ഉപരോധവിചാരം

അഞ്ചു ദിവസത്തെ ഉപരോധം സമംഗളം പര്യവസാനിച്ചു. ഇന്നു മുതൽ വിലകൾ ഇറങ്ങിത്തുടങ്ങും. അല്ല; ഇനി വില ഇറങ്ങിയില്ലെങ്കിലും കുഴപ്പമില്ല. കർമ്മം ചെയ്യുക, ഫലം ഇച്‌ഛിക്കരുത്‌ എന്നല്ലേ ഗീതോപദേശം. വലികുറഞ്ഞില്ലെങ്കിലും പാവപ്പെട്ട ജനത്തിനെ അഞ്ചുദിവസം ശരിക്കും സേവിച്ചു. അതാണ്‌ കാര്യം. കുറെ വിവരദോഷികൾക്ക്‌ പോസ്‌റ്റ്‌ ഓഫീസിൽ പോയി അപേക്ഷാഫോറം വാങ്ങാൻ പറ്റിയില്ല. വേറെ ചില കഴുതകൾക്ക്‌ സ്വാശ്രയ കോളേജിൽ ഫീസടക്കാൻ പറ്റിയില്ല. മറ്റു ചില കന്നുകാലികൾക്ക്‌ മണിഓർഡർ കിട്ടിയില്ല. ഹാൾടിക്കറ്റ്‌ കിട്ടിയില്ല. ജോലിസംബന്ധിച്ച അറിയിപ്പുകിട്ടിയില്ല. തുടങ്ങി ചില മുടന്തൻ ന്യായങ്ങളും വരട്ടുതത്വവാദങ്ങളും പലകോണുകളിൽ നിന്നും ഉയർന്നെങ്കിലും പരിപാടിസമ്പൂർണ വിജയമായി. കേന്ദ്രസർക്കാരിന്റെ മുട്ടുവിറച്ചു. കേന്ദ്ര പബ്ലിക്‌ സർവീസ്‌ കമ്മീഷനിൽ ജോലിക്ക്‌ അപേക്ഷ അയക്കുന്നതുതന്നെ പാർട്ടി ചട്ടങ്ങൾക്ക്‌ എതിരാണ്‌. കേന്ദ്രം തന്നെ പാർട്ടിയുടെ ശത്രുവാണല്ലോ. പിന്നെ, കണ്ട അണ്ടനും അടകോടനുമെല്ലാം കിത്താബുപഠിച്ച്‌ ഉത്ത്യോഗം ഭരിച്ച്‌ പോയാൽ ഇതുപോലെ പാർട്ടിക്ക്‌ ഉപരോധത്തിന്‌ നാലാളെ കിട്ടുമോ? ഇപ്പെത്തന്നെ പാർട്ടിക്കറിയാം സംഘടിപ്പിക്കാൻ പെട്ടപാട്‌. ഇരിക്കാൻ കസേര, കുടിക്കാൻ കുപ്പിവെള്ളം, കഴിക്കാൻ വിഭവസമൃദ്ധമായ ശാപ്പാട്‌ ഇതെല്ലാം കൊടുത്താണ്‌ ഒരോ സമരവും പാർട്ടി വിജയിപ്പിക്കുന്നത്‌. കടുത്ത ചൂടുകണക്കിലെടുത്ത്‌ പാർട്ടി സമരപന്തലിൽ എ.സി. ഫിറ്റു ചെയ്യണമെന്ന ഡിമാന്റ്‌ ഒരു വിധത്തിലാണ്‌ നേരിട്ടത്‌. പാർട്ടി മുൻ എം.പി മാരായിരുന്നെങ്കിൽ ആ കാരണം പറഞ്ഞ്‌ പാർട്ടി വിട്ടേനെ.

പിന്നെ ചുറ്റുപാടുള്ള കുത്തക പെട്ടിക്കടക്കാർക്കും ബൂർഷ്വാ കച്ചവടക്കാർക്കും തടസ്സമുണ്ടായി എന്നാണ്‌ മറ്റൊരു ആരോപണം അല്ലെങ്കിൽ തന്നെ പൂരം നന്നാവണമെന്ന്‌ ആനയ്‌ക്കുണ്ടോ താൽപര്യം? എന്തുചെയ്യാം പുരോഗമനപരമായി എന്തുചെയ്‌താലും തെറ്റുകണ്ടുപിടിക്കുന്ന ദോഷൈക്കുകളാണ്‌ ചുറ്റും. പെട്രോൾ വില വർധിപ്പിച്ചപ്പോൾ ഉടനെ പുരോഗമന തത്വധിഷ്‌ഠിത, മൂല്യാധിഷ്‌ഠിത പണിമുടക്കു നടത്തിയപ്പോൾ എന്തെല്ലാമായിരുന്നു പുകിൽ? എന്നിട്ടെന്തായി, പെട്രോൾവില കുറഞ്ഞില്ലേ? മനുഷ്യരിങ്ങനെ ദോഷൈകദുക്കുകളായാൽ പാവം ജനസേവനത്വര മൂത്ത പാർട്ടിക്കാർ എന്തു ചെയ്യേണ്ടു വിഭോ?

ഏതുപണിമുടക്കായാലും ഹർത്താലായാലും ഉപരോധമായാലും പതിവായി പറയുന്ന ഒരു മുടന്തൻ ന്യായമുണ്ട്‌. സഞ്ചാരസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, പണിയെടുക്കാനുള്ള സ്വാതന്ത്ര്യം ഇവ തടസമാകുന്നത്രേ. മാങ്ങാത്തൊലി. ഇതൊക്കെ കേൾക്കുമ്പോ ചൊറിച്ചിലാണ്‌ വരുന്നത്‌. വ്യക്തികൾക്ക്‌ സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്‌ഃ ഇല്ലെന്നു പറയുന്നില്ല. അതു മന്ത്രിമാർക്ക്‌. ഓർക്കുന്നില്ലേ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ സെക്യൂരിറ്റിയുടെ ഭാഗമായി കാറു തടഞ്ഞപ്പോൾ നമ്മുടെ മന്ത്രിയുടെ ചോര തിളച്ചത്‌? ധാർമ്മിക രോഷം പതഞ്ഞു പൊങ്ങിയത്‌. അതുപോലാണോ പൊതുജനം? പെട്രോൾ പണിമുടക്കിൽ സ്‌റ്റേറ്റുകാറിൽ പോലീസ്‌ അകമ്പടിയോടെ മന്ത്രിമാർ സഞ്ചരിച്ചതു കണ്ടില്ലേ? അതുപോലെ ജനത്തിനു സഞ്ചരിക്കാൻ കഴിയണമെന്നു പറയുന്നത്‌ കുറഞ്ഞപക്ഷം അതിമോഹമാണ്‌ മോനെ ദിനേശാ……… അതിമോഹം.

Generated from archived content: hum1_mar23_10.html Author: harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English