ട്രെയിന്‍ പതുക്കെ പതുക്കെ നീങ്ങി തുടങ്ങി . ഫ്ലാറ്ഫോമില്‍ യാത്ര അയക്കാന്‍ വന്നവരുടെ കൈവീശല്‍ കാണാമായിരുന്നു. ആലുവ പുഴയും കടന്നു വണ്ടി വേഗതയോടെ ഓടിത്തുടങ്ങി . തീര്‍ത്ഥ യാത്രക്കാരുടെ മാത്രം സ്പെഷ്യല്‍ ട്രെയിന്‍ ആയതുകൊണ്ട് വലിയ ബഹളം ഒന്നും ഇല്ല. ഒറ്റക്കും കൂട്ടായും യാത്രചെയ്യുന്നവര്‍ .
സൈഡ് സീറ്റ് കിട്ടിയതുകൊണ്ട് എന്‍റെ ഏകാന്തതയില്‍ ആരും ശല്യംമായി തോന്നിയില്ല . പെന്‍ഷന്‍ ആയി കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര . വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു . എല്ലാ യാത്രയിലും പലരുമായി പരിചയപ്പെടാന്‍ പറ്റിയിരുന്നെങ്കിലും അത് യാത്രയുടെ അവസാനത്തോടെ നിന്നു പോകുമായിരുന്നു .
ചെറുതായി മഴ തുടങ്ങി . മഴത്തുള്ളികള്‍ നോക്കിയിരുന്ന ഞാന്‍ എപ്പോഴോ മയങ്ങി പോയി .
“ചായ, ചായ” കാന്റീന്‍ പയ്യെന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
പുറത്തേയ്ക്ക് നോക്കിയപ്പോള്‍ ഷോര്‍ണൂര്‍ റെയില്‍വേ സ്റെഷനില്‍ വണ്ടി നിര്‍ത്തിയിരിക്കുക ആണെന്ന് മനസിലായി . അപ്പോഴേയ്ക്കും മഴയെല്ലാം മാറിയിരുന്നു .
ഒരു ചായയും കുടിച്ചുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു പയ്യന്‍ ലെഗേജുമായി കയറി വന്നത് , കൂടെ ഒരു പ്രായമായ സ്ത്രീയും ഉണ്ടായിരുന്നു . ആ പയ്യന്‍ ലെഗേജു വയ്ക്കുവാന്‍ സഹായിക്കുന്നുണ്ടായിരുന്നു . അവന്‍ യാത്ര പറഞ്ഞു പുറത്തേയ്ക്ക് പോയപ്പോള്‍ അവര്‍ എന്‍റെ എതിര്‍ സീറ്റില്‍ വന്നിരുന്നു .
ട്രെയിന്‍ നീങ്ങി തുടങ്ങി . ഞാന്‍ അവരുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖംപോലെ തോന്നി എനിക്ക് . ഞാന്‍ ഓര്‍മ്മയില്‍ പരതാന്‍ തുടങ്ങി . അറിയാതെ എന്‍റെ മനസൊന്നു പിടച്ചു .
ഇത് ശാന്തിനി വാര്യര്‍ അല്ലെ , അവര്‍ എന്നെ ശ്രേധിക്കുന്നിലല്ലായിരുന്നു . നോക്കിയാലും എന്നെ തിരിച്ചറിയാന്‍ പ്രയാസമാണ് . താടി നീട്ടി വളര്‍ത്തി കഷായ വസ്ത്രം ധരിച്ച ഒരു സന്യാസി രൂപമായിരുന്നു ഞാന്‍ .
പത്തു നല്പ്പതു വര്ഷം മുന്നേ കണ്ട മുഖം ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല . ആ ഒറ്റക്കല്‍ മൂക്കുത്തി ഇപ്പോഴും ഉണ്ട് .
അന്ന് അവസാനമായി ശാന്തിനിയെ കാണുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ തുള്ളികള്‍ പുറത്തേയ്ക്ക് പോകാതെ വിങ്ങിപ്പൊട്ടാറായി നില്‍ക്കുന്ന ഒരു മുഖമായിരുന്നു .
“ശാന്തിനി ” ഞാന്‍ വിളിച്ചു .
ഞെട്ടി അവര്‍ എന്‍റെ മുഖത്തേയ്ക്കു നോക്കി . കണ്ണുകള്‍ ചിമ്മാതെ കുറച്ചുനേരം എന്‍റെ മുഖത്തേയ്ക്കു നോക്കിയിരുന്നു . പതുക്കെ പതുക്കെ ചുണ്ടുകള്‍ മന്ത്രിച്ചു “ഗോപു “
”അതെ ഗോപു തന്നെ” .
പറയാന്‍ വാക്കുകള്‍ കിട്ടാതെ ശാന്തിനി വിഷമിക്കുന്നത് കണ്ടു ഞാന്‍ .
എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല ഗോപു .
”വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ അല്ലെ ശാന്തിനി ”.
”അതെ, ഗോപു ആകെ മാറിപ്പോയി, എവിടെ ആയിരുന്നു ഇതുവരെ. ഞാന്‍ കല്യാണത്തിന് ശേഷം നാട്ടില്‍ വരുമ്പോള്‍ ഗോപുവിന്‍റെ വിശേഷം തിരക്കുമായിരുന്നു . പക്ഷെ ആര്‍ക്കും ഗോപുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയില്ലായിരുന്നു .”
”കോളേജ് പഠിത്തം കഴിഞ്ഞു ഞാന്‍ ഡെല്‍ഹിക്കുപോയി ഒരു അകന്ന ബെന്ധുവിന്‍റെ കൂടെ. എനിക്ക് സ്വന്തം എന്നുപറയാന്‍ നാട്ടില്‍ ആരും ഇല്ലയിരുന്നുവല്ലോ . അമ്മാവന്‍റെ തണലില്‍ ആയിരുന്നല്ലോ ഞാന്‍ . അമ്മാവന്‍റെ മോള്‍ നന്ദിനിക്ക് എന്നെ ഇഷ്ടമായിരുന്നു . പക്ഷെ എനിക്ക് അവള്‍ ഒരു സഹോദരിയെപോലെ ആയിരുന്നു എന്ന് ശാന്തിനിക്കും അറിയമായിരുന്നതല്ലെ.”
”എല്ലാം ഞാന്‍ ഓര്‍ക്കുന്നു ഗോപു .”
”പിന്നിട് അവിടെ നിന്നാല്‍ ശരി ആകില്ലന്നു തോന്നി എനിക്ക് . അങ്ങനെയാണ് ഞാന്‍ ഡല്‍ഹിക്ക് വണ്ടി കയറിയത് . അവിടെച്ചെന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ റെയില്‍വേയില്‍ ജോലി കിട്ടി . പിന്നെ നാടുമായി ഒരു അടുപ്പവും ഇല്ലായിരുന്നു ” . ”എനിക്ക് എല്ലാം ഓര്‍മ്മയുണ്ട് ഗോപു. നമ്മുടെ ഇഷ്ടങ്ങള്‍ , അച്ഛന്‍റെ ആഗ്രഹത്തിന് വഴങ്ങി ആ ഇഷ്ടങ്ങള്‍ നമ്മള്‍ വേണ്ടാന്നും വച്ചതും ഒന്നും മറന്നിട്ടില്ല ”
”ഒരിക്കലും ശാന്തിനിയെ വേദനിപ്പിക്കരുതെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു . അതാണ് ഒരു നിഴലായിപോലും മുന്നില്‍ വരാതെ ഇരുന്നതും . ശാന്തിനിയുടെ വിശേഷങ്ങള്‍ പറയു”
”രവിയേട്ടന് പട്ടാളത്തില്‍ ആയിരുന്നല്ലോ ജോലി . അതൊകൊണ്ട് ട്രാന്‍സ്ഫര്‍ ആകുമ്പോള്‍ പല സ്ഥലങ്ങളിലും മാറി മാറി താമസിക്കേണ്ടി വന്നു”
”കുട്ടികള്‍ ?”
”രണ്ടു ആണ്‍ക്കുട്ടികള്‍ അവര്‍ കുടുംബവുമായി വിദേശത്താണ് . ഇടയ്ക്ക് എന്നെ കാണാന്‍ വരും”
”അപ്പോള്‍ രവി ?”
”രവിയേട്ടന്‍ പോയിട്ട് പത്തു വര്‍ഷത്തോളം ആയി . ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു . ഗോപുവിന്‍റെ വിശേഷം പറഞ്ഞില്ല ”
”എനിക്ക് പ്രത്യേകിച്ചു വിശേഷങ്ങള്‍ ഒന്നും ഇല്ല ശാന്തിനി . ഞാന്‍ കല്യാണം കഴിച്ചില്ലായിരുന്നു എന്തോ കഴിക്കണമെന്ന് തോന്നിയില്ല”
”അപ്പോള്‍ എവിടെയാ താമസം?”
”ആലുവയില്‍ കാലടിക്കടുത്തു ഒരു ആശ്രമം ഉണ്ട് . പെന്‍ഷനായി കഴിഞ്ഞപ്പോള്‍ ഈ ആശ്രമത്തിലേയ്ക്ക് പോന്നു . അവിടെത്തെ അന്തേവാസികളുടെ കൂടെ അവിടെത്തെ കാര്യങ്ങള്‍ എല്ലാം നോക്കി കഴിയുന്നു .ഫ്രീ പാസ് ഉള്ളതുകൊണ്ട് എല്ലാ വര്‍ഷവും ഈ തീര്‍ഥ യാത്രയില്‍ പങ്കു ചേരുന്നു”
”ഞാന്‍ ആദ്യമായിട്ടാണ് ഈ യാത്രയില്‍ വരുന്നത് . എന്തായാലും ഗോപുവിനെ കാണാന്‍ കഴിഞ്ഞല്ലോ.”
സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല ഞങ്ങള്‍ . രാത്രിയിലെ ആഹാരവുംകൊണ്ട് കാന്റീന്‍ പയ്യന്‍ വന്നു.
”സമയം എത്ര ആയി ഗോപു?”
”ഈ വാച്ച് നടക്കുന്നില്ല ശാന്തിനി . ഓര്‍ക്കുന്നുവോ . പണ്ട് കോളേജില്‍ വച്ചു ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു മത്സരിച്ചു ജയിച്ചപ്പോള്‍ ശാന്തിനി എനിക്ക് തന്ന സമ്മാനം ആയിരുന്നു ഇത് . കുറെ നാളായി ഇത് കേടായിട്ട്, പക്ഷെ ഉപേക്ഷിക്കാന്‍ തോന്നിയില്ല”
ശാന്തിനി നിശബ്ദയായി ഗോപുവിനെ നോക്കി . ആ നോട്ടത്തില്‍ ക്ഷമാപണം ഉള്ളതായി തോന്നി . കണ്ണുകള്‍ നിറയുന്നത് കാണാമായിരുന്നു എനിക്ക് .
അത് ശ്രദ്ധിക്കാതെ ” വരൂ നമുക്ക് ആഹാരം കഴിക്കാം “എന്ന് പറഞ്ഞു ഞാന്‍ കൈ കഴുകാന്‍ എഴുനേറ്റു .
ഒരാഴ്ചത്തെ തീര്‍ഥ യാത്രയില്‍ ദിവസങ്ങള്‍ പോയതറിഞ്ഞില്ല . ശാന്തിനി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു . പണ്ടും അങ്ങനെ ആയിരുന്നു.
അവസാനം തിരിച്ചുള്ള യാത്രയില്‍ ട്രെയിന്‍ ഷോര്‍ണൂര്‍ എത്തി . ശാന്തിനിക്ക് ഇറങ്ങുവാന്‍ ഉള്ള സ്ഥലമായി . ബാഗു പുറത്തേയ്ക്ക് എടുക്കാന്‍ ഞാനും സഹായിച്ചു . യാത്ര അയക്കാന്‍ വന്നിരുന്ന പയ്യന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .
മനസിലെ വിഷമങ്ങള്‍ പുറത്തു കാണിക്കാതെ ഇരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ശ്രമിച്ചിരുന്നു . യാത്ര പറയാന്‍ ശാന്തിനി ജനലിനു അടുത്ത് വന്നു .
“ഗോപു , കുട്ടികളുടെ അനുവാദം ചോദിച്ചിട്ട് ഞാനും നിങ്ങളുടെ ആശ്രമത്തിലേയ്ക്ക് വരുന്നുണ്ട് .”
”അതിനെന്താ വന്നോളൂ”
ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങി . ശാന്തിനി പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി . കയ്യിലെ വാച്ചിലേയ്ക്ക് നോക്കിയപ്പോള്‍ ഗോപുവിന് വാച്ചിലെ സൂചികള്‍ അനങ്ങുന്നതായി തോന്നി .
Generated from archived content: story1_sep8_13.html Author: indira_thuravoor
Click this button or press Ctrl+G to toggle between Malayalam and English