ഇന്നു വള്ളികുളങ്ങര കവലയിലെ പഴയ കടകള്‍ പൊളിക്കുകയാണ് . അതിലുള്ള ഉഷ തയ്യല്‍ കടയും നാണപ്പനശാനും ഇല്ലാതാകുകയാണ്. പഴയ കട ആയതുകൊണ്ട് വലിയ തുന്നലൊന്നും ആശാനു ഇപ്പോള്‍ കിട്ടാറില്ല .
എന്നാലും എന്നും കട തുറക്കും. പഴയ പരിചയക്കാര്‍ കൊടി തുന്നാനോ , തോര്‍ത്ത് വക്കടിക്കനോ എന്തെങ്കിലും കൊണ്ടുവന്നാല്‍ ആയി . ഒന്നുമില്ലെങ്കിലും എന്നും കാലത്തു കട തുറന്നു ഉഷ ടേബിള്‍ ഫാന്‍ ഓണ്‍ ചെയ്തു ഉഷ തയ്യല്‍ മിഷ്യനു എണ്ണയും കൊടുത്തു കാറ്റുകൊണ്ടിരിക്കും . ഇന്നത്തോടെ നാണു ആശാന്‍ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഉഷ തയ്യല്‍ കട ഇല്ലാതാകുകയാണ് .
ഓര്‍മ്മയുടെ പഴയ താളുകള്‍ ആശാന്‍ മറിച്ചുകൊണ്ടിരുന്നു .
അഞ്ചാം ക്ലാസില്‍ വച്ചാണ് നാണപ്പന്‍ പഠിപ്പു നിര്‍ത്തിയത് . അച്ഛന്‍ സുഖമില്ലാതെ കിടപ്പില്‍ ആയതിനു ശേഷമാണ് നാണപ്പന്‍ തയ്യല്‍ കടയില്‍ സ്ഥിരമായി ഇരിക്കാന്‍ തുടങ്ങിയത് . അല്ലാത്തപ്പോള്‍ സ്കൂള്‍ ഇല്ലാത്തപ്പോള്‍ വന്നു ബട്ടന്‍സ് തുന്നി കൊടുക്കുവാന്‍ അച്ഛനെ സഹായിക്കുമായിരുന്നു .
പഠിക്കുവാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും സ്കൂളില്‍ പോകാന്‍ ഒരുപാടു ഇഷ്ടമായിരുന്നു . കളികൂട്ടുകാരിയായ കോവിലകത്തെ ഉഷകുഞ്ഞിന്റെ കൂടെ പാടവരമ്പത്തുകൂടെ കുറെ ദൂരം നടന്നു ഇല്ലികാടിനടുത്തുള്ള സര്‍പ്പകാവിനടുത്തുകൂടിയുള്ള സ്കൂളിലേയ്ക്കുള്ള യാത്ര നാണപ്പനു ഒരുപാടു ഇഷ്ടമായിരുന്നു.
ഉഷ കുഞ്ഞിനെ സ്കൂളില്‍ കൊണ്ട് ചെന്നാക്കുന്നതും തിരിച്ചു കോവിലത്ത് കൊണ്ടാക്കുന്നതും നാണപ്പന്റെ ചുമതലയായിരുന്നു.
വൈകുന്നേരം കോവിലകത്തു ചെല്ലുപ്പോള്‍ തമ്പുരാട്ടി പാല്‍ കഞ്ഞി തരും. പഠിത്തം നിര്‍ത്തിയപ്പോള്‍ ഇതെല്ലം നഷട്മായി .
പിന്നിടു കളികൂട്ടുകാരിയെ വല്ലപ്പോഴുമേ കാണാറുള്ളു .
സ്കൂള്‍ തുറക്കുമ്പോള്‍ പുത്തന്‍ ഉടുപ്പും തുന്നുവാനും , അമ്പലത്തില്‍ ഉത്സവം ആകുമ്പോല്‍ പട്ടു പാവാട തുന്നാനും പണിക്കാരി പാറു അമ്മയുടെ കൂടെ തയ്യല്‍ കടയില്‍ നാണപ്പാ എന്നു വിളിച്ചു വരും.
അച്ഛന്റെ മരണശേഷം നാണു കട ഒന്നു പുതുക്കി “ഉഷ തയ്യല്‍ കട” എന്നു പേരു കൊടുത്തു . പഴയ തയ്യല്‍ മിഷ്യന്‍ മാറ്റി പുതിയ ഒരു ഉഷ തയ്യല്‍ മിഷ്യന്‍ മേടിച്ചു . കറന്റു കിട്ടിയപ്പോള്‍ ഒരു ഉഷ ടേബിള്‍ ഫാനും മേടിച്ചു .
അങ്ങനെ അവിടെത്തെ അറിയിപ്പെടുന്ന നാണു ആശാന്റെ തയ്യല്‍ കട ആയി മാറി . പലരെയും തയ്യല്‍ പഠിപ്പിച്ചു . അവിടെ അടുത്ത് വേറെയും തയ്യല്‍ കടകള്‍ വന്നു. എന്നാലും ഉഷകുഞ്ഞു നാണപ്പന്റെ കടയിലെ തുന്നുവാന്‍ കൊടുക്കുകയുള്ളൂ . നാണപ്പാ എന്ന് വിളിച്ചൊരു വരവുണ്ട് . ആ വിളി കേള്‍ക്കാന്‍ കാത്തിരിക്കാറുണ്ട് ചിലപ്പോള്‍ .
ഉഷ കുഞ്ഞിന്റെ കല്യാണ ബ്ലുസും കുട്ടി ഉണ്ടായപ്പോള്‍ കുട്ടി ഉടുപ്പും നാണപ്പനാണു തുന്നികൊടുത്തത്ത്. വീട് ഭരണം ഏറ്റു. പെങ്ങമ്മാരുടെ കല്യാണം കഴിഞ്ഞപ്പോള്‍ നാണു സ്വന്തം കല്യാണം വേണ്ടെന്നു വച്ചു.
“ആശാനെ എല്ലാം വണ്ടിയില്‍ കയറ്റട്ടെ “.
വണ്ടിക്കാന്റെ ചോദ്യം കേട്ടു നാണു ആശാന്‍ ഓര്‍മ്മകളില്‍ നിന്നു ഉണര്‍ന്നു. .
ആശാനും തയ്യല്‍ മിഷ്യനും ഫാനും വീട്ടിലേയ്ക്ക് യാത്ര ആയി . ആശാന്റെ കുടുസു മുറിയില്‍ ഫാനും മിഷ്യനും ചേര്‍ത്ത് വച്ചു . ഉഷ ഫാന്‍ ഓണ്‍ ചെയ്തു കയറു കട്ടിലില്‍ കിടന്നു ഒന്ന് മയങ്ങിയപ്പോള്‍ ആണു നാണപ്പാ എന്ന വിളി കേട്ടത് .
തയ്ക്കുവനുള്ള മുണ്ടും റൗക്കയുടെ തുണിയുമായിട്ടു ഉഷകുഞ്ഞിന്റെ വരവായിരുന്നു അത്.
നാണു ആശാന്റെ ഉഷ മിഷ്യനും ഉഷ ഫാനും വീണ്ടും കറങ്ങി തുടങ്ങി.
Generated from archived content: story1_nov7_13.html Author: indira_thuravoor