നാണിത്തള്ള ലൈനിലുണ്ട്‌

നാണിത്തള്ള ലൈനിലുണ്ടെന്ന്‌ കേൾക്കുമ്പോൾ നിങ്ങൾക്ക്‌ പുച്‌ഛം തോന്നുന്നുണ്ടാകും. ഒരു തള്ളയെ ആർക്ക്‌ ലൈനിൽ വേണമെന്ന്‌ നിങ്ങൾ അവജ്ഞയോടെ ചോദിക്കും. പക്ഷെ നാണിത്തള്ള ലൈനിൽ കിട്ടാൻ ഇന്ന്‌ കേരളത്തിലെ ചെത്ത്‌ കോളേജ്‌ കുമാരന്മാർ ക്യൂ നിൽക്കുന്നു. എന്താ വിശ്വാസം വരുന്നില്ലേ? എങ്കിൽ വാ നമുക്ക്‌ നാണിത്തള്ളയെ വിശദമായി പരിചയപ്പെടാം നാണിത്തള്ളയെ നേരിട്ട്‌ പരിചയപ്പെടണമെങ്കിൽ മാക്കാൻകുന്ന്‌ ഗ്രാമത്തിൽ നിന്ന്‌ കിഴക്കോട്ട്‌ കിടക്കുന്ന ഇടവഴിയിലുടെ കുറേ ദൂരം നടക്കണം. അവിടെ ഒരിടത്തരം കുടിലിന്‌ മുന്നിലെ വരാന്തയിൽ നാണിത്തള്ള ഇരുന്ന്‌ കയറുപിരിക്കുന്ന ദൃശ്യം നിങ്ങൾക്കിപ്പോൾ കാണാൻ പറ്റും. ഇനി ക്യാമറ അൽപ്പം സൂം ഔട്ട്‌ ചെയ്യുക. ഇപ്പോൾ നാണിത്തള്ളയുടെ അടുത്ത്‌ ഒരു മൊബെയിൽ ഫോൺ ഇരികുന്നതും നിങ്ങൾക്ക്‌ കാണാം. ഇനി ക്യാമറ അൽപ്പം കൂടെ പുറകോട്ട്‌ നീക്കിയാൽ നാണിത്തള്ളയുടെ മുന്നിൽ ഒരു കളർ റ്റിവി ഇരിക്കുന്നതും നിങ്ങളുടെ ഫ്രൈമിൽ വരും. അതെ നാണിത്തള്ള ക്രിക്കറ്റ്‌ കളി കാണുകയാണ്‌.

ഇവർക്കിതെന്ത്‌ കിറുക്കാണ്‌ എന്ന്‌ നിങ്ങൾ ചോദിക്കുമായിരിക്കും. പക്ഷെ കാര്യങ്ങൾ അങ്ങനെ ഒന്നുമല്ല. അവർ അവരുടെ തൊഴിൽ ചെയ്യുകയാണ്‌. മനസിലായില്ല അല്ലേ? മനസ്സിലാക്കിത്തരാം. അൽപ്പം വെയിറ്റ്‌ ചെയ്യൂ. അതാ മൊബെയിൽ ഫോൺ ബെല്ലടിക്കുന്നു. നാണിത്തള്ള എടുക്കുന്നു.

“ഹലോ നാണിത്തള്ള സ്പീക്കിംഗ്‌ ആരാ?”

“ഞാൻ ലോ കോളേജിൽ നിന്ന്‌ മാത്തുക്കുട്ടിയാണ്‌, സ്‌കോറെത്രയായി?”

“ഇന്ത്യ 253 ന്‌ ആൾ ഔട്ട്‌. ശ്രീലങ്ക 2 വിക്കറ്റിന്‌ 93 റൺസ്‌ സങ്കകാര )15 റൺസ്‌) ജയവർധ്‌നെ )23 റൺസ്‌) ആണ്‌ ബാറ്റ്‌ ചെയ്യുന്നത്‌.” നാണിത്തള്ള പറഞ്ഞു.

“ആർക്കാണ്‌ വിക്കറ്റ്‌?” മാത്തുക്കുട്ടി വീണ്ടും ചോദിച്ചു.

“ശ്രീശാന്തിന്‌ ഒന്ന്‌, സഹീർ ഖാന്‌ ഒന്ന്‌ ” നാണിത്തള്ള പറഞ്ഞു.

“താങ്ക്യൂ നാണിത്തള്ളേ, ഞാൻ പിന്നീട്‌ ബന്ധപ്പെടാം.”

“ഒക്കെ.” എന്ന്‌ പറഞ്ഞ്‌ നാണിത്തള്ള ഫോൺ കട്ട്‌ ചെയ്തു.

നാണിത്തള്ള ഫോൺ താഴെ വച്ചില്ല അതിന്‌ മുമ്പ്‌ അടുത്ത കോൾ വന്നു. മെഡിക്കൽ കോളേജിൽ നിന്ന്‌ വിനീത്‌ കുമാറാണ്‌. അവനും സ്‌കോററിയണം.

ക്രിക്കറ്റ്‌ കളി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും നാണിത്തള്ളയ്‌ക്ക്‌ കോൾ വരും. അവയ്‌ക്ക്‌ മറുപടി പറയുകയാണ്‌

അവയ്‌ക്ക്‌ മറുപടി പറയുകയാണ്‌ നാണിത്തള്ളയുടെ ജോലി. മൊബെയിൽ കമ്പനികളിലേക്ക്‌ എസ്‌ എം എസ്‌ ചെയ്താൽ ക്രിക്കറ്റ്‌ കളിയുടെ കുറഞ്ഞ്‌ വിവരമേ കിട്ടു. പക്ഷെ നാണിത്തള്ളയെ വിളിച്ചാൽ ക്രിക്കറ്റ്‌ കളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്‌.

നാണിത്തള്ളയ്‌ക്ക്‌ കേബിൾ റ്റിവിയും മൊബെയിൽ ഫോണും ഒക്കെ എങ്ങനെ കിട്ടി എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്‌. ഇതൊക്കെ ഓരോ ആർട്ടസ്‌ ആന്റ് സ്പോർട്ടസ്‌കാരും കോളേജ്കളിലെ ക്രിക്കറ്റ്‌ അസ്സോസിയേഷൻ കാരും മറ്റും സംഭാവനയായി നൽകിയതാണ്‌. ഇതിന്റെ ഒക്കെ മാസവരി അടക്കുന്നതും അവർതന്നെ. നാണിത്തള്ളയ്‌ക്ക്‌ തിമിരത്തിന്റെ ഒപ്പറേഷൻ നടത്തിയതും കേൾവിക്കുറവ്‌ മാറ്റാൻ ഇയർഫോൺ മേടിച്ച്‌ കൊട്ടുത്തതും അവർ തന്നെ. കൂടാതെ നാണിത്തള്ളയ്‌ക്ക്‌ ജീവിക്കാനുള്ള തുകയും മാസം തോറും അവർ അയച്ചുകൊടുക്കും. പിന്നെ കയറുപിരിച്ചുണ്ടാക്കുന്നതും വാർധക്യകാലപെൻഷനും ഒക്കെ കൊണ്ട്‌ നാണിത്തള്ള സുഖമായി കഴിയുന്നു.

ക്രിക്കറ്റ്‌ കളി ഇല്ലാത്ത ദിവസങ്ങളിൽ സ്പോർട്ടസ്‌ ചാനലുകളിലെ പഴയ കളികളുടെ ആവർത്തനം കാണുകയാണ്‌ നാണിത്തള്ളയുടെ ജോലി. ഇത്‌ കണ്ടും സ്പോർട്ടസ്‌ മാസിക വായിച്ചും ആണ്‌

ക്രിക്കറ്റ്‌ കളിയെപ്പറ്റി നാണിത്തള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്‌. ഇതെന്തിനാണെന്നല്ലെ? നാലുമണികഴിഞ്ഞ്‌ സ്‌കൂൾകുട്ടികൾ നാണിത്തള്ളയുടെ അടുത്ത്‌ കഥ കേൾക്കാൻ വരും. ഈ കമ്പ്യുട്ടർ യുഗത്തിൽ എന്ത്‌ മുത്തശ്ശിക്കഥ എന്നായിരിക്കും നിങ്ങൾ ചോദിക്കുന്നത്‌. പക്ഷെ നാണിത്തള്ള പറയുന്നത്‌ പണ്ടത്തെ രാജാക്കൻ മാരുടെ കഥയല്ല ഇന്നത്തെ ക്രിക്കറ്റ്‌ രാജാക്കന്മാരുടെ കഥയാണ്‌.

കുട്ടികൾ നാണിത്തള്ളയോട്‌ ചോദിക്കും,“ നാണിത്തള്ളേ, നാണിത്തള്ളേ ഇന്ത്യ വേൾഡ്‌ കണ്ട്‌ നേടിയ മാച്ചിന്റെ കഥ പറയൂ. അല്ലെങ്കിൽ അനിൽ കുബ്ലെ ടെസ്റ്റിൽ പത്ത്‌ വിക്കറ്റിട്ട കഥ പറയൂ, ആണെങ്കിൽ അഛൻ മരിച്ചപ്പോൾ സച്ചിൻ സെഞ്ച്വറി അടിച്ച കഥ പറയൂ.” ഇങ്ങനെ കുട്ടികൾ ഓരോ കഥകൾ ആവശ്യപ്പെടും. അപ്പോൾ നാണിത്തള്ള ഓരോ മാച്ചിന്റെയും ഫുട്‌ ബോൾ തൊട്ടുള്ള കളി രസകരമായി കുട്ടികൾക്ക്‌ പറഞ്ഞ്‌ കൊടുക്കും. കൂടാതെ ക്രിക്കറ്റ്‌ കളിയിലെ വിവാദനായകന്മാരായ ഷെയിൻ വോൺ, ഷൊയിബ്‌ അക്തർ, ഹർഭജൻസിംഗ്‌ തുടങ്ങിയവരെപ്പറ്റിയുള്ള ഗോസിപ്പുക്കളും കുട്ടികൾക്ക്‌ പറഞ്ഞുകൊടുക്കും. ഇതൊക്കെ കേൾക്കാൻ കുട്ടികൾ പാഞ്ഞ്‌ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു. അവരുടെ മാതാപിതാക്കളും നാണിത്തള്ളയ്‌ക്ക്‌ സാമ്പത്തിക സഹായങ്ങൾ ചെയ്‌ത്‌ കൊടുക്കാറുണ്ട്‌.

കൂടാതെ ചില സൊസൈറ്റി ലേഡികളും കോളേജ്‌ കുമാരിമാരും മറ്റും ക്രിക്കറ്റ്‌ കളിയുടെ ഗുട്ടൻസ്‌ പഠിക്കാൻ രഹസ്യമായി നാണിത്തള്ളയെ സമീപിക്കറുണ്ട്‌. അവരിൽ നിന്ന്‌ ചെറിയ ഒരു ഫീസും നാണിത്തള്ളയ്ക്ക്‌ കിട്ടാറുണ്ട്‌.

ശ്രീരാമന്റെ വേറിട്ടകാഴ്‌ചകൾ എന്ന റ്റി വി പരിപാടിയിൽ വന്നതിൽപ്പിന്നെ ലോകമെമ്പാടും നാണിത്തള്ള ശ്രദ്ധേയയായി.

ഇങ്ങനെ ക്രിക്കറ്റ്‌ കളിക്ക്‌ വേണ്ടി സേവനം ചെയത്‌ കൊണ്ടിരിക്കുന്ന നാണിത്തള്ളയെ ആദരിക്കാൻ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ തീരുമാനിച്ചു.

കൊച്ചിയിലെ വിശാലമായ ക്രിക്കറ്റ്‌ മൈദാനത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികളുടെ നിറഞ്ഞ കൈയ്യടിക്ക്‌ നടുവിൽ വന്ന്‌ യുവക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ സ്വർണ്ണം പൂശിയ ഒരു ക്രിക്കറ്റ്‌ ബാറ്റും 50000 രൂപ നാണിത്തള്ളയുടെ പേരിൽ ബാങ്കിൽ ഇട്ടതിന്റെ ചെക്ക്‌ ലീഫും അവർക്ക്‌ കൈമാറി.

തനിക്ക്‌ ക്രിക്കറ്റ്‌ കളി അറിയില്ലെങ്കിലും താൻ ഉടൻ നാണിത്തള്ളയുടെ ശിഷ്യനായി ക്രിക്കറ്റ്‌ കളി പഠിക്കുമെന്ന്‌ മുഖ്യമന്ത്രി ആ സമ്മേളനത്തിൽ വന്ന്‌ പ്രഖ്യാപിച്ചു.

മറുപടി പ്രസംഗത്തിൽ നാണിത്തള്ള വിറയാർന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു, “പ്രിയപ്പെട്ട ക്രിക്കറ്റ്‌ പ്രേമികളേ, ഒരു സത്യം പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്‌. എനിക്ക്‌ ക്രിക്കറ്റ്‌ കളി ഇഷ്ടമല്ല. എനിക്കിഷ്ടം നാടൻ തലപ്പന്ത്‌ കളിയും കിളിമാസു കളിയുമാണ്‌. പക്ഷെ അതും കെട്ടിപ്പിടിച്ചുകൊണ്ട്‌ ഇരുന്നാൽ എന്നെ സമൂഹത്തിന്റെ വേസ്‌റ്റ്‌ ബോക്സായ വൃദ്ധസദനത്തിൽ കൊണ്ട്‌ ചെന്ന്‌ ഇടും എന്ന്‌ എനിക്കറിയാം. അതുകൊണ്ടാണ്‌ ഞാൻ 10 വർഷങ്ങൾക്ക്‌ മുൻപ്‌ സാക്ഷരതാ ക്ലാസ്സിൽ പോയി അക്ഷരം പഠിച്ചതിൽപ്പിന്നെ വായിച്ചും കണ്ടും ക്രിക്കറ്റ്‌ കളി പഠിച്ചത്‌.

അന്ന്‌ വരെ ആർക്കും വേണ്ടാതിരുന്ന ഈ നാണിത്തള്ളയെ ലൈനിൽ കിട്ടാൻ ഇന്ന്‌ യുവതലമുറ ക്യൂ നിൽക്കുകയാണ്‌. എന്റെ അനുഭവത്തിൽ നിന്ന്‌ എനിക്ക്‌ എന്റെ പ്രായക്കാരായ മുതിർന്നപൗരന്മാരോട്‌ പറയാനുള്ളത്‌ ഇതാണ്‌, നമ്മൾ നമ്മുടെ പഴയ ലോകത്തെ മുറുകെപ്പിടിച്ച്‌ സ്വയം ചവറ്റ്‌ കുട്ടയിലേക്ക്‌ നടന്ന്‌ കയറരുത്‌. നമുക്ക്‌ ഇനി എത്രകാലം ബാക്കി ഉണ്ടെന്ന്‌ ചിന്തിക്കാതെ ഈ പുതിയ ലോകത്തെ മനസ്സിലാക്കുക. അറിവിലൂടെ ഈ ലോകത്തിന്റെ മുന്നിലൂടെ നടക്കുക. അപ്പോൾ നിങ്ങളെ ലൈനിൽ കിട്ടാനും എല്ലാവരും കണ്ട്‌ നിൽക്കും. ജയ്‌ ഹിന്ദ്‌.”

നാണിത്തള്ളയുടെ ആഹ്വാനം ജനം ആഹ്ലാദാരവത്തോടെ ഏറ്റ്‌ വാങ്ങി.

Generated from archived content: story1_july24_08.html Author: harisankar_kalavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here