കണക്കിലെ കളി

ഹരീ ………… അമ്മയുടെ വിളി കേള്‍ക്കുന്നുണ്ട് . പക്ഷെ കണ്ണ് തുറക്കാന്‍ പറ്റുന്നില്ല . പകല്‍ കിടന്നു ഉറങ്ങിയാല്‍ ഇതാണ് കുഴപ്പം .

എന്തൊരു ഉറക്കമാ ഇത് .

അമ്മയുടെ ശകാരം കേട്ടു വിഷമിച്ചാണ് കണ്ണു തുറന്നത് .

കോളേജില്‍ ഇന്നു സമരം ആയതുകൊണ്ട് ഉച്ചക്ക് വിട്ടു . വെയിലുകൊണ്ട് സൈക്കിള്‍ ചവിട്ടി വന്ന ക്ഷീണത്തില്‍ കിടന്നതായിരുന്നു . ഉറങ്ങി വന്നപ്പോഴാണ് അമ്മയുടെ വിളി .

”എന്താ അമ്മേ ”

”നീ ഇങ്ങു എണിറ്റു വന്നേ”

പുറത്തേയ്ക്കു വന്നപ്പോള്‍ അടുത്ത വീട്ടില്‍ പുതുതായി വാടകക്ക്‌ താമസിക്കുന്ന പോലീസുകരെന്റെ ഭാര്യയും ഒരു കാലിനു ശേഷിക്കുറവുള്ള മകളും നില്‍ക്കുന്നു .

ചതിച്ചോ . കാലത്തു അവരുടെ ചെടിച്ചട്ടി പൊട്ടിച്ചത് ചോദിക്കാന്‍ വന്നതായിരിക്കും . സൈക്കിള്‍ ചവിട്ടി സ്പീഡില്‍ പോയതുകൊണ്ട് കണ്ടു കാണില്ലെന്നാണ് കരുതിയത്‌ . ഇന്നു അവരുടെ വഴക്ക് കിട്ടിയതു തന്നെ .

കുറച്ചു നാളെ ആയിട്ടൊള്ളൂ അടുത്ത വീട്ടില്‍ അവര്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് . മുറ്റം നിറയെ ചെടിച്ചട്ടികളില്‍ പല നിറത്തിലുള്ള റോസാ ചെടികള്‍ ഉണ്ടായിരുന്നു . വലിയ ചുവന്ന റോസപ്പൂവോടുകൂടി ഉള്ള ചട്ടി മതിലിന്റെ മുകളിലും വച്ചിരുന്നു . സൈക്കിളില്‍ പോയപ്പോള്‍ ഒരു രസത്തിനുവേണ്ടിയ അതില്‍ ഉള്ള റോസാ പൂവില്‍ പിടിച്ചത് . ചെടിച്ചട്ടി ഉള്‍പ്പടെ വരുമെന്നു കരുതിയില്ല . ബാലന്‍സ് തെറ്റി സൈക്കിളും ചട്ടിയും ഹരിയും വീണു . കല്ലില്‍ തട്ടി വിരലും പൊട്ടി . അതൊന്നും നോക്കാതെ എളുപ്പം പോയതായിരുന്നു . എന്നിട്ടും അവര്‍ കണ്ടുവോ. അമ്മയോടു പരാതി പറയാന്‍ വന്നതായിരിക്കും . കാലിലെ വിരലിലെ വേദന ഇപ്പോഴും മാറിയിട്ടില്ല .

നിന്നെ കാണാന്‍ വന്നതാ ഇവര്‍ . ലളിതയ്ക്കു കണക്കിന് എന്തോ സംശയം ഒന്ന് പറഞ്ഞു കൊടുക്കാമോ എന്ന് . പത്താം ക്ലാസ്സ്‌ പരീക്ഷക്കു കണക്കു മാത്രം കിട്ടിയില്ല .. ഇത് മൂന്നാമത്തെ തവണ ആണ് .പ്രൈവറ്റ് ആയി എഴുതുന്നത്‌ . നിനക്ക് കണക്കു എളുപ്പമല്ലെ . ഒന്ന് പറഞ്ഞു കൊടുക്ക്‌ അവള്‍ക്ക് .

അമ്മ പറയുന്നത് കേട്ടു ഹരി ലളിതയെ ഒന്നു നോക്കി . ഹാഫ് സാരിക്കാരിയായ ഈ ചേച്ചിയെ ആണോ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന ഞാന്‍ കണക്കു പറഞ്ഞു കൊടുക്കേണ്ടത്‌ . എന്തായാലും ചെടിച്ചട്ടി പൊട്ടിച്ചത് അറിഞ്ഞിട്ടില്ല . സമാധാനമായി .

ഹരി അങ്ങനെ ലളിതക്കു കണക്കു സര്‍ ആയി . പഠിച്ചു കഴിഞ്ഞു തിരിച്ചു പോകാന്‍ നേരം ലളിത പറഞ്ഞു . കാലത്ത് വീഴുന്നത് കണ്ടായിരുന്നു . വിരല്‍ കുറെ പൊട്ടിയോ .

കുറച്ചു പൊട്ടി . കണ്ടിരുന്നു അല്ലെ? . ചെടിച്ചട്ടിയും ഹരിയും കൂടെ വിഴുന്നതു കണ്ടിരുന്നു .

കണക്കില്‍ സംശയം തോന്നുമ്പോള്‍ ലളിതേച്ചി വരും . അങ്ങനെ അത്തവണ ലളിതേച്ചി പത്താം ക്ലാസ്സ്‌ ജയിച്ചു . ഹരി ബി കോം നു ചേര്‍ന്നപ്പോള്‍ കാലിനു ശേഷി കുറവുള്ളതുകൊണ്ട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടയതുകൊണ്ട് ലളിത പ്രൈവറ്റ് ആയി പ്രീ ഡിഗ്രി ക്ക് ചേര്‍ന്നു . പഠിക്കുവാന്‍ അത്രക്കു ഇഷ്ടമായിരുന്നു അവള്‍ക്ക് .

ഈ സമയത്താണ് അച്ഛനു ട്രാന്‍സ്ഫര്‍ ആയി ലളിതേച്ചിയും കുടുംബവും പാലക്കാട്ടേയ്ക്ക് പോയത് . എല്ലാ ന്യൂ ഇയറിനും ഹരിക്ക് ന്യൂ ഇയര്‍ കാര്‍ഡ്‌ വിടുമായിരുന്നു . പ്രിയപ്പെട്ട ആശാന് …..ലളിതേച്ചി എന്നു അതില്‍ എഴുതുമായിരുന്നു . കണക്കു പഠിപ്പിച്ചതുകൊണ്ട് ലളിത ആശാനെ എന്നാന്നു ഹരിയെ കളിയാക്കി വിളിച്ചിരുന്നത്‌ കുറെ വര്‍ഷങ്ങള്‍ ന്യൂ ഇയര്‍ കാര്‍ഡ്‌ മുടങ്ങാതെ വരുമായിരുന്നു .

പഠിത്തം കഴിഞ്ഞു ജോലി കിട്ടി ഹരിയും കുടുംബവും വര്‍ഷങ്ങളായി പുറത്തായിരുന്നു . മക്കളുടെ പഠനത്തിനുവേണ്ടിയാണ് നാട്ടില്‍ സ്ഥിര താമസം ആക്കിയതും ജോലിക്കു ശ്രമിച്ചു തുടങ്ങിയതും .. അങ്ങനെയാണ് തിരുവന്തപുരത്ത് ഒരു കമ്പിനിയില്‍’ അക്കൗണ്ട്‌ മനേജര്‍ ആയി ജോലി കിട്ടിയത് .

എറണാകുളത്തു നിന്നു വെളിപ്പിനുള്ള ട്രെയിനിനു ഹരി തിരുവന്തപുരത്തേയ്ക്കു യാത്ര ആയി .ഇടയ്ക്കു ആരോ ഹരി എന്നു വിളിക്കുന്നതു കേട്ടാണ് മയക്കത്തില്‍ നിന്ന് ഹരി ഞെട്ടി ഉണര്‍ന്നത് . ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോള്‍ ബെര്‍ത്തില്‍ കിടക്കുന്ന കുട്ടിയെ വിളിച്ചുണര്‍ത്തുന്ന സ്ത്രീയില്‍ നിന്നാണ് ആ ശബ്ദം കേട്ടതെന്നു മനസിലായി . പരിചയമുള്ള ശബ്ദം . ട്രെയിന്‍ കായകുളം സ്റ്റേഷനില്‍ നിര്‍ത്തുവാന്‍ പോകുകയാണ് . ബാഗും കുട്ടിയുമായി ശേഷി കുറഞ്ഞ കാലുമായി പുറത്തേയ്ക്കു ഇറങ്ങുവാനായി വരുന്ന അവരെ കണ്ടപ്പോള്‍ ഹരി സ്തംഭിച്ചുപോയി . അതു ലളിതേച്ചി ആയിരുന്നു .

”ലളിതേച്ചി”.. ഹരി വിളിച്ചു .

ഞെട്ടി തിരിഞ്ഞ ലളിത ഹരിയെ കണ്ടപ്പോള്‍ ആശ്ചര്യത്തോടെ ആശാനെ…. എന്നു അറിയാതെ ഉറക്കെ വിളിച്ചുപോയി . യാത്രക്കാര്‍ ശ്രദ്ധിക്കുന്നത് കണ്ട് രണ്ടുപേരും വല്ലാതായി . വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ ആയിരുന്നു.

”ഹരി ഇപ്പോള്‍ എവിടെയാ ?”

”ഞാന്‍ കുറച്ചു നാള്‍ പുറത്തായിരുന്നു . കുടുബവുമായിട്ട് ഇപ്പോള്‍ നാട്ടില്‍ താമസമായി . തിരുവനന്തപുരത്ത് ജോലിക്കു പോകുകയാണ് ”.

”ഞാനും തിരുവനന്തപുരത്താണ് . നാട്ടില്‍ നിന്നു വരുന്ന വഴി ആണ് . രാഘവേട്ടെന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയില്‍ ആയിരുന്നു . ഇപ്പോള്‍ ഫോണ്‍ വന്നു അമ്മക്കു അസുഖം കൂടി . നാട്ടിലേയ്ക്ക് തിരിച്ചു ചെല്ലുവാന്‍ . ഇവിടെ ഇറങ്ങാന്‍ പോകുകയാണ് . ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ കാണാം എന്ന് പറഞ്ഞു തിരക്ക് പിടിച്ചു അവര്‍ അവിടെ ഇറങ്ങി . അവര്‍ പോയ ശേഷമാണ് നമ്പര്‍ മേടിക്കാന്‍ വിട്ടുപോയല്ലോ എന്നു ഹരി ഓര്‍ത്തത്‌ .തിരുവനന്തപുരത്ത് എവിടെ എങ്കിലും വച്ചു വീണ്ടും കാണാന്‍ പറ്റുമായിരിക്കും ..

ഹരി ജോയിന്‍ ചെയ്തു കുറച്ചു ദിവസം കഴിഞ്ഞാണ് നാട്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചോദിച്ച മാനേജര്‍ ലീവ് കഴിഞ്ഞു എത്തിയത് . മാനേജരെ കാണാന്‍ ഹരി ക്യാബിന്‍ തുറന്നു അകത്തു ചെന്നപ്പോള്‍ ഞെട്ടിപ്പോയി . അത് മറ്റാരുമായിരുന്നില്ല ഹരിയുടെ ലളിതേച്ചി ആയിരുന്നു . പ്രതീക്ഷിക്കാതെ വീണ്ടുമൊരു കണ്ടുമുട്ടല്‍ .

ആശാനു കണക്കുകള്‍ പറഞ്ഞുകൊടുത്ത് പകരം വീട്ടി കൊണ്ട് നാട്ടിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ലളിതേച്ചി .

Generated from archived content: story1_jan23_14.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here