വീണ്ടും ചില വരട്ടുതത്വവാദങ്ങൾ

വിലക്കയറ്റമോ? ഗുണ്ടാവിളയാട്ടമോ? തൊഴിലില്ലായ്‌മയോ? കടക്കെണിയോ? ആത്മഹത്യയോ? എല്ലാം പോകാൻപറ. ഇപ്പോൾ കേരളത്തിലെ നീറുന്ന പ്രശ്നം ഇതൊന്നുമല്ല. മാധ്യമസിൻഡിക്കേറ്റാണ്‌. രാവിലെ റൈറ്റിംഗ്‌ പാഡും, ക്യാമറയും തൂക്കി ഇറങ്ങും. കാലൻ പോത്തിന്റെ പുറത്തെന്നതുപോലെ. സി പി എമ്മിനെ വകവരുത്തുക എന്നതാണ്‌ ലക്ഷ്യം. കണ്ണിൽ ചോര ഇല്ലാത്ത വർഗ്ഗമാണ്‌. എന്തൊക്കെ നുണകളാണ്‌ എഴുതിപ്പിടിപ്പിക്കുന്നത്‌? പാവം എ ഡി ബിക്കാരെപ്പറ്റി പച്ചക്കള്ളങ്ങളല്ലേ എഴുതിവിടുന്നത്‌?

സി പി എമ്മുകാർക്ക്‌ പഞ്ചനക്ഷത്രഫ്ലാറ്റുകളിൽ ഉറങ്ങാൻ വയ്യ, നാലുകാശ്‌ സമ്പാദിക്കാൻ വയ്യ, നേരെചൊവ്വേ അടിപൊളിവാഹനങ്ങളിൽ സഞ്ചരിക്കാൻ വയ്യ, എന്തിന്‌ ഒരു ക്ഷേത്രത്തിൽ പോയി വഴിപാടു നടത്താൻപോലും വയ്യ ഇവരുടെ ശല്യം കൊണ്ട്‌. എല്ലാ പക്ഷികൾക്കും ചിലയ്‌ക്കാം വശകൻപക്ഷിക്കു മാത്രം ചിലയ്‌ക്കാൻ വയ്യ എന്നു പറഞ്ഞതുപോലെയാണ്‌ കാര്യങ്ങൾ.

വരട്ടു തത്വവാദികൾ, പേനയുന്തുകാർ, കൂലിഎഴുത്തുകാർ എന്നൊക്കെയാണ്‌ പണ്ട്‌ ഇവറ്റകൾക്ക്‌ ഞങ്ങളിട്ടിരുന്ന പേര്‌. ഇത്തവണ അധികാരത്തിൽ വന്നപ്പോഴാണ്‌ മാധ്യമ സിൻഡിക്കേറ്റ്‌ എന്നാക്കിയത്‌. സിൻഡിക്കേറ്റ്‌ ഉണ്ടോ ഉണ്ടെങ്കിൽ കാണിച്ചുതാ, സി ബി ഐ അന്വേഷണം നടത്ത്‌ എന്നെല്ലാമാണ്‌ ചിലരുടെ ആവശ്യം. ചില സാധനങ്ങൾ ഉണ്ടെങ്കിലും കാണാനോ തൊടാനോ പറ്റില്ല. കാറ്റിനെ കാണാമോ. കറന്റിനെ കാണാമോ, ദൈവത്തിനെ കാണാമോ എല്ലാം അനുഭവത്തിലൂടെയേ അറിയാൻ പറ്റൂ. ഇതുപോലെയാണ്‌ സിൻഡിക്കേറ്റും.

പത്രക്കാരെ മാധ്യമ സിൻഡിക്കേറ്റ്‌ സിൻഡ്രോം എന്ന വൈറസ്‌ ബാധിക്കുമ്പോഴാണ്‌ പ്രശ്നം തുടങ്ങുന്നത്‌. ഇതിനു മരുന്ന്‌ ഞങ്ങളുടെ കൈയ്യിൽ ഇല്ലാഞ്ഞിട്ടല്ല. വേണ്ടെന്നുവച്ചിട്ടാണ്‌. സിൻഡിക്കേറ്റിനെ തിരിച്ചറിയാൻ ചില ക്ലൂകൾ തന്നത്‌ സഖാവ്‌ പിണറായിയാണ്‌.

ഇവർ ഒട്ടേറെപ്പേരില്ല.

ചുരുക്കം ചിലരേയുള്ളൂ.

എല്ലാ പത്രങ്ങളിലും ഒരാളെങ്കിലും ഉണ്ട്‌.

കടംകഥയ്‌ക്ക്‌ ഉത്തരം നിങ്ങൾ കണ്ടെത്തണം.

Generated from archived content: humour1_apr4_07.html Author: harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English