തിരഞ്ഞെടുപ്പ് ഇന്നാണ്. നാടും നഗരവുമൊക്കെ അതിന്റെ ജ്വരങ്ങളിലാണ്. ബഹുവർണ്ണക്കൊടികളും തോരണങ്ങളും എടുപ്പുകളോളം പോരുന്ന ഫ്ലക്‌സ് ബോർഡുകളുമൊക്കെച്ചേർന്ന് ഉൽസവത്തിന്റെ ഓളമാണ് എങ്ങും.
അൽപ്പസമയത്തിനകം പോളിംഗ് ആരംഭിക്കുകയായി. പാർട്ടിയുടെ പോളിംഗ് ഏജന്റ് കൂടിയായ എനിക്ക് അതിനകം ബൂത്തിലെത്തേണ്ടിയിരുന്നു. പോവാനുളള ഒരുക്കങ്ങൾ തിടുക്കത്തിൽ നടത്തുന്നതിനിടെ അമ്മ കൊണ്ടുവച്ച ചായ ഞാൻ സൗകര്യപൂർവ്വം അവഗണിച്ചു.
കഞ്ഞിമുക്കി ബലപ്പെടുത്തിയ കുപ്പായത്തിനകത്തേക്ക് തിരക്കിട്ട് തിരുകിക്കടക്കുന്നതിനിടയിൽ റേഡിയോയിൽ നിന്നും തിരഞ്ഞെടുപ്പ് മന്ത്രാലയത്തിന്റെ ഉൽഘോഷം കേട്ടു. “വോട്ടെടുപ്പിൽ പങ്കെടുക്കുക…. രാഷ്‌ട്ര നിർമ്മിതിയിൽ പങ്കാളിയാവുക…. ചുമതലാബോധമുളള ഒരു നല്ല പൗരന്റെ ധർമ്മമാണത്…”
വോട്ട് ചെയ്യാൻ പ്രേരണ നൽകാൻ പോലും പരസ്യങ്ങളായിരിക്കുന്നു. ഇനി വോട്ട് ചെയ്യുന്നവർക്ക് സവിശേഷാനുകൂല്യങ്ങൾ അനുവദിക്കുന്ന കാലം വന്നാലും അത്ഭുതമില്ല. കുപ്പായത്തിന്റെ കുടുക്കുകൾ ഇടുന്നതിനിടെ ഞാൻ ആലോചിച്ചു.
“ചായ എടുത്തുവച്ചത് ചൂടാറുന്നു.” കണ്ണാടിയുടെ മുമ്പിൽനിന്നു മുടിചീകിയൊതുക്കുന്നതിനിടെ അമ്മ വീണ്ടും ഓർമ്മിപ്പിച്ചു. അത് കേട്ടതായി ഭാവിക്കാതെ കടലാസുകെട്ടുകളെടുത്ത് ഞാൻ ധൃതിയിൽ പുറത്തേക്കിറങ്ങി. പിന്നെ പെട്ടെന്നുണ്ടായ ഒരാലോചനയിൽ തിരിഞ്ഞ് മുറ്റത്തുനിന്നുതന്നെ അമ്മയോടു പറഞ്ഞു. “വാതിലടച്ച് ഒരു ഭാഗത്ത് അവിടെ ഇരുന്നോളി. അച്‌ഛനെ വോട്ടു ചെയ്യിക്കാൻ കൊണ്ടുപോകാൻ ആരു വന്നാലും വിടണ്ട. വെയിലാറീട്ട് വണ്ടിയും കൊണ്ട് ഞാൻ തന്നെ വരുന്നുണ്ട്.”
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അനുഭവമായിരുന്നു അതു പറയുമ്പോൾ എന്റെ മനസ്സിൽ, അന്നും ‘ഞങ്ങൾക്കു കിട്ടാൻ സാധ്യതയില്ലാത്ത വോട്ടുകൾ’ എന്ന കൂട്ടത്തിൽ പെടുത്തിവെച്ചതായിരുന്നു അച്‌ഛന്റെ പേരും. അതുകൊണ്ടുതന്നെ കിടപ്പിലായിരുന്ന അച്‌ഛനെ വോട്ടുചെയ്യാൻ കൊണ്ടുപോകേണ്ട എന്നും തീരുമാനിച്ചിരുന്നു. പക്ഷെ താൻ പോലും അറിയാതെയാണ് എതിർപാർട്ടിക്കാർ അച്‌ഛനെ കൊണ്ടുവന്ന് അവർക്കനുകൂലമായി വോട്ടു ചെയ്യിപ്പിച്ചുപോയത്. ഇത്തവണ ഏതായാലും അതുണ്ടാവരുതെന്ന് ഉറപ്പാക്കുകയായിരുന്നു ഞാൻ.
ബൂത്തിനുമുമ്പിൽ സാമാന്യം വലിയ ഒരു ക്യൂ തന്നെ ഉണ്ടായിരുന്നു. അഞ്ചുവർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണെങ്കിലും ആവേശത്തിന് ഒരു കുറവുമില്ലല്ലോ എന്ന് ഞാനോർത്തു. എല്ലാവർക്കും ഒരു ചിരി സമ്മാനിച്ച് ഞാൻ ബൂത്തിനകത്തേക്ക് കാലൂന്നി.
ജീവിച്ചിരിക്കുന്ന പലരെയും വെട്ടിനീക്കിയും ജനിച്ചിട്ടില്ലാത്തവർക്കുപോലും വോട്ടുചാർത്തി നൽകിയും അത്ഭുതങ്ങൾ വിടർത്തിനിന്നിരുന്ന വോട്ടർപട്ടികയുടെ ശരിപ്പകർപ്പിൽ വോട്ട് ചെയ്യാനെത്തുന്ന എന്റെ പാർട്ടിക്കാരെ കറുപ്പ് മഷികൊണ്ട് അടയാളപ്പെടുത്തിയും എതിർ പാർട്ടിക്കാരെ ചുവപ്പ് മഷികൊണ്ട് വെട്ടിയും ബൂത്തിലിരിക്കവെ ഇടയ്‌ക്ക് വീട്ടിലോളം പോയി വന്നു എന്റെ ഓർമ്മ. താൻ വണ്ടിയും കൊണ്ട് ചെല്ലുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവുമോ അച്‌ഛൻ? ഏയ് ഉണ്ടാകാനിടയില്ല. ഒരു മുഴുവൻ സമയ രാഷ്‌ട്രീയക്കാരനായശേഷം മകന്റെ സ്വഭാവത്തിൽ വന്ന മാറ്റം അച്‌ഛനും കണ്ടിട്ടുളളതാണല്ലോ.
അച്‌ഛനെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കുന്നതുകൊണ്ട് എന്റെ പാർട്ടിക്ക് ഗുണമൊന്നുമില്ലെന്ന് ഉറപ്പായിരുന്നു. എന്തുതന്നെ പ്രലോഭനമുണ്ടായാലും ഞങ്ങളുടെ എതിർപാർട്ടിക്കേ വോട്ടു ചെയ്യൂ ഒരു കാലത്ത് ആ പാർട്ടിയുടെ പ്രവർത്തകൻ കൂടിയായിരുന്ന അച്‌ഛൻ. രണ്ടുവർഷം മുമ്പുവരെ നടന്ന് പോയി വോട്ട് ചെയ്തതാണ്. ഇപ്പോൾ പക്ഷെ പരസഹായം വേണം നടക്കാൻ. ആ ദീനാവസ്ഥ മുതലെടുക്കുകയല്ലേ താൻ ചെയ്യുന്നത്?
തോന്നിത്തുടങ്ങിയ കുറ്റബോധത്തെ സ്വയം സൃഷ്‌ടിതങ്ങളായ ന്യായങ്ങൾ കൊണ്ട് പ്രതിരോധിച്ച് സമാധാനമടയാൻ ഞാൻ ശ്രമിച്ചു. മത്സരം ഇത്തവണ കടുത്തതാണ്. തീരെ മെലിഞ്ഞതെങ്കിലും ഒരു അട്ടിമറി വിജയത്തിന്റെ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട് എതിരാളികൾ. അതിന്റെയൊരു ഊർജ്ജത്തിലാണ് അവരിത്തവണ പ്രവർത്തിച്ചതും. ആരെ കൊന്നിട്ടായാലും എന്തു കുതന്ത്രം കാണിച്ചിട്ടായാലും സീറ്റ് നിലനിർത്തണമെന്ന് തിട്ടൂരം തന്നിരുന്നു പാർട്ടിയുടെ മേൽഘടകങ്ങൾ. അപ്പോൾപിന്നെ ഇതൊക്കെയല്ലാതെ മറ്റുവഴികളില്ല.
* * * * * *
ഒരു മുഴുവൻ വാരത്തിന്റെ ആകാംക്ഷയ്‌ക്കും ഒരു പകൽ ദൈർഘ്യമുണ്ടായിരുന്ന നാടകീയതയ്‌ക്കും ശേഷം തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നത് ഇന്നാണ്. എന്റെ സുഹൃത്ത് തന്നെയാണ് വിജയിച്ചത്. അതും ഒരൊറ്റ വോട്ടിന്റെ മാത്രം വ്യത്യാസത്തിന്.
ഒരു വോട്ടിന്റെ വിജയത്തെ ഒരുപാട് കുപ്പികൾ പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു ഞങ്ങൾ. നൂൽപ്പാലത്തിലൂടെയുളള ആ രക്ഷപ്പെടലിന്റെ ഞെട്ടലിനെ വീരവാദ പ്രകടനങ്ങൾക്കൊണ്ട് മറയ്‌ക്കാൻ ശ്രമിക്കുകയാണ് ഓരോരുത്തരും. “ഞാൻ ചെയ്‌ത കളളവോട്ടില്ലായിരുന്നെങ്കിൽ…. കുഞ്ഞിമക്കളെ നമ്മുടെ കാര്യം ദാ… ഇതേപോലെ ആയേനെ… ”വായിൽ നിന്ന് സിഗരറ്റ് പുകവട്ടങ്ങളായി വിട്ടുകൊണ്ട് കുഴഞ്ഞു തുടങ്ങിയ ശബ്‌ദത്തിൽ പറയുന്നത് ദിനേശനാണ്.
അപ്പോൾ താൻ ധർമ്മാശുപത്രിയിൽ ചാവാൻ കിടന്ന കണാരേട്ടനെ കട്ടിലടക്കം പൊക്കിക്കൊണ്ട് വന്ന് ഓപ്പൺവോട്ട് ചെയ്യിച്ചില്ലായിരുന്നെങ്കിലോ എന്ന് ഗണേശൻ ദിനേശനെ തടയുന്നുണ്ട്. അവർക്കു മാത്രമല്ല സുധീശനും, രമേശനും പ്രകാശനുമെല്ലാം പറയാനുളളത് ഒരൊറ്റ വോട്ട് വിജയത്തെ തങ്ങളുടേതാക്കുന്ന സാഹസ പ്രവർത്തികളുടെ കഥ തന്നെയാണ്.
വീരവാദ കസർത്തുകളും ന്യായവാദങ്ങളും പിന്നെയും തുടർന്നുകൊണ്ടിരുന്നു, കുഴകുഴഞ്ഞ വഴുവഴുക്കുന്ന ശബ്‌ദങ്ങളിൽ…
എല്ലാ ശബ്‌ദങ്ങൾക്കും മീതെ അപ്പോൾ എന്റെ ശബ്‌ദമുയർന്നത് എന്നെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലാണ്. “നിർത്തിനെടാ പട്ടികളെ… നിങ്ങളാരും ചെയ്‌ത കളളവോട്ട് കൊണ്ടും ചെയ്യിച്ച കളളവോട്ടുകൊണ്ടും അല്ലെടാ നമ്മൾ ജയിച്ചത്….! പാവം എന്റച്ഛനെക്കൊണ്ട് ഞൻ ചെയ്യിക്കാതിരുന്ന വോട്ടിനാടാ ജയിച്ചത്…” അലർച്ചയുടെ കിടിലത്തിൽ ആടിത്തുടങ്ങിയിരുന്ന തലകളെല്ലാം പത്തിപോലെ എന്റെ നേരെ മാത്രം ഉയർന്നു.
അനന്തരം അവിടെനിന്നും ഞാനിറങ്ങി നടന്നു. ഇനിയൊരിക്കലും സ്വന്തം ഇഷ്‌ടപ്രകാരം പൗരധർമ്മം നിർവ്വഹിക്കാൻ പോവാനിടയില്ലാത്ത അച്‌ഛന്റെ മുഖമായിരുന്നു അപ്പോഴെന്റെ മനസ്സിൽ.
Generated from archived content: story1_may18_06.html Author: haris_nenmeni