കുറെ നേരമായി നടക്കുന്നു. നല്ല വെയിലും. ദാഹിച്ചിട്ടു വയ്യ. ഇനി അടുത്ത എഴുന്നള്ളിപ്പു എവിടെയാണാവോ? അവന്‍ എന്റെ പുറത്ത് തൊപ്പിയും വച്ചു സുഖിച്ചിരിക്കുകയാണ്. അവന്റെ കൈയ്യിലെ തോട്ടിയുടെ മുന എന്റെ ചെവിയുടെ അടുത്ത് താളം പിടിച്ചു കൊണ്ടിരിക്കുന്നു.
ഇടയ്ക്കു താളം പിടിത്തത്തിനു മാറ്റം വന്നപ്പോള്‍ ഞാന്‍ അറിയാതെ തന്നെ നിന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കുറച്ചുദൂരെ കള്ളുഷാപ്പ് എന്ന ബോര്‍ഡു കണ്ടു. അവന്‍ തോട്ടി എന്റെ ശരീരത്തില്‍ ചാരിവച്ചിട്ട് ഒരു കൂസലുമില്ലാതെ അങ്ങോട്ടേയ്ക്കു പോയി.
തോട്ടിക്കു അനക്കം തട്ടാതെ ഞാന്‍ അങ്ങനെ നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആടിയുലഞ്ഞു അവന്‍ എത്തി. എന്റെ പുറത്തു കയറാന്‍ ഞാനും സഹായിച്ചു അവനെ. ഒരു നന്ദിയോടൂള്ള നോട്ടം കൂടി കിട്ടിയില്ല എനിക്ക്. വീണ്ടും ഞാന്‍ നടന്നു തുടങ്ങി.
ഇരുള്‍ വന്നു തുടങ്ങി. അവന്റെ സ്ഥിരം താവളമെത്തി. പറയാതെ തന്നെ ഞാന്‍ നിന്നു. ഉറയ്ക്കാത്ത കാലുമായി അവന്‍ ഇറങ്ങി. അടുത്തു കണ്ട തൈയ്യില്‍ നിന്നു രണ്ടു ഓല വെട്ടി എന്റെ മുന്നില്‍ ഇട്ടിട്ട് , തോട്ടി എന്റെ ശരീരത്തില്‍ ചാരി വച്ചിട്ട് മുന്നില്‍ കണ്ട വീട്ടിലേക്കു കയ്യറിപോയി.
നല്ല വിശപ്പും ദാഹവും എനിക്കുണ്ടായിരുന്നു.കിട്ടിയ ഓലയും ചവച്ചുകൊണ്ടു തോട്ടി താഴെ വീഴാതെ ഞാന്‍ അങ്ങനെ നിന്നു നേരം വെളുക്കുവോളം. മടുത്തു ഇനി വയ്യ ഈ യാത്ര.
നേരം വെളുത്തു തുടങ്ങിയപ്പോള്‍ അവന്‍ വന്നു. വീടിന്റെ വാതിക്കല്‍ മുറുക്കിച്ചുവപ്പിച്ച ചുണ്ടില്‍ അവളുടെ ചിരി കണ്ടു. കണ്ടു മടുത്ത ചിരി. തല ചരിച്ചപ്പോള്‍ അറിയാതെ തോട്ടി താഴെ വീണു. അവള്‍ കാണുവാന്‍ വേണ്ടി ദേഷ്യത്തോടെ അവന്‍ എന്റെയടുത്തേയ്ക്കു ചീറിയടുത്തു. തോട്ടിയെടുത്തു എന്റെ മര്‍മ്മത്തില് ഇട്ടൊരു വലി. അറിയാതെ ഞാന്‍ അലറിപോയി. പിന്നെ ഒന്നും ഞാന്‍ ആലോചിച്ചില്ല. തിരിഞ്ഞു തുമ്പികൈയ്യില്‍ ചുറ്റിയെടുക്കാന്‍ നോക്കി. അവന്‍ അവന്റെ അടവെടുത്തു ഉരുണ്ടു. അടുത്ത അടവെടുക്കാന്‍ അവസരം കൊടുക്കാതെ ഞാന്‍ എന്റെ കാലിന്റെ അടിയില്‍ അമര്‍ത്തി. വീടിന്റെ മുന്നില്‍ നിന്ന അവളുടെ മുഖത്തെ ചിരി മാഞ്ഞു ഒരു അലര്‍ച്ചയായി.
അവന്റെ അനക്കം നിന്നപ്പോള്‍ നിശ്ചലമായ ശരീരത്തിന്റെ അടുത്തു നിന്ന് ഞാന്‍ മാറി നിന്നു. ദൂരെ നിന്നു വരുന്ന വെടിയുടെ ശബ്ദവും പ്രതീക്ഷിച്ചു.
എന്താണ് ഇന്ന് ജോലിക്കുപോകുന്നില്ലെ? ഭര്‍ത്താവിന്റെ ചോദ്യം കേട്ടു ഞാന്‍ ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു.
Generated from archived content: story1_sep10_12.html Author: indira_thuravoor