തിരുവന്തപുരം റേഡിയോ നിലയത്തിൽ ലോക റേഡിയോ ദിനത്തിന്റെ ആഘോഷം നടക്കുകയാണ് . പഴയകാല ആർട്ടിസ്റ്റുകളുടെ ഒരു ഒത്തുചേരൽ കൂടിയാണ് അത് .
പഴയ സഹ പ്രവർത്തകരെ എല്ലാം കാണാമെന്ന സന്തോഷത്തോടെയാണ് സംഗീത ടീച്ചറായി റിട്ടയർ ചെയ്ത രാധാമണി ടീച്ചർ എറണാകുളത്തുന്നിന്നു തിരുവനന്തപുരത്തു എത്തിയത്.
റേഡിയോ നിലയം ആകെ മാറി . അൻപതു വർഷങ്ങൾക്കു മുമ്പുള്ള പഴയ ചില കെട്ടിടങ്ങൾ ഓർമ്മക്കായി മാത്രമുണ്ട് . ടീച്ചർ പ്രോഗ്രാം നടക്കുന്ന സ്ഥലത്തു എത്തിയപ്പോൾ എല്ലാവരും എത്തി തുടങ്ങുന്നതെ ഉള്ളൂ . കസേരയിൽ ഇരുന്നു ചുറ്റുപാടും നോക്കിയപ്പോൾ അവിടവിടെ കുറച്ചുപേർ ഇരിക്കുന്നുണ്ട് . ആരെയും മുഖ പരിചയം തോന്നിയില്ല .
വർഷങ്ങൾക്കു മുമ്പ് ചെറുപ്പത്തിൽ ആദ്യമായി റേഡിയോ നിലയത്തിൽ വന്ന ഓർമ്മകൾ തലോടികൊണ്ട് രാധാമണി ടീച്ചർ അവിടെ ഇരുന്നു .
അമ്മയുടെ മരണ ശേഷം രണ്ടാനമ്മ വന്നപ്പോൾ ആണ് കുട്ടികൾ ഇല്ലാത്ത കുഞ്ഞമ്മാവന്റെ കൂടെ 10 വയസുള്ള രാധാമണി തിരുവനന്തപുരത്തേയ്ക്കു പോന്നത് . റേഡിയോ നിലയത്തിൽ ജോലിയുള്ള കുഞ്ഞമ്മാവന്റെ കൂടെയാണ് ആദ്യമായി റേഡിയോ നിലയത്തിൽ വന്നത്.
അന്നു ലളിതഗാനം പഠിപ്പിക്കുക എന്ന ഒരു പരിപാടി റേഡിയോ നിലയത്തിൽ ഉണ്ടായിരുന്നു . മാഷ് വരികൾ പാടും കുട്ടികൾ അതു ഏറ്റു പാടും . ഇതു റേഡിയോയിൽ കൂടി കേട്ടു സംഗീതം ഇഷ്ടമുള്ളവർ പലരും അതു പഠിക്കുമായിരുന്നു .
സംഗീതം ഇഷ്ടമുണ്ടായിരുന്ന രാധാമണി അങ്ങനെ ലളിത ഗാനം പഠിക്കുന്ന കുട്ടികളിൽ ഒരാളായി മാറി . ജയദേവൻ മാഷായിരുന്നു അന്നു ലളിതഗാനം പഠിപ്പിച്ചിരുന്നത് . കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആ പരിപാടികൾ ഇല്ലാതായി .
പിന്നീടു ടി ടി സി ട്രെയിനിംഗ് കിട്ടി എറണാകുളത്തേയ്ക്കു പോന്നു കുടുംബവും എല്ലാം ആയ ടീച്ചർ പിന്നെ ഇപ്പോഴാണ് വീണ്ടും റേഡിയോ നിലയത്തിൽ വരുന്നത് .
പഴയ സഹപ്രവർത്തകരെ ആരെയെങ്കിലും കാണാമെന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോഴാണ്
അല്ലാ…… ഇതാ….രു രാധാമണി അല്ലെ എന്നു ചോദ്യവുമായി മുല്ലപ്പൂ ചൂടി മൂക്കുത്തി ഇട്ട രുക്മിണി അടുത്തേയേക്ക് വന്നത് . പ്രായമായതിന്റെ മാറ്റങ്ങൾ രുക്മിണിയിൽ ഉണ്ടെങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല ടീച്ചർക്കു .
പണ്ടു ലളിതഗാനം പഠിക്കാൻ വന്ന കുട്ടികളിൽ ഒരാളായിരുന്നു രുഗ്മിണി . വർഷങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടൽ . സന്തോഷത്തോടെ കുടുംബ വിശേഷങ്ങൾ കൈ മാറുമ്പോൾ പണ്ടു പാട്ടു പഠിപ്പിച്ച ജയദേവൻ മാഷിനെ പറ്റി രാധാമണി ടീച്ചർ തിരക്കിയത് .
നീ ഒന്നും മറന്നിട്ടില്ല അല്ലെ. അന്നു നമ്മൾ ചെറിയ കുട്ടികൾ ആയിരുന്നെങ്കിലും ജയദേവൻ മാഷ് പഠിപ്പിച്ച
ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ
രാധേ ഉറക്കംമായോ…………
എന്ന ലളിത ഗാനം പഠിപ്പിക്കുപ്പോൾ നിന്നെ ഞങ്ങൾ ഒരുപാടു കളിയാക്കിയിട്ടുണ്ട് . നല്ല കുറെ ഓർമ്മകൾ അല്ലെ രുഗ്മിണി അത് .
ശരിയാ . മാഷിന്റെ കാര്യം കഷ്ടമാ രാധാമണി .
എന്തുപറ്റി ?
ജയദേവൻ മാഷേ സ്വന്തക്കാരു എല്ലാം ഉപേക്ഷിച്ചു. ഇപ്പോൾ.ഇവിടെ അടുത്തു പേട്ടയിൽ ഉള്ള ഒരു വ്യദ്ധ സദനത്തിൽ ആണ് ഉള്ളത് . കൊച്ചുമോളുടെ ഒന്നാം പിറന്നാളിനു വ്യദ്ധ സദനത്തിൽ സദ്യ കൊടുക്കാൻ പോയപ്പോൾ കണ്ടിരുന്നു ഞാൻ .
ആണോ .എനിക്കു ഒന്നു കാണണമായിരുന്നു .
അതിനെന്താ പ്രോഗ്രാം കഴിയുമ്പോൾ നമുക്കു പോകാം .
പ്രോഗ്രാം കഴിഞ്ഞു ഓട്ടോ പിടിച്ചു വ്യദ്ധ സദനത്തിൽ എത്തിയപ്പോൾ അനാഥരായ വ്യദ്ധരുടെ കൂട്ടത്തിൽ ജയദേവൻ മാഷിനെ കണ്ടു അവർ . ഓർമ്മകൾ നഷ്ടപ്പെട്ടു തുടങ്ങികൊണ്ടിരുന്ന മാഷിനു ഇവരെ എളുപ്പം തിരിച്ചറിയാൻ പറ്റിയില്ല .
അടുത്തിരുന്നു സംസാരിച്ചപ്പോൾ മാഷ് പണ്ടു പഠിപ്പിച്ച ലളിതഗാനത്തിന്റെ വരികൾ രാധാമണി ടീച്ചർ പാടി .
ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗ സാന്ധ്യയിൽ ……………
പാടിയ ദിവ്യാനുരാഗിലമാം ….
രാസ ക്രീഡാ….. കഥയിലെ നായികെ ……
ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗ സാന്ധ്യയിൽ ……………
ടീച്ചർ ഇതു പാടുമ്പോൾ മാഷിന്റെ മുഖത്ത് ഒരു തെളിച്ചം മിന്നി മറയുന്നതു അവർ കണ്ടു. തിടുക്കത്തിൽ മുറിയിലേയ്ക്കു പോയ മാഷ് തിരികെ വന്നപ്പോൾ സ്വന്തമായി ഇപ്പോൾ കൂടെയുള്ള പഴയ ഒരു ട്രാൻസിസ്റ്റെർ റേഡിയോ കയ്യിൽ ഉണ്ടായിരുന്നു.
ഇപ്പോഴും കൂട്ടായി കൊണ്ടു നടക്കുന്ന റേഡിയോ കുട്ടികൾ കളിപാട്ടം കാണിക്കുന്നതുപോലെ മാഷ് അവരെ കാണിച്ചു . സങ്കടം പുറത്തു കാണിക്കാതെ ടീച്ചറും രുക്മിണിയും മാഷിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു .
ഓർമ്മകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാഷിനോടു യാത്ര പറഞ്ഞു തിരിച്ചുപോരുമ്പോൾ പഴയ ലളിതഗാനത്തിന്റെ വരികൾ രാധാമണി ടീച്ചറിന്റെ മനസിലൂടെ കടന്നു പോയി കൊണ്ടിരുന്നു
ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ ഉറക്കമായോ …..
രാജീവ നയനന്റെ വാർത്തകൾ കേട്ടെന്റെ രാധേ ഉറക്കമായോ , ….
രാധേ ഉറക്കമായോ , …………..
Generated from archived content: story1_feb5_15.html Author: indira_thuravoor