(റസിയ ഇക്കാക്കക്ക് എഴുതി,
എല്ലാ മനുഷ്യരുടേയും പിന്നില്‍ പ്രത്യേകമായ സ്വഭാവസിദ്ധികളുമായി ഒരു മൃഗമുണ്ട്. )
അന്ന് വൈകുന്നേരത്തെ മൂടല്‍ മഞ്ഞ് ശരിക്കും ഭയങ്കരമായിരുന്നു.നാലു മണിയായപ്പോഴേ അന്തരീക്ഷം നന്നായി ഇരുണ്ടു.പിന്നെ പെട്ടെന്നായിരുന്നു കണ്ണുകള്‍ക്ക് മീതെ മായികമായ പുകമറ തീര്ത്ത് കൊണ്ട് മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്.കാഴ്ചയുടെ പരിധിയെ ഇത്തിരി പോന്ന വട്ടത്തിനുള്ളില്‍ ഒതുക്കി കൊണ്ട് അത് അന്തരീക്ഷത്തില്‍ തൂങ്ങി നിന്നു.റോഡ് കാണാനാവാതെ വാഹനങ്ങള്‍ ആ വെണ്മയുടെ സുതാര്യതയിലേക്ക് ഹെഡ്‌ലൈറ്റുകള്‍ തുറന്ന് വച്ച് കൊണ്ട് ഇഴഞ്ഞു.ആളുകള്‍ വിസ്മയത്തോടെ പറഞ്ഞു.’ഹോ എന്തൊരു മൂടല്‍ മഞ്ഞ്.’
റസിയക്ക് മഞ്ഞിന്റെ വരവ് പെട്ടെന്ന് മനസിലായില്ല.അവള്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് നടന്ന് തുടങ്ങിയപ്പോഴാണ്. പുക പോലെയൊന്ന് എല്ലാറ്റിനേയും ആവരണം ചെയ്യുന്നു.വളരെ പെട്ടെന്നായിരുന്നു അത്. ഒപ്പം തിരിച്ചറിയാന്‍ കഴിയാത്ത വിധം അനുക്രമമായ പ്രക്രിയ കൂടിയായിരുന്നു അത്.കോര്ണിചഷിന്റെ കരയിലൂടെ നടക്കുകയാണവള്‍.എല്ലാം മഞ്ഞില്‍ ആണ്ട് പോയിരുന്നു.അവളുടെ പ്രിയപ്പെട്ട ആ ലോകം മുഴുവന്‍ അതിന്റെ മറയത്ത് ഒളിച്ചിരിക്കുകയാണ്.ജലത്തിന്റെ മീതെ കൂടി പുകമഞ്ഞ് പറക്കുന്നത് കാണാം.നടപ്പാതയും കൈവരിയും മുന്നിലും പിന്നിലും മഞ്ഞില്‍ നഷ്‌ടപ്പെടുന്നു.അവള്‍ക്കു ചുറ്റും ആകെ ഇത്തിരി പോന്ന ഒരു ലോകമുണ്ട്.ബാക്കി എല്ലായിടത്തും മഞ്ഞിന്റെ വെളുത്ത ധൂമപടലങ്ങള്‍.
തൊട്ട് മുന്നിലുള്ള കാഴ്ചകള്‍ കൂടി യവനികക്കു പിന്നിലാക്കുന്ന ഇത്തരമൊരു മൂടല്‍മഞ്ഞ് അവള്‍ ആദ്യമായി കാണുകയായിരുന്നു.അത് കൊണ്ട് തന്നെ ഈ ദൃശ്യവിരുന്ന് ആദ്യം അവള്‍ക്കു ആനന്ദകരമായ അനുഭൂതിയായിരുന്നു.താന്‍ എവിടെയാണെന്ന് പോലും വ്യക്തമാവാത്ത ആ അസ്പഷ്‌ടമായ അന്തരീക്ഷത്തിലൂടെ അവള്‍ നടന്നു.ആളുകള്‍ പൊതുവെ കുറവാണെന്ന് തോന്നി.വല്ലപ്പോഴും വെളുത്ത മറ നീക്കി പ്രത്യക്ഷപ്പെട്ട അപരിചിതര്‍ പുക ശ്വസിച്ച് കൊണ്ട് അവളെ കടന്ന് പോയി. ജീവിതത്തിന്റെ ഒരു സ്വപ്നവ്യാഖ്യാനം പോലെയായിരുന്നു അത്.ലോകത്തിന്റെ വിശാലതയൊന്നും തിരിച്ചറിയാനാവുന്നില്ല.സ്വന്തം മാനസിക ലോകത്തിന്റെ ഇത്തിരി പോന്ന നുറുങ്ങ് വെട്ടം മാത്രമാണ് കൂടെയുള്ളത്.അതുമായി ഒറ്റക്ക് ദുര്‍ബലതയോടെ നീങ്ങുകയാണ് നാം.ആ നിഗൂഢതയില്‍ സഹജമായ ഒരു ഭയം അവളില്‍ വളര്ന്ന് വന്നു.
ഒരു നിലവിളി ഓര്‍മ്മയില്‍ കുരുങ്ങി കിടക്കുന്നു.രണ്ട് നാള്‍ മുമ്പ് രാത്രിയുടെ മറവില്‍ നിന്നും കേട്ട സ്ത്രീരോദനം.ആരോ ഒരാള്‍ ആ പെണ്ണിന്റെ പുറത്ത് പിന്നില്‍ നിന്നും കത്തി കൊണ്ട് കുത്തുകയായിരുന്നു.താഴെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മജീദിക്ക പറയുമ്പോഴാണ് വിവരമറിയുന്നത്.ആ സ്ത്രീ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണത്രെ.രാത്രിയില്‍ കേട്ട നിലവിളിയുടെ ഉത്ഭവത്തെ കുറിച്ച് അപ്പോഴാണ് റസിയക്ക് പൂര്ണാബോധ്യമായത്.’കാര്യമെന്താണ്?’.’ആ അതൊന്നും അറിയില്ല,കുത്തിയവനെ ഇത് വരെ പിടി കിട്ടിയിട്ടില്ല.’
സ്കൂളില്‍ ചെന്നപ്പോഴാണ് പൊടിപ്പും തൊങ്ങലും വച്ച് കാര്യങ്ങള്‍ വിശദമായിട്ട് കേട്ടത്.’നിങ്ങളുടെ ഏരിയായിലല്ലേ റിപ്പര്‍ ഇറങ്ങിയേക്കുന്നത്?’കൂട്ടുകാരി അഫ്സാന ചോദിച്ചു.’എന്ത്?റിപ്പറോ?’.റസിയക്ക് മനസിലായില്ല.’അറിഞ്ഞില്ലേ….?കൂട്ടുകാരി കണ്ണുകള്‍ വിടര്ത്തി മുഖത്ത് ഭയം വരുത്തി കൊണ്ട് പറഞ്ഞു.’നിങ്ങളുടെ അടുത്ത് ഇന്നലെ രാത്രി ഒരു പെണ്ണിനെ കുത്തിയില്ലേ?’.’ഉവ്വ്’.’അതെ,റിപ്പറാണ്..ഈ ആഴ്ച്ച ഇതിപ്പോള്‍ നാലാമത്തെ പെണ്ണിനാണ് കുത്തേല്ക്കുന്നത്.എല്ലാം ഒരേ മാതിരി.ഇരുട്ടിന്റെ മറവില്‍ നിന്നും പ്രത്യക്ഷനായി, കൈയിലെ കൂര്‍ത്ത കഠാര കൊണ്ട് കുത്തി,അയാള്‍ വേഗത്തില്‍ മറഞ്ഞു കളയുന്നു.സന്ധ്യക്ക് ശേഷം ഒറ്റക്ക് നടക്കുന്ന പെണ്ണുങ്ങളെയാണ് ഉന്നം വയ്ക്കുന്നത് എന്നും കേട്ടു.’
‘പോടി, ചുമ്മാ വന്ന് കൊല്ലുകയോ?’
‘അതെയതെ,മോശപ്പെട്ട പ്രവര്‍ത്തികള്‍ക്കു പോവുന്ന പെണ്ണുങ്ങളെയാണ് അയാള്‍ കൊല്ലുന്നത് എന്നൊക്കെ ആരോ പറയുന്നത് കേട്ടു.’മറ്റൊരു കൂട്ടുകാരി കുക്കു പറഞ്ഞു.’
‘ഒന്നുമല്ല, അയാള്‍ക്ക് അതൊരു രസമാണ്!’അഫ്സാനക്ക് ഉറപ്പാണ്!
‘ചിലര്‍ പറയുന്നത് അല്‍-ഖായിദയുടെ ആളാണെന്നാണ്!പേടിപ്പെടുത്താനുള്ള പരിപാടിയാണത്രെ.’
‘ഏതായാലും ഇനി ഒറ്റക്ക് പുറത്തിറങ്ങി നടക്കാനുള്ള ധൈര്യം എനിക്കില്ല. നീ ഇതൊന്നും അറിഞ്ഞില്ലായിരുന്നു അല്ലേ?’
‘പിന്നെ ചുമ്മാ അങ്ങനെ വന്ന് കുത്തുകയല്ലേ?’.ധൈര്യം അഭിനയിച്ച് കൊണ്ടാണ് റസിയ അത് പറഞ്ഞത്.യഥാര്ത്ഥ ത്തില്‍ ആ വിവരണങ്ങള്‍ എല്ലാം കേട്ട് അവളുടെ ഉള്ളില്‍ പരിഭ്രമങ്ങള്‍ മുള പൊട്ടിയിരുന്നു.
ഇന്ന് രാവിലെ പത്രങ്ങളില്‍ ഇങ്ങനെയൊരു വാര്ത്തയുണ്ടായിരുന്നു.
റിപ്പര്‍ ആക്രമണം:പോലീസ് നിഷേധിച്ചു. ഷാര്‍ജാഅ:കോര്ണിങഷിന്റെയും കിങ്ങ് ഫൈസല്‍ റോഡിന്റെയും പരിസരങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ റിപ്പര്‍ മോഡല്‍ ആക്രമണം നടക്കുന്നു എന്ന അഭ്യൂഹം പൊലീസ് ശക്തിയായി നിഷേധിച്ചു.റിപ്പര്‍ മോഡലില്‍ തലക്ക് അടിയേറ്റ് ആരും വധിക്കപ്പെട്ടിട്ടില്ല എന്ന് സ്ഥലം പോലീസ് മേധാവി പറഞ്ഞു.മൂന്ന് സ്ത്രീകള്‍ ഒരേ രീതിയില്‍ കുത്തേറ്റ് മരിച്ചതിനെ കുറിച്ച് തങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും ,വൈകാതെ തന്നെ പ്രതിയെ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.ഈ സംഭവത്തിന്റെ പേരില്‍ യാതൊരു പരിഭ്രമത്തിന്റെയും ആവശ്യമില്ല.എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ച് കഴിഞ്ഞു.’
‘കണ്ടില്ലേ, എല്ലാം ആളുകള്‍ പറഞ്ഞുണ്ടാക്കിയതാണ്.അല്ലാതെ അതിലൊന്നുമില്ല.’ വാപ്പ പറഞ്ഞു.
‘നിനക്ക് പേടിയുണ്ടോ റസിയാ..ഏതായാലും വൈകുന്നേരം കോര്ണി്ഷിന്റെ കരയില്‍ നിന്നെ വിളിക്കാന്‍ ഞാന്‍ വരാം.’ഉമ്മാ പറഞ്ഞു.
അയ്യേ,എനിക്ക് പേടിയൊന്നുമില്ല.’അങ്ങനെ പറഞ്ഞുവെങ്കിലും ഉമ്മാ വരുമെന്ന് റസിയക്ക് ബോധ്യമുണ്ടായിരുന്നു.
കോര്ണിഷിന്റെ കരയിലെ നടപ്പാത അഞ്ചാറ് മീറ്റര്‍ നീളത്തില്‍ നമ്പറിട്ട് തിരിച്ചിട്ടുണ്ട്.അമ്പത്തി രണ്ടിലാണ് സാധാരണ ഉമ്മാ വന്നിരിക്കാറ്.പിന്നിലേക്കാണ് അവള്‍ നടക്കുന്നത്.തുടക്കത്തില്‍ നിന്നും നടന്നെത്തുന്ന ഉമ്മാ അവിടെയെത്തുമ്പോള്‍ ക്ഷീണിച്ച് ഏതെങ്കിലും ബഞ്ചില്‍ അവളെ കാത്തിരിക്കും.
അന്നത്തെ മൂടല്‍ മഞ്ഞില്‍ അടുത്ത് ചെന്ന് നോക്കിയാല്‍ മാത്രമേ നമ്പരുകള്‍ തെളിഞ്ഞ് കാണാമായിരുന്നുള്ളൂ.അങ്ങനെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ റസിയ ചിന്തിച്ചു.ആദ്യം തോന്നിയ അമ്പരപ്പും,പിന്നെ ഈ വന്‍ നഗരത്തിന്റെ നിറക്കൂട്ടുകളില്‍ വിരിഞ്ഞ ഉല്ലാസവും കഴിഞ്ഞ്,ഇപ്പോഴിതാ അതിന്റെ ഉള്‍ക്കൊള്ളാനാവാത്ത സങ്കീര്ണ സ്വഭാവം വെളിവാകുന്നു.മഞ്ഞിലെ മങ്ങിയ കാഴ്ചകള്‍ അവളുടെ ആത്മാവിലും അത്തരമൊരു വികാരമുണര്‍ത്തി. രണ്ട് മൂന്ന് മാസം മുമ്പ് ഇതിലേ നടക്കുമ്പോള്‍ പഴയ വിഹ്വലതകളുടെ വലക്കണ്ണികള്‍ മുറിച്ച് താന്‍ പുറത്ത് കടന്നതായി തോന്നിയിരുന്നു.എന്നാല്‍ എല്ലാവരേയും വേട്ടയാടുന്ന എന്തോ ഒന്ന് ,തൊട്ടടുത്ത് അസ്‌പഷ്‌ടമായി കാത്ത് വച്ചിട്ടുണ്ട് സ്വഭാവത്തില്‍ തന്നെയീ നഗരം.അവള്‍ക്കു വല്ലായ്മ തോന്നി.റിപ്പര്‍ കഥകളാണോ കാരണം?ഏന്തായാലും ഉണ്ടായത് ഭീതിയല്ല,മനം മടുപ്പിക്കുന്ന മറ്റെന്തോ ഒന്ന്. അവളോ അവിടെ ഒറ്റക്ക് വീര്‍പ്പു മുട്ടി.ചുറ്റും മൂടല്‍ മഞ്ഞിന്റെ കനത്ത മറ.
നെഞ്ചില്‍ പുളിപ്പ് ഉണ്ടാക്കി കൊണ്ട് ഒരു പല്ലു ആഞ്ഞ് തറക്കുന്നത് പോലെ വീണ്ടും തോന്നുന്നോ?അല്ല,അതൊരു നിസാരമായ ഭീതിയുടെ ഇക്കിളിപ്പെടുത്തല്‍ മാത്രമായിരുന്നു.ഇവിടെ അവള്‍ക്കു മനസിലാവാത്ത കാര്യമിതാണ്.ഒരാള്‍ വെറുതെ കുറെ സ്ത്രീകളെ കൊല്ലുന്നു.എന്താണത്?എന്തിനാണത്?ഇത് സിനിമയിലെയോ മറ്റോ ഉള്ള കഥയാണോ?റിപ്പര്‍ കഥ അഭ്യൂഹം മാത്രമാണെന്ന് അവള്‍ക്കു ഉറപ്പാണ്.ആ കഥയുടെ മനോനിലയാണ് അവളെ വല്ലാതാക്കുന്നത്.
ആ വല്ലായ്മ വര്‍ദ്ധിച്ച് വന്നു.മൂടല്‍ മഞ്ഞിലെ കാഴ്ചകളില്ലാത്ത അടഞ്ഞ ലോകത്തിന്റെ വിജനത അവള്‍ വെറുത്തു.ഉമ്മായുമായി സന്ധിക്കാനുള്ള ആഗ്രഹം മാത്രമായി നടപ്പിന്റെ പ്രേരണ.നമ്പരിട്ട ഓരൊ വഴിയടയാളങ്ങള്‍ പിന്നിടുമ്പോഴും അടുത്ത ബഞ്ചില്‍ ഉമ്മാ ഇരിപ്പുണ്ടല്ലോ എന്ന ആശ്വാസം.അമ്പത് കഴിഞ്ഞിട്ടും ഉമ്മായെ കാണാതായപ്പോള്‍ അവളുടെ മനസില്‍ ഒരു ആശങ്ക രൂപം പൂണ്ടു.ഒരു പക്ഷെ രാവിലെ താന്‍ വരേണ്ട എന്നറിയിച്ചത് കൊണ്ട് ഉമ്മാ വീട്ടില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവില്ലേ?ഹോ,അങ്ങയാണെങ്കില്‍ വികാരകലുഷമായ ഈ സ്വകാര്യ നിമിഷങ്ങളുമായി ഇനിയും എത്രയധികം ഞാന്‍ തനിയെ നടക്കണം.മൊബൈല്‍ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ച് നോക്കി.ആരും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല.ഒരു പക്ഷെ ഉമ്മാ നിസ്കരിക്കുകയാവും.അല്ലെങ്കില്‍ തന്നെ വിളിക്കാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയിട്ടുണ്ടാവും. നടന്ന് വരികയായിരിക്കും.
അവള്‍ നടപ്പിന് വേഗം കൂട്ടി.മുന്നില്‍ നിശ്ചിത അളവില്‍ മാത്രം മഞ്ഞിന്റെ ശ്വേതവര്‍ണ്ണത്തിലുള്ള അടരുകളില്‍ നിന്നും ഭൂപ്രകൃതി വെളിവായി വരുന്നത് കാണാന്‍ നല്ല രസമുണ്ട്.അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മനസ് ശൂന്യമാക്കിയിടാന്‍ ശ്രമിച്ച് അവള്‍ മുന്നോട്ട് നീങ്ങി.കുറേ നേരത്തേക്ക് ഒരു മനുഷ്യനെ പോലും കണ്ടില്ല.റോഡിലൂടെ ഇടയ്ക്കെപ്പോഴോ ഒരു കാറു പോവുന്നതിന്റെ ശബ്‌ദം കേട്ടു.
സ്വല്പം അകലത്തിലായി പുല്മേട്ടില്‍ ഒരു പെണ്ണു കിടക്കുന്നത് കണ്ടു.ഈ മഞ്ഞില്‍ ഇവളെന്തിന് ഇവിടെ ഒറ്റക്ക് കിടക്കുന്നു എന്ന് ചിന്തിച്ച് കൊണ്ട് അവളെ കടന്ന് പോവുമ്പോള്‍ ഇടം കണ്ണിട്ട് ഒന്ന് നോക്കിയതേയുള്ളൂ.റസിയയുടെ എല്ലാ അവയവങ്ങളും നടുക്കം കൊണ്ടു.അവളുടെ ഇന്ദ്രിയങ്ങളെല്ലാം പെട്ടെന്ന് സ്തബ്‌ധമായി പോയി.അവിടെ വീണ് കിടന്നിരുന്ന പെണ്ണിന്റെ മഫ്തയുടെ പിന്ഭാഗം രക്തത്തില്‍ കുളിച്ചിരിക്കുന്നു.പുറത്ത് രണ്ട് മൂന്ന് വലിയ മുറിവിന്റെ പാടുകള്‍.രക്തം പുല്മേടിന്റെ പച്ചപ്പിലേക്ക് കിനിഞ്ഞിറങ്ങി കിടക്കുന്നു.അവളുടെ ഒരു കൈ സഹായം തേടിയിട്ടെന്ന പോലെ അടുത്ത ബഞ്ചിനടുത്തേക്ക് നീണ്ട് കിടന്നിരുന്നു.മഞ്ഞിന്റെ വെണ്മിക്ക് മീതെ ചോരയുടെ തുടിപ്പ്.
റസിയ ഒരൊറ്റ നോട്ടമേ നോക്കിയുള്ളൂ.അറിയാതെ തന്നെ അവളുടെ കാലുകള്‍ക്കു വേഗതയേറി.സ്വന്തം ഞരമ്പുകളിലൂടെ രക്തം ഇരക്കുന്നത് അവള്‍ക്കി പ്പോള്‍ കേള്‍ക്കാം .നെഞ്ച് താങ്ങാനാവാത്ത വണ്ണം മിടിച്ചു.ആ പെണ്ണ് മരിച്ച് കാണുമോ?തിരിഞ്ഞു നോക്കാനോ നില്ക്കാനോ ഒന്നും അവള്‍ക്കു ധൈര്യമുണ്ടായില്ല.എന്ത് ചെയ്യണമെന്ന് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. ബാഗില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് വാപ്പായെ വിളിക്കണമെന്ന് ഉണ്ടായിരുന്നു.തന്റെ കൈയുടെ ഭാരം അപ്പോഴാണ് അവള്‍ക്ക് അനുഭവപ്പെട്ടത്.കൈ മാത്രമല്ല ശരീര ഭാഗങ്ങളൊന്നും അനക്കാന്‍ കഴിയുന്നില്ല.കാലു മാത്രം ചാക്രികമായി നിര്‍ത്താ തെ ചലിച്ച് കൊണ്ടിരിക്കുന്നു. എന്താണ് അവിടെ നടന്നിരിക്കുന്നത് എന്ന് അവള്‍ക്ക് വ്യക്തമായി മനക്കണ്ണ് കൊണ്ട് കാണാം.ആ റിപ്പര്‍ ദൂരെയൊന്നും പോയിട്ടുണ്ടാവില്ല.ഈ മഞ്ഞിന്റെ അലുക്കുകള്‍ക്കിടയില്‍ എവിടെയോ അയാളുണ്ട്.ഭയം റസിയയുടെ ഓരോ അണുവിലും മുളയിട്ടു.’മറവില്‍ നിന്നും പെട്ടെന്ന് പ്രത്യക്ഷനായി,കൈയിലെ കൂര്ത്ത് കഠാര കൊണ്ട് പുറത്ത് കുത്തി അയാള്‍ മറഞ്ഞ് കളയുന്നു.’കൂട്ടുകാരികള്‍ പറഞ്ഞത് അവളുടെ മനസിലുണ്ട് .നട്ടെല്ലിലൂടെ ഒരു വിറയല്‍ പാഞ്ഞു.തലയ്ക്കുള്ളില്‍ ഭയത്തിന്റെ മൂടല്‍ മഞ്ഞ് മാത്രം.ഒന്നും കാണാനാവുന്നില്ല.റസിയ അക്ഷരാര്‍ത്ഥത്തില്‍ തപ്പിത്തടഞ്ഞ് ഓടുകയായിരുന്നു…
Generated from archived content: sidhilaveechi4.html Author: hasim_muhamed