തോപ്പിൽ സോമന്‌ സ്‌നേഹപൂർവ്വം

‘അസുഖകരമായ ചിന്തയ്‌ക്ക്‌ സുഖകരമായ മറുപടി’ വായിച്ചു. ആദ്യമെ പറയട്ടെ, ‘നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി’ എന്ന നാടകത്തിന്റെ പ്രസക്തി ഞാൻ ചോദ്യം ചെയ്‌തിട്ടില്ല. ആ നാടകംപോലെ, ഒട്ടേറെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വിപ്ലവകാരികൾ പോർനിലങ്ങളിൽ ചീന്തിയ ചോരയുടെ സൃഷ്‌ടികൂടിയാണ്‌ അൻപത്തിയേഴിലെ സർക്കാരെന്ന്‌ ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.

രണ്ടുകാര്യങ്ങൾ പറയാനായിരുന്നു ശ്രമം. ഒന്ന്‌ഃ വ്യക്തിനിഷ്‌ഠ ഇച്ഛകളല്ല ചരിത്രനിർമ്മിതിക്ക്‌ നിമിത്തമാവുന്നത്‌. രണ്ട്‌ഃ വിപ്ലവകാരികളുടെ കുടുംബങ്ങൾ അവർക്കുശേഷം അവരോടുപോലും നീതി പുലർത്തുന്നില്ല.

വ്യക്തിനിഷ്‌ഠ ഇച്ഛകളല്ലല്ലോ ചരിത്രസൃഷ്‌ടിക്ക്‌ നിമിത്തമാകുന്നത്‌ എന്ന എന്റെ പ്രസ്താവം എന്നെ പരിഹസിക്കാനായി സോമൻ ഉപയോഗിക്കുന്നു. തുടർന്ന്‌ ചിന്തയുടെ ഉറവിടം തലച്ചോറാണെന്ന്‌ എന്നെ പഠിപ്പിക്കാനെന്നവണ്ണം അദ്ദേഹം അറിയിക്കുന്നു. അങ്ങനെ പറയാനുളള അവകാശം അദ്ദേഹത്തിനുണ്ട്‌. എന്നാൽ ഒരു മാർക്‌സിസ്‌റ്റിന്‌ ‘ചിന്തിക്കാനുളള ഉപകരണമാണ്‌ തലച്ചോറ്‌. ഉറവിടമാകട്ടെ പ്രകൃതിയും.’

മനുഷ്യരുടെ ബോധമല്ല അവരുടെ അസ്‌തിത്വത്തെ നിർണ്ണയിക്കുന്നത്‌, നേരെമറിച്ച്‌ അവരുടെ സാമൂഹ്യമായ അസ്‌തിത്വം അവരുടെ ബോധത്തെ നിർണ്ണയിക്കുകയാണ്‌ എന്ന കാറൽ മാർക്‌സിന്റെ വാക്കുകൾ സന്മനസ്സുളളവർക്ക്‌ ശ്രദ്ധിക്കാം. വ്യക്തികളല്ല ചരിത്രം സൃഷ്‌ടിക്കുന്നത്‌. വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളിൽ അനിവാര്യമായിത്തീർന്ന പരിവർത്തനങ്ങളെ സഹായിക്കുകയും ത്വരിതപ്പെടുത്തുകയുമാണ്‌ വ്യക്തികൾ (മഹാത്മാക്കൾ) ചെയ്യുന്നത്‌ എന്ന്‌ ഇ.എം.എസ്‌ വിശദീകരിക്കുന്നു. വസ്‌തുനിഷ്‌ഠസാഹചര്യങ്ങളാണ്‌ ഒരു ആശയത്തിന്‌ ജന്മം നൽകുന്നതെന്നർത്ഥം. ആദ്യം പദാർത്ഥം (വസ്‌തു) പിറകേ ആശയം (ഉദാഃ കേസ്‌ ജയിക്കും. വക്കീലിന്റെ ഇച്ഛ. ഇങ്ങനെയൊരു ഇച്ഛയിലേക്ക്‌ വക്കീലിനെ നയിക്കുന്ന ഘടകങ്ങളുണ്ട്‌. കേസ്‌, നിയമം, സാക്ഷി, സാഹചര്യം. പോരാ, ഇച്ഛ സഫലമാവണമെങ്കിലോ കോടതി, ജഡ്‌ജി, വക്കീൽ, ഗുമസ്‌തൻ, കാലാവസ്ഥ (മഴ കാരണം പ്രധാന സാക്ഷിക്ക്‌ വരാതിരിക്കാമല്ലോ) തുടങ്ങിയവയൊക്കെ വേണം. മാർക്‌സിസത്തിന്റെ ഈ ബാലപാഠം അറിഞ്ഞിട്ടുപോരേ പരിഹാസം!

കാറൽമാർക്‌സിന്റെ തലച്ചോറിലുണ്ടായ ഉൾവിളിയല്ല കമ്മ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സാക്ഷാത്‌കാരം ഗാന്ധിജിയുടെ അഹിംസയിലോ മറ്റൊരാളിന്റെ ഹിംസയിലോ അല്ല നിർണ്ണയിക്കപ്പെട്ടത്‌.

ഒരു യഥാർത്ഥ വിപ്ലവകാരി മനുഷ്യസ്‌നേഹത്താൽ നയിക്കപ്പെടുന്നവനാണ്‌. മഹത്തായൊരു ജീവിതത്തിന്റെ ആദർശപ്പൊലിമ അവർ നെഞ്ചോട്‌ ചേർത്തുപിടിക്കും. അതുകൊണ്ടാണ്‌ ഭാസിയും കാമ്പിശ്ശേരിയും പെൻഷൻ വേണ്ടെന്നുവച്ചത്‌. സി.എം.സ്‌റ്റീഫന്റെ കഥ പറയുന്നുണ്ട്‌ സോമൻ. അങ്ങനെയെങ്കിൽ സ്‌റ്റീഫനുശേഷം അവർക്കത്‌ വാങ്ങാമായിരുന്നു. വാങ്ങിയില്ലല്ലോ? “രാഷ്‌ട്രീയനേതാക്കളാരും തന്നെ ആദർശനിഷ്‌ഠ കാണിക്കുന്നില്ലെന്ന്‌ ഇപ്പോൾ ബോദ്ധ്യമുളളതുകൊണ്ട്‌ തികച്ചും അർഹമായ സാമ്പത്തികാനുകൂല്യം സ്വീകരിക്കാതിരുന്നത്‌ മണ്ടൻ ആദർശമായിപ്പോയെന്ന്‌ ഇപ്പോൾ തോന്നാറുണ്ട്‌.” (ഒളിവിലെ ഓർമ്മകൾക്കുശേഷം പേജ്‌ 342) എന്നെ ഓർമ്മപ്പെടുത്താനായി ഭാസിയുടെ വരികൾ സോമൻ ഉദ്ധരിക്കുന്നു. (രാഷ്‌ട്രീയനേതാക്കളാരുംതന്നെ ഇപ്പോൾ ആദർശനിഷ്‌ഠയുളളവരല്ലെന്ന ഭാസിയുടെ ആ അതിരുകടന്ന ബോധ്യപ്പെടൽ ശരിയോ തെറ്റോ എന്ന്‌ രാഷ്‌ട്രീയക്കാർ തീരുമാനിക്കട്ടെ.) ഈ വാചകം നമ്മെ പഠിപ്പിക്കുന്നതെന്താണ്‌? താമ്രപത്രമോ പെൻഷനോ എന്തുമാകട്ടെ, അത്‌ വാങ്ങാതിരിക്കാൻ ഭാസിയേയും കാമ്പിശ്ശേരിയേയും പ്രേരിപ്പിച്ച ഘടകം ഒരു ‘കമ്മ്യൂണിസ്‌റ്റുകാരന്റെ ആദർശനിഷ്‌ഠ’യായിരുന്നു എന്നല്ലേ? ആണെന്ന്‌ ആ വാചകം അടിവരയിടുന്നു.

അതായിരുന്നില്ല കാരണമെന്ന്‌ സ്ഥാപിക്കാൻ സോമൻ സാഹസപ്പെടുമ്പോൾ വ്യക്തമാകുന്നത്‌ എന്താണ്‌? ഭാസിയും കാമ്പിശ്ശേരിയും ആദർശനിഷ്‌ഠയുളളവരായിരുന്നില്ല എന്ന്‌. ജീവിക്കാൻ മാർഗ്ഗമുളളതുകൊണ്ട്‌ (പേനയുളളതുകൊണ്ട്‌ വാങ്ങിയില്ലെന്ന്‌ പറയുന്നതിന്റെ അർത്ഥം അതാണല്ലോ) ഭാസി അതുവാങ്ങിയില്ലെന്ന്‌ പറയുമ്പോഴും കമ്മ്യൂണിസ്‌റ്റുകാരന്റെ ആദർശനിഷ്‌ഠയെ സോമൻ തളളിപ്പറയുകയാണല്ലോ. അച്‌ഛനെ കൊമ്പത്ത്‌ കയറ്റിയ മകൻ എത്ര വേഗമാണ്‌ ആ ബിംബം ഉടയ്‌ക്കുന്നത്‌! എന്നെ പരിഹസിക്കാനും, വാങ്ങിയതിന്‌ സാധൂകരണം കണ്ടെത്താനുമുളള വ്യഗ്രതയിൽ സോമൻ ചെളിക്കുണ്ടിൽ വീഴുന്നു! സോമൻ എന്റെ ശിരസ്സിൽ തിരുകുന്ന ശകാരപൊൻതൂവലുകൾ നോക്കുകഃ രോഗി, പൈതൃകം ഇല്ലാത്തവൻ, വിവരദോഷി, അല്‌പൻ-അമ്പമ്പോ ഞാൻ തോറ്റിരിക്കുന്നു. സുഹൃത്തേ, ഇതൊക്കെ അല്‌പസ്വല്‌പം എന്നിലുണ്ട്‌. മനുഷ്യനല്ലേ? (ഈ വിശേഷണങ്ങൾ ആർക്കാണ്‌ കൂടുതൽ യോജിക്കുകയെന്ന്‌ ‘അസുഖകരമായ ചിന്തയും’ ‘സുഖകരമായ മറുപടിയും’ ആസ്വദിച്ച്‌ വായനക്കാർ തീരുമാനിക്കട്ടെ.)

ഒന്നുമാത്രം എനിക്ക്‌ മനസ്സിലായില്ല; ‘രാഷ്‌ട്രീയ മേലാളന്മാരുടെ മുന്നിലുളള രവീന്ദ്രന്റെ ആ ഓച്ഛാനിച്ചുനില്‌പ്‌’ എന്ന പ്രയോഗം. പ്രിയസുഹൃത്തേ, ഒരിക്കൽപോലും നമ്മൾതമ്മിൽ സംസാരിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഇങ്ങനെയൊരു ബിരുദാനന്തരബിരുദം താങ്കൾ എനിക്ക്‌ അനുവദിച്ചുതരരുത്‌ പ്ലീസ്‌! കാരണം എനിക്ക്‌ ഒട്ടും വശമില്ലാത്ത ഒന്നാണത്‌. ഉണ്ടായിരുന്നെങ്കിൽ-പൈതൃകത്തെ ഓർക്കുകയും ഊറ്റം കൊളളുകയും ചെയ്യുന്നതിനൊപ്പം അതു കാത്തുസൂക്ഷിക്കുവാനും നമുക്ക്‌ കടമയുണ്ട്‌.

ഇപ്പോൾതന്നെ നീണ്ടുപോയ ഈ കുറിപ്പ്‌ നിർത്തട്ടെ. എനിക്ക്‌ സംവാദം അറിയാനും അറിയിക്കാനും വേണ്ടിയാണ്‌. സോമന്റെ നമ്പ്യാരോളം പോന്ന ഫലിതപരിഹാസങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചു. നല്ല വൈദ്യന്റെ മകൻ നല്ല വൈദ്യനായിരിക്കുമെന്ന ശാഠ്യം നല്ലതാണോ എന്ന്‌ സോമൻ സദയം ആലോചിക്കട്ടെ.

(കടപ്പാട്‌ ഃ ഉൺമ മാഗസിൻ)

Generated from archived content: essay2_july6_05.html Author: ilappakkulam_raveendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here