കളിപ്പാവകൾ

അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക്‌ നോക്കാൻ അയാൾക്ക്‌ ഭയമായിരുന്നു. അവയുടെ ഒരു കോണിൽ കുറ്റപ്പെടുത്തലിന്റെ മുന ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുമെന്നും താനത്‌ വളരെ വേഗം കണ്ടെത്തുമെന്നും അതോടെ മനസ്സിൽ സൂക്ഷിക്കുന്ന സന്തോഷത്തിന്റെ അലകൾ കെട്ടുപോകുമെന്നും അയാൾക്ക്‌ നേരത്തെ അറിയാമായിരുന്നു.

തിരക്കുപിടിച്ച എയർപ്പോർട്ടിൽ നിന്ന്‌ അവൾ ഉത്സാഹത്തോടെ ഇറങ്ങി വന്നു. നാലുവർഷത്തിനുശേഷമാണ്‌ അയാൾ അവളെ കാണുന്നത്‌. അവളുടെ മനസ്സിനും ശരീരത്തിനും ഭാവങ്ങൾക്കും കാലം വരുത്തിയിട്ടുളള മാറ്റങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്രലോഭനങ്ങളിൽ സ്വയം വീണുപോകാതെ സംയമനം പാലിക്കാൻ അയാൾ മനസ്സിനെ ശാസിച്ചു.

അവസരങ്ങൾ ഉണ്ടായിട്ടും ഇത്രയും കാലം അകറ്റി നിറുത്തിയതിലാണ്‌ അവൾക്ക്‌ പരാതികളുണ്ടാവേണ്ടത്‌. ആദ്യ കാലത്ത്‌ അയാൾക്ക്‌ നല്ല ജോലിയൊന്നും കിട്ടിയിരുന്നില്ല. പലതരം കമ്പനികളുടെ കരുണ കാത്ത്‌ വിവിധ ഇടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു, അയാൾ. കാലിടറിവീണും നിലത്തൂന്നിയും നല്ലൊരു ജോലി ശരിപ്പെടുത്തിയപ്പോഴേക്കും കുട്ടികൾ വളർന്നു വലുതായിരുന്നു. കുട്ടികളുടെ പഠിത്തം, വീടുപണി, ബാങ്കിലെ തീരാത്ത കടങ്ങൾ തുടങ്ങിയ കെട്ടുപാടുകളിൽ നിന്ന്‌ അയാൾക്ക്‌ അത്രവേഗം സ്വതന്ത്രനാകാൻ കഴിയുമായിരുന്നില്ല.

കുട്ടികളൊക്കെ ഇപ്പോൾ വലിയ നിലകളിലായി. ഒരാളെ അയാൾ ഗൾഫിലേക്ക്‌ തന്നെ കൂട്ടിക്കൊണ്ടു പോന്നു. രണ്ടാമത്തെയാൾ സിവിൽ എൻജിനീയറിങ്ങ്‌ കഴിഞ്ഞ്‌ ബാംഗ്ലൂരിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിയും നേടി ജീവിതത്തിന്റെ അലച്ചിൽ തൽക്കാലത്തേക്ക്‌ അവസാനിപ്പിച്ചു. മകളാവട്ടെ കല്ല്യാണശേഷം തറവാട്ടിലേക്ക്‌ താമസം മാറി. അവളുടെ ഭർത്താവ്‌ രാജേന്ദ്രന്‌ ഹൈസ്‌കൂളിൽ ഒരു ജോലി അയാൾ തന്നെയാണ്‌ ശരിപ്പെടുത്തിയത്‌.

എല്ലാം സ്വസ്ഥമാകാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വരുമെന്ന്‌ അയാളും കരുതിയിരുന്നില്ല. പുറപ്പെട്ടു പോരുമ്പോഴുണ്ടായിരുന്ന മനുഷ്യനല്ല, ഇന്ന്‌ അയാൾ. അന്ന്‌ അയാളുടെ മനസ്സ്‌ പ്രതീക്ഷകളുടെ തെളിഞ്ഞ ആകാശമായിരുന്നു. മരുഭൂമിയുടെ അനിയതരൂപം പോലെ മനുഷ്യമനസ്സ്‌ നിരന്തരം മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന്‌ തിരിച്ചറിയാൻ മാത്രം കഴിഞ്ഞ മുപ്പതുവർഷത്തെ പ്രവാസജീവിതം അയാളെ പാകപ്പെടുത്തിയെടുത്തിട്ടുണ്ട്‌.

‘എന്തൊരു ചൂടാണ്‌ ഇവിടെ? ശരീരം വെന്തുപൊട്ടുന്നല്ലോ’

കൂടുതൽ കാറ്റിനെ ഉൾകൊളളാൻ പാകത്തിൽ കറുത്ത ഗൗണിന്റെ തലവട്ടം ഉയർത്തി അവൾ ചോദിച്ചു.

ഉഷ്‌ണത്തെ പൂർണമായും കീഴ്‌പ്പെടുത്താനാവാതെ ശ്വാസം മുട്ടി കിതയ്‌ക്കുന്ന ശീതീകരണ യന്ത്രത്തിന്റെ നോബ്‌ ഉയർത്തി അയാൾ അവളുടെ മുഖത്തേക്ക്‌ നോക്കി. കാറ്‌ പോക്കറ്റ്‌ റോഡുകൾ പിന്നിട്ട്‌ നഗരത്തിന്റെ രക്തധമനികളിലേക്ക്‌ കയറിയപ്പോൾ അയാളുടെ ചുണ്ടിൽ വരണ്ടൊരു പുഞ്ചിരിയുണ്ടായിരുന്നു. മുപ്പതുവർഷം മുമ്പും ചൂട്‌ ഇതുപോലെ തന്നെയുണ്ടായിരുന്നു. അന്ന്‌ നനഞ്ഞ തുണി ശരീരത്തിട്ടായിരുന്നു ചൂടിനെ അതിജീവിച്ചിരുന്നതെന്ന്‌ അയാളോർത്തു.

ഫ്‌ളാറ്റിനു മുമ്പിൽ കാറ്‌ നിന്നപ്പോൾ അവളുടെ മുഖത്തെ പ്രസന്നത അസ്‌തമിച്ചു. ആഡംബരങ്ങളുടെ എച്ചുകെട്ടലുകളില്ലാത്ത സ്ഥൂലമായ ഫ്‌ളാറ്റിന്റെ ആകൃതിയായിരിക്കില്ല, അവളുടെ സങ്കല്പത്തിലെ വാടക വീടിന്‌. മനുഷ്യർക്ക്‌ താമസിക്കുവാൻ മേൽക്കൂര മാത്രം മതിയെന്ന അടിസ്ഥാന തത്ത്വം മനസ്സിലാകാൻ ഒരുപക്ഷേ അവൾക്ക്‌ സമയം ഇനിയും വേണ്ടിവന്നേക്കും.

രണ്ടു മുറികളും ടോയ്‌ലറ്റും മാത്രമുളള ഫ്ലാറ്റ്‌ അവൾ നടന്നു കണ്ടു. അവളുടെ മുഖത്തെ സന്തോഷം ഇപ്പോൾ വിസ്‌മയത്തിനോ അതോ വിഷാദത്തിനോ കീഴടങ്ങിയിട്ടുണ്ടെന്ന്‌ അയാൾക്ക്‌ തോന്നി. ഇത്രയും ചെറിയ ഫ്‌ളാറ്റിൽ ഒരു കുടുംബത്തിന്‌ താമസിക്കാൻ കഴിയുമോയെന്ന അവളുടെ കണ്ണുകളിലെ സന്ദേഹം അയാൾ കണ്ടില്ലെന്ന്‌ നടിച്ചു.

ഒരു മുറിയിൽ കൂട്ടിയിട്ട നാലു ഇരട്ടക്കട്ടിലുകൾ. എട്ടാളുകൾക്ക്‌ ഒരു മുറി. ഒരാൾക്ക്‌ ഭൂമിയിൽ താമസിക്കാൻ ആറടി മണ്ണിന്റെ വിസ്‌തൃതി മാത്രം മതിയെന്ന്‌ അയാൾക്ക്‌ അവളോട്‌ പറയണമെന്നുണ്ടായിരുന്നു; ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും.

സാധനങ്ങൾ ഓരോന്നായി അവൾ അലമാരയിൽ എടുത്തുവെച്ചു. രസനാദിപൊടി, നീലഭൃംഗാതി, മുടിയിൽ തേക്കാനുളള താളിയിലയിട്ട വെളിച്ചെണ്ണ, തണുപ്പുകാലത്ത്‌ മുഖത്ത്‌ തേച്ചു കുളിക്കാനുളള അരച്ചു പൊടിച്ച ചെറുപയർ, എളളും തുമ്പപ്പൂവും ഇട്ട്‌ തിളപ്പിച്ചെടുത്ത, അയാളെ എന്നും ആസക്തിയുടെ കൊടുമുടികളിലേക്ക്‌ വലിച്ചുകൊണ്ടുപോകാറുളള കടലയെണ്ണ.

ചുമലിലേക്ക്‌ വീണ മുടി ഇടതു കൈകൊണ്ട്‌ മാടിയൊതുക്കി അവൾ ജാലകങ്ങൾ തുറക്കാൻ തുനിഞ്ഞപ്പോൾ അയാൾ തടഞ്ഞു.

‘വേണ്ട. ഇത്‌ നമ്മുടെ ഗ്രാമമല്ല. ഇവിടെ ആരും ജനൽ തുറന്നിടാറില്ല. മറ്റുളളവരുടെ സ്വകാര്യതകളിലേക്ക്‌ തുറക്കുന്ന വാതിലുകളാണ്‌ ഇവിടെ ജനലുകൾ. അവനവന്റെ സ്വകാര്യതയിൽ ജീവിക്കുകയാണ്‌ ഇവിടത്തെ രീതി.’

അവളുടെ കണ്ണുകളിലെ ജിജ്ഞാസയെ ചൂണ്ടുവിരലിൽ മയപ്പെടുത്തി അയാൾ അവളെ ചേർത്തു പിടിച്ചു.

‘ഇനി നമ്മളും ചില സ്വകാര്യതകളിലേക്ക്‌ മടങ്ങുകയാണ്‌. നമ്മുടെ പ്രസക്തി നാടുവിടുന്നതോടെ നഷ്‌ടപ്പെടുന്നു.’

അയാൾ നെറുകയിൽ മുഖമമർത്തിയപ്പോൾ അവളുടെ മുഖത്ത്‌ വൃശ്ചികമാസത്തിലെ നിലാവ്‌ പരന്നു. വിചിത്രമായ ഇവിടത്തെ രീതികളോട്‌ ഇണങ്ങിച്ചേരാൻ അവൾക്ക്‌ സമയം വേണ്ടിവരുമെന്നും അത്‌ അവളെ അൽപം ദുഃഖിപ്പിച്ചേക്കുമെന്നും അയാൾക്ക്‌ തോന്നി.

ഒരു മാസത്തിനുശേഷം, സാധനങ്ങൾ വാങ്ങി അയാൾ വീട്ടിൽ തിരിച്ചെത്തുമ്പോൾ അവൾ ടി.വിയുടെ മുന്നിലിരിക്കുകയായിരുന്നു. കാലം എവിടേക്കോ പിൻതളളിയ വസ്‌തുവിനെപോലെ നിർജീവമായ അവളുടെ രൂപം അയാളെ തെല്ല്‌ വേദനിപ്പിച്ചു.

വൃത്തിയോടെയും കൃത്യതയോടെയും കൊണ്ടുനടന്നിരുന്ന അവളുടെ മുടി ജടപിടിച്ചിരുന്നു. മൃദുലവും മിനുത്തതുമായ തൊലി വരണ്ടു പൊട്ടി ഉപ്പുപാടം പോലെ വിളറിയിരുന്നു. അലസതയുടെ പൊടിപിടിച്ച ഒരു മെഴുകു രൂപമായി മാറിയിരുന്നു, അവൾ.

‘എനിക്കിവിടെ ഒരു സുഖവും തോന്നുന്നില്ല. ഇരുന്നും കിടന്നും മടുത്തു.’ അവൾ തിളക്കമറ്റ കണ്ണുകൾ ഉയർത്തി അയാളോട്‌ പറഞ്ഞു.

‘വെറുതെ ഇരിക്കുമ്പോൾ തോന്നുന്നതാണ്‌. സമയം കളയാൻ എന്തെല്ലാം മാർഗങ്ങളുണ്ട്‌? വസ്‌ത്രങ്ങൾ അലക്കിവെയ്‌ക്കാം. പാചകം ചെയ്യാം. പിന്നെ ടി.വി കണ്ടിരിക്കാം.’

മുഷിഞ്ഞ വസ്‌ത്രങ്ങൾ അഴിച്ച്‌ വാർഡ്രോബിലേക്ക്‌ വെച്ച്‌ അയാൾ ചിരിച്ചുകൊണ്ട്‌ അവളെ മുഖമുയർത്തി നോക്കി.

‘ഇപ്പറഞ്ഞതിനൊക്കെ രണ്ടു മണിക്കൂർ സമയം മതി. പിന്നെ എന്നെപോലെ പ്രായമായ ഒരാൾക്ക്‌ ടി.വിയിൽ എന്താണുളളത്‌? കുറേ രാഷ്‌ട്രീയ പ്രശ്‌നങ്ങളും പാട്ടും ആട്ടവും… എനിക്കാകെ മടുപ്പു തോന്നുന്നു.’

അവൾ അനുഭവിച്ചുകൊണ്ടിരുന്ന ഏകാന്തത അയാൾക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നു. നാട്ടിൽ അവൾക്ക്‌ ചെയ്യാൻ ഒട്ടേറെ ജോലികളുണ്ട്‌. വീട്ടിൽ രണ്ടു പശുക്കളുണ്ട്‌. അവയ്‌ക്ക്‌ തീറ്റകൊടുക്കണം. പാൽ കറക്കണം. കുളിപ്പിക്കണം. പിന്നെ ഒന്നോ രണ്ടോ തവണ തൊഴുത്തിൽ നിന്ന്‌ തൊടികയിലെ പച്ചപ്പുല്ലു വളർന്ന്‌ നില്‌ക്കുന്ന ഇടത്ത്‌ കൊണ്ടുപോയി കെട്ടണം. അടുക്കളയിലെ ഒരിക്കലും അവസാനിക്കാത്ത ജോലികൾ പിറകെ വരുന്നു. പരിമിതമായ ആളുകളും സാധനങ്ങളും നിറഞ്ഞ ലോകത്ത്‌ ഇവൾ ഇത്രനാളും സംതൃപ്‌തയായിരുന്നു. പെട്ടെന്നൊരു നാൾ ഇതെല്ലാം വിട്ട്‌ തികച്ചും ഒറ്റപ്പെട്ട ഒരിടത്ത്‌….

അയാൾ എന്നും രാവിലെ ഓഫീസിലേക്ക്‌ പോയാൽ രാത്രിയാണ്‌ മടങ്ങിയെത്തുക. ഓഫീസ്‌ സമയത്ത്‌ ജോലി തീർത്ത്‌ ഇറങ്ങിയ ദിവസത്തിന്റെ ഓർമകൾ ഇപ്പോൾ വിദൂരമായ സ്വപ്‌നത്തിൽ പോലും അവശേഷിക്കുന്നില്ല. ഒരു ഷിപ്പിങ്ങ്‌ കമ്പനിയിലെ യാന്ത്രികതയുടെ നിർവ്വികാരത പുരണ്ട നിമിഷങ്ങൾക്ക്‌ പുലരിയെന്നോ രാത്രിയെന്നോ വ്യത്യാസമില്ല.

അവൾ വന്നാൽ തന്റെ വിരസമായ ദിവസങ്ങൾക്ക്‌ നവയൗവ്വനം കൈവരുമെന്ന്‌ അയാൾ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ ഓഫീസിലിരുന്ന്‌ അയാളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹത്തെ കുറിച്ചുളള ചിന്തകളാണ്‌. എത്ര വേഗമാണ്‌ സ്‌നേഹം മടുപ്പിലേക്കും നിസ്സംഗതയിലേക്കും രൂപം മാറിപ്പോകുന്നത്‌? നനഞ്ഞ വാഴത്തടിയിൽ നിന്ന്‌ ജൈവം ഊറ്റിയെടുക്കുന്നപോലെ പ്രവാസം സ്‌നേഹത്തെ വരണ്ട വൻകരയിലേക്ക്‌ അടുപ്പിക്കുന്നു. വെയിൽ ദുർഗന്ധം പരത്തുന്ന ആകാശത്തിന്റെ അപരിചിതമായ പുറ്റുകളിൽനിന്ന്‌ വസന്തത്തിന്റെ പുതുമുള പൊട്ടുമെന്ന്‌ സ്വപ്‌നം കാണാൻ കഴിയാത്ത വിധം സ്‌നേഹം വരണ്ടുപോകുകയല്ലേ?

ദിവസങ്ങൾ ചെല്ലുന്തോറും അവളിലുണ്ടാകുന്ന മാറ്റങ്ങൾ അയാളെ വേദനിപ്പിച്ചു തുടങ്ങി. അവളുടെ ഉത്സാഹമെല്ലാം കെട്ടടങ്ങിയതുപോലുണ്ടായിരുന്നു. ആറുമാസത്തിന്റെ ഭാരം അവളുടെ കൺതടങ്ങളെ കറുപ്പിക്കുകയും മുടിയിഴകളെ വെളുപ്പിക്കുകയും ചെയ്‌തു. കൂട്ടിലടയ്‌ക്കപ്പെട്ട കിളിയെപ്പോലെ നിർവ്വികാരത മുഖത്തെ ഓമനത്തത്തെ പൂർണമായും വിഴുങ്ങി.

ഒരു ദിവസം അയാൾ ചെല്ലുമ്പോൾ അവൾ പഴയ ഫോട്ടോകൾ നോക്കി ഇരിക്കുകയായിരുന്നു. ഓർമകളുടെ ഒരു നിഴൽവെട്ടം അവളുടെ മുഖത്തെ അല്‌പം തുടുപ്പിച്ചതായി അയാൾ കണ്ടു.

‘മോള്‌ വിളിച്ചിരുന്നു. അവൾക്ക്‌ വിശേഷമുണ്ടെന്ന്‌ പറഞ്ഞു. ആദ്യത്തേതല്ലേ? രാജേന്ദ്രനും ഒരാഴ്‌ച ലീവെടുത്ത്‌ തറവാട്ടിലെത്തിയിട്ടുണ്ട്‌.’

അയാൾ പക്ഷേ അതിനു മറുപടി പറഞ്ഞില്ല.

‘ഇത്‌ മൂന്നാം മാസമാണത്രേ. എന്തെല്ലാം നോക്കണം? വീട്ടിൽ അവൾ തനിച്ചല്ലേയുളളു. ഈ സമയത്ത്‌ രാജേന്ദ്രന്റെ വീട്ടിലേക്ക്‌ പോകാമെന്നുവച്ചാ അത്‌ അവർക്ക്‌ ഇഷ്‌ടമാവോ?’

കണ്ണുകളിലെ വിഷാദത്തിനപ്പുറം ചില നുറുങ്ങുവെട്ടങ്ങൾ മിന്നുന്നത്‌ അയാൾ കണ്ടു. ധൃതിപിടിച്ചുളള സംസാരത്തിലും ഇടയ്‌ക്കിടെയുളള നോട്ടത്തിലും അവളത്‌ വിദഗ്‌ധമായി മറച്ചുവെയ്‌ക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും. വീട്ടിലേക്ക്‌ മടങ്ങിപ്പോകാനുളള ഒരാഗ്രഹം ഇതിനിടയിൽ അവളുടെ മനസ്സിൽ ഉടലെടുത്തിട്ടുണ്ടാകുമെന്ന്‌ അയാൾ ഊഹിച്ചു.

മുപ്പതു കൊല്ലത്തിനിടയിൽ അവളോടൊത്ത്‌ ചിലവഴിച്ചിട്ടുളള നല്ല നാളുകളെ അയാൾ ഓർത്തു. ഒരു ആൽബം മറിച്ചുനോക്കുന്നതുപോലെ അക്കാലങ്ങളിലൂടെ ലളിതമായി കടന്നുപോകാം. പത്തോ പന്ത്രണ്ടോ പ്രാവശ്യത്തെ ഒഴിവുകാലം. നാട്ടിൻപുറത്തെ ഒരു തറവാട്ടിൽ പതറിയ മുഖത്തോടെ കല്ല്യാണമണ്ഡപത്തിൽ അവൾ ചേർന്നിരിക്കുന്ന ചിത്രത്തിന്‌ അധികം മങ്ങലേറ്റിട്ടില്ല. മൂത്ത മകന്റെ ചോറൂണിന്‌ ബന്ധുക്കളുടെയിടയിൽ അവൾ ചിരിച്ചുല്ലസിച്ച്‌ നിൽക്കുന്ന മറ്റൊരു ചിത്രം. ഗുരുവായൂരിൽ മകന്റെ വിദ്യാരംഭ സമയത്ത്‌ അയാളുടെ പിന്നിൽ ഒതുക്കത്തോടെ നിൽക്കുന്ന അവളുടെ ഏറ്റവും മിഴിവുളളതും ഓർമയിൽ ഉറച്ചതുമായ ചിത്രത്തിന്‌ ഇപ്പഴും തിളക്കമുണ്ട്‌. ഓർമ്മകളുടെ താളുകൾ ഓരോന്നായി മാറിയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞ്‌ ചിത്രങ്ങൾ അവ്യക്തമായി തുടങ്ങി.

‘മകൾക്ക്‌ തീരെ സുഖല്ല്യാത്രേ. റെസ്‌റ്റെടുക്കണംന്ന്‌ ഡോക്‌ടർ പറഞ്ഞിരിക്കുന്നു. അവിടെ അവളെ ശ്രദ്ധിക്കാൻ ആരാണുളളത്‌? ഒരാളെ ശമ്പളത്തിന്‌ വെക്കാണെന്നുവെച്ചാ തന്നെ നമ്മൾ ചെയ്യുന്നപോലെ എല്ലാകാര്യങ്ങളും അവർ ചെയ്യ്വോ?“

അയാൾ വായിച്ചുകൊണ്ടിരുന്ന വാരികയിലെ ചില അക്ഷരങ്ങൾ പെട്ടെന്ന്‌ അയാളുടെ കണ്ണുകളിൽ ചിലന്തിവലകളായി കുരുങ്ങി.

’വീട്ടിലേക്ക്‌ ചെല്ലണമെന്ന്‌ അവൾ പറയുന്നു. ഈ സമയത്ത്‌ ചെന്നില്ലെങ്കിൽ രാജേന്ദ്രന്റെ വീട്ടുകാർക്ക്‌ പിന്നെ അതു മതിയാകും. വീട്ടിലെ പശുക്കളാണെങ്കിൽ……‘

കമ്പനിയിൽ ചെന്ന്‌ ലീവിനപേക്ഷിക്കുമ്പോൾ കൂട്ടുകാരുടെ ചുളിയുന്ന മുഖമായിരുന്നു അയാളുടെ മനസ്സിൽ. അവസാന കാലത്ത്‌ വിസയ്‌ക്കുളള അപേക്ഷ തയ്യാറാക്കുമ്പോൾ അവർ പറഞ്ഞത്‌ അയാൾ അപ്പോഴും മറന്നിരുന്നില്ല.

’മാധവനെ കണ്ടു പഠിക്കണം. ഇത്രേം കാലം ഒറ്റയ്‌ക്ക്‌ ജീവിച്ച്‌ അവസാനം എല്ലാ പ്രാരാബ്‌ധവും തീർത്ത്‌ സ്വസ്ഥമായി രണ്ടാം മധുവിധു ആഘോഷിക്കാൻ തുടങ്ങുന്നത്‌ കണ്ടില്ലേ? അങ്ങനെ വേണം പ്രവാസികൾ. എന്നാലെ വല്ലതും സമ്പാദിക്കാൻ പറ്റൂ.‘

കുറച്ചുകാലം അവളോടൊത്ത്‌ സന്തോഷത്തോടെ കഴിഞ്ഞ്‌ ഒരുമിച്ച്‌ മടങ്ങുന്നതിന്റെ ഇനിയും പൂർത്തിയാവാത്ത ചില ചിത്രങ്ങൾ അയാളുടെ മനസ്സിൽ അന്നേരവും അവശേഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ പോകാൻ കഴിയാത്തവിധം കടങ്ങൾ ഒരു കുരുക്കുപോലെ ഇപ്പോഴും ശിരസ്സിനു മുകളിൽ ഭീതിയുയർത്തി നില്‌പുണ്ട്‌.

സാധനങ്ങൾ അവൾ പ്രസന്നതയോടെ കെട്ടി വയ്‌ക്കുന്നത്‌ കണ്ടപ്പോൾ അയാളുടെ തൊണ്ടയിൽ ഒരു കരച്ചിൽ വിലങ്ങി. തന്നെ വിട്ടു പോകുന്നതിൽ അവൾക്ക്‌ വേദനയുണ്ടായിരിക്കുമോ? അതോ പ്രവാസത്തിന്റെ വരണ്ട മണ്ണിൽ തന്നെ തനിച്ചാക്കി അവളും രക്ഷപ്പെടുകയാണോ?

എയർപ്പോർട്ടിലെ ലോഞ്ചിൽ ഇപ്പോൾ അയാൾ അക്ഷമയോടെ ഇരിക്കുകയാണ്‌. കലണ്ടറിലെ താളുകൾ മറിയുന്ന ഗൂഢമായ ആഹ്ലാദത്തോടെ ഇനി ആർക്കുവേണ്ടിയാണ്‌ തന്റെ കാത്തിരിപ്പ്‌? ദുഃഖങ്ങൾ എല്ലാം സ്വയം ഒതുക്കി മറ്റുളളവരുടെ വിഷമങ്ങൾ കേൾക്കാനുളള കൽപ്രതിമയാണ്‌ ഓരോ പ്രവാസിയുമെന്ന അറിവ്‌ ആ തണുത്ത അന്തരീക്ഷത്തിലും അയാളെ പൊളളിച്ചു. ഗ്ലാസ്സുകൾക്കപ്പുറം കത്തുന്ന ചൂടിൽ ഉരുകിയൊലിക്കുന്ന, തിരിച്ചുപോകേണ്ട നീണ്ട വഴികളിലേക്ക്‌ അയാൾ നോക്കി. വഴികൾക്ക്‌ മാറ്റമൊന്നും വന്നിട്ടില്ലെന്നയാൾ കണ്ടു. പക്ഷേ അത്‌ താണ്ടുവാനുളള ഊർജം ഏതു ഉർവരതയിൽ നിന്നാണ്‌ ഇനി താൻ ഊറ്റിയെടുക്കുക?

Generated from archived content: story1_may16_08.html Author: hukkim_cholayil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English