കുടുംബശ്രീ

നാട്ടുവഴികളിലൂടെ കാറ്റുവേഗത്തിൽ സ്‌കൂട്ടറോടിച്ച്‌ പോകുന്ന മദാമ്മ പൊന്നാങ്കണ്ണിക്കാർക്കിപ്പോൾ കൗതുകമുള്ള കാഴ്‌ചയേ അല്ല. അവളുടെ പിറകിൽ അന്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനിരിക്കുന്നുണ്ടെങ്കിൽ പോലും. എതിരേവരുന്നവർക്കെല്ലാം പൂവിതറിയിടുംപോലൊരു ചിരി സമ്മാനിച്ച്‌ കടന്നുപോകുന്ന അവളുടെപേര്‌ നതാഷി യുവാൻ മൗറിമോ. സോവിയറ്റ്‌ അനന്തര റഷ്യയിലെ പീറ്റേഴ്‌സ്‌ബർഗ്‌ പ്രവിശ്യക്കാരി. ദില്ലി നെഹ്‌റു സർവ്വകലാശാലയിലെ ഗവേഷകയായ അവൾ കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിലുണ്ട്‌. കുടുംബശ്രീ കാലഘട്ടകേരളത്തിൽ സ്‌ത്രീശാക്‌തികരണത്തിന്റെ വ്യാപ്‌തിയെന്ന വിഷയത്തിൽ പഠനം നടത്തുന്നു. തെക്കൻകേരളത്തിലേയും മധ്യതിരുവിതാംകൂറിലെയും വിവിധഗ്രാമങ്ങളിൽ ഫീൽഡ്‌വർക്ക്‌ ചെയത്‌ശേഷം ഇപ്പോൾ ഒരു വനിത തന്നെ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കുന്ന പൊന്നാങ്കണ്ണിയിലെത്തിയിരിക്കുന്നു.

നതാഷിയോടൊപ്പം ബൈക്കിൽ പിറകിലിരിക്കുന്നയാൾ ലീലകൃഷ്‌ണൻ, സ്‌പെഷ്യൽ ഗ്രേഡ്‌ ഗ്രാമപഞ്ചായത്തായ പൊന്നാങ്കണ്ണിയിലെ കുടുംബശ്രീയുടെ അധികചുമതകൂടി വഹിക്കുന്ന ലോവർ ഡിവിഷൻ ക്ലാർക്ക്‌. സുമുഖനായ മലയാളം പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌.

റഷ്യനും പിന്നെ ഇംഗ്ലീഷും മാത്രമറിയുന്ന നതാഷി ആര്യമ്മാവ്‌പാലം കടന്ന്‌ പൊന്നാങ്കണ്ണിയുടെ മണ്ണിൽകാലൂന്നിയ ദിവസംതൊട്ട്‌ ലീലാകൃഷ്‌ണൻ കൂട്ടിനുണ്ട്‌. പൊന്നാങ്കണ്ണിയുടെ സൽപ്പേര്‌ കടലുകൾക്കക്കരെ കൊണ്ട്‌ ചെന്നെത്തിക്കാനുള്ള ദൗത്യവുമായെത്തിയ വിദേശവനിതയെ സഹായിക്കാൻ പഞ്ചായത്ത്‌ഭരണസമിതി പ്രത്യേക അജണ്ടവച്ച്‌ യോഗം ചേർന്ന്‌ ലീലാകൃഷ്‌ണനെ ചുമതലപ്പെടുത്തുകയായിരുന്നു.

സാമാന്യം വേഗത്തിൽ തന്നെയാണ്‌ നതാഷി സ്‌കൂട്ടറോടിക്കുന്നത്‌. കാറ്റത്ത്‌ കുസൃതിയളകങ്ങൾ പിന്നോട്ട്‌ പറക്കുന്നു. ഇടക്കിടെ തിരിഞ്ഞ്‌ ചറുപിറുന്നനെ ഓരോന്ന്‌ ചോദിക്കുന്നുമുണ്ട്‌ അവൾ. ഓരോവാക്കിനെയും കടന്നാക്രമിക്കുന്ന മലയാളസ്വാധീനം തെല്ല്‌ വികൃതമാക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷിൽ തന്നെ ചോദ്യങ്ങൾക്കെല്ലാം ഉത്തരംനൽകുന്നുമുണ്ട്‌ ലീലാകൃഷ്‌ണൻ. പാൽസൊസൈറ്റിക്ക്‌ മുന്നിലെ ഹമ്പിനടുത്ത്‌ നതാഷി പെട്ടെന്ന്‌ ബ്രേക്കിട്ടപ്പോൾ ലീലാകൃഷ്‌ണൻ മുന്നോട്ടാഞ്ഞ്‌ ഒന്ന്‌കൂടി അവളോട്‌ ചേർന്നിരുന്നു.

പഞ്ചായത്താഫീസിന്റെ സർക്കാരുമഞ്ഞയടിച്ച ചുമരിൽ തൂക്കിയിട്ടുള്ള പഴയ മട്ടിലുള്ള ക്ലോക്ക്‌ പതിനൊന്ന്‌ വട്ടമടിച്ചു. ലീലാകൃഷ്‌ണന്‌ ഇന്നൊരു രസവും തോന്നുന്നില്ല. പത്തുമണിക്ക്‌ എത്താമെന്ന്‌ പറഞ്ഞ നതാഷി ഇനിയും വന്നിട്ടില്ല. ഏഴാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയുടെ യോഗത്തിന്‌ പോണമെന്ന്‌ ഇന്നലെ കണ്ടപ്പോഴും പറഞ്ഞിരുന്നതാണ്‌. എന്തേ വൈകുന്നു?

വിധവകൾക്ക്‌ ധനസഹായത്തിനായി സമർപ്പിച്ചു കിട്ടിയ അപേക്ഷകളിൽമേൽ കമന്റെഴുതി കെട്ടി വയ്‌ക്കുന്ന പണിനിർത്തിവച്ച്‌ ലീലാകൃഷ്‌ണൻ എഴുന്നേറ്റു അച്ചായന്റെ കടയിൽ നിന്ന്‌ കടുപ്പത്തിലൊരു പൊടിച്ചായകുടിച്ചാൽ ഒരുഷാറ്‌ വരും. ഇടക്ക്‌ നതാഷിയോടൊപ്പം പുറത്തുപോവേണ്ടതിനാൽ രാവിലെ എട്ടുമണിക്കുതന്നെ വന്ന്‌ ജോലിനീക്കുകയായിരുന്നു ലീലാകൃഷ്‌ണൻ. തലയൊട്ടും ഉപയോഗിക്കേണ്ടാത്ത വിരസമായ പേനയുന്തലിനിടെ അയാളുടെ ആലോചനകൾ പലവഴിക്ക്‌ പോകും.

“എഴുത്ത്‌ ധ്യാനം പോലെയെടുക്കുക. മന്ത്രം ചൊല്ലുംപോലെ. വല്ലാത്തൊരൂർജ്ജം അന്നേരം നിറയുന്നത്‌ അറിയുക.” ജോലിയെടുപ്പിനെ ആത്‌മീയാംശമുള്ള കാര്യമായി മാറ്റി നതാഷി ഇടക്കിടെ ഉപദേശിക്കും.

“ആ സമയത്ത്‌ കൂടി മറ്റ്‌ പലതും കൽപ്പിക്കുന്നതാ​‍ാണ്‌ എനിക്ക്‌ പഥ്യം. പ്രത്യേകിച്ച്‌ ഓർക്കാൻ നിന്റെയീ സുന്ദരമുഖവും നനുത്ത ഓർമ്മകളും മറ്റുമുള്ളപ്പോൾ. മലയാളസാഹിത്യത്തിലെ ബിരുദാനന്തര ബിരുദക്കാരൻ തരളനാവും.

മനസ്സിലെ കൽപ്പനയ്‌ക്ക്‌ ലീലാകൃഷ്‌ണൻ തന്നെ ചമയ്‌ക്കുന്ന ഇംഗ്ലീഷ്‌ പരിഭാഷ്യം പ്രയോഗഭംഗികുറയ്‌ക്കുമെങ്കിലും നതാഷിയ്‌ക്ക്‌ കാര്യം പിടികിട്ടും.

”യൂ നോട്ടീ….“ അവൾ അയാളുടെ ചെറുചുഴിയിലുള്ള താടിയറ്റത്ത്‌ കിള്ളുകയോ സ്വതേ നീണ്ടമൂക്ക്‌ പിടിച്ചൊന്ന്‌ വലിക്കുകയോ ചെയ്യും. ഇത്രയുമൊക്കെ സ്വാതന്ത്ര്യമെടുക്കാൻ തങ്ങളെന്നാണ്‌ തുടങ്ങിയതെന്ന്‌ ഇടക്കിടെ ലിലാകൃഷ്‌ണൻ ആലോചിക്കാറുണ്ട്‌.

”മിസ്‌റ്റർ ലീല“ – അങ്ങനെയാണ്‌ നതാഷി വിളിക്കുക; ലീല എന്നത്‌ സ്‌ത്രീകൾക്ക്‌ മാത്രമായുള്ള പേരാണെന്നും അതോടൊപ്പം കൃഷ്‌ണൻ കൂടി ചേർന്നാലെ തനിക്ക്‌ പൂർണ്ണത വരൂ എന്നും ആയിരവട്ടം പറഞ്ഞുകഴിഞ്ഞിട്ടുണ്ട്‌ ലീലാകൃഷ്‌ണനെങ്കിലും – ”നിങ്ങളുടെ പാട്ടയിൽ കല്ലിട്ട്‌ കിലുക്കം പോലുള്ള മലയാളം ഇവിടുന്ന്‌ പോകുംമുമ്പ്‌ ഞാൻ കീഴടക്കും.“ ഇടയ്‌ക്കിടക്ക്‌ നതാഷി പറയും.

”അയാം ഹാപ്പി ടൂ ഹെൽപ്പ്‌ ആൾവെയ്‌സ്‌ , പകരം ഇച്ചിക്കോളം റഷ്യൻ എനിക്കും പഠിക്കാമല്ലോ. ദസ്‌തേയവിസ്‌കിയും ഗോർക്കിയുമെഴുതിയിരുന്ന, വിപ്ലവങ്ങൾക്കുവഴിമരുന്നിട്ട ഭാഷയല്ലേ“ എന്ന്‌ വിദ്യാർത്ഥി-യുവജന-ബഹുജനപ്രസ്‌ഥാനങ്ങളിലൂടെ പോരാടിമുതിർന്ന ലീലാകൃഷ്‌ണൻ സന്തോഷമറിയിക്കും.

ചായകുടിച്ചിറങ്ങിയിട്ടും നതാഷി വന്നില്ല. ലീലകൃഷ്‌ണൻ സീറ്റിൽ ചെന്നിരുന്ന്‌ പശുവളർത്തലിന്‌ അപേക്ഷനൽകിയിരിക്കുന്നവരുടെ കെട്ടഴിച്ച്‌ പരിശോധിക്കാൻ തുടങ്ങി. ഇത്രേം പേര്‌ പശു വളർത്താൻ തുടങ്ങിയാൽ പൊന്നാങ്കണ്ണിത്തോട്ടിലൂടെ ഇനിമേൽ വെള്ളത്തിനുപകരം പാലൊഴുകാൻ തുടങ്ങുമെന്ന്‌ പിറുപിറുത്ത്‌കൊണ്ട്‌ ജോലി ധ്യാനം പോലെയെടുക്കാൻ ലീലകൃഷ്‌ണൻ ശ്രമപ്പെട്ടുവെങ്കിലും ശ്രദ്‌ധകിട്ടിയില്ല. നതാഷി യുവാൻ മൗറിമോയുടെ പതിഞ്ഞമുഖം മാത്രമാണ്‌ മനസ്സിൽ, വിരഹകാലം നോൽക്കുന്ന കാമുകനെപ്പോലെയാണ്‌ തന്റെ മനസ്സിപ്പോഴെന്ന്‌ ലീലാകൃഷ്‌ണന്‌ തോന്നി. ഇടയ്‌ക്ക്‌ ഒരക്ഷരത്തെറ്റുപോലെ എണ്ണമിനുപ്പാർന്ന മറ്റൊരു മുഖം-ഭാര്യ സുജയുടെ മനസ്സിലേക്കെത്തുമ്പോൾ ബദ്ധപ്പെട്ട്‌ അത്‌ മായ്‌ച്ചു കളയാനും ശ്രമിക്കുന്നുണ്ട്‌ ലീലാകൃഷ്‌ണൻ.

ഫയലുമായുള്ള പോരാട്ടം തുടരുന്നതിനിടെ പെട്ടെന്ന്‌ രണ്ട്‌ സിംകാർഡിടാവുന്ന അയാളുടെ ചൈനീസ്‌ മൊബൈൽ ”ഡാഡി മമ്മി വീട്ടിലില്ല വില്ലാടാ… എന്ന്‌ രണ്ട്‌വട്ടം പാടി. ലീലാകൃഷ്‌ണൻ പ്രതീക്ഷാപൂർവ്വം ഫോണെടുത്തപ്പോഴേക്കും അത്‌ മിസ്സ്‌കാൾ ആയി. വനറാണി കുടുംബശ്രീയുടെ സെക്രട്ടറി സൽമാ റഹ്‌മാനായിരുന്നു. റഷ്യക്കാരി വന്നതിൽപ്പിന്നെ സാറിന്‌ നമ്മളൊയൊന്നും അത്രം മൈൻഡില്ലെന്നാരു കുശുമ്പ്‌ പറച്ചിൽ പെണ്ണുങ്ങൾക്കിടയിൽ പൊതുവിലുണ്ടെന്നറിയാമെങ്കിലും തിരിച്ചുവിളിക്കേണ്ടെന്ന്‌ തന്നെ ലീലാകൃഷ്‌ണൻ ഉറച്ചു.

അൽപം കഴിഞ്ഞപ്പോൾ അയാളുടെ ഫോൺ വീണ്ടുമടിച്ചു. “അച്ഛാ ഫോണെടുക്കൂ….. അച്ഛാ ഫോണെടുക്കൂ….” വീട്ടിൽ നിന്നു മാത്രം വിളിക്കുമ്പോൾ തിരിച്ചറിയാനായി അസൈൻചെയ്‌ത്‌ വച്ചിരിക്കുന്ന ടോണാണ്‌. മകളുടെ ശബ്‌ദത്തിൽ. ഭാര്യ സുജയുടെ മുഖാമാവും അന്നേരം ഫോണിൽ തെളിയുക. സ്‌ക്രീനിൽ നോക്കാതെ തന്നെ ലീലാകൃഷ്‌ണൻ ബട്ടണിൽ വിരലമർത്തി.

“എന്താ സാറേ മോളുവിളിച്ചിട്ടെടുക്കാത്തത്‌.” എതിർ സീറ്റിൽ നിന്ന്‌ ഓവർസിയവർ ജോളി സൈമനാണ്‌. ഒന്നുമില്ലെന്നർത്ഥത്തിൽ ചുണ്ട്‌ വക്രിച്ചൊരൊച്ചയുണ്ടാക്കിയ ശേഷം ലീലാകൃഷ്‌ണൻ ജനാലയിലൂടെ നോട്ടം പുറത്തേക്ക്‌ നീട്ടി. നതാഷിയുടെ കൈനറ്റിക്‌ ഹോണ്ട ഗേറ്റ്‌ കടന്ന്‌ ഉല്ലാസപ്പറവയായി തെന്നി വരുന്നത്‌ അന്നേരം അയാൾ കണ്ടു.

ഒരു കള്ളപരിഭവമാണോ അതോ കപടഗൗരവമാണോ എടുത്തണിയേണ്ടത്‌ എന്ന്‌ ലീലാകൃഷ്‌ണൻ തീർച്ചയാക്കും മുമ്പേതന്നെ അവൾ അയാൾക്കു മുന്നിൽ വന്നു നിന്നു. ഇന്നലെയുറങ്ങാനൊരൽപ്പം വൈകി. ഇന്നുണരാനും എന്ന പരിഭവക്കൊഞ്ചലോടെ. ഞൊടിയിടകൊണ്ട്‌ നിരായുധനാക്കപ്പെടുന്നത്‌ തിരിച്ചറിഞ്ഞ ലീലാകൃഷ്‌ണൻ അവളുടെ പുറകെ പുറത്തേക്കിറങ്ങി.

ഓഫീസിന്റെ വടക്കയേറ്റത്തുള്ള പഞ്ചായത്ത്‌ പ്രസിഡന്റിന്റെ മുറിയിൽനിന്ന്‌ ഉറക്കെയുള്ള സംസാരം കേൾക്കാനുണ്ട്‌. പ്രസിഡന്റ്‌ ഭവാനി പ്രഭാകരന്റെ ഭർത്താവ്‌ പി.പി.യെന്ന്‌ എല്ലാവരും വിളിക്കുന്ന പാറായി പ്രഭാകരൻ ഫോണിൽ വിളിച്ച്‌ ആരോടോ കയർക്കുകയാണ്‌. പ്രസിഡന്റ്‌ ഭവാനിചേച്ചിയാണെങ്കിലും ഭരിക്കുന്നത്‌ പ്രഭാകരേട്ടനാണെന്ന്‌ എല്ലാവർക്കുമറിയാവുന്ന രഹസ്യം. മുമ്പ്‌ രണ്ട്‌വട്ടം പ്രഭാകരേട്ടൻ ജയിച്ചിട്ടുള്ള വാർഡ്‌ കഴിഞ്ഞതിരഞ്ഞെടുപ്പിൽ സംവരണമായതോടെയാണ്‌ അവിടെ പശുവിനെ കറക്കാൻ മാത്രമറിയുമായിരുന്ന ഭവാനിചേച്ചിയെ നിർത്തി ജയിപ്പിച്ചെടുക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റാക്കി സ്‌ഥാനം വനിതാസംവരണമായതിനാൽ അവർ പ്രസിഡന്റുമായി.

“നോക്കാം…. ഒക്കെ ശരിയാക്കാം… ഞാനൊന്ന്‌ പഠിക്കട്ടെ” എന്നിങ്ങനെ ചിലവാക്കുകൾ തത്തമ്മേ പൂച്ച പൂച്ച പോലെ സ്‌ഥാനത്തും അസ്‌ഥാനത്തും എടുത്ത്‌ പ്രയോഗിക്കുമെന്നതിനപ്പുറം അവരെക്കൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണമോദേഷമോ ഇല്ല. കാര്യങ്ങളെല്ലാം പ്രഭാകരേട്ടൻ നോക്കിക്കോളും.

പ്രഭാകരന്റെ വായ്‌ത്താരിക്ക്‌ കാതോർത്തിരിക്കേയാണ്‌ ലീലാകൃഷ്‌ണൻ സാറിനെ സെക്രട്ടറി വിളിക്കുന്നു എന്ന്‌ പ്യൂൺ ഷിബു വന്ന്‌ പറഞ്ഞിട്ടുപോയത്‌. പ്രസിഡന്റിന്റെ മുറിയുടെ നേരെ എതിർവശത്താണ്‌ സെക്രട്ടറിയുടെ ക്യാബിൻ, ഹാഫ്‌ഡോർ തള്ളിത്തുറന്ന്‌ ലീലാകൃഷ്‌ണൻ ചെല്ലുമ്പോൾ കാലിൽ വീണാൽ എല്ലുതന്നെയൊടിയാൻ ധാരാളം മതിയാവുന്ന തടിയൻ പഞ്ചായത്ത്‌രാജ്‌ ആക്‌ടിന്റെ മലയാള പരിഭാഷയിൽ കാര്യമായെന്തോ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സെക്രട്ടറി. ലീലാകൃഷ്‌ണനെ കണ്ടപ്പോൾ തേച്ചുമിനുക്കിയെടുത്ത്‌ വച്ചിരുന്നവെപ്പുപല്ലിന്റെ സെറ്റെടുത്ത്‌ ധരിക്കുമ്പോലെ പ്രകാശം കൂടിയൊരു ചിരിമുഖത്തണിഞ്ഞു.

“ഹായ്‌ ലീലാകൃഷ്‌ണൻ കം….കം.”

സെക്രട്ടറി ഇരിക്കാൻ കൈ ചൂണ്ടി

ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്ത്‌ ഒരു നാട്ടുപ്രമാണിയാവാൻതക്ക അധികാരം നിയമം മൂലം ചാർത്തിനൽകപ്പെട്ടിട്ടുള്ള സെക്രട്ടറി താൻ കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളോടും അവിശ്വസനീയമായ മാര്യദയോടും ഭവ്യതയോടും മാത്രമേ ഇടപെടൂ. ഔദ്യോഗികഭാരത്തിന്റെ ഇടവേളകളിൽ ആംവേയുടെ നെറ്റ്‌വർക്ക്‌ മാർക്കറ്റിംഗ്‌കൂടി നടത്തുന്ന സെക്രട്ടറിയുടെ ഈ അതിവിനയം ഇപ്പോൾ ലീലാകൃഷ്‌ണനെ അൽഭുതപ്പെടുത്തുന്നില്ല. കമ്പനി ഇടക്കിടയ്‌ക്ക്‌ കൊടുക്കുന്ന റിഫ്രഷർ ട്രയിനിംഗുകളുടെ സാരാംശങ്ങൾ സെക്രട്ടറിയുടെ സ്വഭാവവിശേഷങ്ങളെ അത്രമേൽ പോസറ്റീവായി ക്രമപ്പെടുത്തിയിട്ടുണ്ടെന്ന്‌ അയാൾക്കറിയാം.

മേശപ്പുറത്തെ പളുങ്കിന്റെ പേപ്പർവെയിറ്റെടുത്ത്‌ ലീലാകൃഷ്‌ണൻ തിരിക്കാൻ തുടങ്ങിയപ്പോൾ സെക്രട്ടറി പഞ്ചായത്ത്‌രാജ്‌ ആക്‌ട്‌ മടക്കിവെച്ച്‌ മുഖം അയാൾക്കു നേർരേഖയിലാക്കി സംസാരിക്കാൻ തയ്യാറായി.

“ടാക്‌സ്‌ ഫിക്‌സ്‌ ചെയ്‌ത്‌ എൻ.ഒ.സി. കിട്ടാൻ കുറച്ചപേക്ഷകൾ പെന്റിംഗിലുള്ളത്‌ അറിയാമല്ലോ.”

ഉവ്വെന്ന്‌ ലീലാകൃഷ്‌ണൻ തലയാട്ടി.

“ഒന്നിറങ്ങി നോക്കി അതെന്ന്‌ തീർപ്പാക്കിയാലോ നമുക്ക്‌. ഇന്നുച്ചകഴിഞ്ഞ്‌ ഇറങ്ങുന്നതിൽ വിരോധമുണ്ടോ ലീലാകൃഷ്‌ണന്‌? ഞാനും വരാം.” മര്യാദയുടെ ആൾരൂപമാവുകയാണ്‌ സെക്രട്ടറി വീണ്ടും. ഇങ്ങനെ തുടർന്നാൽ നൻമ അനുദിനം അധികരിച്ച്‌ പെൻഷൻ പറ്റുമ്പോഴേക്കും സെക്രട്ടറിയൊരു മഹാനായി പരിണമിച്ചേക്കുമെന്ന്‌ ലീലാകൃഷ്‌ണന്‌ തോന്നി. സാധാരണഗതിയിൽ ഒരു ലോവർഡിവിഷൻ ക്ലാർക്ക്‌നിർവ്വഹിക്കേണ്ട ജോലിക്ക്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി തന്നെ ഇറങ്ങിപ്പുറപ്പെടുന്നതിന്റെ പൊരുൾ ലീലാകൃഷ്‌ണന്‌ എളുപ്പം തിരിഞ്ഞുഃ നമ്പറിടേണ്ട കെട്ടിടങ്ങളുടെ ഉടമകളെക്കൊണ്ട്‌ ആംവേയുടെ ഒരു പോളിസിയെടുപ്പിക്കാം തഞ്ചത്തിൽ. കൈക്കൂലിയുമാവില്ല.

ലീലാകൃഷ്‌ണന്‌ അതിൽ പരാതി ലേശവുമില്ല. സത്യത്തിൽ അതിലുപരിയായൊരു സ്വകാര്യത്രില്ലിലായിരുന്നു അയാൾ. നതാഷിയുടെ കൂടെ ഒരു യാത്രകൂടി പോകാൻ അവസരം കൈവന്നിരിക്കുകയാണ്‌. ഇന്നലെ കണ്ടപ്പോഴാണ്‌ അവളത്‌ പറഞ്ഞത്‌. ആലപ്പുഴയിലെ കയർമേഖലയിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളെക്കണ്ട്‌ ചില ഇന്റർവ്യൂകൾ നടത്താനുണ്ട്‌ നതാഷിക്ക്‌. സഹയാത്രികനായും ദ്വിഭാഷിയായും ലീലാകൃഷ്‌ണനെ അവൾ പ്രതീക്ഷിക്കുന്നു. അയാളുടെ അനുവാദം ചോദിക്കാതെ ട്രയിൻടിക്കറ്റ്‌ പോലും ബുക്ക്‌ ചെയ്‌തു കഴിഞ്ഞിരിക്കുന്നു അവൾ. അൽപം അതിരുകടന്നതാണെങ്കിലും ആ അമിതസ്വാതന്ത്ര്യമെടുപ്പ്‌ ലീലാകൃഷ്‌ണൻ ഗോപ്യമായ സന്തോഷത്തോടെ ആസ്വദിക്കുകയാണുണ്ടായത്‌.

കുറച്ച്‌ മുമ്പാണ്‌ അവരൊന്നിച്ച്‌ ആദ്യമായൊരു യാത്ര പോയത്‌. അതും അങ്ങുദൂരെ ആസ്സാമിലേക്ക്‌. നതാഷി തന്നെ കൊണ്ടുവന്ന ഒരവസരമായിരുന്നു അത്‌. വടക്കുകിഴക്കൻ ഭാഗങ്ങളിലെ പഞ്ചായത്ത്‌രാജ്‌ സംവിധാനങ്ങളെക്കുറിച്ചറിയാനൊരു പഠനയാത്ര. അവിടെയുള്ള ചില പരിചയങ്ങളുപയോഗിച്ചാണ്‌ നതാഷി അങ്ങനെയൊരവസരം തുറന്നെടുത്തത്‌. പഞ്ചായത്ത്‌ മെമ്പർമാരെല്ലാം ആദ്യംവലിയ ആവേശം കാണിച്ചുവെങ്കിലും യാത്രാതിയതി അടുത്തതോടെ ഓരോരുത്തരായി പിൻമാറാൻ തുടങ്ങി. സഹകരണബാങ്ക്‌ തിരഞ്ഞെടുപ്പ്‌ അടുത്തതിനാൽ നേതാക്കൻമാരായ മെമ്പർമാർക്കൊന്നും പാർട്ടികൾ ലീവനുവദിച്ചില്ല. ആര്യമ്മാവ്‌ പാലം കടന്നൊരു ദൂരംസഞ്ചരിച്ചാൽ ഛർദ്ദിക്കാൻ തുടങ്ങുന്ന പ്രസിഡന്റ്‌ ഭവാനിചേച്ചി അക്കാരണം കൊണ്ട്‌തന്നെ വരുന്നില്ലായെന്ന്‌ തീരുമാനമറിയിച്ചു. അങ്ങനെ അവസാനം ആറാം വാർഡ്‌മെമ്പർ സാറാമ്മാചെറിയാൻ, ക്ഷേകമാര്യസ്‌റ്റാന്റിംഗ്‌ കമ്മറ്റിചെയർമാൻ ഉസ്‌മാൻ പുത്തുമല തുടങ്ങി അഞ്ച്‌ പഞ്ചായത്ത്‌മെമ്പർമാരും പിന്നെ നതാഷിയും ലീലാകൃഷ്‌ണനും മാത്രമായിരുന്നു സംഘത്തിലുണ്ടായിരുന്നത്‌.

രണ്ടുദിവസത്തെ തുടർട്രയിൻ യാത്രക്കുശേഷം ഗുഹാവത്തിറെയിൽവെ സ്‌റ്റേഷനിലിറങ്ങുമ്പോഴേക്കും അംഗങ്ങളിൽപലരും ക്ഷീണിച്ചവശരായിരുന്നു. കൊടുംതണുപ്പുള്ള കാലവസ്‌ഥകൂടിയായയപ്പോൾ എത്രയും പെട്ടെന്ന്‌ മടങ്ങിയാൽമതിയെന്നായി പലർക്കും.

ലീലാകൃഷ്‌ണനും നതാഷിയും ആ യാത്ര അവരുടേതാക്കിമാറ്റുകയായിരുന്നു അക്ഷരാർത്ഥത്തിൽ. സന്ദർശനത്തിനിടയ്‌ക്കുള്ള ഇടവേളകളിൽ മറ്റുള്ളവർ മുറിയടച്ചിരിക്കാൻ താൽപര്യം കാണിച്ചപ്പോൾ ലീലാകൃഷ്‌ണനും നതാഷിയും ചായത്തോട്ടങ്ങൾക്കതിരിടുന്ന റോഡുകളിലൂടെ മഞ്ഞേറ്റലഞ്ഞു. നോർത്തീസ്‌റ്റിന്റെ സൗന്ദര്യവും രുചിഭേദങ്ങളും ആവോളംനുകർന്നുള്ള ആ യാത്രയാണ്‌ തങ്ങളെ ഏറെ അടുപ്പിച്ചതെന്ന്‌ ലീലാകൃഷ്‌ണന്‌ തോന്നറുണ്ട്‌. ബഹദംഗ്‌ എന്ന്‌പേരുള്ള ഒരു പ്രാദേശിക മദ്യത്തിന്റെ ലഹരിയിൽ മുങ്ങിനിന്ന ഒരു സന്ധ്യാനേരത്ത്‌ നതാഷി അയാളെ ചുംബിക്കുകപോലുമുണ്ടായി. അപ്രതീക്ഷിതമായ ആ പ്രവൃത്തിയെ ഒരുക്ഷണമായി സ്വീകരിച്ച്‌ അവളുടെ വാതിലിൽമുട്ടാനുള്ള ഉൾപ്രേരണ മദ്യത്തിന്റെ ലഹരിയിലും ഏറെശ്രമപ്പെട്ടാണ്‌ അന്ന്‌ ലീലാകൃഷ്‌ണൻ അടക്കിയത്‌.

തുടർന്നുള്ള ദിവസങ്ങളിലും നതാഷിയുടെ കുളിമുറിയിൽനിന്നുയർന്ന സോപ്പിന്റെ ഭ്രമിപ്പിക്കുന്ന സുഗന്ധവും നാട്ടുഭാഷയിലുള്ളത്‌ എങ്കിലും അവൾ മൂളിനടന്ന ചിലകാവ്യശകലങ്ങളും അയാളെ പിന്നെയും സംഘർഷത്തിലാക്കി.

അവൾതന്നോട്‌ പലതും പറയാതെ പറയുകയാണ്‌. ഇത്രയായിട്ടും ഒന്നും തിരിഞ്ഞുകിട്ടാത്ത ഒരു വങ്കനാണ്‌ താനെന്ന്‌ അവൾ ധരിക്കുമോ?

ഏതായാലും അന്നുമുതലാണ്‌ ലീലാകൃഷ്‌ണൻ കയ്യിലൊരു ക്വാണ്ടം കരുതാൻ തുടങ്ങിയത്‌. “മറക്കല്ലേ…. നല്ലതിന്‌” എന്ന്‌ ഉത്‌ഘോഷിക്കുന്ന എയിഡ്‌സ്‌ കൺട്രോൾ സൊസൈറ്റിക്കാരുടെ നെടുങ്കൻ ഹോർഡിംങ്ങുകളോ അതോ ടി.വി.യിലും പത്രത്തിലും നൂറ്റൊന്നാവർത്തിച്ച്‌ വരാറുളള മുൻകരുതൽ പരസ്യങ്ങളോ

ഏതാണ്‌ കൂടുതൽ സ്വാധീനിച്ചത്‌ എന്ന്‌ വ്യക്തമല്ല, ഭാര്യ സുജയ്‌ക്ക്‌പോലും തിരഞ്ഞുകണ്ടുപിടിക്കാൻ പറ്റാത്ത വിധം പേഴ്‌സിന്റെ ഉള്ളറയിൽ ഭദ്രമായാണ്‌ അയാളത്‌ ഒളിപ്പിച്ചിട്ടുള്ളത്‌.

പൊന്നാങ്കണ്ണിയുടെ നാടൻ വഴികളിലൂടെ സെക്രട്ടറിയോടൊപ്പം ചുറ്റിനടന്ന്‌ ക്ഷീണിച്ച്‌കൊണ്ടിരുന്നപ്പോഴും ഒരു മധുരമിഠായി നുണയുന്ന ആസ്വാദ്യതയോടെ ലീലാകൃഷ്‌ണൻ നതാഷിയോടൊപ്പമുള്ള ആദ്യയാത്രയിലെ അനുഭവങ്ങൾ ഓർക്കുകയായിരുന്നു.

മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരത്തേക്കു പോകുന്ന ട്രയിനിലാണ്‌ നതാഷി ടിക്കറ്റ്‌ ബുക്ക്‌ചെയ്‌തിരുന്നത്‌. തേഡ്‌ ഏസിയുടെ കുളിരിൽ അപ്പർബർത്തിൽ ഉറക്കംവരാതെ കിടക്കവേ ലീലാകൃഷ്‌ണൻ പിറ്റേന്നത്തെ പകലിനെക്കുറിച്ചാലോചിച്ചു. രണ്ട്‌ ദിവസത്തെയാത്രയാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. സത്യത്തിൽ ഒറ്റദിവസം കൊണ്ട്‌ പൂർത്തികരിച്ച്‌ രാത്രിവണ്ടിക്ക്‌തന്നെ മടങ്ങാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഹൗസ്‌ബോട്ടിലൊന്ന്‌ കറങ്ങാനും കുട്ടനാടാകെയൊന്ന്‌ കാണാനുമായി നതാഷിതന്നെയാണ്‌ യാത്ര രണ്ട്‌ ദിവസത്തേക്കാക്കിയത്‌. നെടുമുടിയിലെ ഒരു റിസോർട്ടിൽ താമസിക്കാനുള്ള മുറികളും അവൾബുക്ക്‌ ചെയ്‌തിരുന്നു. അവളുടെ ഇത്തരംപ്രവർത്തികൾ ലീലാകൃഷ്‌ണനിലിപ്പോൾ അൽഭുതമല്ല ആഹ്‌ളാദമാണുണ്ടാക്കുന്നത്‌.

നെഞ്ചുമുട്ടിനിന്ന സ്‌നേഹവായ്‌പ്പോടെ ലീലാകൃഷ്‌ണൻ എതിർബർത്തിലേക്ക്‌ നോക്കി. കംമ്പാർട്ട്‌മെന്റിലെ നേരിയവെളിച്ചത്തിൽ അരുമയായ പൂച്ചക്കുഞ്ഞിനെപ്പോലെ ഉറങ്ങുകയാണ്‌ നതാഷി. കൈയെത്തിച്ച്‌ അവളെയൊന്ന്‌ തൊട്ടാലെന്തെന്ന്‌ ലീലാകൃഷ്‌ണന്‌ തോന്നി.

തലസ്‌ഥാനത്തൊരു ട്രയിനിംഗിനാണ്‌ എന്നുപറഞ്ഞപ്പോൾ സുജ ബാഗിൽ മടക്കിവെച്ചത്‌ രണ്ട്‌ നെടുവരയൻ സെമിഒഫീഷ്യൽ കുപ്പാമയങ്ങളാണ്‌. അവൾകാണാതെ രണ്ട്‌കടുംവർണ്ണ റ്റീഷർട്ടുകൾ കൂടി മടക്കിയെടുത്ത്‌ വച്ചിരുന്നു ലീലാകൃഷ്‌ണൻ. അതിലൊന്ന്‌ എടുത്തണിഞ്ഞ്‌ കണ്ണാടിക്ക്‌ മുമ്പിൽവന്ന്‌ നിന്ന്‌ അയാൾ ഭംഗി നോക്കി. നതാഷിയുടെ കൂടെ ഫീൽഡിലെ കറക്കം കഴിഞ്ഞ്‌ അൽപ്പം മുമ്പാണ്‌ അവരിരുവരും കൂടി വന്ന്‌ കയറിയത്‌. ചകിരിനാര്‌ കൊണ്ട്‌ ജീവിതം കോർത്ത്‌മുട്ടിക്കാൻ പാടുപെടുന്ന സ്‌ത്രീകളുടെ അനുഭവങ്ങൾ അയാൾക്ക്‌ പുതിയ അറിവായിരുന്നു.

കുളികഴിഞ്ഞ്‌ രാത്രി ഭക്ഷണം പുറത്തുനിന്ന്‌ കഴിക്കാമെന്ന്‌ നിർദ്ദേശം വച്ചത്‌ നതാഷി തന്നെയാണ്‌. ബ്രിൽക്രീമിന്റെ അഫ്‌റർ ഷവർ കയ്യിലെടുത്ത്‌ ലീലാകൃഷ്‌ണൻ മുടിമിനുക്കി. ഡെനിമിന്റെ ബോഡിസ്‌പ്രേ കക്ഷങ്ങളിൽ മഴപോലെ ചാറിച്ചു. ശേഷം മുറിവിട്ട്‌ പുറത്തിറങ്ങി. വാതിലടക്കുമ്പോൾ പേഴ്‌സ്‌ പോക്കറ്റിലുണ്ടോയെന്ന്‌ ഉറപ്പ്‌വരുത്തി.

നതാഷിയുടെ വാതിലിൽ മുട്ടിയപ്പോൾ “വെയിറ്റ്‌ കമിംഗ്‌” എന്നു മറുപടി വന്നു. കുളിമുറിയിൽതന്നെയാവണം. പാട്ട്‌ പുറത്തേക്ക്‌ കേൾക്കാം.

രണ്ട്‌മുറികൾക്കുംകൂടി പൊതുവായുള്ള കായലിലേക്ക്‌ തുറന്ന മട്ടുപ്പാവിൽ നിരത്തിയിട്ടിരുന്ന ചൂരൽകസേരകളിലൊന്നിൽ ലീലാകൃഷ്‌ണൻ ഇരുന്നു. മീനച്ചിലാറ്‌ കായലിൽവന്നു ചേരുന്ന കരയിലാണ്‌ റിസോർട്ട്‌. ഒരേസമയം പുഴയുടെയും കായലിന്റെയും കാഴ്‌ച സാധ്യമാവുന്ന നില. തണുത്തകാറ്റടിക്കുന്നുണ്ട്‌. ചേറിന്റെ ഗൃഹാതുരതയുണർത്തുന്ന മണം. എത്താപ്പരപ്പുകളോളം പരന്ന്‌കിടക്കുന്ന വെള്ളം. ഇടക്കിടയ്‌ക്ക്‌ പച്ചയുടെ തുരുത്തുകൾ. ഒന്നുരണ്ട്‌ ഹൗസ്‌ബോട്ടുകളും നാടൻവള്ളങ്ങളും അങ്ങിങ്ങ്‌ നീങ്ങുന്നുണ്ട്‌. ആകാശത്ത്‌ ഏതാനും വന്ധ്യമേഘങ്ങൾ മാത്രം. ചായാനൊരുങ്ങുന്ന സൂര്യന്റെ സാന്ധ്യശോഭ. വിദഗ്‌ദനായ ഒരുചിത്രകാരൻ പകർത്തിയ ദൃശ്യങ്ങൾപോലെ പ്രകൃതി.

അൽപ്പനേരം ഈനിലതുടർന്നാൽ താനൊരു കവിയായ്‌മാറിയേക്കുമെന്ന ലീലാകൃഷ്‌ണന്റെ തോന്നലിലേക്ക്‌ കുളിച്ചീറൻമാറിയ നതാഷി യുവാൻ മൗറിമോ കാവ്യമായി വാതിൽതുറന്നു.

“കമീൻ ലീല… ആം ഐ ലേറ്റ്‌…?

”നോ.. ഐ വാസ്‌ ജസ്‌റ്റ്‌ വാച്ചിംഗ്‌ ദിസ്‌ സീൻസ്‌ ഔട്ട്‌ സൈഡ്‌. റിയലി പ്രെറ്റി…“

”യെസ്‌ ഇൻഡീസ്‌….“ എന്ന്‌ നതാഷി വാതലിടച്ചു. അവൾതല ശരിക്കും തുടച്ചിട്ടുണ്ടായിരുന്നില്ല. ചുമലൊപ്പം ഇറക്കമുള്ള മുടിയിൽനിന്ന്‌ വെള്ളം ഇറ്റ്‌ വീഴുന്നുണ്ട്‌. ലീലാകൃഷ്‌ണൻ അകത്തെ പതുപതുത്ത സെറ്റിയിലിരുന്നു.

നതാഷി പാട്ടുമൂളലോടെ കണ്ണാടിയ്‌ക്കുമുമ്പിൽ നിന്ന്‌ ലീലകൃഷ്‌ണന്‌ പ്രതിമുഖമായി നിന്ന്‌ മുടിയൊതുക്കുകയാണ്‌. നഗ്‌നമായ പിൻകഴുത്ത്‌ തനിക്കഭിമുഖമായി തുറന്നിരിക്കുന്നത്‌ അപ്പോൾ ലീലാകൃഷ്‌ണനു കാണാം. അപകടം പിടിച്ചൊരർദ്‌ധനിമിഷത്തിന്റെ പ്രേരണ തടുത്ത്‌നിർത്താനാവാതെ ലീലാകൃഷ്‌ണൻ പെട്ടൊന്നാരായലിന്‌ പിറകിലെത്തി മൗറിമോയെ പുണർന്നു.

തീനാമ്പ്‌തൊട്ടാലെന്നവണ്ണം പിടഞ്ഞടർന്ന നതാഷി മൗറിമോ ഇടങ്കൈകൊണ്ട്‌ ലീലാകൃഷ്‌ണന്റെ കരണത്തടിച്ചു. അവൾ വല്ലാതെ കിതച്ചു.

സംഭവിച്ചുകഴിഞ്ഞിരിക്കുന്നത്‌ തന്നെത്തന്നെ വിശ്വസിപ്പിക്കാനെന്നവണ്ണം ലീലാകൃഷ്‌ണൻ തെല്ലിടകൂടി മുറിയിൽ തങ്ങി. കവിളിൽ കനത്തുപതിച്ച കൈത്തലം തീർത്ത ആഘാതത്തിൽ നേർത്ത്‌പോയ ഒച്ചയിൽ ലീലാകൃഷ്‌ണൻ ഇങ്ങനെ കേട്ടുഃ ശുദ്‌ധമായ മലയാളത്തിൽഃ അമ്മയെം പെങ്ങളേം തിരിച്ചറിഞ്ഞൂടാത്ത തെണ്ടി. നീ പെണ്ണിനെപ്പറ്റിയെന്ത്‌ കരുതിയെടാ. നിന്റെ സോപ്പ്‌ പതയിൽ വീഴുന്നവരാണെല്ലാമെന്നോ… കടക്കെടാ പുറത്ത്‌….

ഇത്രകാലവും താൻശ്രമപ്പെട്ടിട്ടും പഠിപ്പിച്ചെടുക്കാനാവാതിരുന്ന മലയാളം ഈ പ്രതികൂലാവസ്‌ഥയിൽ ഭർസനമായി തനിക്ക്‌മേൽ പതിക്കുന്നത്‌ കേട്ടപ്പോൾ ചെറുതല്ലാത്തൊരൽഭുതം ആ സങ്കടസന്ധിയിലും ലീലാകൃഷ്‌ണന്‌ തോന്നാതിരുന്നില്ല.

പുറത്തെ സൗവർണ്ണശോഭയുള്ള കാഴ്‌ചകൾ മാറിപ്പോയിരുന്നു. സൂര്യനസ്‌തമിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌. കായലും ജലം അതിലിടുന്ന തുരുത്തുകളും കറുപ്പ്‌ തൂവിയത്‌ പോലെ ചലനമറ്റ്‌ കിടന്നു. കാറ്റിന്‌ കരുത്ത്‌ കൂടിയിട്ടുണ്ട്‌, ചീഞ്ഞ ചകിരിയുടെ ഗന്ധം.

”അച്ഛാ ഫോണെടുക്കൂ…. അച്ഛാ ഫോണെടുക്കൂ….“ മുറിയിലേക്ക്‌ നടക്കവേ ലീലാകൃഷ്‌ണന്റെ ഫോണടിച്ചു. എണ്ണമിനുപ്പാർന്നൊരു മുഖം ആ വിളിയോടൊപ്പം സ്‌ക്രീനിൽ തിളങ്ങുന്നത്‌ ലീലാകൃഷ്‌ണന്‌ ഇപ്പോൾ മനസ്സിൽ കാണാം.

നൻമയോടുള്ള പട്ടുപോവാത്ത അഭിനിവേശം തിരികെ കിട്ടിയ ലീലാകൃഷ്‌ണൻ നിലച്ച്‌പോവും മുമ്പേ കടന്നെടുത്ത്‌ ആ വിളി കാതോരം ചേർത്തു.

Generated from archived content: story_competition21_sep30_10.html Author: haris_nenmeni.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here