‘അത്യുൽപ്പാദനശേഷിയുള്ള പ്രണയം’

രാത്രി പെട്ടെന്ന് പെയ്ത മഴയിൽ നിന്ന് രക്ഷപെടാനാണ് അയാൾ ഷട്ടർ ഇട്ട് അടച്ച കടയുടെ തിണ്ണയിൽ കയറി നിന്നത്. സമയം എട്ടു മണി കഴിഞ്ഞു. മഴ കാരണം മിക്ക കടകളും നേരത്തെ അടച്ചു. റോഡ്‌ ഇരുട്ടിൽ മൂടി കിടക്കുന്നു. ഇടയ്ക്ക് മെല്ലെ വരുന്ന വാഹനങ്ങളുടെ സ്വർണ്ണ നിറമുള്ള വെളിച്ചം മഴത്തുള്ളികളെ കാട്ടിക്കൊണ്ട് നീങ്ങിപ്പോകുന്നു.

മഴ അല്പ്പം കുറഞ്ഞപ്പോൾ അയാൾ കർച്ചീഫ് എടുത്ത് തലയിൽ കെട്ടി വേഗം നടന്ന് തുടങ്ങി. പെട്ടെന്നാണ് റോഡരികിലായി ഒരു തിളങ്ങുന്ന വസ്തു കണ്ടത്. അത് റിംഗ് ചെയ്യുന്ന ഒരു മൊബൈൽ ഫോണായിരുന്നു. അയാള്‍ അതെടുത്ത് പേര് നോക്കി. ഒരു സ്ത്രീയാണ് വിളിക്കുന്നത്‌. അയാൾ വെള്ളം തുടച്ചു നീക്കിയിട്ട് ഫോണ്‍ അറ്റൻറ് ചെയ്തു.

“എത്ര നേരമായി വിളിക്കുന്നു. എന്താ ഫോണ്‍ എടുക്കാതിരുന്നത്?” പരിഭവത്തോടെയുള്ള മധുര സ്വരം കേട്ടപ്പോൾ അവളെ നിരാശയാക്കാൻ അയാൾക്ക് തോന്നിയില്ല. ആ ഫോണിന്റെ യഥാർത്ഥ ഉടമയെ പോലെ അയാൾ സംസാരിക്കാൻ ശ്രമിച്ചു.

“അത്…. ഫോണ്‍ റോഡിൽ നഷ്ടപ്പെട്ടിരുന്നു…ഇപ്പോൾ ആണ് കിട്ടിയത്..”

“എന്ത് പറ്റി ശബ്ദത്തിന് ?” അവൾ ആകാംഷയോടെ തിരക്കി.

അത് നനഞ്ഞ് എനിക്ക് ചെറുതായി ജലദോഷം പിടിച്ചു. മാത്രമല്ല ഈ ഫോണ്‍ നനഞ്ഞത്‌ കാരണം മൈക്ക് നല്ലത് പോലെ വര്‍ക്ക് ചെയ്യുന്നില്ല.അത് കൊണ്ടായിരിക്കും.” അയാള്‍ പറഞ്ഞു.

“നാളെത്തന്നെ ചേട്ടൻ വീട്ടില്‍ വരുമല്ലോ?”

“ഉം..” അയാൾ യാന്ത്രികമായി പറഞ്ഞു.

“നമ്മൾ ആദ്യമായി കണ്ടു മുട്ടുന്ന ദിവസം തന്നെ ഇത് സംഭവിക്കുന്നതിൽ വിഷമം ഉണ്ടോ?” അവൾ തിരക്കി.

“ഏയ്‌ ഇല്ല. അതല്ലേ നമ്മുടെ ഭാഗ്യം!”

ഇവൾ അവനെ ഒരിക്കലും നേരിൽ കണ്ടിട്ടില്ല. ഫോണിലൂടെ പരിചയപ്പെട്ട കാമുകീ കാമുകൻമാരയിരിക്കും. ഏതായാലും തനിക്ക് കോളടിച്ചു, അയാൾ മനസ്സിൽ ഓർത്തു.

“നാളെ രാത്രി ഒരു പതിനൊന്നുമണി കഴിയുമ്പോൾ വരണം. അപ്പോഴേക്കും ഞാൻ അങ്ങേരെ ഉറക്ക ഗുളിക കൊടുത്ത് ഉറക്കി കിടത്തിയേക്കാം.” അവൾ രഹസ്യം പറയുന്നത് പോലെ പറഞ്ഞു.

“വീട് കറക്റ്റ് എവിടെയാണെന്ന് പറഞ്ഞില്ല..”

“അതെത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു..” എന്ന് പറഞ്ഞിട്ട് അവൾ അഡ്രസ്സ് വിശദമായി പറഞ്ഞു കൊടുത്തു. അയാള്‍ അത് മനസ്സിൽ പല പ്രാവശ്യം ഉരുവിട്ട് ഉറപ്പിച്ചു.

അവൾ ഫോണ്‍ കട്ട് ചെയ്തപ്പോൾ അയാൾ മധുര സ്വപ്നങ്ങളുമായി വീട്ടിലേക്ക് നടന്നു.

വീട്ടിൽ ചെന്നപ്പോൾ ഫോണ്‍ വൈബ്രേറ്ററിലേക്ക് മാറ്റി. മറ്റാരും ഈ ഫോണ്‍ കിട്ടിയ വിവരം അറിയരുതല്ലോ. പ്രത്യേകിച്ചും ഭാര്യ.

പാതിരാത്രി കഴിഞ്ഞപ്പോൾ വീണ്ടും ഫോണ്‍ കോൾ വന്നു. അയാൾ പുറത്ത് ഇറങ്ങി നിന്ന് അവളോട് സംസാരിച്ചു.

പിറ്റേന്ന് കാലത്ത് എഴുന്നേൽക്കാൻ വൈകി. മടിയോടു കൂടി ആണെങ്കിലും ഓഫീസിലേക്ക് പോയി.

തന്റെ അത് വരെയുള്ള ജീവിതത്തെ അയാൾ ഓഫീസിൽ ഇരുന്ന് ഒന്ന് അവലോകനം ചെയ്തു. കോളേജിൽ വച്ച് എത്ര ആക്റ്റീവായി നടന്നിരുന്ന ആളായിരുന്നു താൻ. സുഹൃത്തുക്കളും ഒത്തുള്ള അന്നത്തെ ജീവിതം എത്ര രസകമായിരുന്നു. പിന്നീട് സർക്കാർ ജോലി കിട്ടിയതോടെ താൻ പകുതി ഒതുങ്ങി. വിവാഹം കൂടെ കഴിഞ്ഞതോടെ ജീവിതത്തിന്റെ എല്ലാ രസങ്ങളും മറ്റുള്ളവർക്ക് നല്‍കി താൻ യാന്ത്രിക ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടി.

ഇനി ഇതൊക്കെ പൊളിച്ച് അടുക്കണം. തന്റെ ജിവിതത്തിലെ പുതിയ ഒരു അധ്യായത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ജീവിതത്തിന്റെ സാഹസിക മേഘലകൾ ഇനി തനിക്കും സ്വന്തം. അയാൾ ആവേശത്തോടെയും അഭിമാനത്തോടെയും ഓർത്തു.

വൈകിട്ട് ഓഫീസിൽ നിന്ന് വന്നതിന് ശേഷം അയാൾ രാത്രി ആകാൻ കാത്തിരിക്കുയായിരുന്നു. അത് വരെ ഇടയ്ക്കിടയ്ക്ക് കണ്ണാടിയുടെ മുന്നില്‍ നിന്ന് അയാൾ തന്റെ മുഖവും രൂപവും എല്ലാം കുറേക്കൂടി സൗന്ദര്യപ്പെടുത്തി എടുത്തു.

തന്റെ സുഹൃത്ത് തിരക്കഥ എഴുതിയ സിനിമ കാണാൻ ടൗണിലെ തീയേറ്ററിൽ സെക്കൻറ് ഷോയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് അയാൾ ബൈക്കുമെടുത്ത് എട്ടര കഴിഞ്ഞപ്പോഴേ വീട്ടിൽ നിന്നിറങ്ങി. അവളുടെ വീട്ടിലേക്ക് ഒന്നൊന്നര മണിക്കൂർ ബൈക്കിൽ യാത്ര ചെയ്യണം.

ഇടയ്ക്ക് ഒരു ഹോട്ടലിൽ കയറി ചപ്പാത്തിയും ചിക്കൻ കറിയും ഒക്കെ കഴിച്ചു. അടുത്തുള്ള ഒരു സ്റ്റേഷനറി കടയിൽ നിന്നും ഒന്ന് പാക്കറ്റ് മൂഡ്‌സ് കോണ്ടം ഒക്കെ വാങ്ങിച്ചു യാത്ര തുടർന്നു. പതിനൊന്ന് മണി ആയപ്പോൾ അവളുടെ വീടിനരികിൽ എത്തി. വീടിനരികിലെ ഇടറോഡിൽ ബൈക്ക് ഇരുട്ടത്തായി വച്ച് മതില്‍ ചാടി കടന്ന് അവളുടെ മുറിക്കരികിൽ എത്തി. അവൾ പറഞ്ഞതു പോലെ അവിടെ കാത്തുനില്പ്പുണ്ടായിരുന്നു. അവൾ അയാളെ സാകുതം നോക്കി. മൂന്നോ നാലോ മാസം ഫോണിലൂടെ സംസാരിച്ച് പരിചയം മാത്രമേ ഉള്ളു എങ്കിലും തന്റെ ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ ഇതാണെന്ന് അവൾ അത്ഭുതത്തോടെ കണ്ടറിഞ്ഞു.

അയാള്‍ക്കും തന്റെ സൗഭാഗ്യം വിശ്വസിക്കാനായില്ല. അത്ര സുന്ദരി ആയിരുന്നു അവൾ.

അവൾ അയാളെ റൂമിലേക്ക് കൊണ്ടു പോയി. അവിടെ ഒരാൾ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.

“ഇത്..?”

“ഇതാണ് ഭര്‍ത്താവ്.. ഉറക്ക ഗുളിക കൊടുത്ത് കിടത്തിയിരിക്കുകയാണ് ” അവൾ പറഞ്ഞു.

“ഓഹോ .” എന്ന് പറഞ്ഞ് അയാളെ സാകുതം നോക്കി.

“പാവം ഒന്നും അറിയാതെ ഉറങ്ങുകയാണ്…”അയാൾ മനസ്സിൽ പറഞ്ഞു.

അപ്പോൾ അവൾ ഒരു പിച്ചാത്തിയും കയറും തുണിയും കൊണ്ടു വന്ന് അയാളുടെ നേരെ നീട്ടി.

“ഇതെന്തിനാണ്?” അയാൾ അത്ഭുതത്തോടെ ചോദിച്ചു.

നമ്മൾ പറഞ്ഞുറപ്പിച്ചതെല്ലാം മറന്നു പോയോ?.. ഈ ജനൽ കമ്പിയിൽ എന്നെ കെട്ടിയിട്ട് വായിൽ ഈ തുണി തിരുകിയിട്ട് ഇയാളെ ഈ പിച്ചാത്തി കൊണ്ടു കൊന്നിട്ട് എന്റെ ആഭരണങ്ങളുമായി പോകണം. പോലീസ് വരുമ്പോൾ കള്ളന്മാർ വന്ന് ചെയ്തതാണെന്ന് പറയാം. പിന്നെ നിങ്ങളുടെ ഭാര്യയേയും ഒഴിവാക്കി നമുക്ക് ഒന്നിച്ച് സഖമായി ജീവിക്കാം..” അവൾ പറഞ്ഞു.

അപ്പോഴാണ്‌ അയാൾക്ക് താൻ വന്നു പെട്ടിരിക്കുന്ന അവസ്ഥയെ പറ്റി ശരിക്കും ബോധ്യം വന്നത്.

അയാൾ ഞെട്ടൽ പുറത്ത് കാണിക്കാതെ ഗൗരവത്തിൽ പിച്ചാത്തി മേടിച്ച് മൂർച്ച നോക്കിയിട്ട് പറഞ്ഞു, “ഈ പിച്ചാത്തിക്ക് മൂർച്ച പോര..വലിയ മൂർച്ചയുള്ള പിച്ചാത്തി ബൈക്കിൽ വച്ചിട്ടുണ്ട് .. ഞാൻ ഇപ്പോൾ എടുത്തു കൊണ്ടു വരാം” എന്ന് പറഞ്ഞിട്ട് അയാൾ പുറത്തേക്ക് നടന്ന് മതില്‍ ചാടി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

ഇടയ്ക്ക് വിജനമായ ഒരു കുറ്റിക്കാട്ടിലേക്ക് കളഞ്ഞു കിട്ടിയ ആ ഫോണ്‍ എറിഞ്ഞ് കളഞ്ഞു.

വീട്ടിൽ ചെന്ന് ആഹാരം ഒക്കെ പേരിന് ഒന്ന് കൂടെ കഴിച്ച് കട്ടിലിൽ ഭാര്യയെ കെട്ടിപ്പിടിച്ച് ഇരുട്ടിലേക്ക് കണ്ണും മിഴിച്ചു നോക്കി ഉയർന്ന നെഞ്ചിടിപ്പോടെ ഓരോന്ന് ഓര്‍ത്ത് ഉറങ്ങാതെ കിടന്നു. അപ്പോൾ കുറ്റിക്കാട്ടിൽ കിടന്ന് ആ ഫോണ്‍ വീണ്ടും വീണ്ടും ബെല്ലടിക്കുകയായിരുന്നു… ചാർജ്ജ് തീരും വരെ..

Generated from archived content: story3_july13_15.html Author: harisankar_kalavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here