ആരാണിങ്ങനെയിരിക്കുന്നതെന്നോർത്തു ചെന്നു
വിളിച്ചുവെന്നാലൊന്നും മിണ്ടിയില്ലനങ്ങീല.
മിടിപ്പുനോക്കി ജീവൻ തുടിക്കുന്നുണ്ടെന്നാകിൽ
മിണ്ടാതിങ്ങനെയിരിക്കുന്നതെന്തിനാണാവോ?
അന്നേരം മകൻ പുറത്തേക്കുടൻ വന്നുചൊല്ലി
അച്ഛനാണെന്റെ,യിതിൻ കാരണം പറഞ്ഞിടാം.
കരത്തിൽ വെളളക്കരം ഭൂമിതൻ കരം പിന്നെ
പാർപ്പതിൻകരം വേറെയടച്ചു തളർന്നച്ഛൻ,
ഇത്തിരിനേരം കിടക്കട്ടെ ഞാനെന്നുചൊല്ലി
കിടന്നു മയങ്ങിയനേരം ഞാൻ വിളിച്ചുപോയ്.
അച്ഛാ! ബില്ലുകൾ രണ്ടും വന്നിട്ടുണ്ടല്ലോ ടെലി-
ഫോണിന്റെ ബില്ലും പിന്നെയിലക്‌ട്രിസിറ്റിബില്ലും
കേട്ടുടൻ പിടഞ്ഞെഴുന്നേറ്റച്ഛൻ നോക്കി ബില്ലും
ഇരുന്നയിരിപ്പിതു മിണ്ടിയില്ലിതേവരെ.
ഇനി നാളെയോ സംസാരത്തിന്റെ ബില്ലും വന്നാൽ
പരിശീലനം ചെയ്തു നോക്കുന്നതാണോ അച്ഛൻ?
ആ മകൻ തന്റെയൂഹം ശരിയല്ലെന്നു പറ-
ഞ്ഞീടുവാനായീടാതെ നടന്നു വഴിപോക്കൻ.
Generated from archived content: practise.html Author: indira_narayanan