സൗഹൃദം

പറയാതെ വന്നു പറയാതെ പോകുന്ന മഴപോലെയാണു സൗഹൃദം.

ഒരു വലിയ പൂക്കാലമായ് പൂമണമായ് വന്നു ഋതുക്കള്‍ മാറുമ്പോലെ ഒരു പൂമൊട്ടുപോലും ബാക്കി വയ്ക്കാതെ വേലിയിറക്കതിരമാലപോലെ ആഴക്കടലില്‍ അലിഞ്ഞുചേര്‍ന്ന് ഓര്‍മ്മകള്‍‍ക്കുമീതെ മന:പൂവ്വം മറവിയുടെ കുപ്പായം ധരിച്ചു പോകുന്നവര്‍.

ജീവിതവും സൗഹൃദവും ഒരു ഗെയിം ഷോയാണ്. ഒരു ഒറ്റയാള്‍പോരാട്ടം.

കാലം തെറ്റി സമയം തെറ്റി കാര്‍മുകില്‍ ഇല്ലാത്ത നീലാകാശത്തുനിന്നും തെന്നി വീണ വേനല്‍ മഴ പോലെ വഴിതെറ്റിവന്നവന്.

ഒരു മഴപെയ്ത സായാഹ്നത്തിലാണ് ഞാന്‍ അവനെ ആദ്യമായ് കണ്ടത്. താമസിക്കാതെ എന്റെ പ്രിയ സുഹൃത്തിന്റെ സിംഹാസനത്തില്‍ അവന്‍ കയറിയിരുന്നു.

സ്നേഹവും സഹതാപവും പ്രണയവും സൂക്ഷിക്കുന്ന ഒരു മനസ്സായിരുന്നു ഞാന്‍ തേടിയത്.

സൗഹൃദങ്ങള്‍ ആഴത്തില്‍ ആകുമ്പോള്‍ മാത്രമേ മുത്തും ചിപ്പിയും കല്ലും മുള്ളും കാണാന്‍ കഴിയൂ.

മഴത്തുള്ളികള്‍ കടലിനടിയിലേക്ക് ഊളിയിട്ടിറങ്ങുമോ? ലക്ഷ്യബോധത്തോടെ പെയ്തിറങ്ങുന്ന ഒരു മഴക്ക് സാധിക്കും. അതുപോലെ സൗഹൃദത്തിനും.

ഞാന്‍ ആരെയും മറക്കാറില്ല. നേരില്‍ കാണണമെന്നോ ഒരുമിച്ച് ഇരിക്കണമെന്നോ ആഗ്രഹമില്ല. പക്ഷെ തുറന്നു സംസാരിക്കുക, തിരക്കിനിടയില്‍ ഒരു നിമിഷം ഓര്‍ക്കാന്‍ ശ്രമിക്കുക.

വിളിപ്പുറത്ത് വാക്കുകളുടെ ശബ്ദത്തില്‍ ആശ്വാസവും വിശ്വാസവും ആകണം. കാലവര്‍ഷം പോലെ പെയ്തിറങ്ങിയ സ്വാര്‍ഥതയില്ലാത്ത സ്നേഹമാകണം.

മലര്‍ക്കെ തുറന്നിട്ട് ജാലകത്തിനരുകില്‍ ഞാന്‍ കാത്തിരുന്നു. സംബോധന കണ്ടെത്തും മുന്‍പേ മനസ്സില്‍ പതിഞ്ഞ സുഹൃത്തിനെ എന്തു വിളിക്കണമെന്ന് കാലം കാണിച്ചു തരട്ടെ.

Generated from archived content: essya1_sep17_11.html Author: indira_thuravoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here