അക്ഷരങ്ങളെ ആശ്വാസമാക്കുന്ന ഒരാൾ

ജീവിതത്തിന്റെ മുഖ്യധാരയിൽനിന്നുളള ഇടഞ്ഞുനില്പാണ്‌ പലപ്പോഴും സർഗ്ഗാത്മകതയായി പ്രകാശിതമാകുന്നത്‌. കൂട്ടം തെറ്റിപ്പിരിയലിലേയ്‌ക്ക്‌ തിരിച്ചുപിടിച്ച ഒരു സർച്ച്‌ ലൈറ്റാകാറുണ്ട്‌ പല സാഹിത്യസൃഷ്‌ടികളും. അതുപോലെതന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്നും വകഞ്ഞുമാറ്റപ്പെട്ടവർ സാഹിത്യരചനയിൽക്കൂടി തങ്ങളുടെ ഒറ്റപ്പെടലിന്‌ ആശ്വാസം കണ്ടെത്തുകയും പതിവാണ്‌. അംഗവൈകല്യത്തെയും രോഗത്തെയും കലകൊണ്ട്‌ നേരിടുന്ന ഉദാഹരണങ്ങളും ചരിത്രത്തിൽ അനേകമുണ്ട്‌.

ജീവിതത്തെക്കുറിച്ച്‌ നഷ്‌ടപ്പെടുന്ന പ്രതീക്ഷകൾ അക്ഷരങ്ങളിലൂടെ കോർത്തുവയ്‌ക്കാനുളള ശ്രമമാണ്‌ എ.കെ.എൻ.ഇളയതും നടത്തുന്നത്‌. ശരീരം ഓരോ അവയവങ്ങളായി തളർന്നുകൊണ്ടിരിക്കുമ്പോൾ പേന കൈയിലുറയ്‌ക്കാതെ കടലാസുമായി നടത്തുന്ന യുദ്ധം നർമ്മകഥകൾ രചിക്കാൻ വേണ്ടിയുളളതാണെന്നറിയുമ്പോൾ ഓരോ ചിരിയുടെ പിന്നിലുളള വേദനയും വായനക്കാരന്‌ തിരിച്ചറിയാൻ കഴിയും.

ഭാഷ ഒരു ലീലയായി മാറുന്നതിനുമുൻപാണ്‌ എ.കെ.എൻ ഇളയതിന്റെ ഭാഷ രൂപപ്പെട്ടത്‌. ഇ.വി. കൃഷ്‌ണപ്പിളളയുടെ പ്രഹസനങ്ങളുടെ ഭാഷയിൽനിന്നുളള ഒരു തുടർച്ച ഇവയിൽ കാണാം. “ലക്ഷ്‌മിയമ്മായി കുടുംബസദസ്സിൽ സന്നിഹിതനായിരുന്ന കമലാസനനെ അശ്രുസങ്കുലമായ കണ്ണുകളോടെ സംബോധന ചെയ്‌തു.” എന്നിങ്ങനെ ഭാഷയുടെ ചിട്ടയെ താൻ സ്വാംശീകരിച്ചമട്ടിൽത്തന്നെ നാട്യങ്ങളില്ലാതെ എഴുതിവയ്‌ക്കുകയാണ്‌ അദ്ദേഹം. തനിക്ക്‌ പറയാനുളളത്‌ വളച്ചുകെട്ടാതെ പറയുകയാണ്‌ ഇളയതിന്റെ രീതി. ആന്റൺ ചെഖോവിന്റെ കഥകളെ കേരളീയ പരിസരത്തേയ്‌ക്ക്‌ കൊണ്ടുവന്ന്‌ ആഖ്യാനം ചെയ്യുകയാണ്‌ താൻ ചെയ്‌തിട്ടുളളതെന്ന്‌ അദ്ദേഹം എഴുത്തിന്റെ പ്രേരണയെ തുറന്നു രേഖപ്പെടുത്തുന്നു. വൈദ്യശാസ്‌ത്രത്തെ തോല്പിച്ച്‌ രോഗം തന്റെമേൽ നേടുന്ന വിജയത്തെയും തന്റെയും ജ്യേഷ്‌ഠന്റെയും രോഗത്തെപ്രതി മനംനൊന്ത്‌ മരിച്ച അച്ഛന്റെ ഓർമ്മയെയും ഒരു ഹതഭാഗ്യൻ നേരിടുന്ന വഴികളാണ്‌ ഇതിലെ ഓരോ കഥയും എന്ന തിരിച്ചറിവിലാണ്‌, ജീവിതത്തോടു പടവെട്ടുന്നവന്റെ ചെറുത്തുനില്പായി ഈ കഥകളെ വായിക്കാൻ കഴിയുക.

അത്യന്തം വിശേഷപ്പെട്ട ഒരു ശ്വാനൻ, ബാലിവധം, പകരത്തിനുപകരം, കാലം പോയ പോക്ക്‌, നയകാര്യ പ്രയോഗജ്ഞൻ, അവസരവാദം, അപവാദം, പുതുവർഷമേ സ്വാഗതം, സ്‌നേഹമുളള അച്‌ഛൻ, ധൈര്യം തുടങ്ങിയ നർമ്മകഥകളാണ്‌ ഈ കഥാസമാഹാരത്തിൽ ഉൾപ്പെടുന്നത്‌. ജീവിതവുമായും കടലാസുമായും ഒരുപോലെ യുദ്ധം ചെയ്യുന്ന ഒരു മനസ്സിന്റെ നർമ്മത്തോടുളള ആഭിമുഖ്യമാണ്‌ ചെഖോവിനെ കേരളീയ പരിസരത്ത്‌ പറിച്ചു നടുന്നതെന്നറിയുമ്പോഴാണ്‌ രചനാശില്പത്തിനും ആഖ്യാനതന്ത്രത്തിനുമപ്പുറം മനുഷ്യമനസ്സിന്റെ ധീരമായ ചെറുത്തുനില്പ്‌ ഈ കഥകളിൽ കണ്ടെത്താൻ കഴിയുന്നത്‌.

അത്യന്തം വിശേഷപ്പെട്ട ഒരു ശ്വാനൻ

എ.കെ.എൻ. ഇളയത്‌

പ്രസാധനംഃ ഗ്രന്ഥകാരൻ

വില 40 രൂപ

Generated from archived content: aug28_book.html Author: indu_idappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here