സ്കൂളിന്‍റെ വാര്‍ഷികംഇക്കുറി ഗംഭീരമായിട്ടാണ്.ഇരുപത്തഞ്ചാം വാര്‍ഷികവും സ്കൂളിന്‍റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ ഗേററിന്‍റെ ഉദ്ഘാടനവും ഒരുമിച്ചാണ്.ഒരു കുറവും വരരുതല്ലോ.ഒരു സീരിയല്‍താരവും റിയാലിററി ഷോയില്‍ മുളച്ച ഒരു പുതുനാമ്പും മുഖ്യാതിഥികള്‍.
മൈക്ക് കൈയില്‍ കിട്ടിയതോടെ ഉറക്കം തൂങ്ങുന്ന കുട്ടികള്‍ക്കു മുന്നില്‍ ഘോരപ്രസംഗത്തിനു തിരി കൊളുത്തിയ സ്ഥലത്തെ പ്രധാന ദിവ്യന്‍മാരെ ഓരോരുത്തരെയായി വിനയന്‍മാഷ് ഒരു കുറിപ്പു കാണിച്ച് പിന്നിലേക്കിരുത്തിക്കൊണ്ടിരുന്നു. പ്രാസംഗികര്‍ക്കുള്ള ഒരു കടിഞ്ഞാണ്‍ മന്ത്രമാണ് കുറിപ്പില്‍. അത് എനിക്ക് അജ്ഞാതമാണ് .
ഇംഗ്ളീഷും മലയാളവും കലര്‍ന്ന സമ്മിശ്രഭാഷാപ്രസംഗമായിരുന്നു സീരിയല്‍ താരത്തിന്‍റേത്. അതിനു ശേഷം റിയാലിററിക്കുട്ടിയുടെ ഉപദേശപ്രസംഗമായിരുന്നു.
“നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്‍ത്തിയെടുക്കണം . അതാണ് ജീവിതവിജയത്തിലേക്കുള്ള വഴി.”സ്വന്തം ജീവിതത്തെ മാതൃകയാക്കി കാണിച്ചുകൊണ്ടായിരുന്നു ഏതോ റിയാലിററി ഷോയില്‍ റണ്ണറപ്പായി പതിമൂന്നാം വയസില്‍ ജീവിതവിജയം കൈവരിച്ച ആ മഹതിയുടെ പ്രസംഗം.
ഉദ്ഘാടനത്തിനു ശേഷം പോകാനിറങ്ങിയ സീരിയല്‍ താരത്തിന്‍റെ കൈയില്‍ പി ടി എ പ്രസിഡന്‍റ് ഏല്‍പ്പിച്ച ഒരു കവര്‍ കണ്ടപ്പോള്‍ റിയാലിററി താരത്തിന്‍റെ ഉള്ളിലും ഉറങ്ങിക്കിടന്ന കഴിവുകള്‍ ഉണര്‍ന്നു തുടങ്ങി.
ചടങ്ങിനെത്താനുള്ള വാഹനം ഏര്‍പ്പാടു ചെയ്യണമെന്നു മാത്രമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സീരിയല്‍താരത്തിനു നല്‍കിയ ‘അര്‍ത്ഥ’ത്തിന്‍റെ അര്‍ത്ഥമെങ്കിലും തനിക്കും വേണമെന്നായി.
അന്യായത്തെ ചോദ്യം ചെയ്യാന്‍ ചെന്നവര്‍ക്കു മുന്നില്‍ റിയാലിററി നക്ഷത്രവിസഫോടനം നടന്നു. ഒടുവില്‍ രണ്ടായിരം രൂപ അടക്കം ചെയ്ത ഒരു കവര്‍ ആ ജീവിതവിജയി കൊണ്ടുപോയി.
കുട്ടികളില്‍ ഉറങ്ങിക്കിടന്ന കഴിവുകളെ ഉണര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞോ എന്നറിയില്ല. എങ്കിലും സ്റേറജിനു മുന്നിലിരുന്നുറക്കം തൂങ്ങിയ കുട്ടികളെ ഉണര്‍ത്താന്‍ ആ യാഥാര്‍ത്ഥ്യപ്രകടനക്കാരിക്കു കഴിഞ്ഞു എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ.
Generated from archived content: story1_nov24_14.html Author: hema_ed