നാളെ നവരാത്രി . കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്ന ദിവസം . .
രാമനാട്ടുകരയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ പാതി വഴിയില്‍ പഠിത്തം നിര്‍ത്തി ജീവിക്കാന്‍ വേണ്ടി പല ജോലികള്‍ക്കും ഇറങ്ങി തിരിച്ച മദ്ധ്യ വയസ്ക്കരായ അവര്‍ സന്തോഷത്തിലാണ് . അവര്‍ നാളെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടത്തുന്നു . അതും ആദ്യാക്ഷരം പഠിപ്പിച്ച തങ്കപ്പനാശന്റെ ആശാന്‍ കളരിയില്‍ വച്ച് .
ആശാന്റെ വീടിന്റെ അടുത്ത് തന്നെ നാലുകാലുള്ള ഓലകൊണ്ടു മറച്ച ആശാന്‍ കളരി രൂപം കൊണ്ടു . അതിനുള്ളില്‍ പഞ്ചാര മണല്‍ നിരത്തി. അവശതയിലാണെങ്കിലും വടിയും കുത്തിപ്പിടിച്ചു ആശാനും കൂട്ടത്തിലുണ്ട് .
അടുത്ത ദിവസം കാലത്തെ ആദ്യക്ഷരം കുറിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ എത്തി തുടങ്ങി . കടത്തുകാരന്‍ നാണു ആണ് ആദ്യം എത്തിയത് . പുറകെ മീന്‍ കച്ചവടം നടത്തുന്ന മുസ്തഫയും കപ്യരായ ജോസഫും എത്തി .
കാലം മുല്ലപൂ ചൂടിയ തലയുമായി കര്‍ഷക തൊഴിലാളികളായ തങ്കമണിയും, സുലോചനയും, മറിയാമ്മയും ഒന്നിച്ചാണ് വന്നത് . ചായക്കട നടത്തുന്ന നാണു നായരും കറവക്കാരനായ ഭാര്‍ഗവനും അങ്ങനെ ഓരോരുത്തരായി എത്തി തുടങ്ങി .
രാമനാട്ടുകരയില്‍ പല സ്ഥലത്തു വച്ചു പലപ്പോഴും അവരെല്ലാം കണ്ടുമുട്ടുന്നവരാണെങ്കിലും തങ്കപ്പനാശാന്റെ ആശാന്‍ കളരിയില്‍ എത്തിയപ്പോള്‍ അവരെല്ലാം ആദ്യമായി കണ്ട സന്തോഷത്തിലായിരുന്നു .
ഈ കൂടി കാഴ്ചക്കു മുന്‍കൈ എടുത്ത ഗോപലനശാരിയും തെങ്ങ് കയറ്റ തൊഴിലാളിയായ മോഹനനും ഒപ്പം വടിയും കുത്തിപിടിച്ചു തങ്കപ്പനാശാന്‍ ആശാന്‍ കളരിയില്‍ എത്തി . ആശാന്റെ ചൂരല്‍ നേരത്തെ തന്നെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചിരുന്നു .
ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കിലും തിമിരം മൂടിയ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചുകൊണ്ട് പല്ലില്ലാത്ത മോണകാട്ടി ആശാന്‍ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് വിറയാര്‍ന്ന കൈവിരല്‍കൊണ്ട് പഞ്ചാര മണലില്‍ ആദ്യക്ഷരം കുറിച്ചു . ……..ഹരി …..
എല്ലാവരും ഒന്നിച്ചു ആദ്യക്ഷരം എഴുതി ഒന്നിച്ചു ഏറ്റു പറഞ്ഞു . ഹരി…………….
വർഷങ്ങള്‍ക്കു മുന്പുണ്ടായ ഒരു ആശാന്‍ കളരിയുടെ ഒരു പുനര്‍ജന്മതിന്റെ മാറ്റൊലി ആ പരിസരമാകെ പരന്നു .
ഹരി…….. ശ്രീ ….ഗ ണ പ ത യെ ന മ:
Generated from archived content: story1_nov6_13.html Author: indira_thuravoor