ഇന്ത്യൻ പൊളിറ്റിക്കൽ റിയാലിറ്റി എം.എൻ.വിജയന്റെ കാഴ്‌ചകളിലൂടെ….

വിജയൻമാഷിന്റെ ഓരോ വാക്കും മഹാസമുദ്രത്തിന്റെ ആഴവും പരപ്പും പോലെയാണ്‌. തന്റെ കാഴ്‌ചകളെയും അനുഭവങ്ങളെയും വെറും പ്രസ്താവനകളാക്കി മാറ്റാതെ ചരിത്രത്തിന്റെ, രാഷ്‌ട്രീയത്തിന്റെ അതിനുമപ്പുറം മാനവികതയുടെ വൈവിധ്യമാർന്ന ലോകത്തോട്‌ ചേർത്തുവായിക്കുകയാണ്‌ വിജയൻ മാഷ്‌. മാറിവന്ന രാഷ്‌ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ അസ്വാതന്ത്ര്യ ഇന്ത്യയും സ്വാതന്ത്രാനന്തര ഇന്ത്യയും തൊട്ടറിഞ്ഞ വിജയൻമാഷ്‌ ഇന്നത്തെ ഇന്ത്യ നേരിടുന്ന പ്രതിബന്ധങ്ങളെക്കുറിച്ച്‌ പ്രതികരിക്കുകയാണ്‌ ഈ അഭിമുഖത്തിലൂടെ….

*സ്വതന്ത്ര ഇന്ത്യ നേരിട്ട ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധി എന്തായിരുന്നു? അത്‌ എത്രത്തോളം നമ്മുടെ ദേശീയബോധത്തെ ബാധിച്ചു?

ചരിത്രം ചൂണ്ടിക്കാണിക്കുന്ന ഒരു പ്രത്യേകത അമ്പതുകൊല്ലം കൊണ്ട്‌ സൃഷ്‌ടിക്കപ്പെടാത്ത ഒരു മാറ്റം ചിലപ്പോൾ അഞ്ചുനിമിഷംകൊണ്ട്‌ സംഭവിക്കാമെന്നുളളതാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധി ഇത്തരത്തിലുളള ഒരു മാറ്റമാണ്‌. ഇത്‌ യാഥാർത്ഥ്യത്തിലേക്കുളള പൊടുന്നനെയുളള ഉണരലായിരുന്നു. ഇവിടെയുണ്ടായ രാഷ്‌ട്രീയ സ്വാതന്ത്ര്യം റിയലൈസേഷൻ ഓഫ്‌ പൊളിറ്റിക്കൽ റിയാലിറ്റി ആയിരുന്നു. ഇന്നും നമ്മുടെ മുന്നിൽ ഇന്ത്യയെന്ന കാഴ്‌ചപ്പാട്‌ ഈ റിയാലിറ്റിയിൽ തന്നെയാണ്‌.

സ്വതന്ത്ര ഇന്ത്യയുടെ പൊളിറ്റിക്കൽ റിയാലിറ്റി എന്തെന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. 1947 വരെ ഇന്ത്യൻ ജനതയുടെ വ്യക്തമായ ലക്ഷ്യം രാഷ്‌ട്രീയ സ്വാതന്ത്ര്യം തന്നെയായിരുന്നു. ചില പാഠഭേദങ്ങൾ കാണാമെങ്കിലും ബ്രിട്ടീഷ്‌ മേൽക്കോയ്‌മ സൃഷ്‌ടിച്ച പൊതുവികാരം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഒന്നായിരുന്നു. എല്ലാവരും ആഗ്രഹിച്ചത്‌ ഇന്ത്യ പൂർണ്ണമായും സ്വതന്ത്രമാവുകയെന്നതായിരുന്നു. പക്ഷെ സംഭവിച്ചതാകട്ടെ പൂർണ്ണമായ ഒരിന്ത്യയ്‌ക്കുപകരം ഒന്നിലധികം ഇന്ത്യകൾ ഉണ്ടാക്കപ്പെട്ടു എന്നതാണ്‌. ഇതാണ്‌ സ്വതന്ത്ര ഇന്ത്യ കണ്ട പൊളിറ്റിക്കൽ റിയാലിറ്റി. ഇങ്ങനെ ദേശീയമായ ഒരു ഇച്ഛയുടെ സ്ഥാനത്ത്‌ നിരവധി ഇച്ഛകൾ ഉണ്ടാവുകയും അത്‌ ഭരണതലത്തിലും രാഷ്‌ട്രീയതലത്തിലും ഒരു കൺഫ്യൂഷൻ ഉണ്ടാക്കുകയും ചെയ്‌തു. ഈ ആശയക്കുഴപ്പങ്ങൾ തീർക്കാനുളള ശ്രമങ്ങളാണ്‌ പിന്നീട്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.

ഒരുവന്‌ എത്രത്തോളം ത്യാഗിയാകാം എന്നതായിരുന്നു സ്വാതന്ത്ര്യസമരകാലത്തെ ഒരു മൂല്യം. സ്വാതന്ത്ര്യസമരകാലത്ത്‌ ഒരു പെൺകുട്ടിയിൽ നിന്നും വളയും മാലയും, എന്തിന്‌ അവളുടെ കമ്മലും ഊരി വാങ്ങി, ആഭരണം എന്നതുപോലും ലോകസേവനത്തിനുളളതാണെന്ന ബോധം ഗാന്ധി ഉയർത്തുന്നുണ്ട്‌. അവിടെനിന്നും ലോകം മുഴുവൻ എന്റെ സേവനത്തിനാണെന്ന ചുരുക്കത്തിലേക്ക്‌ മാറിത്തീർന്നതാണ്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു കാഴ്‌ച. ത്യാഗമെന്നതേ നേട്ടം എന്നെഴുതി വച്ചിടത്ത്‌ ത്യാഗം നേട്ടത്തിനുവേണ്ടി എന്നായി മാറുന്നത്‌ ഇങ്ങിനെയാണ്‌. സ്വാതന്ത്ര്യസമര സേനാനികൾ ത്യാഗത്തിന്റെ കൂലി ചോദിക്കുന്നതും ഇതിനാലാണ്‌. അവർക്ക്‌ മെച്ചപ്പെട്ട ഭൂമി വേണമെന്നും കൂടുതൽ പെൻഷൻ വേണമെന്നും വാദിക്കുന്നു. ഇത്‌ മൂല്യത്തിൽവന്ന മാറ്റമാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യം മൂല്യമായിരുന്നിടത്ത്‌ പണം മൂല്യമായി മാറുകയാണ്‌. ത്യാഗമെത്ര പ്രശസ്തി തരും, പൊന്നു തരും എന്നൊക്കെയാണ്‌ പിന്നീട്‌ ഉയരുന്ന ചോദ്യങ്ങൾ. ജീവിതത്തിന്റെ അർത്ഥത്തിൽ വരുന്ന മാറ്റമാണിത്‌. അതായത്‌ ചരിത്രത്തിൽ വരുന്ന മാറ്റമെന്നർത്ഥം. ഇവിടെ രാജ്യത്തോളം വലുതായ ആളുകൾ ഇപ്പോൾ രാജ്യത്തെ തന്നോളം ചെറുതാക്കുന്നു.

അധിനിവേശത്തിനോടുളള എതിർപ്പാണ്‌ വാസ്തവത്തിൽ തീവ്രമായ പൊതുദേശീയബോധത്തിന്‌ രൂപം നല്‌കിയത്‌. ഹിന്ദുദേശീയത, മുസ്ലീം ദേശീയത എന്നിങ്ങനെയുളള വൈജാത്യങ്ങളെ മറികടക്കുന്നത്‌ പൊതുശത്രുവിനോടുളള എതിർപ്പുകൊണ്ടാണ്‌. ബ്രിട്ടനോടുളള എതിർപ്പായിരുന്നു അത്‌. ഒരു പൊതുശത്രുവിന്റെ സാന്നിധ്യം വൈജാത്യങ്ങളെ പലപ്പോഴും ഇല്ലാതാക്കും. ശത്രു എന്നത്‌ ചിലപ്പോഴൊക്കെ ഒരാവശ്യമാണെന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌. തെരഞ്ഞെടുപ്പിൽ ജയിക്കാൻ അതിർത്തിയിൽ വെടിപൊട്ടിക്കേണ്ടി വരുന്നത്‌ ഇതിനുദാഹരണങ്ങളാണ്‌.

അന്ന്‌ സാംസ്‌കാരികമായ സർവ്വ വ്യത്യസ്തതകളും അരികിലേക്ക്‌ ഒതുക്കപ്പെടുകയും ദേശീയ വികാരം മുന്നിലേക്ക്‌ വരികയും ചെയ്‌തു. പിന്നീട്‌ ലോകമഹായുദ്ധം ഉണ്ടാവുകയും പഴയ രൂപത്തിലുളള കൊളോണിയലിസം അവസാനിക്കുകയും ചെയ്‌തു. ഏകോപിതമായ ലക്ഷ്യത്തിന്റെ കൂടി പരിസമാപ്തിയായിരുന്നു അത്‌. സ്വാതന്ത്ര്യത്തിനുശേഷം പൊളിറ്റിക്കലായ ദേശീയലക്ഷ്യം ഇല്ലാതാവുകയും, വൈജാത്യങ്ങൾ മുകളിലേക്ക്‌ വരാൻ തുടങ്ങുകയും ചെയ്‌തു. അത്‌ ഭാഷാപരവും ജാതിപരവും ദേശപരവുമൊക്കെ ആയിരുന്നു. അതിൽ പ്രത്യേകിച്ച്‌ തെറ്റൊന്നും കാണാനാവില്ല. ചരിത്രത്തിൽ അങ്ങനെ സംഭവിക്കാവുന്നതാണ്‌.

ഇങ്ങനെയുണ്ടായ സ്വാതന്ത്ര്യം ഒരുപാട്‌ മോഹങ്ങൾ സൃഷ്‌ടിക്കുന്നു. അങ്ങിനെയൊരു മോഹത്തിന്‌ ഉദാഹരണമാണ്‌ പഞ്ചവത്സരപദ്ധതി. ഇവിടെ വ്യവസായവൽക്കരണത്തിനാണ്‌ നെഹ്‌റു ആധുനീകരണം എന്ന്‌ പറയുന്നത്‌. എന്നാൽ അതായിരുന്നില്ല ഗാന്ധിയുടെ വിശ്വാസം. ഇവിടെവച്ച്‌ ഏറ്റവും അടുത്ത രണ്ടാളുകൾ ഏറ്റവും അകന്ന രണ്ടാളുകളായി മാറുന്നു. ഇതുവരെയുണ്ടായിരുന്ന പൊതുലക്ഷ്യം വഴി മാറുകയാണ്‌ ഉണ്ടായത്‌. ഇതിൽ ശരി, തെറ്റ്‌ എന്നൊന്നില്ല. ഒരു പ്രത്യേക സന്ദർഭം അങ്ങിനെ ആക്കിത്തീർക്കുകയാണ്‌ ചെയ്തത്‌. ഭരണഘടനയുണ്ടാക്കുമ്പോഴും ഫെഡറൽ വേണമോ യൂണിറ്റി വേണമോ എന്ന ആശയക്കുഴപ്പത്തിൽ നിന്നും രണ്ടുമല്ലാത്ത ഒന്ന്‌ സ്വീകരിക്കപ്പെട്ടതും ഇങ്ങനെയാണ്‌.

*ഈയൊരു അവസ്ഥയിൽ ഗാന്ധിയുടെ സാന്നിധ്യവും മരണവും എങ്ങിനെയുളള ഇടപെടലാണ്‌ നടത്തിയത്‌?

ഇത്തരം വൈജാത്യങ്ങളെ മറികടക്കാൻ കഴിയുന്ന ഒന്നായിരുന്നു ഗാന്ധിയുടെ സാന്നിധ്യം. മാസ്‌ ലെവലിൽ ആളുകളെ ഏറ്റവും നന്നായി സംഘടിപ്പിച്ച ആദ്യത്തെയാൾ ഗാന്ധിയായിരുന്നു. സ്വാതന്ത്ര്യത്തെ എല്ലാവരുടെയും ലക്ഷ്യമാക്കി ഗാന്ധി മാറ്റി. അദ്ദേഹത്തിന്റെ പ്രാർത്ഥനായോഗങ്ങൾ പ്രാർത്ഥനയ്‌ക്കുമാത്രമായിരുന്നില്ല മറിച്ച്‌ ഐക്യം ഉണ്ടാക്കാനും സംഘടിക്കാനുമായിരുന്നു. ഗാന്ധി വെറുമൊരു ഭക്തനായിരുന്നില്ല; മറിച്ച്‌ ഇന്ത്യയിൽ വച്ച്‌ ഏറ്റവും പ്രായോഗികമതിയും ഭൗതികവാദിയുമായിരുന്നു.

ഗാന്ധിയുടെ മരണം അതുവരെ ഡോർമെന്റായി കിടന്നിരുന്ന ഒരാശയത്തിന്റെ ആധിപത്യം സ്ഥാപിതമാക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി, ന്യൂനപക്ഷമായ അഭിപ്രായം, വളരെ ആത്മാർത്ഥമായി ഗാന്ധിയുടെ മരണം ആവശ്യപ്പെടുകയായിരുന്നു. അഞ്ചുവർഷംകൊണ്ട്‌ വളരെ എളുപ്പത്തിൽ നടക്കേണ്ട ഒരു കാര്യം ഗാന്ധിയുടെ സാന്നിധ്യമുണ്ടെങ്കിൽ 50 കൊല്ലം കൊണ്ട്‌ നടപ്പിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണതിന്‌ കാരണം. ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു ഗാന്ധിവധം. ഇതുപോലെ തന്നെയാണ്‌ ഇന്ത്യാ വിഭജനവും വരുന്നത്‌. വിഭജനം ഹിന്ദുത്വവാദികൾക്ക്‌ കൃത്യമായ മൂർച്ച നല്‌കി. മുസ്ലീങ്ങൾക്ക്‌ ഒരു രാജ്യം കിട്ടിയല്ലോ എന്ന വളരെ ലളിതമായ ചോദ്യങ്ങളൊക്കെ അവർ ചോദിക്കുവാൻ തുടങ്ങി. അങ്ങിനെ അവർക്ക്‌ സിംപിൾ ലോജിക്‌ ഉണ്ടാക്കാൻ വിഭജനം കാരണമായി.

വിഭജനത്തിന്റെ സർവ്വനാശകാരിയായ ഫലം, ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്നതിൽനിന്ന്‌ ഒന്നിലധികം ഇന്ത്യ എന്നതായി. ഗാന്ധിയുടെ സാന്നിധ്യം ഇതിനൊക്കെ എതിരാകുമായിരുന്നു. കാരണം രാമൻ, ഹിന്ദുമതം തുടങ്ങിയവയ്‌ക്ക്‌ ആരും നല്‌കാത്ത അർത്ഥം നൽകാൻ ഗാന്ധിക്ക്‌ കഴിഞ്ഞിരുന്നു. രാമനും റഹീമും ഒന്നാണെന്നാണ്‌ ഗാന്ധി വ്യാഖ്യാനിച്ചത്‌. രാമനും റഹീമും ഒന്നാണെന്നത്‌ ഗാന്ധിസവും, രണ്ടാണെന്നത്‌ ഹിന്ദുത്വവുമായി മാറി. ഇങ്ങനെ ഗാന്ധിയുടെ വ്യാഖ്യാനങ്ങൾ ചിലർക്കെതിരെ വന്നപ്പോഴാണ്‌ അദ്ദേഹത്തെ ശാരീരികമായി ഇല്ലാതാക്കിയത്‌. അതൊരു ഫാഷിസ്‌റ്റ്‌ രീതിയായിരുന്നു. ശത്രുവിനെ സംസാരിച്ച്‌ ബോധ്യപ്പെടുത്തുന്നതിനേക്കാൾ അയാളെ കൊന്നു ബോധ്യപ്പെടുത്തുക എന്നതാണ്‌ ഫാഷിസത്തിന്റെ യുക്തി. ഉദ്‌പാദനം കൂട്ടാനും രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറാകുന്ന പട്ടാളക്കാരെ ഉണ്ടാക്കാനും ആൺകുട്ടികളെയാണ്‌ പ്രസവിക്കേണ്ടത്‌ എന്നു പറയാനും ഫാഷിസം വളരെ കാര്യക്ഷമമാണ്‌.

*ഈയൊരു പ്രശ്‌നം, അഥവാ ഇത്തരമൊരു പ്രതിസന്ധി പുതിയ അവസ്ഥയിൽ ഏതു രീതിയിലാണ്‌ ഇന്ത്യയെ ബാധിക്കുന്നത്‌?

ആഗോളീകരണത്തിന്റെ പശ്ചാത്തലത്തിലാണ്‌ നാമിതെല്ലാം മനസ്സിലാക്കുന്നത്‌. മുതലാളിത്തത്തിന്റെ ഒരു രീതിയാണ്‌ ആഗോളീകരണം. ജാതി, മത, ദേശഭേദങ്ങളില്ലാത്ത, വളരെ പ്രോഗ്രസീവായ ഒരു വ്യാപനപ്രവർത്തനമാണ്‌ വാസ്‌തവത്തിൽ മുതലാളിത്തം. മതംപോലെ സാർവ്വലൗകീകമാണിത്‌. പ്രാദേശിക മതം എന്നൊന്നില്ലാത്തതുപോലെ പ്രാദേശികമായി മുതലാളിത്തവുമില്ല. ഉൽപ്പന്നം എവിടെയും വിൽക്കണം എന്നതുമാത്രമാണ്‌ ലക്ഷ്യം. ഒരിക്കൽ ലഡാക്കിൽ സിനിമയെടുക്കാൻ പോയ ഒരു കൂട്ടർ അവിടെ എയ്‌ഡ്‌സിനെതിരായ പരസ്യം കണ്ട്‌ അത്ഭുതപ്പെട്ടു. എയ്‌ഡ്‌സിനെതിരായ ഭീതിയിൽ നിന്നേ ചില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ കഴിയൂ. അതിനായി എവിടെയും പരസ്യമുയർത്താൻ അവർ തയ്യാറാകുന്നു. മതങ്ങൾ ചെയ്യുന്ന എല്ലാകാര്യവും മുതലാളിത്തവും ചെയ്യുന്നുണ്ട്‌. പോസ്‌റ്റ്‌ ഇൻഡസ്‌ട്രിയൽ യുഗത്തിലേക്ക്‌ ലോകത്തെ പരിവർത്തനം ചെയ്യുകയാണ്‌ മുതലാളിത്തം. ഇതൊരു മതം മാറ്റം തന്നെയാണ്‌. മതം ദൈവം എന്നു പറയുമ്പോൾ മുതലാളിത്തം ലാഭം എന്നാണ്‌ പറയുക. ദൈവങ്ങൾ തമ്മിൽ മത്സരം ഉളളതുപോലെ യൂറോയും ഡോളറും തമ്മിൽ മത്സരമുണ്ട്‌.

ലോകമെങ്ങും ചുറ്റിയടിക്കാനുളള ഇടമാണെന്നും നിങ്ങളെല്ലാം ടൂറിസ്‌റ്റുകളാണെന്നും പറയുന്നതാണ്‌ മുതലാളിത്തത്തിന്റെ മറ്റൊരു മുദ്രാവാക്യം. മുതലാളിത്തത്തിൽ ആരും ഒരു വീട്ടിലോ, ഭാഷയിലോ, തൊഴിലിലോ, നാട്ടിലോ താമസിക്കുന്നില്ല. നാടുകൾ കണ്ട്‌ നടക്കുകയാണ്‌. ടൂറിസം എന്നത്‌ മുതലാളിത്തത്തിനുമാത്രം സാധ്യമാകുന്ന ഒന്നാണ്‌. ലോകം മുഴുവൻ സർവ്വേ നടത്തി പുതിയ ഇടങ്ങൾ കണ്ടെത്തുകയാണ്‌. ഇതെല്ലാം ചൂഷണത്തിനാണ്‌. അങ്ങിനെയാണ്‌ വാസ്‌കോഡഗാമയും കൊളംബസുമൊക്കെ വരുന്നത്‌. ഇങ്ങനെ സർവ്വേ നടത്തിയപ്പോഴാണ്‌ പ്ലാച്ചിമടയിൽ നല്ല വെളളമുണ്ടെന്നും ഇഷ്‌ടംപോലെ ഊറ്റിയെടുക്കാമെന്നും കണ്ടെത്തിയത്‌.

കടം ഒരു പ്രലോഭനവും അത്‌ തിരിച്ചടക്കാൻ കഴിയാത്ത ഒരു അവസ്ഥയുമായിരിക്കുമ്പോഴാണ്‌ ആത്മഹത്യകൾ ഉണ്ടാകുന്നത്‌. അല്ലാതെ മഴ പെയ്യാഞ്ഞിട്ടല്ല. ഒരു സ്‌കൂൾമാഷിന്‌ മാസം 250 രൂപയടച്ചാൽ 25,000 രൂപയുടെ ടിവി വാങ്ങാമെന്നത്‌ ഒരു കെണിയാണ്‌. അങ്ങിനെ ആളുകളെ പണംകൊണ്ട്‌ വാങ്ങാമെന്നും പണം കൊണ്ട്‌ സർക്കാരിനെ ഭരിക്കാമെന്നും വരുന്നു. ഇത്തരം വ്യാമോഹങ്ങളാണ്‌ ആത്മഹത്യകൾ സൃഷ്‌ടിക്കുന്നത്‌.

വ്യാമോഹമെന്ന്‌ പറയുവാൻ കാരണം പണം എന്നത്‌ ഒരു സാധനമല്ലാത്തതിനാലാണ്‌. പണം എന്നത്‌ സിമ്പോളിക്‌ സബ്‌സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെറ്റീരിയലാണ്‌. ഇങ്ങനെ ഇല്ലാത്ത സാധനംകൊണ്ട്‌ വിനിമയം ചെയ്ത്‌ ലോകത്തെ കീഴടക്കുകയാണ്‌ മുതലാളിത്തം ചെയ്യുന്നത്‌. പണം ഒരു വിശ്വാസമായതിനാലാണ്‌ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌ തകരുന്നതിനെ വിശ്വാസത്തകർച്ച എന്ന്‌ പറയുന്നത്‌. അതുകൊണ്ടാണ്‌ ഒരു പ്രവചനം എക്‌സിറ്റ്‌ പോൾ വരുമ്പോൾ ഈ വിശ്വാസത്തകർച്ച ഉണ്ടാകുന്നത്‌. പണത്തിന്‌ ഒരു ഭൗതികമായ അടിത്തറ ഇല്ല എന്നതും മറ്റൊരു കാരണമാണ്‌. നിങ്ങളുടെ രാജ്യം പരാജയപ്പെട്ടാൽ പിന്നെ നോട്ടുകൾ കൊണ്ട്‌ കുളം മൂടാനെ കഴിയൂ. ഇങ്ങനെ ലോകരാജ്യങ്ങളിൽ മുഴുവൻ വ്യാമോഹങ്ങൾ സൃഷ്‌ടിച്ചാണ്‌ മുതലാളിത്തം അധിനിവേശം നടത്തുന്നത്‌.

*ഒരു മാറ്റത്തിനായുളള കൃത്യമായ പോംവഴിയോ, പ്രതിരോധമോ നമുക്ക്‌ ഉയർത്തികൊണ്ടുവരുവാൻ കഴിയുമോ….അങ്ങിനെ ഒന്നുണ്ടെങ്കിൽ അതെന്ത്‌?

നമ്മൾ അഭിമുഖീകരിക്കുന്ന ശരിയായ പ്രശ്‌നം, വാസ്തവത്തിൽ ആഗോളീകരണത്തോടുളള സമീപനം എന്തെന്നാണ്‌. അതിൽ ഫാഷിസ്‌റ്റ്‌ വിരുദ്ധ സമീപനവും ഉൾപ്പെടുന്നുണ്ട്‌. നമുക്ക്‌ നമ്മുടേതായ പോംവഴികൾ വേണം. അല്ലാതെ ചൈനയുടെ പോംവഴിയല്ല നാം പിൻതുടരേണ്ടത്‌. പക്ഷെ നാം ചെയ്തുകൊണ്ടിരിക്കുന്നത്‌ അനുകരിക്കൽ മാത്രമാണ്‌. എന്തു പ്രവർത്തിക്കാം എന്നല്ല, ആരെ അനുകരിക്കാം എന്നാണ്‌ നാം ഓരോ ദിവസവും ചിന്തിക്കുന്നത്‌.

സ്വത്വപരമായ ആശയക്കുഴപ്പം ഉളളിടത്താണ്‌ മുതലാളിത്തം പിടിമുറുക്കുക. നീഗ്രോകളുടെ ഇടയിൽ ഫെയർനെസ്‌ ക്രീം വിൽക്കാനാവില്ലായെന്ന്‌ പറയുന്നതിന്റെ സാരം ഇതാണ്‌. നീഗ്രോയ്‌ക്ക്‌ നന്നായറിയാവുന്ന കാര്യം താൻ കറുത്തവനാണെന്നാണ്‌, പക്ഷെ താൻ ഓടിയാൽ വെളുത്തവൻ പിറകിലാകുമെന്നും അവന്‌ അറിയാം. എന്നാൽ നാം കറുത്തതാണോ വെളുത്തതാണോ എന്ന ആശയക്കുഴപ്പം ഇതുവരെ തീർന്നിട്ടില്ല.

അതുകൊണ്ട്‌ നാം ചെയ്യേണ്ടത്‌ നമുക്ക്‌ പറ്റിയ പ്രതിരോധത്തിന്റെ വഴി സ്വീകരിക്കുക എന്നുളളതാണ്‌. ചൈന ചെയ്യുന്നത്‌ എല്ലാം സ്വീകരിച്ചിട്ട്‌, തന്റേതാക്കി ഉപയോഗിക്കുകയെന്നുളളതാണ്‌. നമുക്കത്‌ അറിയില്ല. എന്നാൽ ഗാന്ധിയുടെ മാർഗ്ഗം വേണ്ടെന്നു വയ്‌ക്കലായിരുന്നു. അതായത്‌ തിരസ്‌ക്കാരം. അത്‌ അക്കാലത്ത്‌ സാധ്യമായ ഒരു മാർഗ്ഗമായിരുന്നു. ഇവിടെ നാം പുതിയ പ്രതിരോധമാർഗ്ഗം കണ്ടുപിടിച്ചേ മതിയാകൂ.

Generated from archived content: int_may19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here