ശിഥില വീചികള്‍: അവസാന ഭാഗം

കത്തുകള്‍

പ്രിയപ്പെട്ട ഇയ്ക്കാക്കാ,

മുമ്പൊരിക്കലും ഞാന്‍ ഇത്രയേറെ പേടിച്ചിട്ടില്ല. ഈ നഗരത്തോടുണ്ടായിരുന്ന പ്രണയം മുഴുവന്‍ ഈയൊരു സംഭവത്തോടെ വിഹ്വലതകള്‍ക്ക് വഴി മാറിയിരിക്കുന്നു. പറഞ്ഞാല്‍ ഇയ്ക്കാക്കാ വിശ്വസിക്കുകയില്ല. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു. റിപ്പറുടെ കാര്യം ഞാന്‍ ഫോണില്‍ പറഞ്ഞിരുന്നല്ലോ? അഞ്ചു പെണ്ണുങ്ങളെയാണ്‌ അയാള്‍ കൊന്നു കളഞ്ഞത്. അതും യാതൊരു കാരണവും കൂടാതെ. ഇയ്ക്കാക്കക്ക് മനസിലാവുന്നില്ലേ? വെറുതെ ഒരു പൂവ് ഇറുക്കുന്നത് പോലെ ഒരു മനുഷ്യജീവന്‍ നശിപ്പിച്ച് കളയാന്‍, അതില്‍ രസം കണ്ടെത്താന്‍ എങ്ങനെയാണ്‌ ഒരാള്‍ക്ക് കഴിയുന്നത്? അയാളൊരു മനോരോഗിയാണത്രെ! ഇങ്ങനെയുമുണ്ടോ രോഗം?

അയാള്‍ നടത്തിയ ഒരു കൊലയുടെ ഭീതികരമായ പശ്ചാത്തലത്തിലൂടെ ഓരോ നിമിഷവും കത്തിമുന മുഖാമുഖം കണ്ട് പേടിച്ച് വിറച്ച് ഓടിയ കാര്യം പറഞ്ഞല്ലോ. ഞാന്‍ ക്ലാസില്‍ നിന്നും മടങ്ങി വരുമ്പോഴാണ്. നല്ല മഞ്ഞായിരുന്നു. ആ പെണ്‍കുട്ടി മരിച്ച് കിടക്കുന്ന കാഴ്ച ഇപ്പോഴും എന്റെ കണ്ണില്‍ നിന്നും മായുന്നില്ല. ഞാന്‍ ഓടി. ഉമ്മായെ കാണാനില്ല. എന്റെ ഭീതി അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. മഞ്ഞില്‍ ഒന്നും കാണാമായിരുന്നില്ല. ഇടയ്ക്ക് കുറേ വട്ടം ഞാന്‍ തപ്പിത്തടഞ്ഞ് വീഴാറായി. ഒടുവില്‍ ദാ തൊട്ടു മുന്നില്‍ ചെറിയ ഒരു ആള്‍ക്കൂട്ടം. ഓടി കൊണ്ടിരുന്ന ഞാന്‍ ആരുടെയൊക്കെയോ ദേഹത്ത് ചെന്ന് മുട്ടി. എല്ലാവരുടേയും നോട്ടം എന്റെ നേരെ. മുന്നിലേക്ക് ഉമ്മാ ഓടിയെത്തി. ഭയമൊന്ന് അടങ്ങി പരിസരബോധം വീണ്ടുകിട്ടാന്‍ കുറേ സമയം വേണ്ടി വന്നു. കൊലയെ കുറിച്ചുള്ള വിവരം കിട്ടിയത് കൊണ്ടാവണം പോലീസ് എല്ലാവരേയും അവിടെ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഒന്നും കാണാനാവാത്ത വണ്ണം എങ്ങും മൂടല്‍ മഞ്ഞായിരുന്നല്ലോ! ഉമ്മാ അപ്പോള്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. സംഭവം എന്താണെന്നറിയാതെ, എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തയായി നില്ക്കുമ്പോഴാണ്‌ ഞാന്‍ ഓടിയെത്തുന്നത്. അതോടെ ഉമ്മായ്ക്ക് ശ്വാസം നേരെ വീണു. വാപ്പായെ ഫോണില്‍ വിളിച്ചു. വേഗം തന്നെ വാപ്പ സൈറ്റില്‍ നിന്നും പാഞ്ഞെത്തി. കാര്യങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അരിശം കൊണ്ടു.’അവനെയൊക്കെ കൊന്നു കളയുകയാണ്‌ വേണ്ടത്!’

ഏതായാലും ‘അല്‍ഹംദുലില്ലാഹ്’ അന്നു തന്നെ അവന്‍ പോലീസിന്റെ വലയില്‍ വീണു. ശ്രീലങ്കക്കാരനാണ്‌ എന്നാണറിവ്. മൊഴിയെടുത്തപ്പോള്‍ കൊലയുടെ കാരണത്തെ കുറിച്ച് അയാള്‍ക്ക് ഒന്നും പറയാനില്ലത്രെ. താനങ്ങനെ ചെയ്തു പോവുന്നു എന്ന് മാത്രമേ അയാള്‍ക്ക് അറിയുള്ളൂ പോലും!ഇങ്ങനെയും മനുഷ്യരുണ്ടോ?

കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി അയാളെ ഞങ്ങളുടെ ഫ്ലാറ്റിനു താഴെ കൊണ്ട് വന്നിരുന്നു. ഞാന്‍ ബാല്ക്കണിയില്‍ നില്ക്കുകയായിരുന്നു. അപ്പോഴാണ്‌ എനിക്ക് ശരിക്കും അമ്പരപ്പ് ഉണ്ടായത്. ചുവന്ന കണ്ണുകളും പരുക്കന്‍ ഭാവങ്ങളുമുള്ള അജാനുബാഹുവായ ഒരാളായിരുന്നു എന്റെ സങ്കല്പ്പത്തിലുണ്ടായിരുന്നത്. ആരും കണ്ടാല്‍ തന്നെ ഭയന്ന് പോകാവുന്ന ഒരു പ്രാകൃത രൂപം. പക്ഷെ ഞാന്‍ കണ്ടതോ?ഇരുപത്-ഇരുപത്തിമൂന്ന് വയസ് പ്രായം പറയാവുന്ന മെല്ലിച്ച് ഒരു ചെറുപ്പക്കാരന്‍. കാഴ്ചയില്‍ ആര്ക്കും ദോഷം പറയാന്‍ കഴിയില്ല. മുഖത്ത് കള്ളത്തരം കാട്ടിയ കൊച്ച് കുട്ടിയുടെ പരിഭ്രമമോ?കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മാതാവ് കരച്ചിലിനോടടുത്ത ശകാരവാക്കുകളോടെ അവനെ തല്ലാന്‍ കയ്യോങ്ങി കൊണ്ട് മുന്നോട്ട് വരികയുണ്ടായി. പോലീസ് യഥോചിതം ഇടപെട്ട് ആ മാതാവിനെ നിയന്ത്രിച്ച് നിര്ത്തി . ആള്‍ക്കൂട്ടം മുഴുവന്‍ അവനെ വെറുപ്പോടെ നോക്കി കൊണ്ടിരിക്കുന്നു. എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കുന്ന ടീവി ക്യാമറകള്‍. എല്ലാ ബഹളങ്ങളുടേയും മദ്ധ്യേ അവന്‍ കണ്ണുകള്‍ താഴ്ത്തി നില്ക്കുന്നു.

വാപ്പ പറയുകയും ചെയ്തു.’അവനെ നോക്കൂ.ഏതോ നല്ല കുടുംബത്തിലുള്ള പയ്യനാണ്‌ എന്ന് തോന്നുന്നു. അഞ്ചു പെണ്ണുങ്ങളെ കൊന്ന പുള്ളിയാണെന്ന് ആരെങ്കിലും കണ്ടാല്‍ പറയുമോ?ഇവന്റെയൊക്കെ ബുദ്ധിയും ബോധവും മദ്യത്തിനും മയക്കുമരുന്നിനും കീഴ്പെട്ട് മറഞ്ഞു പോയിട്ടുണ്ടാവും. അല്ലാതെ എന്താണ്‌?”മറ്റൊരു രസം കേള്‍ക്കണോ? ഇവിടെ ഏതോ വലിയ കമ്പനിയില്‍ നല്ലൊരു ജോലിയുള്ള വ്യക്തിയാണത്രെ ഇയാള്‍….!

മൊത്തത്തില്‍ വല്ലാതെ എന്നെ ഉലച്ച് കളഞ്ഞു, ഈ സംഭവം. ഇന്നലെ വൈകുന്നേരം കോര്ണി്ഷിന്റെ കരയിലൂടെ നടന്ന് വരുമ്പോള്‍ എന്താണ്‌ തോന്നിയത് എന്ന് കേള്‍ക്കണോ? എല്ലാ മനുഷ്യരുടേയും പിന്നില്‍ പ്രത്യേക സ്വഭാവസിദ്ധികളുമായി ഒരു മൃഗമുണ്ട്. ഈ നഗരം വലിയൊരു വനമായി രൂപാന്തരപ്പെട്ട് കൊണ്ടിരിക്കുന്നു. ഒരു ഘോരവനം. അതിന്റെ സൌന്ദര്യത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്ന ഒരായിരം ഹിംസ്രജന്തുക്കള്‍! (പണ്ട് നമ്മള്‍ കണ്ട സിനിമയിലോ മറ്റോ ആണ്….?ഇയ്ക്കാക്ക ഓര്‍ക്കുന്നുണ്ടോ? എനിക്ക് എത്ര ആലോചിച്ചിട്ടും അതിന്റെ പേരു കിട്ടുന്നില്ല. കുറേ കുട്ടികള്‍ക്ക് ഒരു അദ്ഭുത കണ്ണാടി കിട്ടുന്നു. എന്നിട്ട് അവര്‍ അത് ധരിച്ച് ചില മനുഷ്യരെ നോക്കുമ്പോള്‍ തെളിയുന്നത് വന്യമൃഗങ്ങളാണ്‌. അങ്ങനെ അവര്ക്ക് മനുഷ്യരൂപം മാത്രമേയുള്ളൂ,യഥാര്ത്ഥ പ്രകൃതം ഇങ്ങനെയാണ്‌ എന്ന് കുട്ടികള്‍ തിരിച്ചറിയുന്നു. ഇയ്ക്കാക്ക തന്നെ പറഞ്ഞ കഥയാണോ അത്?) ആ യൊരു അനുഭവമാണ്‌ എനിക്കുണ്ടായത്. അങ്ങനെയൊരു കണ്ണാടി കിട്ടിയിരുന്നെങ്കില്‍ എന്ന് യഥാര്ത്ഥ ത്തില്‍ ചിന്തിച്ചു പോയി.

മറ്റു വിശേഷം ഒന്നുമില്ല. നെഞ്ചിലേക്ക് കോരിയിട്ട അങ്കലാപ്പുകളെ ഒഴിച്ചാല്‍ കാര്യങ്ങളെല്ലാം ഇപ്പോള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തിയിരിക്കുന്നു. ഇവിടെ എല്ലാവര്ക്കും സുഖം തന്നെ. ഇയ്ക്കയ്ക്കും അങ്ങനെ തന്നെ എന്ന് വിശ്വസിക്കട്ടെ. ഇപ്പോഴെന്താണ്‌ കത്തുകളൊന്നും അയക്കാത്തത്? ഉമ്മാ എപ്പോഴും പരാതിപ്പെടുന്നത് കേള്ക്കാം . അഞ്ചാറു മാസം കൂടി കഴിഞ്ഞാല്‍ ഇയ്ക്കാക്കയും ഇങ്ങോട്ട് വരുമല്ലോ? അപ്പോള്‍ നല്ല രസമായിരിക്കും അല്ലേ? തത്ക്കാലം നിര്‍ത്തട്ടെ.

സ്വന്തം റസിയ.

(റസിയക്ക് കത്തെഴുതി കൊണ്ടിരിക്കുമ്പോള്‍ പുറത്തേക്ക് നിര്‍ഗളിക്കുന്ന ഓരോ വാക്കും എങ്ങനെ ഒളിപ്പിച്ച് വയ്ക്കും എന്ന വേവലാതിയായിരുന്നു. – ഇയ്ക്കാക്കയുടെ ഡയറി)

പ്രിയപ്പെട്ട റസിയ,

നിന്റെ കത്ത് വായിച്ച് എന്റെ മനസ് എത്ര പ്രക്ഷുബ്‌ധമായി എന്നറിയാമോ?ഖുര്ആയനികമായ ഒരു പ്രാര്‍ത്ഥന നാവിന്തുമ്പിലേക്ക് ഓടി വന്നു.

‘നീ ഞങ്ങളെ നേരായ മാര്‍ഗത്തില്‍ നയിക്കേണമേ, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍, കോപത്തിനിരയായവരുടേയും വഴിപിഴച്ചവരുടേയുമല്ല.’

എത്രയെത്ര വിചിത്രവും വിസ്മയാവഹവുമായ വഴികളിലൂടെയാണ്‌ മനുഷ്യജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ വഴിയും ഒരോരുത്തരെ എവിടം വരെ കൊണ്ടെത്തിക്കും എന്ന് അല്ലാഹുവിനാണല്ലോ ഏറ്റവും നന്നായി അറിയുക. നിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെയുള്ളില്‍ ഒരു കൂരമ്പാണ്‌ തറഞ്ഞിരിക്കുന്നത്!

അയാളുടെ മാനസികാവസ്ഥ എനിക്കറിയില്ല. മനുഷ്യനെങ്ങനെ ഈ നിലയിലേക്ക് വീഴുന്നു?നമ്മുക്ക് എന്ത് കൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു? സ്വകാര്യമായതെല്ലാം ചിന്നഭിന്നമാക്കി കൊണ്ട് പാഞ്ഞ് പോവുകയാണല്ലോ , ശബ്‌ദകോലാഹലങ്ങളോടെ ഇന്നത്തെ ഗതിവിഗതികള്‍. ജീവിതത്തെയും നിലനില്പ്പിനേയും അപ്പാടെ ചൂഴ്ന്ന് കൊണ്ട് അതിന്റെ ചൂളം വിളി. അങ്ങനെ നുറുങ്ങി പോവുന്ന ജീവിതത്തില്‍ സ്വന്തമെന്ന് കരുതി ചേര്ത്ത് പിടിക്കാന്‍ ശ്രമിക്കുന്നതെല്ലാം മരീചിക മാത്രമായി തീരുകയാണ്.അപ്പോള്‍ വെളിച്ചം കെട്ട് പോയ ആത്മാവ് സര്‍ഗാത്മകമായ ജാലകങ്ങള്‍ അടഞ്ഞ നിലയില്‍ ഇരുട്ടില്‍ തപ്പിത്തടയുന്നു. എങ്ങനെയാണ്‌ പുറത്തേക്ക് ഒരു വഴി?

എനിക്കറിയില്ല!നേര്‍ രേഖയില്‍ പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ജീവിതവും ലോകവും, ആദ്യം ഒന്നു പിരിഞ്ഞു. പിന്നെയും പിരിയുന്നു. അങ്ങനെ ഇനിയും എത്രയെത്ര ശിഖരങ്ങളാവുന്നു. ഒന്നും സ്ഥിരമല്ല. അപ്പോള്‍ ഒരു ഉത്തരത്തിനു എന്താണു പ്രസക്തി. ചോദ്യങ്ങള്‍ ഒരോ നിമിഷവും ഉയര്ന്നു കൊണ്ടിരിക്കുന്നു. കാരണം എല്ലാവര്ക്കും ജീവിതത്തിന്റെ ഒരോ നിമിഷവും പുതിയതും അപരിചിതവും ആണല്ലോ?

ഇപ്പോള്‍ ഇവിടെ മഴ കനത്ത് പെയ്തു കൊണ്ടിരിക്കുകയാണ്‌. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയത്രെ. റോഡുകള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. ഞാന്‍ താമസിക്കുന്ന വീടിനു മുന്നിലെ തെരുവ് ചെളിയില്‍ കുഴഞ്ഞ് കിടക്കുന്നു. നനഞ്ഞ കോഴിയെ പോലെ അന്തരീക്ഷം! രണ്ട് ദിവസം മുമ്പേയാണ്‌ മഴ തുടങ്ങിയത്. അന്നു തൊട്ട് നിര്ത്താ തെ പെയ്യുകയാണ്‌. ഞാന്‍ പറഞ്ഞ് കേള്‍പ്പി ച്ചിട്ടുള്ള ആ വിശാലമായ ആകാശം,കരി പിടിച്ച ചിമ്മിണി പോലെയുള്ള മുഖം വീര്പ്പിച്ച് കരഞ്ഞ് കൊണ്ടിരിക്കുന്നു. ആ വിഷാദത്തില്‍ കുളിച്ച്, നിന്റെ കത്തിന്റെ പ്രഹരമേറ്റിരിക്കുമ്പോള്‍ എനിക്ക് തോന്നി. നൂഹിന്റെ ജനതയുടെ മീതെ വീണ ദൈവകോപം പോലെയാണിത്. എനിക്ക് രക്ഷപെടാന്‍ ഒരു പെട്ടകം വേണം.

ഓര്‍മ്മയില്‍ നിന്നും ഒരു പെട്ടകത്തിന്റെ രൂപം ഒഴുകി വരുന്നു. നിനക്കും മനസ്സില്‍ ആ പഴയ മഴക്കാലത്തിന്റെ ഇരമ്പല്‍ കേള്‍ക്കാനാവുന്നുണ്ടോ? നമ്മുടെ വീടിന്റെ മുറ്റത്ത് കൂടി വെള്ളം ചാലു കീറി തിമിര്‍ത്ത് ഒഴുകുന്നത്? ഒടുവില്‍ പറമ്പിലെ കല്ലുവെട്ട് കുഴിയില്‍ ചെന്നത് നിറയുന്നു. മഴ വിട്ട് നില്ക്കുന്ന ഇടവേളകളില്‍ നഗ്നപാദങ്ങളോടെ നനഞ്ഞ മണ്ണില്‍ ചവിട്ടി നമ്മളോടും! നമ്മുടെ തൊടിയില്‍ രൂപപ്പെട്ട ആ കൊച്ച് കുളം വിസ്മയാതിരേകത്തോടെ നോക്കി കാണാന്‍. അന്നൊക്കെ നനഞ്ഞ് കുതിര്‍ന്ന പ്രകൃതി ഏതെങ്കിലും ഇലച്ചാര്ത്തു കളില്‍ നിന്നും വെള്ളത്തുള്ളികള്‍ തെറിപ്പിച്ച് നമ്മളെ ആനന്ദഹര്‍ഷത്തിലേക്ക് ആഴ്ത്തിയിരുന്നു. ഓര്‍മ്മയുണ്ടോ ,നമ്മുടെ കടലാസ് തോണികളെല്ലാം അപകടം പിണഞ്ഞ് മുങ്ങിയപ്പോള്‍ അന്നു വാപ്പ പണിതെടുത്ത പെട്ടകം!വലിയൊരു മരക്കഷ്ണത്തില്‍ ഒരു ദിവസം മുഴുവന്‍ മിനക്കെട്ടാണ്‌ അത് കൊത്തിയെടുത്തത്. അതിന്റെ ശില്പ്പഭംഗി അന്ന് നമ്മുടെ കൌതുകത്തെ എത്ര ആഴത്തിലാണ്‌ പിടിച്ചെടുത്തത്? വാപ്പായുടെ പുറകെ നമ്മള്‍ ഒച്ചയെടുത്ത് നടന്നു.

ആ കൊച്ച് പെട്ടകം നമ്മുടെ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിന്റെ മീതെ ഗര്‍ വോടെ കിടക്കുന്നയാ ദൃശ്യമാണ്‌ ഇപ്പോഴെന്റെ മനസിലുള്ളത്. നമ്മുക്കാ പെട്ടകത്തിന്റെ ഉള്ളിലേക്ക് കയറാം. എന്നിട്ട് എല്ലാ അശുദ്ധികളും ഒഴുക്കി കളയുന്ന മറ്റൊരു പ്രളയത്തിന്‌ ശേഷമുള്ള പുതുമണ്ണിലേക്ക് കാലു വയ്ക്കാം.

ആ മഴക്കാലത്തിന്‌ ശേഷമാണ്‌ വാപ്പ ഗള്‍ഫില്‍‍ പോയത്. അതോടെ നമ്മുടെ ജീവിതം ഒറ്റപ്പെട്ടതും ഇടുങ്ങിയതും ആയെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ? അന്നൊക്കെ പക്ഷെ അത് തിരിച്ചറിയാന്‍ കഴിയാത്ത വിധം നമ്മള്‍ ചെറുതായിരുന്നു. തുടക്കത്തിലെ വിഷമങ്ങള്‍ക്ക് ശേഷം നമ്മള്‍ പിന്നെയും കളിച്ച് നടന്നു. എന്നാല്‍ ജീവിതത്തില്‍ നമ്മള്‍ അനുഭവിച്ച് കൊണ്ടിരുന്ന നിസ്സഹായത അപ്പാടെ കാട്ടിത്തരുന്ന അന്നത്തെ ഏറ്റവും നിസാരവും രസകരവുമായ ഒരു സംഭവം ഇന്നിപ്പോള്‍ ഓര്‍മ്മ വരുന്നു.

അന്ന് വീട്ടില്‍ ഭയങ്കര എലിശല്യമായിരുന്നു. ഏതോ ഒരു വയസന്‍ നടപ്പ് കച്ചവടക്കാരന്‍ തലച്ചുമടായി കൊണ്ട് വന്ന എലിപ്പെട്ടികളില്‍ ഒന്ന് നമ്മള്‍ വാങ്ങി. പിറ്റേന്ന് തന്നെ അതില്‍ എലി കുടുങ്ങുകയും ചെയ്തു. എന്നിട്ടോ?ഞാനും ഉമ്മായും നീയും അതിന്റെ ചുറ്റും നിന്ന് പരസ്പരം മുഖത്തോട് മുഖം നോക്കി. എങ്ങനെയാണ്‌ ഇനി ഇതിനെ കൊല്ലുക? നമ്മുക്കന്ന് അതൊരു അതിഗുരുതരമായ പ്രശ്നമായിരുന്നു! ആര്ക്കും അതിന്‌ കഴിയുമായിരുന്നില്ല. എലി ഉള്ളിലൂടെ ദ്രുതഗതിയില്‍ രക്ഷ തേടി അങ്ങുമിങ്ങും കുതറുന്നത് കാണുമ്പോഴേ നമ്മുടെ രണ്ടും രോമങ്ങള്‍ എഴുന്നു നിന്നു. ഉമ്മാ സ്വന്തം നിസ്സഹായത മറച്ച് വച്ച് കൊണ്ട് ഒച്ചയെടുക്കും. എന്നെ ചീത്ത പറയും.’നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല’.

വാപ്പ ചെയ്യുന്നത് മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്. എലിപ്പെട്ടിയുടെ വാതില്‍ ഒരു ചാക്കിനുള്ളിലേക്ക് മെല്ലെ തുറക്കും.എന്നിട്ട് എലി ഉള്ളില്‍ പ്രവേശിച്ചയുടന്‍ ചാക്കിന്റെ വായ മൂടി കെട്ടി,അതിനുള്ളിലിട്ട് അതിനെ അടിച്ച് കൊല്ലുന്നു. അങ്ങനെ ചെയ്യണമെന്ന് നിനച്ചാലും ഭാവനയില്‍ പോലും എനിക്കത് പൂര്‍ത്തി യാക്കാന്‍ കഴിയില്ല. പെട്ടി മെല്ലെ തുറക്കുമ്പോഴേക്കും എലി ഒരൊറ്റ കുതിപ്പാണ്‌. നടുക്കത്തോടെ പിന്നിലേക്ക് തെറിക്കുന്ന എന്നെ കബളിപ്പിച്ച് അത് രക്ഷപെടുമെന്ന് ഉറപ്പാണ്‌. എനിക്കതിനു കഴിയില്ല.

പിന്നെ നമ്മള്‍ ചെയ്യാറുള്ളത് ഇങ്ങനെയാണ്‌. ഒരു ബക്കറ്റില്‍ വെള്ളം നിറച്ച് എലിപ്പെട്ടി അതിന്റെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുംഅപ്പോഴും എലി മരണവെപ്രാളത്തോടെ വെള്ളമെത്താത്ത മൂലകളിലേക്ക് അള്ളിപ്പിടിച്ച് കയറി വരും. അതിനെ കമ്പ് കൊണ്ട് വെള്ളത്തിലേക്ക് കുത്തി താഴ്ത്തേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു. കമ്പിന്റെ അറ്റത്ത് നിന്നും കുതറി മാറി രക്ഷപെടാനുള്ള വൃഥാപ്രയത്നത്തോടെ അത് പൊങ്ങി വരും. കമ്പിയഴികള്‍ കൂര്ത്ത പല്ലുകള്‍ കൊണ്ട് കടിച്ച് മുറിക്കാന്‍ ശ്രമിക്കും. അതിനെ ഒരോ തവണ കുത്തി താഴ്ത്തുമ്പോഴും എന്റെയുള്ളില്‍ എന്തോ പിടച്ച് കൊണ്ടിരുന്നു. കൈകള്‍ വിറച്ച് പോവുന്നു. നിനക്കറിയാമോ?ആ പെരുച്ചാഴി ഇപ്പോഴും എന്റെയുള്ളില്‍ ഇടയ്ക്കിടെ തല പൊന്തിച്ച് വരാറുണ്ട്!

ഞാന്‍ എന്താണ്‌ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് നിനക്ക് തോന്നുന്നുണ്ടാവും. നിന്റെ കത്തിലെ വിവരങ്ങള്‍ വായിച്ചപ്പോള്‍ മനസിനെ കലുഷമാക്കി തെളിഞ്ഞ അവ്യക്തമായ എന്തൊക്കെയോ കാര്യങ്ങള്‍ എഴുതണമെന്ന് കരുതിയതാണ്‌. പക്ഷെ ഒന്നും വ്യക്തമാവുന്നില്ല.അപ്പോള്‍ എഴുതി വന്നത് ഇങ്ങനെയായി തീര്ന്നു വെന്ന് മാത്രം. ഏതായാലും നിര്ത്തു ന്നു. വാപ്പയേയും ഉമ്മായേയും എന്റെ അന്വേഷണങ്ങള്‍ അറിയിക്കുക.

സ്വന്തം ഇക്കാക്ക.

*************************

Generated from archived content: sidhilaveechi9.html Author: hasim_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English