1. റെയില്‍വേ ഗേറ്റ്
ആദ്യമായി ജോലിക്കു പ്രവേശിക്കുവനുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. റെയില്‍വേ ഗേറ്റ് അടച്ചിരുന്നു. ഞാന്‍ ബസ്സില്‍ പുറത്തേക്കു നോക്കിയിരുന്നു.
ഇടവഴിയില്‍ നിന്ന് ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു. സ്കൂളില്‍ പോകാന്‍ മടികാണിക്കുന്ന കുട്ടിയെ കയ്യില്‍ പിടിച്ചു കൊണ്ടു വരുന്നതാണ് സ്റ്റോപ്പില്‍ കരഞ്ഞുകൊണ്ടു അവള്‍ അങ്ങനെ നിന്നു.
ഗേറ്റ് തുറന്നു ഞങ്ങളുടെ വണ്ടി യാത്രയായി.
വീണ്ടും അവളെ കണ്ടപ്പോള്‍ അവള്‍ക്കു കരച്ചില്‍ ഇല്ലായിരുന്നു. അവിടെ കൂട്ടിയിരിക്കുന്ന മണലില്‍ അവള്‍ കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.
മുടക്കം കൂടാതെ റയില്‍വേ ഗേറ്റ് അടച്ചു കൊണ്ടിരുന്നു.
ഇടക്ക് അവളെ കണ്ടപ്പോള്‍ നല്ല സുന്ദരിക്കുട്ടിയായി മാറിയിരുന്നു.
ദിവസങ്ങള്‍ പോയ്ക്കൊണ്ടിരുന്നു വീണ്ടും അവളെ കണ്ടപ്പോള്‍ ഒരു പയ്യനുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.
പിന്നെ കാണുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു വധുവായി വരന്റെ കൂടെ കാറില്‍ കയറുന്നതാണ്.
അവസാനം ഞാന്‍ അവളെ കണ്ടപ്പോള്‍ റയില്‍വേ ട്രാക്കില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഛിന്നഭിന്നമായി കിടക്കുകയായിരുന്നു. അപ്പോഴും ഇടവഴിയില്‍ നിന്നു ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അത് അവളുടെ കുട്ടിയായിരുനു.
അപ്പൊഴും റയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.
2. ചാക്കോച്ചനും സെല്ലും
മോളിക്കുട്ടിയുടെ വിളിയും പ്രതീക്ഷിച്ച് ചാക്കോച്ചന്‍ സെല്ലുമായി കടയില്‍ കാത്തിരിക്കുന്ന സമയത്താണ് മറിയാമ്മ ചേട്ടത്തി ( മോളിക്കുട്ടിയുടെ അമ്മ) അരിമേടിക്കാന്‍ കടയില്‍ വന്നത്.
അവരെ കണ്ടയുടനെ ചാക്കോച്ചന്‍ സെല്‍ അരിച്ചാക്കില്‍ ഒളിച്ചു വച്ചു. മറിയാമ്മ ചേട്ടത്തി അരിയും മേടിച്ചു പോയിക്കഴിഞ്ഞപ്പോഴാണ് സെല്‍ കാണാത്ത കാര്യം ചാക്കോച്ചന്‍ അറിയുന്നത്.
മറിയാമ്മ ചേട്ടത്തി വീട്ടില്‍ ചെന്ന് അരി സഞ്ചിയില്‍ നിന്നു എടുക്കുന്ന സമയത്താണ് അരിയില്‍ കിടന്ന സെല്‍ അടിച്ചത് മറിയാമ്മ ചേടത്തി സെല്‍ എടുത്തു ചെവിയില്‍ വച്ചു.
‘ ചാക്കോച്ചാ അമ്മച്ചി അരി മേടിക്കാന്‍ കടയില്‍ വരുന്നുണ്ട് സഞ്ചിയില്‍ ഞാനൊരു കത്തു വച്ചിട്ടുണ്ട്.’ മറിയാമ്മ ചേടത്തി സഞ്ചിയില്‍ നിന്നും കത്തെടുത്തു വായിച്ചു.
‘ ചാക്കോച്ചാ അമ്മച്ചി കടയില്‍ വരുമ്പോള്‍ അമ്മച്ചിയെ കടയില്‍ കുറച്ചു നേരം ഇരുത്തിയിട്ടു ചാക്കോച്ചന്‍ ഇങ്ങോട്ടേക്ക് വരണം ഞാന്‍ മാവിന്‍ ചുവട്ടില്‍ കാത്തിരിക്കും. ‘
മറിയാമ്മ ചേടത്തി ദേഷ്യത്തോടെ (കലി തുള്ളി) മാവിന്‍ ചോട്ടില്‍ ചെന്നപ്പോള്‍ മോളിക്കുട്ടി അവിടെ നില്‍ക്കുന്നു.
അമ്മച്ചിയുടെ വരവ് പന്തിയല്ലന്നു കണ്ട മോളിക്കുട്ടി മാവിന്റെ മുകളിലേക്കു നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു.
‘’ ഈ മാവിലെ മാങ്ങ കച്ചവടം ചെയ്യാന്‍ ചാക്കോച്ചനെ നോക്കി നില്‍ക്കുകയാണ്’‘’
അതുകേട്ടപ്പോള്‍ അമ്മച്ചിക്കു സന്തോഷമായി . മറിയാമ്മ ചേടത്തി സെല്‍ മോളിക്കുട്ടിയുടെ കയ്യില്‍ കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു.
‘’ നീ ഇതു ചാക്കോച്ചനു കൊടുത്തിട്ടു മാങ്ങയുടെ വിലയും തിരക്കിയിട്ടു വാ’‘
മോളിക്കുട്ടി സന്തോഷത്തോടെ ചക്കോച്ചന്റെ അടുത്തേക്ക് പോയി.
Generated from archived content: story1_mar6_12.html Author: indira_thuravoor