അഞ്ചു മിനിക്കഥകള്‍

അമ്മ

ഞാന്‍ മീനാക്ഷി അമ്മ . എന്നെ നിങ്ങള്‍ ആരും അറിയില്ല . ഞാന്‍ ആരാണന്നല്ലെ . കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത‍ എല്ലാവരും വായിച്ചു കാണുമല്ലോ . ഒരു വയസായ അമ്മയെ കാറില്‍ പൂട്ടിയിട്ടു മകനും ഭാര്യയും മക്കളും കൂടി സിനിമ കാണാന്‍ പോയി എന്ന് . ആ കാറില്‍ ഉണ്ടയിരുന്ന അമ്മ ഞാന്‍ ആയിരുന്നു . എനിക്ക് എന്റെ മകനെ കുറ്റം പറയാന്‍ പറ്റില്ല . ഒറ്റയ്ക്ക് എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടു പോയാല്‍ ഇപ്പോഴത്തെ കാ…ലമല്ലേ കള്ളന്മ്മാര്‍ മോഷണം മാത്രമല്ല സ്ത്രീകളെയും വെറുതെ വിടില്ലല്ലോ . അതുക്ണ്ടായിരിക്കാം എന്നെയും കൂട്ടി സിനിമക്ക് പോയത് . എനിക്ക് ഒരു സങ്കടം മാത്രമേ ഉള്ളു “അമ്മ വരുന്നോ സിനിമക്ക്” എന്ന് അവന്‍ ഒന്ന് ചോദിച്ചുരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി . സാരമില്ല എന്നാലും അവനെ എനിക്ക് വെറുക്കാന്‍ പറ്റില്ല . ഇതില്‍ കൂടുതല്‍ എത്രയോ ക്രൂരതകള്‍ മക്കള്‍ മാതാപിതാക്കളോട് ചെയ്യന്നു വാര്‍ത്തകള്‍ നമ്മള്‍ പത്രങ്ങളില്‍ ദിവസവും കാണുന്നുണ്ടല്ലോ . അവനു എന്നോട് സ്നേഹം ഉള്ളതുക്ണ്ടാണല്ലോ സെക്യൂരിറ്റിയോട് അമ്മ കാറില്‍ ഉണ്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞത് . വണ്ടി കിടന്നടുത്തു വെയില്‍ വരുമെന്നോ എനിക്ക് ക്ഷീണം വരുമെന്നോ അവന്‍ ആലോചിച്ചുകാണില്ല . എനിക്ക് ശ്വാസം കിട്ടുന്നതിനുവേണ്ടി ഗ്ലാസ്‌ കുറച്ചു തുറന്നു വച്ചിരുന്നെങ്കിലും കൂടുതല്‍ നേരം കാറില്‍ ഇരുന്നു വെയില് കൊണ്ട് ക്ഷീണം തോന്നിയപ്പോള്‍ ആണ് സെക്യൂരിറ്റിയോട് കുറച്ചു വെള്ളം ചോദിച്ചത് ‌. സെക്യൂരിറ്റിയുടെ നിസ്സഹാവസ്ഥ കണ്ടപ്പോള്‍ എനിക്കും വിഷമം തോന്നി. എന്നാലും അയാള്‍ ഒരു ഷീറ്റ് കാറിന്റെ പുറത്തു ഇട്ടു എനിക്ക് വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിച്ചു . മക്കള്‍ക്കുവേണ്ടി ഇതില്‍ കൂടുതല്‍ ത്യാഗം ചെയ്യുന്ന എത്രയോ അമ്മമാര്‍ ഉണ്ട് . അപ്പോള്‍ എന്റെ മകനുവേണ്ടി ഇത്രേ അല്ലെ എനിക്ക് ചെയ്യുവാന്‍ പറ്റുകയുള്ളു . എന്റെ മകന്‍ തെറ്റ് ചെയ്തു ശരിയാ . എന്നാല്‍ കൂടുതലായിട്ട് അവനെ ആരും കുറ്റം പറയരുത് . അവന്‍ ഞാന്‍ നൊന്തു പെറ്റ എന്റെ പൊന്നുമോന്‍ ആണ് .

പ്രണയദിനം

വീണ്ടുമൊരു പ്രണയദിനം കൂടി കടന്നു വന്നു . വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പ്രണയ ദിനത്തില്‍ ഒന്നിച്ചുള്ള യാത്രയില്‍ ആണ് മരണം ടിപ്പര്‍ ലോറിയുടെ രൂപത്തില്‍ വന്നു അവളെ അവനില്‍ നിന്നും തട്ടിക്കൊണ്ടു പോയത് . പാതി മരിച്ച ശരീരവും ആയി ഒരോ പ്രണയ ദിനത്തിലും അവളുടെ വരവിനു കാത്തിരുന്ന അവന്റെ അടുത്തേയ്ക്ക് അവസാനം ഈ പ്രണയ ദിനത്തില്‍ അവള്‍ വന്നു . പാതി മയക്കത്തില്‍ അവന്‍ കണ്ടു പനനീര്‍ റോസുമായി പുഞ്ചിരിതൂകികൊണ്ട് അവള്‍ നില്‍ക്കുന്നു . സന്തോഷത്തോടെ അവളുടെ കൈ പിടിച്ചു പ്രണയദിനം ആഘോഷിക്കാന്‍ അവന്‍ യാത്ര ആയപ്പോള്‍ അവന്റെ മുറിയില്‍ നിന്ന് കൂട്ട കരച്ചില്‍ ഉയരുന്നുണ്ടായിരുന്നു .

ജീവപര്യന്തം

ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് റിപ്പോര്ട്ടര്‌ ആയ ആന് മറിയ ആദ്യമായി ജയില്‍ സന്ദര്‍ശിക്കുന്നത് . ആന്‍ മറിയക്ക്‌ മനസിനുള്ളില്‍ വേറൊരു ഉദ്ദേശവും കൂടി ഉണ്ടായിരുന്നു . തനിക്കു അഞ്ചു വയസുള്ളപ്പോള്‍ തന്നെ അനാഥയാക്കി അമ്മച്ചിയെ കൊലപെടുത്തിയത് എന്തിനാണെന്ന് ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്ന തന്റെ അപ്പച്ചനായ തോമസ്‌ചാക്കോയോട് ചോദിക്കണം.

ജയിലില്‍ തടവുകാരുടെ വിവിരങ്ങള്‍ ശേഖരിച്ചു അവസാനം തോമസ്‌ ചാക്കോയും ആന്‍ മറിയയുടെ മുന്നില്‍ എത്തി. വര്‍ഷങ്ങള്‍ക്കു ശേഷം ആന്‍ മറിയ അപ്പച്ചനെ കണ്ടു. ഉള്ളില്‍ ഉള്ള ദേഷ്യവും സങ്കടവും പുറത്തു കാണിക്കാതെ വിവരങ്ങള്‍ ചോദിച്ചു .

ഭാര്യയെ കൊന്നതിനാണ് ഞാന്‍ ഇവിടെ എത്തിയത് . പക്ഷെ ഞാന്‍ അല്ല എന്റെ മേരിക്കുട്ടിയെ കൊന്നത്. എന്റെ അഞ്ചു വയസുള്ള മോളുടെ സാക്ഷി മൊഴിയില്‍ നിന്നു എന്നെ കൊലയാളി ആക്കിയത് . ഞാന്‍ ഒരു ടാക്സി ഡ്രൈവര്‍ ആയിരുന്നു. മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്ന എനിക്ക്. ഒരു ദിവസം മദ്യപിച്ചു വീട്ടിലേയ്ക്ക് വരുമ്പോള്‍ എന്റെ കൂടെ കൂട്ടുകാരന്‍ ശങ്കരനും ഉണ്ടായിരുന്നു. അവന്‍ എന്റെ മേരികുട്ടിയോടു മോശമായി സംസാരിക്കുന്നതു കണ്ട്പോള്‍ എനിക്ക് സഹിച്ചില്ല. ഞങ്ങള്‍ രണ്ടുപേരും മദ്യ ലഹരിയില്‍ ആയിരുന്നു . വാക്ക് തര്‍ക്കവും ഉന്തും തള്ളുമായി ഞങ്ങള്‍. . മുറ്റത്തു കിടന്ന ഒരു തടി കഷ്ണം എടുത്തു ശങ്കരന്‍ എന്നെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടയ്ക്കു വീണതാണ്‌ മേരിക്കുട്ടി . അടി അവളുടെ തലക്കിട്ട കൊണ്ടത്‌ . ചോര ഒലിക്കുന്നത്‌ കണ്ടപ്പോള്‍ ശങ്കരന്‍ ഓടിപോയി . ബഹളം എല്ലാം കേട്ട് വന്ന എന്റെ മോള്‍ കണ്ടത് എന്റെ മടിയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മേരിക്കുട്ടിയെ ആണ് . എന്റെ മോള്‍ ആകെ പേടിച്ചു പോയി . മോളുടെ സാക്ഷി മൊഴി ആണ് എന്നെ ഒരു കൊലയാളി ആക്കിയത് . എന്റെ മോള്‍ ഈ സത്യം അറിയണം. ഒരു അനാഥാലയത്തില്‍ ആണ് എന്റെ മോള്‍ എന്ന് മാത്രം അറിയാം എനിക്ക്. അന്ന് അവളുടെ കുഞ്ഞു മനസിനെ പറഞ്ഞു മനസിലാക്കിപ്പിക്കാന്‍ എനിക്ക് പറ്റിയില്ല അവള്‍ക്കു എന്നെ പേടി ആയിരുന്നു

കഥ കേട്ട് ആന്‍ മറിയ സ്തംഭിച്ചിരുന്നുപോയി. താന്‍ ആണ് അപ്പച്ചനെ കൊലയാളി ആക്കിയതെന്ന സത്യം അറിഞ്ഞപ്പോള്‍ ഉള്ളെന്നു പാളി. പറയുവാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു. എന്നാലും മനസിന്‌ ധൈര്യം കൊടുത്തുകൊണ്ട് പറഞ്ഞു . സത്യം വെളിച്ചത്തു വരും . അപ്പോള്‍ മകള്‍ കാണാന്‍ വരും. കൂടുതല്‍ സംസാരിക്കാതെ തിരിഞ്ഞു നടക്കുപ്പോള്‍ അപ്പച്ചന്റെ കണ്ണില്‍ വെളിച്ചത്തിന്റെ പ്രകാശം മിന്നിമറയുന്നത് ആന്‍ മറിയ കണ്ടു.

കഥയെ പ്രണയിച്ച രാജകുമാരന്‍

കഥകളെ ഒരുപാടു പ്രണയിച്ചിരുന്ന അവന്‍ അവളെ പരിചയപ്പെടുന്നത് അവളുടെ കഥകളില്‍ കൂടി ആയിരുന്നു . അവളുടെ കഥകളെയും അവന്‍ പ്രണയിക്കാന്‍ തുടങ്ങിയപ്പോള്‍ അവളില്‍ പ്രണയം മൊട്ടിടുകയും അവനു വേണ്ടി പ്രണയ കഥകളും അവള്‍ എഴുതാന്‍ തുടങ്ങി . ആദ്യ പുസ്തകം അവനു നല്‍കികൊണ്ട് തന്റെ പ്രണയം അവനോടു തുറന്നു പറയാന്‍ കാത്തിരുന്ന അവള്‍ അറിഞ്ഞത് അവന്‍ പ്രണയിച്ചിരുന്നത് അവളുടെ കഥകളെ മാത്രമായിരുന്നു എന്നാണ് . ഇതറിഞ്ഞ അവളുടെ കഥകളില്‍ വിരഹവും കടന്നുകൂടിയപ്പോള്‍ അവന്‍ ആ വിരഹ കഥകളെയും പ്രണയിക്കാന്‍ തുടങ്ങി .

ആള്‍ ദൈവം

നാട്ടിന്‍ പുറത്തു പുതുതായി വന്ന ആള്‍ ദൈവത്തെപ്പറ്റി അറിഞ്ഞു കേട്ടവര്‍ ആള്‍ ദൈവത്തെ കാണാന്‍ കൂട്ടം കൂട്ടം ആയി പോയി തുടങ്ങി . ഇതറിഞ്ഞ ഇല്ലത്തെ വിഷ്ണു നമ്പൂതിരി മനസിന്റെ താളം തെറ്റിയ മകള്‍ ദേവിയുമായി ആള്‍ ദൈവത്തെ കാണാന്‍ പുറപ്പെട്ടു . റോഡിന്റെ ഇരുവശങ്ങളിലും ആള്‍ ദൈവത്തെ കാണാന്‍ വന്ന മുതലാളിമാരുടെ വിലയേറിയ വണ്ടികളുടെ നീണ്ട നിര കാണാമായിരുന്നു . തിരിക്കിനിടയില്‍ കാത്തിരിപ്പിന്റെ ഒടുവില്‍ വിഷ്ണു നമ്പൂതിരിക്കും ആള്‍ ദൈവത്തെ കാണാന്‍ അനുവാദം കിട്ടി . മകള്‍ ദേവിയുമായി ആള്‍ ദൈവതിന്റെ മുന്നില്‍ ചെന്നിരുന്നു ഇവരെ കണ്ടപ്പോള്‍ ആള്‍ ദൈവതിന്റെ മുഖത്ത് ഭാവ വിത്യാസം മിന്നി മറഞ്ഞത് അവര്‍ കണ്ടിരുന്നില്ല . വിഷ്ണു നമ്പൂതിരി മകളുടെ ദയനീയ കഥ ആള്‍ ദൈവത്തിന്റെ മുന്നില്‍ പറഞ്ഞു .

വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ദിവസം സര്‍പ്പകാവില്‍ തിരിതെളിക്കാന്‍ പോയതായിരുന്നു മോള്‍. സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോള്‍ തിരക്കി ചെന്നപ്പോള്‍ കണ്ടത് പീഡനത്തിനു ഇരയായി ബോധം ഇല്ലാതെ കിടക്കുന്ന മോളെ ആണ്. അതോടെ മോളുടെ മാനസിക നില തെറ്റി . പിന്നിട് ആരോടും സംസരിച്ചിട്ടില്ല. എന്റെ മോളെ രക്ഷിക്കണം.

വിഷ്ണു നമ്പൂതിരി ഇത് പറയുമ്പോള്‍ ദേവി ഇമവെട്ടാതെ ആള്‍ ദൈവത്തെ തന്നെ നോക്കിയിരിക്കുക ആയിരുന്നു . പെട്ടെന്ന് ചാടി ഏണിറ്റ് “ഇവന്‍ ഇവനാണ് എന്നെ നശിപ്പിച്ചത് ഇനി ഇവന്‍ ജീവിച്ചിരുന്നുകൂടാ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് ആള്‍ ദൈവതിന്റെ കഴുത്തിനു മുറുകെ പിടിച്ചു .

ഇല്ലത്തെ കാര്യസ്ഥന്‍ ശങ്കരന്റെ വര്‍ഷങ്ങള്‍ക്കു മുന്പ് നാടുവിട്ടുപോയ മകന്‍ ഭദ്രനാണ് ആള്‍ ദൈവമെന്നു വിഷ്ണു നമ്പൂതിരി തിരിച്ചറിഞ്ഞു.

പിന്നിട് നടന്നതെല്ലം പെട്ടന്നായിരുന്നു . ആള്‍ ദൈവതിന്റെ അനുയായികള്‍ ഇവര്‍ക്ക് ഒന്നും പറയാന്‍ അവസരം കൊടുക്കാതെ രണ്ടുപേരെയും പുറത്തേയ്ക്ക് തള്ളിവിട്ടു. ഒന്നും പറയാന്‍ പറ്റാതെ മോളെയും കൊണ്ട് വിഷ്ണു നമ്പൂതിരി പുറത്തേയ്ക്ക് തിരിഞ്ഞു നടക്കുമ്പോള്‍ ആള്‍ ദൈവത്തെ കാണാന്‍ വിശ്വാസികളുടെ തിരക്ക് കൂടി കൂടി വരികയായിരുന്നു

Generated from archived content: story1_may19_13.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here