ചിലങ്ക

പ്രമുഖ എഴുത്തുകാരന്‍ ജയവര്‍ദ്ധനനെ ഞാന്‍ ആദ്യമായി കാണുന്നത് മീരയുടെ കോളെജില്‍ വച്ചാണ്. മീര തൃപ്പൂണിത്തറ സംഗീത കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. എന്റെ കുഞ്ഞമ്മയുടെ മകള്‍.

അവള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഞാനും താമസിക്കുന്നത്. എല്‍. ഐ. സി ഓഫീസറായി ജോലി കിട്ടിയതിന്റെ ഒരു മാസത്തെ ട്രെയിനിംഗിനു വേണ്ടിയാണ് ഞാന്‍ എറണാകുളത്തു വന്നത്.

മീര ധാരാളം വായിക്കുകയും കവിതകള്‍ എഴുതുകയും ചെയ്യും. അവളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് ജയവര്‍ദ്ധനന്‍. സംഗീതകോളേജിലെ ആര്‍ട്ട്സ് ക്ലബ്ബിന്റെ ഉത്ഘാടനത്തിനു മുഖ്യാതിഥിയായി എത്തുന്നതു അദ്ദേഹമാണ്. രാവിലെ മുതല്‍ മീര സന്തോഷത്തിലാണ്. മീരയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാനും കൂടെ ചെല്ലാമെന്നു വച്ചു.

എനിക്കു വലിയ വായനാശീലമോ സാഹിത്യകാരന്മാരെപറ്റി അവളേപ്പോലെ മതിപ്പോ ഇല്ല. എങ്കിലും അവളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനെ ഒന്നു കാണാമല്ലോ എന്നുമാത്രം കരുതി.

മീറ്റിംഗ് നാലുമണിക്കായിരുന്നു. ഞങ്ങള്‍ നേരത്തേ പോയി മുന്നില്‍ സ്ഥാനം പിടിച്ചു. പ്രോഗ്രാം തുടങ്ങി. പത്തുമിനിട്ടു കഴിഞ്ഞപ്പോല്‍ മുഖ്യാതിഥി എത്തി. ആരേയും ശ്രദ്ധിക്കാതെ ഒരു ജൂബ്ബക്കാരന്‍ സ്റ്റേജിലേക്കു വരുന്നതു കണ്ടു.

‘’ ലതേച്ചി ഇതാണ് മാഷ്’‘ മീര എന്റെ ചെവിയില്‍ പറഞ്ഞു.

“ഓ എന്തൊരു ഗമ ‘ ഞാന്‍ പറഞ്ഞത് മീര തന്നെ തിരുത്തി.

”അയ്യോ ചേച്ചിക്കറിയില്ല വെറും തോന്നലാണ്. മാഷുമായി അടുപ്പമുള്ളവര്‍ ഒരിക്കലും അങ്ങനെ പറയില്ല. റൂമിലെത്തുമ്പോള്‍ എല്ലാം വിശദമായി പറയാം. ”

പരിപാടി തുടങ്ങി. ആശംസാപ്രസംഗങ്ങളും പരിചയപ്പെടുത്തലുകളും നടക്കുന്നു. മുഖ്യാതിഥി ഒരു ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്നു. അലസമായ ഒരിരുപ്പ്. ഈ പരിപാടി എങ്ങനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി എനിക്ക്.

അടുത്തത് മുഖ്യാതിഥിയുടെ ഊഴം. പ്രസംഗം തുടങ്ങി. എനിക്കാണെങ്കില്‍ ബോറടിച്ചു തുടങ്ങി. അപ്പോഴാണ് അദ്ദേഹം സംഗീതം പഠിക്കാന്‍ പോയി ഇടക്കു വച്ചു നിര്‍ത്തിപ്പോന്ന കാര്യങ്ങള്‍ പറയാ‍നാരംഭിച്ചത്.

നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ് കോഴിക്കോട് ബാലുശ്ശേരി എന്ന് ഗ്രാമത്തിലായിരുന്നു എന്റെ ബാല്യകാലം. കുട്ടികളില്ലാത്ത അമ്മാവന്റെ കൂടെയായിരുന്നു ഞാന്‍.

അമ്മാമന്‍ വലിയ സംഗീത പ്രേമിയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് എന്നെ സംഗീതം പഠിപ്പിക്കണമെന്ന് ഏറെ ആഗ്രഹമായിരുന്നു. എന്നാല്‍ എനിക്ക് സംഗീതമേ ഇഷ്ടമല്ലായിരുന്നു. അമ്മാവന്റെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നതിനാല്‍ അഗ്രഹാരത്തിലെ വിഷ്ണു നാരായണന്‍ നമ്പൂതിരി മാഷിന്റെ അടുത്ത് സംഗീതം പഠിക്കാന്‍ പോയിത്തുടങ്ങി. ക്ലാസിലിരിക്കുമ്പോള്‍ എന്റെ ശ്രദ്ധ കാറ്റത്തെ കരിയില പോലെ അലഞ്ഞു നടന്നു . അങ്ങനെയാണ് ഞാന്‍ ആ ചിലങ്കകളുടെ നാദം കേള്‍ക്കാന്‍ ഇടവന്നത്. ആരോ ചിലങ്കയിട്ടു നടക്കുന്ന ശബ്ദം. പക്ഷെ ആ ചിലങ്കയുടെ നാദത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഒന്നിനു നല്ല ശബ്ദവും മറ്റേതിനു നേരിയ ശബ്ദവും. ഇടക്കിടക്ക് ഞാന്‍ ആ ചിലങ്കയുടെ ശബ്ദം വരുന്നിടത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

പക്ഷെ എനിക്കാരേയും കാണാന്‍ കഴിഞ്ഞില്ല. പിന്നീട് സംഗീതക്ലാസില്‍ പതിവായി പോകാന്‍ തുടങ്ങിയത് ആ ചിലങ്കയുടെ ശബ്ദം കേള്‍ക്കാന്‍ വേണ്ടിയായിരുന്നു.

ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നത് മാഷിന്റെ ശ്രദ്ധയില്‍ പെട്ടു. ശ്രദ്ധിക്കു കുട്ടി എന്ന് മാഷ് പല പ്രാവശ്യം എനിക്കു താക്കീതു തന്നു. എന്നിട്ടും ഞാന്‍ ശ്രദ്ധിക്കതെ വന്നതിനാല്‍ അമ്മാവനെ വിളിച്ചു.

ഈ കുട്ടിക്ക് സംഗീതത്തില്‍ തീരെ താത്പര്യമില്ല ഇനി മുതല്‍ ക്ലാസില്‍ വിടണമെന്നില്ല. എന്നു മാഷ് തുറന്നു പറഞ്ഞു അതോടെ എന്റെ സംഗീത പഠനം നിന്നു. എനിക്കു സന്തോഷമായി. എന്നാലും ആ വഴിയേ പോകുമ്പോള്‍ ആ ചിലങ്കയുടെ ഉടമസ്ഥയെ തിര‍ക്കാറുണ്ടായിരുന്നു ഞാന്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ആ ചിലങ്കയുടെ നാദം എന്റെ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. ഇപ്പോഴും അതിന്റെ ഉടമസ്ഥയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാവരും ആകാംക്ഷയോടെ കേട്ടു കൊണ്ടിരുന്നു ആ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. എന്നെങ്കിലും ആ ചിലങ്കയുടെ ഉടമസ്ഥയെ കണ്ടു പിടിക്കാന്‍ കഴിയുമോയെന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു.

മീറ്റിംഗ് കഴിഞ്ഞ് പോകാന്‍ നേരം മീനു എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി ആ നോട്ടത്തില്‍ എന്തോ പ്രത്യേകത ഉള്ളതുപോലെ എനിക്കു തോന്നി. ആ കണ്ണിനു ഏതോ വശീകരണ ശക്തി ഉള്ളതായി തോന്നി. താമസിയാതെ എല്ലാവരോടും യാത്ര പറഞ്ഞ് അദ്ദേഹം പോയി.

റൂമില്‍ ചെന്നു കഴിഞ്ഞ് രാത്രി മീര അദ്ദേഹത്തെ പറ്റി പറയാന്‍ തുടങ്ങി. ഒരു ഒറ്റയാന്‍ ആണ് കഥകളും കവിതകളും പ്രസിദ്ധമാണ്. സാഹിത്യം, കവിത ഇതെല്ലാമാണ് അദ്ദേഹത്തിന്റെ കുടുംബം. തീപ്പൊരി പ്രസംഗമാണ് എന്തും വെട്ടിത്തുറന്നു പറയും മുഖം നോക്കാതെ. അതുകൊണ്ടു ഒരു പാടു ശത്രുക്കളും ഉണ്ടായിട്ടുണ്ട്.

‘’ഒരു പ്രത്യേക ടൈപ്പ് ആണല്ലോ മീരേ , ആചിലങ്കയുടെ ഉടമസ്ഥ ഉണ്ടോ ആവോ?’‘

‘’ കാണുമായിരിക്കും. ലതേച്ചി പഴയ സുഹൃത്തുക്കളെയെല്ലാം കണ്ടു പിടിക്കുന്നതല്ലേ. മാഷിന്റെ സുഹൃത്തിനേയും കണ്ടുപിടിക്കാന്‍ പറ്റുമോ എന്നു നോക്കൂ. നമ്മുടെ നാടല്ലെ ലതേച്ചിക്കു പറ്റും’‘

‘’ ഉം. എന്റെ മനസ്സില്‍ ഉണ്ട് കണ്ടു പിടിക്കണമെന്ന് നോക്കാം. സമയം ഒരു പാടായി നമുക്കു കിടക്കാം. ‘’

ദിവസങ്ങള്‍ കടന്നു പോയി. ഒരു മാസത്തെ ട്രെയിനിംഗ് കഴിഞ്ഞ് ഞാന്‍ കോഴിക്കോട്ടേക്ക് പോന്നു. പിന്നെ വീടും ഓഫീസും കുടുംബവും, യാന്ത്രിക മനുഷ്യനായി ജീവിതയാത്ര തുടര്‍ന്നുകൊണ്ടിരുന്നു.

ഇലക്ഷന്‍ പ്രഖ്യാപിച്ചു. എനിക്കും ഇലക്ഷന്‍ ഡ്യൂട്ടി കിട്ടി ബാലുശേരി എന്ന ഗ്രാമത്തില്‍ ഓഫീസര്‍ ആയതുകൊണ്ടു അവിടത്തന്നെ താമസിക്കേണ്ടി വന്നു. കൂടെയുള്ള ടീച്ചര്‍ സ്കൂളിന്റെ അടുത്തുള്ള ഒരു അഗ്രഹാരത്തില്‍ താമസിക്കുവാന്‍ സൗകര്യം ചെയ്തു തന്നു. അവിടെ വയസ്സായ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു. ഊണു കഴിഞ്ഞ് അവരുമായി സംസാരിക്കുന്ന കൂട്ടത്തില്‍ എനിക്കു മാഷിന്റെ ചിലങ്ക ഓര്‍മ്മയില്‍ വന്നു. പണ്ടു സംഗീതം പഠിപ്പിച്ചിരുന്ന മാഷിനെപറ്റി അന്വേഷിച്ചു.

‘’എന്താ കുട്ടി കാര്യം ‘’

സാഹിത്യകാരന്‍ ജയവര്‍ദ്ധനനേയും അദ്ദേഹം സംഗീതം പഠിച്ചതും ചിലങ്കയെപറ്റിയും പറഞ്ഞു ഇതു കേട്ടപ്പോള്‍ അവരുടെ മുഖത്തു വിഷാദം നിഴലിക്കുന്നതു ഞാന്‍ കണ്ടു.

വിഷ്ണുനാരായണനെക്കുറിച്ചായിരിക്കും പറയുന്നത്. ഞങ്ങള്‍ക്കറിയാം വിഷ്ണുവിനെ. അടുത്ത അഗ്രഹാരത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ കുറച്ചു ദൂരെയാണു താമസം അവന്റെ കുടുംബജീവിതം ദയനീയമായിരുന്നു.

ആ കാലത്തു ഒരുപാടു കുട്ടികളെ അവന്‍ സംഗീതം പഠിപ്പിച്ചിരുന്നു. ഒരു മകള്‍ മാത്രം ഭാഗ്യലക്ഷ്മി ഞങ്ങളുടെ എല്ലാവരുടേയും ലച്ചി ആയിരുന്നു അവള്‍. സംഗീതത്തേക്കാളും ഇഷ്ടം ഡാന്‍സിനോടായിരുന്നു. ചെറുപ്പത്തിലെ നൃത്തം പഠിക്കാന്‍ തുടങ്ങി.

അവള്‍‍ക്ക് ഏഴു വയസ്സുള്ളപ്പോളാണ് ആ ദുരന്തം ഉണ്ടായത്, ഒരു പനി വന്നതാ. വിട്ടുമാറാതെ ഇരുന്നു. അതോടുകൂടി ലച്ചിടെ ഒരു കാലിനു ശേഷിക്കുറവുണ്ടായി. ഒരു പാടു സഥലത്തുകൊണ്ടുപോയി അവര്‍ , പക്ഷെ യാതൊരു മാറ്റവും ഉണ്ടായില്ല. അതോടെ ഡാന്‍സ് പഠനം നിന്നു. ഡാന്‍സ് കളിക്കാന്‍ പറ്റാത്തതില്‍ അവള്‍‍ക്ക് വലിയ സങ്കടമായിരുന്നു. വിഷ്ണുവും ഭാര്യയും അവളെ ഒട്ടും വേദനിപ്പിക്കാതെ നോക്കുമായിരുന്നു.

ലച്ചി എപ്പോഴും ചിലങ്ക ഇട്ടുകൊണ്ടാണ് നടന്നിരുന്നത്. പുറത്തേക്ക് ഒന്നും വിടില്ലായിരുന്നു. വീടിനുള്ളില്‍ തന്നെ ചിലങ്കയണിഞ്ഞു കൊണ്ട് അങ്ങനെ നടക്കും. ഒരു കാല്‍ വലിച്ചു നടക്കുന്നതുകൊണ്ട് ചിലങ്കയുടെ ശബ്ദത്തിനു വ്യത്യാസമുണ്ടായിരുന്നു.

അപ്പോള്‍ അതാണു മാഷ് കേട്ട ശബ്ദം എന്നെനിക്കു മനസിലായി.

പിന്നീടു സംഗീതം പഠിക്കാന്‍ കുട്ടികള്‍ കുറവായി തുടങ്ങി. 18 വയസ്സുള്ളപ്പോളാണ് അതു സംഭവിച്ചത്. അച്ഛനേയും അമ്മയേയും വിഷമിപ്പിക്കാതിരിക്കാന്‍ ഒരു കത്തെഴുതി വച്ചിട്ട് അവള്‍ ആത്മഹത്യ ചെയ്തു.

അതോടെ അവര്‍ ഇല്ലം വിറ്റ് ഒരു ചെറിയ വീട്ടിലേക്കു താമസം മാറി. കഷ്ടമാണു കാര്യം വീട്ടില്‍ അച്ചാറും മുറുക്കുമൊക്കെ ഉണ്ടാക്കി കൊടുത്തു അങ്ങനെ കഴിയുന്നു.

കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി എനിക്ക്. കിടന്നിട്ട് ഉറക്കം വന്നില്ല. ചിലങ്കയിട്ടു കാലുവലിച്ചു നടക്കുന്ന കുട്ടിയെ ഓര്‍ത്തങ്ങനെ കിടന്നു. എന്തായാലും ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനു മുമ്പെ അവരെ കാണണമെന്നു തീരുമാനിച്ചു.

അടുത്ത ദിവസം ജോലി കഴിഞ്ഞ് കൂടെയുള്ള ടീച്ചറുമായി അവരുടെ വീട്ടിലെത്തി. ഒരു ചെറിയ വീട് ചെന്നപ്പോള്‍ മുറുക്ക് പ്ലാസ്റ്റിക് കവറില്‍ പാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവര്‍

‘’ ആരാ മനസിലായില്ല’‘

ഞങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കു വന്നവരാണ് കൂടെയുള്ള ടീച്ചര്‍ പറഞ്ഞു. ഇത് ലത . ലതക്ക് നിങ്ങളെ ഒന്നു കാണണമെന്നുണ്ടായിരുന്നു.

‘’അതിനു ഞങ്ങളെ എങ്ങിനെ അറിയാം’‘

ജയവര്‍ദ്ധനന്‍ എന്ന എഴുത്തുകാരനെ കണ്ടതും താങ്കളുടെ അടുത്ത് സംഗീതം പഠിക്കാന്‍ വന്നതും ചിലങ്കയെപ്പറ്റിയും വിശദമായി പറഞ്ഞു. അവരുടെ വിഷാദം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്നു തോന്നി.

‘’ ഞാന്‍ കാരണം വിഷമമായി അല്ലേ?’‘

‘’ ഏയ് സാരമില്ല. ഈ കുട്ടിയെ ഞാന്‍ അങ്ങനെ ഓര്‍ക്കുന്നില്ല. ആ സമയത്ത് ഒരു പാടു കുട്ടികള്‍ സംഗീതം പഠിക്കാന്‍ വന്നിട്ടുണ്ട്. എന്നാലും ഇപ്പോഴും കാണാത്ത എന്റെ മോളെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്. ആകെ ഞങ്ങളുടെ സ്വത്ത് അവളായിരുന്നു പക്ഷെ അവള്‍ പോയി ഞങ്ങളെ ഒറ്റക്കാക്കിയിട്ട് ‘’

എന്താ പറയേണ്ടെതെന്ന് അറിയാതെ ഞങ്ങള്‍ അങ്ങനെ നിന്നു.

വിഷമിക്കരുത് ഒറ്റക്കായി എന്നു തോന്നരുത് ഇടക്കു വീണ്ടും വരാം. ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം ഒന്നു നില്‍ക്കു എന്നു പറഞ്ഞു അദ്ദേഹം അകത്തേക്കു പോയി തിരിച്ചു വന്നപ്പോല്‍ കയ്യില്‍ ഒരു ചിലങ്ക.

‘’ഇതു ജയവര്‍ദ്ധനനു കൊടുത്തോളു ഇപ്പോഴും എന്റെ മോളെ ഓര്‍ക്കുന്നുണ്ടല്ലോ. ഒരെണ്ണം മതി ഞങ്ങള്‍‍ക്ക് ‘’

എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ചിലങ്കയുമായി ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടില്‍ എത്തിയിട്ടും മനസില്‍ ആകെ വല്ലാത്ത വിഷമം. ഈ ചിലങ്ക അദ്ദേഹത്തെ ഏല്‍പ്പിച്ച് കാര്യങ്ങള്‍ അറിയുമ്പോല്‍ വിഷമം ആകില്ലേ എന്നൊരു തോന്നല്‍. എന്തിനാ വെറുതെ അദ്ദേഹത്തിന്റെ കാത്തിരിപ്പു അവസാനിപ്പിക്കുന്നത്.

അടുത്ത ദിവസം മീരയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. കേട്ടപ്പോള്‍ അവള്‍ക്കും വിഷമമായി അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി

കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാനും മീരയും കൂടി അദ്ദേഹത്തെ കാണാന്‍ പോയി ഞങ്ങള്‍ ചെന്നപ്പോള്‍ വീടിന്റെ മുറ്റത്തുള്ള മാവിന്‍ ചുവട്ടില്‍ ചാരു കസേരയില്‍ എന്തോ ആലോചനയില്‍ മുഴുകി കിടക്കുകയായിരുന്നു.

ഞങ്ങളെ കണ്ടപ്പോള്‍ ഒരു ചിരി പരന്നു. അപ്പോള്‍ ചിരിക്കാന്‍ അറിയാം ഞാന്‍ മനസില്‍ പറഞ്ഞു.

‘’ എന്താണു കുട്ടി വിശേഷം’‘

‘’ലതേച്ചി മാഷിനു ഒരു സമ്മാനവുമായിട്ടാണു വന്നിരിക്കുന്നത്’‘

‘’എനിക്കോ’‘

അദ്ദേഹം എന്റെ മുഖത്തേക്കു നോക്കി

ഞാന്‍ ബാഗില്‍ നിന്നും ചെറിയ ഒരു പാക്കറ്റ് എടുത്ത് അദ്ദേഹത്തിനു നല്‍കി.

തുറന്നു നോക്കിയിട്ട് അത്ഭുതത്തോടെ ചിലങ്ക ഇത് എവിടെ നിന്നു കിട്ടി?

‘’ മാഷ് അന്ന് ആര്‍ട്ട് സ് ക്ലബ്ബ് പരിപാടിയില്‍ പ്രസംഗത്തിനിടക്ക് ചിലങ്കയെ പറ്റി പറഞ്ഞില്ലേ. ലതേച്ചിയുടെ വീട് കോഴിക്കോടാണ്. ജോലിയുമായി ബന്ധപ്പെട്ടു ബാലുശേരിയില്‍ പോയിരുന്നു. അപ്പോള്‍ വിഷ്ണുനാരായണ നമ്പൂതിരിയേയും കുടുംബത്തേയും കണ്ടു.

ആണോ? മാഷിന്റെ മുഖത്ത് ഒരു തിളക്കം കണ്ടു ഞങ്ങള്‍.

ഒരിക്കലും കാണാത്ത ചിലങ്കയുടെ ഉടമസ്ഥ മാഷിനു തരാന്‍ തന്നു വിട്ടതാണ് സന്തോഷം കൊണ്ടു ആ മുഖം വിടരുന്നതുകാണാമായിരുന്നു.

എന്തു ചെയ്യുന്നു അവര്‍. സുഖമായിരിക്കുന്നോ? ആ ആകാംക്ഷ കണ്ടപ്പോള്‍ അറിയാതെ എന്റെ ഉള്ളു പിടഞ്ഞു.

‘’ ഇത് അദ്ദേഹത്തിനു കൊടുക്കണം എന്നിട്ടു ഒരു കാര്യം കൂടി പറഞ്ഞു ഇനിയും കാണാത്ത സുഹൃത്തുക്കളായിത്തന്നെ തുടരാം എന്ന്. എവിടെ എന്നു പറയരുതെന്നും പറഞ്ഞു.

ചെറിയ വിഷമത്തോടെയാണെങ്കിലും അദ്ദേഹം എന്റെയും മീരയുടേയും മുഖത്തേക്കു നോക്കി ആ നോട്ടത്തില്‍ അവരോടുള്ള ഇഷ്ടം ഞങ്ങള്‍ക്കു മനസിലായി .സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആ ചിലങ്ക കയ്യില്‍ പിടിച്ചുകൊണ്ടിരുന്നു

നൊമ്പരിപ്പിക്കുന്ന കുറച്ചു ഓര്‍മ്മകള്‍ മനസ്സില്‍ വച്ചുകൊണ്ടു ഞങ്ങള്‍ യാത്ര പറഞ്ഞു ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോല്‍ കണ്ടത് കണ്ണുകള്‍ അടച്ച് ചാരിക്കിടന്ന് അദ്ദേഹം ചിലങ്ക കയ്യില്‍ വച്ചു താളം പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദു:ഖവും സന്തോഷവും ഇടകലര്‍ന്ന മനസ്സുമായി ഞങ്ങള്‍ പടിയിറങ്ങി.

Generated from archived content: story3_dec12_11.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here