(ഇന്നലെ പഴയ കോളേജിന്റെ മുറ്റത്ത് ചെന്നിരുന്നപ്പോള്‍ ചിന്തിച്ചതാണ്.പച്ചമാങ്ങകള്‍ കുലകുലയായി കിടക്കുന്ന മാവിന്റെ ഒരു ശിഖരം പണി തീര്‍ന്ന കെട്ടിടത്തിന്റെ മുകളിലായി ദൂരെ കാണാം.അതിനൊട് ചേര്‍ന്നാണ് മെക്കാനിക്കല്‍ ലാബ്. അത് കേവലം കെട്ടിടത്തിന്റെ നിസാരമായ ഒരു ഭാഗം മാത്രമാണ്.എന്നാല്‍ ഫസ്റ്റ് ഇയറില്‍ ലാബ് ചെയ്യുമ്പോള്‍ എത്രയെത്ര അധികാര ഘടനകളാണ് അതിന് ചുറ്റും എന്റെ സങ്കല്പത്തിലുണ്ടായിരുന്നത്?ലോകം നമ്മുടെ മനസിലെ ആശയങ്ങളിലൂടെയാണ് വെളിവാകുന്നത്.യഥാര്‍ത്ഥ ലോകം അകത്ത് നിന്നും തിരിച്ചറിയുക സാധ്യമേയല്ല. അതു കൊണ്ടാണോ എന്നെ രൂപപ്പെടുത്തുന്ന ചുറ്റുപാടുകളെ കൂടി ഭൂതകാലത്തിലേക്ക് കൈവിട്ട് പോയ ശേഷം മാത്രം ഞാന്‍ തിരിച്ചറിയുന്നത്.-ഇക്കാക്കയുടെ ഡയറിയില്‍ നിന്ന്.)
ഡയറിയില്‍ ഇത് കുറിച്ച വേളയില്‍ ,പഴയൊരു കാര്യം ഇക്കാക്കയുടെ മനസില്‍ കയറി വന്നിരുന്നു. ബാല്യത്തിന്റെ നേര്‍ത്ത ഭിത്തിയില്‍ വലനെയ്യാറുണ്ടായിരുന്ന ഒരു ഭയം.അന്നത്തെ മഞ്ചാടിക്കുരുവിന്റെ വലിപ്പമുള്ള മനസ് ഭയത്തോടെ നിരൂപിച്ചിരുന്ന നികൃഷ്‌ടതയുടെ എട്ടുകാലിന്മേിലുള്ള ചലനം. പറമ്പിന്റെ ഒരു കോണിലിരിക്കുന്ന കക്കൂസിലേക്കുള്ള പോക്ക് ,അന്നവനെ സംബന്ധിച്ചിടത്തോളം ഈ ഭീമന്‍ എട്ടുകാലികളുടെ കൊട്ടാരത്തിലേക്കുള്ള പ്രവേശനമായിരുന്നു. ഒരുപാട് എണ്ണം സ്ഥിരമായി വിലക്ഷണപൂര്‍ണ്ണമായ രൂപത്തോടെ ഉള്ളിലെ ഭിത്തിയില്‍ പറ്റിയിരിപ്പുണ്ടാവും. ചിലപ്പോഴെല്ലാം ഒരെണ്ണം, വെളുത്ത മുട്ട അതിന്റെ ഇത്തിരി പോന്ന ശരീരത്തിന് കീഴെ ഒളിപ്പിച്ച് വച്ചിരിക്കുന്നത് കാണാം. അതിന്റെ വലിയ എട്ട് കാലുകള്‍ ഭിത്തിയില്‍ പരന്ന് കിടക്കും. അറപ്പു കലര്‍ന്ന ഒരു ഭയത്താല്‍ അവന്റെ ശരീരമാസകലം വിറയ്ക്കുന്നു. തൂറാനിരിക്കുന്ന നേരത്ത് പോലും ജാഗ്രവത്തോടെ ചുറ്റും കാതോര്‍ക്കും. ഒരു എട്ടുകാലിയുടെ ചെറിയൊരു ചലനം മതി ,ഉള്ളില്‍ കൊള്ളിയാന്‍ പോലെ ഒരു ഞടുക്കം ഉണ്ടാവുന്നു. ഇടുങ്ങിയ ആ സ്ഥലത്ത് ഭിത്തിയില്‍ മുട്ടാതെ ഇരിക്കാന്‍ വലിയ ബദ്ധപ്പാടാണ്. ഈ ഭിത്തികള്‍ ഇനിയും ഇടുങ്ങിയിട്ട്,എട്ടുകാലികളെല്ലാം തന്റെ ദേഹത്ത് വീഴുന്ന സ്ഥിതിവിശേഷം കൂടി സങ്കല്പ്പിക്കുമ്പോള്‍ നെഞ്ചില്‍ ബീഭത്സതയോടെ കോരിച്ചൊരിയുന്ന തരിപ്പ്.
ഓര്‍ക്കുമ്പോള്‍ രസം തോന്നുന്ന കാര്യം മറ്റൊന്നാണ്. സ്വയരക്ഷക്കുള്ള ഉപായമെന്ന പോലെ ആ സമയം അവന്റെ കൊച്ചു മനസില്‍ രൂപപ്പെട്ടിരുന്ന ചിന്താലോകമുണ്ടായിരുന്നു. അവിടെ രാജസദസ്സിലെ എളിയ ഭൃത്യന്റെ കോലത്തില്‍ ആ ഷട്പദങ്ങളുടെ വലിയ ലോകത്തില്‍ അവന്‍ വിനീതനായി നിന്നു. താന്‍ അതിക്രമകാരിയല്ലെന്നും നിസാരകാര്യത്തിനായി വന്ന ഒരു പാവമാണെന്നും ദയനീയതയോടെ അറിയിച്ചു. എട്ടുകാലികളുടെ ചെറിയൊരു ചലനം പോലും തന്റെ അഭ്യര്ത്ഥന മാനിക്കപ്പെടാതിരിക്കുന്നതിന്റെ ലക്ഷണമായി അവനു തോന്നി. ഒടുവില്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എന്തൊരു ആശ്വാസം?അതൊരു രക്ഷപെടലാണ്. ഇനി തന്നെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ വാടാ എന്നവയെ വെല്ലുവിളിക്കാന്‍ പോന്ന ധിക്കാരമാണ് ശേഷം.
അത്തരം മനോനിലകളുടെ ആവര്‍ത്തനത്തിലൂടെ തന്നെയാണ് പുതിയത് ഓരോന്നും ജീവിതത്തിലേക്ക് കടന്ന് വന്നത്. നിരാകരിക്കപ്പെട്ടവനായി പുറത്ത് നില്ക്കുമ്പോള്‍ ,ഇന്നവന് കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ തന്റെ ജീവിതത്തിന്റെ കുത്തൊഴുക്കുകള്‍ വ്യക്തമാവുന്നുണ്ട്. ഒന്നുമറിയാതെ ഒരു പൊങ്ങുതടി പോലെ ഒഴുകി വരികയായിരുന്നു ഇത് വരെ.ആ ചുറ്റുപാടുകളും അതിന്റെ എല്ലാ സമസ്യകളും ,അപ്പോഴും അവനെ രൂപപ്പെടുത്തി കൊണ്ടിരുന്നു.
ആ പീഠഭൂമിയിലെ വാസം അവന്റെ അസ്തിത്വത്തില്‍ അനുഭവപ്പിച്ച അന്യത ഭയാനകമായിരുന്നു. അവന്റെ അപക്വതയും അടഞ്ഞ കാഴ്ചകളും തന്നെയായിരുന്നു കാരണം. ഒളിക്കാന്‍ ഇടം തേടി പരക്കം പായുന്ന ആ പെരുച്ചായി എന്നും അവന്റെ കൂടെ ഉണ്ടായിരുന്നല്ലോ?ശരിക്കും അവന്‍ പരിഭ്രമിച്ച് പോയി. താന്‍ വന്ന് പെട്ട ഈ പുതിയ ചുറ്റുപാടുകളെ മനസിലാക്കാനുള്ള അളവുകോല്‍ പോലും അവന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പുതുമയുള്ള എല്ലാ കാഴ്ചകളും അനുഭവങ്ങളും അവനെ അലോസരപ്പെടുത്തി. മഞ്ഞയും വെള്ളയും ഛായം പൂശിയ ഒരു പോലെയുള്ള വീടുകള്‍ ,പെട്ടികള്‍ കണക്കെ നിരനിരയായി അടുക്കിയ അവന്റെ താമസസ്ഥലം. അതിനിടയിലൂടെ നൂണ്ട് കിടക്കുന്ന മഴ വീണാല്‍ ചെളി പുതയുന്ന മണ്‍പാതകള്‍. ടെറസില്‍ നിന്നാല്‍ ആ സമതലത്തിനു മീതെ ചക്രവാളത്തിന്റെ അതിരുകളോളം ദൃശ്യമാവുന്ന മുമ്പെങ്ങും അനുഭവപ്പെടാത്ത വിശാലമായ ആകാശം. ഒന്നിനോടും അവന്റെ കണ്ണുകള്‍ രാജിയായില്ല. ബ്രിഗേഡ് ,കോറമംഗല തുടങ്ങിയ നഗരത്തിന്റെ വര്‍ണാഭമായ പ്രദേശങ്ങള്‍ ഇടയ്ക്കൊക്കെ സന്ദര്‍ശിക്കുമ്പോഴും അവിടെയെല്ലാം അവനു കൈ പിടിയില്‍ നിന്നും അകലെയായിരുന്നു. ഉള്‍ക്കൊള്ളാനാവാത്തത്ര സങ്കീര്‍ണ്ണവും പുറംപൂച്ചും മാത്രമാണ് എല്ലാമെന്ന് തോന്നി. ഇതിന്റെയെല്ലാം രൂപക അലങ്കാരം പോലെയായിരുന്നു മാറിയ ഭക്ഷണക്രമങ്ങളുടെ ഫലം. ആദ്യത്തേത് അവന്റെ തലച്ചോറിനെ ഞെരിപിരി കൊള്ളിച്ചപ്പോള്‍ ‘ചിത്രണ്ണയും ‘ അന്നസാമ്പാറും’ വിവിധ ഇനം ബാത്തുകളും അവന്റെ കുടലുകളെ കലുഷമാക്കി. കക്കൂസിലിരിക്കുമ്പോള്‍ വയറിളകി മൂലം പുകയുന്നു.അതു കൊണ്ടും തീരാതെ ചിലപ്പോള്‍ ഛര്‍ദ്ദി തുടങ്ങുന്നു.
സഹപാഠികള്‍ പങ്കു വച്ചിരുന്ന സ്വപ്നങ്ങളൊന്നും അവനെ ആവേശം കൊള്ളിച്ചില്ല.’എഞ്ചിനിയറിങ്ങ് കഴിഞ്ഞ് യൂ എസിലോ യൂ കെയിലോ ഒരു എം എസ് ചെയ്യണം.കഴിയുമെങ്കില്‍ അവിടെ തന്നെ സെറ്റില്‍ ആവണം’.ഇതൊക്കെയായിരുന്നു മിക്കവരുടേയും ആഗ്രഹപരിധി. അവര്‍ വിപണിയിലെ ഏറ്റവും പുതിയ ഫാഷനുകളില്‍ കോലം മാറി നടന്നു.അതിനു വേണ്ട വമ്പന്മാരുടെ ഉത്പന്നങ്ങളുടെ ഗുണഗണങ്ങളെ പറ്റിയുള്ള അവനു അജ്ഞാതമായ സംഭാഷണങ്ങള്‍. ‘അടിച്ച് പൊളിക്കുക’ എന്നൊരു പ്രയോഗത്തിന്റെ താളം ഞരമ്പുകളില്‍ നിറയെ ഉണ്ടായിരുന്നു. കാതടപ്പിക്കുന്ന ശബ്‌ദഘോഷങ്ങളില്‍ ,വര്‍ണമേളങ്ങളില്‍ ആടി തിമിര്‍ത്ത് കൊണ്ട് അങ്ങനെ…തന്റെ വഴി വ്യത്യസ്ഥമാണെന്നും ,ആ പാതയില്‍ എന്തൊക്കെയോ അധികം ചെയ്യാനുണ്ടെന്നുമാണ് അവനു തോന്നിയത്. എന്നലാത് എന്തെന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ആ പ്രതീക്ഷകളെ പ്രകാശിപ്പിക്കുന്ന വഴിവിളക്കുകളേതും കണ്ടതുമില്ല.അങ്ങനെ ഇച്‌ഛാഭംഗം അവനെ പൊതിഞ്ഞു.
മുന്നില്‍ കാണുന്നതെല്ലാം മരീചിക മാത്രമായി തോന്നി. എല്ലാറ്റിനോടും ഉത്സാഹം നഷ്‌ടപ്പെട്ടു. താന്‍ വിചാരിച്ചത് പോലെയൊന്നുമല്ല ലോകം ,അല്ലെങ്കില്‍ അത്തരമൊരു ഭാവനാലോകത്ത് എത്തിപ്പെടാനാവില്ല എന്ന തിരിച്ചറിവാണ് അവനെ തകര്‍ത്തത്. എല്ലാവരേയും പോലെ ഞാനും ആട്ടി തെളിക്കപ്പെട്ട് പോവുകയാണ്. അഞ്ചക്ക ശമ്പളം പറ്റുന്ന ഒരു ജോലി എന്നതിലുപരി ജീവിതത്തിന് അര്‍ത്ഥമോ ലക്ഷ്യമോ ഇല്ലേ? യൌവനത്തിലേക്ക് കാലെടുത്ത് വച്ച് തുടങ്ങിയ അവന്റെ മനസ് ചോരത്തിളപ്പിന്റെ ആവേശം വ്യയം ചെയ്യാന്‍ പോന്ന കര്‍മ്മ കാണ്ഢങ്ങളേതും കണ്ടില്ല.
ആ ശൂന്യതയില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. ചിരപരിചിതമായ കാഫ്കയുടേയും മുകുന്ദന്റെയും കാക്കനാടന്റെയും നായക കഥാപാത്രങ്ങളുടെ വിധി അബോധതലങ്ങളില്‍ പേറുക.അതൊരു രക്ഷപെടലായിരുന്നു.നേരിട്ട സങ്കീര്‍ണതകളൊന്നും കുരുക്കഴിച്ച് വേര്‍തിരിക്കാന്‍ കഴിയാതെ ഒരുവന്റെ ഒളിച്ചോട്ടം. എല്ലാറ്റിനേയും പുച്‌ഛിക്കാനും അപമതിക്കാനും പോന്ന ധിക്കാരമായിരുന്നു ശേഷം.
വിപരീത ദിശകള്‍ അന്വേക്ഷിച്ചുള്ള ഒരു പ്രയാണം ആരംഭിച്ചു. തന്റെയീ നഗരവാസത്തെ കുറിച്ച യാതൊരു ലക്ഷ്യവും പിന്നെ തെളിഞ്ഞതേയില്ല. ഫാഷന്റെ വിപുലമായ മുഖങ്ങളെ അനുകരിക്കാന്‍ മത്സരിക്കുന്ന സുഹൃത്തുക്കളുടെ മുന്നിലൂടെ വികൃതവേഷത്തില്‍ അലങ്കോലപ്പെട്ട് നടന്നു.’നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്.’അവന്‍ അവരോട് പറഞ്ഞു.ഏതെങ്കിലും വിദേശ കമ്പനിയിലെ ഉയര്‍ന്ന ജോലി സ്വപ്നം കണ്ടിരിക്കുന്നവരെ പുച്‌ഛിച്ച് തള്ളി.’അത് നിങ്ങളുടെ സ്വാഭാവികമായ എല്ലാ നന്മകളെയും നശിപ്പിക്കാന്‍ പോവുന്നു.’ എന്ന് താക്കീത് ചെയ്തു. എല്ലാറ്റിനോടും വിരക്തി ഭാവിച്ചു. ക്ലാസില്‍ പോവാതെ പകല്‍ മുഴുവന്‍ കിടന്നുറങ്ങി. രാത്രി ഉണര്‍ന്നിരുന്ന് ബീഡി വലിച്ചു. അവന്റെ താത്പര്യം കെട്ട ഇരുപ്പും നടപ്പും അദ്ധ്യാപകരേയും സഹപാഠികളേയും അമ്പരപ്പിച്ചു. വ്യവസ്ഥാപിതമായ യാഥാര്‍ത്ഥ്യങ്ങളോട് താനിതാ കലാപം ചെയ്യുന്നു എന്ന് വിശ്വസിച്ചു. തന്റെ ബൊഹീമിയന്‍ ജീവിതം ചര്‍ച്ച ചെയ്യപ്പെടുന്നത് ആസ്വദിച്ചു.
ക്രമേണ അവന് കാഴ്ചക്കാരില്ലാതായി. ഏകാന്തത അവനെ കൂടുതല്‍ കൂടുതല്‍ വിപരീതദിശകളിലേക്ക് ഉറപ്പിച്ച് നിര്ത്തി . ഏകാന്തതയെ അതിജീവിക്കാന്‍ രണ്ട് വഴികളാണ് അവന്‍ കണ്ടത്.
ഒന്നാമത്തേത് എഴുത്തായിരുന്നു.കഥ എഴുതുകയും പറയുകയും അഭിനയിക്കുകയും വഴി കുട്ടിക്കാലം മുതലെ അവന്റെ ഏകാന്തപൂര്‍ണ്ണമായ ലോകത്തിന് സംതൃപ്തിയുടെ അനേകം പൂച്ചെണ്ടുകള്‍ ലഭിച്ചിട്ടുണ്ട്. എന്നും അവന്റെ ഒന്നാം നമ്പര്‍ ശ്രോതാവ് റസിയ ആയിരുന്നു. മനസില്‍ മൊട്ടിട്ട എത്രയെത്ര കഥകളും ഭാവനകളും അവളോട് പങ്ക് വച്ചിരിക്കുന്നു. ചെറുപ്പത്തില്‍ ഇരുവരുടേയും മറ്റൊരു വിനോദം വായിച്ചറിഞ്ഞ കഥകളിലെ കഥാപാത്രങ്ങളായി അഭിനയിക്കുക എന്നതായിരുന്നു. ഇയ്ക്കാക്ക ആയിരുന്നു എന്നും സംവിധായകന്‍. ചിത്രകഥകളിലെ നായകന്മാഇരെ അനുകരിച്ച് അവര്‍ കള്ളന്മാരെ പിടിക്കാന്‍ ഭിത്തിയോട് ചേര്ന്ന് കളിത്തോക്ക് പിടിച്ച് പതുങ്ങി നടന്നു. നീളമുള്ള കമ്പുകള്‍ വീശി തച്ചോളി ഒതേനനെ പോലെ അങ്കം വെട്ടി. പിന്നെ സ്വന്തമായി ചിത്രകഥകള്‍ വരച്ചുണ്ടാക്കി അവന്‍ സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ ശ്രദ്ധ നേടി. ഒറ്റപ്പെട്ട് പോവാതെ ശ്രദ്ധ പിടിക്കാനും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്ത്താനും അവന് മറ്റൊരു വഴി അറിയില്ലായിരുന്നു. മുതിര്‍ന്ന അവന്റെ വായനയും എഴുത്തും പുതിയ മേഖലകള്‍ തേടാന്‍ തുടങ്ങുമ്പോഴും ,ഈ കാര്യത്തിന് മാറ്റം വന്നില്ല. ബാംഗ്ലൂരിലെത്തിയ ശേഷം ചക്രവ്യൂഹത്തിലകപ്പെട്ട മനസുമായി എന്തൊക്കെയോ ഭ്രാന്തുകള്‍ എഴുതി വിട്ടു.തന്റെ അവസ്ഥ മറ്റുള്ളവരോട് പങ്ക് വയ്ക്കാനുള്ള തൃഷ്ണയായിരുന്നു അതിന്റെ ചോദന.മനസ് എഴുത്തുകാരന്‍ എന്നത് ലക്ഷ്യപ്രാപ്തിയായി തിരിച്ചറിയാന്‍ അവ്യക്തമായെങ്കിലും കൊതിച്ചുവോ?എന്നാല്‍ വായനക്കാരെ തേടിയുള്ള യാത്രയില്‍ ആ കൃതികളെല്ലാം എഡിറ്റര്‍മാരുടെ മേശ ഭേദിക്കാനാവാതെ ചവറ്റുകുട്ടയില്‍ ഒടുങ്ങി.ഇരുള്‍ മൂടിയ ആഴക്കിണറ്റിലേക്ക് കല്ലിടുന്ന പോലെയായിരുന്നു അത്.അതിന്റെ ഗതി അറിയാന്‍ പോയിട്ട് ,ഓളങ്ങളുടെ ചലനം പോലും ദൃശ്യമാവുന്നില്ല.
മദ്യപാനമായിരുന്നു അടുത്തത്.മദ്യപാനികള്‍ക്കു പൊതുവെയുള്ള നിസംഗതയും നിരാശയും അവനു സഹജമായിരുന്നു. അതു കൊണ്ട് തന്നെ മദ്യം ഒഴുകുന്ന സദസുകളില്‍ നേതാവായി തീരുന്ന പോലെ തോന്നി. ഒന്നും ചെയ്യാനാവാതെ ഒതുങ്ങി പോവുന്ന സാധാരണ വ്യക്തിത്വത്തില്‍ നിന്നും മദ്യത്തിന്റെ നുരകള്‍, പുലമ്പലുകള്‍ കൊണ്ട് എല്ലാം വെട്ടി പിടിക്കുന്ന സജീവതയിലേക്ക് കൊണ്ട് പോവുന്നു. മത്സരത്തിന്റെ വീറും വാശിയും പ്രകടിപ്പിച്ചാണ് അവനന്ന് മദ്യം വിഴുങ്ങിയിരുന്നത്. അവന്റെ മദ്യാസക്തി നോക്കി വാ പൊളിച്ചവരുടെ നേരെ അല്പം പൊങ്ങച്ചത്തോടെ കുലുങ്ങി ചിരിച്ചു. ആളുകള്‍ മാറി മാറി വന്നു. എല്ലാ മദ്യസദസ്സുകളിലും അവന്‍ നിര്‍ബന്ധ സാന്നിധ്യമായി തുടര്ന്നു . സകലരും അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് കണ്ണു മിഴിച്ചു. വെളിവുകെട്ട ആ നേരത്ത് വെളിവുകേടുകള്‍ അവര്‍ക്കൊരു രസമായിരുന്നു. തനിക്ക് കിട്ടുന്ന പരിഗണന കൈവിട്ട് പോവാതെയിരിക്കാന്‍ വിഷയദാരിദ്ര്യമില്ലാതെ അവന്‍ പുലമ്പി കൊണ്ടേയിരുന്നു. മറ്റുള്ളവരെ അമ്പരപ്പിക്കാന്‍ സ്വയം വിഢ്ഢി വേഷം കെട്ടുക. ഇതായിരുന്നു സൂത്രം. എല്ലാവര്ക്കും കാണാന്‍ പാകത്തിനു ദുരന്തനായകന്റെ വ്യാജമുഖംമൂടി അണിഞ്ഞിരുന്നു.പലരും വന്ന് അവനെ കെട്ടി പിടിച്ച് കരഞ്ഞു. എല്ലാം മദ്യത്തിന്റെ ചേഷ്‌ടകളാണെന്ന് അവനറിയാം.നാളെ ബോധത്തോടെ അവരിതൊന്നും ഓര്‍ക്കുക കൂടിയില്ല എന്നുമറിയാം എങ്കിലും ആടുന്നയീ ലോകം ആവേശമായി.അതില്‍ ആണ്ടു മുങ്ങി.
ഈയൊരു കലുഷമായ മസ്തിഷ്ക സമ്മര്‍ദ്ദങ്ങള്‍ക്ക് അയവ് വരുന്നത് വല്ലപ്പോഴുമൊരിക്കല്‍ വീട്ടിലെത്തുമ്പോഴാണ്. സ്വച്‌ഛമായ സ്വന്തം ഇടത്തില്‍ എന്തൊരു സമാധാനം.അവന്റെ മനസിനു അവിടെ എല്ലാം പരിപൂര്‍ണ്ണം . വലിയ സഞ്ചാരിയുടെ ചാരുതയോടെ കണ്ട കാഴ്ചകളും നേരിട്ട രസകരമായ അനുഭവങ്ങളും പൊടിപ്പും തൊങ്ങലും ചേര്ത്ത് റസിയെ പറഞ്ഞ് കേള്‍പ്പിക്കാന്‍ എന്ത് രസം. ഉമ്മായുടെ ശീതളമായ വാത്സല്യത്തിനു കീഴെ തന്റെ എല്ലാ കാര്യങ്ങളും വിട്ടേച്ച്,അലസനായി മുറിയിലെ കട്ടിലില്‍ ചാരി കിടക്കാം. ആശ്വാസത്തോടെ ഏതെങ്കിലും പുസ്തകത്തിന്റെ താളുകളിലൂടെ കണ്ണോടിക്കാം. ഏറെക്കാലത്തെ അലഞ്ഞ് തിരിയലിനു ശേഷം സ്വസ്ഥത തേടി വന്ന് കയറിയ പാത്തുമ്മായുടെ ആടിലെ ബഷീറിയന്‍ ഭാവം!
വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലായി പല രീതിയില്‍ ശീലിച്ച കാഴ്ചകളുടെ സ്വകാര്യതയിലൂടെ വൈകുന്നേരം ചുമ്മാ നടക്കാനിറങ്ങും. പായലും മാലിന്യവും മൂടിയ പഞ്ചായത്ത് കുളവും ,ബസ്‌സ്റ്റാന്റും,മാര്‍ക്കയറ്റും ,മത്സ്യ ചന്തയും കടന്ന് ഏറ്റുമാനൂര്‍ ടൌണിന്റെ ഇത്തിരി പോന്ന തിരക്കിലൂടെ നടന്ന് ക്ഷേത്രം ചുറ്റി എസ് എം എസ് എം വായനശാലയിലെത്തും. പ്രഷറിന്റെ ആധിക്യത്താല്‍ പിടലി വെട്ടിച്ച് കൊണ്ടിരിക്കുന്ന വൃദ്ധനായ ലൈബ്രേറിയന്‍ കണ്ണുയര്‍ത്തി നോക്കി തിരിച്ചറിഞ്ഞ് കഴിയുമ്പോള്‍ മാസവരിയെ കുറിച്ച് ഓര്‍മ്മിപ്പിക്കും. കൌമാരത്തിന്റെ തുടക്കം മുതലെ അവന്റെ വായനാനുഭവത്തെ തിരതല്ലി ഉണര്ത്തി യത് ഇവിടത്തെ പുസ്തകങ്ങളും മാസികകളുമാണ് . എതിരെ പള്ളിയില്‍ നിന്നും മഗ്‌രിബ് ബാങ്ക് കേള്‍ക്കു ന്നത് വരെ വായിക്കാം . പിന്നെ കൃഷ്ണേട്ടന്റെ കടയില്‍ നിന്നും മസാല ദോശയും കഴിച്ച് വീട്ടിലേക്ക് മടക്കാം. ഇതിനപ്പുറം നാട്ടിലും അവനു സുഹൃത്തുക്കളോ ഇടപാടുകളോ ഉണ്ടായിരുന്നില്ല. പക്ഷെ മുമ്പ് തിരിച്ചറിയാതെ പോയ അവിടുത്തെ ജീവിതത്തിന്റെ ലാളിത്യവും സംതൃപ്തിയും ബാംഗ്ളൂര്‍ വാസത്തോടെ വെളിപ്പെട്ടു എന്ന് തോന്നി.
മടങ്ങുമ്പോള്‍ ഉമ്മാ പറയും.’നന്നായി പഠിക്കണം കെട്ടോ.വാപ്പ ചോര നീരാക്കി ഉണ്ടാക്കിയ പൈസയാണ് ചിലവാക്കുന്നത്”.നെഞ്ചു പിളര്ക്കു ന്ന ചൂളം വിളിയോടെ ട്രയിന്‍ ആര്‍ത്തലച്ച് അവനേയും കൊണ്ട് പായുകയായി. അനൌണ്സ്മെ ന്റും ,തിരക്കും ,പാളങ്ങളുടെ സീല്ക്കാ രവും ,കച്ചവടക്കാരുടെ ഒച്ചപ്പാടുകളുമെല്ലാം ചേരുന്ന പ്രത്യേകമായ താളമുണ്ട് ഓരോ റെയില്‍ വേ സ്റ്റേഷനും. അവ്യക്തമായ അതി ര്‍ വരമ്പുകള്‍ അവ രൂപപ്പെടുത്തുകയായി.അത് മറി കടന്ന് ബാംഗ്ലൂരില്‍ എത്തി കഴിയുന്നതോടെ അവന്‍ വീണ്ടും ശിഥിലമാവുന്നു.സ്വന്തം കൈപ്പിടിയില്‍ നിന്നും ദൂരേക്ക് ദൂരേക്ക് ചിതറുന്നു. പ്രതിസന്ധികളും വൈഷമ്യങ്ങളും അവനെ ബലഹീനനാക്കുന്നു. വീണ്ടും മുഖംമൂടികള്‍ അണിഞ്ഞ് തുടങ്ങും.
ഇങ്ങനെ കാലം നിസംഗമായി കടന്ന് പോയി. എല്ലാ ജാലകങ്ങളും അടഞ്ഞ നിലയായിരുന്നു അവന്‍ . അവിടെ അവ്യക്തമായ പകല്‍ കിനാവ് പോലെയായിരുന്നു ജീവിതം.ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും ആ അനുഭവങ്ങള്‍ ആഴിയുടെ ഇരുണ്ട ആഴങ്ങളിലേക്ക് മറഞ്ഞു കൊണ്ടേയിരിക്കുന്നു. അസ്വസ്ഥപൂര്‍ണ്ണമായ ഒരു ചോദ്യചിഹ്നം മാത്രം മനസ്സില്‍! ജലോപരിതലത്തിന്റെ നേര്ത്ത തിളക്കത്തില്‍ ഒരു കാഴ്ച മാത്രം എന്നും അവശേഷിക്കുന്നു…
Generated from archived content: sidhilaveechi6.html Author: hasim_muhamed