ശിഥില വീചികള്‍ : അധ്യായം 7

(മിലന്‍ കുന്ദേരയുടെ ‘ലാഫബിള്‍ ലൗസ്’ എന്ന പുസ്തകം എത്രയോ നാളായി എന്റെ ഷെല്‍ഫില്‍ കിടക്കുന്നു. വായിക്കാന്‍ ധൈര്യപ്പെട്ടില്ല. കാരണം പ്രണയം ഹാസ്യമാവാന്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെ ചിത്രീകരിക്കുന്നത് വിശ്വസിക്കാന്‍ താത്പര്യമില്ല. അത് പരിഹാസ്യതയിലേക്ക് നയിക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ല.-ഇക്കാക്കായുടെ ഡയറി)

പ്രണയത്തിന്റെ പൂമാരിയില്‍ വൈദ്യുതാഘാതമേറ്റവനെ പോലെ അവന്‍ വിറ കൊണ്ടു തെറിച്ചു. ആ വീഴ്ചയില്‍ പിന്നിട്ട സഞ്ചാരപഥങ്ങള്‍ അത്രയും തികട്ടി. പുതിയ പുതിയ മരീചികകള്‍ മുന്നില്‍ തെളിയുന്നു. പുലരിയുടെ ചുംബനമേല്ക്കുന്ന അരുവിയുടെ സ്ഫടികമാനമായ ശുദ്ധതയും തിളക്കവുമായിരുന്നു ഉള്ളില്‍ .

തുടക്കം യാദൃശ്ചികമായിരുന്നു. മദ്യത്തിന്റെ ലഹരി മൂത്ത നേരത്തുള്ള വിഢ്ഢി വേഷം കെട്ടുന്ന ആ ശീലമുണ്ടല്ലോ?അതിന്റെ പുറത്ത് സംഭവിച്ചതാണ്‌. കര്‍ണപുടവങ്ങളില്‍ ആളുകളുടെ ആരവമായിരുന്നു. അല്ലാതെ പ്രണയത്തിന്റെ ഗുപ്തസൌരഭ്യത്തെ ഏറ്റു വാങ്ങാനുള്ള താത്പര്യമൊന്നും അന്നത്തെ അവന്റെ ശിഥിലലോകത്തിന്‌ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇതിനെയെല്ലാം സ്വല്പം പുച്‌ഛത്തോടെയാണ്‌ അവന്‍ വീക്ഷിച്ചിരുന്നത്.

‘ഐ ലൌ യൂ..നിന്നോടെനിക്ക് പറഞ്ഞറിയിക്കാനാവാത്ത പ്രേമമാണ്‌ എന്റെ പൊന്നേ.’അവന്റെ കാലുകള്‍ നിലത്ത് ശരിക്കും ഉറക്കുന്നില്ലായിരുന്നു. ദൂരെ നോക്കി നില്ക്കുന്ന കാണികളെ രസിപ്പിക്കാനായിരുന്നു പ്രിയം. മറിച്ച് തന്റെ കലങ്ങിയ കണ്ണുകള്‍ക്കും നിയന്ത്രണമില്ലാത്ത വാക്കുകള്‍ക്കും മുന്നില്‍ പകച്ച് നില്ക്കുന്നവളെ അപ്പോള്‍ കാര്യമാക്കിയതേയില്ല. അവള്‍ തിരിഞ്ഞു നടന്നു. അവന്‍ വീണ്ടും വഴി മുടക്കി.’എന്തെങ്കിലും മറുപടി തന്നിട്ട് പോ. എന്തേ എന്നെ ഒറ്റയ്ക്കാക്കി കടന്ന് കളയുന്നു.’അവള്‍ ഒന്നും പറഞ്ഞില്ല.’എന്നെ എന്താ പ്രേമിക്കാന്‍ കൊള്ളില്ലേ?എന്താണ്‌ എനിക്കൊരു കുറവ്‌?പറഞ്ഞേ പറ്റൂ. എന്താണൊരു കുറവ്‌?”എനിക്കറിയില്ല’ എന്ന് പിറുപിറുത്ത് കൊണ്ട് അവള്‍ ആ രംഗത്ത് നിന്ന് വേഗത്തില്‍ രക്ഷപെട്ടു. കാഴ്ചക്കാരുടെ ആവേശം കൊള്ളലും കൂടി ചേര്‍ന്നപ്പോള്‍ ആ സമയത്ത് അവന്റെ ഉള്ളില്‍ ഒരു പൊട്ടിച്ചിരിയാണ്‌ ഉണ്ടായത്.

പിന്നീട് ഏകാന്തത തപിക്കുന്ന ഏതോ മുഹൂര്‍ത്തത്തില്‍ ആ ചിരി അവന്റെ മീതെ തന്നെ ബൂമാറാങ്ങായി പതിച്ചു. ആരെയോ കാട്ടാന്‍ വേഷം കെട്ടിയാടുന്ന കോമാളിയാണ്‌ താനെന്ന് ഉള്ളില്‍ നിന്നും ആരോ മൊഴിയുന്നത് കേള്‍ക്കുന്നു. പ്രവീണയുടെ വാഴനാര്‌ പോലെയുള്ള നീണ്ട മുടിയും ,വിടര്‍ന്ന കണ്ണുകളും ,വാക്കുകള്‍ ഒളിപ്പിച്ച ഗുപ്തമായ ചുണ്ടുകളും എല്ലാം അവന്റെ കിനാവുകളെ അപഹരിച്ച് തുടങ്ങി. അവളുടെ രൂപം മാന്ത്രിക സ്പര്‍ശത്തോടെ അവിരാമം അവന്റെ കണ്ണുകള്‍ക്കു മുന്നില്‍ ചുവടു വയ്ക്കുന്നു. ഏകാന്തതയില്‍ സ്വര്‍ഗീയ പരിമളം പരത്തുന്ന പ്രണയത്തിന്റെ ലഹരി അവന്‍ അനുഭവിച്ച് തുടങ്ങുകയായി. പിന്നിട്ട് പോന്ന എല്ലാറ്റില്‍ നിന്നും ഏറെ പുതുമയുള്ള ഒന്നായിരുന്നു അത്.

എന്തായിരിക്കും എന്നെ കുറിച്ച് അവളുടെ മനസ്സില്‍ ഉണ്ടാവുക?എന്താണ്‌ എന്നെ അവളിലേക്ക് വലിച്ച് അടുപ്പിക്കുന്നത്?ആ ഒരു ഒറ്റ ചിന്തയില്‍ മറന്ന് എന്തേ ഞാന്‍ ഇങ്ങനെ സഞ്ചരിക്കുന്നു? മനസ്സ് സദാ കാട് കയറി നടന്നു. താന്‍ അവളോട് പെരുമാറിയ വിധം എത്ര അപഹാസ്യമായിരുന്നു. ഓര്‍ക്കുമ്പോള്‍ തന്റെ നിലവാരത്തില്‍ അവനു ലജ്ജ തോന്നുന്നു. പുതിയ ഈ വഴിയിലൂടെ എങ്ങനെയാണ്‌ മുന്നോട്ട് പോവുക. എങ്ങനെയും എന്റെ ഉള്ളിലുള്ളത് അവളെ അറിയിക്കണം. മുമ്പ് ജാടയോടെ പുച്‌ഛിച്ചിരുന്ന പ്രണയാഭ്യര്‍ത്ഥനയുടെ നാഗരിക മാമൂലുകള്‍ ഒക്കെയും പകര്‍ത്തണോ?

ഈ തലമുറക്ക് പുതിയ സ്വകാര്യ മേഖലകള്‍ പ്രധാനം ചെയ്ത ഇന്റര്നെ റ്റിന്റെ ലോകത്തോട് ബന്ധപ്പെടുന്നത് അങ്ങനെയാണ്‌. പ്രവീണയുടെ ഇന്‍ബോക്സിലേക്ക് അവന്റെ പ്രണയമെയിലുകള്‍ മഴ പോലെ വന്ന് നിറഞ്ഞു. മുമ്പത്തെ കണ്ട് മുട്ടലില്‍ ചെയ്തത് ഓര്‍ക്കുമ്പോള്‍ നേരിട്ട് കാര്യങ്ങള്‍ പറയാന്‍ അവനു ചമ്മലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരുന്ന് ,ഹൃദയം അതേ പോലെ തുറന്ന് വയ്ക്കാം.ആ മറക്ക് പിന്നില്‍ തന്നെ മറുപടിക്ക് കാതോര്‍ത്തിരിക്കാം. ഹൃദയത്തില്‍ തോന്നിയതെല്ലാം ഭംഗിയുള്ള വാചകഘടനയിലാക്കി അവന്‍ എഴുതി വിട്ട് കൊണ്ടിരുന്നു. മനസ് അണ പൊട്ടി ഒഴുകുകയായിരുന്നു. സ്വന്തം ഹൃദയാന്തര്‍ഭാഗത്തെ പ്രണയരഹസ്യങ്ങളെ തേടിയുള്ള ചൂഴ്ന്നിറങ്ങലിന്റെ ആത്മസംതൃപ്തിയാണ്‌ ഓരോ മെയിലും പ്രധാനം ചെയ്തത്. ഒരു കവിത എഴുതുന്ന പോലെ ആസ്വാദ്യമായിരുന്നു അവ ആലോചിച്ച് ഉണ്ടാക്കുന്നത്.’എന്റെയീ വാക്കുകള്‍ നിന്റെ കാതുകളില്‍ നേര്‍ത്ത മര്‍മ്മരം പോലും ആവാതെ പോയാലും ,കാലങ്ങളോളം ഞാന്‍ നിന്നില്‍ മാത്രം അനുരാഗബദ്ധനായി തുടരും. നിന്റെ തലോടലിനായി ഒരു പുല്‍ക്കൊടിയെ പോലെ കാത്ത് കിടക്കും. പൂക്കളുടെ പുഞ്ചിരിയും ,മഴവില്ലിന്റെ വര്‍ണവും ,പ്രകൃതിയുടെ ഓരോ വിസ്മയങ്ങളും നിന്റെ മായയില്‍ എന്നെ തളച്ചിടും. എന്തിന്‌ നീ എന്നോടിങ്ങനെ ചെയ്തു?’

ഒടുവില്‍ അവളുടെ മറുപടി വന്നു.’എന്നെ പരിഹസിക്കുകയാണോ?നമ്മള്‍ തമ്മില്‍ എന്ത് പരിചയമാണുള്ളത്?പിന്നെ എങ്ങനെയാണ്‌ ഈ പ്രണയമെല്ലാം ഉണ്ടാവുക?നമ്മുക്ക് ഇതൊന്നും വേണ്ട കെട്ടോ. സസ്നേഹം.’അതൊരു ന്യായമായ ചോദ്യമായിരുന്നോ?അറിയില്ല!ഒരു പരിചയപ്പെടല്‍ പോലും കൂടാതെ എങ്ങനെയാണ്‌ അവന്റെ മനസില്‍ പ്രണയം ഇത്രയേറെ മുന്നോട്ട് പോയത്? എന്നാല്‍ ഇതൊന്നും ഓര്‍ത്ത് താന്‍ അകപ്പെട്ട മായക്കോട്ടയുടെ അദ്ഭുതകരമായ പ്രഹര്‍ഷപങ്ങളില്‍ നിന്നും ഓടിയകലാന്‍ അവനു താത്പര്യം ഉണ്ടായിരുന്നില്ല. ഒരു മറുപടി കിട്ടിയത് കൊണ്ട് തന്റെ വാക്കുകളൊന്നും വായിക്കപ്പെടാതെ പോവുന്നില്ല എന്നുറപ്പായി. അവളോട് നേരിട്ട് സംസാരിക്കാനുള്ള ധൈര്യം കൈ വന്നു.

ആ സംഭാഷണങ്ങളില്‍ താനൊരു പൈങ്കിളി നായകനെ പോലെ വായില്‍ കൊള്ളാത്തത് എന്തൊക്കെയോ പറയുകയാണെന്ന് അവനു ബോധ്യം ഉണ്ടായിരുന്നു. തനിക്ക് ചേരാത്തൊരു മുഖം അസ്ഥാനത്ത് ആടുകയാണോ എന്ന് ഇടയ്ക്കിടെ ശങ്കിച്ചു. പക്ഷെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. എങ്ങനെയും അവളുടെ സ്നേഹം അവനു സ്വന്തമാക്കിയേ പറ്റൂ.’എന്റെ വാക്കുകള്‍ വ്യാജമാണെന്ന് പറയാന്‍ നിനക്ക് എങ്ങനെ കഴിയുന്നു?’വിശുദ്ധമായ’ ഒരു പ്രണയത്തിനു പൊട്ടി വിടരാന്‍ എത്ര സമയം വേണമെന്നാണ്‌ നീ കരുതുന്നത്?കണ്ട നിമിഷം മുതലേ ഞാന്‍ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കുന്നു!അതെന്താണെന്ന് എന്നോട് ചോദിക്കരുത്.പാടില്ല എന്ന് വിലക്കുകയും അരുത്!കാരണം എനിക്കതിനു കഴിയില്ല.’ഇങ്ങനെ വാചക കസര്ത്തു കള്‍ നടത്താന്‍ തനിക്കെങ്ങനെ കഴിയുന്നു എന്നവന്‍ അദ്ഭുതപ്പെട്ടു.

കൂടെ നടക്കാനും ശ്രദ്ധിക്കാനും അവള്‍ സന്നദ്ധയായതോടെ ഇതൊക്കെ തന്നെ അവന്‍ പേര്ത്തും പേര്ത്തും പറഞ്ഞു കൊണ്ടിരുന്നു.തന്നെ പ്രണയിക്കണം എന്ന് നിര്‍ബന്ധബുദ്ധിയോടെ ശഠിച്ചു. അവന്റെ നായക സങ്കല്പം തന്നെ മാറി തുടങ്ങിയിരുന്നു. അസ്തിത്വവ്യഥക്കാരെയും ഉത്തരാധുനിക ബുദ്ധിജീവി ജാഢകളേയും ഉപേക്ഷിച്ചു. ഷാരൂഖ് ഖാനായിരുന്നു പുതിയ ഹീറോ. ആ രൂപഭാവാദികളില്‍ പ്രണയം ഭിക്ഷ യാചിച്ച് നടന്നു. അവനും ഒരു മെട്രോസെക്ഷ്വല്‍ പുരുഷനാവാന്‍ തയാറെടുത്തു. ജെല്ലു തേച്ച് തലമുടി രൂപപ്പെടുത്തി. വസ്ത്രധാരണത്തില്‍ പുതിയ ഫാഷനുകളെ അനുകരിച്ചു. സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അവശ്യമായി. മസിലുകള്‍ പെരുപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജിംനേഷ്യത്തില്‍ ചേര്ന്നു . ആകെ തിരക്ക് പിടിച്ച ദിനചര്യ! മുമ്പത്തേതിനു വിരുദ്ധമായി രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി കോളേജിലേക്ക് പോയി തുടങ്ങി. പ്രവീണയെ സന്ധിക്കേണ്ടതുണ്ട്!

പ്രവീണ അവനെ പോലെ ആയിരുന്നില്ല. പ്രായോഗിക ബുദ്ധിയോടെ അവള്‍ ചിന്തിച്ചു.’നമ്മള്‍ രണ്ട് മതങ്ങളില്‍ പെട്ടവരാണ്‌.സുഗമമായ രീതിയില്‍ നമ്മുക്കൊരിക്കലും കല്യാണം കഴിക്കാന്‍ സാധ്യമല്ല.എല്ലാം അറിഞ്ഞ് കൊണ്ട് എന്തിനാണ്‌ പ്രണയത്തില്‍ ചാടുന്നത്.വെറുതെ തമാശക്ക് വേണ്ടിയോ?’എല്ലാം മറന്ന് കളയുന്നതല്ലേ നല്ലത്?’അവളുടെ ഈ വേവലാതികളൊന്നും അവനെ സ്പര്‍ശിച്ചില്ല. ആ അറ്റം വരെയൊന്നും ചിന്തിക്കാനുള്ള ക്ഷമയും താത്പര്യവും അവനുണ്ടായിരുന്നില്ല. അവനു എങ്ങനെയും അവളുടെ സ്നേഹം സ്വന്തമാക്കിയേ പറ്റൂ. അതിന്‌ വേണ്ടി ഏതും വെല്ലുവിളിക്കാന്‍ ചങ്കുറപ്പോടെ തയാറെടുത്ത് നില്പ്പാ ണ്‌. ഒരു കാര്യം അറിയുകയേ വേണ്ടൂ.’നിനക്ക് എന്നെ ഇഷ്‌ടമാണോ?’ചുണ്ടുകള്‍ കൂട്ടി കടിച്ച് കൊണ്ട് അവള്‍ മൌനം പാലിക്കും. പിന്നെ കണ്ണുകള്‍ താഴ്ത്തി താടിക്ക് കൈയും കൊടുത്ത് താന്‍ അകപ്പെട്ട വൈഷമ്യത്തില്‍ മുഴുകുന്നു. ‘ഞാനെല്ലാം മനസിലാക്കുന്നുണ്ട്…എന്നിട്ടും എനിക്കിതില്‍ നിന്നും പിന്‍ വാങ്ങാന്‍ കഴിയുന്നില്ലല്ലോ?’എന്ന മട്ടില്‍ ആ മൗനം ഏറ്റ് വാങ്ങി അവനും ഇരിപ്പ് തുടങ്ങും.

ഈ നാടകങ്ങള്‍ക്കൊ ടുവില്‍ ഒരു ദിവസം അവള്‍ പറഞ്ഞു.’അതെ എനിക്കിഷ്‌ടമാണ്‌.’അവര്‍ കബ്ബണ്‍ പാര്‍ക്കി ലായിരുന്നു..കടും ചുവപ്പ് ചായം പൂശിയ ഭിത്തികളും പച്ച ജനവാതിലുകളും ഉള്ള പബ്ളിക്ക് ലൈബ്രറി ദൂരെ കാണാം. അവര്‍ നിലത്ത് പുല്ലില്‍ കുത്തി ഇരിക്കുകയായിരുന്നു. കാലുകള്‍ പാതി മടക്കി മുട്ടില്‍ കൈകള്‍ കൊളുത്തി ചിന്താകുലയായി അവള്‍ .അവളുടെ വടിവാര്ന്ന പാദങ്ങളെ ഉരസി കൊണ്ട് ചാഞ്ചാടുന്ന ഒരു പുല്‍നാമ്പിനെ നോക്കി അവന്‍.ആ പുല്‍നാമ്പിന്റെ തുഞ്ചത്തോളം കയറി വന്ന ഒരു ഉറുമ്പ് കാറ്റില്‍ പറന്ന് അവളുടെ പാദങ്ങളില്‍ വീണു. ചൂണ്ട് വിരല്‍ കൊണ്ട് അവനാ ഉറുമ്പിനെ മെല്ലെ തട്ടിത്തെറിപ്പിച്ചു. ചിന്തയില്‍ ലയിച്ചിരുന്ന അവളത് അറിഞ്ഞില്ല എന്ന് തോന്നുന്നു. അവനാവട്ടെ പിന്നില്‍ നിന്നും തഴുകിയ ഇളം കാറ്റില്‍ ഒരു ഓര്‍മ്മയിലേക്ക് പാറുകയുണ്ടായി. പണ്ട് കിണറ്റിന്‍ കരയിലെ പുല്ലു പിടിച്ച തിട്ടയില്‍ കുഞ്ഞുപെങ്ങള്‍ റസിയയോടൊത്ത് കഥകള്‍ പറഞ്ഞ് ആകാശം നോക്കി കിടക്കാറുണ്ടായിരുന്നത് മുന്നില്‍ തെളിഞ്ഞു. കാലത്തിന്റെ പ്രസന്നമായ ഒരു തുണ്ട് എത്രയോ അകലെ നഷ്‌ടപ്പെട്ട് കിടക്കുന്നു.ആ ഓര്‍മ്മയില്‍ അവന്‍ പുല്ലിലേക്ക് മലര്‍ന്നു കിടന്നു. എന്നാല്‍ ഇവിടെ കണ്ണുകളെ വേദനിപ്പിക്കുന്ന രീതിയില്‍ ആകാശം പ്രകാശിക്കുന്നു. കൈകള്‍ ചേര്‍ത്ത് കണ്ണുകളെ മറച്ച് പിടിക്കേണ്ടി വന്നു. അങ്ങനെ പരിസരത്തെ കുറിച്ച് അല്പം അശ്രദ്ധനായി കിടക്കുമ്പോയാണ്‌ പ്രവീണ കയ്യില്‍ തട്ടി വിളിക്കുന്നത്‌.’അതെ,എനിക്കിഷ്‌ടമാണ്‌!’അവള്‍ പറഞ്ഞു. ഒരു ആലിംഗനം കൊണ്ട്‌ അവളെ തന്നോട്‌ ചേര്ത്ത് വയ്ക്കാന്‍ അവന്‍ ആഗ്രഹിച്ചു. പക്ഷെ ചെയ്തില്ല. അവളുടെ വിരല്തുമ്പിലെങ്കിലും ഒന്ന് ചുംബിക്കണം എന്നുണ്ടായിരുന്നു. അതിനു പോലും മുതിര്‍ന്നില്ല. മനസ് ആനന്ദാതിക്യത്താല്‍ നിറഞ്ഞ് തുളുമ്പുകയാണ്‌. ജീവിതസാഫല്യം നേടി കഴിഞ്ഞത് പോലെ തോന്നി. ഇമ വെട്ടാതെ അവളെ തന്നെ നോക്കി കൊണ്ടിരുന്നു. അതിന്റെ അര്‍ത്ഥം മനസിലാക്കി ഒരല്പം നാണത്തോടെ അവള്‍ അമര്‍ന്നിരുന്നു.

ആ നിമിഷം തൊട്ട് അവളെ സ്വന്തമാക്കി കഴിഞ്ഞു എന്നവന്‍ ഉറച്ച് വിശ്വസിച്ചു. അവന്റെ കാഴ്ചപ്പാടുകള്‍ മാറി. വിപരീതദിശകളിലേക്ക് അലയേണ്ടതില്ലെന്നും ,ജീവിതത്തിന്റെ ഐശ്വര്യങ്ങളെ കൈ നീട്ടി വാങ്ങുന്നതില്‍ ,ആസ്വദിക്കുന്നതില്‍ ഭയം വേണ്ടെന്നും തോന്നി തുടങ്ങി. അവന്‍ കണ്ടു. തനിക്ക് മുന്നില്‍ വലിയൊരു പര്‍വതം കണക്കെ താണ്ടേണ്ടുന്ന കഠിനമായ പ്രവര്‍ത്തന പഥം. നേരായ വിധത്തിലായിരുന്നു എങ്കില്‍ അവന്‍ എഞ്ചിനിയറിങ്ങിന്റെ അവസാന വര്‍ഷത്തില്‍ എത്തേണ്ടതായിരുന്നു. പരീക്ഷ എഴുതാതെയും ക്ലാസില്‍ കയറാതെയും എല്ലാം താറുമാറായി കിടക്കുകയാണ്‌.എത്ര വര്‍ഷമാണ്‌ പാഴാക്കി കളഞ്ഞത്? കഴിഞ്ഞ കാലത്തില്‍ താന്‍ എത്ര ചിന്താശൂന്യനും അസ്വസ്ഥനുമായിരുന്നു എന്നവന്‍ കണ്ടു.’വെറും വിഢ്‌ഢിയായിരുന്നു ഞാന്‍. ഇനിയെല്ലാം ശരിയാക്കണം. എനിക്കുമൊരു എം എന്‍ സി യില്‍ ജോലി വേണം.’നാടിനോടുള്ള ഗൃഹാതുരമായ ബന്ധത്തോട് പുച്‌ഛം തോന്നി തുടങ്ങി.’എന്താണ്‌ കേരളത്തിലുള്ളത്?വികസനം അനുവദിക്കാത്ത ഗവണ്മെന്റും, ഗൃഹാതുരത്വം പറഞ്ഞിരിക്കുന്ന വൃദ്ധ എഴുത്തുകാരും ,ഉപഭോഗശീലം മാത്രമുള്ള ഒരു ജനവും.’ഞാനും പ്രവീണയും ബാംഗ്ലൂരില്‍ സെറ്റിലാവാന്‍ പോവുന്നു!

ആ സമയത്താണ്‌ വാപ്പ ഉമ്മായെയും റസിയയെയും ഗള്‍ഫിലേക്ക് കൊണ്ടു പോവാന്‍ തയാറെടുത്തത്. അവന്റെ ക്ലാസു കൂടി കഴിഞ്ഞിട്ട് എല്ലാവര്‍ക്കും കൂടി ഇനി ഒന്നിച്ച് പോവാം എന്നായിരുന്നു ഉമ്മായ്ക്ക്. ഇടയ്ക്കൊന്നു വന്ന് സ്വതന്ത്രമായി നില്ക്കാനും നല്ല ആഹാരം കഴിക്കാനും കൂടി സ്ഥലമില്ലാതെ ഒരു വര്ഷം അവന്‍ ഒറ്റയ്ക്കാവുമല്ലോ എന്നതായിരുന്നു ചിന്ത. ഒരു വര്‍ഷ‍ത്തില്‍ തന്റെ കോഴ്സ് തീരാന്‍ പോവുന്നില്ല എന്ന് അവനു മാത്രമല്ലേ അറിയൂ. മാത്രമല്ല ഉമ്മായുടേയും വാപ്പായുടേയും ജീവിതത്തില്‍ നിറഞ്ഞിരുന്ന വിരഹദുഖത്തിന്റെ വേദനാജനകമായ അനുഭവം അവനു തിരിച്ചറിയാനായ സമയം കൂടി ആയിരുന്നു അത്. എത്രയോ കാലമായി രണ്ടു പേരും രണ്ട് ദിക്കുകളില്‍. തന്നെയും റസിയയേയും പോറ്റാനായിരുന്നുവല്ലോ അവരുടെ ത്യാഗങ്ങള്‍. ഇനിയെങ്കിലും കുറേ കാലം അവര്‍ ഒന്നിച്ച് കഴിയട്ടെ. തനിക്ക് ഒറ്റക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തി ഉമ്മായെ ഗള്‍ഫിലേക്ക് പറഞ്ഞയച്ചു.

ഒറ്റ ദിവസം പോലും ഒഴിവാക്കാതെ എന്നും വാപ്പ ഉമ്മായെ ഫോണ്‍ ചെയ്തിരുന്നത് എല്ലാവര്ക്കും എന്ന പോലെ അവനും പണ്ട് തമാശയായിരുന്നു.’എന്തൊക്കെയുണ്ട് വിശേഷം,ഒന്നുമില്ലല്ലോ,എന്നാ ശരി.’ഇത്ര മാത്രമേ ഓരോ ഫോണ്‍ കോളിലും ഉണ്ടാവുകയുള്ളൂ. ഒരു ദിവസം അത് മുടങ്ങിയാലോ, ഉമ്മാ അശാന്തിയില്‍ വേവുന്നത് കാണാം.അതില്‍ നിറഞ്ഞ് നിന്നിരുന്ന പരസ്പര സ്നേഹത്തിന്റെയും ആത്മാര്‍ത്ഥയുടേയും ചരട് ഇപ്പോഴാണ്‌ അവന്‌ കാണാന്‍ കഴിയുന്നത്. സ്ത്രീപുരുഷ ബന്ധത്തിന്റെ സങ്കീര്ണതകളിലെ വൈവിദ്ധ്യപൂര്‍ണമായ വികാരപ്രപഞ്ചത്തോട് ഇദംപ്രഥമായി മുഖാമുഖം നില്ക്കു കയായിരുന്നല്ലോ അപ്പോഴവന്‍. അപ്പോഴും പക്വത പ്രകടിപ്പിച്ചു. അവന്‍ തീരെ റൊമാന്റിക്ക് അല്ലാതായിരിക്കുന്നു എന്ന് പ്രവീണക്ക് തോന്നിയിരിക്കുമോ? കാരണം ആദ്യത്തെ അവസരങ്ങള്‍ക്കു ശേഷം ഫോണ്‍ ചെയ്യുന്ന വേളയില്‍ ശൃംഗാരത്തിന്റെ പരിധിയിലേക്ക് ചെല്ലാതെ ഇങ്ങനെ വിശേഷങ്ങള്‍ ചോദിച്ച് അവസാനിപ്പിച്ചു. കോഫിഡേയ്ക്കോ സിനിമക്കോ അവളെ കൂട്ടി കൊണ്ട് പോയില്ല. അവളെ പിന്നിലിരുത്തി പറക്കാന്‍ അവനു ബൈക്ക് ഓടിച്ച് പരിചയം ഉണ്ടായിരുന്നില്ല. അവള്‍ സ്വന്തമായി കഴിഞ്ഞു എന്ന തീര്‍ച്ചയില്‍‍ അവന്റെ മനസില്‍ പ്രണയം ഉത്തരവാദിത്വബോധമുള്ള പുതിയ ശീലങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്നെ പഴയ സുഹൃത്തുക്കളോടൊപ്പം ഇരുന്നപ്പോള്‍ മദ്യം തൊട്ടില്ല. വിവാഹം എന്ന സ്ഥാപനം വഴി മനുഷ്യന്‍ സംസ്കാരചിത്തനാവുന്നതിനെ പറ്റി സംസാരിച്ചു. പ്രവീണയെ വിവാഹം കഴിച്ച് ഏറ്റവും യാഥാസ്ഥിതികമായ രീതിയില്‍ കുടുംബം നയിക്കുന്നതിനെ പറ്റി സ്വപ്‌നം കണ്ടു. അവനു വന്ന് ചേര്ന്ന മാറ്റം എല്ലാവരേയും അദ്ഭുതപ്പെടുത്തി. മദ്യപാന സുഹൃത്തുക്കള്‍ പലരും അത് ഉള്‍ക്കൊള്ളാനാവാതെ വിട്ട് പോയി.’ഓ അവന്റെയൊരു ജാഢ.’അവന്‍ ചെറിയ പുഞ്ചിരിയോടെ കുലുങ്ങാതിരുന്നു.’ഒരു പെണ്ണ്‌ വരുമ്പോഴേ ജീവിതത്തിന്റെ അര്‍ത്ഥം മനസിലാവൂ. മനസ് തെളിഞ്ഞ ആകാശം പോലെ സ്പഷ്‌ടമാവുന്നു.’

അങ്ങനെ ഞെളിഞ്ഞിരിക്കുന്ന സമയത്താണ്‌ ഏറ്റവും ഹാസ്യാത്മകമായ കോമാളി വേഷമാണ്‌ താന്‍ അണിഞ്ഞിരുന്നത് എന്ന അറിവ്‌ ഇടിത്തീ പോലെ ഭവിച്ചത്. തന്റെ മുഴുവന്‍ പ്രതീക്ഷകളും പേറിയ ലോകം ഒരു നിമിഷം കൊണ്ട് ജലരേഖയാവുന്നു. ഹോ ഭയാനകം. മുന്നിലും പിന്നിലും മുഴുവന്‍ ഇരുട്ട്. സംഭവത്തെ കുറിച്ച് അവന്‌ വ്യക്തമായി മനസിലാക്കാന്‍ കൂടി കഴിയുന്നില്ല. പെട്ടെന്നൊരു ദിവസം പ്രവീണ ഒന്നു സൂചിപ്പിക്കുക കൂടി ചെയ്യാതെ കോളേജ് മാറി പോയി. ഫോണില്‍ വിളിച്ചിട്ടാണെങ്കില്‍ യാതൊരു മറുപടിയുമില്ല. അവന്റെ സെല്‍ ഫോണിലേക്ക് ഒടുവിലൊരു എസ് എം എസ് വന്നു.’നമ്മള്‍ തമ്മിലുള്ള ഒന്നും ശരിയാവില്ല.ഇനി ഉപദ്രവിക്കരുത്,പ്രവീണ.’യാതൊരു വിശദീകരണവുമില്ലാതെ എല്ലാം അവസാനിച്ചു. അതെങ്ങനെ സാധ്യമാവും. പക്ഷെ അങ്ങനെ സംഭവിച്ചിരിക്കുന്നു. കാല്ക്കീഴിലെ മണ്ണല്ലാം ഒലിച്ച് പോവുന്നത് പോലെ. ഒരു വടവൃക്ഷം കടപുഴകുന്നോ അവളുടെ മനസ്സില്‍ പ്രണയം ഒരു പക്ഷെ ഉപയോഗശൂന്യമായ കുറ്റിച്ചെടി മാത്രമായിരുന്നിരിക്കണം. അവന്റെ ലോകം പക്ഷെ തവിട് പൊടിയായി. സ്വന്തം അനുഭവങ്ങളെ കുറിച്ച് എന്തെല്ലാമാണ്‌ കരുതിയിരുന്നത്? സ്വന്തം തിരിച്ചറിവുകളെ കുറിച്ച് എന്തെല്ലാം ഗര്‍വുകളായിരുന്നു?എല്ലാമൊടുവില്‍ പരിഹാസമേറ്റ് വാങ്ങി പിഴച്ച ചുവടുകള്‍ വയ്ക്കുന്ന അവിവേകത്തിന്റെ ആഴങ്ങളിലേക്ക് തന്നെ തള്ളിയിടുന്നു.

Generated from archived content: sidhilaveechi7.html Author: hasim_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here