ശിഥില വീചികള്‍ : അധ്യായം 8

( വാപ്പ ഫോണില്‍ പറയുകയാണ്‌.’അവധി കിട്ടുമ്പോഴൊക്കെ നീ ഒറ്റക്ക് എന്തെടുക്കുന്നു.ഇടയ്ക്ക് നാട്ടിലേക്ക് ചെന്ന് മൂത്തുമ്മായെ ഒന്ന് അന്വേക്ഷിച്ച് കൂടേ?പഠിക്കാനുള്ള പണമൊക്കെ തന്ന് സഹായിച്ചത് അവരാണെന്ന് ഓര്മ്മ- വേണം.ഏന്താ വലിയ ആളായി പോയി എന്ന തോന്നലുണ്ടോ?ഇപ്പോഴവിടെ മൂത്തുമ്മായും മകന്‍ ഷറഫും മാത്രമല്ലേ ഉള്ളൂ.അവര്ക്കണതൊരു സന്തോഷമാവും’. നിര്‍ബന്ധമായും പോയിരിക്കണം എന്ന ഒരു താക്കീതും.-ഇയ്ക്കാക്കയുടെ ഡയറി.)

ഒടുവില്‍ സുഹൃത്തുക്കളെല്ലാം എഞ്ചിനിയറിങ്ങ് തീര്ത്ത് പോവാന്‍ ഒരുങ്ങി നില്ക്കു ന്ന വേളയില്‍ അവനാ മാളത്തിന്റെ ഇരുണ്ട ലോകത്തില്‍ കഴിയുകയാണ്‌.’ഇനിയിപ്പോ നിന്നെ ഇവിടെ കൊണ്ട് വന്ന് നല്ലൊരു ജോലിയിലാക്കിയിട്ട് വേണം…ഉമ്മായുടേയും വാപ്പായുടേയും സ്വപ്നങ്ങള്‍ ഇടയ്ക്കിടെ ഫോണിലൂടെ അവനെ തേടി വരും . അപ്പോഴെല്ലാം താന്‍ അകപ്പെട്ട് പോയ ആശാഭംഗത്തിന്റെ ആഴം കാണാനാവാതെ അവന്‍ കണ്ണുകള്‍ ഇറുക്കിയടക്കും. അസഹനീയതയോടെ മുഷ്‌ഠി ചുരുട്ടി ഭിത്തിയില്‍ ഇടിക്കും. ശക്തിയില്‍ പല്ലിറുമി കൊണ്ട് തേങ്ങും.മാളത്തിന്റെ മൂലയില്‍ ഇരുണ്ട അന്തരീക്ഷത്തില്‍ ചിന്താവിവശതയോടെ ഇരിക്കും .ശരിക്കും അതൊരു മാളമായിരുന്നു .ഒരു എലിമാളം അതിനുള്ളില്‍ ഒറ്റയ്ക്ക് ഒരു പെരുച്ചാഴിയുടെ ജീവിതം അവന്‍ ജീവിച്ചു. വല്ലപ്പോഴും കേട്ട ആളുകളുടെ കാല്പ്പെരുമാറ്റവും കാര്‍ പോര്‍ച്ചിലെ കാറിന്റെ ഡോറോ എഞ്ചിനോ ഉയര്ത്തു ന്ന ശബ്‌ദവും കൂടി അവന്റെ സ്വൈര്യം കെടുത്തി.

മിക്കവാറും ആലോചനയിലായിരിക്കും. ഒന്നും ഓര്‍ത്തെടുക്കാന്‍ കൂടിയില്ലാത്ത നിലയില്‍ കഴിഞ്ഞ നാലു വര്ഷം. എങ്ങനെയാണ്‌ ഞാന്‍ നശിപ്പിച്ചത്? എല്ലാം ഒരു ദു:സ്വപ്നം പോലെ. സ്വന്തം സ്ഥിതി എനിക്ക് നന്നായി അറിയാമായിരുന്നല്ലോ?എന്നിട്ടും ഏത് പ്രേരണയിലാണ്‌ ഇങ്ങനെയൊക്കെ ചെയ്തത്. സദാ സ്വപ്നലോകത്തില്‍ വസിച്ച ഒരു വിഢ്ഢിയാണോ ഞാന്‍?പ്രവീണ…… പോയി തുലയട്ടെ. വാപ്പായും ഉമ്മായും റസിയയും അടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ സ്വപ്നങ്ങള്‍ കൂടി പുലര്ത്താ ന്‍ കഴിയാത്തവനാണ്‌ ഞാന്‍. അങ്ങനെ ചിന്തയുടെ വഞ്ചി തുഴഞ്ഞ് തുഴഞ്ഞ് തളരുമ്പോള്‍ അവന്‍ ഊളിയിടുന്നു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട രതി വൈകൃതങ്ങളുടെ ലോകത്തേക്ക്.

വല്ലാത്തൊരു സ്വൈര്യക്കേടാണ്‌ അപ്പോള്‍. കൈയില്‍ കിട്ടുന്ന ഏതെങ്കിലും വസ്ത്രങ്ങള്‍ വലിച്ച് കയറ്റി കൊണ്ട് ആ മുറിയുടെ ഇരുളിമയില്‍ നിന്നും വച്ച് പിടിക്കുന്നു. ഇന്റര്‍നെറ്റ് കഫെയില്‍ എത്തി ഏതെങ്കിലും കമ്പ്യൂട്ടറിനു മുന്നില്‍ മനസ് ഒതുക്കി പിടിച്ച് കൊണ്ട് ഇരിക്കുന്നത് വരെ രക്ഷയില്ല. മുറിയില്‍ നിന്നും പത്ത് മിനിറ്റ് നടന്നാല്‍ ഒരു കഫെ ഉണ്ട്. അവിടെയാവും അവന്‍ സാധാരണ പോവുക. മേല്‍ച്ചുണ്ടില്‍ മറുകുള്ള യൌവനം വിടാത്ത ദൃഢഗാത്രയായ ഒരു സ്ത്രീ ആയിരുന്നു അതിന്റെ ഉടമസ്ഥ. സ്ഥിരം ഉപഭോക്താവായ അവനെ ഒരു പുഞ്ചിരിയോടെയാവും അവള്‍ എതിരേല്ക്കുക. എന്നാല്‍ ആ പുഞ്ചിരി അവന്റെ സ്വൈര്യക്കേടിനു മീതെ ഉഷ്‌ണക്കാറ്റായിട്ടാണ്‌ പതിക്കുക. ഉള്ളിലെ പെരുച്ചാഴി തലപൊക്കുന്നു. അവന്‍ ചൂളി പോവുന്നു.’എന്തിനാണ്‌ ഇവള്‍ ചിരിക്കുന്നത്?ഒരു പക്ഷെ തന്റെ മനസിന്റെ ഇരുണ്ട സഞ്ചാരപഥങ്ങളെ കുറിച്ച് ഇവള്‍ക്ക് ബോധ്യമുണ്ടാവും. ഞാന്‍ കറങ്ങി തിരിയുന്ന സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവളുടെ കണ്ണുകളില്‍ ഉടക്കിയിട്ടുണ്ടാവും. അങ്ങനെ ആ പുഞ്ചിരി ഏറ്റു വാങ്ങുമ്പോള്‍ പരിഹാസ്യനായി തീരുന്നതായി അവനു തോന്നും. കൈവെള്ള വിയര്‍ത്ത് നനയുന്നു. മൂലയിലുള്ള ഒറ്റപ്പെട്ട ഒരു സിസ്‌റ്റം കിട്ടണം എന്നാവും അവന്റെ ആഗ്രഹം. പക്ഷെ പകല്‍ സമയം ആയതിനാല്‍ കഫെ വിജനമായിരിക്കും. അതു കൊണ്ട് തന്നെ ആദ്യത്തെ കമ്പ്യൂട്ടറിനു നേരെയാവും അവള്‍ വിരല്‍ ചൂണ്ടുക.

അവിടെ ഇരുന്ന് അവന്‍ നനഞ്ഞ കൈപ്പടം പരിഭ്രമത്തോടെ മൌസിനു മീതെ വയ്ക്കുന്നു. ആദ്യം ലേശം അസ്വസ്ഥനാവും. എങ്ങനെയാണ്‌ അവളുടെ കണ്ണുകള്‍ക്ക് താഴെയുള്ള ഈ സീറ്റില്‍ ഇരുന്നു കൊണ്ട് താനാ ലോകത്തേക്ക് പ്രവേശിക്കുക. മുഖമൊന്നു തിരിച്ചാല്‍ അവള്‍ക്ക് മുന്നില്‍ തന്റെ വൈകൃതപൂര്‍ണ്ണമായ ചിന്താലോകം വെളിപ്പെട്ട് പോവും. എന്നാലും തൃഷ്‌ണയെ പിടിച്ച് കെട്ടാനാവാതെ ഇടയ്ക്കെപ്പോഴോ അവന്റെ വിരലുകള്‍ ഒരൊറ്റ ക്ളിക്കിലൂടെ അവിടേയ്ക്ക് ഇറങ്ങുകയായി.

പിന്നെ ഭ്രാന്തും ഭ്രമാത്മകതയും ഫെറ്റിഷിസവും ഒത്തു ചേരുന്ന വൈചിത്രങ്ങളിലൂടെ അവന്റെ മനസ് ഒഴുകി തുടങ്ങും. പരിഹാസവും വേദനയും തൊട്ട് കൊലപാതകം വരെ അവിടെ ലൈംഗിക അനുഭവങ്ങളായി നിറയുന്നു. ആ താളം തെറ്റിയ ലോകത്തിനൊപ്പം വക്രീകരണത്തിന്‌ വിധേയമാവുന്ന മനസിന്റെ ഇക്കിളിപ്പെടലായിരുന്നു അവന്റെ രസം. ഉടമസ്ഥ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഇടയ്ക്കിടെ ഒളികണ്ണിട്ട് കൊണ്ട് ഉറപ്പ് വരുത്തും. ആ ലോകത്തിന്റെ ഉള്ളറകളിലെ ഇരുണ്ട കോണില്‍ അവന്‍ ബന്ധിതനായി കൊണ്ടിരുന്നു. ചങ്ങലകളാല്‍ വലിഞ്ഞ് മുറുക്കപ്പെട്ട്‌ ഇരുട്ടില്‍ തപ്പിത്തടഞ്ഞ് കൊണ്ട് അവിടെ വെറും നിലത്ത് കിടന്നു. നനഞ്ഞ തറക്ക് തണുപ്പും വഴുവഴുപ്പും. ഓവിലൂടെ ഒലിച്ച് തീരുന്ന വെള്ളം വിസിലടിക്കുന്ന പോലൊരു ശബ്‌ദം ഉണ്ടാക്കുന്നത് കേള്‍ക്കാം .

ആ ശബ്‌ദം! ഈ വക വികാരങ്ങളെയെല്ലാം തിരിച്ചറിയാന്‍ പോലും പാകമെത്താത്ത അവന്റെ ബാലമനസ്സില്‍ അത് രേഖീയമായി കിടപ്പുണ്ട്. ബ്രൌസിങ്ങിന്റെ വേളയിലെന്നും ഭൂതകാലത്തേക്കുള്ള പ്രവേശികയായി ഒരു ഐക്കണ്‍ പോലെ അത് ദൃശ്യമാവും. അന്നൊക്കെ നഗ്നതയെ കുറിച്ച് ആകെ അറിയുന്ന വ്യാഖ്യാനം ചൂണ്ടുവിരല്‍ മൂക്കില്‍ വച്ച് കൊണ്ടുള്ള ‘അയ്യേ’ എന്ന ലജ്ജാവഹമായ ഭാവമാണ്‌. അയ്യേ അയ്യേ..ദാ ഷറഫിക്ക അവന്റെ മുന്നില്‍. അവന്റെ ഇളംമനസിന്‌ ഒന്നുമറിയില്ല. അറിയാമായിരുന്നത് ഒരു കുട്ടിക്കളിയെ കുറിച്ചാണ്‌. പരസ്പരം വെള്ളം തെറിപ്പിച്ചും ചീറ്റിച്ചും കുളിമുറിയില്‍ ഒരുമിച്ച് കുറച്ച് വിനോദം. മൂത്തുമ്മായുടെ വീട്ടിലെ കുളിമുറി ഭയങ്കര രസമാണ്‌ കെട്ടോ. തിളങ്ങുന്ന ടൈലുകളും ,ചേര്‍ച്ചയുള്ള വര്ണഭത്തില്‍ ക്ലോസറ്റും,വെള്ളം ചീറ്റുന്ന ട്യൂബും,ചൂട് വെള്ളവും തണുത്ത വെള്ളവും മാറി മാറി ഒഴുകുന്ന പൈപ്പും,ഭംഗിയില്‍ തൂക്കിയ ടര്‍ക്കിയും,പളുപളുത്ത കണ്ണാടിയും എല്ലാം ഒത്തുചേര്ന്ന മിനുമിനുപ്പുള്ള തിളങ്ങുന്ന മനോഹരമായ ഒരിടം. ഭീകരന്മാസരായ ചിലന്തികളുടെ ആവാസകേന്ദ്രമായ അവരുടേത് പോലൊരു സ്ഥലമല്ല. ഇവിടെ ഒന്നും പേടിക്കാനില്ല!ആ വിനോദങ്ങളുടെ ഒടുവിലത്തെ ഭാഗം എന്നാല്‍ അവന്‌ ഒരിക്കലും മനസിലായില്ല. ഒന്നുമറിയാത്തത് കൊണ്ട് അതിനെ പറ്റി അവന്‍ ആരോടും മിണ്ടിയിട്ടുമില്ല. ഷറഫിക്ക അവനേയും തോര്ത്ത് ഉരിഞ്ഞ് നഗ്‌നനാക്കും. എന്നിട്ട് ദേഹത്തോട് ചേര്ത്ത് പിടിച്ച് ഉരസും.അപ്പോള്‍ അയാളുടെ രോമങ്ങള്‍ അവന്റെ നേര്ത്തര തൊലിയെ എന്നും വേദനിപ്പിച്ചു. ഒന്നുമറിയാതെ ഒന്നും മിണ്ടാനാവാതെ അവനങ്ങനെ വെറുതെ നില്ക്കും. ഓവിലൂടെ ഒഴുകി പോവുന്ന വെള്ളമുണ്ടാക്കുന്ന ശബ്‌ദം ശ്രദ്ധിച്ച് പ്രതിമ കണക്കെ ഉള്ള നില്പ്പ്.ബീഭത്സമായ കുറേ മാത്രകള്‍. ഭിത്തിയില്‍ നിന്നും വീണ ഒരു ഭീമന്‍ ചിലന്തി അവന്റെ മീതെ നികൃഷ്‌ടതയോടെ ചലിക്കുകയാണ്‌. അനങ്ങരുത്!ആ ഷട്പദങ്ങളുടെ സാമ്രാജ്യത്തില്‍ പരമവിനീതനായി നില്ക്കുക.’ഷറഫേ കുളിച്ച് കഴിഞ്ഞില്ലേ?’മൂത്തുമ്മായുടെ ശബ്‌ദമാണ്‌.

പെട്ടെന്നവന്‍ കിടുങ്ങി. ഉടമസ്ഥ തന്റെ ക്മ്പ്യൂട്ടറിനു നേരെ തല തിരിച്ചോ?അടുത്ത ക്ഷണത്തില്‍ വിന്‍ഡോസ് മിനിമൈസ് ചെയ്ത് ശ്വാസം അടക്കി അവനിരുന്നു. ഉള്ളിലെ പെരുച്ചായി വിഭ്രാന്തിയോടെ കുതറി എഴുന്നേറ്റു. വിയര്ക്കു ന്ന ഉള്ളം കൈ! ഉടമസ്ഥ എല്ലാം കണ്ടിരിക്കുന്നോ?തന്റെ ജീവിതത്തിന്റെ വൈകൃതങ്ങള്‍ അവള്‍ക്ക് ദൃശ്യമായിരിക്കുന്നു. നെഞ്ചിടിപ്പിന്റെ തീവ്രത നിലച്ചപ്പോള്‍ അവന്‍ സാവധാനം തല തിരിച്ചു നോക്കി. ഇല്ല,ഭാവഭേദങ്ങളേതും ഇല്ലാതെയാണ്‌ അവളുടെ ഇരിപ്പ്. ഒരു പക്ഷെ ഉള്ളില്‍ കളിയാക്കി ചിരിക്കുന്നുണ്ടാവും. ചിരിക്കട്ടെ,എല്ലാവരും ചിരിക്കട്ടെ എനിക്കൊന്നുമില്ല. ഞാനീ ലോകത്തേക്ക് തന്നെ പ്രവേശിക്കുന്നു. എന്റെ വ്യക്തിത്വത്തെ ബലഹീനമാക്കുന്ന എല്ലാ ഭൂതകാല ഐക്കണുകളേയും എനിക്ക് ഇല്ലായ്മ ചെയ്യണം.

മനുഷ്യമനസ് എത്ര കുടിലവും യുക്തിഹീനവുമായ ആഗ്രഹങ്ങളാല്‍ നിറഞ്ഞിരിക്കുന്നു എന്നവന്‍ കണ്ടു. അവനെ ഏറ്റവും താഴെക്കിടയിലേക്ക് വീഴ്ത്തുന്നു ഈ ആതിസ്പൃഹ. ഈ വലിയ വലയ്ക്കുള്ളില്‍ രതി മോഹങ്ങളുടെ എത്രയെത്ര നീചമായ മാതൃകകള്‍. മനുഷ്യരെ ഇവിടെ ബന്ധിച്ചിട്ടിരിക്കുന്നു. അവന്റെ ഓരോരോ അവയവങ്ങളും സൂചി കൊണ്ട് കുത്തിയും തല്ലിയും മറ്റനേകം വിധങ്ങളിലും പീഢിതമായി കൊണ്ടിരിക്കുന്നു. ചിലപ്പോള്‍ നിര്ബിന്ധിതനായും ,ചിലപ്പോള്‍ ആര്‍ത്തിയോടെയും അവന്‍ മലവും മൂത്രവും ഭക്ഷിക്കുന്നു. കുട്ടികള്‍ കൂട്ടിലടയ്ക്കപ്പെട്ട് ലൈംഗിക കേളികള്‍ക്ക് വില്‍ക്കപ്പെടുന്നു. തന്റെ ഭക്ഷണമായി തീരാന്‍ താത്പര്യമുള്ളവരെ അന്വേക്ഷിച്ച് നടക്കുന്നു പോലുമുണ്ട് ചിലര്‍. സഹ്യതയുടെ ഏത് പരിധിയും ലംഘിക്കപ്പെടുന്നു ഇവിടെ. ഒടുവില്‍ അവനു സ്വയം വെറുപ്പ് അനുഭവപ്പെടും. ഏത് വിലക്ഷണപൂര്‍ണ്ണമായ മനസില്‍ നിന്നാണ്‌ ഇവയെല്ലാം പുറത്ത് വരുന്നത്? ഈ മലിനതയെല്ലാം ഏറ്റുവാങ്ങാന്‍ ഞാന്‍ എന്തിനാണ്‌ വീണ്ടും വീണ്ടും വരുന്നത്? ഈ ചലം നിറഞ്ഞ ഇടവഴിയിലൂടെ എന്ത് തേടിയാണ്‌ ഞാന്‍ നടക്കുന്നത്. ഏകാന്തതയുടെ പാരമ്യത്തില്‍ ഇപ്പോഴെന്നും ഈ മൃഗീയലോകത്തിന്റെ ഭൂപടം തന്നെ ഉള്ളില്‍ തുറക്കപ്പെടുന്നു. അതു പാടില്ല, എനിക്കീ നരകത്തില്‍ നിന്നും രക്ഷപെടണം. ഇവിടെ മനുഷ്യനു യാതൊരു വിലയുമില്ല.അവനെ ഉപയോഗിച്ച കാലികുപ്പി പോലെ വലിച്ചെറിയുന്നു. അവന്റെ പൂവ് പോലെയുള്ള ഹൃദയം ആരും കാണുന്നില്ല. ആ മനോഹരമായ പൂവ് കാല്ക്കീഴില്‍ ചവിട്ടി ഞെരിച്ച് കൊണ്ട് പോവുന്നത് കണ്ടില്ലേ? പ്രവീണ. പോട്ടെ,കാമുകിയും കൂട്ടുകാരും ബന്ധുക്കളുമൊന്നും വേണ്ട.ലോകം ഇങ്ങനെയൊക്കെ ആണല്ലോ?

‘ഈ പരിപാടിയും എനിക്കു വേണ്ട.’അങ്ങനെ സ്വയം ശപിച്ചു കൊണ്ട് ബ്രൌസിങ്ങ് അവസാനിപ്പിക്കും.’എന്തൊരു പിരാന്ത് കൊണ്ടാണ്‌ ഞാന്‍ വീണ്ടും വീണ്ടും ഇങ്ങോട്ട് വരുന്നത്?’അപ്പോഴും ഉടമസ്ഥയുടെ ശ്രദ്ധ തന്റെ മേലെയാണ്‌ എന്നവന്‍ കണ്ടു. എന്ത് രഹസ്യം കാണാന്‍ വേണ്ടിയാണ്‌ അവള്‍ ഉറ്റ് നോക്കുന്നത്? അപകര്‍ഷതയോടെ വഴിയരികിലെ ചപ്പുകൂനയില്‍ തപ്പിത്തടയുന്ന ഒരുവന്റെ നേരെ നിറയുന്ന പുച്‌ഛം,അവളുടെ കണ്ണുകളില്‍. അവന്റെ പാമരത്വം ചൂഷണം ചെയ്ത് ചവിട്ടി കടന്ന് പോവാന്‍ ഇനിയും ആരേയും അനുവദിച്ചു കൂടാ. ആധിപത്യം പുലര്ത്താ ന്‍ വെമ്പുന്ന ആ കണ്ണുകള്‍ ഇനിയും വച്ച് പൊറുപ്പിക്കരുത്. അവളുടെ കഴുത്ത് അവന്‍ ഇരുകരങ്ങളുടേയും ഉള്ളില്‍ വച്ച് ഞെരുക്കും. ആ കണ്ണുകള്‍ വെളിയിലേക്ക് തുറിച്ച് വരണം. ശ്വാസത്തിനായി അവള്‍ കേഴും. അവളുടെ മേല്‍ച്ചുണ്ടിലെ കറുത്ത മറുകിനു ചുറ്റും രക്തം കട്ട പിടിച്ച് ചുവക്കും. ദയയില്ലാതെ അപ്പോഴുമവന്‍ കരങ്ങള്‍ ബലപ്പെടുത്തി കൊണ്ടേയിരിക്കും. ഒരു യാചനയും അവന്‍ കേള്‍ക്കി ല്ല. ആവേശം അവനെ കീഴ്പ്പെടുത്തുകയാണ്‌.

”കഴിഞ്ഞോ?”

”ഉവ്വ്”

”പതിനഞ്ച് രൂപ” ഉടമസ്ഥ പറയുന്നു.

പണം കൊടുത്ത്, പിടയുന്ന നെഞ്ചുമായി അവന്‍ പുറത്തേക്കിറങ്ങുന്നു. ജുഗുപ്സാവഹമായ എന്തോ ഒന്ന്‌ ഉള്ളിലിരുന്ന്‌ കാര്ന്ന് തിന്നുന്നു. നിരാശാഭരിതമായ നിലയില്‍ പശ്ചാത്താപത്തിനു കൂടി അവസരമില്ലാതെ അവന്റെ ലോകം അകന്നകന്ന് പോവുന്നു. വിരക്തിയോടെ ചുറ്റും നിറയുന്ന പൊടിയും വെയിലും.

തന്റെ മാനസികനില ഏത് നിലയില്ലാ കഴത്തിലേക്കാണ്‌ താഴുന്നത്? ഏറ്റവും അശ്രീകരമായ ആ നിലനില്പ്പിന്റെ വ്യഥ പേറി അങ്ങനെ നടക്കുമ്പോഴാണ്‌ അവന്റെ ഫോണ്‍ ശബ്‌ദിച്ചത്. റസിയയായിരുന്നു റസിയക്ക് പറയാനുണ്ടായിരുന്നത് ഒരു റിപ്പറുടെ കഥയായിരുന്നു.

Generated from archived content: sidhilaveechi8.html Author: hasim_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English