വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു അഞ്ജലി ദേവി വയനാട്ടിലേയ്ക്ക് യാത്ര തിരിക്കുകയാണ് . ചോദിച്ചു വാങ്ങിയ സ്ഥലമാറ്റമായിരുന്നു അത് . പെന്‍ഷനാകുന്നതിനു മുമ്പ് ആദ്യമായി ജോലിയില്‍ പ്രവേശിച്ച കല്‍പറ്റ താലൂക്ക് ഓഫീസിലേക്ക് വീണ്ടുമൊരു യാത്ര.
യാത്ര അയക്കാന്‍ അടുത്ത വീട്ടിലെ മേരി ടീച്ചറും മോനും കൂടെ വന്നു . വീടിന്റെ താക്കോല്‍ കൊടുത്തിട്ടു അച്ഛനും അമ്മയും കൊച്ചേട്ടനും ഉറങ്ങുന്ന ആ വീട്ടില്‍ നിന്ന് അഞ്ജലി ദേവി യാത്രയായി.
ബസ് യാത്രയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായി വയനാട്ടിലേയ്ക്ക് യാത്ര പോയ ആ ദിവസം ഓര്‍മ്മയില്‍ വന്നു.
അന്നു കൊച്ചേട്ടന്‍ കൂടെ ഉണ്ടായിരുന്നു . ആദ്യ ദൂര യാത്ര ആയതുകൊണ്ട് പേടിയും ഉണ്ടായിരുന്നു. ചുരം കയറിയപ്പോള്‍ താഴേക്ക് നോക്കിവാന്‍ പേടിയായിട്ട് കണ്ണുകള്‍ അടച്ചിരുന്നു . ഇടയ്ക്കു മുന്നിലെ സീറ്റില്‍ ഇരുന്ന വിദേശികള്‍ കാഴ്ചകള്‍ കണ്ടു ആഹളാദം പങ്കിടുന്നതു കേട്ടപ്പോള്‍ പതിയെ കണ്ണ് തുറന്നു ആ മനോഹരഹരമായ കാഴ്ചകള്‍ കണ്ടു . വണ്ടി കയറ്റം കയറും തോറും തണുപ്പു കൂടി കൂടി വന്നു . സുഖകരമായ തണുപ്പ് ആസ്വദിച്ചുകൊണ്ട് യാത്ര തുടര്‍ന്നു.
ഹോസ്റ്റലില്‍ താമസമെല്ലാം ശരിയാക്കിയിട്ടാണ് കൊച്ചേട്ടന്‍ തിരിച്ചു പോയത് . പഞ്ചായത്തില്‍ ജോലി ഉണ്ടായിരുന്ന അച്ഛന്റെ മരണ ശേഷം കിട്ടിയ ജോലിയായിരുന്നു . കൊച്ചെട്ടന്‍ പഠിക്കാന്‍ മടിയനായതുകൊണ്ട് ഇടയ്ക്കു പഠിത്തം നിര്‍ത്തി കൃഷിയിലേയ്ക്ക് ഇറങ്ങി . കൊച്ചേട്ടനു ഇഷ്ടവും കൃഷിയോടായിരുന്നു . പഠിച്ചു ഡിഗ്രി എടുത്തു ജോലിക്ക് കാത്തിരുന്ന എനിക്കു അച്ഛന്‍ തന്ന ജോലി ആയിരുന്നു ഇത് .
ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നതിന്റെ അമ്പരപ്പും, ഓഫീസും സഹ പ്രവര്‍ത്തകരുമെല്ലാം അഞ്ജലിക്ക് പുതുമയായി തോന്നി . അടുത്ത സീറ്റില്‍ ജോലിചെയ്തിരുന്ന കൃഷ്ണദാസ് ആയിരുന്നു ആദ്യം എല്ലാം പറഞ്ഞു കൊടുത്തത്. എന്നും ചന്ദനക്കുറി തൊട്ടു വരുന്ന സൗമ്യനും കൂടുതല്‍ സംസരിക്കാത്തതുമായ കൃഷ്ണദാസിനെ അഞ്ജലി ദേവിക്കു ഇഷ്ടമായിരുന്നു .
ആ ഇഷ്ടം ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞപ്പോള്‍ പിരിയാന്‍ പറ്റാത്ത അടുപ്പമായി മാറി അഞ്ജലിക്ക് ദേവിക്ക് . കൃഷ്ണദാസുമായിട്ടുള്ള ജീവിതം സ്വപ്നം കണ്ടു തുടങ്ങി അവര്‍.
ഒഴിവു ദിവസങ്ങളില്‍ കൃഷ്ണദാസിനോടൊപ്പം വയനാട്ടിലെ പ്രസിദ്ധമായ കുറുവ ദ്വീപ് കാണാന്‍ പോകുമായിരുന്നു . കൃഷ്ണ ദാസിനു ഏറ്റവും ഇഷ്ടമുള്ള സ്ഥലമായിരുന്നു അത് . ചങ്ങാടം കടന്നു മുളം കാട്ടിലൂടെ നടന്നു പാറകല്ലുകളില്‍ തഴുകി പോകുന്നു കുറുവ ദ്വീപിനു ചുറ്റുമുള്ള തണുത്ത വെള്ളത്തിനരികില്‍ പാറപ്പുറത്ത് എത്ര നേരം ഇരുന്നാലും കൃഷ്ണദാസിനു മതി വരില്ല. അഞ്ജലി ദേവിക്കും അത് ഒരു പാടു ഇഷ്ടമായിരുന്നു.
കൃഷ്ണ ദാസിന്റെ സഹോദരി കൃഷ്ണ പ്രിയയുടെ കല്യാണത്തിനുപോയപ്പോഴാണ് അഞ്ജലിദേവി ദേവയാനിയെ കാണുന്നത് . കൃഷ്ണ ദാസിനു വേണ്ടി മാത്രം കാത്തിരിക്കുന്ന 10 ക്ലാസ്സ് വരെ മാത്രം പഠിപ്പുള്ള കൃഷ്ണ ദാസിന്റെ മുറപ്പെണ്ണ്‍.
ദേവയാനിയില്‍ നിന്നു കൃഷ്ണ ദാസ് അകലാന്‍ താന്‍ ആണ് കാരണം എന്നറിഞ്ഞ അഞ്ജലിക്ക് അത് വലിയ ഷോക്കായി .
കൃഷ്ണ പ്രിയയുടെ കല്യാണം കഴിഞ്ഞു ദേവയാനിയോടു യാത്ര പറഞ്ഞു തിരിച്ചു പോരാന്‍ നേരം വിഷമത്തോടെ ആണെങ്കിലും അഞ്ജലി ദേവി ഒരു തീരുമാനത്തില്‍ എത്തിയിരുന്നു . ഇനി താന്‍ കാരണം ദേവയാനി കരയാന്‍ ഇടവരരുത് എന്ന ഉറച്ച തീരുമാനത്തോടെ ആണ് തിരിച്ചു പോന്നത് .
അഞ്ജലി ദേവിയിലുള്ള മാറ്റം കൃഷ്ണദാസിനെ അമ്പരിപ്പിച്ചു. ഇതിനു കാരണം ദേവയാനി ആണെന്നറിഞ്ഞപ്പോള്‍ ആകെ വിഷമത്തിലായി . തനിക്കു വേണ്ടി മാത്രം ജീവിക്കുന്ന ദേവയാനിയും താന്‍ ഇഷ്ടപ്പെടുന്ന അഞ്ജലി ദേവിയുടെയും മുഖങ്ങള്‍ മനസ്സില്‍ മാറി മാറി വന്നു.
ആയിടക്കാണ് അഞ്ജലി ദേവി നാട്ടിലേയ്ക്ക് സ്ഥലമാറ്റത്തിനു അപേക്ഷിച്ചത് . വിഷമത്തോടെ ആണെങ്കിലും കൃഷ്ണ ദാസിനെയും ദേവയാനിയും എല്ലാം മറന്നു ഇനി ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കാതെ വയനാട് ചുരം ഇറങ്ങി.
പിന്നിട് ഒരിക്കലും അഞ്ജലിദേവിയും കൃഷ്ണ ദാസും കണ്ടിരുന്നില്ല .
കൊച്ചേട്ടന്റെ വേര്‍പാടിനു ശേഷം ഏട്ടത്തിയും കുട്ടികളും അതു മാത്രമായി അഞ്ജലിദേവിയുടെ കുടുംബം . പല കല്യാണ ആലോചനകളും വന്നെങ്കിലും ഒന്നിനും തയ്യാറായില്ല അവള്‍.
കൊച്ചേട്ടന്റെ മോളുടെ കല്യാണം കഴിഞ്ഞപ്പോള്‍ ഏട്ടത്തി അവരുടെ കൂടെ ബോംബയ്ക്ക് പോയി . പിന്നെ വയ്യാത്ത അമ്മയും അഞ്ജലി ദേവിയുമായി വീട്ടില്‍ .
മാസങ്ങള്‍ക്ക് മുമ്പ് അമ്മയും യാത്ര പറഞ്ഞു വീണ്ടും ഒറ്റക്കായപ്പോഴാണ് പെന്‍ഷനാകുന്നതിനു മുമ്പ് വയനാട്ടില്‍ കുറച്ചുനാള്‍ കൂടി ജോലി ചെയ്യുവാന്‍ ആഗ്രഹിച്ചത് .
പ്രമോഷന്‍ കിട്ടി തഹസില്‍ദാരായി വീണ്ടും അഞ്ജലി ദേവി വയനാട് ചുരം കയറി . തണുത്ത കാറ്റ് അടിച്ചപ്പോള്‍ ഓര്‍മ്മയുടെ കുപ്പായത്തില്‍ നിന്ന് അവള്‍ പുറത്തു വന്നു .
ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള തിരിച്ചുവരവ് . എല്ലാവരും മാറി പുതിയ ഹോസ്റ്റല്‍ പുതിയ താമസക്കാര്‍ .
അടുത്ത ദിവസം താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ ആയിട്ടു ജോയിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ പഴയ സഹപ്രവര്‍ത്തകര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല . എല്ലാവരും പല വഴിക്കായി പിരിഞ്ഞിരുന്നു .
ഓഫീസില്‍ ഉള്ള എല്ലാവരെയും പരിചയപ്പെട്ടു . ആ കൂട്ടത്തില്‍ പുതുതായി ജോലിക്കു പ്രവേശിച്ച അഞ്ജലി ദാസും ഉണ്ടായിരുന്നു . ആ പേരിലുള്ള അടുപ്പം അതാണ് അഞ്ജലി ദേവി ആ കുട്ടിയുമായി കൂടുതല്‍ അടുത്തത് . പരിചയപെട്ടപ്പോള്‍ മനസിലായി തന്നെപോലെ അച്ഛന്‍ നല്‍കിയ ജോലിയാണ് ആ കുട്ടിക്ക് കിട്ടിയത് . ആ അച്ഛന്‍ മറ്റാരുമായിരുന്നില്ല കാന്‍സര്‍ രോഗത്തിനു കീഴടങ്ങിയ കൃഷ്ണദാസ് ആയിരുന്നു . തനിക്കു ജനിക്കാതെ പോയ മകള്‍ ആയിരുന്നു അവള്‍ . മനസിലെ വിഷമം പുറത്തു കാണിക്കാതെ അഞ്ജലി ദേവി ഓഫീസുമായി പൊരുത്തപ്പെട്ടു .
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം പതിവില്ലാതെ കാലത്തെ വന്ന ഉടനെ അഞ്ജലി ദാസ് തഹസില്‍ദാരുടെ ക്യബിനിലേയ്ക്കു കയറി വന്നു . ഇമ വെട്ടാതെ അഞ്ജലി ദേവിയെ നോക്കികൊണ്ടു പറഞ്ഞു .
അച്ഛനെ അമ്മക്കു തിരിച്ചു നല്‍കിയത് മാഡം ആണല്ലെ . അമ്മ എല്ലാം പറഞ്ഞു . വൈകുന്നേരം കൂട്ടികൊണ്ട് ചെല്ലണമെന്ന അമ്മ പറഞ്ഞത് .
കണ്ണുകള്‍ നിറഞ്ഞത് കാണാതെ ഇരിക്കാന്‍ അഞ്ജലി ദേവി ശ്രദ്ധിച്ചപ്പോള്‍ തിരിച്ചു പോകുന്ന അവളുടെ കണ്ണുകളും നിറയുന്നതു കണ്ടു .
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൃഷ്ണ ദാസിന്റെ പഴയ വീട്ടില്‍ എത്തി . ക്ഷീണിതയായി വാര്‍ദ്ധിക്യം കൂട്ടിനുള്ള ദേവയാനിയെ കണ്ടു . ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ നിന്നപ്പോള്‍ തന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ദേവയാനി പറഞ്ഞു .
എനിക്കു ജീവിതം തന്ന കൈകള്‍ ആണ് മറക്കില്ല ഒരിക്കലും. ആ ഓര്‍മ്മക്കാണ് മകള്‍ക്ക് അഞ്ജലി എന്ന് പേരിട്ടത് . രണ്ടു പേരുടെയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .
”അമ്മേ ചായ”
തിരിഞ്ഞു നോക്കിയപ്പോള്‍ അഞ്ജലി ദേവിയുടെ നേര്‍ക്ക് ചായ കപ്പുമായി അഞ്ജലി ദാസ് നില്‍ക്കുന്നു.
മനസിലെ സന്തോഷവും സങ്കടവും കണ്ണുനീര്‍ തുള്ളികളായി അഞ്ജലി ദേവിയുടെ കണ്ണുകളില്‍ കാണാമായിരുന്നു .താന്‍ ഇനി ഒറ്റക്കല്ല . എനിക്കെന്റെ മോള്‍ ഉണ്ട് കൂടെ . ശാന്തമായ മനസുമായിട്ടാണ് അഞ്ജലിദേവി തിരിച്ചു പോന്നത്.
അടുത്ത ഒഴിവു ദിവസം അഞ്ജലി ദാസിനു ഇഷ്ടമുള്ള കുറുവ ദ്വീപിലേയ്ക്ക് അവര്‍ മൂന്നുപേരും കൂടെ യാത്രയായി . ചങ്ങാടത്തില്‍ ഇരുന്ന അഞ്ജലി ദേവിയുടെയും ദേവയാനിയുടെയും മനസ്സില്‍ പ്രണയ കാലത്ത് കൃഷ്ണ ദാസുമായി കുറുവ ദ്വീപിലേയ്ക്ക് ഒന്നിച്ചു പോയ യാത്ര മിന്നി മറഞ്ഞുകൊണ്ടിരുന്നു .
കൃഷ്ണദാസ് ഇല്ലാതെ വീണ്ടുമൊരു യാത്ര കുറുവ ദ്വീപിലേയ്ക്ക് ……….
Generated from archived content: story2_dec28_13.html Author: indira_thuravoor
Click this button or press Ctrl+G to toggle between Malayalam and English