അടുത്തുള്ള അമ്പലതറ ദേവി ക്ഷേത്രത്തില്‍ വെളുപ്പിനെ അഞ്ചു മണിക്കുള്ള ഭക്തി ഗാനം കേട്ടു തുടങ്ങിയിട്ടു കുറച്ചു സമയമായി . നാരായണന്‍ നായര്‍ ഉണര്‍ന്നു കിടക്കുകയാണ് . ഇന്നെത്തുപറ്റി അമ്മുക്കുട്ടിക്കു . അല്ലെങ്കില്‍ ഈ സമയം ആകുമ്പോള്‍ വയ്യെങ്കിലും എഴുനേറ്റുപോയി ചക്കര കാപ്പി കൊണ്ടുവരുന്നതാണല്ലോ .
നെയ്യ് തീര്‍ന്നു എന്നു രണ്ടു ദിവസമായി അമ്മുക്കുട്ടി പറയുന്നു . ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്തുള്ള ചക്കര കാപ്പി . വര്‍ഷങ്ങളായിട്ടുള്ള ശീലമാണ് . അത് അവള്‍ക്കു ശരിക്കും അറിയാം. ചക്കര കാപ്പിയിലാണ് നാരായണന്‍ നായരുടെ ദിവസം തുടങ്ങുന്നത് . ടൌണില്‍ മകന്റെ വീട്ടില്‍ വന്നു താമസം തുടങ്ങിയിട്ടും ആ ശീലം മാറ്റിയിട്ടില്ല .
അമ്മുക്കുട്ടി തിരിഞ്ഞു കിടന്നു നല്ല ഉറക്കം . ഇന്നെത്തെ അഞ്ചു മണി ആയതു അറിഞ്ഞില്ലെ .
അമ്മൂ…. നാരായണന്‍ നായര്‍ വിളിച്ചു .
ഒരു മറുപടിയും ഇല്ല . കൈ നീട്ടി തട്ടി വിളിക്കാന്‍ ശരീരത്തില്‍ തൊട്ടപ്പോള്‍ നാരായണന്‍ നായര്‍ ഞെട്ടിപ്പോയി . തണുത്തിരിക്കുന്നു ശരീരം .
ആകെ വെപ്രളത്തോടുകൂടി എഴുന്നേറ്റു എളുപ്പം ലൈറ്റ് ഇട്ടു . എന്താ പറ്റിയെ അമ്മൂ എന്ന് ചോദിച്ചുകൊണ്ട് നേരെ കിടത്തി . അനക്കം ഇല്ലാതെ കിടന്ന അമ്മുക്കുട്ടിയെ എത്ര ശ്രമിച്ചിട്ടും ഉണര്‍ത്താന്‍ പറ്റിയില്ല .
അയ്യോ എന്റെ അമ്മു അനങ്ങുന്നില്ല .
മുന്‍വശത്തെ വാതില്‍ തുറന്നു നാരായണന്‍ നായര്‍ ബഹളം വയ്ക്കുവാന്‍ തുടങ്ങി . ആരു കേള്‍ക്കാന്‍ അടുത്തടുത്ത വീടുകളില്‍ ഉള്ളവര്‍ ഇതൊന്നും അറിയുന്നില്ല .
ഒച്ച വയ്ക്കാന്‍ കെല്‍പ്പില്ലാതെ ഉമ്മറത്തെ കസേരയില്‍ തളര്‍ന്നു ഇരിക്കുന്ന സമയത്താണ് സൈക്കളില്‍ പത്രവുമായി പയ്യന്‍ വന്നത് . കൈ കാട്ടി വിളിച്ചു അകത്തേയ്ക്ക് കൈ ചൂണ്ടിയിട്ടു പറഞ്ഞു .എന്റെ അമ്മുക്കുട്ടി അനങ്ങുന്നില്ല .
കാര്യം പന്തിയല്ലെന്നു കണ്ട പയ്യന്‍ പോയി സെക്യൂരിറ്റിയെ വിളിച്ചുകൊണ്ടു വന്നു . പിന്നെ കാര്യങ്ങള്‍ എല്ലാം എളുപ്പത്തില്‍ നടന്നു. സെക്യൂരിറ്റി ആര്‍കെക്കെയൊ ഫോണ്‍ ചെയ്തു . താമസിയാതെ ആല്‍ത്തറ റെസിഡന്‍ഷല്‍ അസോസിയേഷന്‍ സെക്രട്ടറിയും മറ്റുള്ളവരും എത്തി . മക്കളുടെ ഫോണ്‍ നമ്പരുള്ള ഡയറി നാരായണന്‍ നായരില്‍ നിന്നു മേടിച്ചു .
മൂന്നു മക്കളും വിദേശത്ത് . എല്ലാവരെയും വിവരം അറിയിച്ചു . മക്കള്‍ എത്തുവാന്‍ രണ്ടു ദിവസം പിടിക്കും . നാട്ടിലുള്ള ബന്ധുക്കളെ വിവിരം അറിയിച്ചു . എല്ലാം എളുപ്പത്തില്‍ നടന്നു . അടുത്തുള്ള വീടുകളില്‍ നിന്നും പലരും വന്നു നോക്കിയിട്ടു തിടുക്കത്തില്‍ തിരിച്ചു പോകുന്നുണ്ടായിരുന്നു . എല്ലാവരും തിരക്കുള്ളവര്‍.
മനസ്സില്‍ ദുഖഭാരവും ഏറി സ്വാന്തനിപ്പിക്കാന്‍ ആരുമില്ലാതെ ഇടയ്ക്കു അകത്തു കിടക്കുന്ന അമ്മുകുട്ടിയെയും നോക്കി നാരായണന്‍ നായര്‍ അനാഥനായി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
സെക്രട്ടറി അടുത്തു വന്നു പറഞ്ഞു.
മക്കള്‍ എത്തുമ്പോള്‍ രണ്ടു ദിവസം ആകും . മോര്‍ച്ചറിലേയ്ക്കു മാറ്റാന്‍ പോകുകയാണ് . നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട് . അവര്‍ ഉടന്‍ എത്തും.
താമസിയാതെ ആംബുലെന്‍സ് വന്നു സ്രെക്ച്ചറില്‍ അമ്മുനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടു മനസിലെ വേദന കണ്ണു നീര്‍ തുള്ളിയായി പുറത്തു വരാതെ നാരായണന്‍ നായര്‍ നോക്കിയിരുന്നു.
ഞാന്‍ ഒന്നു പോയി ഫ്രഷ് ആയിട്ടു വരാം എന്നു പറഞ്ഞു സെക്രട്ടറി പോയി . വീട്ടില്‍ നാരായണന്‍ നായരും പത്രക്കാരനും സെക്യൂരിറ്റിയും മാത്രമായി .
അമ്മച്ചിടെ ഒരു ഫോട്ടോ തരാമോ . നാളത്തെ പത്രത്തില്‍ കൊടുക്കാം.
പത്രക്കാരനു വേണ്ടി അകത്തെ മേശയില്‍ നിന്നു കഴിഞ്ഞ വര്‍ഷം ഇളയ മകന്‍ വന്നപ്പോള്‍ കൊച്ചുമോന്റെ ചോറുണിനു എടുത്ത ഫോട്ടോ കൊടുത്തിട്ടു അതില്‍ അമ്മുവിനെ തൊട്ടു കാണിച്ചു നാരായണന്‍ നായര്‍ .
പതിവുപോലെ പാല്‍ക്കരന്‍ എത്തി . പാലിന്റെ കൂട്ടത്തില്‍ അമ്മുക്കുട്ടിയമ്മ പറഞ്ഞു ഏല്‍പ്പിച്ചിരുന്ന നാടന്‍ നെയ്യ് നിറച്ചുള്ള കുപ്പിയും ഉണ്ടായിരുന്നു . പാലും നെയ്യുമായി പാല്‍ക്കാരന്‍ തിരിച്ചു പോയപ്പോള്‍ അമ്മുക്കുട്ടി തരുന്നു ചക്കര കാപ്പി കുടിക്കാത്ത ദിവസങ്ങളുടെ തുടക്കമായിരുന്നു അത് .
ദുഃഖങ്ങള്‍ മനസില്‍ വച്ചു പങ്കിടാന്‍ ആരുമില്ലാതെ നാരായണന്‍ നായര്‍ വീണ്ടും അമ്മുക്കുട്ടിടെ മുഖം ഒന്നു കൂടെ കാണാന്‍ കാത്തിരിപ്പു തുടങ്ങി .
Generated from archived content: story1_apr9_14.html Author: indira_thuravoor