തലമുറകളുടെ വിടവ്‌

മുപ്പത്തിനാലു വയസുകഴിഞ്ഞിട്ടും എന്റെ മകൾ കല്യാണത്തെപ്പറ്റി ചിന്തിക്കുന്നില്ല. അത്ഭുതം തന്നെ. പുര നിറഞ്ഞാൽ പെണ്ണു പിഴയ്‌ക്കുമെന്ന പ്രമാണത്തെ അവൾ കാറ്റിൽ പറത്തിയിരിക്കുന്നു.

അവളുടെ അമ്മയെ ഞാൻ കെട്ടിയത്‌ ഇരുപത്തിനാലു വയസുളളപ്പോഴാണ്‌. എനിക്ക്‌ ഇരുപത്താറും. അതൊരനുഭൂതി തന്നെയായിരുന്നു. ഇന്നോ? കാലം മാറി. ഡേറ്റിംങ്ങ്‌ കഴിഞ്ഞ്‌ അഞ്ചാറുവർഷം കഴിഞ്ഞ്‌, ഒടിഞ്ഞ ചേമ്പിൻതാളു പോലെയാകുമ്പോഴാണ്‌ കല്യാണം. ആർക്കറിയാം അതിന്റെയൊക്കെ ഒരു ഗുട്ടൻസ്‌.

ഇതൊക്കെ കണ്ട്‌ കുഴഞ്ഞ മാതാപിതാക്കൾ, നെടുവീർപ്പോടെ പറയും.

“ലെറ്റ്‌ ദെം എൻജോയ്‌”

അങ്ങനെ ഇരിക്കവേ, ഒരിക്കൽ എന്റെ മകളെന്നെ സമീപിച്ചു സാകൂതം പറഞ്ഞു.

“ഡാഡി, ഞാൻ കല്യാണം കഴിക്കാൻ പോകുകാ.”

“ചെറുക്കനെ ഞങ്ങൾ കണ്ടിട്ടില്ലല്ലോ.”

“കാണിക്കാം.”

“പക്ഷേ, മകളെ, നീ നാട്ടിൽ നിന്നൊരു ചെറുക്കനെ കല്യാണം കഴിച്ചു കാണാനാണ്‌ ഞങ്ങൾക്കാഗ്രഹം.”

“നാട്ടിൽനിന്നോ?”

“അതെ.”

“ഡാഡി തന്നെ അല്ലേ പറഞ്ഞിട്ടുളളത്‌ പെണ്ണിനു പ്രായം കൂടിയാൽ, അവിടെ ചെറുക്കനെ കിട്ടാൻ പ്രയാസമാണെന്ന്‌.”

“മോളെ അക്കാലം കഴിഞ്ഞു. നാടിന്റെ പുരോഗതി നിനക്കറിയില്ല, നിന്നെഴുന്നേറ്റ പോലല്ലേ, പരിഷ്‌കാരം മാറിവരുന്നത്‌. അമേരിക്കയിലെ പെണ്ണെന്നു പറഞ്ഞാൽ ഇപ്പം പ്രായം നോട്ടമൊന്നുമില്ല.”

“ഞാൻ നാടിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്‌.”

“എന്ത്‌?”

“പത്രങ്ങളിലെ വാർത്തകൾ, പെണ്ണിനെ തീവെച്ചു കൊന്നു, സ്‌റ്റൗ പൊട്ടിച്ചുകൊന്നു, വിഷം കൊടുത്തു കൊന്നു, കൊന്നു കെട്ടിത്തൂക്കി എന്നൊക്കെ.”

“ചുരുക്കം ചിലവ എവിടെയും സംഭവിക്കാം.”

“ഈ രാജ്യത്താണെങ്കിൽ ആണിനും പെണ്ണിനും ഇഷ്‌ടമില്ലെങ്കിൽ ആരും കൊല്ലാനും തല്ലാനും നിൽക്കുന്നില്ല. വേർപിരിയാം. എത്ര പ്രാവശ്യം വേണമെങ്കിലും വീണ്ടും വീണ്ടും കല്യാണം കഴിക്കാം.”

“മൃഗങ്ങളെപ്പോലെ അല്ലേ? പക്ഷേ, മൃഗങ്ങൾക്കുളള കൂർമ്മബുദ്ധിയില്ല. മനഃപൂർവ്വം ആരെയും കൊല്ലാറുമില്ല.”

“എന്തായാലും നിന്റെ ചെറുക്കനെ കാണട്ടെ.”

“അടുത്ത ശനിയാഴ്‌ച ഡിന്നറിനു ഞങ്ങൾ വീട്ടിൽ വരാം.”

“ശരി” ഞാനും ഭാര്യ മറിയക്കുട്ടിയും സമ്മതം മൂളി.

ശനിയാഴ്‌ച എന്റെ മകളും അവനും ഡിന്നറിനു വന്നു. ഞാനും മറിയക്കുട്ടിയും അവനെ കണ്ടു പേടിച്ചുപോയി.

ഒരു കരിംഭൂതം. ആറടി പൊക്കം. മൊട്ടത്തല. കാതിൽ രണ്ടു വലിയ കടുക്കൻ. കഴുത്തിൽ കുറെ വലിയ മാലകൾ.

മകൾ പരിചയപ്പെടുത്തി. ആഫ്രിക്കക്കാരൻ. കോങ്ങോ പ്രദേശത്തെ കറുത്തവർഗത്തിൽ പെട്ടവർ. ഏതോ പ്രത്യേക ഗോത്രത്തിൽ ജനിച്ചവൻ. അവന്റെ കഴുത്തിലും നെറ്റിയിലും കൈത്തണ്ടകളിലും നാട്ടിലെ പോത്തുകൾക്കും, കാളകൾക്കും ഉളളമാതിരി വരഞ്ഞിട്ടുളള ചുട്ടികളുടെ വടുക്കൾ.

തികച്ചും ഒരാഫ്രിക്കൻ ഗറില്ല! അവന്റെ നടത്തം പോലും അങ്ങനെ തന്നെ!

എന്റെ മോളേ, നിനക്കിങ്ങനെ ഒരു ഗതികേടിന്റെ ആവശ്യമുണ്ടോ? നാട്ടിൽ എത്ര സുന്ദന്മാരു ചെറുക്കൻമാരുണ്ട്‌. കണ്ടാൽ കൊളളാവുന്നവർ. ഉന്നത വിദ്യാഭ്യാസമുളളവർ.

ഇത്രയുമൊറക്കെ, അവൻ നിൽക്കെ ഞാനവളോടു പറഞ്ഞാൽ അത്‌ അപ്പടി ട്രാൻസ്‌ലേറ്റ്‌ ചെയ്‌ത്‌ അവന്റെ ചെവിയിൽ അവൾ ഉടൻ ഉണർത്തിക്കും. അതാ അവടെ പ്രകൃതം.

ഞാൻ നിശബ്‌ദനായി. നാട്ടിൽ നിന്നു വേണ്ട, ഈ അമേരിക്കയിൽ തന്നെ എത്രയോ മലയാളി ചെറുക്കന്മാരുണ്ട്‌. വീറും വൃത്തിയുമായി നടക്കുന്നവർ.

എന്റെ ഭാര്യ മറിയക്കുട്ടിക്ക്‌ എന്തൊക്കെയോ പറയണമെന്നുണ്ടെന്ന്‌, അവളുടെ മുഖം കണ്ടാലറിയാം. അവളും മിണ്ടിയില്ല. മകളെ പേടിച്ച്‌.

ഞങ്ങൾ അതൃപ്‌തിയോടെ എങ്കിലും ഒന്നിച്ച്‌ ഡിന്നറിനിരുന്നു.

ആ കിഴങ്ങൻ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒറ്റ ചോദ്യം.

“ഇതെന്താ പന്നി എലിയുടെ ഇറച്ചിയാണോ? ഇന്ത്യാക്കാരും ഞങ്ങളെപ്പോലെ എലിയെ തിന്നുമെന്ന്‌ കേട്ടിട്ടുണ്ട്‌.”

“ഒന്നാംതരം കാളക്കിടാവിന്റെ ഇറച്ചി‘ എന്റെ ഭാര്യ മറിയക്കുട്ടി പറഞ്ഞു.

മകൾ ട്രാൻസ്‌ലേറ്റു ചെയ്‌തു.

അവൻ തുടർന്നു. ”എന്തായാലും പന്നിയെലിയുടെ ടേയിസ്‌റ്റ്‌, നന്നായിരിക്കുന്നു.“

അവൻ വിസ്‌തരിച്ചു. എന്റെ അമ്മ പന്നിയെലി ഇറച്ചിയും പട്ടി ഇറച്ചിയും നന്നായി വെയ്‌ക്കും. അമ്മയുടെ സ്‌പെഷ്യൽ മണ്ണിര കൊണ്ടുളള സൂപ്പും. ചാണകത്തിലുണ്ടാകുന്ന കുണ്ടളപ്പുഴു കൊണ്ടുളള പൈയ്യുമാണ്‌. എന്തു സ്വാദാണെന്നോ? അതൊക്കെ കഴിച്ച കാലം മറന്നു.

ദരിദ്രവാസി. എനിക്കു കടുത്ത ഓക്കാനം വന്നു.

മൂത്രമൊഴിക്കണമെന്ന്‌ ഒരെക്‌സ്‌ക്യൂസ്‌ പറഞ്ഞ്‌ ഞാൻ ടൊയിലറ്റിലേക്കോടി.

കഴിച്ചതു മുഴുവൻ ടോയ്‌ലറ്റിൽ തട്ടി. ദീർഘനിശ്വാസം വിട്ടു.

അല്പനേരം കഴിഞ്ഞ്‌ മാന്യത വെടിയാതെ ഞാൻ തൽസ്ഥാനത്തുവന്നിരുന്നു.

മറിയക്കുട്ടി എന്നെ നോക്കി ഉണർത്തിച്ചു. ’എന്താ കഴിക്കാത്തെ. ഒന്നും കഴിച്ചില്ലല്ലോ.”

ആരും കാണാതെ ഞാനവളെ കണ്ണിറുക്കി കാട്ടി.

തുടർന്ന്‌ മകളുടെ വിസ്‌താരമായി.

“ഞാനും ഇഡിയാമിനും (അതാണവന്റെ പേര്‌) അടുത്തിട്ട്‌ ആറ്‌ വർഷത്തോളമായി. ഇനി കല്യാണം നീട്ടണ്ട എന്നുകരുതി. ബഹാമസിൽ ഹണിമൂണിന്‌ ഹോട്ടൽ പോലും ബുക്കു ചെയ്‌തു കഴിഞ്ഞു.

അവൾ ഒന്നു നിർത്തി, വീണ്ടും തുടർന്നു. ‘ഇഡിയാമിന്‌ ആദ്യത്തെ കെട്ടിൽ, പതിനാറ്‌ വയസ്സായ ഒരു പെൺകുട്ടിയുണ്ട്‌, ഒരു വെളളക്കാരിയിൽ. അവൾ മഹാദുർനടപ്പുകാരി ആയതിനാൽ ഇഡിയാമൻ അവളെ ഡിവോഴ്‌സു ചെയ്‌തു.”

ഞാൻ ദീർഘനിശ്വാസം വിട്ടു. തലമുറകളുടെ കടുത്ത വിടവ്‌! അതിലെ ഒടിഞ്ഞുവീഴാൻ പോകുന്ന പാലമാണ്‌ ഞാൻ!!

ആ ദുഃഖത്തിനിടയിലും ഞാൻ മന്ദഹസിച്ചു. ഒപ്പം ഓർത്തു എന്റെ മകൾക്ക്‌ ഒരു പ്രസവം ലാഭമായല്ലോ.

ഊണും, തീനും കഴിഞ്ഞ്‌ അവർ തമ്മിൽ കെട്ടിപിടിച്ച്‌ ഉമ്മ വെച്ച്‌ പിരിഞ്ഞുപോയപ്പോൾ, മറിയക്കുട്ടി പറഞ്ഞു. ദൈവദോഷമാണ്‌ പറയുന്നതെന്ന്‌, എനിക്കറിയാം. ഡിസ്‌ക്രിമിനേഷൻ പാടില്ലല്ലോ ക്രിസ്‌ത്യാനികൾക്ക്‌. എങ്കിലും മനസ്സിൽ വന്നതു പറയാതെ എനിക്കു സമാധാനമില്ല.

അവന്റെ ആ തടിച്ച്‌ കരിക്കട്ടപോലെ കറുത്ത വൃത്തികെട്ട ചുണ്ടിലല്ലേ, അവൾ ഉമ്മ വച്ചത്‌.

ഇതൊക്കെപോട്ടെ, ഇനി അവക്കൊരു കൊച്ചൊണ്ടായാൽ, അതിന്റെ മുഖത്തു നോക്കി, നമ്മൾ എങ്ങനെ ഉമ്മ വെയ്‌ക്കും.

ഞാനവളെ സമാധാനപ്പെടുത്തി – “മറിയക്കുട്ടി, ഞാനും നീയും ഒടിഞ്ഞുകൊണ്ടിരിക്കുന്ന പാലങ്ങളാണ്‌. രണ്ടു വിഭിന്ന സംസ്‌കാരങ്ങളുടെ ദുഃഖങ്ങൾ പേറുന്നവർ.

”ജനറേഷൻ ഗ്യാപ്പ്‌’ എന്ന്‌ സദാ നിസാരമായി പറയുന്ന രണ്ടു പദത്തിന്റെ രക്തസാക്ഷികൾ!

അന്തിമമായി ഒരു മാർഗമേ നമുക്കുളളൂ. കണ്ണും ചെവിയും പൂട്ടി നമുക്കു മന്ദഹസിക്കാം, ഹാർട്ടറ്റാക്കുണ്ടാകാതെ!!

Generated from archived content: humour1_mar25_08.html Author: ilamatha_john

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here