മാറ്റൊലിക്കവിക്ക്‌

സുഖ ദുഃഖങ്ങൾ നിറഞ്ഞ നഭസ്സിൻ

നടുമുറ്റത്തൊരു തോണിയുമായി

മഹാനൊരുത്തൻ വരിനെല്ലോല

കിനാക്കളോടു കലമ്പുന്നു.

വരാഹമിഹിരൻ തന്നുടെ സ്‌നേഹ-

ക്കലമ്പൽ കൊണ്ടു ചിരിക്കുന്നു.

ഒരാളുമീവഴിയെത്തുകയില്ലീ

പരാജയത്തിൻ വഴി കാണാൻ

വിജയിച്ചരുളുക നിഷാദരേ

നാമിതുയിങ്ങനെ പോകുമ്പോൾ

വിതയ്‌ക്കുകില്ലാ വിപ്ലവ വിത്തുകൾ

ധരിത്രി നൊന്തു മരിച്ചീടാൻ

വരുന്നിതാ ഞാനങ്ങോട്ടിനിയും

വിരുന്നു നൽകിയ പടവുകളിൽ

വയലാറിന്റെ മണക്കും വഴികളിൽ

ഉത്സവമാടും വൃക്ഷങ്ങൾ

നിറഞ്ഞ മനസ്സിൽ നൃത്തം ചെയ്യും

ആയിഷതന്നുടെ ചെഞ്ചൊടികൾ…….

നമുക്ക്‌ ജീവിതം ഇതുവഴിയിതിലെ

മദിച്ചു പാടിയ കാവുകളിൽ

വിരുന്നു നൽകുക ഞങ്ങൾക്കിനിയും

വരുന്നു ഗഹനപ്പഴമകളിൽ.

പീറക്കവികളിലിന്നും കാണാം

പിറവിയെഴാത്ത മഹാനദികൾ

മഹാമനസ്‌കത ചിറകു വിടർത്തിയ

ചതിച്ചിടാത്ത മഹാനദികൾ

ഒരിക്കൽ മുങ്ങിക്കുളിച്ചു നദിയിൽ

നഭസ്സുനോക്കിയിരിക്കുമ്പോൾ

മുളച്ചതാണോ മഹാകവേ നിൻ

മനസ്സിൽ വിസ്‌മയ കാവ്യങ്ങൾ

എനിക്കു പാടാം, പാട്ടിൻ ശ്രുതിയിൽ

ലയിച്ചു നിങ്ങൾക്കാടീടാം

അകന്നിരിക്കുമൊരുത്തന്‌

മിണ്ടാതകത്തു

നദിയിൽ മുങ്ങീടാം

ഇതെന്തു വിസ്‌മയമാണു കവേ

നിൻ കരളിലുമുണ്ട്‌ നദീഹൃദയം

ഒരിക്കൽ വെറുതെയൊഴുകും പിന്നെ

പതഞ്ഞു പൊന്തും കരയാകെ

ചിരിച്ചിടാതെ ചിലമ്പും പിന്നെ

കരഞ്ഞു പാടും കാടുകളിൽ

വിളക്കു വച്ചിടുമന്തിക്കൂരയിൽ

വിളക്കെഴാത്ത മനസ്സുകളിൽ

ഒരേ മനസ്സിൽ വിചിത്രഭാവം

തുളച്ചുകയറും സൂചികളെ

എടുത്തിതക്ഷര വടിവിലൊതുക്കി

കൊരുത്തെടുത്തതു നീയല്ലോ.

വരുന്നിതാ ഞാൻ നമിച്ചിടട്ടെ

മരിച്ചുപോയൊരു തലമുറതൻ

പ്രേതക്കണ്ണുകൾ ചുമ്മാ ചിമ്മി

തൊഴുത്തിൽ നിന്നു വരുന്നൂ ഞാൻ

പിറന്ന വടിവിൽ പീറക്കവിയായ്‌

വളർന്നിതോ നീ വയലാറിൽ

മുറിച്ചുമാറ്റിയ വിപ്ലവഗാനം

ചിതയ്‌ക്കെറിഞ്ഞു നടന്നൂ നീ

ഇവിടെയിരുന്നാൽ കാണാം

കാറ്റിൻ നിറവും മണവുമറിഞ്ഞീടാം

സംഗീതത്തിന്‌ കാറ്റിൻ താളം

കടലോ കവിതയ്‌ക്കകമേളം

വരുന്നിതാകാശത്തിൻ നെഞ്ചം

* * * * *

തകർത്തൊരുഗ്രൻ പേമാരി

കാറ്റും മഴയുമൊഴുക്കും

കുടിലിലൊളിച്ചു വിറയ്‌ക്കും കുട്ടികളും

രാപ്പകലില്ലാതിങ്ങനെ

കൂലിത്തൊഴിലിലൊടുങ്ങും ജീവനുകൾ

അവർക്കു തണലും വിളക്കുമായത്‌

മഹാകവേ നിൻ സ്വപ്‌നങ്ങൾ

വിളക്കണച്ചുമയങ്ങുന്നേരം

വിടർന്നു സ്വപ്‌നം കവിതകളായ്‌

ഉടുക്കു കൊട്ടുകയാണതിനുളളിൽ

തുടിച്ചു നിൽക്കും കവി ഹൃദയം.

‘കാലമാണവിശ്രമം പായുമെന്നശ്വം സ്‌നേഹ-

ജ്വാലയാണെന്നിൽ കാണും ചൈതന്യം സനാതനം’

ചൊല്ലുന്നു വീണ്ടും നീ നിൻ നെഞ്ചിലെ

കിളിക്കൂട്‌ തുറന്നു വിഹായസ്സിൽ

പ്രകാശനക്ഷത്രങ്ങൾ…………

ഉൽക്കട ദാഹം തീർക്കാൻ

വന്നിരിപ്പൂ ഹാ!

കാല ഗഹ്വരം തുറന്നിതാമരിച്ച മാലാഖമാർ

അപ്പൊഴും വിദ്യുത്‌കലാ തന്ത്രികൾ മീട്ടിപ്പാടി

ചിരിച്ചു ചിരിച്ചു നീ ചുണ്ടടയ്‌ക്കുമ്പോൾ

അടഞ്ഞതാശത്തിൻ ദിവ്യ ചാരുതയല്ലോ

പ്രകാശം വരും വഴി മേഘങ്ങൾ കണ്ണീരായി

കടലിന്നരികത്തു വന്നുനില്‌ക്കുന്നൂ വയലാർ.

‘മാണിക്ക മണിവീണ മീട്ടിയ മനുഷ്യനെ

മാറ്റൊലിക്കവിയെന്ന്‌ ’വിളിച്ച‘ പൂജാരികൾ’-

ക്കിപ്പുറം വീണ്ടും നിന്നെ വിളിപ്പൂ

പീറക്കവി! ചിരിക്കയല്ലോ നീ ഇപ്പോഴും മഹാ കവേ.

അക്കണ്ണു കലങ്ങിയാൽ കലങ്ങും നീലാകാശം

അച്ചുണ്ടു വിതുമ്പിയാൽ വിതുമ്പും കടൽത്തീരം

അക്കരൾക്കിതപ്പിലീ സഹ്യാദ്രി മകുടങ്ങൾ വിറയ്‌ക്കും

പ്രപഞ്ചത്തിൻ മടിയിൽ തല ചായ്‌ക്കാൻ

അത്രയ്‌ക്കു മനസ്സുമായിണങ്ങിയൊന്നായതാ-

ണീവിശ്വ പ്രകൃതിതൻ സംഗീതം വയലാറിൽ.

Generated from archived content: mattolikavikku.html Author: indrababu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമാറ്റം
Next articleമഴത്തുളളിക്കിലുക്കം
ഇന്ദ്രബാബു 1965-ൽ കൊല്ലം ജില്ലയിൽ പാരിപ്പളളി -കടമ്പാട്ടുകോണത്ത്‌ ജനിച്ചു. നാടക സാഹിത്യത്തിൽ കേരളസർവ്വകലാശാലയിൽ നിന്ന്‌ ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്‌. പ്രഥമ കവിതാസമാഹാരമായ ‘സൂര്യന്റെ രാത്രിയ്‌ക്ക്‌ ’ കുഞ്ചൻ നമ്പ്യാർ അവാർഡ്‌ ലഭിച്ചു. കേരളകൗമുദി പത്രാധിപസമിതി അംഗമായി ജോലിചെയ്യുന്നു. വിലാസംഃ ഇന്ദ്രബാബു ചെമ്പരത്തി ഭഗത്‌സിംഗ്‌ റോഡ്‌ പേട്ട പി.ഒ. തിരുവനന്തപുരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English