത്തതിന്റെ പേരിലാണ്‌. പക്ഷെ ഇത്തരമൊരു മണ്ഡലം എപ്പോൾ വേണമെങ്കിലും കേരളത്തിൽ സൃഷ്‌ടിക്കപ്പെടാം. അന്ന്‌ ബി.ജെ.പി കേരളത്തിൽ ആധിപത്യം ഉറപ്പിക്കുക തന്നെ ചെയ്യും. ഇതിനു ബദലായി ഒരു പുതിയ ഇടതുപക്ഷ കൂട്ടായ്‌മ ഉയർന്നുവരണം. ഇതിനുമാത്രമെ ഫാസിസ്‌റ്റ്‌ ശക്തികളെ തടയാൻ കഴിയൂ.

?പുതിയ ഇടതുപക്ഷ കൂട്ടായ്‌മയുടെ പ്രത്യയശാസ്‌ത്രം മുൻപുളളതിൽ നിന്നും വ്യത്യാസമുളളതാകണമോ?

പുതിയ കൂട്ടായ്‌മയും ഉൾകൊളേളണ്ടത്‌ യഥാർത്ഥ ഇടതുപ്രത്യയശാസ്‌ത്രം തന്നെയായിരിക്കണം. എന്നാലത്‌ ഒരാളും കുത്തകയാക്കി മാറ്റുവാൻ പാടില്ല. ഇതിന്റെയൊക്കെ അവകാശി സി.പി.എമ്മാണ്‌ എന്ന രീതിയിലുളള അവസ്ഥയും വരുവാൻ പാടില്ല. ഇത്തരമൊരവസ്ഥ ചെറിയ സംഘങ്ങൾക്ക്‌ വളർന്നുവരുവാനോ അവരുടെ കൂട്ടായ്മ രൂപപ്പെടുത്താനോ സഹായിക്കില്ല. ഇടതുസാംസ്‌കാരിക പ്രവർത്തനത്തിന്റെ കുത്തക സി.പി.എമ്മിനാണെന്ന അവസ്ഥ മാറാതെ ഇടതുപക്ഷത്ത്‌ വളർന്നുവരുന്ന സാംസ്‌കാരിക പ്രവർത്തനത്തിന്‌ കൂമ്പുണ്ടാകുകയില്ല.

?ഇത്തരം കൂട്ടായ്മകൾ കേരളത്തിൽ ഇന്ന്‌ സംഭവിക്കുന്നുണ്ടോ?

ഇതിന്‌ സാധ്യതകളുണ്ടെങ്കിലും അങ്ങിനെയൊന്നു കേരളത്തിൽ സംഭവിക്കുന്നില്ല. ഇതിനുകാരണം കൃത്യമായി പറയാനാവില്ലെങ്കിലും, എനിക്ക്‌ തോന്നുന്നത്‌, ഒരു പ്രത്യേക ആശയത്തിൽ ആകൃഷ്‌ടരായാണ്‌ പലരും ഇത്തരം രംഗങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും വരുന്നത്‌. ആ ആശയങ്ങളുടെ പരിശുദ്ധി നഷ്‌ടപ്പെട്ടാൽ അതിന്റെ ആകർഷണീയതയും നഷ്‌ടപ്പെടും. അങ്ങിനെ ഇടതുപക്ഷ രാഷ്‌ട്രീയ സാംസ്‌കാരിക പ്രവർത്തനാശയങ്ങളുടെ പരിശുദ്ധി തകർത്തു കളഞ്ഞതാണ്‌ ഏറ്റവും വലിയ പ്രതിസന്ധി. പുതിയൊരു ചെറുപ്പക്കാരനെ ആകർഷിക്കാൻ ഇവർക്ക്‌ കഴിയുന്നില്ല. സി.പി.എം അടക്കമുളള ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ വൃദ്ധരും വയോവൃദ്ധരും, വൃദ്ധാവസ്ഥയിലേക്ക്‌ നടന്നടുക്കുന്നവരുമാണ്‌. സി.പി.എമ്മിന്റെ വിമതവിഭാഗത്തിൽ ഈയൊരവസ്ഥ സി.പി.എമ്മിനേക്കാൾ പരിതാപകരമാണ്‌. ചെറുപ്പക്കാരെ ആകർഷിക്കാൻ പറ്റാതെ ഒരു പ്രസ്ഥാനവും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ചെറുപ്പക്കാരെ ആകർഷിക്കുവാനുളള മാർക്കറ്റ്‌ മൂല്യം ഇവർക്ക്‌ നഷ്‌ടപ്പെട്ടിരിക്കുന്നു.

?ഇത്തരം ചർച്ചകളിൽ ഭൂരിപക്ഷവും ഉന്നയിക്കുന്ന വാദം ഇടതുപക്ഷത്തെ പ്രശ്‌നങ്ങൾക്കു കാരണം ഗ്ലോബലൈസേഷനാണെന്നാണ്‌. ഇത്‌ എത്രമാത്രം ശരിയാണ്‌?

ഈ വാദത്തോട്‌ യോജിക്കാൻ പറ്റില്ല. ഇടതുപക്ഷത്തിന്റെ പ്രശ്‌നങ്ങൾക്കു കാരണം ഗ്ലോബലൈസേഷൻ അല്ല. ഗ്ലോബലൈസേഷൻ അതിന്റെ കാഴ്‌ചപ്പാടിലൂടെ മുന്നോട്ടുപോകും. അത്‌ ക്യാപിറ്റലിസത്തിന്റെ നവീകരണമാണ്‌. ഇടതുപക്ഷം അതിന്റെ ആന്റിമൂവ്‌മെന്റാണ്‌. അപ്പുറത്തെ മാറ്റങ്ങൾക്കനുസരിച്ച്‌ ഇടതുപക്ഷവും നവീകരണം നടത്തണം. അതു നടത്തുവാൻ കഴിയാത്തതിനാലാണ്‌ ഇവർ തകർന്നു പോകുന്നത്‌.

നാട്ടിലെ കുളങ്ങളും തോടുകളും വെട്ടിമൂടുന്നതിന്‌ ഗ്ലോബലൈസേഷനെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ഇതൊരു കൾച്ചറിന്റെ പ്രശ്‌നമാണ്‌. ഉദാഹരണമായി കേരളത്തിൽ തൊഴിലാളികളുടെ ഉടമസ്ഥാവസ്ഥയിലുളള ഒരു ബസിന്റെ നടത്തിപ്പിൽ, അവരുടെ വാദങ്ങളെല്ലാം മുതലാളിയുടെ ആശയങ്ങൾ ഉൾപ്പെട്ടതാണ്‌. അതുകൊണ്ടാണ്‌ ബസിന്‌ കളക്ഷൻ കുറയുമ്പോൾ അത്‌ വിദ്യാർത്ഥികൾ കയറിയിട്ടാണ്‌ എന്ന്‌ ഇവർ പറയുന്നത്‌. ഇത്തരം കൾച്ചറാണ്‌ മാറേണ്ടത്‌. ഇതിനൊക്കെ ബദലായി ഇടതുപക്ഷം ഒന്നും ചെയ്യുന്നില്ല. ചെയ്യേണ്ടവ ചെയ്യാതെ സ്വയം തകർന്നു പോകുമ്പോൾ അതിന്റെ കുറ്റം മുഴുവൻ വലതുപക്ഷത്തിനുമേൽ ചാർത്തുന്നത്‌ ശരിയായ നിലപാടല്ല.

? ഏതാണ്ട്‌ ഇന്നത്തെ സാഹചര്യത്തിന്‌ സമാനമായ അവസ്ഥയിലാണ്‌ അറുപതുകളുടെ അവസാനത്തിൽ ഔദ്യോഗിക ഇടതുപക്ഷത്തിൽ നിന്നും ഒരു ന്യൂലെഫ്‌റ്റ്‌ മൂവ്‌മെന്റ്‌ (നക്‌സലിസം) ഉണ്ടായത്‌. അതുപോലെയുളള അവസ്ഥ വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ടോ?

ഇല്ല; കാരണം ലെഫ്‌റ്റിനെക്കുറിച്ചുളള ക്ലാസിക്കൽ സങ്കൽപ്പത്തിൽനിന്നും അന്ന്‌ ഇടതുപക്ഷം വ്യതിചലിച്ചു എന്ന്‌ മനസ്സിലാക്കിയപ്പോഴാണ്‌ ന്യൂലെഫ്‌റ്റായി ക്ലാസിക്കൽ ലെഫ്‌റ്റ്‌ മാറിയത്‌. ഇപ്പോഴത്തെ സ്ഥിതിയിൽ ന്യൂലെഫ്‌റ്റായ ക്ലാസിക്കൽ ലെഫ്‌റ്റിന്‌ ബദലാകാൻ കഴിയില്ല. കാരണം ക്ലാസിക്കൽ ലെഫ്‌റ്റിന്‌ കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിലല്ല ഇന്നത്തെ ലോകത്തിന്റെ സാമ്പത്തിക സാംസ്‌കാരിക സാമൂഹ്യാവസ്ഥകൾ. ഇവിടെ ക്ലാസിക്കൽ ലെഫ്‌റ്റിന്റെ പല വ്യാഖ്യാനങ്ങളും പുനർവായനയ്‌ക്ക്‌ വിധേയമാക്കണം. വർഗ്ഗസമരം ഇന്നും ഉപയോഗിക്കാം; പക്ഷെ പഴയരീതിയിൽ പറ്റില്ല എന്നുമാത്രം. ഇന്ന്‌ പുതിയ രീതിയിൽ മാസ്‌ ഓർഗനൈസേഷൻ ആവശ്യമായിവരും. പുതിയ പ്രതിരോധ പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടിവരും. ഇങ്ങനെ അതിബൃഹത്തായ ജോലിയുടെ മുന്നിലാണ്‌ പുതിയ ഇടതുപക്ഷം നിൽക്കേണ്ടിവരിക. ഇത്‌ ചെയ്തേ മതിയാകൂ. ഇങ്ങനെ ചെയ്താൽ ഈ മൂവ്‌മെന്റ്‌ ശക്തമാകും. ഇവിടെ ക്ലാസിക്കൽ ലെഫ്‌റ്റിന്റെ ഉപകരണങ്ങളും പ്രയോഗരീതികളും മാറണം. എന്നാൽ ആ നവീകരണത്തിൽ മുതലാളിത്ത ആശയങ്ങളല്ല ഉൾപ്പെടുത്തേണ്ടത്‌.

?ഇന്ന്‌ എം.എൻ.വിജയൻ ഉയർത്തുന്നത്‌ ഇത്തരമൊരു ബദലാണോ?

വിജയൻമാഷ്‌ ഉയർത്തുന്ന വാദത്തിൽ ഉണ്ടെന്ന്‌ പറയാവുന്നത്‌ അബ്‌സല്യൂട്ട്‌ റൈറ്റ്‌നസ്‌ ആണ്‌. അതാണ്‌ വിജയൻമാഷുടെ സംഭാഷണങ്ങളുടെ സ്പിരിറ്റ്‌. ഈ റൈറ്റ്‌നെസ്‌ എങ്ങിനെ പ്രയോഗത്തിൽ വരുത്തും എന്നതിനെക്കുറിച്ച്‌ മാഷ്‌ ഒന്നും സൂചിപ്പിക്കുന്നില്ല. അത്‌ വിജയൻമാഷ്‌ അല്ലെങ്കിൽ മറ്റാരെങ്കിലും പറയേണ്ടിയിരിക്കുന്നു.

ഇവിടെ വിജയൻമാഷ്‌ ഒരു തത്ത്വവും മുന്നോട്ടുവയ്‌ക്കാതെ സത്യസന്ധമായി നില്‌ക്കുന്നുവെന്നു മാത്രം. അതുകൊണ്ട്‌ അദ്ദേഹം ഒരു മൂവ്‌മെന്റ്‌ ആയി മാറിയിട്ടില്ല. മാറണമെങ്കിൽ തന്റെ സത്യസന്ധമായ നില്പിന്‌ ഒരു ഫിലോസഫിയുടെ പിൻബലം വേണ്ടിവരും. വിജയൻമാഷ്‌ ഒരു അവസ്ഥ നമുക്ക്‌ പറഞ്ഞുതരുന്നു എന്നുമാത്രം കരുതിയാൽ മതി.

?ഒരു മൂവ്‌മെന്റിന്‌ ഒരു സാമൂഹ്യദൗത്യമുണ്ടാകും, അതിനുശേഷം അതിന്റെ നിലനില്പ്‌ ആവശ്യമുണ്ടോ? ഉദാഹരണമായി പുരോഗമന കലാസാഹിത്യസംഘം ഇനി നിലനിൽക്കേണ്ടതുണ്ടോ; ഉണ്ടെങ്കിൽ തന്നെ അവർക്ക്‌ ഇവിടെ എന്തൊക്കെ ചെയ്യാനുണ്ട്‌?

പുരോഗമന കലാസാഹിത്യസംഘത്തിന്‌ ഇവിടെ ഒന്നും ചെയ്യാനില്ല. പിരിച്ചുവിടാനുളള സത്യസന്ധതയും ധൈര്യവും ആഗ്രസ്ഥാനത്തിനില്ല എന്നതുമാത്രമാണ്‌ സത്യം. നമ്മളെന്തിനാണ്‌ ഒരു മൃതദേഹം ദഹിപ്പിക്കുന്നതും സംസ്‌ക്കരിക്കുന്നതും. ജീർണിച്ചത്‌ പിന്നെയും പുഴുത്തും അഴുത്തും തീരണം എന്ന്‌ നാമെന്തിനാണ്‌ വാശിപിടിക്കുന്നത്‌. ഇങ്ങനെ ഒരവസ്ഥയിൽ ഒരു സ്ഥാപനം പിരിച്ചു വിടുന്നതാണ്‌ നല്ലത്‌. ഇത്‌ ഒരു പ്രസ്ഥാനത്തിനും കഴിയാറില്ല എന്നതാണ്‌ സത്യം. കാരണം പ്രസ്ഥാന ചുമട്ടുകാരും അതിന്റെ ഗുണഭോക്താക്കളും ചില്ലറകൾക്കുവേണ്ടി അത്‌ നടത്തിക്കൊണ്ടു പോകുകതന്നെ ചെയ്യും.

?സാഹിത്യത്തിൽ ഇനി പുരോഗമന കലാസാഹിത്യസംഘം പോലെ മറ്റൊരു പ്രസ്ഥാനം ആവശ്യമുണ്ടോ?

ആവശ്യമുണ്ട്‌. കലയ്‌ക്കും സാഹിത്യത്തിനും സമൂഹത്തിനും എന്നും ഇത്തരം കറക്‌ടിങ്ങ്‌ ഫോഴ്‌സ്‌ വേണം. പക്ഷെ അവ ജീർണ്ണിച്ചതാകരുത്‌.

എന്തിനാണ്‌ ഒരു വിപ്ലവപ്രസ്ഥാനത്തിന്റെ ആവശ്യകത? നിലവിലുളള അസ്വസ്ഥകളേയും കലാപങ്ങളേയും ലക്ഷ്യബോധമുളളതാക്കി പ്രവർത്തിക്കുന്ന റിമോർട്ട്‌ കൺട്രോളോ, കൺട്രോളിങ്ങ്‌ പ്രൊസസ്സോ ആണ്‌ അത്‌. അതിന്റെ ആവശ്യകത ഏതു സമൂഹത്തിലും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. സാഹിത്യപ്രസ്ഥാനങ്ങളിലും അത്‌ ആവശ്യമാണ്‌. പുരോഗമന കലാസാഹിത്യസംഘം ജീർണ്ണിച്ചാൽ പുതിയതൊരെണ്ണം ഉണ്ടാകണം. സമൂഹത്തിൽ ഒരുപാട്‌ അച്ഛനമ്മമാർ ഉണ്ടാകുമെങ്കിലും രക്ഷകർത്താവിന്റെ ഭാഗം കൃത്യമായി നിർവ്വഹിക്കുന്ന ഒന്നോ രണ്ടോ പേരേ കാണൂ. കൃത്യമായ മാർഗ്ഗനിർദ്ദേശം നല്‌കുന്നവരായിരിക്കണം രക്ഷകർത്താക്കൾ. പുരോഗമന കലാസാഹിത്യസംഘം സാഹിത്യത്തിലും സമൂഹത്തിലും ആ സ്വഭാവം പുലർത്തുന്നില്ലെങ്കിൽ അവരുടെ രക്ഷകർത്തൃത്വം നമുക്ക്‌ ആവശ്യമില്ലാതെ വരും.

Generated from archived content: inter-jan24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here