അച്‌ഛൻ

വികാരങ്ങളുടെ വേലിയേറ്റത്തിൽ കടിഞ്ഞാൺ നഷ്‌ടപ്പെട്ട്‌ പോയിരുന്ന മനസ്‌ ഒരു ഞെട്ടലോടെ ഉണർന്നത്‌ ഇപ്പോഴാണ്‌. അത്‌ വഴി വന്നെത്തിയ ആക്ഷേപകരമായ നിലയിൽ മനസ്‌ പട പട ഇടിച്ചു. ചുറ്റും ഇരുട്ടായിരുന്നു. ചുക്കിലിയും പൊടിയും തന്നെ പൊതിയുന്നു. തലയ്‌ക്കുള്ളിൽ തീയാളി.

വൈകിട്ട്‌ വിളിച്ചപ്പോൾ അമ്മ പറഞ്ഞു അച്‌ഛന്റെ അസുഖം കൂടുതലാണ്‌ നിന്നെ കാണണമെന്ന്‌ ശാഠ്യം പിടിക്കുന്നുണ്ട്‌. നീ ഇന്നു തന്നെ കയറുമോ?“

”ഓഫീസിൽ ഒഴിവാക്കാൻ കഴിയാത്ത പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്‌ അത്‌ തീർത്ത്‌ നാളെ കയറും.“

”എത്രയും വേഗം എത്താൻ നോക്കൂ. “അമ്മയുടെ ശബ്‌ദത്തിലെ ഇടർച്ച അയാളെ അസ്വസ്‌ഥനാക്കി. ഇന്ന്‌ തന്നെ പോകേണ്ടതുണ്ടോ? സമയം വൈകുന്നേരം നാലര മണി. ഫോൺ വിളിച്ച്‌ നോക്കിയാൽ ഏതെങ്കിലും ട്രാവൽസിൽ രാത്രിയൊരു ടിക്കറ്റ്‌ കിട്ടാതിരിക്കില്ല. പക്ഷെ ഇന്ന്‌ പോവുക എന്നത്‌…..? തീരുമാനം എടുക്കാനാവാതെ അയാളുടെ മനസ്‌ മലക്കം മറിഞ്ഞ്‌ കൊണ്ടിരുന്നു.

ബൈക്കിൽ റൂമിലേക്ക്‌ പോവുമ്പോഴും മനസ്‌ ഇരു ദിശയിലേക്കും കുതറി നടന്നു….. നാളെ പോവാം. ഉച്ച കഴിഞ്ഞ്‌ മഴ പെയ്‌തിരുന്നു ചെറിയ മഴ പോലും റോഡിനെ ചെളിക്കുണ്ടാക്കുന്നു. അത്‌ മൂലം ഡ്രൈവിങ്ങിൽ പുലർത്തേണ്ടി വരുന്ന സൂക്ഷ്‌മത അയാളുടെ ക്ഷമ നശിപ്പിച്ചു കൊണ്ടിരുന്നു.

മുറിയിലേക്ക്‌ തിരിയുന്ന വളവിനോട്‌ ചേർന്ന്‌ നിർത്തി തൊട്ടടുത്ത ബേക്കറിയിൽ കയറി ഒരു ചായയും സിഗരറ്റും പറഞ്ഞു.” എന്തൊക്കെയുണ്ട്‌ വിശേഷം? ഒരു ചൂട്‌ പപ്‌സ്‌ എടുക്കട്ടെ?“

”ചൂടാണെങ്കിൽ ഒന്ന്‌ താ…. പിന്നെ നാളെ നാട്ടിൽ പോവ്വാ.“

”ഉം എന്താ വിശേഷിച്ച്‌?“

”അച്‌ഛന്‌ സുഖമില്ല.“

”അയ്യോ…. എന്തു പറ്റി?“

”കിടപ്പിലായിട്ട്‌ കുറച്ച്‌ നാളായി ഇടയ്‌ക്ക്‌ അസുഖം കൂടും.“

ബേക്കറിയിൽ നിന്നും പുറത്തിറങ്ങി സിഗരറ്റുമായി ബൈക്കിനടുത്തേക്ക്‌ ചെന്നു. പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു മെസേജ്‌ വന്നിട്ടുണ്ട്‌. അത്‌ വായിച്ച്‌ പൂർത്തിയാക്കി പുക വിടാനെന്ന ഭാവത്തിൽ തല ഉയർത്തുമ്പോൾ കണ്ടു രാധാനിലയത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും തിളങ്ങുന്ന കണ്ണുകൾ മിന്നിമറയുന്നു. അയാൾ മെസേജ്‌ ടൈപ്‌ ചെയ്‌തു. നാട്ടിൽ നാളെയാണ്‌ പോവുന്നത്‌”. പിന്നെ ഒഴിഞ്ഞ ബാൽക്കണിയിൽ നിന്നു കണ്ണുകൾ പറിച്ച്‌ വണ്ടിയെടുത്തു.

മുറിയിൽ സുഹൃത്തുക്കൾ എത്തിയിട്ടുണ്ടായിരുന്നു. അവർ ടിവിലേക്ക്‌ കണ്ണും നട്ട്‌ മെത്തയിൽ നീണ്ട്‌ നിവർന്ന്‌ കിടപ്പാണ്‌. സ്‌ക്രീനിൽ ഏതോ അവതാരികയുടെ ഫോണിലൂടെയുള്ള കൊഞ്ചൽ. “ഉം ഉം…. ആർക്കാണ്‌ ഡെഡിക്കേറ്റ്‌ ചെയ്യേണ്ടത്‌?” കൈയിലെ റിമോട്ട്‌ നീട്ടി പിടിച്ച്‌ അടുത്ത ചാനലിലേക്ക്‌ ചാടണോ എന്ന്‌ തീരുമാനിക്കാനാവാതെ ഒരുവൻ. മറ്റവൻ ചോദിച്ചു.

“നീ ഇന്നു പോവുന്നുണ്ടോ?”

“ഇല്ല… നാളെയാണ്‌.”

“എന്ത്‌ പറ്റി?”

ഓഫീസിൽ നിന്നും നാളെ മാറാൻ പറ്റില്ല.“

രാത്രി പുകഞ്ഞു തീർന്ന കൊതുക്‌ തിരിയുടെ മണം ഇപ്പോഴും മുറിയിൽ തങ്ങി നില്‌ക്കുന്നുണ്ട്‌. നോക്കുമ്പോൾ മുറിയുടെ മൂലയിൽ എരിഞ്ഞമർന്ന ചാരം തിരിയുടെ ആകൃതിയിൽ തന്നെ അവശേഷിക്കുന്നു. അയാൾ അത്‌ കടലാസിൽ പൊതിഞ്ഞെടുത്ത്‌ പുറത്തേക്കെറിഞ്ഞു. ഈ ഗന്ധത്തോടുള്ള മടുപ്പ്‌ മൂലം രാത്രി സ്വസ്‌ഥതയോടെ ഉറങ്ങാൻ കൂടി കഴിയുന്നില്ല. എന്തു ചെയ്യാം കൊതുകുകളെ കൊണ്ട്‌ നിവൃത്തിയില്ലാതെ വരുമ്പോൾ കത്തിക്കും. ഒരു ലിക്കുടേറ്റർ വാങ്ങണം എന്ന്‌ ആ നേരത്ത്‌ മാത്രം വിചാരിക്കും. പകലോ മറക്കും. ഇനി നാട്ടിൽ നിന്നു വന്നിട്ടാവട്ടെ!

അയാൾ വസ്‌ത്രങ്ങൾ മാറി കുളിച്ചു. പുതിയ പിയേഴ്‌സ്‌ ഉപയോഗിച്ചായിരുന്നു കുളി. അതിനു ശേഷം പതിവിന്‌ വിപരീതമായി ദേഹം മുഴുവൻ പൗഡർ പൂശി. പുതിയ ബോഡി സ്‌പ്രെ അടിച്ചു. കണ്ണാടിക്ക്‌ മുന്നിൽ ഏറെ നേരം ചിലവഴിച്ചു. എത്രയോ കാലമായി ആവർത്തിച്ച്‌ കണ്ട്‌ കൊണ്ടിരിക്കുന്ന സ്വന്തം മുഖം പല കോണുകളിലും ഭാവങ്ങളിലും നോക്കി രസിച്ചു. ഇടക്ക്‌ അച്ഛന്റെ ചുക്കി ചുളിഞ്ഞ പഴയ മുഖം തെളിഞ്ഞു വന്നു. അയാളിൽ അസ്വസ്‌ഥത വീണ്ടും ഉയിരെടുത്തു. സമയം നോക്കി ഇന്നിനി പോക്ക്‌ നടക്കില്ല അല്ല, വേണമെങ്കിൽ പോകാവുന്നതേയുള്ളൂ. പക്ഷെ…. ചിന്തകളെ മനപൂർവ്വം അമർത്തി കൂട്ടുകാരുടെ അടുത്തേക്ക്‌ ചെന്നു.

ഒരുവൻ ഉറങ്ങുകയാണ്‌. അപരൻ ചാനലുകളിലൂടെ ഓട്ടപ്രദിക്ഷണം നടത്തുന്നു. കോമഡി കിറ്റുകൾ, എവിടെയുമെത്താത്ത രാഷ്‌ട്രീയ ചർച്ചകൾ, റിയാലിറ്റി ഷോകൾ, അങ്ങനെ പോയി ചാനൽ കാഴ്‌ചകൾ. അയാൾക്ക്‌ ഒരു സമാധാനവും തോന്നിയില്ല. സമയം ഒന്നു വേഗം കടന്ന്‌ കിട്ടിയരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു. ഒന്നു ഉറങ്ങി എഴുന്നേറ്റാലോ എന്നു കരുതി കണ്ണടച്ചു എങ്ങനെയാണ്‌ ഉറങ്ങാനാവുക?

ഒരു വിധത്തിൽ ആ ഇരുപ്പ്‌ ഏഴര വരെ ദീർഘിപ്പിച്ചു പിന്നെ എഴുന്നേറ്റ്‌ പോയി പുതിയ വസ്‌ത്രങ്ങൾ എടുത്തിട്ടു കണ്ണാടിക്ക്‌ മുന്നിൽ ഭംഗി ഒന്ന്‌ കൂടി ഉറപ്പ്‌ വരുത്തി. സുഹൃത്ത്‌ ചോദിച്ചു. ”നീ എങ്ങോട്ടാ? ഇന്നു പോവുന്നില്ല എന്നല്ലേ പറഞ്ഞത്‌?“

”ഞാനൊന്നു പുറത്ത്‌ പോവുന്നു ചിലപ്പോൾ ഇന്നു വരില്ല….“

”എങ്ങോട്ടാ?“

”നാട്ടിലേക്ക്‌ കുറച്ച്‌ സാധനങ്ങൾ വാങ്ങണം. ഇന്ന്‌ സിറ്റിയിൽ ഒരു നാട്ടുകാരന്റെ കൂടെ തങ്ങും.“

അയാൾ പുറത്തിറങ്ങി അരണ്ട വെളിച്ചത്തിലൂടെ നടന്നു. കടന്ന്‌ പോവുന്ന ക്ഷീണവും തിരക്കും ബാധിച്ച മുനുഷ്യർ അയാളുടെ കണ്ണിൽ പെട്ടില്ല. വഴുക്കുള്ള ഒരു പ്രതലത്തിലൂടെ അയാളുടെ മനസ്‌ ഊർന്നു പോവുകയാണ്‌. താൻ ബൈക്ക്‌ എടുത്തില്ല എന്നോർത്തു. അതിന്‌ പറ്റിയ ഒരു കള്ളം കണ്ട്‌ പിടിക്കണം.

ഏറെ നേരം ആ നടപ്പ്‌ തുടർന്നു. ഒരു കള്ളനെ പോലെ പതുങ്ങി പതുങ്ങിയാണ്‌ പോക്ക.​‍്‌ വെളിച്ചം കുറഞ്ഞ ഈ പാതകൾ മഴക്ക്‌ ശേഷം ചെളിയിൽ മുങ്ങി കിടപ്പാണ്‌. ആരോ നിരത്തിയ കരിങ്കല്ലുകളിലൂടെ ചാടി ചാടിയുള്ള സഞ്ചാരം. ഇരുവശത്തും ഏച്ച്‌ കെട്ടിയ വീടുകളിൽ നിന്നും കുട്ടികളുടെ കരച്ചിലും മുതിർന്നവരുടെ അടക്കം പറച്ചിലുകളും. ഈ വൻനഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള ജീവിതവർത്തമാനങ്ങൾ!

ഇങ്ങനെ നടന്നത്‌ കൊണ്ടു കാര്യമില്ല. ഏറെ ദൂരം പോയാലും പ്രശ്‌നമാണ്‌. കൂട്ടുകാർ തന്നെ കാണാൻ ഇട വരരുത്‌! മൊബൈൽ നിശബ്‌ദമാണ്‌. എപ്പോഴാണോ ആ കാൾ വരിക? ദൂരെ ഒരു വൃത്തികെട്ട ബാർ കാണാം. അതിന്‌ മുന്നിലെ നിറം പിടിപ്പിച്ച ഇറച്ചിയും മീനും വിൽക്കുന്ന തട്ട്‌ കട കടന്ന്‌ അയാൾ നീങ്ങി. അവിടെ ഒരു ഇന്റർനെറ്റ്‌ കഫെ ശ്രദ്ധയിൽപെട്ടു. അതിനുള്ളിൽ കയറി സമയം കൊല്ലാം എന്ന്‌ തീരുമാനിച്ചു. പരിചയക്കാരാരും വരുന്ന സ്‌ഥലമല്ല.

അവിടെയും അയാൾക്ക്‌ താത്‌പര്യം തോന്നിയില്ല. ഓരോ സൈറ്റുകൾ തോറും വെറുതെ അലഞ്ഞു. മടുപ്പ്‌ തോന്നി. പക്ഷെ പുറത്തിറങ്ങി എന്ത്‌ ചെയ്യാൻ? ഒടുവിൽ മൊബൈൽ ശബ്‌ദിച്ചു. മിസ്‌ഡ്‌ കാൾ….. ശേഷം എസ്‌.എം.എസ്‌ വന്നു. വേഗം വന്നോളൂ”

അയാൾ പുറത്തിറങ്ങി പായുകയായിരുന്നു ആരെങ്കിലും കണ്ടാലോ എന്ന ഭീതി അമർത്തി കടകളുടെ മറ പറ്റി കുതിച്ചു. നേരം ഇരുട്ടിയത്‌ കൊണ്ട്‌ ആളുകൾ കുറവായിരുന്നു.

പൂട്ടാൻ തയ്യാറെടുക്കുന്ന ബേക്കറിക്കാരന്റെ കണ്ണിൽ പെടാതെ രാധാനിലയത്തെ ചൂഴ്‌ന്ന്‌ നിൽക്കുന്ന ഇരുളിലെത്തി. പിന്നെ നിശബ്‌ദത മുറ്റുന്ന മൃദുവായ കാലടികളോടെ മൂന്നാം നിലയിലേക്ക്‌ കയറി. വാതിലിൽ മുമ്പ്‌ പറഞ്ഞുറപ്പിച്ച പോലെ അടയാളത്തിന്‌ മൂന്ന്‌ തവണ കൊട്ടി. പിന്നെ മൊബൈലിൽ മിസ്‌ഡ്‌ അടിച്ചു…… അവൾ വാതിൽ തുറന്നു…! ഇപ്പോൾ കണ്ണുകൾ മാത്രമല്ല, അവളുടെ വസ്‌ത്രങ്ങളും മുഖത്തെ മേക്കപ്പും തിളങ്ങുന്നു.

“ഭർത്താവ്‌ നേരത്തെ പോയി. മോനെ ഉറക്കാനാണ്‌ ബുദ്ധിമുട്ടിയത്‌.

അയാളുടെ ഉള്ളിൽ ഒരു ആന്തലുണ്ടായി.

”ഞാൻ കരുതി നിങ്ങൾ വരില്ലെന്ന്‌.“ അവൾ പറഞ്ഞു.

വരാൻ പാടില്ലായിരുന്നു.! തന്നെ കരവലയത്തിലാക്കിയ ആ സ്‌ത്രീയെ അതുവരെ നയിച്ച മൃഗീയ ആകർഷണത്തിന്റെ പൂർത്തികരണത്തിനായി അമർത്തുമ്പോഴും മനസ്‌ തരിച്ചു നിന്നു. ജീവിതത്തിലെ ആദ്യ സ്‌ത്രീ സ്‌പർശത്തിന്റെ, അല്ല എത്തിപ്പെട്ട അപരിചിതമായ സന്ദർഭത്തിന്റെ ആശങ്കയോ? സുഹൃത്തുക്കൾ പോലും അറിയാതെ വളർത്തിയെടുത്ത ആ ബന്ധം പൂർത്തികരിക്കുന്ന സന്ദർഭത്തിനായി ഒരു ജാരന്റെ എല്ലാ ആകാംഷയോടും കാത്തിരുന്ന തനിക്കോ? അവളാവട്ടെ കൊഞ്ചിക്കുഴയുകയാണ്‌. തന്നെ ആസക്തിയുടെ ഉന്‌മത്തതയിലേക്ക്‌ നയിക്കുന്ന പ്രകടനമാണ.​‍്‌ അത്‌ മനസിൽ മുള പൊട്ടിയ വെറുപ്പിനെ കൂടി മറികടക്കുന്നു.

സമയം അതിന്റെ മായികഭാവങ്ങളോടെ കടന്ന്‌ പോവുകയായിരുന്നു വാതിലിലെ മുട്ട്‌ തീർത്തും അപ്രതീക്ഷിതമായി. കാര്യങ്ങൾ എത്ര വേഗമാണ്‌ കീഴ്‌മേൽ മറിഞ്ഞത്‌. വാതിൽ പഴുതിലൂടെ പുറത്തേക്ക്‌ കണ്ണയച്ച അവളുടെ മുഖം വിവർണമായി.” അയ്യോ…. എന്ന മുറവിളിയോടെ അവൾ വെപ്രാളപ്പെട്ടു. പിന്നെ അയാളെ പിടിച്ചെഴുന്നേൽപ്പിച്ച്‌ കട്ടിലിനടിയിൽ ഒളിപ്പിച്ചു. ആരാണ്‌…. അവളുടെ ഭർത്താവോ? ഇരുളിൽ വർധിക്കുന്ന അയാളുടെ നെഞ്ചിടിപ്പിന്റെ ഗതിവേഗം.

എത്രം നേരം കടന്ന്‌ പോയി എന്നറിയില്ല. അല്‌പം പോലും അവശേഷിക്കാതെ ഉരുകിയൊലിച്ച്‌ പോയിരുന്നെങ്കിൽ എന്നാശിച്ചു. തന്റെ മേൽ വന്നു ഭവിക്കാൻ പോവുന്ന അവസ്‌ഥ എത്ര ദാരുണമായിരിക്കും? ഓർക്കുമ്പോൾ വിറച്ച്‌ പോവുന്നു.

ഒന്നും ചെയ്യാനില്ല. പൊടിയും ചുക്കിലിയുംമൂടി ചവറ്‌ പോലെയായ നഗ്ന ശരീരം ഒന്നു ചെറുതായി ഇളക്കാൻ പോലും ധൈര്യമില്ല. എവിടെയാണ്‌ തന്റെ വസ്‌ത്രങ്ങൾ? മനസിനെ കടിച്ചമർത്തി നിർത്താനായിരുന്നു പ്രയാസം. ഒന്നു തേങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു. അപ്പോഴാണ്‌ ഒരു കരസ്‌പർശത്തിന്റെ അനുഭവം നിറഞ്ഞത്‌! അത്‌ ഇരുളിലെ ശൂന്യതയിൽ നിന്നോ തന്റെ മീതെ വീഴുന്നു?

പനി പിടിച്ച്‌ കിടന്ന ഒരു പഴയ രാവ്‌. അന്ന്‌ താൻ ദൃഢഗാത്രനായ ഈ യുവാവല്ല. പനിയുടെ തീവ്രത വർധിച്ച ഉണർവ്വിന്റെ ഏതോ യാമത്തിൽ സഹിക്കാനാവാതെ ചിണുങ്ങി കരഞ്ഞു. തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ അറിയുന്നത്‌ ആശ്വാസം പകർന്ന്‌ കൊണ്ട്‌ നെറ്റിയിലൂടെ പായുന്ന കരസ്‌പർശം ആണ്‌. കട്ടിലിന്റെ അരികിൽ അച്‌ഛൻ ഇരിപ്പുണ്ടായിരുന്നു. ഉറങ്ങിക്കോ… അച്‌ഛൻ തലോടി കൊണ്ടിരുന്നു.

അതേ കരസ്‌പർശം, ഇതൊരു മിഥ്യാബോധമോ? അയാളുടെ ഭീതി അപരിചിതമായ ഉത്‌കണ്‌ഠകൾക്ക്‌ വഴി മാറി.

ശ്‌….ശ്‌… അവളാണ്‌.“ വേഗം പൊയ്‌ക്കോളൂ. കള്ള്‌ കുടിച്ച്‌ തലക്ക്‌ പിടിച്ചപ്പോൾ യാത്ര മാറ്റി അങ്ങേർ മടങ്ങി വന്നിരിക്കുന്നു. അകത്ത്‌ കിടത്തിയിരിക്കുകയാണ്‌. പോ”

വസ്‌ത്രങ്ങൾ വലിച്ച്‌ കയറ്റി കൊണ്ട്‌ അയാൾ പുറത്തെ ഇരുട്ടിലേക്ക്‌ ഇറങ്ങി ഓടി. ആത്‌മാവിൽ കോരിച്ചൊരിയുന്ന ആത്‌മനിന്ദയോടെ ചെളിയിൽ പൂഴ്‌ന്ന്‌ കൊണ്ടിരിക്കുന്ന കാലുകൾ വലിച്ചൂരി കൊണ്ടുള്ള പാച്ചിൽ. വികാരാവേശത്തിന്റെ നികൃഷ്‌ടതയിൽ താനൊരു പുഴുവായിരിക്കുന്നു. ചെളിയിൽ പുളയ്‌ക്കുന്ന പുഴു. മനസിൽ ഭയാനകമായ ആ ഉത്‌കണ്‌ഠ വീണ്ടും നിറയുന്നു. അയാൾ മൊബൈൽ എടുത്ത്‌ സ്വിച്ച്‌ ഓൺ ചെയ്‌ത്‌ വീട്ടിലേക്ക്‌ ഡയൽ ചെയ്‌തു. ലൈൻ കിട്ടുന്നില്ലല്ലോ? സമയം പന്ത്രണ്ട്‌ കഴിഞ്ഞിരിക്കുന്നു. ഈ സമയം വീട്ടിലെ ഫോൺ എന്തേ ബിസി ആവാൻ?

തെരുവ്‌ വിജനമായിരുന്നു. ആ വിജനതയിൽ ചിണുങ്ങി കരയണമെന്നും അല്‌പം മുൻപ്‌ സ്വപ്‌നത്തിലെന്ന പോലെ തഴുകി പോയ കരസ്‌പർശം വീണ്ടും അനുഭവിക്കണമെന്നും ആഗ്രഹിച്ചു. പക്ഷെ ഒരു ഇളം കാറ്റ്‌ പോലും വന്നില്ല. ആരെങ്കിലും തന്നെ വിളിച്ചിരുന്നോ ആവോ? ഫോൺ ഓഫാക്കിയിരുന്നല്ലോ, വല്ലാത്ത ഉത്‌കണ്‌ഠയുടെ വീർപ്പുമുട്ടൽ, വീണ്ടും വീട്ടിലേക്ക്‌ ഡയൽ ചെയ്‌തു. ഹാവൂ!, ഇത്തവണ ബെൽ കേൾക്കുന്നുണ്ട്‌. അപ്പുറത്ത്‌ ഫോൺ എടുത്തത്‌ തിരിച്ചറിഞ്ഞ ക്ഷണത്തിൽ, ഉഛസ്‌ഥായിലായ ശ്വാസോച്‌ഛാസം പിടിച്ച്‌ നിർത്താൻ പാടു പെട്ടു കൊണ്ട്‌ അയാൾ ആരാഞ്ഞു.

“ഞാനാ……….അച്‌ഛൻ??”

Generated from archived content: story2_mar6_10.html Author: hasim_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here