ഭാഗം രണ്ട്- ഇയ്ക്കാക്ക

(ഇക്കാക്ക ഡയറിയില്‍ കുറിച്ചു– ഉത്തരാധുനിക ലോകത്ത് ജീവിതം ജീവിക്കാനുള്ളതല്ല, പ്രതീതി യാഥാര്‍ത്ഥ്യങ്ങളില്‍ ആനന്ദിക്കാനുള്ള ലഹരി പദാര്‍ത്ഥമാവുകയാണല്ലോ?)

ഈ സമയം ബാംഗ്ലൂരില്‍ ഇക്കാക്ക വിവരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു വലിയ വലയുടെ ഉള്ളിലൂടെ കണ്ണ്‌ മിഴിച്ച് നടക്കുകയായിരുന്നു.റസിയ വലക്കണ്ണികളെ മുറിച്ച് ചാടാന്‍ പ്രയത്നിക്കുമ്പോള്‍ ,ഇയ്ക്കക്കാ അത് മുറുക്കി കൊണ്ടിരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് വിരല്‍ തുമ്പിലേക്ക് ഒഴുക്കി കൊണ്ട് വരുന്ന വിസ്തൃതമായ പ്രപഞ്ചത്തിലേക്ക് അവന്‍ കൂപ്പ് കുത്തി. എന്തിന്റെയും ധാരാളിത്തം മുന്നിലുണ്ടാവുമ്പോള്‍ കാണേണ്ടത് കാണാനാവാതെ കണ്ണ്‌ മഞ്ഞളിക്കുമല്ലോ?അങ്ങനെയായിരുന്നു അവന്റെ അവസ്ഥ.ബ്രൌസിങ്ങ് ശീലത്തേക്കാള്‍ ഒഴിവാക്കാനാവാത്ത ലഹരിബാധയായി തീര്‍ന്നിരുന്നു. ഉമ്മച്ചിക്കു ഷോപ്പിങ്ങ് പോലെ. സ്വയം നേരിട്ട് കൊണ്ടിരിക്കുന്ന സങ്കീര്ണ‍മായ യാഥര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഏറ്റവും പറ്റിയൊരു വഴിയായിരുന്നു അവനത് തുറന്ന് കൊടുത്തത്.

ആദ്യമൊക്കെ ചാറ്റിങ്ങ് മാത്രമായിരുന്നു അവന്റെ പ്രധാന പരിപാടി. തിരിച്ചറിയപ്പെടാത്ത വ്യക്തിത്വങ്ങള്‍ നിറഞ്ഞ ആ സ്വകാര്യലോകത്തെ അവന്‍ നെഞ്ചിലേറ്റി. ആരോടൊക്കെയോ എന്തൊക്കെയോ നമ്മള്‍ പറയുന്നു. കളവുകളുടെ മീതെ കളവുകള്‍. മറുപടി തരുന്നത് വ്യാജനാണെങ്കിലും എവിടെയോ ജീവിച്ചിരിക്കുന്ന ഒരുവനോ ഒരുത്തിയോ ആണെന്നത് മാത്രമാണ്‌ ആശ്വാസം. ആ കൃത്രിമ മേല്‍ വിലാസക്കാരനോട് മുഖംമൂടിയിട്ട് മറഞ്ഞിരുന്ന് കൊണ്ട് മനസിന്റെ അടിത്തട്ടില്‍ ഒളിച്ചിരിക്കുന്ന അനാവശ്യങ്ങളെല്ലാം പറഞ്ഞ് രസിക്കുക. അതായിരുന്നു ആദ്യ പടി.

പിന്നെ പിന്നെ ഇന്റര്‍നെറ്റിന്റെ വലക്കണ്ണികള്‍ അവനു ചുറ്റും മുറുകി തുടങ്ങി. ലൈംഗിക വൈകല്യങ്ങളുടേയും ,അരാജകത്വത്തിന്റെയും അനേകം കളിയരങ്ങുകള്‍ വെളിപ്പെട്ട് വന്നു.മിടിക്കുന്ന ഹൃദയത്തോടെ രഹസ്യസ്വഭാവം പുലര്‍ത്തുന്ന ആ ലോകത്തേക്ക് ജിജ്ഞാസയോടെ അവന്‍ ഇറങ്ങി ചെന്നു. അതൊരു വിചിത്രമായ ലോകമായിരുന്നു. മനസിനേയും അഹംബോധത്തേയും ക്രമത്തേയും കശക്കി കളഞ്ഞ് കൊണ്ട് ഗൂഢമായ ആനന്ദം പ്രധാനം ചെയ്യുന്ന രീതി. ലൈംഗിക വ്യക്തിത്വത്തെ ഛിന്നഭിന്നമാക്കി,അത് എന്തും സാധ്യമാക്കി തരുന്ന ഭ്രമാത്മകതയെ അനുഭവത്തില്‍ സൃഷ്ടിക്കുന്നു. അങ്ങനെ മനസിന്റെ ഉളളറകളിലെ ഇരുണ്ട് കോണില്‍ രക്ഷപെടാനാവാത്ത വിധം അവന്‍ ബന്ധിതനായി കൊണ്ടിരുന്നു. ചങ്ങലകളില്‍ വരിഞ്ഞ് മുറുക്കപ്പെട്ട് ഇരുട്ടില്‍ തപ്പി തടഞ്ഞ് കൊണ്ട് അവിടെ വെറും നിലത്ത് കിടന്നു. നനഞ്ഞ തറക്ക് നല്ല വഴുവഴുപ്പും തണുപ്പും. ഒഴുകി തീരുന്ന വെളളം വിസിലടിക്കുന്ന പോലെയുളള ശബ്‌ദമുണ്ടാക്കി ഓവിലൂടെ ഒലിച്ചിറങ്ങുന്നത് കേള്‍ക്കാ നാവുന്നു. അത്ര മാത്രം. താന്‍ എത്തിപെട്ട് കിടക്കുന്ന മലിനമായ അവസ്ഥയെ അവനു തിരിച്ചറിയാന്‍ അത് മതി. എന്നിട്ടും ആ ഇരുട്ടിലൂടെ മലിനതയില്‍ മുങ്ങി അവന്‍ തപ്പിത്തടഞ്ഞു.

സൈബര്‍ കഫെയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അത് അനുഭവിച്ചറിയാം. വികൃതഭാവനയുടെ കെട്ടു പിണഞ്ഞ ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിലേക്കുളള പ്രവേശനം. കറങ്ങി തിരിയുന്ന ഒരു മരവിപ്പാണ്‌ അപ്പോള്‍. കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ കണ്ണിലിരുട്ട് കയറ്റുന്ന കൃത്രിമപ്രകാശവും സൂര്യരശ്‌മികളും ചേര്ന്ന് മുന്നില്‍ രൂപരഹിതമായ ഒരു വല നെയ്യുന്നുണ്ട്. വാഹനങ്ങളുറ്റെ പുകയിലൂടെ,പൊടിയിലൂടെ,തിരക്കിലൂടെ അവന്‍ മുറിയിലേക്ക് വച്ച് പിടിക്കുന്നു.ഉള്ളില്‍ രൂപം പൂണ്ട വിചിത്രകല്പനകളെ മറ്റൊരു ശ്രദ്ധ കൊണ്ടും അലിയിച്ച് കളയാതെ നേരെ തന്റെ മാളത്തില്‍ വന്ന് കയറുന്നു.അവന്റെ മുറിയെ മാളം എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല.ഒരു നാലു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്നുള്ള ചെറിയ മുറിയാണത്. കാറ്റും വെളിച്ചവും കമ്മിയാണ്‌ ഉള്ളില്‍. ഉച്ച സമയത്ത് കൂടി ഇത്തിരി വെട്ടമേ അകത്ത് കയറൂ. വെയിലത്ത് നിന്നും വന്ന് കയറുമ്പോള്‍ ആദ്യം ഒന്നും കാണാനാവില്ല.ഇരുണ്ട അന്തരീക്ഷത്തില്‍ മഞ്ഞ നിറത്തില്‍ എന്തൊക്കെയോ മിന്നുന്നത് പോലെയുണ്ടാവും.പിന്നെ പയ്യെ കാഴ്ചകള്‍ തെളിഞ്ഞു വരുന്നു. നിലത്ത് മൂലയില്‍ മുഷിഞ്ഞ ഒരു മെത്ത കാണാം.മുറിയുടെ ബാക്കിയുള്ള സ്ഥലത്തിന്റെ സിംഹഭാഗവും അപഹരിച്ചിരിക്കുന്നത് മേശയും കമ്പ്യൂട്ടറുമാണ്‌.മേശയുടെ അടിയില്‍ ഒരു ബാഗും പെട്ടിയും വച്ചിരിക്കുന്നു.മെത്തയുടെ മീതെ ഭിത്തിയില്‍ ഒരു ഷെല്‍ഫുണ്ട്. അതിനുള്ളില്‍ എന്തെല്ലാമോ തിങ്ങി നിറഞ്ഞിരിക്കുന്നു. ഷെല്‍ഫിനോട് ചേര്‍ന്ന് ഭിത്തിയില്‍ അടിച്ചിരിക്കുന്ന ആണിയില്‍ മുഷിഞ്ഞ ഷര്‍ട്ടുകള്‍ തൂങ്ങുന്നു.

മുറിയില്‍ എത്തിയാലുടന്‍ വസ്ത്രങ്ങള്‍ മാറി അവന്‍ കമ്പ്യൂട്ടര്‍ ഓണാക്കുന്നു.നെറ്റില്‍ നിന്നും എടുത്ത് കൊണ്ട് വന്നതെല്ലാം പരിശോധിക്കുന്നു.താന്‍ അറിഞ്ഞ വൈകല്യപൂര്‍ണ്ണമായ ഭാവനകളെ വീണ്ടും ഇക്കിളിപ്പെടുത്തി ഉണര്‍ത്തുന്നു.അവയെല്ലാം യാഥാര്‍ത്ഥ്യങ്ങളായെങ്കില്‍ എന്നു സങ്കല്പ്പിക്കുന്നു.ഇതവന്റെ ലൈംഗിക മോഹങ്ങളെ തീക്ഷണമാക്കി അപരിചിതമായ വഴികളിലേക്ക് തെളിക്കുന്നു.ആ വഴിയുടെ ഇരുവശവും കിഴ്ക്കാന്തൂക്കായ കൊക്കകളാണ്‌.ഓരോ കാലടികള്‍ക്കു കീഴിലും വഴുക്കലും തണുപ്പും.അപകടകരമായ ആ ചുറ്റുപാടിലേക്ക് താന്‍ നടന്ന് ചെല്ലുന്നത് ആരും കാണരുത് എന്ന കാര്യം ഇടയ്ക്കിടെ ഉറപ്പ് വരുത്തി കൊണ്ടിരിക്കും.നെഞ്ചില്‍ കരിന്തിരി പുകഞ്ഞ് നിറയുന്നു.

ആ തീക്ഷണത മെല്ലെ തണുത്ത് കഴിയുമ്പോള്‍ ഒരു പകല്‍ കിനാവില്‍ നിന്നും ഉണരുന്നതിന്റെ ആലസ്യത്തോടെ അവന്‍ തന്റെ മുറിയുടെ അരണ്ട വെളിച്ചവും ,അതിലെ സാധനസാമഗ്രികളും തിരിച്ചറിയുന്നു.ചിലപ്പോഴത് ഗള്‍ഫില്‍ നിന്നുള്ള ഫോണ്‍ കോളിന്റെ ശബ്‌ദം കേട്ടുള്ള ഞെട്ടി ഉണരലാവും.എങ്ങനെയായാലും അഭിശപ്തമായ നേരമാണത്.അവനു സ്വയം തോന്നുന്ന വെറുപ്പും നൈരാശ്യവും അതിന്റെ ഉന്നതിയിലാവും.അനാവശ്യമായ എന്തെല്ലാം കാര്യങ്ങളാണ്‌ താന്‍ ഭാവനയില്‍ കുത്തി നിറക്കുന്നത്.എന്തൊരു വിഢ്ഢിത്തങ്ങളാണ്‌ ഇവ?മനസിന്റെയും വ്യക്തിത്വത്തിന്റെയും സമനില തെറ്റിക്കാന്‍ പര്യാപ്തമായ കാര്യങ്ങളാണ്‌.അറിഞ്ഞ് കൊണ്ട് വീണ്ടും വീണ്ടും ചെന്ന് കയറുകയാണ്‌. രക്ഷപെടാന്‍ കഴിയാത്ത വണ്ണം ഞാന്‍ നാശോന്മുഖനായി കൊണ്ടിരിക്കുന്നു.എന്തിനാണ്?ഒഴിവാക്കണമെന്ന് ഒരോ തവണയും ആഗ്രഹിക്കും.പക്ഷെ ഇത് തന്നെ സ്ഥിതി.അരിശം അടക്കാനാവാതെ അവന്‍ പല്ലു കടിക്കുകയും മുഷ്‌ഠി ചുരുട്ടി വായുവില്‍ ഇടിക്കുകയും ചെയ്യുന്നു.’എത്രയും പെട്ടെന്ന് എഞ്ചിനിയറിങ്ങ് തീര്ത്ത് ഇങ്ങോട്ട് വരണം.വാപ്പാക്ക് വയ്യാണ്ടായിരിക്കുന്നു’.ഇതാവും ഗള്‍ഫില്‍ല്‍ നിന്നും ഉമ്മായ്ക്ക് ഫോണില്‍ പറയാനുണ്ടാവുക. കേള്‍ക്കുമ്പോള്‍ വയറില്‍ നിന്നും നെഞ്ചിലേക്ക് തീക്കനല്‍ കുതിച്ചുയരുന്നത് അവനറിയുന്നു. തനിക്കിനി ഒരിക്കലും എഞ്ചിനിയറിങ്ങ് പാസാകാനാവില്ല. പഠനം പാതി വഴിയില്‍ മുടങ്ങി പോയിരിക്കുന്നു എന്നവരറിയുമ്പോള്‍ എങ്ങനെയുണ്ടാവും? അറിയില്ല!ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരു പിടച്ചിലാണ്‌.പറയാന്‍ പല തവണ തുനിഞ്ഞതാണ്‌.കഴിഞ്ഞില്ല. അപ്പോഴെല്ലാം ശ്വാസം നിലയ്ക്കുന്ന രീതിയില്‍ ത്വരിതഗതിയിലാണ്‌ പിടച്ചില്‍.

ആശയറ്റ ആ ജീവിത സന്ദര്‍ഭവും ചിന്താക്ലേശവും അവന്റെ തലച്ചോറിനെ ഞെരിച്ചമര്‍ത്തുന്നു.സിഗരറ്റുകള്‍ പട പട വലിച്ച് തള്ളും. തനിക്ക് എവിടെയാണ്‌ തെറ്റ് പറ്റിയത്?എങ്ങനെ കാര്യങ്ങളെല്ലാം ഇങ്ങനെയായി തീര്‍ന്നു ?എങ്ങോട്ടേക്കാണീ പോക്ക്?ഒരു അന്തവും കുന്തവുമില്ല. നാശകാരിയായി ഭാവി,എവിടെയോ മറവില്‍ ഒളിച്ച് നില്ക്കുന്നു.

നാലു വര്‍ഷം മുമ്പ് ബാംഗ്ലൂരിലേക്ക് വരുമ്പോള്‍ എന്തെല്ലാമാണ്‌ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.ശരിക്കും ചിന്തിച്ചാല്‍ എന്തെങ്കിലും ഉണ്ടായിരുന്നോ?എഞിനിയറിങ് പഠിക്കാന്‍ വന്നവന്‍‌ നാടു കാണാന്‍ ഇറങ്ങിയവന്റെ ഉല്ലാസമായിരുന്നു.ജീവിതത്തിന്റെ പുതിയ മുഖങ്ങളും അനുഭവങ്ങളും ഏത് തരത്തിലുളളതാവും എന്നതിനെ കുറിച്ച് ഊഹം പോലും ഉണ്ടായിരുന്നില്ലെങ്കിലും ,നേരിടാന്‍ മാനസികമായ തയാറെടുപ്പുകള്‍ നടത്തി. സംഭവിക്കാനിരിക്കുന്ന ഈ കീഴ്മേല്‍ മറിച്ചിലുകള്‍ അന്ന് സ്വപ്നേച്‌ഛ കരുതിയിരുന്നതല്ല. അവന്‌ ആകെ ഉണ്ടായിരുന്നത് ഈ നഗരപ്രവേശത്തോടെ അനുഭവങ്ങള്‍ കൊണ്ടും അറിവ് കൊണ്ടും ഉയരങ്ങളിലേക്ക് കുതിക്കാനിരിക്കുന്നു എന്ന അവ്യക്തമായ ധാരണയാണ്‌. അതേ സമയം ഇക്കാക്ക തന്നെ ഡയറിയില്‍ സ്വയം വിശേഷിപ്പിച്ചത് പോലെ സ്വന്തം വഴി നിര്‍ണയിക്കാന്‍ പോയിട്ട് ,വഴിയുടെ ആവശ്യകത കൂടി അറിയാത്ത അപക്വമതിയായിരുന്നു അവനന്ന്.

ചുവന്ന തുണിപ്പെട്ടിയില്‍ ആവശ്യമായതെല്ലാം കെട്ടി പെറുക്കി കൊണ്ട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നടത്തിയ മാനസികമായ തയാറെടുപ്പുകളൊക്കെയും വിഷമം കടിച്ചമര്ത്താ ന്‍ അപര്യാപ്തമായി. ഉമ്മയും റസിയയുമില്ലാതെ വീട് വിട്ട് താമസിക്കാന്‍ ദൂരദിക്കിലേക്ക് പോവുന്നത് ആദ്യം.ചെറുപ്പത്തിലെ വേനലവധിക്ക് മൂത്തുമ്മായുടെ വീട്ടില്‍ നാലഞ്ച് ദിവസം പോയി താമസിച്ചിട്ടുളളത് മാത്രമാണ്‌ അപവാദം.അന്നവന്‍ തീരെ ചെറുതായിരുന്നു. പിന്നീടൊരിക്കലും വീട് വിട്ട് നിന്നിട്ടേയില്ല.ആ വീടും പരിസരവും മാത്രമായിരുന്നു മൂവരുടേയും ലോകം.’ഞാന്‍ അവിടെ നിന്നും ബഹിഷ്‌കൃതനാവുകയാണ്‌.ജീവിതത്തിന്റെ യഥാര്ത്ഥ തട്ടകത്തിലേക്ക് ഞാനിതാ ഇറങ്ങുന്നു’.യാത്രയാവുന്ന സമയത്ത് അവന്‍ ചിന്തിച്ചു.അവധിക്ക് ശേഷം തിരിച്ച് പോവുമ്പോഴുളള വാപ്പായുടെ മുഖഭാവവും ചേഷ്‌ടകളും അനുകരിച്ച് കൊണ്ടാണ്‌ അവന്‍ വീട്ടില്‍ നിന്നിറങ്ങിയത്.’യാഥാര്‍ത്ഥ്യങ്ങളുടെ അപരിചിതമായ ലോകം’.ഒരു ഭയം കലര്‍ന്ന നേരിയ പരിഭ്രമം ഉള്ളില്‍ മൊട്ടിട്ടു വന്നു.

ഉറക്കത്തിന്റെ പരുക്കന്‍ സ്പര്‍ശങ്ങളില്‍ നിന്നും മരവിച്ച ശരീര ഭാഗങ്ങളോടെ എഴുന്നേറ്റ് വരുമ്പോള്‍ ,ബസ്സ് ബാംഗ്ലൂരിലേക്ക് പ്രവേശിക്കുകയായിരുന്നു.പുലരിയിലെ തണുത്ത കാറ്റ് അവന്റെ ചെവിക്കുള്ളിലേക്ക് കിരുകിരുപ്പോടെ കയറി വന്നു.അതിന്റെ കാഠിന്യത്താല്‍ അവന്റെ പല്ലുകള്‍ കൂട്ടി മുട്ടി.രോമങ്ങള്‍ തെറിച്ച് നിന്നു.പിന്നില്‍ അങ്ങ് ദൂരെ തന്റെ ലോകം മറഞ്ഞ് പോയിരിക്കുന്നു എന്നത് അവന്‍ കണ്ടു.ഒരു രാത്രിയിലെ നിര്‍ത്താതെയുള്ള പാച്ചിലിമു‌ ശേഷം താനിതാ അപരിചിതമായ ഈ ദേശത്ത് എത്തി ചേര്ന്നിരിക്കുന്നു. വെളിച്ചത്തിന്റെ നൂലിഴകള്‍ മെല്ലെ ഇഴ ചേര്‍ന്നു കൊണ്ട് ബസ്സിന്‌ പുറത്തെ കാഴ്ചകള്‍ കാട്ടി തുടങ്ങവേ അവന്റെ ഉള്ളം ഗൃഹാതുരതയില്‍ വിങ്ങുകയായിരുന്നു.

മജസ്‌റ്റിക്കില്‍ ബസ്സിറങ്ങുമ്പോള്‍ ആ ദീര്‍ഘയാത്രയുടെ മനംപിരട്ടല്‍ അവന്റെ ബോധമണ്ഡലത്തെ പരത്തി കളഞ്ഞിരുന്നു.തലയ്ക്കൊരു ഭാരക്കുറവ് അനുഭവപ്പെടുന്നു.മേല്പ്പാ ലത്തിലൂടെ നടക്കുമ്പോള്‍ താഴത്തെ തിരക്കും ബസ്‌സ്റ്റാന്‍ഡിന്റെ വിചിത്രമായ ആകൃതിയുമെല്ലാം അവന്റെ കണ്ണുകള്‍ക്ക് തെളിയുന്നുണ്ടായിരുന്നു.അതെല്ലാം അവന്റെ അപരിചിതത്വം വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ആ കാഴ്ചകളില്‍ മുഴുകാനോ അതിനെ പറ്റി ചിന്തിക്കാനോ ഒന്നും കഴിയുമായിരുന്നില്ല.എന്തിനെന്നറിയാതെ അവന്‍ സങ്കടപ്പെട്ടു.പരിഭ്രമം നെഞ്ചില്‍ കൊളുത്തി കിടന്നു.

എങ്ങനെ പരിഭ്രമിക്കാതെയിരിക്കും .അവന്റെ കൂടെ ആകെ ഉണ്ടായിരുന്നത് അഡ്മിഷന്‍ എടുത്ത് കൊടുക്കാമെന്നേറ്റ ഏജന്റ് മാത്രമാണ്‌.അയാളുടെ പേരു കൂടി അവന്‌ വ്യക്തമായി അറിയുമായിരുന്നില്ല.ആ അപരിചിതന്റെ കൂടെ ജീവിതത്തില്‍ ആദ്യമായി ഇങ്ങനെയൊരു വന്‍ നഗരത്തില്‍ എത്തിപ്പെടുമ്പോള്‍ അവനെങ്ങനെ പരിഭ്രമം തോന്നാതിരിക്കും.അവന്റെ നെഞ്ചാണെങ്കില്‍ ഓരോ മിടിപ്പിലും ഉമ്മായേയും റസിയയേയും വീടിനേയും കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നു.ശരീരമാണെങ്കില്‍ യാത്രാക്ഷീണത്താല്‍ ചണ്ടിയായത് പോലെ.നഗരത്തിന്റെ കാഴ്ചകളും ബഹളങ്ങളുമെല്ലാം ഉള്‍ക്കൊള്ളാത്ത വിധത്തില്‍ ഇരട്ടിച്ച് കൊണ്ട് അന്ധാളിപ്പുകള്‍ മാത്രം ഉണ്ടാക്കുന്നു.എന്നാല്‍ തന്റെ പെരുമാറ്റത്തില്‍ ഏതും പുറത്ത് കാണാതെയിരിക്കാന്‍ യത്നിച്ച് കൊണ്ട് അയാളുടെ കൂടെ നടന്നു.തന്റെ ആന്തരികഭീതി പരസ്യപ്പെടുക വഴി അയാള്‍ നേടിയേക്കാവുന്ന മേല്‍ കൈയേയും അവന്‍ ഭയപ്പെട്ടു.ശാന്തത വരുത്തി കൊണ്ട് അയാളോട് എന്തെങ്കിലുമൊക്കെ സംസാരിക്കാണമെന്ന് ആഗ്രഹിച്ചു.പക്ഷെ അവന്റെ മൂടി കെട്ടിയ മനസില്‍ നിന്നും ഒരു സംഭാഷണശകലവും പൊട്ടി വരുമായിരുന്നില്ല.

ഹോട്ടല്‍ മുറിയില്‍ നിന്നും കുളിച്ച് ശുദ്ധിയായ ശേഷം ഒരു ടാക്സി വിളിച്ചാണ്‌ അവര്‍ കോളേജിലേക്ക് പോയത്.നല്ല ദൂരമുണ്ടായിരുന്നു.ഏജന്റിന്റെ തട്ടിപ്പിനെ കുറിച്ച് അവന്‌ ഒരല്പം ധാരണയുണ്ട്. പേര്‌ കേട്ട ഒരു കോളേജില്‍ അഡ്മിഷന്‍ വാങ്ങി തരാമെന്ന് പറഞ്ഞ് പറ്റിച്ചാണ്‌ അയാള്‍ അവരുടെ പക്കല്‍ നിന്നും പണം പിടുങ്ങിയത്.പിന്നീടാണ്‌ അയാളുടെ ഇരട്ടത്താപ്പ് വ്യക്തമായത്.അന്ന് ആ കോളേജിലെ സീറ്റ് നഷ്‌ടപ്പെടാനിടയായ സാഹചര്യത്തെ കുറിച്ച് വാ തോരാതെ പറഞ്ഞ് കപടനാട്യമാടി കൊണ്ടാണ്‌ അയാള്‍ വന്നത്. മറ്റൊരു കോളേജില്‍ കഷ്‌ടപ്പെട്ട് അഡ്മിഷന്‍ തരപ്പെടുത്തിയിട്ടുണ്ടെന്ന ഒരു ‘ആശ്വാസവചന’വും.എന്തു ചെയ്യാന്‍?സ്ഥിതിഗതികള്‍ അയാളുടെ നിയന്ത്രണത്തിലായി പോയി.കൊടുത്ത പണം കളയാനാവില്ലല്ലോ?അതും മൂത്തുമ്മായുടെ കൈയില്‍ നിന്നും കടം വാങ്ങിയ പണം!ആ വര്‍ഷത്തെ ക്ലാസുകള്‍ എല്ലായിടത്തും തുടങ്ങുകയും ചെയ്തിരുന്നു.അങ്ങനെയാണ്‌ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആ കോളേജിലേക്ക് അവന്‍ ചേരാന്‍ വരുന്നത്.

കാറ്‌ നഗരാതിര്‍ത്തി പിന്നിട്ട് ഹൈവേയിലൂടെ കുതിച്ചു. ഒന്നിനും കഴിയാത്ത വൈകാരികാവസ്ഥയില്‍ കാഴ്ചകള്‍ കണ്ടിരിക്കുകയായിരുന്നു അവന്‍.ഇരുവശവും പൊടിയും ബഹളവും നിറഞ്ഞ അന്തരീക്ഷത്തില്‍ കടകളുടെ നിര കാണാം.ഭാരം വഹിച്ച് തളര്‍ന്ന ലോറികള്‍ കൂറ്റന്‍ ജന്തുക്കളെ പോലെ വഴിയരികില്‍ വിശ്രമിക്കുന്നു.അവിടെയെങ്ങും ചപ്പും ചവറും ചിതറി കിടന്നു.അത് ചികഞ്ഞു കൊണ്ടിരിക്കുന്ന വൃത്തികെട്ട കോലത്തിലുള്ള നായ്ക്കള്‍ . മീതെ നിന്നും വീഴുന്ന വെയിലിന്റെ മഞ്ഞപ്പ്. എല്ലാം അവന്‌ അറപ്പും അസഹനീയവുമായി. ആ ചുറ്റുപാടുകളോടുള്ള അന്യതയില്‍ അവന്റെ മനസ് വീണ്ടും വീണ്ടും വീടിനോടുള്ള അഭിനിവേശത്തിലേക്ക് കൊളുത്തി വലിക്കപ്പെട്ടു.

കാറ്‌ അവിടെയൊരു കൊച്ച് മാടക്കടയുടെ മുന്നില്‍ നിന്നു.അതിന്റെ മുന്നിലിട്ടിരുന്ന കല്ലുബഞ്ചിലിരുന്ന് വരണ്ട തൊലിയുള്ള രണ്ട് പേര്‍ ചെറിയ സ്റ്റീല്‍ ഗ്ലാസില്‍ ചായ കുടിക്കുന്നു.അതിലൊരുത്തന്‍ വഴി പറഞ്ഞ് തന്നു.തൊട്ടടുത്ത് തന്നെയാണ്‌ കോളേജ്.അപ്പോള്‍ ഈ പ്രദേശത്ത് തന്നെയാണ്‌ താന്‍ താമസിക്കാന്‍ പോവുന്നത്.അന്നത് അറിഞ്ഞപ്പോഴുണ്ടായ സ്‌തോഭം, നിസ്സഹായമായ കീഴടങ്ങലിന്റെ വേദനയായി തല്ലി തകര്‍ന്നു . .കോളേജ് കണ്ടപ്പോഴും അത് തന്നെ. പണി പൂര്‍ത്തിയായിട്ടില്ലാത്ത ഒരു കൊച്ചു കെട്ടിടമായിരുന്നു കോളേജ്.പരിസരത്ത് ആകെയുള്ള ഒറ്റപ്പെട്ട വൃക്ഷത്തില്‍ കുരങ്ങുകള്‍ ചാടി കളിക്കുന്നു.

അഹിതകരമായത് തടുക്കാനാവാത്തവന്റെ തളര്‍ച്ചയാണ്‌ അവനുണ്ടായത്.പ്ലൈവുഡ് കെട്ടി തിരിച്ച,അടുക്കും ചിട്ടയുമില്ലാത്ത ഹോസ്റ്റല്‍ മുറിയുടെ മൂലയില്‍ ഏകാകിയായി കിടന്ന ആ രാത്രിയില്‍ ചോരക്കുഞ്ഞിന്റെ പോലെയുള്ള നിഷ്കളങ്കമായ നിലവിളി നെഞ്ചില്‍ തിളച്ചു.ഭാവിയെ കുറിച്ചുള്ള മുന്‍ധാരണകളും തയാറെടുപ്പുകളും എപ്പോഴും വൃഥാവിലാണെന്ന് അന്ന് തിരിച്ചറിഞ്ഞു.

നാലു വര്‍ഷത്തിന്‌ ശേഷവും എന്താണ്‌ താന്‍ ഒരിടത്തും എത്താതിരുന്നത്?പാഴിലായി തീര്‍ന്ന വര്‍ഷങ്ങള്‍. ആദ്യത്തെ അവസരത്തില്‍ അനുഭവപ്പെട്ട വികാരങ്ങളൊക്കെയും ഈ കാലം മുഴുവന്‍ തന്നെ പിന്തുടരുകയായിരുന്നോ?അങ്ങനെയാണെങ്കില്‍ എന്തൊരു കഴിവ് കെട്ടവനാണ്‌ ഞാന്‍!എന്താണിനി ചെയ്യുക?തന്റെയീ തകര്ച്ചതയെ കുറിച്ച് എങ്ങനെയാണ്‌ വാപ്പയേയും ഉമ്മയേയും പറഞ്ഞു മനസിലാക്കുക ?അവരാണെങ്കില്‍ തന്റെ പഠനം പൂര്‍ത്തി യാക്കിയുള്ള വരവിനു കാത്തിരിക്കുന്നു….

വരാന്‍ പോകുന്ന ഭയാനകമായ പൊട്ടിത്തെറിയുടെ മുന്നോടിയായി ഉയരുന്ന ഈ പുകച്ചുരുളുകളില്‍ തല പെരുക്കുന്നു. അവനു വയ്യ.എല്ലാറ്റില്‍ നിന്നും അവന്‌ പലായനം ചെയ്യണം.അയാര്‍ത്ഥമെങ്കിലും മായികമായ ഒരു ലോകത്തിന്റെ അനായാസതയിലേക്ക്.

Generated from archived content: sidhilaveechi5.html Author: hasim_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English