‘പരട്ടപ്പാണ്ടി’യുടെ കാണാപ്പുറങ്ങൾ

‘ഹലോ’

‘ഹലോ’

“എടാ, പരട്ടപ്പാണ്ടി, രണ്ടുദിവസമായി ഞാൻ വെളിയിലേക്ക്‌ ഇറങ്ങിയിട്ടില്ലാ എന്ന വിവരം നിനക്ക്‌ അറിയില്ലേടാ? അണ്ടർവെയർ ഇസ്‌തിരിയിട്ട്‌ തരാമെന്ന്‌ പറഞ്ഞിട്ട്‌….”

ഇത്‌ അബ്‌ദുൾ ലത്തീഫ്‌ പതിയാങ്കരയുടെ പരട്ടപ്പാണ്ടി എന്ന കഥാസമാഹാരത്തിലെ ഒരു കഥയുടെ ഭാഗമാണ്‌.

ഇല്ലാത്തതിനെ ഉണ്ടാക്കുന്നതിനേക്കാളും ഉള്ളതിനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നതാണ്‌ ഏറ്റവും ആഭികാമ്യം. ‘പരട്ടപ്പാണ്ടി’ അതിന്‌ ഏറ്റവും വലിയ തെളിവ്‌ ഈ പുസ്‌തകത്തിൽ നാല്‌പതു കഥകൾ. പലതും കൊച്ചു കൊച്ചു കഥകൾ. പക്ഷെ, എല്ലാം കാലിക പ്രാധാന്യമുള്ള, കലർപ്പില്ലാത്ത കയ്യിന്റെ അനുഭവസാക്ഷ്യങ്ങൾ. 31-​‍ാമത്‌ ചേർത്തിരിക്കുന്ന ‘പരട്ടപ്പാണ്ടി’ ഏറ്റവും വലിയ ദൃഷ്‌ടാന്തം.

ഈ കഥ തെല്ലൊന്നുമല്ല അല്‌പന്മാരായ കേരളീയരെ കളിയാക്കുന്നത്‌ എന്തിനു ഏതിനും അന്യ നാട്ടുകാരനെ ആശ്രയിക്കുന്ന – ഉണ്ണാനും, ഉടുക്കാനും മാത്രമല്ല കയറിക്കിടക്കാൻ കൂരവരെ നിർമ്മിക്കാൻ – നമ്മുടെ ആശ്രയത്വം ലജ്ജാവഹം തന്നെ. ഈ കഥയ്‌ക്ക്‌ മറ്റൊരുതലം കൂടിയുണ്ട്‌. അത്‌ രാജാവും പ്രജയും തമ്മിലുള്ള ബന്ധമാണ്‌. ഇവിടെ അദ്ധ്വാനിക്കുന്നവനാണ്‌ എന്നും രാജാവ്‌ അതിന്റെ ഫലം അനുഭവിക്കുന്നവൻ എന്നും പ്രജതന്നെയാണ്‌ – അവൻ രാജാവെന്ന്‌ സ്വയം കരുതുന്നുണ്ടെങ്കിലും.

ഈ സമാഹാരത്തിലെ എല്ലാ കഥകളും മുളളുകളാണ്‌. പക്ഷെ, അത്‌ ഹൃദയദ്രവീകരണത്തിന്റെ കവിതകൂടിയാണ്‌. മുള്ളിനെ പൂവാക്കുന്ന രചനാവൈധദ്ധ്യം ഈ കഥാകാരന്‌ സ്വന്തം.

യാചകന്റെ നേർക്ക്‌ കുരയ്‌ക്കുന്ന യജമാനനെ ശാന്തനാക്കാൻ ശ്രമിക്കുന്ന നായ, മാര്യേജിന്‌ മുൻപ്‌ ‘ക്യാരി’ ചെയ്യാതിരിക്കാൻ മകൾക്ക്‌ പാക്കറ്റ്‌ നൽകുന്ന മമ്മി, മമ്മി പറയാതെ തന്നെ അതറിയാമെന്ന്‌ തുറന്നടിക്കുന്ന മകൾ, നേതാവിന്റെ കഴുത്തിന്‌ കുത്തിപ്പടിക്കുന്ന മൈക്ക്‌. പടർന്ന്‌ പന്തലിക്കുവാൻ തുടങ്ങുന്ന യുവതയെ ‘ബോൺസായ്‌’ ആക്കിമാറ്റുന്നതിലെ ധാർഷ്‌ട്യം, ഇങ്ങനെ എത്രയെത്ര യാഥാർത്ഥ്യങ്ങളാണ്‌ അബ്‌ദുൽ ലത്തീഫ്‌ ഈ കഥാസമാഹാരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

‘സ്‌പോൺസേർഡ്‌ ബൈ’, ശവസംസ്‌കാരവും സ്‌പോൺസർ ചെയ്യുന്ന സ്‌പോൺസേർഡ്‌ സംസ്‌കാരത്തിന്റെ കഥയാണ്‌. ‘കണക്ക്‌ പുസ്‌തകം’ കാശുകൊണ്ട്‌ എന്തും നേടാമെന്ന്‌ വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന സമൂഹത്തിലെ ഭോഷ്‌കൻമാരുടെ കഥപറഞ്ഞുതരുന്നു. പ്രഭാതത്തിൽ തുടങ്ങി പ്രദോഷത്തിൽ അവസാനിക്കുന്ന ‘ചിറകുള്ളരഥം’ ജീവിതത്തിന്റെ നിസ്സഹായതയെ സൂചിപ്പിക്കുന്ന കാമ്പും കഴമ്പുമുള്ള കഥ.

‘ഇത്രയും വേണോ’ എന്ന്‌ ആദ്യം ചിന്തിപ്പിക്കുകയും ‘ഇത്രയും പോരാ’ എന്ന മട്ടിൽ എല്ലാവായനക്കാരേയും മാറ്റിയെടുക്കുകയും ചെയ്യുന്ന വിഷയസ്വീകരണവും പ്രതിപാദനവും ‘ഇത്രയും വേണം’ എന്ന തീരുമാനത്തിൽ എത്തിച്ചേരാൻ തീർച്ചയായും പര്യാപ്‌തമാണ്‌. അനന്യസാധാരണമായ ആത്‌മബലത്തിന്റെ പ്രതികരണശേഷി എല്ലാ കഥകളുടെയും ശില്‌പചാതുരി വർദ്ധിപ്പിക്കുന്നു.

ഈ സമാഹാരത്തിലെ മിക്കകഥകളും സമൂഹത്തിന്റെ ദുഷിച്ച്‌ നാറിയ പ്രവണതകളെ നർമ്മത്തിന്റെ മേമ്പൊടി വിതറി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. ‘പരട്ടപ്പാണ്ടിയിലൂടെ അബ്‌ദുൽലത്തീഫ്‌ മലയാളകഥാലോകത്ത്‌ തന്റേതായ ഒരു ഇരിപ്പിടം ഉറപ്പിച്ച്‌ കഴിഞ്ഞിരിക്കുന്നുവെന്ന്‌ നമുക്ക്‌ നിസ്സംശയം പറയാം.

Generated from archived content: book1_oct26_09.html Author: ilyas_parippilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here