മുഖങ്ങൾ

കൈത്തലം കൊണ്ട്‌ ബാഗ്‌ ഒതുക്കിപ്പിടിച്ച്‌ വഴിയുടെ ഓരം ചേർന്ന്‌ നടന്നു. വഴിയോരത്തുകൂടി ഒപ്പം നടക്കുന്നവരും എതിരെ വരുന്നവരുമെല്ലാം പരിചിതർ. പക്ഷെ എന്റെ പുഞ്ചിരിക്ക്‌ മറുപടിമാത്രം ഒരിടത്തും കണ്ടെത്താനായില്ല. അതിന്റെ കാരണങ്ങൾ തിരിഞ്ഞുപിടിക്കാൻ പോയാൽ മിഴികൾ നിറഞ്ഞു തുളുമ്പുമെന്നതിനാൽ ഉറഞ്ഞുകൂടിയ വിഷമത്തെ ഒരു ദീർഘനിശ്വാസത്തിലൊതുക്കി യാത്രയ്‌ക്കിടയിൽ കടന്നുപോകുന്ന വഴികളുടെ ഓരത്തെ ഓരോമുഖങ്ങൾ.

ഒന്ന്‌ മറ്റൊന്നിനോട്‌ പൊരുത്തമില്ലാത്തത്‌. ചിണുങ്ങുന്ന കുട്ടിയുടെ മുഖം. ശകാരിക്കുന്ന അമ്മയുടെ മുഖം. ഗൗരവം വിടാതെ നിൽക്കുന്ന ചില മുതിർന്ന ആളുകൾ, ചുണ്ടിനിടയിലൊളിപ്പിച്ചുവെച്ച ശൃംഗാരച്ചിരിയുമായി നിൽക്കുന്ന പയ്യന്മാർ, കടക്കൺമുനകൊണ്ട്‌ തന്നെ ആരെങ്കിലും നോക്കുന്നുണ്ടോയെന്ന്‌ ചുറ്റും പരതുന്ന സുന്ദരിമണികൾ. ഇങ്ങനെയെത്രയെത്ര മുഖങ്ങൾ. ചിലയിടത്തൊക്കെ ചതിയുടെ നിഗൂഢതയും പേറി നിൽക്കുന്നവർ. സൗഹൃദത്തിന്റെ മരത്തണലിൽ പ്രണയത്തിന്റെ നിഴൽചാർത്തുന്ന മുഖങ്ങൾ, സൗഹൃദത്തിന്റെ മനം മയക്കുന്ന ചിരികളും തമാശകളും പടരുന്ന മുഖങ്ങളിലെയിടെയോ അസഹ്യതയുടെയും അസൂയയുടെയും പരിഹാസത്തിന്റെയും ഭാവങ്ങൾ മിന്നിമറയുന്നു. ക്ലാസ്‌ മുറിയിലെ നിശ്ശബ്‌ദതയിൽ തലച്ചോറിൽ തിരുകിക്കയറ്റിയ വാക്കുകളെടുത്ത്‌ അഴിച്ചുപണി നടത്തുന്ന അദ്ധ്യാപകരുടെ മുഖങ്ങൾ, ഏകാന്തതയുടെ മണം മുറ്റിനിൽക്കുന്ന ലൈബ്രറിയിലെ അലമാരകളിൽ കവർപേജാകുന്ന മുഖം നഷ്‌ടപ്പെട്ട പഴഞ്ചൻ പുസ്‌തകങ്ങൾ അവ പരസ്‌പരം തങ്ങളുടെ വൃഥകൾ പറഞ്ഞ്‌ ഹൃദ്യമാകുന്ന താളുകൾ പൊടിഞ്ഞ്‌ മരിക്കുകയാണെന്ന്‌ തോന്നി.

നഗരവീഥിയുടെ ഓരം ചേർന്ന്‌ നടന്നപ്പോൾ മുഖം താഴ്‌ത്തിനടക്കണമെന്ന്‌ തോന്നി. മറ്റുമുഖങ്ങളെ നേരിടാൻ വയ്യ. ആവർത്തനങ്ങളുടെയും മെനഞ്ഞെടുത്ത പുഞ്ചിരികളുടെയും വെറുപ്പിന്റെയും അധരവിന്യാസങ്ങളുടെയും തുളച്ചുകയറുന്ന നോട്ടങ്ങളുടെയും ഹൃദയവികാരങ്ങൾക്ക്‌ അടിമപ്പെടാൻ വയ്യ. നഗരത്തിലങ്ങോളമിങ്ങോളം ഓരോ മുഖത്തും തിരക്കുപിടിച്ച ജീവിതത്തിന്റെ വേവലാതികൾ നിഴലിക്കുന്നു. പണ്ട്‌ സ്‌നേഹത്തിന്റെ നിറം ചാർത്തിയ മുഖങ്ങൾ ഇന്ന്‌ ഓടിയൊളിക്കലിന്റെ വൈകാരികതയിൽ ഇഴുകിച്ചേർന്നിരിക്കുന്നു.

വൈകുന്നേരം പുസ്‌തകത്തിനുള്ളിലേക്ക്‌ കണ്ണ്‌ ചൂഴ്‌ന്നിറക്കി എന്തൊക്കെയോ അരിച്ചുപെറുക്കിക്കൊണ്ടിരുന്നപ്പോൾ…. ഫോൺ …. മറുവശത്ത്‌ സഹപാഠി; ‘നിന്റെ സഹായമെനിക്കു വേണം. എന്റെ മുഖമൊന്നു രക്ഷിക്കാനാ നീയെഴുതിയ സെമിനാർ പേപ്പർ നാളെ എനിക്ക്‌ എഴുതാൻ തരണം. പ്ലീസ്‌’ ശരിയെന്നുപറഞ്ഞു. മറുവശത്ത്‌ നിസ്സാഹയതമുറ്റുന്നമുഖമാകുമോ അതോ മറ്റുള്ളവരുടെ കഷ്‌ടപ്പാടിൽ വിരിയുന്ന നേട്ടങ്ങളുടെ പങ്കുപറ്റുന്നതിലുള്ള സന്തോഷം സ്‌ഫുരിക്കുന്ന മുഖമോ.

ഡയറിയുടെ താളുകൾ മറിച്ചു. എന്തെഴുതാനാണ്‌ ആവർത്തനത്തിന്റെ വിരസത കൈവിരലുകളിൽ കഴപ്പായി മാറി. ‘മുഖം’ എന്ന്‌ വലുതായി എഴുതി ഡയറി അടച്ചു വെച്ചു. ലൈറ്റണച്ചുകിടന്നപ്പോൾ പുതപ്പുകൊണ്ട്‌ മുഖം മറയ്‌ക്കാൻ ഞാൻ മറന്നില്ല.

Generated from archived content: story1_jan1_09.html Author: indhu_r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here